OSS, FOSS എല്ലാം വെള്ളം ചേര്‍‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്

സ്വതന്ത്ര സോഫ്റ്റ്‌വെയറുകളേയും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകളേയും നിങ്ങള്‍ക്ക് ഒരേ സമയത്ത് പിന്‍തുണക്കാനാവില്ല.

സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ ചങ്ങലകളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനായി 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ആ സമയത്ത് അതിന് ആരും വലിയ പ്രാധാന്യം കൊടുത്തില്ല. ഒരു ഉട്ടോപ്യന്‍ ആശയമാണതെന്ന് കമ്പനികളും പ്രോഗ്രാമര്‍മാരും കരുതി. ഒരിക്കലും അത് ലക്ഷ്യത്തിലെത്തുമെന്ന് അവര്‍ക്ക് തോന്നിയില്ല. അതുകൊണ്ട് അന്ന് ആരും ‘ധാര്‍മ്മികതയെ’ പരിഗണിച്ചതേയില്ല. നേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മാത്രം അവിടെ ഉണ്ടായിരുന്നു. പിന്നീട് ധാരാളം പേര്‍ സ്റ്റാള്‍മന്റെ കാരണങ്ങളും, അര്‍പ്പണബോധവും, സ്വന്തം രാഷ്ട്രീയ മൂല്യങ്ങളും ഒക്കെ കൊണ്ട് പ്രചോതിതരായി പ്രസ്ഥാനത്തില്‍ ചേര്‍ന്നു. എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് പൂര്‍ണ്ണമായി പ്രവര്‍ത്തിക്കുന്ന പൂര്‍ണ്ണമായും “സ്വതന്ത്രമായ സോഫ്റ്റ്‌വെയര്‍” stack 1990കളുടെ തുടക്കത്തില്‍ പ്രത്യക്ഷപ്പെട്ടു.

അകത്തുനിന്നുള്ള ആക്രമണം

സാധാരണ പോലെ, ലാഭത്തിനായുള്ള സ്ഥാപനങ്ങള്‍ അതിന്റെ മൂല്യം തിരിച്ചറിയുകയും, പുതിയ സാദ്ധ്യതകളിലേക്ക് എടുത്തു ചാടുകയും ചെയ്തു. എന്നാല്‍ അവര്‍ക്ക് ഉപയോക്താക്കളുടെ സ്വാതന്ത്ര്യം എന്ന ആശയം പിടിച്ചില്ല. അവര്‍ക്ക് അവരുടെ ലാഭം മാത്രം മതി. അതുകൊണ്ട് അവര്‍ ഈ മഹത്തായ പ്രസ്ഥാനത്തിന് പകരം ഒരു കെണി പാവയെ നിര്‍മ്മിച്ചു. പ്രധാനമായും ഒരു ശ്രദ്ധമാറ്റമായി. അതിനെ ഓപ്പണ്‍ സോഴ്സ് പ്രസ്ഥാനം എന്ന് വിളിക്കുന്നു. സ്വാതന്ത്ര്യം ഒഴുവാക്കിയ സോഫ്റ്റ്‌വെയര്‍ എന്നാണ് സ്റ്റാള്‍മന്‍ അതിനെ വിളിച്ചത്. (അദ്ദേഹത്തിന് തെറ്റ് പറ്റിയതാണ്. നാം OSS നെ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി താരതമ്യം ചെയ്യാന്‍ പാടില്ല.)

അവര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവുമായി ചേരുകയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരുമായി സഹകരിക്കുകയും ചെയ്തു. ഈ പുതിയ കൂട്ടത്തെ Free and Open Source software (FOSS) എന്ന് വിളിക്കുകയും ചെയ്തു. ബിസിനസുകാരുടെ പിന്‍തുണ ഇവര്‍ക്കുള്ളതിനാല്‍ തുടര്‍ന്നുള്ള വികസനം വേഗത്തിലായി. കൂടുതല്‍ ആളുകള്‍ പ്രസ്ഥാനത്തിലേക്ക് ചേര്‍ന്നു. അവര്‍ക്ക് മാധ്യമങ്ങളില്‍ നിന്നും പിന്‍തുണ കിട്ടി. അവര്‍ മൊത്തം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ അവരുടെ പേരിലേക്ക് മാറ്റി.

ഈ കളികള്‍ കാരണം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രാഷ്ട്രീയം പൊതുചര്‍ച്ചയില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണ്. എന്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ പോലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രാഷ്ട്രീയം തുറന്ന് പറയാറില്ല. ഉപയോഗ മേന്മ മാത്രമാണ് എല്ലാവര്‍ക്കും ഇഷ്ടം. ഇത് സ്വാഭാവികമായി സംഭവിച്ച ഒന്നല്ല. അരാഷ്ട്രീയ ട്രോജന്‍ കുതിരയായ OSS ആണ് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി അത് നിര്‍മ്മിച്ചത്.

അതില്‍ ഗൂഢാലോചനയൊന്നും ഇല്ല. വ്യവവസ്ഥ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെയാണ്.

ഒന്നും പുതിയതല്ല.

താങ്കള്‍ മനുഷ്യ ചരിത്രം നോക്കിയാല്‍ ഭരണവര്‍ഗ്ഗത്തിന്റെ ശക്തിയാല്‍ ഇതുപോലെ ബാധിക്കപ്പെട്ട സമാനമായ ധാരാളം ആശയങ്ങളേയും, പ്രസ്ഥാനങ്ങളേയും, ധൈഷണികരേയും കാണാന്‍ കഴിയും. നല്ല ഒരു ഉദാരഹരണം ജനാധിപത്യം തന്നെയാണ്. 60 വര്‍ഷം മുമ്പ് ആളുകള്‍ വോട്ട് ചെയ്യാനുള്ള അവകാശം നേടിയെടുക്കാനായി ജീവത്യാഗം വരെ ചെയ്തു. എന്നാല്‍ ഇന്നോ? വോട്ട് ചെയ്യാന്‍ ആര്‍ക്കാണ് താല്‍പ്പര്യം. അമേരിക്കയിലെ വോട്ടിങ് ശതമാനം എത്രയാണ്? അവര്‍ വോട്ട് ചെയ്യാന്‍ പോയാലും അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം കിട്ടുമോ? അവരുടെ ചെയ്ത വോട്ട് എണ്ണുമോ?

മാധ്യമങ്ങളെക്കുറിച്ച് ആലോചിക്കുക. അതിന് സമൂഹത്തില്‍ വളരെ പ്രധാനപ്പെട്ട കര്‍ത്തവ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ അവരെന്താണ് ചെയ്യുന്നത്? ഭരണവര്‍ഗ്ഗത്തിന്റെ സ്റ്റെനോഗ്രാഫര്‍ മാത്രമായി അവര്‍ മാറി.

OSS, FOSS തുടങ്ങിയവ നേര്‍പ്പിച്ച കുത്തക സോഫ്റ്റ്‌വെയറാണ്

നിങ്ങള്‍ക്ക് ഒന്നുകില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളോപ്പമോ അല്ലെങ്കില്‍ കുത്തക സോഫ്റ്റ്‌വെയറുകളോടൊപ്പമോ നില്‍ക്കാം. അത് വ്യക്തമാണ്. എന്നാല്‍ അവക്കിയിലേക്ക് ഒരു amorphous സംഘം എത്തിയാല്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയും. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ സംബന്ധിച്ചടത്തോളം കുഴഞ്ഞുമറിഞ്ഞത്. എന്നാല്‍ കുത്തക സോഫ്റ്റ്‌വെയറിന്റെ ആശയം വ്യക്തമാണ്. അവര്‍ക്ക് പണമുണ്ട്, മാധ്യമങ്ങളുണ്ട്, രാഷ്ട്രീയ ശക്തിയും ഉണ്ട്.

ഒരു സാധാരണ മനുഷ്യന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നത് പുതിയതും സങ്കീര്‍ണ്ണവും നിലനില്‍ക്കുന്ന സാമ്പത്തിക ആശയങ്ങള്‍ക്ക് എതിരുമാണ്. അതുകൊണ്ട് ഈ നേര്‍പ്പിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ സംഘം സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ തന്നെ ആക്രമിക്കുന്നതാണ്. അവരുടെ ശക്തമായ ആക്രമണം പ്രസ്ഥാനത്തിന്റെ സ്ഥാപകനെ തന്നെ കുറച്ച് കാലത്തേക്ക് സംഘടയില്‍ നിന്ന് പുറത്താക്കുന്ന സ്ഥിതിയില്‍ വരെ കൊണ്ടുചെന്നെത്തിച്ചു.

എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന് ഉണ്ടാകുന്ന നാശത്തെ തിരിച്ചറിയാതെയാണ് മിക്ക സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകരും FOSS എന്ന് വിളിക്കുന്ന സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. OSS എന്നത് കുത്തക സോഫ്റ്റ്‌വെയര്‍ പക്ഷമാണെന്ന് ദയവ് ചെയ്ത് തിരിച്ചറിയുക. GPL ന് ചേരുന്ന എന്തെങ്കിലും അവര്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ അവ എടുക്കുക. ബാക്കിയെല്ലാം അവിടെ തന്നെ ഉപേക്ഷിക്കുക. OSS, FOSS തുടങ്ങിയ വാക്കുകള്‍ പോലും ഉപയോഗിക്കരുത്.

ഉപയോക്താക്കളുടെ സ്വാതന്ത്ര്യം എന്ന ആശയത്തില്‍ നിന്ന് ചിന്താചട്ടക്കൂടിനെ നീക്കുകയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ തകര്‍ക്കുകയുമാണ് ഓപ്പണ്‍ സോഴ്സിന്റെ purpose. OSS, FOSS പോലുള്ള എല്ലാ PR വാക്കുകളും അതേപോലാണ് പ്രവര്‍ത്തിക്കുന്നത്. അതെല്ലാം ഒന്നാണ്. പിന്നെ എന്തുകൊണ്ട് താങ്കള്‍ ഇപ്പോഴും FOSS എന്ന് പറയുന്നു? ദയവ് ചെയ്ത് ആ ബന്ധം ഉപേക്ഷിക്കുക.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ലാത്തതെന്തും കുത്തക സോഫ്റ്റ്‍വെയറാണെന്ന് നാം മനസിലാക്കണം. അതിന് രണ്ടിനും ഇടയില്‍ ഒരു ഇടനിലയില്ല. ഒരു സൌഹൃദവും ഇല്ല. ഒരു സഹകരണവും ഇല്ല. GPL പ്രകാരമുള്ളതെന്തും എവിടെ നിന്നും സ്വീകരിക്കുക. അത്രയേയുള്ളു.

ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിന്റെ കൂടെ നില്‍ക്കൂ

രണ്ടു വള്ളങ്ങളില്‍ കാലുവെച്ച് നിങ്ങള്‍ക്ക് പോകാനാവില്ല. നിങ്ങള്‍ തെരഞ്ഞെടുക്കണം. കുത്തക സോഫ്റ്റ്‌വെയറുകളുടെ കൂടെ നില്‍ക്കുന്നതില്‍ തെറ്റില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയറുമായി നിങ്ങള്‍ക്കൊരു വരുമാനം കണ്ടെത്താനാകുന്നില്ലെങ്കില്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യൂ. പിന്നെ നിങ്ങളുടെ ഒഴിവു സമയത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് സംഭാവന ചെയ്യു. അതില്‍ ഒരു തെറ്റില്ല. OSS പോലുള്ള പകുതി ധാര്‍മ്മികതയെക്കാള്‍ വളരെ നല്ലതാണത്. പകുതി ധാര്‍മ്മികത അവസാനം ഒരു ധാര്‍മ്മികതയും ഇല്ലാത്ത സ്ഥിതിയിലെത്തും.

നിങ്ങള്‍ ആശയങ്ങളെ കൂട്ടിക്കുഴക്കുന്നില്ലെങ്കിൽ പൊതുജനത്തിന് കൂടുതൽ വ്യക്തതയുണ്ടാകും. ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കൂടുതൽ ചർച്ചകളുണ്ടാകും. കൂടുതലാളുകൾ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളെ പിൻതുണക്കും. തീർച്ചയായും അത് ഒരു വിഷമം പിടിച്ച വഴിയാണ്. എന്നാൽ അതാണ് ശരിയായ വഴി. അതുപോലെയാണ് ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന പ്രസ്ഥാനത്തിന്റെ കാര്യവും. അതായിരുന്നു ആ പ്രസ്ഥാനത്തിന്റെ ആദ്യ ലക്ഷ്യവും.

നോട്ട്: ഇത് സംഭവിക്കണണെങ്കൽ “സ്വതന്ത്രസോഫ്റ്റ്‍വെയറിനെ നിങ്ങളുടെ വരുമാന സ്രോതസാക്കാതിരിക്കുക; രാഷ്ട്രീയമായി അത് നിങ്ങളെ ദുർബലരാക്കും” എന്ന മുമ്പത്തെ ലേഖനത്തൽ പറഞ്ഞത് പോലെ നാം സാമ്പത്തികമായി സ്വതന്ത്രരായിരിക്കണം. അത് സ്വതന്ത്ര സോഫ്റ്റ്ർവെയർ പ്രസ്ഥാന പ്രശ്നമല്ല. എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങൾക്കും ഈ പ്രശ്നമുണ്ട്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ