വിലങ്ങന ചിന്ത

ഒരു കഥ പറഞ്ഞ് തുടങ്ങാം.

പണ്ടൊരു ഗ്രാമത്തില്‍ അതിസുന്ദരിയും അതിബുദ്ധിമതിയും ആയ ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. ആ നാട്ടിലെ നാടുവാഴിക്ക് അവളെ വിവാഹം കഴിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായി. അതിനായി അയാള്‍ പല വഴികളും നോക്കി. പക്ഷേ ഒന്നും വിജയിച്ചില്ല. അവസാനം ഒരു കുതന്ത്രം പ്രയോഗിക്കാമെന്ന് കരുതി പെണ്‍കുട്ടിയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. പൊതുകാര്യങ്ങള്‍ പലതും അയാള്‍ അവളോട് സംസാരിച്ചു. അവസാനം പൂന്തോട്ടത്തില്‍ നടക്കാന്‍ പോകാനായി അവളെ അയാള്‍ ക്ഷണിച്ചു. അവര്‍ രണ്ടുപേരും അതി സുന്ദരമായ പൂന്തോട്ടത്തിലൂടെ നടന്നു. പൂന്തോട്ടത്തിന്റെ നടപാതയില്‍ കറുത്തതും വെളുത്തതും ആയ ഉരുളന്‍ കല്ലുകള്‍ നിരത്തിയിരുന്നു.

ഒരു മരച്ചുവട്ടിലെത്തിയപ്പോള്‍ അയാള്‍ നിന്നു. കുനിഞ്ഞ് പാതയില്‍ നിന്ന് രണ്ട് കല്ലുകള്‍ എടുത്ത് കൈവെള്ളയിലൊളിപ്പിച്ചു. പിന്നീട് തിരിഞ്ഞ് പെണ്‍കുട്ടിയോട് പറഞ്ഞു, “എന്റെ ഒരു കൈയ്യില്‍ വെള്ളക്കല്ലും മറ്റേ കൈയ്യില്‍ കറുത്ത കല്ലുമുണ്ട്. ഇതില്‍ ഒരു കല്ല് നീ എടുക്കണം. അത് വെള്ളക്കല്ലാണെങ്കില്‍ നിനക്ക് പോകാം. കറുത്ത കല്ലാണെങ്കില്‍ നീ എന്നെ വിവാഹം കഴിക്കണം.”

പെണ്‍കുട്ടി ആകെ വിഷമിച്ചുപോയി. അയാള്‍ എടുത്തത് രണ്ടും കറുത്ത കല്ലാണെന്ന് അവള്‍ കണ്ടിരുന്നു. ഏത് കല്ലെടുത്താലും അത് കറുത്തതായിരിക്കും. അവള്‍ക്ക് അയാളെ വിവാഹം കഴിക്കേണ്ടിവരുകയും ചെയ്യും. ഈ ചിന്ത അവളുടെ മനസിലൂടെ കടന്ന് പോയി. പക്ഷേ അവള്‍ ബുദ്ധിമതിയായിരുന്നു. അവള്‍ ആ മല്‍സരത്തിന് സമ്മതം മൂളി. നാടുവാഴി മനസില്‍ ഊറിച്ചിച്ചു. അവള്‍ അവളുടെ കൈ അയാളുടെ ഒരു കൈയ്യുടെ അടുത്തേക്ക് കൊണ്ടുപോയി.

അയാള്‍ കൈതുറന്ന് കല്ല് കൈമാറിയ അതേ നിമിഷം അത് അവള്‍ താഴേക്കിട്ടു. പാതയിലുള്ള കറുപ്പും വെളുപ്പുമായ കല്ലുകള്‍ക്കിടയിലേക്ക് അത് തെറിച്ച് പോയി. ഏതെന്ന് തിരിച്ചറിയാനാവില്ല. “അയ്യോ, ക്ഷമിക്കണം എന്റെ കൈയ്യില്‍ കിട്ടിയ്യില്ല. ഇനിയിപ്പോള്‍ എന്തുചെയ്യും?” എന്നവള്‍ ചോദിച്ചു. ഉടന്‍ തന്നെ മറുപടിയായി അവള്‍ തന്നെ ഈ കാര്യം നിര്‍ദ്ദേശിച്ചു, “ഞാന്‍ എടുത്ത കല്ല് മാത്രമേ താഴേക്കിട്ടിട്ടുള്ളുല്ലോ. അപ്പോള്‍ അതിന്റെ ജോഡിയായ മറ്റേ കല്ല് ഉണ്ടല്ലോ. അതിന്റെ നിറം നോക്കിയാല്‍ ഞാന്‍ ഏത് കല്ലാണ് എടുത്തതെന്ന് മനസിലാകുമല്ലോ.”

അതായത് അയാളുടെ കൈയ്യില്‍ ഇപ്പോള്‍ ഇരിക്കുന്ന കല്ല് വെളുത്തതാണെങ്കില്‍ അവള്‍ താഴെയിട്ടത് കറുത്തതാണ്, അല്ല കറുത്തതാണെങ്കില്‍ മറിച്ചും. അയാള്‍ നിരാശയോടെ കൈ തുറന്നു. അതില്‍ ഒരു കറുത്ത കല്ല് ഇരിക്കുന്നു. പെണ്‍കുട്ടി സന്തോഷത്തോടെ പറഞ്ഞു, “ഓ, അപ്പോള്‍ ഞാന്‍ എടുത്തത് വെളുത്ത കല്ലാണ്. ഇനി എനിക്ക് പോകാമല്ലോ?” എന്ന് പറഞ്ഞ് അവള്‍ അയാള്‍ക്ക് നന്ദി പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയി.

ആശയ വിശകലനത്തിനുള്ള രണ്ട് വഴികള്‍

നമുക്ക് രണ്ട് തരത്തിലുള്ള ചിന്തയുണ്ട്. ഒന്ന് നേര്‍ ചിന്ത(Vertical thinking) രണ്ടാമത്തേതാണ് വിലങ്ങന ചിന്ത(Lateral thinking).

ഒരു പ്രസ്ഥാവന തന്നിരിക്കുന്നു. അതിനെ വിശകലനം ചെയ്യണം. അപ്പോള്‍ ആ പ്രസ്ഥാവനയില്‍ തന്നിരിക്കുന്ന വിവരങ്ങളെ സത്യം എന്ന് കരുതി അതേ പോലെ എടുത്ത് അതുണ്ടുക്കാക്കുന്ന ഗുണങ്ങളും ദോഷങ്ങളും കണ്ടെത്താം. ഇവിടെ നാം നേരിട്ട് ശ്രദ്ധയില്‍ വരുന്ന പ്രധാനകാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അതിനെയാണ് നേര്‍ ചിന്ത എന്ന് പറയുന്നത്. ആ പ്രസ്ഥാവനക്കകത്ത് നിന്നുകൊണ്ട് ആ വിശകലനം വീണ്ടും വീണ്ടും ആവര്‍ത്തിക്കാം. ഇത്തരത്തിലുള്ള ചിന്ത അറിവിന്റെ ആഴങ്ങളിലേക്ക് പോകും.

ഇനി രണ്ടാമത്തേതിലേക്ക് വരാം. ഇവിടെ പ്രസ്ഥാവനയെ പരിഗണിക്കുന്നില്ല. പ്രസ്ഥാവനക്ക് പുറത്ത് എന്താണ് എന്ന് കണ്ടെത്തുന്നു. അവയെല്ലാം വിശകലനം ചെയ്യുന്നു. അപ്പോള്‍ പ്രസ്ഥാവന അല്ലാത്തത് എന്തെല്ലാം എന്ന് മനസിലായാല്‍ അതല്ലാത്തത് പ്രസ്ഥാവനയായിരിക്കും. വാചകത്തില്‍ എഴുതിയതുകൊണ്ടാണ് ഇത്ര സങ്കീര്‍ണ്ണമായി തോന്നുന്നത്. കഥയിലെ പെണ്‍കുട്ടി പ്രശ്ന പരിഹാരത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഈ വിലങ്ങന ചിന്ത. thinking out of the box എന്ന് പറയാം. കുട്ടികള്‍ ഈ രീതിയുടെ ആശാന്‍മാരാണ്.

ഒരു കടലാസില്‍ ഒരു വൃത്തം വരച്ചു. അത് കേള്‍ക്കുമ്പോള്‍ തന്നെ നാം പരിഗണിക്കുന്നത് വരക്കകത്തുള്ള വൃത്തത്തിന്റെ ഭാഗമാണ്. എന്നാല്‍ വരക്ക് പുറത്തുള്ള ഭാഗത്തെ മാത്രം പരിഗണിച്ചാലും നമുക്ക് അകത്ത് ഒരു വൃത്തം കിട്ടുമല്ലോ. അങ്ങനെ നോക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് വിലങ്ങന ചിന്ത. നേര്‍ ചിന്ത അറിവിന്റെ ആഴത്തിലേക്ക് പോകുമ്പോള്‍ വിലങ്ങന ചിന്ത അറിവിന്റെ പരപ്പിലേക്ക് പോകും. ഒന്ന് നേരെ, മറ്റേത് കുറുകെ.

ചിന്തകള്‍ പ്രയോഗത്തില്‍

സത്യത്തില്‍ ഈ രണ്ട് രീതിയും നമുക്ക് ജന്മന തന്നെ കിട്ടുന്നതാണ്. പക്ഷേ നിരന്തരം കിട്ടുന്ന ഔപചാരിക പഠനം കാരണം മിക്ക മുതിര്‍ന്നവര്‍ക്കും വിലങ്ങന ചിന്താശേഷി നഷ്ടപ്പെടും. നാം biased ആയി എന്ന് പറയും. നമ്മുടെ വിദ്യാഭ്യാസ രീതിയുടെ കുഴപ്പമാണ്. ഒപ്പം പ്രായം കൂടും തോറും നാം നമ്മുടെ തലച്ചോറിനെ അനാവശ്യ കാര്യങ്ങള്‍ അവഗണിക്കണമെന്ന് പാകപ്പെടുത്തിയെടുക്കുകയും ചെയ്യും. ഏതിനാണ് പ്രാധാന്യം ഏതിന് പ്രാധാന്യം ഇല്ല എന്നൊക്കെ നമ്മുടെ ബോധപൂര്‍വ്വമായ ഇടപെടലില്ലാതെ അവനവന്റെ തിരിച്ചറിവ് കിട്ടുന്നതോടെ തലച്ചോറ് സ്വയം ചെയ്യുന്നതാണ്. അങ്ങനെ ഉപയോഗിക്കാത്ത സിനാപ്സുകള്‍ നശിച്ച് പോകും. (1)

നമ്മുടെ വിഷയമല്ലാത്ത ഒരു വിഷയത്തിലെ ഒരു പ്രഹേളികക്ക് ചിലപ്പോള്‍ നമുക്ക് വേഗം ഉത്തരം കണ്ടെത്താനായേക്കും. ആദ്യ പടിയില്‍ തന്നെ നാം അപ്പോള്‍ ശരിയായ ചോദ്യം ചോദിക്കും. അതുപോലെ പ്രോഗ്രാമിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാവുന്ന ഒരു കാര്യമാണ്, രാവിലെ മുതല്‍ രാത്രിവരെ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നം ചിലപ്പോള്‍ അടുത്ത ദിവസം രാവിരെ പ്രസരിപ്പോടെ വന്ന് നിമിഷങ്ങള്‍ക്ക് അകം പരിഹരിക്കുന്ന അവസ്ഥകള്‍. തലേ ദിവസം നാം പ്രശ്നത്തെ നിര്‍വ്വചിച്ച പ്രസ്ഥാവനക്കകത്ത് കുടുങ്ങിക്കിടക്കുന്നതുകൊണ്ടാണ് നാം ഉത്തരം കണ്ടെത്താന്‍ വിഷമിച്ചത്. അടുത്ത ദിവസം ചിലപ്പോള്‍ നമുക്ക് പുതിയൊരു ഉള്‍ക്കാഴ്ച ഉണ്ടായി. ആ ഉള്‍ക്കാള്‍ച്ച ഉണ്ടാക്കിത്തരുന്നത് വിലങ്ങന ചിന്തയാണ്.

വരച്ച് തുടങ്ങിയതിന് ശേഷം പേന പേപ്പറില്‍ നിന്ന് എടുക്കാതെ 9 കുത്തുകളെ യോജിപ്പിച്ച് വര വരക്കാമോ എന്ന ചോദ്യം ഓര്‍മ്മയില്ലേ? അതുപോലെ ഇന്റര്‍വ്യൂകളിലും മറ്റും ഈ ശേഷിയെ പരീക്ഷിക്കാനായി അഭിമുഖം നടത്തുന്നവര്‍ പ്രഹേളിക(puzzle) ഉള്‍പ്പെടുത്തുന്നത് സാധാരണമാണ്. പ്രശ്ന പരിഹാരത്തിന് വളരെ പ്രധാനപ്പെട്ട ഒരു ഉപകരണമാണിത്.

കച്ചവടക്കാരന്‍ ഒരു ഉല്‍പ്പന്നം വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ നമ്മോട് നേര്‍ ചിന്തയാണ് പ്രയോഗിക്കുന്നത്. ഉല്‍പന്നം നോക്കൂ, അതിന് എത്ര ഭംഗിയാണ്, സിനിമ നടന്‍ ഉപയോഗിക്കുന്നതാണ് എന്ന് പല കാര്യങ്ങളും അയാള്‍ പറയും. നാം അയാള്‍ പറയുന്ന പ്രസ്ഥാവനക്കകത്ത് മാത്രം നില്‍ക്കുകയാണെങ്കില്‍ തീര്‍ച്ചയായും നാം കബളിപ്പിക്കപ്പെടും. അതിനാല്‍ കുറച്ച് വിലങ്ങന ചിന്ത നാം എപ്പോഴും പ്രയോഗിക്കാന്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ കച്ചവടക്കാരന്‍ ഉല്‍പന്നം നിര്‍മ്മിക്കുമ്പോള്‍ അവന്‍ വിലങ്ങന ചിന്ത നന്നായി ഉപയോഗിക്കുന്നുണ്ട്.

നേര്‍ ചിന്തയില്‍ പ്രസ്ഥാവനയുടെ പുറത്തുള്ള കാര്യങ്ങള്‍ നാം കാണുന്നുണ്ടെങ്കിലും അതെന്താണെന്ന് നാം ശ്രദ്ധിക്കുകയില്ല. മാജിക്കുകാരുടെ സ്വര്‍ഗ്ഗമാണ് ആ സ്ഥലം. അവിടെയാണ് യഥാര്‍ത്ഥ കാര്യം സംഭവിക്കുന്നത്. പിന്നീട് അവര്‍ അത് നമ്മുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുമ്പോള്‍ നാം അത്ഭുതപ്പെടും. അതുപോലെയാണ് നമ്മുട് ദൃശ്യ മായക്കാഴ്ചയും(optical illusion). ഒരേ ചിത്രത്തിനകത്ത് രണ്ട് ചിത്രം ഒളിഞ്ഞിരിക്കുന്നത് പോലുള്ള മായ ചിത്രങ്ങള്‍ താങ്കള്‍ കണ്ടിട്ടുണ്ടാവും.

വിലങ്ങന ചിന്തയുടെ രാഷ്ട്രീയം

എന്നാല്‍ ഇത് കേവലം വിനോദം അല്ല. നമ്മുടെ സമൂഹത്തില്‍ നടക്കുന്ന പല കാര്യങ്ങളും ഇതുപോലെ നമ്മുടെ ശ്രദ്ധയെ കബളിപ്പിച്ച് നടത്തുന്നതാണ്. നിത്യജീവിതത്തിലെ അത്തരം മാന്ത്രിക ലോകത്തൂടെയാണ് നാം ദിവസവും കടന്ന് പോകുന്നത്. നാം ശ്രദ്ധിക്കുന്നില്ല എന്നേയുള്ളു.

ഉദാഹരണത്തിന്, റേഷന്‍ ഇല്ലാതാക്കണം. പലകാരണങ്ങളാലും വലുതപക്ഷ അധികാരികള്‍ക്ക് റേഷന്‍ എന്ന ആശയം ഇല്ലാതാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് ഒറ്റയടിക്ക് പറഞ്ഞാലോ? തീര്‍ച്ചയായും തിരിച്ചടിയുണ്ടാകും. അതിന് പകരം അവര്‍ വിലങ്ങനെയുള്ള ആശയം അവതരിപ്പിച്ചു. പാവപ്പെട്ടവര്‍ക്ക് കിട്ടേണ്ട റേഷന്‍ അഴിമതി നടത്തി ചിലര്‍ തട്ടിക്കൊണ്ട് പോകുന്നു. അത് തടയണം. എല്ലാവരും സമ്മതിച്ചു. ആധാര്‍ ഒറ്റമൂലിയാണെന്ന വാദം മുമ്പ് തന്നെ പ്രചരിപ്പിച്ചിരുന്നല്ലോ. അപ്പോള്‍ റേഷന്‍ തട്ടിപ്പ് ഇല്ലാതാക്കാനായി ആധാര്‍ ബന്ധിപ്പിക്കുക. ഫലം എന്തായി? ധാരാളം പേര്‍ക്ക് അത് ബന്ധിപ്പിക്കാനായില്ല. അവരെല്ലാം റേഷന് പുറത്തായി. അകത്തായവര്‍ക്കോ? റേഷന്‍ ഒരു യാദൃശ്ഛിക ആനുകൂല്യമായി മാറി. യന്ത്രത്തില്‍ പച്ച തെളിഞ്ഞാല്‍ മാത്രം റേഷന്‍ കിട്ടും എന്ന സ്ഥിതിയായി. നിര്‍ബന്ധമായും കൊടുക്കേണ്ട ഒന്ന് യാദൃശ്ഛികമായി. അവസാനം അത് വളരെ പരിമിതമായ ഒന്നായി മാറും. ആരും അറിയുക പോലുമില്ല. (2)

അമേരിക്കയിലെ ഒരു സംഭവം നോക്കൂ. ഒറ്റപ്പെട്ട(single) സ്ത്രീകള്‍ക്കും കറുത്തവര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ കുറവേ ലഭിക്കുന്നുള്ളു എന്ന് 1990കളില്‍ തിരിച്ചറിവുണ്ടാകുന്നു. വന്‍തോതില്‍ ബാങ്കിങ് സേവനങ്ങള്‍ ഇവരിലേക്ക് വ്യാപിപ്പിക്കുന്നു. വീടിന് വില വര്‍ദ്ധിക്കും എന്ന് അവരെ വിശ്വസിപ്പിച്ച് കണ്ണടച്ച് ധാരാളം വായ്പകള്‍ ഇവര്‍ക്ക് കൊടുക്കുന്നു. ഇരപിടിയന്‍ വായ്പകള്‍ (predatory lending)എന്നാണ് അവയെ പിന്നീട് വിളിച്ചത്. 2008 ആയപ്പോള്‍… ഭും. ബാങ്കിങ്, റിയലെസ്റ്റേറ്റ് മേഖല തകര്‍ന്നു. വായ്പകളെടുത്തവരുടെ വീടുകള്‍ ജപ്തിചെയ്യപ്പെട്ടു. കോടിക്കണക്കിന് ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. പക്ഷെ ഇവരാരും ബാങ്കുകളേയോ ഈ വ്യവസ്ഥയേയോ കുറ്റപ്പെടുത്തിയില്ല. ഒരു ചോദ്യവും ചോദിക്കാതെ തങ്ങളുടെ വിധിയെ പഴിച്ചുകൊണ്ട് കുറ്റം സ്വയം ഏറ്റെടുക്കുകയാണ് അവര്‍ ചെയ്തത്. (3)

ഇത്തരം കാര്യങ്ങളെ നമുക്ക് വിശകലനം ചെയ്യണമെങ്കില്‍ നേര്‍ ചിന്ത ഉപയോഗിച്ചാല്‍ കഴിയില്ല. കാരണം നേര്‍ചിന്ത പ്രവര്‍ത്തിക്കുന്നത് തന്നിരിക്കുന്ന പ്രസ്ഥാവനക്ക് അകത്ത് നിന്നാണ് നേര്‍ ചിന്ത വിശകലനം നടത്തുന്നത്. പ്രസ്ഥാവന സത്യമാണെന്ന വിശ്വാസത്തിലാണ് അതെല്ലാം ചെയ്യുന്നത്. അവിടെ ആകെ ചെയ്യാനാകുന്നത് വിശകലം നടത്തിയ ശേഷം ഫലം പ്രസ്ഥാവനക്ക് എതിരായി വന്നു. അതുകൊണ്ട് പ്രസ്ഥാവന തെറ്റാണ് എന്ന് തെളിയിക്കാനേ കഴിയൂ. പക്ഷേ സാമൂഹ്യ രംഗങ്ങളിലെ പ്രശ്നങ്ങളാണ് ഇങ്ങനെ പരിശോധിക്കുന്നതെങ്കില്‍ പലപ്പോഴും വലിയ നാശം വിതച്ചതിന് ശേഷമേ അത് തെറ്റായ തീരുമായിരുന്നു എന്ന് തിരിച്ചറിയു. വൈകി അത് തിരിച്ചറിഞ്ഞിട്ട് പിന്നെ ഒരു കാര്യവും ഇല്ലല്ലോ. വായ്പക്ക് പലിശ 1% മേയുള്ളു എന്ന് പരസ്യത്തില്‍ പറഞ്ഞാല്‍ ഭാവിയില്‍ അത് വര്‍ദ്ധിക്കുകയേയുള്ളു എന്ന് വൈകി അറിഞ്ഞിട്ട് എന്ത് കാര്യം.

അങ്ങനെയുള്ള അവസരത്തിലാണ് വിലങ്ങന ചിന്തയുടെ പ്രസക്തി. സത്യത്തില്‍ റേഷന്‍ ഉദാഹരണത്തില്‍ പറയുന്നത് പോലെയുള്ള കാര്യങ്ങള്‍ അവര്‍ കണ്ടെത്തുന്നത് അവര്‍ വിലങ്ങന ചിന്ത പ്രയോഗിച്ചതിനാലാണ്. പരസ്യക്കാര്‍, മാര്‍ക്കറ്റിങ്ങുകാര്‍, മാധ്യമങ്ങള്‍ തുടങ്ങിയവര്‍ വിലങ്ങന ചിന്ത വളരേറെ ഉപയോഗിക്കുന്നവരാണ്. വലതുപക്ഷ, ഫാസിസ്റ്റ് രാഷ്ട്രീയക്കാര്‍ ഇതിന്റെ അഗ്രഗണ്യരാണ്. അത് നിസാരമല്ല. പതിനായിരം വര്‍ഷത്തെ അനുഭവ അറിവാണ് അവര്‍ക്കിതില്‍. മുതലാളിമാരുടെ ലാഭത്തിനായി അങ്ങെയറ്റെ ജനദ്രോഹ നടപടികള്‍ നടപ്പാക്കി ജനത്തെ കുത്തുപാളയെടുപ്പിച്ചാലും തല്ലിച്ചതച്ചാലും കൊന്ന് കൊലവിളിച്ചാലും ജനത്തെക്കാണ്ട് ആ നേതാവ് കേമനാണെന്ന് പറയിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നത് അതുകൊണ്ടാണ്. (4)

അതുകൊണ്ട് രാഷ്ട്രീയ വിശകലനത്തില്‍ വിലങ്ങന ചിന്ത വളരെ പ്രധാനപ്പെട്ടതാണ്. അത് പരിശീലിച്ചെടുക്കുക എല്ലാ പൌരന്‍മാരുടേയും ചുമതലയാണ്. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത് ആവശ്യമാണ്.

അനുബന്ധം:

1. താങ്കള്‍ക്കെത്ര ബോധമുണ്ട്?
2. ആധാര്‍ എന്താണെന്ന് താങ്കള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
3. സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍
4. ഫാസിസം എന്നാൽ എന്ത്


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “വിലങ്ങന ചിന്ത

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )