ഇന്‍ഡ്യക്കൊരു ഭരണഘടനയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാത്മാക്കള്‍ ഒത്ത് ചേര്‍ന്ന് ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് അവയില്‍ നിന്നെല്ലാം എടുത്ത നല്ലകാര്യങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് നമ്മുടെ ഭരണ ഘടന. അമേരിക്കയുടെ ഭരണഘടന തുടങ്ങുന്നത് പോലുള്ള ഒരു വാചകം ഇതിലുമുണ്ട്. അത്, “We the people of India” എന്നാണ്. അതായത് നാം ഇന്‍ഡ്യയിലെ ജനങ്ങള്‍ … അതേ ഞാനും നിങ്ങളുമൊക്കെയുള്ള ഇന്‍ഡ്യയിലെ ജനം പറയുകയാണ് രാജ്യം എങ്ങനെയായിരിക്കണമെന്ന്.
പക്ഷേ 70 വര്‍ഷം കഴിഞ്ഞ് ഇന്ന് നോക്കുമ്പോള്‍ ആ വാചകം തെറ്റാണോ എന്നൊരു സംശയമാണ് തോന്നുന്നത്. അടുത്ത കാലത്തെ സംഭവങ്ങളാണ് ഇത്തരം ഒരു ചിന്തക്ക് കാരണമായത്. ഇന്നത്തെ സ്ഥിതി വെച്ച് ആ വാചകത്തെ വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ എന്ന് മാറ്റണം എന്നാണ് എന്റെ അഭിപ്രായം. കാരണം ഇന്ന് എന്ത് സംഭവിച്ചാലും, അങ്ങ് സുപ്രീംകോടതി വരെ പോകുമെന്ന പ്രഖ്യാപനത്തോടെ നാം നേരെ കോടതിയിലേക്ക് ഓടുകയാണ്.
കുറ്റകൃത്യം നടന്നു…. സുപ്രീം കോടതി
സ്ത്രീപീഡനം നടന്നു… സുപ്രീം കോടതി
മരം വെട്ടുന്നു … സുപ്രീം കോടതി
വയല്‍ നികത്തുന്നു … സുപ്രീം കോടതി
ആധാര്‍ … സുപ്രീം കോടതി
അമ്പലത്തില്‍ കയറണം ….. സുപ്രീം കോടതി
അമ്പലം പണിയണം …. സുപ്രീം കോടതി
എന്തിനും സുപ്രീംകോടതിയാണ് പ്രവര്‍ത്തി ചെയ്യേണ്ടത്. കോടതി ഭരണ നിര്‍വ്വഹണമായോ? കഷ്ടം. ഈ അവസ്ഥയില്‍ ശരിക്കും നമ്മുടെ ഭരണഘടയുടെ ആമുഖത്തിലെ ആ വാചകം തിരുത്തുക തന്നെ വേണം. പക്ഷെ എന്തുകൊണ്ട് ഈ മാറ്റമുണ്ടായി?
ജനാധിപത്യം ഒരു ചീട്ടുകൊട്ടാരമാണ്
രാജഭരണം മാറി നമുക്ക് ജനങ്ങള്‍ തന്നെ ഭരിക്കുന്ന സംവിധാനമുണ്ടായിട്ട് 70 ല്‍ അധികം വര്‍ഷങ്ങളായി. ആ ഒരു വലിയ ഘടനാപരമായ മാറ്റം വെറുതെയുണ്ടായതല്ല. അര നൂറ്റാണ്ടോളം വരുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഫലമായാണ് നമുക്ക് ജനാധിപത്യം എന്ന ഭരണക്രമമുണ്ടായത്. രാജാവ് കല്‍പ്പിക്കക പ്രജകള്‍ അനുസരിക്കുക എന്ന കര്‍ക്കശമായ കാരിരുമ്പ് പോലുള്ള സംവിധാനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ ഭരിക്കുന്ന അയഞ്ഞ സ്വതന്ത്രമായ സംവിധാനം വന്നപ്പോള്‍ അത് ജനങ്ങളെയാണ് കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ടിച്ചത്. നിയമനിര്‍മ്മാണം, നീതിന്യായം, ഭരണ നിര്‍വ്വഹണം സ്വയം കൂടിച്ചേര്‍ന്ന നാലാം തൂണായ മാധ്യമങ്ങളും (കച്ചവടമല്ല) തുല്യ സ്ഥനം വഹിക്കുന്ന ഈ സംവിധാനം പരസ്പരം തൊട്ടു തൊട്ട് വെച്ചിരിക്കുന്ന ചീട്ടുകളുടെ ഒരു കൊട്ടാരമാണ്. ഓരോ ചീട്ടും സ്വതന്ത്രമാണ്. അതാണ് ജനത്തിന് സ്വാതന്ത്ര്യം നല്‍കുന്നത്. പക്ഷേ അത് അതുപോലെ നിലനില്‍ക്കണമെങ്കില്‍ ഈ ചീട്ടുകള്‍ തമ്മില്‍ സ്വയം തകര്‍ക്കില്ല എന്ന ഒരു ധാരണവേണം. അതാണ് ജനാധിപത്യത്തിന്റെ സ്ഥിരതയുടേയും വിജയത്തിന്റേയും അടിസ്ഥാനം. ആ ധാരണ എപ്പോള്‍ തകരുന്നുവോ അപ്പോള്‍ ജനാധിപത്യവും തകരും.
അങ്ങനെ തകരാതെ ജനാധിപത്യത്തെ നില നിര്‍ത്തുന്ന ശക്തമായ ഘടകം ബോധമുള്ള ജനമാണ്. അവര്‍ സജീവമായിരിക്കണം. വ്യവസ്ഥയിലെന്ത് സംഭവിക്കുന്നുവെന്ന് സസൂഷ്മം നിരീക്ഷിക്കുകയും പ്രതികരിക്കുയും ചെയ്യുന്നവരാവണം അവര്‍. കഴിഞ്ഞ തലമുറക്ക് ആ ബോധമുണ്ടായിരുന്നതിനാലണ് നമുക്ക് ഒരു ഭരണഘടനയും ജനാധിപത്യവും യാഥാര്‍ത്ഥ്യമായത്.
പക്ഷേ അങ്ങനെ സംഭവിക്കുന്നത് നിലനില്‍ക്കുന്ന വ്യവസ്ഥയെ കൊണ്ട് സ്വാര്‍ത്ഥലാഭം നേടാം എന്ന് കരുതുന്നവര്‍ക്ക് ദോഷകരമാകും. ഉദാഹരണത്തിന് കഴിഞ്ഞ 5 വര്‍ഷങ്ങളായി പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ എന്ന തോതിലാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതിയിളവ് കൊടുക്കുന്നത്. ബോധമുള്ള ജനതയുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും അത് സമ്മതിച്ച് തരില്ല. അതുകൊണ്ട് ജനങ്ങളെ ഉറക്കി കിടത്തുക എന്നത് സ്ഥാപിത താല്‍പ്പര്യക്കാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്.
സ്വപ്ന ലോകത്തിലെ ഇല്ലാത്ത പ്രശ്നങ്ങള്‍
രാജ ഭരണമായിരുന്നെങ്കില്‍ അവര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഉത്തരവ് കല്‍പ്പിച്ചാല്‍ മാത്രം മതി. ആരം ലംഘിക്കില്ല. അഥവാ ലംഘിച്ചാല്‍ അവന്റെ തല പോകും. പക്ഷേ അത് ഇപ്പോള്‍ നടക്കില്ലല്ലോ. പിന്നെ ഒരു സാദ്ധ്യത ആള്‍ക്കൂട്ട കൊലപാതകമാണ്. അത് കാര്യമായി നടക്കുന്നുണ്ട്. പക്ഷേ അത് മദ്ധ്യവര്‍ഗ്ഗത്തിന് മുകളിലോട്ടുള്ളവരെ ശിക്ഷിക്കാന്‍ പര്യാപ്തമല്ല. അവിടെയാണ് സമ്മതിയുടെ നിര്‍മ്മിതി എന്ന PR കടന്നുവരുന്നത്. സിനിമ, ടെലിവിഷന്‍, സ്മാര്‍ട്ട്ഫോണ്‍ തുടങ്ങിയവ ആളുകളെ പൊതുവെ നിഷ്ക്രിയരാക്കുകയോ കപടപ്രശ്നങ്ങളോടുള്ള പ്രതികരണവാദികളാക്കുകയോ ചെയ്യുന്നു. ജോലി ചെയ്യുക വീട്ടില്‍ പോയി സിനിമ ഉള്‍പ്പടെയുള്ള മാധ്യമങ്ങളില്‍ അടയിരിക്കുക എന്നതാണ് നമ്മുടെ പ്രവര്‍ത്തി. എന്ത് പ്രശ്നമുണ്ടായാലും സിനിമക്ക് ടിക്കറ്റെടുക്കുക, നടിക്ക് സല്യൂട്ടടിക്കുക, പോസ്റ്റിന് ലൈക്കടിക്കുക, ഷെയറ് ചെയ്യുക തുടങ്ങിയ ചില പരമ്പരാഗത പ്രതികരണങ്ങളാണ് നമുക്കുള്ളത്. ഒരു പ്രശ്നം കഴിയുമ്പോള്‍ അടുത്തുത് വരും. എല്ലാം നാം നേരെ സുപ്രീം കോടതിയിലേക്കാണ് ഫോര്‍വ്വേഡ് ചെയ്യുന്നത്. അവര്‍ ശരിയായ വിധി പ്രഖ്യാപിച്ച് കൊള്ളണം. അതാണ് രീതി.
കുറ്റകൃത്യം
സ്ത്രീ പീഡനം നടന്നു. കുറ്റവാളിക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്നാകും ഉടന്‍ തന്നെ നാം ആവശ്യപ്പെടുന്നത്. അത് കിട്ടിയാല്‍ നാം പ്രതികാരം ചെയ്ത നായകനെ പോലെ സന്തോഷിക്കുന്നു. തിരിച്ചാണ് സംഭവിക്കുന്നതെങ്കില്‍ കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവും. വീണ്ടും അതേ സംഭവം കൂടുതല്‍ ഭീകരമായി ആവര്‍ത്തിക്കുന്നു. വീണ്ടും നാം അതേ പ്രകടനങ്ങള്‍ നടത്തുന്നു. ഇതിനെക്കുറിച്ച് ഈ സൈറ്റില്‍ ഒരു പാട് എഴുതിയിട്ടുണ്ട്.(1)
പരിസ്ഥിതി പ്രശ്നം
പെട്ടെന്നാകും പരിസ്ഥിതി പ്രശ്നം ശ്രദ്ധയില്‍ വരുന്നത്. ഉടന്‍ തന്നെ നാം കുറച്ച് പേര്‍ അതിനെതിരെ പ്രതികരിക്കും. ജാഥ നടത്തും, സമരം നടത്തും, പണി തടയും, പോലീസ് ഇടപെടും ഒന്നിലും ഒരു പരിഹാരവും ഉണ്ടാവില്ല. നേരെ കോടതിയിലേക്ക്. വക്കീലന്‍മാര്‍ക്ക് നല്ല കാലം. കാശ് വാരിക്കൂട്ടും. സുപ്രീംകോടതി വരെ പോകും. അവസാനം മിക്കവാറും കേസ് പരാജയപ്പെടും.
ആധാര്‍
ആധാര്‍ എന്നത് ഒരു വ്യക്തിയുടെ ഡിജിറ്റല്‍ രൂപരേഖ നിര്‍മ്മിക്കുന്നതും അയാളുടെ ചരിത്രം രേഖപ്പെടുത്തുന്നതിനെക്കുറിച്ചുമാണ്. അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളേയും ചെറുപ്പക്കാരേയുമാണ്. ആധാര്‍ എടുക്കുമ്പോള്‍ 70 വയസായ ഒരാളുടെ 70 ന് ശേഷമുള്ള വിവരങ്ങള്‍ മാത്രമല്ലേ ശേഖരിക്കാനാകൂ. കുട്ടികളാകുമ്പോള്‍ അവരുടെ സ്കൂള്‍ ജീവിതം മുതലുള്ള വിവരങ്ങളാണ് രേഖപ്പെടുത്തുക. ഉദാഹരണത്തിന് ഒരു 12 വയസുകാരന്‍ സ്വഭാവ വൈകല്യത്തിന്റെ ചികില്‍സക്കായി കൌണ്‍സിലിങ്ങിന് പോയെന്ന് കരുതുക. ആശുപത്രി ആധാര്‍ ആവശ്യപ്പെട്ടാലോ ഫീസ് അടക്കാന്‍ കാര്‍ഡ് ഉപയോഗിച്ചാലോ ആ രേഖ എന്നന്നേക്കുമായി രേഖപ്പെടുത്തുന്നു. പിന്നീട് അവന്‍ മുതിര്‍ന്ന ശേഷം ജോലിക്ക് ശ്രമിക്കുമ്പോഴോ ഉന്നത പഠനത്തിനോ പോകുമ്പോള്‍ ചിലപ്പോള്‍ ഈ രേഖ അവന് ദോഷകരമായി അധികാരികള്‍ക്ക് ഉപയോഗിക്കാനാകൂം. അതുകൊണ്ട് ആധാറിനെതിരെ ചെറുപ്പക്കാരുടെ പ്രതിഷേധമായിരുന്നു ഏറ്റവും അധികം ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ ചെറുപ്പക്കാരെന്നല്ല ആരും പ്രതികരിച്ചില്ല. ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുക മാത്രമാണുണ്ടായത്.
ശബരിമല
കേരളത്തിലെ ആരും അമ്പലത്തില്‍ കയറണമെന്ന് ആവശ്യപ്പെട്ടില്ല. വടക്കെ ഇന്‍ഡ്യയിലെ ചില RSS അനുകൂലികളായ സ്ത്രീകളാണ് കേസ് കൊടുത്തത്. കേസ് കോടതി എടുത്ത ശേഷം ഈ മാന്യ വനിതകള്‍ ന്യായം പറയാനായി പിന്‍വാങ്ങുകയും ചെയ്തു. പക്ഷേ സമയം തിരിച്ച് പോകില്ലല്ലോ. 12 വര്‍ഷം കേസായിരുന്നു. എന്നാല്‍ കേരളത്തില്‍ ഈ പ്രശ്നത്തെക്കുറിച്ചുള്ള ബോധവര്‍ക്കരണമോ ഒന്നും നടന്നില്ല. പകരം എല്ലാവരും അവര്‍ കുഴിച്ച കെണിയില്‍ പോയി ചുമ്മാ വീണുകൊടുത്തു. ഇപ്പോള്‍ കേരള സര്‍ക്കാരും റഡിടുവെയ്റ്റാണ്. (2)
ഈ രാജ്യത്ത് ജനം എന്ന നമ്മുടെ കടമ എന്താണ്
ഈ സംഭവം ഉണ്ടാകുമ്പോള്‍ ജനാധിപത്യ സമൂഹത്തില്‍ ജനത്തിന്റെ ശരിക്കുള്ള കടമെയന്താണ്? സിനിമയും, സീരിയലും, വാര്‍ത്തയും, സാമൂഹ്യമാധ്യമങ്ങളും നമ്മേ വെറും കാഴ്ചക്കാരായി മാറ്റി കൈയ്യടിക്കുകയും കരയുകയും ചെയ്യുന്ന പാവകളാക്കി മാറ്റിയതിനാല്‍ നമുക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല.
എപ്പോഴും നമുക്ക് കൈയ്യടിക്കാന്‍ പാകത്തിലുള്ള സംഭവങ്ങള്‍ മാത്രം നമ്മുടെ ശ്രദ്ധയില്‍ വരാന്‍ ബന്ധപ്പെട്ടവര്‍ വളരേറെ ശ്രദ്ധിക്കുന്നുമുണ്ട്. അഥവാ മോശം കാര്യം നാം കണ്ടാലും അതിന് പരിഹാരം കണ്ടെത്തേണ്ടത് സുപ്രീംകോടതി പോലെ മറ്റാരെങ്കിലുമാകും. അതില്‍ അവര്‍ പരാജയപ്പെട്ടാല്‍ മൂല്യശേഷണം എന്ന് വലപിക്കാന്‍ വേറൊരു സ്ക്രിപ്റ്റും തയ്യാറാണ്.
സമൂഹത്തിന്റെ കടമ ഇത്തരം കുറ്റകൃത്യങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യുക എന്നതാണ്. സമാധാനപരമായി സ്ത്രീകള്‍ തുല്യരാണെന്ന പൊതു ബോധം ഉയര്‍ത്തിയെടുക്കുകയും അങ്ങനെയല്ല എന്ന് പ്രചരിപ്പിക്കുന്നവരെ ബഹിഷ്കരിക്കുകയും ആണ് വേണ്ടത്. പക്ഷേ അത് സ്വാതന്ത്ര്യ സമരം നടത്തിയത് പോലെ വിഷമം പിടിച്ച കാര്യമാണ്. നാം പ്രവര്‍ത്തിക്കുകയും വേണം. കൈയ്യടിക്കുന്ന കാഴ്ചക്കാരായി മാറിയാല്‍ ആ കുഴപ്പമില്ലല്ലോ.
എല്ലാവര്‍ക്കും ആരോഗ്യത്തോടെ ജീവിക്കാന്‍ നല്ല പരിസ്ഥിതി ആവശ്യമാണ്. അതുകൊണ്ട് പരിസ്ഥിതി ബോധം ഉയര്‍ത്തിയെടുക്കേണ്ടത് പൌരന്റെ കടമായാണ്. അത് ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ ഇടിത്തീ പോലെ ഒരു സംഭവമുണ്ടാകുമ്പോള്‍ നാം ആഗ്രഹിക്കുന്ന ഒരു വിധി കോടതില്‍ നിന്നുണ്ടാവണം എന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്.
ബാബറി മസ്ജിദ്
ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യയില്‍ വന്നതിന് ശേഷമാണ് രാമന്‍ എവിടെ ജനിച്ചു എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടാകുന്നത്. (ബ്രിട്ടീഷുകാരുടെ ഒരു സ്ഥിരം സ്വഭാവമാണത്.) ഒരു ശതാബ്ദ കാലമായി ആ തര്‍ക്കം തുടര്‍ന്നു. ഓരോ വര്‍ഷം കഴിയും തോറും ഒരു ഭാഗക്കാര്‍ക്ക് ശക്തി കൂടുതലായി വന്നു. രാജ്യത്തെ സകല ഭരണഘടനാ സ്ഥാപനങ്ങളേയും അവര്‍ വിഴുങ്ങി. ബുദ്ധിപൂര്‍വ്വമായ ഒരു എതിര്‍പ്പും അവര്‍ക്ക് സഹിക്കേണ്ടിവന്നില്ല. എല്ലാവരും അവര്‍ കൊട്ടുന്ന താളത്തിനനുസരിച്ച് തുള്ളി കെണിയില്‍ വീണു.
ഈ ഒരു അവസ്ഥയില്‍ സുപ്രീം കോടതി പല പ്രാവശ്യം ഈ തര്‍ക്കത്തെ കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. സുപ്രീം കോടതി പണ്ടത്തെ രാജാവിന്റെ പോലുള്ള ഒരു സ്ഥാപനമല്ല. എല്ലാവരും സമ്മതിക്കുന്നതുകൊണ്ടാണ് അതിന് അധികാരമുണ്ടാകുന്നത്. എന്നാല്‍ നിരന്തരം പൊതുബോധം ഒരു പ്രത്യേക രീതിയിലേക്ക് മാറ്റിയ അവസ്ഥയില്‍ വിധി സമ്മതിക്കപ്പെടാതിരിക്കാനുള്ള സാദ്ധ്യത വളരെ വലുതാണ്. അത് പോരാത്തതിന് നിരപരാധികളായ ആയിരങ്ങളെ കൂട്ടക്കൊല ചെയ്യുന്ന അവസ്ഥയും ഉണ്ടാകാം. അപ്പോള്‍ ആ ദുരന്തം ഒഴുവാക്കുക മാത്രമാണ് ഏറ്റവും ശരിയായ തീരുമാനം. അതാണ് കോടതി ചെയ്തതും.
ഇതെല്ലാം സമസ്യകളാണ്. നാം കുഴിച്ച കുഴിയില്‍ അവര്‍ വീണു എന്ന് നേതാക്കള്‍ പറയുന്നത് വെറുതെയല്ല. പൂര്‍ണ്ണമായും ശരിയാണ്. അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ എല്ലാം സമൂഹത്തെ വിഭജിക്കുന്നു, മതത്തെ പ്രധാന പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരുന്നു, ദാരിദ്യം പോലുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റുന്നു, പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഭരണഘടനയും സുപ്രീംകോടതിയും പര്യാപ്തമല്ല എന്ന തോന്നല്‍ നിര്‍മ്മിച്ചെടുക്കുന്നു. നമ്മേക്കൊണ്ട് പോലും സുപ്രീം കോടതിയെ വിമര്‍ശിപ്പിക്കുന്നത് അവരുടെ വിജയത്തിന്റെ തെളിവാണ്.
സുപ്രീം കോടതിയെ വിമര്‍ശിക്കാന്‍ സ്വപ്നലോകത്തില്‍ കഴിയുന്ന നിങ്ങള്‍ക്കവകാശമില്ല
ജനാധിപത്യത്തെ യാഥാര്‍ത്ഥ്യമാക്കുന്നത് കോടതിയോ, പോലീസോ, സര്‍ക്കാരോ, ഉദ്യോസ്ഥരോ അല്ല. ജനാധിപത്യത്തെ യാഥാര്‍ത്ഥ്യമാക്കുന്നത് കാലത്തിനോട് കടപ്പാടുള്ള പൌരബോധമുള്ള ജനങ്ങളാണ്. രാഷ്ട്രത്തില്‍ നടക്കുന്ന പ്രശ്നങ്ങളെല്ലാം രാഷ്ട്രീയ പ്രശ്നങ്ങളാണ്. രാഷ്ട്രീയ പ്രശ്നങ്ങള്‍ രാഷ്ട്രീയമായേ പരിഹരിക്കാനാകൂ. ഗുമസ്തപ്പണികൊണ്ട് പരിഹരിക്കാം എന്ന് തോന്നുന്നത് വ്യാമോഹമാണ്. സ്ഥാപിത താല്‍പ്പര്യക്കാര്‍ നമ്മില്‍ ജനിപ്പിക്കുന്ന വ്യാമോഹമാണത്. ഒരു പരിഹാരവും അതിനാല്‍ ഉണ്ടാവില്ല. അവര്‍ ജനത്തിന്റെ സമ്പത്ത് മോഷ്ടിച്ചുകൊണ്ടു പോകുകയും വ്യവസ്ഥ തകരുകയും ചെയ്യുമെന്നതേ സംഭവിക്കുകയുള്ളു.
സുപ്രീം കോടതി രാജാവല്ല. സുപ്രീം കോടതി നിങ്ങളുടെ ഭൃത്യനുമല്ല. നിങ്ങള്‍ എങ്ങനെയുള്ള സമൂഹം കാണാനാഗ്രിക്കുന്നുവോ അതിന് വേണ്ടിയുള്ള ബോധപൂര്‍വ്വമായ സാമൂഹ്യ പ്രവര്‍ത്തനം ആണ് നിങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.
ഗുണ്ടായിസത്തിന്റെ ഗ്വാ ഗ്വാ വിളികളല്ല നമുക്ക് വേണ്ടത്(3). അറിവില്ലായ്മയില്‍ നിന്നുള്ള മോചനമാണ് വേണ്ടത്. സിനിമാക്കാരന്റെ തലച്ചോറിന്റെ പകര്‍പ്പാകാതിരിക്കാന്‍ ശ്രമിക്കുക. ഇന്നലത്തെ ആശയങ്ങളാണ് ഇന്നത്തെ സംഭവങ്ങളാകുന്നത്. കാലത്തില്‍ നമുക്ക് പിറകോട്ട് പോകാനാകില്ല. അതുകൊണ്ട് ഇന്ന് സംഭവിക്കുന്നവയെ അംഗീകരിക്കുക. എന്നാല്‍ ഇന്ന് നമുക്ക് ബോധപൂര്‍വ്വം പ്രവര്‍ത്തിക്കാനായാല്‍ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതിനെ നമുക്ക് നിയന്ത്രിക്കാനാകും.
സിനിമയിലെ പോലെ ഏതെങ്കിലും ഒരു രക്ഷകന്‍ വന്ന് നമ്മേ രക്ഷിക്കുമെന്ന വിചാരത്തിലിരിക്കുന്ന ജനത എന്നും കബളിക്കപ്പെടും. നമ്മുടെയുള്ളിലെ ദാസ്യ മനോഭാവവും രാജഭക്തിയും പ്രജാ ബോധവുമാണ് നമ്മേക്കൊണ്ട് ഒരു രക്ഷകന്‍ വന്ന് നമ്മേ രക്ഷിക്കുമെന്ന തോന്നലുണ്ടാക്കുന്നത്. അത് നമ്മളില്‍ അവര്‍ സിനിമയും ചാനലും ഇന്റര്‍നെറ്റും പത്രവും ഒക്കെ ഉപയോഗിച്ച് നിര്‍മ്മിച്ചെടുത്തതാണ്. അതിനായി അവര്‍ക്ക് ഗൂഢാലോചനയൊന്നും ചെയ്യേണ്ട കാര്യമില്ല. നാം തന്നെ സ്വയം അവര്‍ക്ക് വേണ്ടി അത്തരം പണിയെടുത്തോളും. അത്രക്ക് ഫലപ്രദമാണ് ഈ വ്യവസ്ഥ.
രാജവാഴ്ച സമയത്ത് നിങ്ങള്‍ വെറും കാഴ്ചക്കാരനാണ്. എന്നാല്‍ അവര്‍ നിങ്ങളെ അങ്ങനെയാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ജനാധിപത്യത്തില്‍ നിങ്ങള്‍ ഒരു കാഴ്ചക്കാരനല്ല, നിങ്ങള്‍ക്ക് കാലത്തോട് കടപ്പാടുണ്ട്. അതുകൊണ്ട് പൌരബോധത്തോടെ കാര്യങ്ങള്‍ അറിഞ്ഞ് സജീവമായി ജീവിക്കുക. ചുറ്റുപാടുമുള്ളവരേയും സജീവമാക്കുക. ജനാധിപത്യ ബോധം നേടി ആ അടിമച്ചങ്ങലകളെ പൊട്ടിച്ചെറിയുക.
അനുബന്ധം:
1. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
2. ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്
3. കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.