മലയാളി മാധ്യമപ്രവര്‍ത്തകരോട് ഒരു അപേക്ഷ

താങ്കള്‍ ടെലിവിഷനിലെ വാര്‍ത്തകള്‍ കാണുന്ന ആളാണോ? എങ്കില്‍ താങ്കള്‍ കാണുന്ന കുറ്റകൃത്യ വാര്‍ത്തകളുടെ എണ്ണം എത്രയെന്ന് നോക്കിയിട്ടുണ്ടോ? ഉണ്ടാവില്ല. കാരണം നാം വെറും നിഷ്ക്രിയ ചവറ്റുകുട്ടകളാണല്ലോ. എന്നാല്‍ അത് താങ്കള്‍ ഗൌരവത്തോടെ കാണണം എന്നാണ് എന്റെ അഭിപ്രായം.

ചില വാര്‍ത്തകള്‍ നോക്കൂ. തൊടുപുഴയില്‍ പ്രണയാംദേഹിയായ പുരുഷന്‍ പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ആ പെണ്‍കുട്ടിയുടെ അമ്മ ടെലിവിഷനിലെ ലൈവ് ബ്രേക്കിങ് ന്യൂസായാണ് സ്വന്തം മകളുടെ പേരും ചിത്രവും മൃതശരീരവും കാണുന്നത്. ഒരു നിയന്ത്രണവും ഇല്ലേ നിങ്ങള്‍ക്ക്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ രാജിവെച്ച് വേറെ പണിക്ക് പോകണം.

തിരുവന്തപുരത്ത് വനിത ഡോക്റ്ററെ രോഗി മര്‍ദ്ദിച്ചു. ആ ദൃശ്യങ്ങള്‍ അതേ പോലെ പ്രക്ഷേപണം ചെയ്ത് സായൂജ്യമടഞ്ഞു മാധ്യമ സിംഹങ്ങള്‍. റോഡില്‍ യുവാക്കള്‍ അതിവേഗതയില്‍ വാഹനം പായിക്കുന്നു. അതിന്റേയും ദൃശ്യം അതേപോലെ പ്രക്ഷേപണം ചെയ്ത് കൂടുതല്‍ പേരെ പ്രോത്സാഹിപ്പിച്ചു.

അക്രമങ്ങളേയും കുറ്റകൃത്യങ്ങളേയും ദൃശ്യങ്ങളും വാര്‍ത്തകളും നിരന്തരം ഇവര്‍ പ്രക്ഷേപണം ചെയ്യുന്നത് കണ്ടാല്‍ ഇത് ഇവര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൃത്യങ്ങളെന്ന് സംശയമുണ്ടാക്കുന്നതാണ്.

കാലുപിടിച്ച് താഴ്മയോടെ പറയുന്നു, ദയവ് ചെയ്ത് ഇത് ചെയ്യരുതേ

കുടുംബങ്ങളില്‍ പല പ്രായത്തിലുള്ള ആളുകള്‍ ഉണ്ടാകും. കൊച്ചുകുട്ടികളോടൊപ്പമിരുന്ന വാര്‍ത്താ ചാനല്‍ കാണുക അസാദ്ധ്യമായി തന്നെ മാറിയിരിക്കുകയാണ്. ക്രൂരമായ അക്രമങ്ങളുടെ വര്‍ണ്ണശബളമായ വിവരണമാണ് ചാനലുകള്‍ നടത്തുന്നത്. അത് ചെയ്തുകഴിയുമ്പോള്‍ തങ്ങളെന്തോ സ്വാതന്ത്ര്യ സമരം നടത്തി വിജയിച്ച ഭാവമാണ് അവതാരകര്‍ക്കുള്ളത്. അതും ഒരു പ്രചരണ സ്വഭാവമാണ്.

എങ്ങോ ഒരിടത്ത് ആരോ ഒരു കുറ്റകൃത്യം ചെയ്തു. ശരി. പക്ഷെ അത് എന്തിന് ഞാന്‍ അറിയണം? എന്തിന് 3.5 കോടി ആളുകളെ അറിയിക്കണം? കുറ്റകൃത്യം നടന്നാല്‍ ഈ രാജ്യത്ത് പോലീസും കോടതിയും ഒക്കെയുണ്ടെല്ലോ. അവര്‍ ഇടപെടും. സംഭവം നടന്ന ഉടന്‍ തന്നെ ലോകത്തെ മൊത്തം അറിയിക്കേണ്ട കാര്യമെന്താണ്?

സത്യത്തില്‍ ഇവര്‍ ചെയ്യുന്നത് പ്രേരണക്കുറ്റമാണ്. പണ്ട് സിനിമയില്‍ മാത്രമേ അക്രമം ദൃശ്യമായി കാണാറുണ്ടായിരുന്നുള്ളു. ഇന്ന് സകല ഊളകളും സ്മാര്‍ട്ട് (ഗൃഹപാഠം:ആര്‍ക്കാണിത് സ്മാര്‍ട്ട് എന്ന് കണ്ടെത്തുക. ചോദ്യം മനസിലായെങ്കില്‍!) എന്ന് വിളിക്കുന്ന ഫോണും പിടിച്ച് നടക്കുന്നതുകൊണ്ട് ചാനലിലും അക്രമം ദൃശ്യമായി എത്തുന്നു.

അക്രമം കാണുന്നതിന്റെ പ്രശ്നം

മനുഷ്യന്‍ എങ്ങനെ ചിന്തിക്കുന്നു എന്നത് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് conginive linguistics. അത് പ്രകാരം നിങ്ങള്‍ എന്തെങ്കിലും കാണുകയോ, കേള്‍ക്കുകയോ, വായിക്കുകയോ, ചിന്തിക്കുകയോ ചെയ്യുമ്പോള്‍ അത് എന്തിനെക്കുറിച്ചാണെങ്കിലും അത് ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന അതേ നാഡീശൃംഖലകള്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതായത് നിങ്ങള്‍ തന്നെ ആ പ്രവര്‍ത്തി തലച്ചോറില്‍ ചെയ്യുന്നു. നിരന്തരം അത്തരം കൃത്യങ്ങള്‍ കാണുമ്പോള്‍ ആ നാഡീശൃംഖലകള്‍ ശക്തമാകുകയും നാളെ സമാനമായ ഒരു സന്ദര്‍ഭത്തില്‍ നിങ്ങള്‍ എത്തപ്പെടുമ്പോള്‍ നിങ്ങളുടെ തന്നെ നിയന്ത്രണത്തെ മറികടന്ന് ആ നാഡീശൃംഖലകള്‍ ആ പ്രവര്‍ത്തി ചെയ്യുകയും നിങ്ങള്‍ കുറ്റവാളിയാകുകയും ചെയ്യുന്നു.

രണ്ടാമത്തെ പ്രശ്നം ഇത് കുറ്റകൃത്യത്തെ സാധാരണമാക്കുന്നു. ഓ ആ കൃത്യം ചെയ്യുന്നതില്‍ തെറ്റില്ല എന്ന സ്ഥിതിയിലേക്ക് വരുന്നു. കുറ്റവാളികള്‍ക്കും കുറ്റങ്ങള്‍ക്കും പ്രചരണം നടത്തുകയാണ് അവര്‍ ചെയ്യുന്നത്. കുറ്റവാളികളെ സെലിബ്രിറ്റികളായി കാണിക്കുന്നു. അവരുടെ അഭിപ്രായങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു. സിനിമയിലെ നായക കഥാപാത്രം അത് സിനിമയില്‍ അഭിനയിച്ച് ഉറപ്പിക്കുമ്പോള്‍ ധാരാളം പേരെയാണ് കുറ്റവാളികളായി മാറ്റുന്നത്.

നമുക്ക് മൂന്നരക്കോടി ആളുകളുണ്ട്. അതില്‍ വളരേറെ ആളുകള്‍ തൊഴിലില്ലാത്തവരാണ്. പലര്‍ക്കും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. വേണ്ടെത്ര വിദ്യാഭ്യാസമോ ചിന്താശേഷിയുള്ളവരോ അല്ല. വിവരക്കേടിന്റേയും തെമ്മാടിത്തരത്തിന്റേയും സ്രോതസ്സായ സിനിമയും സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളും മാത്രമാണ് അവരുടെ അറിവിന്റെ പരിധി. അവരുടെ മുമ്പിലേക്കാണ് മാധ്യമങ്ങള്‍ ഈ കുറ്റകൃത്യ പ്രചരണം നടത്തുന്നത്. അവര്‍ എല്ലാവരും ഒരേ പോലെ മാന്യമായി ചിന്തിക്കും എന്ന് കരുതുന്നത് വ്യാമോഹമാണ്.

അപേക്ഷ

നിങ്ങള്‍ക്ക് ശരിക്കും സമൂഹത്തില്‍ സമാധാനം ആഗ്രഹിക്കുന്നുവെങ്കില്‍ ഒരിക്കലും കുറ്റകൃത്യ വാര്‍ത്ത ഇതുപോലെ തല്‍സമയം കൊടുക്കരുത്. സംഭവങ്ങളെ പിന്‍തുടരുക. അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയോ മറ്റോ ഉണ്ടായാല്‍ ആ കാര്യം വാര്‍ത്തയാക്കാം. അപ്പോഴും കുറ്റകൃത്യത്തെ വിവരിക്കരുത്. വിവരണം പോലീസിനോട് നടത്തിയാല്‍ മതി. ജനങ്ങളോട് വേണ്ട.

നിങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ സത്യത്തില്‍ സംഭവിക്കുന്നത് മനുഷ്യവംശത്തെ തന്നെ തുടച്ചുനീക്കാന്‍ ശേഷിയുള്ള വലിയ പ്രശ്നങ്ങള്‍ക്ക് നേരെ കണ്ണടക്കുയാണ്.

ഒരു കാര്യം മനസിലാക്കുക. നിങ്ങള്‍ ഈ ചെയ്യുന്നത് മാധ്യമപ്രവര്‍ത്തനമല്ല. ഏഷണി പറച്ചിലും പരദൂഷണവും ആണ്. അതും തറ ആളുകളെക്കുറിച്ചുള്ളത്.

അതുകൊണ്ട് ഇനിയെങ്കിലും ഈ വാര്‍ത്താ ആഭാസം നിര്‍ത്തുക.

കൂടുതല്‍ വായനക്ക്:
1. https://neritam.com/2015/12/15/introduction-to-cognitive-linguistics/
2. https://neritam.com/2016/10/20/lp-school-kid-propaganda/

ഭാഗം 2: അക്രത്തോട് മാധ്യമങ്ങള്‍ എങ്ങനെ പ്രതികരിക്കണം

നോട്ട്:
വാര്‍ത്ത അറിയുക എന്നത് സാമൂഹ്യമായ ഒരു ആവശ്യകതയാണ്. ആ ആവശ്യകതയുടെ ഇടത്തിലേക്ക് കടന്നു കയറുന്നതുകൊണ്ടാണ് ഇവരെ മാധ്യമങ്ങള്‍ എന്ന് വിളിക്കുന്നത്. എന്ന് കരുതി നിങ്ങള്‍ ചെയ്യുന്ന തെമ്മാടിത്തരങ്ങള്‍ക്ക് ന്യായീകരണമല്ല നിങ്ങളെ ആശ്രയിക്കുന്ന ഞാന്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍. പറഞ്ഞത് മനസിലായോ, അതായത് വിമര്‍ശകര്‍ക്ക് നാളെ ഒരു ആവശ്യം വരുമ്പോള്‍ നിങ്ങള്‍ ഇടപെട്ടെന്ന് പറഞ്ഞ് ഞെളിയേണ്ടാ എന്നാണ് പറഞ്ഞത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ