കേവലം എന്ന വാക്കിന് അര്‍ത്ഥം വെറും, ഉപരിപ്ലവമായത്, പേരിന് എന്നൊക്കെയാണ്. കേവലവാദമെന്നാല്‍ കേവലമായ വാദമെന്നാണ് അര്‍ത്ഥം. അതായത് ഏത് ആശയമാണോ അതിന്റെ പൂര്‍ണ്ണമായ ആഴവും പരപ്പും വ്യക്തമാക്കാതെ വെറുതെ ഉപരിപ്ലവമായി പറയുന്ന രീതി.
എന്നാല്‍ ഈ വാക്കിനെ ഒരു ശകാരപ്പേരായാണ് പൊതുവെ കണക്കാക്കുന്നത്. തങ്ങളുടെ ആശയങ്ങളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ആക്ഷേപിക്കാനും സ്വയം ഇരയാണെന്ന് വരുത്തിത്തീര്‍ക്കാനുമാണ് ആളുകള്‍ അങ്ങനെ വ്യാഖ്യാനിക്കുന്നത്. അത് തെറ്റാണ്.
കേവല വാദം ഒരു യാഥാര്‍ത്ഥ്യമാണ്. അതില്‍ സത്യങ്ങള്‍ ഉണ്ടാകാം. നിലനില്‍പ്പിന്റെ പ്രശ്നമാകാം. ഉദാഹരണത്തിന് എനിക്ക് വിശക്കുന്നു എന്ന തോന്നലിനെ എടുക്കുക. അത് കേവലമായ ഒരു കാര്യമാണ്. പക്ഷെ എന്നെ സംബന്ധിച്ചടത്തോളം അത് ജീവന്‍മരണ പ്രശ്നമാണ്. ഞാന്‍ ആഹാരം കഴിച്ചില്ലെങ്കില്‍ ചത്തുപോകും. എനിക്ക് വിശക്കുന്നു എന്നത് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ്. പക്ഷേ ലോകത്തിന് പ്രസക്തമല്ലതാനും.
എന്നാല്‍ വേറൊരാള്‍ എന്റെ വിശപ്പിനെ അംഗീകരിച്ചുകൊണ്ട് തന്നെ വേറെ പല കാര്യങ്ങളും പറയാന്‍ ആഗ്രഹിക്കുന്നുണ്ടാവും. അപ്പോള്‍ ഞാന്‍ ചാടി വീണ് എന്റെ പ്രശ്നത്തെ കാണുന്നില്ല, എന്നെ അവഗണിച്ചു എന്നൊക്കെ പറയുകയാണെങ്കില്‍ എന്ത് സംഭവിക്കും. ശ്രദ്ധ മുഴുവന്‍ എന്നിലേക്കെത്തുകയും മറ്റയാള്‍ കുറ്റവാളിയാകുകയും ചെയ്യുന്നു. ഫലത്തില്‍ അയാള്‍ പറയാനുദ്ദേശിച്ച അടിസ്ഥാന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ മാറുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ഇരവാദം ഒരു തട്ടിപ്പ് തന്ത്രമാണ്.
പക്ഷെ കേവലവാദങ്ങളെല്ലാം അതിന്റെ സന്ദര്‍ഭത്തില്‍(context) മാത്രമാണ് സത്യമാകുന്നത്. ആ സന്ദര്‍ഭം വികസിപ്പിക്കുമ്പോള്‍ ചിലപ്പോള്‍ അത് അര്‍ദ്ധ സത്യങ്ങളോ, ശ്രദ്ധാമാറ്റങ്ങളോ, ചിലപ്പോള്‍ കള്ളങ്ങളോ ആയി മാറാം.
ഉദാഹരണത്തിന് ബുധന്‍ സൂര്യനെ ചുറ്റുന്നതിന് ഇടക്ക് സഞ്ചാരം നിര്‍ത്തി പിന്നെ തിരികെ പോകും. ഭൂമിയില്‍ നിന്നുള്ള ഈ നിരീക്ഷണം നൂറ് ശതമാനം സത്യമാണ്. നൂറ്റാണ്ടുകളോളം ജ്യോതിശാസ്ത്രജ്ഞരെ കുഴക്കിയ പ്രശ്മായിരുന്നു അത്. എന്നാല്‍ സന്ദര്‍ഭം വികസിപ്പിച്ച് ഭൂമിയുടെ ഭ്രമണപഥത്തെക്കൂടി ഉള്‍പ്പെടുത്തിയാല്‍ രണ്ട് ഗ്രഹങ്ങളുടേയും സഞ്ചാര വേഗതയിലെ വ്യത്യാസമാണ് ഈ തോന്നലുണ്ടാക്കുന്നത് എന്ന സത്യം മനസിലാകും. അപ്പോള്‍ ബുധന്‍ തിരകെ പോകുന്നു എന്നത് കള്ളമായി മാറുന്നു. (ഇവിടെ ആരെങ്കലും ബോധപൂര്‍വ്വം കള്ളം പറഞ്ഞു എന്നല്ല ഉദ്ദേശിച്ചത്. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്നാണല്ലോ ചൊല്ല്.)
ആഴവും പരപ്പും കുറവാണെന്ന് മാത്രമാണ് കേവലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ പറയാന്‍ ആര്‍ക്കും അവകാശമുണ്ട്. എത്ര അഴുക്കുപിടിച്ച മുറിയിലും ചിലപ്പോള്‍ കുറച്ച് സ്ഥലം വൃത്തിയായി കിടക്കുന്നുണ്ടാകാകും. അപ്പോള്‍ അതിനെ മാത്രം ചൂണ്ടിക്കാണിച്ച് മുറി വൃത്തിയാണ് എന്ന് പറയുന്നത് കേവലവാദമാണ്.
കേവലവാദം ലളിതവല്‍ക്കരണമാണ്
കടയില്‍ നിന്ന് ഒരു സാധനം വാങ്ങുന്നതാണോ പത്ത് സാധനങ്ങള്‍ വാങ്ങുന്നതാണോ എളുപ്പം? തീര്‍ച്ചയായും ഒരു സാധനമാണ് വാങ്ങാനുള്ളതെങ്കില്‍ അത് വളരെ എളുപ്പമായിരിക്കും. അത് കണ്ടുപിടിക്കാനും, പണം കൊടുക്കാനും, സഞ്ചിയാലാക്കാനും ഒക്കെ എളുപ്പമാണ്. പക്ഷെ പത്ത് സാധനങ്ങളാണ് നമുക്ക് വാങ്ങാനുള്ളതെങ്കില്‍ നമുക്ക് കൂടുതല്‍ ശാരിരകവും മാനസികവും ആയ അദ്ധ്വാനം ഉണ്ടാകും.
ആശയങ്ങളും അതുപോലെയാണ്. ഒരു ആശയവുമായി ബന്ധമുള്ള മറ്റെല്ലാ ആശയങ്ങളേയും ഒന്നിച്ച് പഠിക്കുക വിഷമകരമാണ്. അതുകൊണ്ട് കേവലവാദം അതിലേതെങ്കിലും ഒന്നിനെ ശ്രദ്ധിക്കുകയും അത് മാത്രമേയുള്ളു എന്ന് ഭാവിച്ചുകൊണ്ട് ആശയം അവതരിപ്പിക്കും. അത് കാര്യങ്ങളുടെ ലളിതവല്‍ക്കരണമാണ്. ചില കാര്യങ്ങള്‍ മനസിലാക്കാന്‍ അത് വേണ്ടി വന്നേക്കാം. പക്ഷേ അത് മാത്രമേയുള്ളു എന്ന് കരുതരുത്. ലളിതമായ കാര്യങ്ങള്‍ ആളുകള്‍ക്ക് എളുപ്പം മനസിലാകും. അതിനാല്‍ കേവലവാദങ്ങള്‍ക്ക് വലിയ പ്രചാരം സമൂഹത്തില്‍ കിട്ടും.
കേവലവാദം വലതുപക്ഷവാദമാണ്
ഇവിടെ ഒരു പൊതുജന പ്രശ്നവും ഇല്ല. ഈ സ്ഥിതി അതുപോലെ തുടര്‍ന്ന് പോയാല്‍ മതി എന്ന് കരുതുന്ന ആശയമാണ് വലതുപക്ഷ ചിന്ത. തീര്‍ച്ചയായും ഇപ്പോഴത്തെ വ്യവസ്ഥയില്‍ നിന്ന് ഗുണം കിട്ടുന്നവരാകുമല്ലോ അങ്ങനെ പറയുക. അവര്‍ അവരുടെ നയങ്ങളുടെ ന്യായീകരണത്തിന് പല കാര്യങ്ങളും മറച്ച് വെക്കുകയും തങ്ങള്‍ക്ക് ഗുണമുള്ള കാര്യങ്ങള്‍ മാത്രം അവതരിപ്പിക്കുകയും ചെയ്യും. അവര്‍ മറച്ച് വെക്കുന്ന ആശയങ്ങളെ നിഷിദ്ധ വിഷയങ്ങളാക്കുകയോ അത് പറയുന്നവരെ വ്യക്തിഹത്യ നടത്തുകയുമൊക്കെ ചെയ്യും. അതിന് വേണ്ടി കേവലവാദങ്ങള്‍ അവര്‍ ഉപയോഗിക്കും. ഇവിടെ വലതുപക്ഷം എന്ന് പറയുന്നത് കൃത്യമായി മുദ്രയടിക്കപ്പെട്ട ഒരു കൂട്ടരല്ല. സ്വയം ഇടതുപക്ഷമെന്നും പുരോഗമനവാദികളെന്നും അവകാശപ്പെടുന്നവരും കേലവാദപരമായ ആശയങ്ങള്‍ അവതരിപ്പിക്കാറുണ്ട്.
എന്തുകൊണ്ട് കേവലവാദം വലതുപക്ഷമായി
ഉദാഹരണം നോക്കൂ. മുറി വൃത്തിയാക്കേണ്ടത് നമ്മുടെ ഒരു പൊതു ആവശ്യമാണ്. അതൊരു മാറ്റത്തിനുള്ള പ്രവര്‍ത്തിയാണ്. പക്ഷെ ആ മാറ്റത്തിനുള്ള പ്രവര്‍ത്തി ചെയ്യാന്‍ ആഗ്രഹമില്ലാത്തവരെന്ത് ചെയ്യും. അവര്‍ മുറിയിലെ വൃത്തിയുള്ള ഒരു കളത്തിലേക്ക് ശ്രദ്ധ മുഴുവന്‍ ചുരുക്കിക്കൊണ്ടുവരുകയും അവിടം വൃത്തിയായതിനാല്‍ മുറി വൃത്തിയുള്ളതാണെന്നും വൃത്തിയാക്കല്‍ പ്രവര്‍ത്തിയുടെ ആവശ്യമില്ലെന്നും വാദിക്കും. അങ്ങനെ മാറ്റത്തെ തടയുകയും ചെയ്യും. അത് നിലനില്‍ക്കുന്ന രീതികളും വ്യവസ്ഥകളും അതുപോലെ തുടരുന്നതിന് സഹായിക്കും.
കേവലവാദം നമ്മുടെ ശ്രദ്ധയെ ചെറിയ കളത്തിലേക്ക് ഒതുക്കി നിര്‍ത്തുമ്പോഴും ആ കണത്തിലെ വസ്തുവിന് വളരെ ആഴത്തിലും പരപ്പിലും മറ്റുള്ള വസ്തുക്കളുമായി ബന്ധം ഉണ്ടാകും. പക്ഷേ കേവലവാദം കാരണം നമുക്ക് അത് കാണാന്‍ കഴിയാതാകും. അതിന് ശേഷം നാം ചെയ്യുന്ന പ്രവര്‍ത്തി വളരെ ആഴത്തിലും പരപ്പിലും ദോഷങ്ങളുണ്ടാക്കിയാലും നാം അതൊന്നും കാണാതെ ചെയ്തതെല്ലാം ശരിയായി എന്നുകരുതി മറ്റുള്ളവര്‍ക്ക് കൊടിയ ദ്രോഹം ചെയ്യും. ആഗോളതപനം, അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം ഒക്കെ അതിന് ഉദാഹരണമാണ്. അതുകൊണ്ട് കേവലവാദം സാമൂഹ്യ പ്രശ്നങ്ങളില്‍ നടപ്പാക്കുമ്പോള്‍ അനീതിയാകും ഉണ്ടാകുക. പക്ഷെ സമ്പന്നര്‍ക്കും ശിങ്കിടികള്‍ക്കും അത് ഗുണകരമാണ്.
ഗുണകരമായ കേവലവാദം
ഇങ്ങനൊക്കെയാണെങ്കിലും ഒരു കേവലവാദം ഗുണകരമാണതാണ്. അത് ശാസ്ത്രം ആണ്. സയന്‍സിന്റെ പ്രവര്‍ത്തന രീതി കേവലവാദപരമാണ്. നമുക്ക് ഓരോ വിഷയവും പഠിക്കാന്‍ അതിന്റേതായ കേവലമായ ഒരു ശാസ്ത്ര ശാഖയുണ്ടാകും. അതില്‍ തന്നെ അനേകം ചെറു ശാഖകളും ഉണ്ടാകും. അത് ഒരു കണ്ടുപിടുത്തം നടത്തുന്നു. പക്ഷെ അത്തരത്തിലുള്ള അനേകം ശാസ്ത്ര ശാഖകളില്‍ നിന്നുള്ള അറിവുകള്‍ പൊതു സമൂഹത്തില്‍ എത്തി ഒന്നാകുന്നത് സമൂഹത്തിന്റെ മുന്നോട്ട് പോക്കിനെ സഹായിക്കുന്നു. ശാസ്ത്രം കേവലമാകുന്നതുകൊണ്ട് പ്രത്യക്ഷത്തില്‍ കുഴപ്പമൊന്നുമില്ല. കാരണം നമ്മളല്ലല്ലോ പ്രപഞ്ചം സൃഷ്ടിച്ച് അതിന് നിയമം കൊടുത്തത്. അതുകൊണ്ട് പ്രപഞ്ചം അതിന്റെ വഴിക്ക് പൊക്കോളും. നമ്മുടെ തിരിച്ചറിന് മാത്രമേ മാറ്റം ഉണ്ടാകുന്നുള്ളു. (1)
പക്ഷേ മൂലധന ശക്തികളുടെ ലാഭത്തോടുള്ള ആര്‍ത്തി കാരണം ശാസ്ത്രത്തേയും കേവലമായ രീതിയില്‍ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് ജീവന്‍മരണ പ്രശ്നമായ കാലാവസ്ഥാ മാറ്റം പോലുള്ള പല വിഷയങ്ങളിലും നമുക്ക് ഇനിയും പരിഹാരം കണ്ടെത്താനാകാത്തത്.
ആരാണ് കേവലവാദി
കേവലവാദം എന്ന വാക്കിനെ ഒരു ശകാരപ്പേരായി ഉപയോഗിക്കുമ്പോഴാണ് നമുക്ക് ഈ ചോദ്യം ഉണ്ടാകുന്നത്. സത്യത്തില്‍ അങ്ങനെ ചാപ്പുകുത്താന്‍ എളുപ്പമല്ല. മിക്കവരും പലപ്പോഴും കേവലവാദം ഉന്നയിക്കാറുണ്ട്. സ്വന്തം വാദം ന്യായീകരിക്കാന്‍ ഏറ്റവും എളുപ്പം ഉപയോഗിക്കാവുന്ന ഒരു തന്ത്രമാണ് കേവലവാദം. എങ്കില്‍ തന്നെയും നമുക്ക് ഒരു കൂട്ടമായി കണക്കാവുന്ന ഒന്നാണ് വലതുപക്ഷക്കാര്‍. എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍ പൊതുജനങ്ങളുടെ കാര്യവരുമ്പോള്‍ മാത്രമാണ് അവര്‍ കേവലവാദികളായിരിക്കുന്നത്. സ്വന്തം കാര്യം വരുമ്പോള്‍ വളരെ വിശാലമായ ആഴത്തില്‍ ചിന്തിക്കുന്നവരും ആകും.
ചലനാവസ്ഥയിലെ സങ്കീര്‍ണ്ണ ലോകം
മനുഷ്യ സമൂഹം അനേകം ഘടകങ്ങളുള്ള അതി സങ്കീര്‍ണ്ണമായ ചലനാവസ്ഥയിലുള്ള ഒരു വ്യവസ്ഥയാണ്. അതിലെ ഒരു ഘടകത്തിന്റെ ഒരു നിമിഷം മാത്രം എടുത്ത് എന്തെങ്കിലും പരിഹാരം കണ്ടെത്താം എന്ന് കരുതുന്നത് വ്യാമോഹമാണ്. ദുരുദ്ദേശപരവും ആണ്.
രണ്ടാമതായി കേവലവാദം സാമൂഹ്യ പ്രശ്നങ്ങളില്‍ നടപ്പാക്കുമ്പോള്‍ അനീതിയാകും ഉണ്ടാകുക. തീര്‍ച്ചയായും സമ്പന്നരേയും അവരുടെ ശിങ്കിടികളേയും അത് സഹായിക്കും. എന്നാല്‍ മൊത്തം മനുഷ്യരാശിയുടെ നന്മ ആഗ്രഹിക്കുന്നവര്‍ക്കാര്‍ക്കും കേവലവാദത്തെ അംഗീകരിക്കാന്‍ കഴിയില്ല.
അതുകൊണ്ട് കേവലവാദം യാഥാര്‍ത്ഥ്യമാണ്. ചിലപ്പോള്‍ കള്ളവും ആയേക്കാം. എന്നാല്‍ അത് ഒരു ശകാരപ്പേരല്ല. അതിന്റെ പേരില്‍ ഇരവാദം ഉന്നയിക്കുന്നത് വലതുപക്ഷ തട്ടിപ്പാണ്. സമൂഹം എന്നത് നാം കൃത്രിമമായി നിര്‍മ്മിച്ചതാണ്. അതിന്റെ നിയമങ്ങളും നാം നിര്‍മ്മിച്ചതാണ്. അവിടെ നാം ഒരു ചെറു ന്യൂനപക്ഷത്തിന്റെ ലാഭത്തിനായി കേവലമായ അറിവ് വെച്ച് ജീവിച്ചാല്‍ ദുരന്തമായിരിക്കും ഫലം.
1. പ്രകൃതിശാസ്ത്രവും സാമൂഹ്യശാസ്തവും തമ്മിലുള്ള വ്യത്യാസം എന്താണ്
2. എന്താണ് കേവല യുക്തിവാദം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.