ശ്രീ എം. കുഞ്ഞാമന് TrueCopyThink ല്‍ എഴുതിയ ഒരു ലേഖനത്തെക്കുറിച്ച്(1) എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതില്‍ ബൂര്‍ഷ്വ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. അതൊരു ശകാരപ്പേരല്ല. ഒരു പ്രത്യേക സവിശേഷതകളുള്ള ഒരു കൂട്ടം ആളുകളെ സൂചിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. ചില സ്ഥാനാര്‍ത്ഥി രാഷ്ട്രീയ സംഘടനകളും അവരുടെ വാലാട്ടി സംഘങ്ങളും നിരന്തരം പറഞ്ഞ് ശകാരവാക്കാക്കിയതാണ് അത്. പക്ഷേ ആ രീതിയില്‍ ആ വാക്കിനെ കാണരുത് എന്ന് അപേക്ഷിക്കുന്നു. മുതലാളി എന്ന വാക്ക് തെറ്റിധാരണയുണ്ടാക്കും. നമ്മുടെ നാട്ടില്‍ പലചരക്ക് കട നടത്തുന്ന പാവം മനുഷ്യരേയും മുതലാളി എന്നാണ് വിളിക്കുന്നത്.
ഏഷ്യാറ്റിക് സൊസേറ്റിക്ക് കൊമ്പുണ്ടോ?
300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടണെന്ന ചെറിയ ദ്വീപില്‍ തുടങ്ങിയ ഒരു സാമൂഹ്യ സംഘടിപ്പിക്കല്‍ രീതിയാണ് മുതലാളിത്തം. അന്ന് മാന്‍ചെസ്റ്റര്‍ പോലുള്ള ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നിരുന്ന ഈ വ്യവസ്ഥയുടെ ഇന്നത്തെ സ്ഥിതി ഒന്ന് പരിഗണിക്കൂ. ജനസംഖ്യ എന്ന ഒരു സൂചകം മാത്രം നോക്കിയാല്‍ മതി. അപ്പോള്‍ നമുക്ക് കാണാം ധ്രുവങ്ങളൊഴിച്ച് ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലേയും ചെറു പട്ടണങ്ങള്‍ പോലും മാന്ചെസ്റ്ററിന്റെ അത്ര വളര്‍ന്നിട്ടുണ്ടെന്ന് മനസിലാക്കാനാകും. എല്ലാത്തിനേയും അത് വിഴുങ്ങുകയാണ്. എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ഷോപ്പിങ് മാളുകളില്‍ പോലും ആയിരക്കണക്കിന് കുിലോമീറ്റര് ആകലെയുള്ള രാജ്യത്തെ പന്തുരുട്ടി കോല് തട്ടിയിടുന്ന കളി എല്ലാവരും കളിക്കുന്നത്. അംബേദകര്‍ പോലും കോട്ടും ടൈയും കെട്ടിയാണ് പുറത്തിറങ്ങുന്നത്.
അത്തരത്തിലൊരു ലോകത്ത് ഏഷ്യാറ്റിക് സൊസേറ്റിയെന്നോ മാങ്ങാത്തൊലി സൊസേറ്റിയെന്നൊക്കെ പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല. അത് യൂറോപ്പിലെ സംഭവമാണോ, മുത്തങ്ങയിലെ സംഭവമാണോ എന്ന് അന്വേഷിക്കുന്നതിന് ഒരു പ്രസക്തിയും ഇല്ല. ഏത് വ്യവസ്ഥയായാലും അത് ഇപ്പോഴും പിടിച്ച് നില്‍ക്കുന്നുണ്ടെന്ന് തോന്നിയാലും പോലും ഭാവിയില്‍ മുതലാളിത്തെ തടഞഞ്ഞില്ലെങ്കില് അതിന്റെ മുന്നില്‍ തകര്‍ന്നടിയാന്‍ കാത്തിരിക്കുന്ന ഒന്നായിരിക്കും. നിങ്ങളെത്ര കൊമ്പനാണെങ്കിലും മുതലാളിത്തം നിങ്ങളെ വിഴുങ്ങും. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കക്കാര്‍ രൂപകല്‍പ്പന ചെയ്ത ആഫ്രിക്കയില്‍ നിന്ന് ഖനനം ചെയ്തെടുക്കുന്ന അപൂര്‍വ്വലോഹങ്ങള്‍ ഉപയോഗിച്ച് ചൈനക്കാര്‍ നിര്‍മ്മിക്കുന്ന കമ്പ്യൂട്ടറില്‍ നാം എഴുതുകയും വായിക്കുകയും ചെയ്യുമ്പോള്‍ പോലും ഈ വ്യവസ്ഥ ലോകം മൊത്തം പരന്നു എന്ന തോന്നലുണ്ടാകത്തെന്തുകൊണ്ടാണ്?
തൊഴിലാളി വര്‍ഗ്ഗവും ബൂര്‍ഷ്വകളും
മുതലാളിത്തത്തിന്റെ തുടക്കല്‍ സംഘടിത തൊഴിലാളി എന്നത് ഫാക്റ്ററിക്കകത്ത് തൊഴിലെടുക്കുന്നവരായിരുന്നു. ചൂഷണം നടന്നിരുന്നത് അവരുടെ മെലെ മാത്രമായിരുന്നു. ഫാക്റ്ററിക്ക് പുറത്തുള്ളവര്‍ കേവലം കാഴ്ചക്കാരോ നിഷ്ക്രിയ ഉപഭോക്താക്കളോ ആയി മാത്രം പ്രവര്‍ത്തിച്ചു. എന്നാല്‍ അന്ന് ആ തൊഴിലാളികള്‍ക്ക് ആ വ്യവസ്ഥയുടെ അക്കാലത്തേയും ഭാവിയില്‍ വരാന്‍പോകുന്നതുമായ ദുരന്തങ്ങളെ മനസിലാക്കി ആ വ്യവസ്ഥയെ ഇല്ലായ്മ ചെയ്തിരുന്നുവെങ്കില്‍ നമുക്കിന്ന് ഇതൊന്നും ആലോചിച്ച് സമയം കളയേണ്ടി വരില്ലായിരുന്നു. കാരണം അവര്‍ ആയിരുന്നു ഏറ്റവും സംഘടിതരായവര്‍. അവരായിരുന്നു മുന്നണിയില്‍.
എന്നാല്‍ മുതലാളിത്തം ഫാക്റ്റിക്ക് പുറത്ത് കടന്നിട്ട് ഒരുപാട് കാലമായി. ഇന്ന് എല്ലാവരും തൊഴിലാളികളാണ്. നിങ്ങള്‍ ഫോണ്‍ വിളിച്ചിട്ട് അതില്‍ നിന്ന് വരുന്ന press 0 for english. press 1 for malayalam എന്നൊക്കെ ചെയ്യുന്നില്ലെ? മുമ്പ് സ്ഥാപനത്തിലെ ഒരു ജോലിക്കാരന് ചെയ്യേണ്ട ജോലിയാണത്. ഇപ്പോള്‍ അത് ചെയ്യുന്നത് നിങ്ങളാണ്. സെക്കന്റ് നേരത്തേക്ക് നിങ്ങള്‍ അവരുടെ ശമ്പളം വാങ്ങാത്ത തൊഴിലാളിയായി. അത് ദളിതന് ചെയ്താലും, ആദിവാസി ചെയ്താലും സ്ത്രീ ചെയ്താലും ചെരുപ്പ് കുത്തി ചെയ്താലും അവന് തൊഴിലാളിയാണ് അത്ര നേരം. അങ്ങനെയാണ് മുതലാളിത്തം നമ്മുടെ സമയത്തെ വലിച്ചെടുക്കും. കൂടുതല്‍ മിച്ചമൂല്യത്തിന്, കൂടുതല്‍ ലാഭത്തിന്. അതുകൊണ്ട് സമൂഹത്തില്‍ ബൂര്‍ഷ്വ അല്ലാത്ത എല്ലാവരും തൊഴിലാളികളാണ്. അതില്‍ സംഘടിത തൊഴിലാളികളും അസംഘിടത തൊഴിലാളികളും, വീട്ടമ്മമാരും, കുട്ടികളും ഒക്കെ ഉള്‍പ്പെടുന്നു.
മനുഷ്യരില്‍ പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വെണ്ണപ്പാളി രൂപീകൃതമായ കാലം മുതല്‍ നിങ്ങള്‍ ഒന്നുകില്‍ ബൂര്‍ഷ്വയാണ് അല്ലെങ്കില്‍ തൊഴിലാളി. ഇതാണ് യാഥാര്‍ത്ഥ്യം. അത് സാമാന്യവല്‍ക്കരണവും അല്ല. അതിനായി ഒന്നും ഡിഡക്ട് ചെയ്യേണ്ട കാര്യമില്ല. അത് വ്യക്തമായി മനസിലാകാത്തതിന് കാരണം നിങ്ങള്‍ ബൂര്‍ഷ്വാ പക്ഷത്ത് നില്‍ക്കുന്നതുകൊണ്ടാണ്. അവിടെ നിന്ന് നോക്കിയാല്‍ ഒന്നും മനസിലാകില്ല. എന്തൊരു സ്പീഡ് എന്ന് പറഞ്ഞ് വാപൊളിച്ച് നില്ക്കും.
വര്‍ഗ്ഗ സമരം
എന്താണ് വര്‍ഗ്ഗസമരമെന്ന് മുമ്പൊരിക്കല്‍ വിശദമായി എഴുതിയിരുന്നല്ലോ(2). ചുരുക്കത്തില്‍ ഇവിടെ പറയാം. മുതലാളിത്ത വ്യവസ്ഥയില്‍ ബൂര്‍ഷ്വകളും തൊഴിലാളികളും പരസ്പരം തങ്ങളുടെ ലക്ഷ്യത്തിനായി നടത്തുന്ന സമരമാണ്. സാധാരണ സമരം എന്ന കേവല അര്‍ത്ഥത്തിലല്ല അത് നടക്കുന്നത്. ബൂര്‍ഷ്വകളും അത് ചെയ്യുന്നുണ്ട് തൊഴിലാളികളും അത് ചെയ്യുന്നുണ്ട്. പക്ഷെ അതില്‍ തൊഴിലാളി ചെയ്യുന്നത് മാത്രമേ പ്രകടമായി വരൂ. പണക്കാര് ചെയ്യുന്നത് അദൃശ്യമായിരിക്കും.
ഇപ്പോള്‍ കോവിഡ്-19 ല്‍ സംഭവിക്കുന്നത് എന്താണ്? വര്‍ഗ്ഗ സമരമാണ് നടക്കുന്നത്. പണക്കാരിപ്പോള് എവിടെയാണ്? അവര്‍ അവര്‍ക്ക് കിട്ടിയ ഭീമമായ ധനസഹായവും വാങ്ങി കരീബിയനിലെ കേളീനൌകളിലോ ലക്ഷക്കണക്കിന് ഡോളര്‍ വാടകയുള്ള കൊട്ടാരങ്ങളിലോ ഉല്ലാസ ജീവിതം നയിക്കുകയാണ്. ചാകുന്നതോ തൊഴിലാളി വര്‍ഗ്ഗവും. മിച്ച തൊഴിലാളികള്‍ ഒരുപാടായി എന്നാണ് ഈ വ്യവസ്ഥ മനസിലാക്കുന്നത്. ചികില്‍സ വേണമെന്ന ആവശ്യമോ? അത് തൊഴിലാളി വര്‍ഗ്ഗത്തിന്റേതാണ്. പക്ഷേ ഇതിനെ ആരും വര്‍ഗ്ഗ സമരമായി കണക്കാക്കില്ല. അതും വര്‍ഗ്ഗസമരത്തിന്റെ ഭാഗമാണ്. ആ വര്‍ഗ്ഗസമര സിദ്ധാന്തം ഒരു തത്വചിന്തകന്റെ ചരിത്ര വീക്ഷണത്തില്‍ നിന്ന് വന്നതല്ല.
ഈ സമൂഹത്തില്‍ നടക്കുന്നതെല്ലാം വര്‍ഗ്ഗ സമരമാണ്. അത് ഏതെങ്കിലും ഒരു പക്ഷത്തെ സഹായിച്ചേ മതിയാകൂ. ഉദാഹരണത്തിന് ആദിവാസികളുടെ ഭൂസമരം എടുക്കൂ. സ്റ്റേറ്റ് ആദിവാസികളുടെ ഭൂമി ഏറ്റെടുത്ത് വ്യവസായം തുടങ്ങുന്നു. പാവം മുതലാളി ഒന്നും ചെയ്യുന്നില്ല കേട്ടോ! ആദിവാസികള്‍ അവരുടെ ആവാസവ്യവസ്ഥയായി ഭൂമി വിട്ടുതരില്ലെന്ന് പറഞ്ഞ് സമരം തുടങ്ങി. ഇത് ഒന്നാം തരം വര്‍ഗ്ഗ സമരമാണ്. സ്റ്റേറ്റ് എന്തിനാണ് വ്യവസായം തുടങ്ങുന്നത്. ന്യായം പലത് പറയുമെങ്കിലും അവസാനം അത് മുതലാളിത്തത്തിന് കൂടുതല്‍ മിച്ചമൂല്യം ഉണ്ടാക്കി വികസിക്കാന്‍ വേണ്ടിയാണ് എന്ന് കാണം. മുതലാളിത്തത്തിന് സ്റ്റേറ്റിനെ എത്രയേറെ വേണമെന്ന് കാണിക്കുന്ന ഒരു ഉദാഹരണമാണിത്. ആദിവാസികള്‍ ഭൂമി വിട്ടുകൊടുക്കുന്നില്ല. അതായത് അവര്‍ മുതലാളിത്തത്തിന്റെ വികാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പരം മുതലാളിത്ത വിരുദ്ധ പ്രവര്‍ത്തനം ഉണ്ടോ?
എന്നാല്‍ ഇതില്‍ ഒരു തിരിവുണ്ട്. ആദിവാസികള്‍ ഈ ഭൂമി ഏലം കൃഷി ചെയ്യാനാണ് ഉപയോഗിക്കുന്നതെങ്കിലോ? അപ്പോള്‍ ആ സമരം വര്‍ഗ്ഗസമരമല്ല. പകരം പണ്ട് കോളനിവാഴ്ചക്കാലത്ത് യജമാന രാജ്യങ്ങള്‍ കോളനികള്‍ക്കായി നടത്തിയ യുദ്ധം പോലെയാണ്. മൊബൈല്‍ ഫോണ്‍ ബാറ്ററിയുണ്ടാക്കാനുള്ള ലോഹം ഖനനം ചെയ്യണോ അതോ അകലെയുള്ള സായിപ്പിന് വില്‍ക്കാനായി ഏലം ഉണ്ടാക്കണോ എന്നാകും ചോദ്യം. അതുകൊണ്ട് നിങ്ങളുടെ സമരം വര്ഗ്ഗസമരമല്ലെന്ന് പറയുന്നത് നിങ്ങളെ സാമ്രാജ്യത്വവാദിയാക്കുകയേയുള്ളു.
അതുപോലെ സംഘടിത തൊഴിലാളി തീര്‍ച്ചയായും ആ വര്‍ഗത്തിന്റെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടി തന്നെ വേണം സമരം ചെയ്യേണ്ടത്. അത് ചിലപ്പോള്‍ ശമ്പളിത്തിലോ, ചിലപ്പോള്‍ മെച്ചപ്പെട്ട തൊഴിലിടത്തിനോ, ചികില്സക്കോ ഒക്കെ ആയേക്കാം. എന്ത് തന്നെയായാലും അത് മുതലാളിത്ത വിരുദ്ധ സമരമാണ്. എന്നാല്‍ എപ്പോഴും കോവിഡ്-19 ന് ചികില്‍സ വേണമെന്ന തരത്തിലെ ജീവന് മരണ പ്രശ്നം ആകണമെന്നില്ല. തീര്‍ച്ചയായും അതുകൊണ്ട് അതിന്റെ പ്രാധാന്യം ഇല്ലാതാകുന്നുമില്ല.
ഗൂലാക്കിലെത്ര പേര് കൊല്ലപ്പെട്ടു, സാംസ്കാരികവിപ്ലവത്തിലെത്ര പേര് കൊല്ലപ്പെട്ടു അങ്ങനെയുള്ള എല്ലാ കണക്കുകളും നമുക്ക് അറിയാം. പക്ഷേ കോവിഡ്-19 കാരണം അമേരിക്കയില്‍ കൊല്ലപ്പെട്ട ഒരു ലക്ഷത്തില്‍ കൂടുതലാളുകളെ ഏത് കണക്കിലാണ് നാം ഉള്‍പ്പെടുത്തുക? അതെല്ലാം നിഷ്പക്ഷ മരണമല്ലേ! ആരുടേും കണക്കില്‍ വരില്ല. അഥവാ വന്നാലും അത് ചീഞ്ഞ ഒരു ആപ്പിളിന്റെ കുറ്റമായേ നാം കണക്കാക്കൂ. അങ്ങനെ കാണുന്നതും വര്‍ഗ്ഗസമരമാണ്.
തൊഴിലാളിയുടെ ദാരിദ്ര്യം
ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞരുടെ “ലേബര്‍ തിയറി ഓഫ് വാല്യു’ അദ്ധ്വാനത്തിന്റെ വിലയൊക്കെ വിവരിച്ച് തന്നു. അദ്ധ്വാനം നടത്തുന്നത് തൊഴിലാളിയാണ്. അപ്പോള്‍ സമ്പത്തുണ്ടാകേണ്ടത് അദ്ധ്വാനിക്കുന്ന തൊഴിലാളിക്കല്ലേ? എന്നാല്‍ അങ്ങനെയല്ലോ ചരിത്രം മൊത്തം പറയുന്നത്. അദ്ധ്വാനിക്കുന്നവന് എന്നും ദാരിദ്രത്തിലും പട്ടിണിയിലും രോഗത്തിലും മരണത്തിലുമാണ്. ഇന്നും ഇപ്പോഴും അങ്ങനെയാണ്. അതുകൊണ്ട് അവരുടെ “ലേബര്‍ തിയറി ഓഫ് വാല്യു’ തെറ്റായിരുന്നു. എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്ന് അവര്‍ക്ക് മനസിലാക്കാനായില്ല. അല്ലെങ്കില്‍ താല്‍പ്പര്യ വൈരുദ്ധ്യം കാരണം അതിന് ശ്രമിച്ചില്ല. പകരം അവര്‍ സോഷ്യലിസം എന്ന ഒരു ആശയം കൊണ്ടുവന്നു. പണക്കാര് ഇടക്കിടക്ക് തൊഴിലാളികള്‍ക്ക് ഔദാര്യമായി പരോപകാരം ചെയ്യണം. എന്നാല്‍ ക്ലാസിക്കല്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്ക് ശേഷം വന്നവരുടെ പ്രവര്‍ത്തന ഫലമായി ഇന്ന് നമുക്ക് അറിയാം എന്തുകൊണ്ടാണ് തൊഴിലാളികള്‍ ദരിദ്രരാകുന്നതെന്നും സമ്പത്ത് കേന്ദ്രീകരിക്കുന്നതെന്നും. അവര്‍ പുതിയ ശരിയായ “ലേബര്‍ തിയറി ഓഫ് വാല്യു’ അവതരിപ്പിച്ചു. മുതലാളിത്ത വ്യവസ്ഥയുടെ ഘടനപരമായ സ്വഭാവമാണത്. ഈ വ്യവസ്ഥയുള്ളടത്തോളം കാലം അങ്ങനെ സംഭവിക്കും.
മുതലാളിത്ത പ്രതിസന്ധി
മുതലാളിത്തം ഒരു ചാക്രിയ പ്രക്രിയയാണ്. അസംസ്കൃത വസ്തുക്കളില്‍ അദ്ധ്വാനം നടത്തി ഉല്‍പ്പന്നം ഉത്പാദിപ്പിച്ച് വിറ്റഴിക്കുന്നു. കിട്ടിയ ലാഭവും കൂട്ടി അത് കൂടുതല്‍ വലുതായി ആവര്‍ത്തിക്കുന്നു. ഇതിന്റെ ഓരോ നിമിഷത്തിലും പ്രതിസന്ധിയുണ്ട്. ചിലപ്പോള്‍ അസംസ്കൃത വസ്തു കിട്ടിയില്ല, ചിലപ്പോള്‍ യന്ത്രം തകര്‍ന്നു, ചിലപ്പോള്‍ മഹാമാരി. എപ്പോഴായായലും ആര്ത്തിയിലടിസ്ഥാനമായ ഈ വ്യവസ്ഥ അതിന് പ്രതിവിധികള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. എന്നാല്‍ പ്രതിസന്ധി കാലഘട്ടം ഒരു നല്ല അവസരമാണ്. ആളുകള്‍ക്ക് വേണമെങ്കില്‍ വ്യവസ്ഥയുടെ പ്രശ്നങ്ങള്‍ മനസിലാക്കി കൂടുതല്‍ മെച്ചപ്പെട്ട ഒരു വ്യവസ്ഥയുണ്ടാക്കാനുള്ള ചിന്തക്ക് വിത്ത് പാകാം.
എന്നാല്‍ മുതലാളിത്തം ആ പ്രശ്നം പ്രതിസന്ധി മറികടന്നെങ്കില്‍ സമൂഹം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുന്നു എന്നര്‍ത്ഥം. 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ ഒരു കോടി വീടുകളാണ് ഒബാമ ജപ്തി ചെയ്യിപ്പിച്ചത്. അയാള്‍ക് വേണമെങ്കില്‍ അത് തടയാമായിരുന്നു. ഇന്ന് അമേരിക്കയിലെ എല്ലാ നഗരങ്ങളിലും പകുതി പേര് വാടക്കാരാണ്. കോവിഡ്-19 കാരണം തൊഴിലും കൂടി പോയപ്പോള്‍ അത് അവരെ എത്രമാത്രം ദുരിതത്തിലാക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് ഓരോ പ്രതിസന്ധിയും നമുക്ക് വീണ്ടുവിചാരം ഉണ്ടാകാനുള്ള അവസരമാണ്.
തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ സ്വഭാവം മാറില്ല
മുതലാളിയെ മുതലാളിയെന്ന് വിളിച്ചാലോ സംരംഭകനെന്ന് വിളിച്ചാലോ ഒന്നും മുതലാളിത്തത്തിന്റെ സ്വഭാവം മാറില്ല. പണ്ട് നാം സ്വര്‍ണ്ണം പോലുള്ള ലോഹങ്ങളാണ് കൈമാറിയിരുന്നത്. പിന്നീട് കടലാസ് നോട്ട് വന്നു. ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സിയും. പക്ഷേ പണത്തിന് അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് പേര് മാറ്റം പ്രസക്തമായ കാര്യമല്ല.
തൊഴിലാളിക്ക് ശമ്പളമായി ഓഹരികള്‍ കൊടുത്തേക്കാം. പക്ഷെ 2016 ലെ കണക്ക് പ്രകാരം അമേരിക്കയിലെ മൊത്തം ഓഹരികളുടെ 84% ഏറ്റവും പണക്കാരായ 10% ന്റെ കൈകളിലാണ്. തീര്‍ച്ചയായും അവര്‍ തൊഴിലാളി വര്‍ഗ്ഗമല്ല. നവലിബറിലിസം വന്നിട്ട് 50 വര്‍ഷത്തിന് മേലെ ആയില്ലെ? പക്ഷെ എന്തുകൊണ്ട് ഇപ്പോഴും ഓഹരിഉടമസ്ഥതാവകാശം ബൂര്‍ഷകളില്‍ തന്നെ നില്ക്കുന്നു. അമേരിക്കയില്‍ 1970 ന് ശേഷം ഫലപ്രദമായ ശമ്പളത്തില്‍ വര്ദ്ധവുണ്ടായിട്ടില്ല. മിലേനിയല്‍സ് അവരുടെ രക്ഷകര്‍ത്താക്കളേക്കാള്‍ കുറഞ്ഞ ശമ്പളത്തിലാണ് ഇന്ന് ജോലി ചെയ്യുന്നത്. ജോലി എന്ന ഭാഗ്യക്കുറിയുള്ളവരുടെ കാര്യമാണ്.
നമ്മുടെ കാല്‍പ്പനിക ചിന്തയിലെ മുതലാളിയേ 50% ല്‍ അധികം ഓഹരികള്‍ മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യൂ. മുതലാളിയും ഇതില്‍ നിസഹായനാണ്. അയാള്‍ക്ക് മിച്ചമൂല്യം ഉണ്ടാക്കുകയും അത് വീണ്ടും നിക്ഷേപിച്ചെങ്കിലേ നിലനില്ക്കാനാകൂ. അല്ലെങ്കില്‍ അയാളെ വ്യവസ്ഥ തുടച്ചുനീക്കും. ഈ വ്യവസ്ഥ ഒരേ പോലെ മുതലാളിയേയും തൊഴിലാളിയേയും എന്തിന് ഭൂമിയിലെ മറ്റ് ജീവജാലങ്ങളെ പോലും ദ്രോഹിക്കുകയാണ്.
പ്രായോഗിക രാഷ്ട്രീയം
1970കള്‍ വരെ സംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന് വലിയ ശക്തിയായിരുന്നു. മുതലാളിമാര്‍ സംഘടിച്ചു. പവല്‍ മെമ്മോറാണ്ടം വന്നു. റെയ്ഗണിന്റേയും താച്ചറിന്റേയും നേതൃത്വത്തില്‍ യൂണിയനുകള്‍ തുടച്ച് നീക്കപ്പെട്ടു. യൂണിയന് ഗുണ്ടായിസത്തിന്റെ ഫലമായി ജനങ്ങളില്‍ ഉണ്ടായ അതൃപ്തിയും അതിനെ സഹായിച്ചു. അങ്ങനെ അതൃപ്തിയുണ്ടാക്കുന്നതും വര്‍ഗ്ഗസമരമാണ്. അതുപോലെയാണ് പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍. ഏതെങ്കിലും ഒരു നേതാവിന്റെ അനുയായി ആണെന്ന് സ്വയം പറയുകയും പിന്നെ എന്ത് മഹാവൃത്തികേടുകള് കാണിക്കുകയും ചെയ്ത് ന്യായീകരണം കണ്ടെത്തുന്നതും നാം സ്ഥിരം കാണുന്ന കാര്യമാണ്. അത് അവരുടെ അറിവ്കേട് എന്ന് പറയുകയല്ലാതെ ഒന്നും ചെയ്യാനില്ല. അവര്‍ അത് ചെയ്യുന്നത് ബൂര്‍ഷ്വാ വര്‍ഗ്ഗസമരത്തിന്റെ ഭാഗമായാണ്. പക്ഷേ അത് കണ്ടിട്ട് ഈ സമൂഹത്തിന് ഘടനാപരമായ ഒരു പ്രശ്നവും ഇല്ലെന്ന് പറയുന്നത് നാം ചെയ്യുന്ന ബൂര്‍ഷ്വാ വര്‍ഗ്ഗസമരവും.
നമ്മുടെ ഉത്തരവാദിത്തം ആരോടാണ് എന്നാണ് പ്രശ്നം. എല്ലാവര്ക്കും വ്യക്തമായി മനസിലാക്കാവുന്ന തെമ്മാടിത്തരങ്ങള്‍ ജനങ്ങളെ അറിയിക്കാനായി BA ക്ക് പഠിച്ച അര്ത്ഥമില്ലാത്തവാക്കുകളും സായിപ്പന്മാരുടെ പേരുകളും എഴുതിവെക്കേണ്ട കാര്യമില്ല. അവരെ നന്നാക്കാന്‍ പോകേണ്ട കാര്യവും ഇല്ല. യഥാര്‍ത്ഥ രാഷ്ട്രീയ പ്രശ്നങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നത് വഴി കുറ്റവാളികള്‍ എത്രമാത്രം അപഹാസ്യരാണെന്ന് പൊതു സമൂഹത്തില്‍ വ്യക്തമാക്കിക്കൊടുക്കുകയാണ് നാം ചെയ്യേണ്ടത്. നാം കാലത്തോടുള്ള കടപ്പാട് നിറവേറ്റുന്നുവോ എന്നതാണ് ചോദ്യം. വ്യക്തികളായ നമ്മുടെ മുന്നില്‍ കാലം മാത്രമേയുള്ളു.
അവസാന വര്ഗ്ഗസമത്തിലേക്ക് കാത്തിരിക്കരുത്
അതുകൊണ്ട് എത്രയും വേഗം ഈ വ്യവസ്ഥയെ അതിന് മുമ്പുണ്ടായിരുന്ന അടിമത്തം, ജന്മിത്തം പോലുള്ളവ ഉപേക്ഷിച്ചത് പോലെ നാം ഉപേക്ഷിക്കണം. അല്ലെങ്കില്‍ നാം വലിയ വില കൊടുക്കേണ്ടി വരും. കാരണം ഇപ്പോള്‍ വര്‍ഗ്ഗ സമരത്തില്‍ പ്രകൃതിയും കൂടി പങ്കാളികളായിട്ടുണ്ട്. കാലാവസ്ഥാ മാറ്റം ഒരു ഉദാഹരണമാണ്. പ്രകൃതി തന്നെ വിപ്ലവം നടത്തുമ്പോള്‍ ആസൂത്രിതമായ എല്ലാ സംവിധാനങ്ങളും തകര്‍ന്ന് എല്ലാവരേയും അത് പ്രാകൃത കമ്യൂണിസത്തിലേക്ക് നയിക്കും. പ്രളയം പോലെ, മഹാമാരി പോലെ അന്ന് ഒരു തെരഞ്ഞെടുപ്പും(choice) സാദ്ധ്യമായിരിക്കില്ല. ഇപ്പോള്‍ നമുക്ക് തെരഞ്ഞെടുപ്പിന് അവസരമുണ്ട്. നാം ബോധപൂര്‍വ്വം പ്രവര്‍ത്തിച്ച് മുതലാളിത്തത്തെക്കാള്‍ മെച്ചപ്പെട്ട ജനാധിപത്യപരവും സമാധാനപരവും ആയി വ്യവസ്ഥ സ്ഥാപിക്കുക. അറിയാം, പറയാനെളുപ്പമാണെന്ന്. പക്ഷേ ഈ ദുരന്ത കാലത്ത് അത്തരം ഒരു ചിന്തയെങ്കിലും വേണം നമുക്ക്.
സജീവവും ചടുലവും ആയ ഒരു പ്രക്രിയയെ വിശകലനം ചെയ്യുമ്പോള്‍ അതിന്റെ ഏതെങ്കിലും ഒരു കാലത്ത് നിശ്ഛല ചിത്രമെടുത്ത് അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വിശകലനം ചെയ്താല്‍ തെറ്റായ കാര്യങ്ങളെ കിട്ടൂ. അതും വര്‍ഗ്ഗസമരമാണ്. ബൂര്‍ഷ്വകള്‍ക്ക് വേണ്ടിയുള്ള വര്‍ഗ്ഗസമരം. നാം അത് അറിയുന്നില്ലെന്ന് മാത്രം. അതുകൊണ്ട് ജനപക്ഷത്ത് നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ അറിയാതെ ബൂര്‍ഷ്വകളുടെ ചട്ടുകമായി മാറരുത്.
അനുബന്ധം:
1. എം. കുഞ്ഞാമന്
2. വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.