ശാസ്ത്രത്തിന്റെ രീതിയുടെ അടിസ്ഥാനത്തിലുള്ള ജീവിതരീതിയാണ് ശാസ്ത്രബോധം(Scientific temper). ഇന്ന് ശാസ്ത്രജ്ഞര്‍ക്ക് പോലും ഇല്ലാത്ത ഒരു ചിന്താഗതിയാണത്. കാരണം അത് അനുഷ്ടിക്കാന്‍ വിഷമമാണ്. എന്നാല്‍ ശാസ്ത്രബോധമെന്ന് തെറ്റിധരിപ്പിക്കുന്ന വേറൊരു ചിന്താഗതിയുണ്ട്. അതാണ് ശാസ്ത്രവിവരബോധം. നക്ഷത്രമുണ്ടാകുന്നതെങ്ങനെയാണ്? ആറ്റത്തിനകത്ത് എന്താണ്? ക്രോമസോം എങ്ങനെ വിഭജിക്കുന്നു? എന്താണ് മനസ്? പ്രകാശത്തിന്റെ വേഗ എത്ര? ഇത്തരം അനേകം വിവരങ്ങള്‍ നമുക്ക് ശേഖരിച്ച് വെക്കുകയും ആളുകള്‍ക്ക് പറഞ്ഞുകൊടുക്കുകയുമാകാം. പക്ഷേ അതെല്ലാം ശാസ്ത്രവിവരങ്ങളാണ്. അതായത് ശാസ്ത്ര കണ്ടുപിടുത്തങ്ങളെക്കുറിച്ചുള്ള വിവരം. ഇത്തരം വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരും പ്രസ്ഥാനങ്ങളുമുണ്ട്. അവര്‍ തീവണ്ടിയില്‍ GK പുസ്തകം വില്‍ക്കുന്നവരെ പോലെയോ ആണ്.
എല്ലാം പഠിക്കാനാകുമോ
പക്ഷെ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആരെങ്കിലും ശാസ്ത്രത്തിന്റെ രീതിയുപയോഗിച്ച് ഒരു കണ്ടുപിടുത്തം നടത്തി എന്ന് കരുതുക. അതിനെക്കുറിച്ച് നാം അറിയുന്നു. ഉടന്‍ നാം ശാസ്ത്ര പ്രബന്ധം വായിച്ച് അത് വീണ്ടും പരീക്ഷണം നടത്തി ശരിയാണെന്ന് ഉറപ്പിക്കുമോ? ഇല്ല, നമുക്ക് അതിനുള്ള അറിവുമില്ല, സമയവുമില്ല*. പകരം നാം വിശ്വാസ്യമായ മാധ്യമങ്ങളെ ആശ്രയിക്കുന്നു. വിവരങ്ങള്‍ ശേഖരിച്ച് വെക്കുന്നു. കൂടുതല്‍ ശരിയായവ കിട്ടുമ്പോള്‍ പഴയത് തിരുത്തുന്നു. പക്ഷേ അത് ശാസ്ത്രബോധമല്ല. അത് ശാസ്ത്രവിവരബോധമാണ്.
നമുക്ക് മാത്രമല്ല എല്ലാ ശാസ്ത്രജ്ഞരുള്‍പ്പടെ എല്ലാ മനുഷ്യര്‍ക്കും ഇത് ബാധകമാണിത്. ഐന്‍സ്റ്റീന് കാലാവസ്ഥാ ശാസ്ത്രത്തെക്കുറിച്ച് എന്ത് അറിയാം? ഭൌതികശാസ്ത്രത്തിലെ അറിവ് മാത്രം വെച്ച് അദ്ദേഹത്തിന് കാലാവസ്ഥാ ശാസ്ത്ര സിദ്ധാന്തമുണ്ടാക്കാനാകുമോ? ഒരിക്കലുമില്ല. അതിന് അദ്ദേഹം കാലാവസ്ഥാ ശാസ്ത്രം പഠിക്കണം. എന്നാല്‍ കാലാവസ്ഥാ ശാസ്ത്രം പഠിക്കാതെ അദ്ദേഹത്തിന് കാലാവസ്ഥാ ശാസ്ത്ര സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാം. അത് കാലാവസ്ഥാ ശാസ്ത്രവിവരബോധമാണ്.
എന്താ പ്രശ്നം
ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും മഹത്വവല്‍ക്കരിക്കുകയും വിഗ്രഹവല്‍ക്കരിക്കുകയും ചെയ്യുന്നു എന്നതാണ് ശാസ്ത്രവിവരബോധത്തിന്റെ കുഴപ്പം. അത് ബാധിച്ചവര്‍ സാങ്കേതികവിദ്യകളുടെ വക്താക്കളായി മാറുന്നു. സാങ്കേതികവിദ്യ നല്‍ക്കുന്ന ഉപകരണങ്ങളുടെ പ്രചാരകരാകുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം ശാസ്ത്രവും സാങ്കേതികവിദ്യയും നല്‍കുമെന്ന മുഢസ്വര്‍ഗ്ഗത്തില്‍ വസിച്ച് യഥാര്‍ത്ഥപ്രശ്നങ്ങളെ സ്വയം കാണാതിരിക്കുകയും മറ്റുള്ളവരെ അത് കാണുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു.
ഉദാഹരണത്തിന് റോഡില്‍ തിരക്ക് വര്‍ദ്ധിക്കുന്നു എന്ന പ്രശ്നമെടുക്കുക. എന്താണ് പരിഹാരം. റോഡിന്റെ വീതി കൂട്ടാം എന്നതാണ് ആദ്യ പരിഹാരം. അതല്ലാതെ കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതികവിദ്യ കണ്ടെത്തി വാഹനങ്ങളുടെ വലിപ്പം കുറക്കാം. രണ്ട് നിലയുള്ള റോഡുകള്‍ നിര്‍മ്മിക്കാം, ഹൈപ്പര്‍ലൂപ്പ് നിര്‍മ്മിക്കാം.
വേറൊരു ഉദാഹരണം നോക്കാം. വളരുന്ന ജനസംഖ്യയെ തീറ്റിപ്പോറ്റാന്‍ കഴിയുന്നില്ല. എന്താണ് പരിഹാരം? കൂടുതല്‍ സ്ഥലത്ത് കൃഷി ചെയ്യാം. കൃഷി കൂടുതല്‍ വിളവ് നല്‍കാനായി രാസവളങ്ങളും കീടനാശിനികളും ഫലപ്രദമായും ശാസ്ത്രീയമായും ഉപയോഗിക്കാം. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിക്കാം.
എന്നാല്‍ ഈ രണ്ട് ഉദാഹരണങ്ങളിലും ആദ്യ പ്രസ്ഥാവനയെ സ്ഥായിയായെടുത്ത് ശാസ്ത്രത്തേയും സാങ്കേതികവിദ്യയേയും ഉപയോഗിച്ച് കണ്ടെത്തുന്ന പരിഹാരമാണ് എല്ലാം. ദൈവം എല്ലാറ്റിനേയും അതിന്റേതായ സ്ഥാനങ്ങളില്‍ നിര്‍ത്തിയിരിക്കുന്നു എന്ന പ്രസ്ഥാവന സ്ഥായിയായെടുത്താല്‍ എല്ലാറ്റിനും ഉത്തരമായി എന്ന് പറയുന്നത് പോലെ. പിന്നീട് ദൈവത്തിന് മേല്‍ നിന്നുകൊണ്ടുള്ള അഭ്യാസങ്ങളാണ് പണ്ട് നടന്നത്. ദൈവത്തെക്കുറിച്ച് ചോദിച്ചാലോ, ഏയ് അങ്ങനെയൊന്നും ചോദിക്കരുത്, പാപമാണെന്ന താക്കീതും.
പക്ഷേ നമുക്ക് ശാസ്ത്രബോധമുണ്ടെങ്കില്‍ നാം ആദ്യം ചോദിക്കേണ്ടത് എന്തുകൊണ്ട് യാത്ര വേണ്ടിവരുന്നു എന്നതാണ്. അതുപോലെ എന്തുകൊണ്ട് ജനസംഖ്യ വര്‍ദ്ധിക്കുന്നു എന്നതാണ്. അത്തരം ചോദ്യങ്ങള്‍ വളരെ അടിസ്ഥാനമായ ചോദ്യങ്ങളാണ്. അത് വിപ്ലവകരമായ ചോദ്യങ്ങളാണ്. ദൈവം എല്ലാറ്റിനേയും അതിന്റേതായ സ്ഥാനങ്ങളില്‍ നിര്‍ത്തിയിരിക്കുന്നു എന്ന പ്രസ്ഥാവന സ്ഥായിയായെടുത്താല്‍ എല്ലാറ്റിനും ഉത്തരമായി. പക്ഷെ അതിന് അപ്പുറം എന്തുകൊണ്ട് എന്ന ചോദ്യം ചോദിച്ചത് ശാസ്ത്രബോധത്താലാണ്. അല്ലാതെ ശാസ്ത്രവിവരബോധം കൊണ്ടല്ല.
ശാസ്ത്ര പ്രചരണം അവശ്യമാണ്
ശാസ്ത്ര പ്രചാരണത്തെ മോശമായി ചിത്രീകരിക്കാനല്ല ഇത് പറയുന്നത്. ആളുകളിലേക്ക് ശാസ്ത്രവിവരബോധം എത്തിക്കേണ്ടത് അവശ്യം ചെയ്യേണ്ട കാര്യമാണ്. അതാണ് തുടക്കം. എന്നാല്‍ അത് ആളുകളുടെ ചിന്തയെ ഉത്തേജിപ്പിച്ച് ശാസ്ത്രബോധം എന്ന അടുത്ത പടിയിലേക്ക് കടക്കാന്‍ ഉതകത്തക്കതാവണം.
ആളുകളില്‍ ജിജ്ഞാസയുണ്ടാക്കണം, അവരുടെ ഭയം ഇല്ലാതാക്കണം, അവര്‍ക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ചോദ്യം ചോദിക്കാനുള്ള പ്രേരണയുണ്ടാക്കണം, അവക്ക് ഉത്തരം സ്വയം കണ്ടെത്താന്‍ പ്രേരിപ്പിക്കണം, അത് ശരിയാണോ എന്ന് പരിശോധിക്കാന്‍ ശീലിപ്പിക്കണം. ഇതൊക്കെയാണ് ശാസ്ത്രബോധത്തിന്റെ അടിത്തറ. ഈ പ്രവര്‍ത്തിയില്‍ ഒരു ശത്രുപക്ഷമുണ്ടാകാന്‍ പാടില്ല. ശത്രുവിനെ സൃഷ്ടിച്ച് മുഴുവന്‍ വെറുപ്പും ഒഴുക്കിയാല്‍ ചിലപ്പോള്‍ കൈയ്യടി കിട്ടും. പക്ഷേ അത് അടിസ്ഥാനപരമായി ദോഷമേ ചെയ്യൂ.
ശാസ്ത്രത്തിന് ശാസ്ത്രബോധം വേണോ
ശാസ്ത്രമില്ലെങ്കിലും സാങ്കേതികവിദ്യയില്ലെങ്കിലും ശാസ്ത്രബോധമുണ്ട്. ആദിമമനുഷ്യന്‍ കല്ല് ഉരച്ച് തീയുണ്ടാക്കിയപ്പോള്‍, കല്ലുകൊണ്ട് ആയുധമുണ്ടാക്കിയപ്പോള്‍, അദ്ധ്വാനിക്കാന്‍ തുടങ്ങിയപ്പോള്‍ ശാസ്ത്രബോധമുണ്ടായി.
ശാസ്ത്രത്തിന്റെ രംഗത്തിലല്ല ശാസ്ത്രബോധത്തിന്റെ കൂടുതല്‍ പ്രയോഗവും വേണ്ടിവരുക. വ്യക്തി, സാമൂഹ്യ ജീവിതത്തിലാണ്. ശാസ്ത്രം അതിന്റെ പ്രശ്നങ്ങളെ സ്വയം തിരുത്തിക്കോളും. നിങ്ങള്‍ ശാസ്ത്രബോധമില്ലാതെ ഒരു കണ്ടുപിടുത്തം നടത്തി പ്രസിദ്ധീകരിച്ചു എന്ന് കരുതുക. തല്‍ക്കാലത്തേക്ക് അത് ചിലപ്പോള്‍ എല്ലാവരും അംഗീകരിച്ചെന്ന് വരും. എന്നാല്‍ പ്രകൃതി തന്നയോ അല്ലെങ്കില്‍ മറ്റ് ശാസ്ത്രജ്ഞരോ എന്നെങ്കിലും അത് തെറ്റെന്ന് തെളിയിക്കും. അതുകൊണ്ട് ആരും ശാസ്ത്രത്തിന് ശാസ്ത്രബോധമുണ്ടാക്കാന്‍ സമയം കളയേണ്ട. എന്നാല്‍ മറ്റ് വിഷയങ്ങളിലേക്ക് കടക്കുന്ന ശാസ്ത്രകണ്ടെത്തുലുകളുടെ കാര്യത്തില്‍ ഇത് പ്രസക്തമാണ്. നിങ്ങള്‍ ഭൌതികശാസ്ത്രത്തില്‍ നടത്തുന്ന കണ്ടെത്തലിന് ചിലപ്പോള്‍ ജീവശാസ്ത്ര ഫലങ്ങളുണ്ടായേക്കാം. അത്തരം അവസ്ഥയില്‍ നിങ്ങള്‍ക്ക് ശാസ്ത്രബോധമില്ലെങ്കില്‍ ദോഷ ഫലങ്ങളുണ്ടാകും. ദൌര്‍ഭാഗ്യവശാല്‍ നാളിതുവരെ ഒരു ശാസ്ത്രജ്ഞനും സ്വയം അത് ചെയ്യാനാവില്ല. (കാരണം കാണുക ശാസ്ത്രത്തിന്റെ രീതി). രാഷ്ട്രീയമാണത് ചെയ്യേണ്ടത്.
നാം ചെയ്യേണ്ടത്
പക്ഷേ ഈ ശാസ്ത്രവിവരബോധത്തെ ആണ് നാം അറിയാതെ ശാസ്ത്രബോധമായി വ്യാഖ്യാനിക്കുന്നത്. കാരണം പറയുന്നതൊക്കെ കൂടിയ ശാസ്ത്രമല്ലേ. വമ്പന്‍ ആശയങ്ങളും, കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും, മനസില്‍ കൊള്ളാത്തത്ര വലിയ സംഖ്യങ്ങള്‍ അതെല്ലാം കേട്ട് നാം അന്തംവിട്ട് നില്‍ക്കുകയായിരിക്കും. അല്ലേ. അതില്‍ ഒരു കാര്യവുമില്ല. ഭൂമി സൂര്യനെച്ചുറ്റിത്തിരിഞ്ഞാലും സൂര്യന്‍ ഭൂമിയെച്ചുറ്റിത്തിരിഞ്ഞാലും അടിസ്ഥാനപരമായി നിങ്ങളെ സംബന്ധിച്ചടത്തോളം നിങ്ങളുടെ ദൈനംദിന ജീവിതത്തിലേക്ക് ശാസ്ത്രബോധം എത്തുന്നുവോ എന്നതാണ് പ്രധാനം. (എന്ന് കരുതി എന്ത് മണ്ടത്തരവും വിശ്വസിച്ചോണം എന്നല്ല ഇവിടെ പറയുന്നത്). അതുകൊണ്ട് നമ്മുടെ ശാസ്ത്ര പ്രചരണം ശാസ്ത്രവിവരബോധത്തില്‍ പരിമിതപ്പെട്ട് പോകരുത്.
ഭാഗം 1: എന്താണ് ശാസ്ത്രത്തിന്റെ രീതി
ഭാഗം 2: എന്താണ് യുക്തിവാദം
ഭാഗം 3: പ്രകൃതിശാസ്ത്രം എന്തോ കേമമായ ഒന്നാണോ
ഭാഗം 4: ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും
ഭാഗം 5: എന്താണ് കേവല യുക്തിവാദം
* മനുഷ്യന്റെ അടിസ്ഥാന പ്രവര്‍ത്തന രീതിയാണത്. (കാണുക മനുഷ്യന്റെ വിശ്വാസം)
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.