എന്താണ് ശാസ്ത്രത്തിന്റെ രീതി

ഒരിക്കല്‍ ബീഹാറില്‍ നിന്നുള്ള ഒരു സുഹൃത്തിനോട് ജനകീയ ശാസ്ത്ര സംഘടനകളെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളത്തില്‍ ശാസ്ത്രസാഹിത്യപരിഷത്തെന്ന് ഒരു സംഘടനയുണ്ടെന്ന് പറഞ്ഞു. പക്ഷേ ആ പേര് കേട്ട് സുഹൃത്ത് മുഖം ചുളിച്ചു. ആ പേര് തെറ്റാണെന്നാണ് അവന്റെ അഭിപ്രായം. ശാസ്ത്രം എന്നാല്‍ സയന്‍സിനെക്കുറിച്ചാണ് അതെന്ന് പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു, “ഓ വിഗ്യാന്‍”. അതേ ഹിന്ദിയില്‍ ആധുനിക ശാസ്ത്രത്തെ വിഗ്യാന്‍ എന്നാണ് പറയുന്നത്. ശാസ്ത്രം എന്നാല്‍ ശാസിക്കുപ്പെടുന്നത്. പക്ഷേ മലയാളത്തില്‍ ഇതിന് രണ്ടിനും ഒരു വാക്കേയുള്ളു, ശാസ്ത്രം. ഇവിടെ നാം ചര്‍ച്ച ചെയ്യുന്നത് സയന്‍സ് എന്ന ശാസ്ത്രത്തെക്കുറിച്ചാണ്.

സാങ്കേതികവിദ്യകളുടേയും അത് നല്‍കുന്ന ഉല്‍പ്പന്നങ്ങളുടേയും അടിസ്ഥാനം ശാസ്ത്രമാണ്. അക്കാര്യം ജനങ്ങള്‍ക്ക് ബോധ്യമായതോടെ ശാസ്ത്രത്തിന് സമൂഹത്തില്‍ വലിയ അംഗീകാരമാണുള്ളത്. അങ്ങനെ ശാസ്ത്രീയത എന്നത് എന്തും ശരിയാണെന്ന് സ്ഥാപിക്കാന്‍ എല്ലാവരും ഉപയോഗിക്കുന്ന വാക്കായി.

എന്താണ് ശാസ്ത്രീയത(സയന്റിഫിക്)? ശാസ്ത്രത്തിന്റെ രീതിയെയാണ് ശാസ്ത്രീയത എന്ന് പറയുന്നത്. സത്യം കണ്ടെത്താനായി ഉപയോഗിക്കുന്ന ഒരു പ്രത്യേക രീതിയിലുള്ള പ്രവര്‍ത്തനമാണത്. എന്താണ് ആ രീതി?

ശാസ്ത്രത്തിന്റെ രീതി:

  1. നിരീക്ഷണം
  2. സിദ്ധാന്തം
  3. സിദ്ധാന്തം തെളിയിക്കാനുള്ള പരീക്ഷണം
  4. സിദ്ധാന്തത്തിന്റേയും തെളിവുകളുടേയും പ്രസിദ്ധീകരണം
  5. സിദ്ധാന്തം തെറ്റാണെന്ന് തെളയിക്കാനുള്ള പരീക്ഷണങ്ങള്‍.

നിരീക്ഷണത്തില്‍ നിന്ന് പൊതുവായ സ്വഭാവമുള്ളവയെ സാമാന്യവല്‍ക്കരിച്ചും അവയെ വര്‍ഗ്ഗീകരിച്ചും ഒരു ലക്ഷ്യബിന്ദുവിനെ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ആ ലക്ഷ്യബിന്ദുവിന് പുറത്തുള്ള എല്ലാറ്റിനേയും അവഗണിച്ച്, ആ ലക്ഷ്യബിന്ദുവില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സിദ്ധാന്തങ്ങള്‍ രൂപീകരിച്ച്, പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നു. അതില്‍ നിന്ന് കിട്ടുന്ന ഉത്തരം പരിശോധിക്കുകയും ശരിയാണെന്ന കണ്ടാല്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്നു. അതിനെ പിന്നീട് മറ്റുള്ളവരും പരീക്ഷിച്ച് തെറ്റാണോ എന്ന് തെളിയിക്കുന്നു. തെറ്റാണെന്ന് കാണുകയാണെങ്കില്‍ ഉടന്‍ തന്നെ തിരുത്തല്‍ വരുത്തി പുനപ്രസിദ്ധീകരിക്കുന്നു. ഇതാണ് ശാസ്ത്രത്തിന്റെ രീതി. എല്ലാവരുടേയും പരീക്ഷണ ഫലം അനുകൂലമാണെങ്കില്‍ ആ സിദ്ധാന്തം ശാസ്ത്ര സത്യമായി മാറുന്നു.

നിരീക്ഷണം, സിദ്ധാന്തം, പരീക്ഷണം, അന്യര്‍ നടത്തുന്ന പരീക്ഷണം തുടങ്ങിയ ഈ കടമ്പകളെല്ലാം കഴിഞ്ഞാല്‍ ഒരു സിദ്ധാന്തം ശാസ്ത്രീയ സിദ്ധാന്തമായി. എന്നാല്‍ അതിന്റെ ആയുസ് തെറ്റാണെന്ന് തെളിയിക്കുന്ന പുതിയ നിരീക്ഷണങ്ങള്‍ കണ്ടെത്തുന്നത് വരെയാണ്. എന്ന് കരുതി ശാസ്ത്രീയ രീതിക്ക് മാറ്റമുണ്ടാകുന്നില്ല. അടുത്തയാള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ ശരിയായ സിദ്ധാന്തം ഈ കടമ്പകളെല്ലാം കടന്ന് പ്രസിദ്ധീകരിക്കുന്നു. പുതിയ സിദ്ധാന്തത്തിന് അതേ രീതിയിലൂടെ കടന്ന് പോയെങ്കില്‍ മാത്രമേ ശാസ്ത്രസിദ്ധാന്തമാകൂ. അല്ലാതെ ഏതെങ്കിലും സിദ്ധാന്തം തെറ്റാണെന്ന് കണ്ടെത്തിയാല്‍ ശാസ്ത്രം കരഞ്ഞോണ്ട്, എല്ലാം തള്ളിപ്പറഞ്ഞ് അമ്മേടടുത്തേക്ക് പോകില്ല. പകരം പിന്നീട് വരുന്നവര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തി കൂടുതല്‍ കൃത്യമായ സിദ്ധാന്തം കണ്ടെത്തും.

എന്നാലും ഇവിടെ ഒരു കുഴപ്പമുണ്ട്. കുഴപ്പമെന്ന് ശരിക്കും പറയാനാവില്ല… ശാസ്ത്ര സിദ്ധാന്തം ശ്രദ്ധിക്കുന്നത് ഒരു കൃത്യമായ ലക്ഷ്യബിന്ദുവിലേക്കാണ്. ആ ലക്ഷ്യബിന്ദുവിന് പുറത്തുള്ള കാര്യങ്ങളെ സംബന്ധിച്ചടത്തോളം കണ്ടെത്തലുകള്‍ പ്രസക്തമാകണമെന്ന് നിര്‍ബന്ധമില്ല. അതായത് ഏത് ശാസ്ത്ര സിദ്ധാന്തത്തേയും സംബന്ധിച്ചടത്തോളം frame of reference എന്ന ഒന്ന് വളരെ പ്രധാനമാണ്. അതിനകത്ത് മാത്രമേ അവ സത്യമാകുകയുള്ളു.

എന്നാല്‍ അതിനെ ഒരു കുഴപ്പമായി കാണേണ്ട കാര്യമില്ല. കാരണം അത് മനുഷ്യന്റെ ഒരു സ്വഭാവം ആണ്. അങ്ങനെ ചെയ്തെങ്കിലേ നമുക്ക് ഉത്തരത്തിലേക്ക് എത്താനാവൂ. ഉദാഹരണത്തിന്, ആപ്പിള്‍ താഴേക്ക് വീഴുന്നത് എന്തുകൊണ്ടെന്ന് നാം പഠിക്കുമ്പോള്‍ നാം വീഴ്ചയെ മാത്രമേ ശ്രദ്ധിക്കുന്നുള്ളു. പക്ഷേ ആപ്പിളില്‍ അപ്പോള്‍ ജീവശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്, രസതന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ അനേകം കാര്യങ്ങള്‍. അപ്പോള്‍ നാം അതെല്ലാം ശ്രദ്ധിക്കാന്‍ പോയാല്‍ നമുക്ക് ഒരിക്കലും ആപ്പിളിന്റെ വീഴ്ചയെക്കുറിച്ചുള്ള നമ്മുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവില്ല. ശ്രദ്ധമാറിപ്പോകും. അതെല്ലാം അറിവിന്റെ അതിന്റേതായ ഓരോ കടലുകളാണ്. അതുകൊണ്ട് ശാസ്ത്രത്തിന്റെ വിശകലന രീതി പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ അത് ലക്ഷ്യബിന്ദുവിനകത്തുള്ള ഉത്തരം കണ്ടെക്കാന്‍ മാത്രം നാം എപ്പോഴും ഓര്‍ക്കണം. അതായത് മനുഷ്യന് ഒരു സമയത്ത് ഒരു കാര്യത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാനാകൂ.

പ്രധാന കാര്യം:

  • ശാസ്ത്രം Deterministic ആണ്. Causal ആണ്. കാര്യ കാരണ ബന്ധത്തിലടിസ്ഥാനത്തിലാണ്. അതായത് അതില്‍ ആകസ്മികതയൊന്നുമില്ല. ഒരു സിദ്ധാന്തം പല പ്രാവശ്യം പരീക്ഷണം നടത്തിയാലും ഒരേ ഫലം കിട്ടും. അതൊരു തീര്‍പ്പാണ്. A determines/causes B. A കാരണം B സംഭവിക്കുന്നു.
  • ശാസ്ത്രം Deductive ആണ്. താഴേക്ക് താഴേക്ക് ഇറങ്ങിപ്പോയി ഉത്തരം കണ്ടുപിടിക്കുന്നു. പ്രശ്നത്തെ ചെറുതായി വിഭജിച്ച് പഠിക്കുന്ന രീതി. വലിയ ഒരു പ്രശ്നത്തിന് ഉത്തരം കണ്ടെത്തുന്നു. പിന്നീട് അതിനകത്തെ ചെറിയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നു അത് തുടരുന്നു.

ഭാഗം 1: എന്താണ് ശാസ്ത്രത്തിന്റെ രീതി
ഭാഗം 2: എന്താണ് യുക്തിവാദം
ഭാഗം 3: പ്രകൃതിശാസ്ത്രം എന്തോ കേമമായ ഒന്നാണോ
ഭാഗം 4: ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും
ഭാഗം 5: എന്താണ് കേവല യുക്തിവാദം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )