കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ സൃഷ്ടിക്കുന്ന നടപടിയിലേക്ക് പോകത്തക്ക ഒരു ജീവന്‍മരണ പ്രശ്നം നവംബര്‍ 8 ന് രാജ്യം നേരിട്ടിരുന്നുമില്ല. പിന്നെ എന്തിന് ഈ സാഹസത്തിന് സര്‍ക്കാര്‍ മുതിര്‍ന്നു?

ഞെട്ടല്‍ സിദ്ധാന്തം

ജനങ്ങളുടെ ചര്‍ച്ചയില്ലാതെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അധികാരികളുപയോഗിക്കുന്ന ഒരു തന്ത്രമാണ് ഞെട്ടല്‍ സിദ്ധാന്തം (Shock Doctrine). എന്തെങ്കിലും ഒരു അത്യാഹിത സംഭവം സൃഷ്ടിക്കുക. ജന ശ്രദ്ധമുഴുവന്‍ അതിന്റെ പിറകിലാകുമ്പോള്‍ നമുക്ക് വേറെ വഴിയില്ല എന്ന് പറഞ്ഞ് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തീരുമാനം നടപ്പാക്കുക. പാവം ജനം അത് വിശ്വസിച്ചുകൊള്ളും. ഭീകരവാദം, സാമ്പത്തിക തകര്‍ച്ച തുടങ്ങി അനേകം സംഭവങ്ങള്‍ അധികാരികള്‍ അതിനായി ഉപയോഗിക്കുന്നുണ്ട്. 2008 ലെ സാമ്പത്തിക തകര്‍ച്ച അതിന്റെ നല്ല ഒരു ഉദാഹരണമാണ്.

തകര്‍ച്ച എന്നത് ലാഭം നേടാനുള്ള സുവര്‍ണ്ണാവസരമാണ്

രാജ്യത്തെ 85% കറന്‍സികളും ഒരു രാത്രി ഇല്ലാതാക്കിയാലുണ്ടാവുന്ന ഫലത്തെക്കുറിച്ച് അറിയാന്‍‌ ‍വയ്യാത്തവരാണ് രാജ്യം ഭരിക്കുന്നത് എന്ന് വിശ്വസിക്കുക സാദ്ധ്യമല്ല. ഇതിന്റെ പിറകില്‍ പല ലക്ഷ്യങ്ങളുമുണ്ടാകാം. ഏറ്റവും പ്രധാനം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അമേരിക്കയിലേതുപോലെ കുത്തഴിഞ്ഞതാക്കുക എന്നതാണ്. വളരെ കൃത്യവും, കര്‍ക്കശവും ആയ നിയന്ത്രണങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ് നമ്മുടേത്. അതുകൊണ്ടാണ് അത് സുസ്ഥിരമായി നിലനില്‍ക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും പാപ്പരായി എന്ന് പ്രഖ്യാപിച്ച 2008 ലെ ലോക സാമ്പത്തിക തകര്‍ച്ചയുടെ സമയത്ത് പോലും ഇന്‍ഡ്യയില്‍ കാര്യമായ കുഴപ്പമൊന്നും വന്നില്ല.

എന്നാല്‍ അമേരിക്കയുടെ സ്ഥിതി അങ്ങനെയല്ല. 1930 ല്‍ മഹാ സാമ്പത്തിക തകര്‍ച്ചയുണ്ടായി. പിന്നീട് 2008 ല്‍ അത് വീണ്ടും ആവര്‍ത്തിച്ചു. ഈ 80 വര്‍ഷ കാലയളവില്‍ 11 ചെറിയ സാമ്പത്തിക തകര്‍ച്ചകള്‍ അമേരിക്കയിലുണ്ടായിട്ടുണ്ട്. ഇതെല്ലാം ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസിലാവും. അതായത് സമ്പന്ന വര്‍ഗ്ഗത്തെ ഈ തകര്‍ച്ച ബാധിക്കില്ലെന്ന് മാത്രമല്ല, അവര്‍ക്ക് അമിത ലാഭം തകര്‍ച്ച വഴി കിട്ടുന്നു. 2008 ന് ശേഷമുള്ള കണക്കുകളെല്ലാം അത് വ്യക്തമാക്കുന്നതാണ്. അതേ സമയം ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ സംബന്ധിച്ചടത്തോളം അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു, കിടപ്പാടം നഷ്ടപ്പെടുന്നു, സാമ്പത്തികമായി തകരുകയും ചെയ്യുന്നു.

ഇത്രയൊക്കെ ആഗോളവല്‍ക്കരണം നടന്നിട്ടുകൂടി നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇനിയും ധാരാളം സംരക്ഷണങ്ങളാല്‍ സുരക്ഷിതമാണ്. അത് തകര്‍ത്ത് വിദേശ മൂലധന ശക്തികള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരമുണ്ടാക്കിക്കൊടുക്കണം എന്ന് രാജ്യത്തെ പ്രധാനമന്ത്രിക്ക് ജനത്തോട് നേരിട്ട് പറയാനാവുമോ? ഇല്ല. പിന്നെ എന്ത് ചെയ്യും. രാജ്യത്ത് ആര് ഭരിച്ചാലും നയം ലോക പോലീസ് പറയുന്നതാണല്ലോ. ആരെങ്കിലും എതിര്‍ത്താല്‍ സദ്ദാമിന്റേയും, ഗദ്ദാഫിയുടേയും അവസ്ഥ കിട്ടും. (അവരെ ന്യായീകരിക്കുകയല്ല. അവര്‍ നിഷ്ഠൂരരായ ഏകാധിപതികളായിരുന്നു. ലോക പോലീസിന്റെ വലിയ ചങ്ങാതി സൌദി അറേബ്യയേക്കാള്‍ ഭേദം എന്ന് മാത്രം.)

അതിനാണ് അഴിമതി, ഭീകരവാദം, കള്ളപ്പണം, കള്ളനോട്ട്, പാകിസ്ഥാന്‍ തുടങ്ങിയവക്കെതിരായ സമരം എന്ന് പ്രഖ്യാപിക്കുക. ജനങ്ങള്‍ക്ക് അവക്കെതിരെ ഒരു പൊതു സെന്റിമെന്‍സുമുണ്ടെങ്കിലും ഇവയൊന്നും 100% വ്യക്തതയില്ലാത്തതാണ്. അരാഷ്ട്രീയവുമാണ്. സിനിമ ഉള്‍പ്പടെയുള്ള മാധ്യങ്ങളിലൂടെ നിരന്തരം വരുന്ന പ്രചാരവേലകളുടെ ഫലമാണ് ജനങ്ങള്‍ ഇത്തരം അരാഷ്ട്രീയ പ്രശ്നങ്ങളില്‍ വിശ്വസിക്കുന്നത്.

ആരാണ് ലാഭമുണ്ടാക്കുന്നത്

അങ്ങനെ ഒരു സുപ്രഭാതത്തില്‍ (സുഅര്‍ദ്ധരാത്രിയില്‍) നോട്ട് നിരോധിച്ചു. പകരം നോട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും എത്തിച്ചിട്ടില്ല. ഡജിറ്റല്‍ കറന്‍സികള്‍ കൈകാര്യം ചെയ്യുന്ന കമ്പനികള്‍ക്ക് വമ്പന്‍ വളര്‍ച്ചയാണെന്നാണ് റിപ്പോര്‍ട്ട്. അതിലൊരു കമ്പനി പ്രധാനമന്ത്രിയുടെ പടവും വെച്ച് മുഴു പേജ് പരസ്യം ആദ്യതാളില്‍ തന്നെ പത്രങ്ങളില്‍ കൊടുക്കുകയുണ്ടായി. അവര്‍ക്ക് 1000% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

ഓണ്‍ലൈന്‍ബാങ്കിങ്, ഡബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, പ്രീപെയ്ഡ് കാര്‍ഡ് തുടങ്ങി ഡിജിറ്റല്‍ കറന്‍സികള്‍ സേവനം കഴിഞ്ഞ 15 കൊല്ലത്തില്‍ അധികമായി ഇന്‍ഡ്യയിലുണ്ട്. എങ്കിലും അവക്ക് വലിയ പ്രചാരം കിട്ടിയിട്ടില്ല. ഈ സേവനങ്ങള്‍ ലഭ്യമായവര്‍ പോലും പേപ്പര്‍ കറന്‍സികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. അത് മാറ്റി എല്ലാവരേയും കൊണ്ട് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചാല്‍ ബാങ്കുകള്‍ക്ക് വലിയ ലാഭമാണുണ്ടാകുന്നത്. (കാണുക ഭാഗം 2 ഡിജിറ്റല്‍ പണം അപകടകരം). മന്ത്രിമാരും, വിദഗ്ദ്ധരും, പൊങ്ങച്ചക്കാരുമെല്ലാം ജനങ്ങളോട് ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെടുന്നു. ഈ ഒരു അടിയന്തിരാവസ്ഥ ഇല്ലായിരുന്നെങ്കില്‍ അവര്‍ക്കിത് ചെയ്യാനാവില്ലല്ലോ.

10 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുതിയ കറന്‍സികള്‍ ജനങ്ങളിലെത്തിക്കുന്നതിന് വിമുഖതയാണ് കാണിക്കുന്നത്. അതായത് വേറെന്തോ അവര്‍ കരുതുന്നുണ്ട്. വളരെ ലളിതവും സൌകര്യപ്രദവുമായ ഡിജിറ്റല്‍ കറന്‍സി സംവിധാനം ആകും അത്. ഇപ്പോഴുള്ള എതിര്‍പ്പൊക്കെ അന്ന് ഇല്ലാതാവും. അരാഷ്ട്രീയരായ ജനവും രാഷ്ട്രീയ പാര്‍ട്ടികളും ജയ് ഗോമാത വിളിച്ച് വിദേശികളൊരുക്കിയ കുഴിയില്‍ വീഴുകയും ചെയ്യും.

പേപ്പര്‍ കറന്‍സി ഉപയോഗിക്കുന്ന സംവിധാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

ഗ്രാമീണ സഹകരണ സംഘങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരും BJPക്കാരും വളരെ ശക്തമായ ആക്രമണമാണ് നടത്തുന്നത്. കള്ളപ്പണമുണ്ടെങ്കില്‍ അത് കണ്ടെത്തി നികുതി അടപ്പിച്ചാല്‍ പോരെ. അതിന് രാജ്യത്തെ മൊത്തം ജനത്തേയും എന്തിന് ദ്രോഹിക്കുന്നു? 9 ആം ദിവസം ആയപ്പോഴേക്കും മരണ സംഖ്യ 55 ആയാണ് ഉയര്‍ന്നു. (huffingtonpost.in). ആ സംഖ്യ ഇനിയും കൂടും.

അതത് നാട്ടിലെ പണം അതത് നട്ടില്‍ തന്നെ ചിലവാക്കുന്ന ഈ സംഘങ്ങള്‍ പേപ്പര്‍ കറന്‍സിയാണ് ഉപയോഗിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനത്ത് വളരെ വലിയ ഒരു തുക ഈ രീതില്‍ ക്രയവിക്രയം ചെയ്യുന്നത് ആഗോള ബാങ്കിങ് ഭീമന്‍മാര്‍ക്ക് സ്വീകാര്യമായ ഒരു കാര്യമല്ല. ആ പണം കൂടി ആഗോള ശ്രംഖലയിലെ ചൂതാട്ടത്തിന് എത്തിക്കണം എന്നാണ് സര്‍ക്കാരിന്റെ ആവശ്യം. അതിനാല്‍ അവര്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. SBT യെ വിഴുങ്ങിയതിന്റേയും ലക്ഷ്യം വേറൊന്നല്ല. (ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം)

മോഡിയെ പ്രശംസിക്കുന്നവര്‍

ഈ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതിന് ശേഷം മോഡിയെ പ്രശംസിക്കുന്നവരേയുള്ളു നാട്ടില്‍. എന്തന് കള്ളപ്പണം വിദേശത്ത് നിക്ഷേപിച്ചിട്ടുണ്ട് എന്ന് വാര്‍ത്ത വന്ന അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി തുടങ്ങിയവര്‍ പോലും കള്ളപ്പണത്തിനെതിരായ നടപടിയെ പ്രശംസിച്ചു. സിനിമാക്കാര്‍ ഒന്നടങ്കം മോഡിയുടെ പിറകിലാണ്. സത്യത്തില്‍ സിനിമ മേഖലയെന്നത് കള്ളപ്പണത്തിന്റെ കേന്ദ്രമാണ്.

പലരും സ്വന്തം കഷ്ടപ്പാടും ജനങ്ങളുടെ കഷ്ടപ്പാടും കണ്ടാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ അവരെ കള്ളപ്പണക്കാരായി ചിത്രീകരിക്കുകയാണ് BJP യും അനുയായികളും. എന്നാല്‍ കള്ളപ്പണമുള്ളവര്‍ സര്‍ക്കാരിന് മണിയടിച്ച് തങ്ങള്‍ക്കെതിരായ അന്വേഷണങ്ങളെ തടയാന്‍ ശ്രമിക്കുന്നു എന്നതാണ് സത്യം.

വിദേശ ബാങ്കുകള്‍ പോലും മോഡിയെ പുകഴ്ത്തുമ്പോള്‍ …

യൂറോപ്യന്‍ യൂണിയന്റെ തലവനും വിദേശ ബാങ്കായ UBS ഉം മോഡിയെ പ്രശംസിച്ചുകൊണ്ട് വന്നിട്ടുണ്ട്. താങ്കള്‍ ഈ സൈറ്റിന്റെ സ്ഥിരം സന്ദര്‍ശകനാണെങ്കില്‍ UBS എന്താണെന്ന് വിശദീകരിക്കേണ്ട കാര്യമില്ല എന്നറിയാം. പെരും കള്ളന്‍മാരാണ് അവര്‍. (ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി). റേറ്റിങ് ഏജന്‍ഡസിയായ മൂഡീസ്(Moody’s) ആണ് വേറൊരു കൂട്ടര്‍. കണ്ടതിനും പിടിച്ചതിനുമൊക്കെ രാജ്യങ്ങളുടെ റേറ്റിങ് ഉടനടി താഴതുന്ന ഇവര്‍ കഴിഞ്ഞ 10 ദിവസമായി ഇന്‍ഡ്യയെ തൊട്ടില്ല. എന്നാല്‍ നമുക്കറിയാം നമ്മുടെ രാജ്യത്ത് നോട്ട് മാറ്റലല്ലാതെ വേറൊന്നും നടക്കുന്നില്ലെന്ന്. ഉത്പാദനം എത്രമാത്രം കുറഞ്ഞിട്ടുണ്ട്. ഓഹരി വിപണി തകര്‍ച്ചയിലാണ്. രൂപയുടെ മറ്റ് കറന്‍സികളെ അപേക്ഷിച്ച് മൂല്യം കുറഞ്ഞു. ഈ സാമ്പത്തിക അരാജകത്വത്തിലും മൂഡീസിന് കുലുക്കമില്ല. ഒരു സംശയവുമില്ല.

ഇനിയും ധാരാളം വിദേശികള്‍ അങ്ങനെ വരും. കാരണം ഇതുവഴി ലാഭം അവര്‍ക്കാണല്ലോ. അതുമല്ല ഈ പരിപാടി പോലും അവരുടേതാണല്ലോ. Washington consensuses ന് പാളിച്ചയുണ്ടാകാന്‍ പാടില്ലല്ലോ.

ഗ്രാമ സ്വരാജ് സായിപ്പിന് ഇഷ്ടമല്ല

സുസ്ഥിരമായ ഗ്രാമ സ്വരാജ് എന്നത് മഹാത്മാ ഗാന്ധിയുടെ സ്വപ്നമായിരുന്നു. പക്ഷേ ഗാന്ധിജിയെ കൊന്നവര്‍ക്ക് എന്ത് ഗ്രാമ സ്വരാജ്? അവര്‍ക്ക് അമേരിക്കയില്‍ നിന്ന് വരുന്ന കല്‍പ്പനകള്‍ മാത്രം അനുസരിക്കുന്നവരാണ്. പക്ഷേ നമുക്ക് നമ്മുടെ സ്വാതന്ത്ര്യം ആര്‍ക്കും വിട്ടുകൊടുക്കാനാവില്ല. ആഗോള മൂലധന ശക്തികള്‍ നമ്മുടെ ഭരണഘടനയും നിയമങ്ങളും തകര്‍ത്ത് ഇന്‍ഡ്യയെ അകത്തുനിന്ന് ആക്രമിക്കുന്നതിനെതിരെ, സാങ്കേതികവിദ്യയുടെ പൊങ്ങച്ചവും താല്‍ക്കാലിക സൌകര്യങ്ങളും തള്ളിക്കളഞ്ഞ്, നാം രണ്ടാം സ്വാതന്ത്ര്യ സമരം തുടങ്ങാന്‍ സമയമായി.

ഭാഗം 1: കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്
ഭാഗം 2: ഡിജിറ്റല്‍ പണം അപകടകരം
അനു 1: ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )