ഭാഗം 1: എന്താണ് ശാസ്ത്രത്തിന്റെ രീതി
ഭാഗം 2: എന്താണ് യുക്തിവാദം
ഭാഗം 3: പ്രകൃതിശാസ്ത്രം എന്തോ കേമമായ ഒന്നാണോ
ഭാഗം 4: ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും
കേവലം എന്ന വാക്കിന് അര്‍ത്ഥം വെറും, ഉപരിപ്ലവമായത്, പേരിന് എന്നൊക്കെയാണ്. കേവലവാദമെന്നാല്‍ കേവലമായ വാദമെന്നാണ് അര്‍ത്ഥം. അതായത് ഏത് ആശയമാണോ അതിന്റെ പൂര്‍ണ്ണമായ ആഴവും പരപ്പും വ്യക്തമാക്കാതെ വെറുതെ ഉപരിപ്ലവമായി പറയുന്ന രീതി. കേവലവാദം പൊതുവായ ഒരു ആശയമാണ്. എന്തിന്റെ കൂടെയും അത് ചേര്‍ക്കാം. എല്ലാ ആശയങ്ങള്‍ക്കും അത്തരം ഒരു വീക്ഷണവും ഉണ്ടാകാം ഉദാഹരണത്തിന്, കേവല പരിസ്ഥിതിവാദം, കേവല സ്ത്രീപക്ഷവാദം, കേവല ചികില്‍സ, കേവല കൃഷി, കേവല വ്യായാമം, കേവല രാഷ്ട്രീയം തുടങ്ങിയവ.
എന്നാല്‍ സാധാരണയായ ഈ വാക്കിനെ യുക്തിവാദത്തിന്റെ കൂടെ ചേര്‍ത്താല്‍ എന്തോ വലിയ അപരാധമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. യുക്തിവാദത്തിനെതിരായ ഒരു ശകാരവാക്കായി മിക്കവരും അതിനെ പരിഗണിക്കുന്നു. ഫ്യൂസിഫോം ജൈറസും, സൂപ്പര്‍നോവയും, ക്വാണ്ടം മെക്കാനിക്സും, ജീന്‍ എഡിറ്റിങ്ങുമൊക്കെ അരച്ച് കലക്കി കുടിച്ച് ശാസ്ത്രത്തിന്റെ ചുട്ട കോഴിയെ പറപ്പിക്കുന്നവര്‍ക്ക് ഉള്ളില്‍ തങ്ങളാരോ ആണെന്ന തോന്നലുള്ളവരാകയാലാവും അങ്ങനെ തോന്നുന്നത്.
എന്താ ശരിക്കും പ്രശ്നം
കുറേയും കൂടി അടിസ്ഥാനപരമായ ചില കാര്യങ്ങളും ഈ ചിന്താഗതിയുടെ പിറകിലുണ്ട്. യുക്തിവാദികള്‍ ശാസ്ത്രത്തിന്റെ വക്താക്കളാണ്. ശാസ്ത്രത്തിന്റെ രീതിയെ അവര്‍ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ രീതിക്ക് ഒരു കുഴപ്പമുണ്ട്. (കാണുക ശാസ്ത്രത്തിന്റെ രീതി). അത് സ്ഥിരമായ ഒരു ലക്ഷ്യബിന്ദുവിനകത്ത് നിന്ന് (frame of reference) ഉത്തരം കണ്ടെത്താന്‍ മാത്രം ഉപകരിക്കുന്ന ഒന്നാണ്. അത് പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ അത് നാം അറിഞ്ഞിരിക്കണമെന്ന് മാത്രം.
അതിര് കവിഞ്ഞ ശാസ്ത്രവിവരബോധം യുക്തിവാദികളില്‍ എന്തിനും deterministic ആയ ഒരു ഉത്തരം ഉണ്ടെന്ന തോന്നലലുണ്ടാക്കുന്നു. യുക്തിവാദം എന്ന രാഷ്ട്രീയ പദ്ധതി (കാണുക എന്താണ് യുക്തിവാദം) സമൂഹത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് സാമൂഹ്യശാസ്ത്രമാണ്. പ്രശ്നത്തെ ഒറ്റപ്പെടുത്തി അതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പഠിക്കുന്ന ശാസ്ത്രത്തിന്റെ കേവലമായ രീതി പ്രയോഗിച്ചാല്‍ സത്യം കണ്ടെത്താനാവില്ല. പല സ്ഥല-കാലങ്ങളിലെ അനേകം കാര്യങ്ങള്‍ അതിനെ സ്വാധീനിക്കുന്നുണ്ടാവും. അതുപോലെ നാം കണ്ടെത്തുന്ന സത്യവും പഠനവസ്തുവിനേയും മാറ്റും. യുക്തിവാദികള്‍ ഇതൊന്നും മനസിലാക്കാതെ കേവലശാസ്ത്രത്തിന്റെ കേവലപ്രശ്നത്തിന് കണ്ടെത്തിയ കേവല ഉത്തരം പോലൊരു ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമ്പോഴാണ് നാം അതിനെ കേവലയുക്തിവാദം എന്ന് വിളിക്കുന്നത്.
പ്രകൃതി ശാസ്ത്രം എന്തോ കേമം പിടിച്ചതാണെന്ന യുക്തിവാദികളുടേയും ശാസ്ത്രവാദികളുടേയും അന്ധവിശ്വാസമാണ് അവരെ കുഴപ്പത്തില്‍ ചാടിക്കുന്നത്. (കാണുക പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്ത്രവും തമ്മിലുള്ള വ്യത്യാസം എന്താണ്). പ്രകൃതിയെക്കുറിച്ച് പഠിക്കുമ്പോള്‍ നാം സമഗ്രമായി പഠിച്ചാലും ഇല്ലെങ്കിലും പ്രകൃതി നിയമങ്ങള്‍ മാറില്ല. എന്നാല്‍ സമൂഹവും അതിന്റെ നിയമങ്ങളും നാം നിര്‍മ്മിച്ചതാണ്. അവ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. കേവലയുക്തിവാദത്താല്‍ നമുക്ക് അത് തിരിച്ചറിയാനാവില്ല.
സൂപ്പര്‍നോവയെക്കുറിച്ച് ക്ലാസെടുത്താല്‍ കേവലയുക്തിവാദമാകുമോ?
ശാസ്ത്രവിഷയങ്ങളില്‍ ശാസ്ത്രം പരിഗണിക്കുന്ന അതേ തലത്തില്‍ നിന്നാവും സംസാരമുണ്ടാകുക. അത് പൂര്‍ണ്ണമായും ശരിയാണ്. ഇത്തരം അനേകം ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. അത് കേവലയുക്തിവാദ പ്രവര്‍ത്തനമല്ല. മനുഷ്യരാശി കണ്ടെത്തിയ അറിവുകള്‍ സമൂഹത്തിലെ മുഴുവന്‍ ആളുകളിലേക്കും എത്തുന്നത് അവരുടെ യുക്തി ബോധത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് സമൂഹത്തിന് മൊത്തം ഗുണമേ ചെയ്യുന്നുള്ളു.
അതുപോലെ സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ അതിന്റെ യുക്തിഹീനത ചൂണ്ടിക്കാണിച്ച് പ്രതികരിക്കാം. അപ്പോഴും ശാസ്ത്രത്തിന്റെ രീതിയായ കൃത്യമായ ഒരു അതിര്‍ത്തിക്ക് അകത്ത് നിന്നേ സംസാരിക്കാവൂ. അല്ലാത്ത പക്ഷം ദൂഷ്യഫലമാകും ഉണ്ടാകുക.
കേവലയുക്തിവാദത്തിന്റെ ഫലമെന്താണ്
സാമൂഹ്യശാസ്ത്രത്തിന്റെ സ്വഭാവത്തെ വ്യക്തമാക്കുന്നതാണ് അക്കാര്യം. മിക്ക യുക്തിവാദ ശാസ്ത്രവാദ നേതാക്കള്‍ സമൂഹത്തിലെ ഉന്നതരും സെലിബ്രിറ്റികളുമാണ്. വളരെ വിശദമായി മനുഷ്യശരീരത്തെക്കുറിച്ചും, ആറ്റത്തിനകത്തെ കണികകളെക്കുറിച്ചും പ്രപഞ്ചത്തിന്റെ സീമകള്‍ക്കപ്പുറത്തേക്കുറിച്ചും ക്ലാസുകളും പ്രസംഗങ്ങളും നടത്തുന്ന അവരെ അവരുടെ അണികള്‍ വിഗ്രഹങ്ങളായിട്ടാണ് പൂജിക്കുന്നത്. അതുകൊണ്ട് ഈ യുക്തിവാദി നേതാക്കളുടെ വെറുതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ പോലും ആളുകളുടെ ചിന്തയെ സ്വാധീനിക്കുന്നു.
ഇത് കൂടുതല്‍ വ്യാപകമായി തിരിച്ചും സംഭവിക്കാം. സാധാരണ ഒരു വ്യക്തിക്ക് എന്തിനെക്കുറിച്ചെങ്കിലും ഒരു അഭിപ്രായം രൂപീകരിക്കണമെങ്കില്‍ അവരെ ആദ്യം സ്വാധീനിക്കുന്നത് അവര്‍ ബഹുമാനിക്കുന്ന, ആരാധിക്കുന്ന വ്യക്തികളുടെ അഭിപ്രായമാകും. അത് കണ്ടെത്താനായി അവര്‍ അന്വേഷണം നടത്തി അതുമായി ചേരുന്ന ഒരു അഭിപ്രായം രൂപീകരിക്കും. ഒരു പക്ഷേ നമ്മുടെ സെലിബ്രിറ്റി യുക്തിവാദികള്‍ക്കും സംഭവിക്കുന്നത് ഇതാകാം. അവരുടെ വിവര സ്രോതസ്സുകളായ വിദേശ യുക്തിവാദ സെലിബ്രിറ്റികളുടെ അതേ ‘extra’ ആശയങ്ങള്‍ ഒരു ചോദ്യവും ചോദിക്കാതെ പ്രചരിപ്പിക്കുന്നത് സാധാരണ കാഴ്ചയാണ്.
നിങ്ങള്‍ക്കതിനെന്താ കേട്
ബഹുഭൂരിപക്ഷം ജനങ്ങളും സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ അവരോട് ശാസിക്കപ്പെട്ട ജോലികള്‍ ചെയ്ത് കാലം തള്ളിനീക്കുകയാണ്. എന്തെങ്കിലും തുറന്ന് ചിന്തിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. പതിനായിരം വര്‍ഷങ്ങളായി നാം തുടരുന്ന ഈ സാമൂഹ്യവസ്ഥയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എല്ലാ മനുഷ്യരും ഒന്നിച്ച് ചെയ്യേണ്ട കാര്യമായിരിക്കെ ഇത്തരത്തില്‍ സമൂഹത്തിലെ ചിന്താശേഷിയുള്ളവരുടെ ന്യൂനപക്ഷത്തിന്റെ തന്നെ ശ്രദ്ധ മാറുന്നത് ഗുണകരമല്ല. ചില കേവലവാദ പ്രശ്നങ്ങള്‍ ശരിയാണെങ്കിലും അതിനേക്കാള്‍ അടിസ്ഥാനമായ മറ്റ് പ്രശ്നങ്ങളുണ്ടാകാം. അതൊന്നും ശ്രദ്ധിക്കാതെ കേവലവാദപ്രശ്നത്തില്‍ ചിന്താശേഷിയുള്ളവരുടേയും പ്രതികരണശേഷിയുള്ളവരുടേയും സമയവും അദ്ധ്വാനവും തളച്ചിടുന്നത് വഴി നേരിട്ട് ശ്രദ്ധയില്‍ വരാത്ത അടിസ്ഥാന പ്രശ്നങ്ങളെ എപ്പോഴും ഇരുട്ടില്‍ നിര്‍ത്താന്‍ അധികാരികള്‍ക്ക് കഴിയുന്നു. ഇവിടെ ഒരു കെണി(decoy)യുടെ ധര്‍മ്മമാണ് കേവലവാദങ്ങള്‍ ചെയ്യുന്നത്.
ശാസ്ത്രത്തെക്കുറിച്ച് പറഞ്ഞാല്‍ ശാസ്ത്രബോധമാവില്ല
ഇന്റര്‍നെറ്റ് യുഗത്തില്‍ ആര്‍ക്കും ഏത് വിവരവും നമുക്ക് അതിവേഗം ലഭിക്കും. അതുപോലെ പുതിയ പുസ്കങ്ങളും കിട്ടുന്നുണ്ട്. അങ്ങനെ ശാസ്ത്രിന്റെ കണ്ടുപിടുത്തത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് അത് പ്രചരിപ്പിക്കുന്നത് മുമ്പ് പറഞ്ഞത് പോലെ നല്ല കാര്യമാണ്. പക്ഷേ അതുവഴി ശാസ്ത്രബോധമുണ്ടാവില്ല. പകരം ശാസ്ത്രവിവരബോധം ആണ് കിട്ടുന്നത്. (കാണുക ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും)
കേവല യുക്തിവാദികളും ശാസ്ത്രവാദികളും മൊക്കെ സ്വായത്തമാക്കിയിരിക്കുന്നത് ഈ ശാസ്ത്രവിവരബോധമാണ്. എന്ത് ചോദ്യത്തിനും ശാസ്ത്രീയ ഉത്തരം തരുകയും ശാസ്ത്രത്തെ മഹത്വവല്‍ക്കരിക്കുകയും ചെയ്യുന്ന ഇവര്‍ ശാസ്ത്രബോധത്തിന്റെ അടിസ്ഥാന തത്വമായ മുന്‍വിധിയും പരിധിയും ഇല്ലാതെ ചോദ്യം ചോദിക്കുക എന്ന പ്രവര്‍ത്തി ചെയ്യുന്നവരല്ല. പക്ഷേ മറ്റുള്ളവരെ ഉത്തരം മുട്ടിപ്പിക്കുന്ന ചോദ്യം ചോദിക്കാന്‍ അവര്‍ മിടുക്കരാണ്. അതല്ല, കൂടുതല്‍ ശരി അറിയാനുള്ള ആത്മാര്‍ത്ഥമായ സ്വയം ചോദ്യം ചെയ്യലാണ് പ്രധാനം.
എന്തുകൊണ്ട് കേവലയുക്തിവാദം
സാധാരണക്കാരായ അണികള്‍ കേവലയുക്തിവാദപരമായ ആശയങ്ങള്‍ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണ്. മനുഷ്യന് ഒരു സമയം ഒരു കാര്യത്തെക്കുറിച്ചേ ചിന്തിക്കാനാകൂ. പോരാത്തതിന് വേണ്ടത്ര ക്ഷമയുമില്ല. എന്നാല്‍ യുക്തിവാദി നേതാക്കള്‍ പ്രകടിപ്പിക്കുന്ന കേവലയുക്തിവാദത്തെ നിഷ്കളങ്കമായത് എന്ന് എഴുതിത്തള്ളാനാവില്ല. കാരണം ഒരുപാട് അറിവുള്ള, ജനങ്ങളുടെ ചിന്താരീതി തന്നെ മാറ്റാന്‍ ശ്രമിക്കുന്ന ഉന്നതരായ അവര്‍, പണ്ടത്തെ മതങ്ങള്‍ ചെയ്തത് പോലെ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ പ്രേരിപ്പിക്കുന്നത് ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതുകൊണ്ടാണ്.
സമ്പത്തും അധികാരവും കൈയ്യാളുന്ന സമൂഹത്തിലെ 0.01% വരുന്ന ആളുകളുടെ നിലനില്‍പ്പിന്റെ ആവശ്യമായാണ് മതങ്ങള്‍ രൂപീകരിക്കപ്പെട്ടത്. എന്നാല്‍ മതങ്ങളുടെ പ്രധാന്യത്തിന് മങ്ങലേറ്റ ആധുനിക സമൂഹത്തില്‍ പഴയ സാമൂഹ്യക്രമം നിലനിര്‍ത്തുക എന്ന കടമയാണ് കേവലയുക്തിവാദം ചെയ്യുന്നത്.
അത് മാറണം. ഒന്നിനാലും സ്വാധീനിക്കപ്പെടാതെ നിരന്തരം എല്ലാറ്റിനോടും മുന്‍വിധിയും പരിധിയും ഇല്ലാതെ ചോദ്യങ്ങള്‍ സ്വയം ചോദിച്ചും ഉത്തരം കണ്ടെത്തിയും ശാസ്ത്രത്തിന്റെ രീതി സമൂഹത്തിലെ എല്ലാവരും പ്രയോഗിക്കുന്ന അവസ്ഥയുണ്ടാകണം. അപ്പോഴേ നമുക്ക് ശാസ്ത്രബോധമുണ്ടെന്ന് പറയാനാകൂ. അങ്ങനെ സംഭവിച്ചാല്‍ നമ്മുടെ യുക്തിവാദം കേവലമാകില്ല. അത് ഞൊടിയിടല്‍ സംഭവിക്കുന്ന കാര്യമല്ല. ദീര്‍ഘകാലത്തെ അദ്ധ്വാനത്തിന്റെ ആവശ്യമുണ്ട്. പക്ഷേ ആ വഴിയിലേക്കുള്ള ഒരു നീക്കമെങ്കിലുമുണ്ടാകുക എന്നത് കാലത്തിന്റെ ആവശ്യമാണ്.
[അവസാനിച്ചു]
അനുബന്ധം
കേവല പരിസ്ഥിതിവാദം
ചിലര്‍ക്ക് പരിസ്ഥിതിവാദം എന്നാല്‍ മരം ആണ്. മറ്റ് ചിലര്‍ക്ക് പ്ലാസ്റ്റിക് വിരോധമാണ്. വേറെ ചിലര്‍ക്ക് കാടാണ്. പരിസ്ഥിതിവാദത്തെ അനുകൂലിക്കുന്നവര്‍ മാത്രമല്ല എതിര്‍ക്കുന്നവര്‍ക്ക് പോലും ആ വിഷയത്തെക്കുറിച്ച് ഇത്തരത്തിലുള്ള ബോധമാണുള്ളത്. എന്നാല്‍ പരിസ്ഥിതിവാദമെന്ന് ഇവയൊക്കെ ഉള്‍പ്പെട്ടതും അതിവിപുലമായ വിഷയങ്ങളുടെ കൂട്ടമാണ് എന്നതാണ് സത്യം.
കേവല സ്ത്രീപക്ഷവാദം
സ്ത്രീകള്‍ക്ക് ചില വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിന്ന് സമൂഹം വിലക്ക് കല്‍പ്പിക്കുന്നു എന്നതാണ് ചിലരുടെ പ്രശ്നം. മറ്റ് ചിലര്‍ക്ക് സ്ത്രീകള്‍ക്ക് വേണ്ടത്ര തൊഴിലവസരം കിട്ടുന്നില്ല എന്നാണ്. സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു എന്നതാണ് ചിലരുടെ പരാതി. മിക്കവയും സ്ത്രീ വ്യക്തിപരമായി അനുഭവിക്കുന്ന പ്രശ്നങ്ങളാണ്.
കേവല ചികില്‍സ
ഹീമോഗ്ലോബില്‍ കുറഞ്ഞു. അത് കൂട്ടാനായി മരുന്ന് കോടുക്കുന്നു. വേറൊന്ന് തലവേദന. ഡോക്റ്റര്‍ വേദനസംഹാരി കൊടുത്തു. പിന്നെയും വേദന വരുന്നു. അപ്പോഴും അതേ മരുന്നു. സത്യത്തില്‍ തലവേദന വേറെന്തെങ്കിലും അടിസ്ഥാന കാരണത്താലുണ്ടായതാവാം. അത് കണ്ടെത്തി പരിഹരിക്കുന്നതിന് പകരം ലക്ഷണത്തെ ചികില്‍സിക്കുന്നു.
കേവല കൃഷി
കൃഷിക്കാരന്‍ വിത്തും വളവും കീടനാശിനിയും വാങ്ങുന്നു. അതുപയോഗിച്ച് കൃഷിചെയ്യുന്നു. വിള കൊയ്ത് കമ്പോളത്തില്‍ വില്‍ക്കുന്നു. ഇതാണ് കേവല കൃഷിശാസ്ത്രം. വേറൊന്നും അവര്‍ പരിഗണിക്കില്ല. എന്നാല്‍ കൃഷി എന്നത് അതിവിപുലമായ ഒരു വിഷയമാണ്. പരിസ്ഥിതിയും ഓഹരിക്കമ്പോളവും ഒക്കെ അതില്‍ ഉള്‍പ്പെടുന്നു.
കേവല രാഷ്ട്രീയം
ചിലര്‍ക്ക് അഴിമതിയാണ് ഏറ്റവും വലിയ സാമൂഹ്യപ്രശ്നം. മറ്റ് ചിലര്‍ക്ക് റോഡുകളാകാം, അല്ലെങ്കില്‍ അക്രമമാകാം. വേറെ ചിലര്‍ക്ക് ക്ഷേമപരിപാടികളാകാം.
കേവല മാര്‍ക്സിസം
സകല വിവരക്കേടും പൊട്ടത്തരവും ഗുണ്ടായിസവും നടത്താനും നേതൃത്വം കൊടുക്കാനും, തങ്ങളുടെ നിലനില്‍പ്പിനേയും പ്രവര്‍ത്തന പൊങ്ങച്ചത്തേയും അടിച്ചമര്‍ത്തലുകളേയും ന്യായീകരിക്കാനും മാര്‍ക്സിന്റെ ചിന്താഗതിയില്‍ നിന്നും തങ്ങള്‍ക്ക് സൌകര്യമായ ചില ഭാഗങ്ങള്‍, ഉദാഹരണത്തിന് മൂലധനത്തിന്റെ ഒന്നാം വാല്യത്തിന്റെ ഒന്നാം അദ്ധ്യായത്തിന്റെ ഒന്നാം താളിലെ ആദ്യ ഖണ്ഡിക ആരോ വായിച്ച് പറഞ്ഞതിന്റെ ഓര്‍മ്മ, ഉപയോഗിക്കുന്ന സ്വയം പ്രഖ്യാപിത മാര്‍ക്സിസ്റ്റുകാരുടെ രീതി.
അനുബന്ധം:
എന്താണ് കേവലവാദം. …തുടര്‍ന്ന് വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
Very nice .Mr.Jegadeese.Absolutely correct.