എന്താണ് സാമൂഹ്യശാസ്ത്രം
ശാസ്ത്രത്തിന്റെ രീതിയെക്കുറിച്ച് മുമ്പ് എഴുതിയിരുന്നല്ലോ. ആ രീതി വ്യവസ്ഥാപിതമാകുന്നതിന് മുമ്പ് മനുഷ്യന്‍ തുറന്ന് സംശയിക്കുന്ന രീതിയില്ലായിരുന്നു. എല്ലാറ്റിനും അതിന്റേതായ സ്ഥാനങ്ങള്‍ ദൈവം നിര്‍വ്വചിച്ചിട്ടുണ്ട്. മുകളിലേക്കെറിഞ്ഞ പന്ത് താഴേക്ക് വീഴുന്നത് അത് അതിന്റേതായ സ്ഥാനത്തേക്ക് വരാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് എന്ന് കരുതി. എന്നാല്‍ പല ശാസ്ത്ര സത്യങ്ങളും കണ്ടെത്തിയതോടെ ആ വിശ്വാസത്തിന് തകര്‍ച്ചയുണ്ടായി. ശാസ്ത്ര വിപ്ലവത്തിന്റെ തുടക്കവുമായി.
പ്രകൃതിശാസ്ത്രത്തിലുണ്ടായ സംശയത്തിന്റേയും ചോദ്യം ചെയ്യലിന്റേയും ഈ പ്രവണത മറ്റ് മേഖലകളിലേക്കും 18 ആം നൂറ്റാണ്ടുകളോടെ പടര്‍ന്നു. കുടുംബം എന്തുകൊണ്ടുണ്ടായി എന്ന വരെ ചോദിക്കുന്ന വിപ്ലവകരമായ ചോദ്യങ്ങളുണ്ടായി. ഉത്തരത്തിനേക്കാള്‍ ആ ചോദ്യത്തിന് തന്നെ വലിയ വിലയുണ്ട്. കാരണം നാം ഇന്നും സമൂഹത്തിലെ മുഴുവന്‍ ആശയങ്ങളേയും പ്രകൃത സമൂഹങ്ങളിലെ പ്രകൃതിയെക്കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ പിന്‍തുടര്‍ന്ന ജനതയേ പോലെ ചോദ്യങ്ങളൊന്നും ചോദിക്കാതെ സമ്മതിക്കുന്നവരാണ്.
ശാസ്ത്രത്തിന്റെ രീതികള്‍ സമൂഹത്തെ മനസിലാക്കാന്‍ പ്രയോഗിക്കുന്നതിനെയാണ് സാമൂഹ്യശാസ്ത്രം എന്ന് വിളിക്കുന്നത്. പ്രകൃതിശാസ്ത്രത്തിലേത് പോലെ പരീക്ഷണം നടത്താന്‍ കഴിയില്ല എന്ന ഒരു വ്യത്യാസം മാത്രമേ ഇവിടെയുള്ളു. കാരണം ഇവിടെ വിഷയം വ്യക്തിനിഷ്ടമാണ്. സമൂഹത്തിന് അകത്ത് നിന്നാണ് നാം അതിനെ മനസിലാക്കാന്‍ ശ്രമിക്കുന്നത്. പ്രകൃതിശാസ്ത്രത്തില്‍ നമുക്ക് വിഷയത്തെ അതിന്റെ എല്ലാ ബന്ധങ്ങളും അടര്‍ത്തി മാറ്റി ഒരു ടെസ്റ്റ് ട്യൂബിലിട്ട് പരീക്ഷണങ്ങള്‍ നടത്താം. ഇവിടെ അത് നടക്കില്ല. എന്ന് കരുതി മറ്റ് ചോദ്യങ്ങളോ സംശയങ്ങളോ അപ്രസക്തമാകുന്നില്ല. പരിമിതി മനസിലാക്കി പ്രവര്‍ത്തിക്കണം എന്ന് മാത്രം.
പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്തവും തമ്മിലുള്ള വ്യത്യാസം എന്താണ്
പേരില്‍ തന്നെ അത് വ്യക്തമാണ്.
- ഒന്ന് പ്രകൃതിയിലെ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നു. രണ്ടാമത്തേത് സമൂഹത്തിലെ കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നു.
- പ്രകൃതിയും പ്രകൃതിയുടെ നിയമങ്ങളും മുമ്പേയുണ്ടായിരുന്നതാണ്. എന്നാല്‍ സമൂഹവും അതിന്റെ നിയമങ്ങളും സൃഷ്ടിച്ചത് മനുഷ്യനാണ്.
- പ്രകൃതി നമുക്ക് വസ്തുനിഷ്ടമാണ്. എന്നാല്‍ സമൂഹം നമുക്ക് വ്യക്തിനിഷ്ടമാണ്.
- പ്രകൃതി നിയമങ്ങള്‍ നമുക്ക് മാറ്റാനാവില്ല, അറിയാനേ കഴിയൂ. സമൂഹത്തിന്റെ നിയമങ്ങള്‍ നമുക്ക് അറിയുകയും മാറ്റുകയും നിര്‍മ്മിക്കുകയും ചെയ്യാം.
ചില ഉദാഹരണങ്ങള്‍ കൊണ്ട് ഈ വ്യത്യാസം എന്തു ഫലമുണ്ടാക്കുന്നു എന്ന് വിശദമാക്കാം.
നിങ്ങള്‍ പന്ത് എന്തു കൊണ്ട് താഴേക്ക് വീഴുന്നു എന്ന് പഠിക്കുകയാണെന്ന് കരുതുക. ഗുരുത്വാകര്‍ഷണ ബലം എന്നൊന്നുണ്ടെന്നും അതിന്റെ ശക്തിയെത്രയെന്നും ഒക്കെയുള്ള ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ ഉത്തരം കണ്ടെത്തി എന്നും കരുതുക. അപ്പോള്‍, “ഓ നീ എന്നെ കണ്ടുപിടിച്ചോ, എന്നാല്‍ ഇനി ഞാന്‍ വികര്‍ഷിക്കാന്‍ പോകുകയാ” എന്ന് ഗുരുത്വാകര്‍ഷണം പറയുമോ?
ഇല്ല. ഒരിക്കലുമില്ല. നാം പ്രകൃതിയെ പഠിക്കുന്നോ ഇല്ലയോ എന്ന് പ്രകൃതി പരിഗണിക്കുന്നതേയില്ല. അത് അതിന്റെ സ്വാഭാവിക നിയമം അനുസരിച്ച് മുന്നോട്ട് പോകുന്നു. നമുക്ക് വേണമെങ്കില്‍ പഠനം നടത്തി ആ നിയമങ്ങള്‍ തിരിച്ചറിയാം എന്ന് മാത്രം. അതായത് നാം ഒരു ശാസ്ത്ര സത്യം കണ്ടെത്തിയെന്ന് കരുതി പ്രപഞ്ചത്തിന് ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.
ഇനി സാമൂഹ്യശാസ്ത്രത്തിലാണെങ്കിലോ? പ്രസിഡന്റായി പുഷ്കരന്‍ മതി എന്ന് ഒരാള്‍ പ്രസംഗിച്ചു എന്ന് കരുതുക. സത്യത്തില്‍ പുഷ്കരന്റെ മനസില്‍ പോലും അക്കാര്യം ഇല്ലായിരുന്നിരിക്കാം. പക്ഷേ ഇത് കേള്‍ക്കുമ്പോള്‍ എന്തുകൊണ്ട് തനിക്കായിക്കൂടാ എന്ന് അയാള്‍ക്ക് സ്വയം തോന്നാം. ഉടന്‍തന്നെ അയാള്‍ അതിനുള്ള കരുക്കള്‍ നീക്കാം. മറ്റുള്ളവരോ കുറച്ച് പേര്‍ അയാളെ മണിയടിച്ച് പ്രസിഡന്റായാല്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കും. മറ്റ് ചിലര്‍ ഒരുകാരണവശാലും പുഷ്കരന്‍ പ്രസിഡന്റാകാതിരിക്കാന്‍ നീക്കം നടത്തും.
ട്രമ്പ് അധികാരത്തിലെത്തിക്കഴിഞ്ഞതിന് ശേഷം അമേരിക്കയുടെ സമീപകാല ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത തരം വംശീയ, നാസി, സവര്‍ണ്ണാധിപത്യ പ്രവണത വര്‍ദ്ധിച്ചിരിക്കുന്നു. അതുപോലെ നമ്മുടെ നാട്ടിലും bjp അധികാരത്തില്‍ വന്നതിന് ശേഷം കേട്ടുിട്ടില്ലാത്ത തരത്തില്‍ അക്രമ സംഭവങ്ങള്‍ നടക്കുന്നു. ഗാന്ധിയെ കൊന്നത് ഉള്‍പ്പടെ ആരും നിര്‍ദ്ദേശം കൊടുക്കാതെയാണ് അണികള്‍ അവ സ്വയം ചെയ്യുന്നത്. കോഡ് ഭാഷയും പ്രവര്‍ത്തികളും മതി, ബാക്കിയെല്ലാം കൃത്യമായി നടന്നോളും.
അങ്ങനെ ഒരു മാലപ്പടക്കം പോലെ ആണ് സമൂഹത്തില്‍ കാര്യങ്ങള്‍ നടക്കുന്നത്. ഇത് മാത്രമല്ല സമൂഹത്തില്‍ നടക്കുന്ന് ഏത് കാര്യവും അവയുടെ വലിപ്പവും പ്രാധാന്യവും അനുസരിച്ച് സംഭവങ്ങളുടെ മാലപ്പടക്കങ്ങളുണ്ടാക്കും. ഓരോ നിമിഷവും നടക്കുന്ന കാര്യമാണിത്. അതിന്റെ എല്ലാം കൂടിച്ചേരലാണ് സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രവര്‍ത്തികള്‍ മാത്രമല്ല, ആശയങ്ങളും ഇങ്ങനെയാണ് സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്. ശരിക്കും ഇന്ന് നടക്കുന്ന സംഭവങ്ങള്‍ മുമ്പ് സമൂഹത്തില്‍ പ്രചരിച്ച ആശയങ്ങളുടെ പരിണിത ഫലങ്ങളാണ്.
പ്രകൃതി ശാസ്ത്രങ്ങള്‍ക്കെന്താ ഇത്ര കേമത്തരം
ആറ്റങ്ങളും, ഗ്യാലക്സികളും, പരിണാമവും, dna യും ഒക്കെ പഠിക്കുന്ന ശാസ്ത്രങ്ങള്‍ക്ക് എന്തോ ഒരു കേമത്തമുള്ളതായി മിക്കവര്‍ക്കും തോന്നാം. അത് മാറ്റമില്ലാത്തതാണ്, സത്യമാണ്, കൂടുതല്‍ കൃത്യതയിലേക്കേ പൊകുന്നുള്ളു എന്ന് ധാരാളം ന്യായമുണ്ട്. സാമൂഹ്യ ശാസ്ത്രങ്ങള്‍ക്ക് ആ കേമത്തം ഇല്ല. പക്ഷേ എന്തുകൊണ്ട് എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?
സത്യത്തില്‍ പ്രകൃതിശാസ്ത്രങ്ങള്‍ക്ക് കൃത്യത തോന്നുന്നുണ്ടെങ്കില്‍ അത് ശാസ്ത്രത്തിന്റെ കേമത്തമല്ല. ഇവിടെ ശാസ്ത്രീയ രീതി കൃത്യമായ ഫലം തരുന്നത് പ്രകൃതിയുടെ കൃത്യത കൊണ്ടാണ്. സമൂഹത്തിന് അങ്ങനെ ഒരു സ്വഭാവമില്ല. നിങ്ങള്‍ സിദ്ധാന്തം പ്രസിദ്ധീകരിക്കുമ്പോഴേ അത് പഠിച്ച അവസ്ഥയെ തന്നെ മാറ്റുന്ന പ്രതി പ്രവര്‍ത്തികള്‍ സമൂഹത്തില്‍ നടക്കുന്നു. പുതിയ നിയമങ്ങളുണ്ടാകുന്നു, പഴയവ ഇല്ലാതാകുകയോ മാറുകയോ ചെയ്യുന്നു. സമൂഹം തന്നെ മാറുന്നു. അത് സമയത്തിലൂടെയുള്ള കൃത്യതയില്ലാത്ത ഒഴുക്കാണ്. അതിന്റെ കൃത്യത എന്നത്, പെട്രോളിന്റെ വില ദിവസവും വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വിലക്കയറ്റം നാം അറിയാതിരിക്കുന്നത് പോലെയുള്ള നമ്മുടെ ഒരു തോന്നലാണ്.
(നമ്മുടെ നാട്ടില കാലാവസ്ഥാ പ്രവചനം പോലെയാണത്. അടുത്ത 5 ദിവസം കനത്ത മഴയുണ്ടാകും എന്ന് കാലാവസ്ഥാ മുന്നറീപ്പ് വരും. കളക്റ്റര്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കും. പിറ്റേന്ന് മുതല്‍ പൊള്ളുന്ന വെയിലാകും.(തമാശ) എന്നാല്‍ സമ്പന്ന രാജ്യങ്ങളിലെ കാലാവസ്ഥാ പ്രവചനം 99.9% കൃത്യമാണ്. കാരണം സൂപ്പര്‍കമ്പ്യൂട്ടറുകള്‍. അനേകം ചരങ്ങളുള്ള(variables) വലിയ സങ്കീര്‍ണ്ണ സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്താണ് കാലാവസ്ഥ പ്രവചിക്കുന്നത്. നമ്മുടെ കമ്പ്യൂട്ടറുകള്‍ക്ക് വേഗതയില്ലാത്തതിനാല്‍ നിര്‍ദ്ധാരണം ചെയ്യന്ന സമയത്ത് തന്നെ അതിലെ ചരങ്ങള്‍ മാറിയാല്‍ പിന്നെ അത് കൃത്യമാകുകയില്ലല്ലോ!)
സമൂഹം എന്നത് മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ചതാണ്. അതിലെ നിയമങ്ങളും കൃത്രിമമാണ്. സ്വാഭാവികമല്ല. എന്നാല്‍ അതിന്റെ ആന്തരികമായ ഘടനയും അതില്‍ പ്രവര്‍ത്തിക്കുന്ന ബലങ്ങളും മനസിലാക്കണമെങ്കില്‍ ശാസ്ത്രീയമായ രീതികള്‍ അവലംബിച്ചാലേ കഴിയൂ. പക്ഷേ നാം അതിനെ സ്പര്‍ശിക്കുമ്പോള്‍/സംവദിക്കുമ്പോള്‍ തന്നെ അതിന് മാറ്റം വരും. അത് നാം മനസിലാക്കി പഠിക്കാന്‍ ശ്രമിച്ചാലേ സത്യം അറിയാന്‍ കഴിയൂ. അത് കേവലമാകാന്‍ പാടില്ല. കേവലമായാല്‍ അനീതിയാവും ഫലം. കാരണം അത് മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്നതാണ്, പ്രകൃതി പോലെ അല്ല.
ഭാഗം 1: എന്താണ് ശാസ്ത്രത്തിന്റെ രീതി
ഭാഗം 2: എന്താണ് യുക്തിവാദം
ഭാഗം 3: പ്രകൃതിശാസ്ത്രം എന്തോ കേമമായ ഒന്നാണോ
ഭാഗം 4: ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും
ഭാഗം 5: എന്താണ് കേവല യുക്തിവാദം
അനുബന്ധം: സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.