യുക്തിവാദിക്ക് പ്രത്യയശാസ്ത്രം വേണ്ട

യുക്തിവാദി മുഖംമൂടിയിട്ട (കമ്പോള)സ്വതന്ത്രചിന്താവാദിയായ ശ്രീ മുഹമ്മദ് നസീർ നവോദ്ധാത്ത കേരളം കണുന്നതിനെക്കുറിച്ചൊരു പ്രഭാഷണം നടത്തി. അതിനുള്ള ചില പ്രതികരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ശാസ്ത്രവും സമൂഹവും

ശാസ്ത്രത്തെ സമൂഹവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. കാരണം പ്രകൃതിയേയും അതിന്റെ നിയമങ്ങളേയും നമ്മളല്ല നിര്‍മ്മിച്ചത്. എന്നാല്‍ സമൂഹവും അതിന്റെ നിയമങ്ങളും നമ്മളാണ് നിര്‍മ്മിച്ചത് അത് എങ്ങനെ വേണമെങ്കിലും നമുക്ക് മാറ്റി മറിക്കാം. മനുഷ്യ സമൂഹം ക്രമരാഹിത്യത്തിലേക്ക് സ്വാഭാവികമായി പോയതല്ല. ബോധപൂര്‍വ്വം ഇടപെട്ടാണ് അത് അങ്ങനായാക്കുന്നത്. (1)

ബൂര്‍ഷ്വ എന്നാലെന്ത്

ബൂര്‍ഷ്വ എന്ന വാക്കിന് അര്‍ത്ഥം വിശദീകരിക്കുന്നതിലും അദ്ദേഹം തട്ടിപ്പ് നടത്തുന്നുണ്ട്. ആ വാക്ക് വന്നത് മദ്ധ്യ കാലത്താണ്. മൂലധനം സംഭരിച്ച് സാമ്പത്തിക വ്യാവസായിക പ്രവര്‍ത്തനം ചെയ്ത അന്നത്തെ മദ്ധ്യ വര്‍ഗ്ഗക്കാരായിരുന്നു അവര്‍. അന്നത്തെ സമ്പന്ന വര്‍ഗ്ഗം ആയിരുന്ന പ്രഭുക്കന്‍മാരും ജന്മിമാരും ഭൂഉടമകളും എല്ലാം അവരെ വലിയ രീതിയില്‍ ചൂഷണം ചെയ്തിരുന്നു. ഈ സമ്പന്നര്‍ക്കെതിരെ ആ മദ്ധ്യവര്‍ഗ്ഗം പ്രയത്നിച്ചാണ് മുതലാളിത്തം സ്ഥാപിതമാക്കിയത്. പിന്നീട് ആ മദ്ധ്യ വര്‍ഗ്ഗം ഇന്നത്തെ സമ്പന്നരായി. അതുകൊണ്ട് അതിന്റെ അര്‍ത്ഥം ഇന്ന് മാറി. മദ്ധ്യവര്‍ഗ്ഗക്കാരല്ല ഇന്ന് ബൂര്‍ഷ്വകള്‍. മദ്ധ്യവര്‍ഗ്ഗം മുഴുവനും അദ്ധ്വാനം വിറ്റ് ജീവിക്കുന്നവരാണ്. മദ്ധ്യവര്‍ഗ്ഗത്തെ ആ പേരില്‍ വിളിക്കാന്‍ പറ്റില്ല. അവരില്‍ ധാരാളം പേരെ പെറ്റിബൂര്‍ഷ്വ എന്ന പേരില്‍ വേണമെങ്കില്‍ വിളിക്കാം.

നവോദ്ധാനം

പ്രസംഗത്തില്‍ അദ്ദേഹം പ്രധാനമായി ആരോപിക്കുന്നത് കേരളത്തില്‍ നവോദ്ധാനത്തെ മാര്‍ക്സിസ്റ്റുകള്‍ കൈയ്യേറി എന്നാണ്. അവരുടെ പ്രത്യയശാസ്ത്ര സങ്കീര്‍ണ്ണതകളില്‍ അതിനെ തളച്ചിട്ടു. നവോദ്ധാനം സത്യത്തില്‍ ശിവപ്രതിഷ്ഠയുടെ മുമ്പില്‍ നാരായണ ഗുരു എഴുതിവെച്ച ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന … അത് എത്രക്ക് ലളിതമായ കാര്യമായിരുന്നു. പ്രത്യയശാസ്ത്രമേ മോശം കാര്യമാണെന്ന് അദ്ദേഹം പറയുന്നു. അതിനെ സാധൂകരിക്കാനായി ഓക്സ്ഫോര്‍ഡ് നിഘണ്ടുവിലെ അതിന്റെ അര്‍ത്ഥവും കൊടുക്കുന്നു. system of ideas and ideals based economic or political theory or policy.

പ്രത്യയശാസ്ത്രം

അതില്‍ നിന്ന് തന്നെ തുടങ്ങാം. ഒരു വാക്കിനും എല്ലാക്കാലത്തേക്കുമായുള്ള സ്ഥിരമായ അര്‍ത്ഥം ഉണ്ടാകണമെന്ന് ഉറപ്പില്ല, പ്രത്യേകിച്ച് അമൂര്‍ത്തമായ കാര്യങ്ങളെ സംബന്ധിച്ചടത്തോളം. Merriam-Webster നിഘണ്ടു നോക്കിയപ്പോള്‍ അതില്‍ Ideologyക്ക് കൊടുത്ത ആദ്യത്തെ അര്‍ത്ഥം ഇതാണ്, 1a : a manner or the content of thinking characteristic of an individual, group, or culture. രണ്ടാമതായി സാമൂഹ്യരാഷ്ട്രീയ പദ്ധതിയേയും അങ്ങനെ വിളിക്കുന്നതായും കൊടുത്തിട്ടുണ്ട്. രണ്ടാത്തെ അര്‍ത്ഥം ആദ്യത്തേതില്‍ ഉള്‍ക്കൊള്ളുന്നതാണ്.

അതായത് ഒരു വ്യക്തിയുടേയോ, സംഘത്തിന്റേയോ, സംസ്കാരത്തിന്റേയും ചിന്താ സ്വഭാവത്തെയാണ് പ്രത്യയശാസ്ത്രം എന്ന് പറയുന്നത്. ഒരാളുടെ സ്വഭാവത്തെ അയാളുടെ പ്രത്യയശാസ്ത്രമെന്ന് പറയാം. അത് എല്ലാ വ്യക്തികളിലും ഉണ്ട്. എല്ലാവരും അത് ഉപയോഗിക്കുന്നുമുണ്ട്. ഉദാഹരണത്തിന് ഒരു വ്യക്തി എങ്ങനെയുള്ള ആളാണ് എന്ന് നാം സാധാരണ അന്വേഷിക്കുന്ന കാര്യമാണ്. അപ്പോള്‍ നാം ചെയ്യുന്നത് ആ വ്യക്തിയുടെ പ്രത്യയശാസ്ത്രം എന്താണ് എന്ന് അന്വേഷിക്കലാണ്. മാന്യനാണോ, ദുഷ്ടനാണോ, പാവമാണോ, മൃഗസ്നേഹിയാണോ അങ്ങനെ അനേകം കാര്യങ്ങള്‍. ഇതെല്ലാം പ്രത്യശാസ്ത്രങ്ങളാണ്.

ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ് പ്രത്യശാസ്ത്രം ഉണ്ടായിവരുന്നത്. പക്ഷേ ആ സ്വഭാവം മുമ്പേയുണ്ടായിരുന്നു. ചോദ്യം ചോദിക്കുമ്പോള്‍ അത് ഒരു രൂപമമായി ഒരു പേരായി നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. ഉദാഹരണത്തിന് സൌമ്യന്‍, ക്ഷേമം തുടങ്ങിയവ. ഏത് കാര്യവും നമുക്ക് മനസിലാക്കണമെങ്കില്‍ അതിനെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചേ മതിയാകൂ. പിന്നെ ഉത്തരങ്ങള്‍ കണ്ടെത്തണം. സത്യത്തില്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളോടും നാം ചോദ്യങ്ങള്‍ ചോദിക്കണം. അതിന്റെ ഉത്തരങ്ങളില്‍ നിന്ന് ഒരു രൂപം ഉണ്ടായി വരും അതിനെ പ്രത്യയശാസ്ത്രം എന്ന് വിളിക്കാം.

പ്രത്യയശാസ്ത്രം വേണ്ട എന്ന് പറയുമ്പോള്‍ നാം ശരിക്കും ചോദ്യം വേണ്ട എന്നാണ് പറയുന്നത്

ശ്രീനാരായണ ഗുരു ഒരു ദിവസം രാവിലെ എഴുനേറ്റ് ഒരു പ്രതിഷ്ഠ നടത്തിക്കളയാം എന്ന് പറഞ്ഞ് ചെയ്തതാണോ? pr agencyയോട് പറ‍ഞ്ഞ് ഒരു വാചകവും ഒപ്പിച്ചു എന്നാണോ നാം മനസിലാക്കേണ്ടത്. അങ്ങനെയെങ്കില്‍ കല്ലിട്ട് അതിന്റെ ചുവടില്‍ ഒരു മുദ്രാവാക്യം എഴുതുന്നതിനെ നവോദ്ധാനം എന്ന് പറയേണ്ടിവരും.

ശ്രീനാരായണ ഗുരു അന്ന് ചെയ്ത ആ കാര്യത്തിന്റെ പിറകില്‍ ചിലപ്പോള്‍ അദ്ദേഹത്തിന്റെ തന്നെ ദശാബ്ദങ്ങളുടെ ചിന്തയുണ്ടായേക്കാം. പ്രത്യേകിച്ച് പുതിയ ഒരു കാര്യം ചെയ്യുമ്പോള്‍. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള ശ്രീനാരായണ ഗുരുവിന്റെ പ്രത്യയശാസ്ത്രത്തില്‍ നിന്നാണ് ശിവപ്രതിഷ്ഠയുണ്ടാകുന്നത്.

അദ്ദേഹത്തെ പോലുള്ള മഹാന്‍മാര് മാത്രമല്ല മനുഷ്യരെല്ലാരും അങ്ങനെയാണ്. ഒന്നും വെറുതെ സ്വിച്ചിട്ടപോലെയുണ്ടാവുന്നതല്ല. അങ്ങനെയല്ല എന്ന് നമ്മോട് പറയുന്നത് പെറ്റിബൂര്‍ഷ്വകളുടെ വര്‍ഗ്ഗസമരമാണ്.(2) അത് hierarchy യെ സൃഷ്ടിക്കുകയാണ്. ഉയര്‍ന്ന hierarchy പറയുന്നത് അനുസരിക്കേണ്ട വെറും പ്രജകളായാണ് നാം കഴിഞ്ഞ പതിനായിരം വര്‍ഷം കഴിയുന്നത്. അതിനെ സാധൂകരിക്കുന്നത് പോലെ ഈ യുക്തന്‍മാര്‍ കാത്തിരിക്കുകയാണ് പുതിയ യജമാനന്റെ കല്ലിടീലിന് വേണ്ടി.

സൂര്യനും ചന്ദ്രനും ഒന്നും മനുഷ്യ സമൂഹത്തെ ഒരിക്കലും നേരിട്ട് ബാധിക്കുന്ന കാര്യങ്ങളല്ല. സൂര്യന്‍ ഭൂമിക്ക് ചുറ്റും കറങ്ങുകയാണെന്ന് വിശ്വസിച്ചാല്‍ മനുഷ്യ സമൂഹത്തിന് ഒരു കുഴപ്പവും ഇല്ല. എന്നാല്‍ 15ാം നൂറ്റാണ്ടിലെ ചിലര്‍ അതിനെക്കുറിച്ച് പോലും ചോദ്യങ്ങള്‍ ചോദിക്കുകയും പ്രത്യയശാസ്ത്രം നിര്‍മ്മിക്കുകയും ചെയ്തു. അതാണ് ശാസ്ത്രബോധം. അത് മോശമായ കാര്യമാണെന്നും അതിനി വേണ്ട എന്നുമാണോ യുക്തന്‍മാര്‍ പറയുന്നത്? കോപ്പര്‍നിക്കസിനേയും ഗലീലിയോയേയും ഒക്കെ തള്ളിപ്പറയുകയാണോ ഇവര്‍? സത്യത്തില്‍ യുക്തിവാദം ഇവര്‍ക്കൊരു മറയാണ്. ഉള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും നവലിബറലിസമാണ്. ഫാസിസത്തിന്റെ അടിത്തറ.

21ാം നൂറ്റാണ്ടിലെ നാം പ്രജകളല്ല. നാം ചോദ്യങ്ങള്‍ ചോദിക്കും. ആ ചോദ്യങ്ങളില്‍ നിന്ന് പ്രത്യയശാസ്ത്രങ്ങളുയര്‍ന്നുവരുന്നുണ്ടെങ്കില്‍ അതിനെ സ്വീകരിക്കും. അതിനേയും ചോദ്യം ചെയ്യുകയും ചെയ്യും. അതാണ് ശരിയായ കാര്യം.

മില്ലേനിയം ഡവലപ്പുമെന്റ് ഗോള്‍

കേള്‍ക്കുമ്പോള്‍ പൊളിച്ചു എന്ന തോന്നുന്ന മുദ്രാവാക്യം. യഥാര്‍ത്ഥത്തില്‍ ഇത്തരം അനേകം മുദ്രാവാക്യം നമുക്ക് ധാരാളം കാണം. എല്ലാവര്‍ക്കും തൊഴില്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം, പൂര്‍ണ്ണമായും ശുദ്ധമായ ഊര്‍ജ്ജം(3) തുടങ്ങി അനേകം. എന്നാല്‍ ആ ലക്ഷ്യത്തില്‍ പറയുന്ന കാലം കഴിയുമ്പോള്‍ അത് വാര്‍ത്തയില്‍ നിന്ന് മറയും ഒപ്പം ആളുകളുടെ മനസില്‍ നിന്നും.

പതിനഞ്ച് വര്‍ഷമായി ചെറുതാക്കിക്കൊണ്ടുവരുന്ന പട്ടിണി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരികയാണ്. കോവിഡ്-19 ഉം കൂടിയായപ്പോള്‍ അത് ഇനിയും വര്‍ദ്ധിക്കും. അതത് സമയത്തെ ചുറ്റുപാടുകള്‍ക്ക് അടിസ്ഥാനമായി ഇത് മാറുന്നവെങ്കിലും അങ്ങനെ വിട്ടുകൊടുക്കത്തക്ക പ്രാധാന്യമേ ഈ പ്രശ്നത്തിന് ഇവര്‍ കല്‍പ്പിക്കുന്നുള്ളോ?

വേറൊരു കണക്കുകൂട്ടല്‍ നടത്താം. ഒരാള്‍ക്ക് ഒരു വര്‍ഷം 250 കിലോ അരി വേണമെന്ന് കരുതുക. ലോകത്ത് ഇന്ന് തീവൃപട്ടിണിയുള്ളത് നൂറുകോടി ആളുകള്‍ക്കാണെന്നും കരുതുക. ഒരു കിലോ അരിക്ക് 40 രൂപയോന്നും (അര ഡോളര്‍) എന്നും കരുതുക. എങ്കില്‍ ഒരു വര്‍ഷം ഇവര്‍ക്ക് അരി കൊടുക്കാന്‍ എത്ര ഡോളര്‍ വേണം. 250×0.5×100കോടി ഡോളര്‍. അതായത് 1250 കോടി ഡോളര്‍.

ആഹാരത്തിന്റെ തുല്യവും നീതിയുക്തവുമായ വിതരണം ഇല്ലാത്തതിനാലാണ് പട്ടിണിയുണ്ടാവുന്നത്. ഉത്പാദിപ്പിച്ച ആഹാരം ആവശ്യത്തിന് അനുസരിച്ച് വിതരണം ചെയ്യുക ആണ് പരിഹാരം. ധാര്‍മ്മികതയുണ്ടെങ്കില്‍ ഒരു സെക്കന്റില്‍ തീര്‍ക്കാവുന്ന കാര്യമേയുള്ളു അത്.

ഇനി വേറൊരു കണക്ക് നോക്കൂ. ജൂലൈ 20, 2020 ന് ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന് 1300 കോടി ഡോളര്‍ ലാഭം കിട്ടി. ഒറ്റ ദിവസം മാളോരെ. ഒരൊറ്റ ദിവസത്തെ ലാഭമാണ്. ഇയാള്‍ക്ക് 100% നികുതി ചാര്‍ത്തി ആ പണം ലോകത്തെ പട്ടിണിക്കാര്‍ക്ക് കൊടുക്കാന്‍, വേണ്ട അമേരിക്കയിലെ പട്ടിണിക്കാര്‍ക്ക് കൊടുക്കണമെന്ന് തീരുമാനമെടുക്കാന്‍ എത്ര സെക്കന്റേ വേണം? കോവിഡ്-19ന്റെ കഴിഞ്ഞ ആറ് മാസം കൊണ്ട് അയാള്‍ക്ക് കിട്ടിയ ലാഭം 7900 കോടി ഡോളര്‍ ആണ്. ലോകത്തെ ബാക്കി കോടീശ്വരന്‍മാരുടെ കണക്ക് കൂടി എടുത്താല്‍ എത്ര വലിയ തുകയായിരിക്കും അത്.

ഇനി പറയൂ, കഴിഞ്ഞ 300 കൊല്ലം ജ്ഞാനോദയവും, നവോദ്ധാനവും ആധുനികതയും കൊണ്ട് ഇറ്റിറ്റ് വീഴുന്നത് നക്കിക്കുടിക്കേണ്ട തെണ്ടികളാണ് ലോകത്തെ ജനം എന്ന ബോധമല്ലേ നിങ്ങളെ നയിക്കുന്നത്? തല്‍സ്ഥിതി തുടരുക എന്ന ലക്ഷ്യമല്ലേ നിങ്ങള്‍ക്കുള്ളത്? യുക്തിവാദത്തിന്റേയും മറ്റും മുഖം മൂടി വെലിച്ചെറിഞ്ഞ് സത്യസന്ധമായി ലോകത്തെ നേരിടൂ സുഹൃത്തേ.

ഒളിയമ്പുകള്‍ തിരികെ കൊള്ളുന്നതാണ്

തീര്‍ച്ചയായും മാര്‍ക്സിസത്തെ വിമര്‍ശിക്കേണ്ടതാണ്. പക്ഷേ അത് നേരെ ചെയ്യണം. എന്നാല്‍ ആ ലക്ഷ്യത്തിന് വേണ്ടി മറ്റ് പലതിനേയും കൂട്ടുപിടിച്ച് ചെയ്താല്‍ പൊട്ടത്തരമേ സംഭവിക്കൂ. ശ്രീ മുഹമ്മദ് നസീറിന്റെ പ്രസംഗത്തില്‍ സംഭവിച്ചിരിക്കുന്നതും അതാണ്.

1. സയന്‍സ് എന്തോ കേമമായ ഒന്നാണോ
2. വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍
3. ഊര്‍ജ്ജ സ്വാശ്രയത്വം നല്‍കുന്ന ഒരു ഭാവി


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ