സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്

ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ നാട്ടില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ വരെ ഇന്ന് അവക്കെ അടിമപ്പെടുന്നു ആ അവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാരും സര്‍ക്കാരേതര സംഘങ്ങളും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആരോഗ്യക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ജാഥകള്‍ ഒക്കെ നടത്തുന്നു. വാര്‍ത്താ മാധ്യമങ്ങളും ഇതിന് പൂര്‍ണ്ണ പിന്‍തുണ നല്‍കി ലേഖനങ്ങളും മറ്റ് വിവരങ്ങളും ഒക്കെ വളരെ ആത്മാര്‍ത്ഥയോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പക്ഷേ ഇതൊക്കെ ഫലവത്താവുന്നുണ്ടോ? ഇല്ലെന്നതാണ് ദുഖ സത്യം. അവയുടെ ഉപയോഗം വര്‍ദ്ധിക്കുക മാത്രമാണ് വാര്‍ത്തകളില്‍ നിന്ന് നമുക്ക് മനസിലാവുന്ന കാര്യം. അതുകൊണ്ട് നമ്മുെട ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു വിമര്‍ശന ബുദ്ധിയോടെ കാണേണ്ടത് ആവശ്യമായിരിക്കുകയാണ്.

ഒരു അനുഭവകഥ ആദ്യം പറയാം. അടുത്ത ദിവസം ലഹരിവിരുദ്ധ ജാഥയുണ്ടെന്നും അതിന് ലഹരിയുടെ ദോഷത്തെക്കുറിച്ച് ഒരു മുദ്രാവാക്യം എഴുതിയ ബോര്‍ഡുമായി വരണം എന്ന മൂന്നാം ക്ലാസ് കുട്ടിയോട് ക്ലാസ് ടീച്ചര്‍ ഒരു ദിവസം പറഞ്ഞു. കുട്ടി വീട്ടിലെത്തി ആദ്യം ചോദിച്ചത്, “അമ്മേ എന്താണ് ഈ ലഹരി” എന്നാണ്. കാരണം കുട്ടിക്ക് അത് എന്താണെന്ന് അറിയില്ല. ശരീരത്തിന് ദോഷമുണ്ടാക്കുന്ന ചില രാസവസ്തുക്കളാണെന്ന് പറഞ്ഞ് അമ്മ തടിയൂരി. “ആരോഗ്യമുള്ള തലമുറക്കായി ലഹരി ഉപേക്ഷിക്കുക” എന്നൊരു മുദ്രാവാക്യവുമെഴുതിയ ബോര്‍ഡുമായി കുട്ടി അടുത്ത ദിവസം സ്കൂളിലെ ജാഥക്ക് പോകുകയും ചെയ്തു.

മൂന്നാം ക്ലാസിലെ കുട്ടിയെ സംബന്ധിച്ചടത്തോളം ലഹരി എന്നത് പുതിയ ഒരു വാക്കാണ്. (എല്ലാവരും അങ്ങനെയാവണമെന്നില്ല.) അത്തരം കുട്ടിയെ നാം ലഹരി എന്താണെന്ന് പഠിപ്പിച്ചുകൊടുക്കുകയാണ് ആദ്യം ചെയ്യുന്നത്. കുട്ടികള്‍ക്ക് രക്ഷകര്‍ത്താക്കള്‍ മാത്രമല്ലല്ലോ വിവര സ്രോതസ്സ്. സഹപാഠികളും സുഹൃത്തുക്കളുമൊക്കെ അവരറിഞ്ഞ വിവരങ്ങളൊക്കെയും പങ്കുവെക്കാം. അങ്ങനെ മൊത്തത്തില്‍ രക്ഷകര്‍ത്താക്കളും അദ്ധ്യാപകര്‍ക്കും പറയാന്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളുള്‍പ്പടെ ആശയക്കുഴപ്പത്തിന്റെ വലിയൊരു കൂട്ടമായാണ് കുട്ടി അതിനെ കാണുന്നത്.

അല്‍പ്പം ശാസ്ത്രം

ഭാഷയിലെ ഓരോ വാക്കിനേയും പ്രതിനിധാനം ചെയ്യുന്ന ഓരോ ന്യൂറല്‍ സര്‍ക്ക്യൂട്ട് നമ്മുടെ തലച്ചോറിലുണ്ട്. ആ സര്‍ക്ക്യൂട്ടിലൂടെ വൈദ്യുത-രാസ സിഗ്നലുകള്‍ പായുമ്പോഴാണ് ആ ആശയം നമുക്ക് മനസിലാവുന്നത്. തലച്ചോറിന് വേറൊരു കുഴപ്പമുണ്ട്. അതിന് ആശയങ്ങളെ(ചിന്തകളെ) ഇല്ലാതാക്കാന്‍(negate) കഴിയില്ല. അതായത് ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കാതിരിക്കണം എന്ന പ്രവര്‍ത്തി അതിന് ചെയ്യാനാവില്ല. അതിനെക്കുറിച്ച് താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ? എന്ന ലേഖനത്തില്‍ പറയുന്നുണ്ട്.

അതുകൊണ്ട് പുകവലി പാടില്ല എന്ന് നാം പറയുമ്പോള്‍ സത്യത്തില്‍ തലച്ചോര്‍ ആദ്യം ചെയ്യുന്നത് പുകവലിയെക്കുറിച്ചുള്ള വിവരങ്ങളും അനുഭവങ്ങളും ചിന്തകളുമൊക്കെ അടങ്ങുന്ന അതിന്റേതായ മൊത്തം ന്യൂറല്‍ സര്‍ക്ക്യൂട്ടുകളെ പ്രവര്‍ത്തനക്ഷമമാക്കിവെക്കുന്നു. തലച്ചോറ് പ്രവര്‍ത്തനക്ഷമമാക്കുന്നു എന്ന് പറഞ്ഞാല്‍ ആ കോശങ്ങളിലേക്ക് കൂടുതല്‍ രക്തം, അതായത് കൂടുതല്‍ ഓക്സിജനും ഊര്‍ജ്ജവും പോഷകങ്ങളും എത്തിക്കുന്നു എന്ന് സാരം. കൂടുതല്‍ പോഷകങ്ങള്‍ കിട്ടിയാല്‍ സാധാരണ ശരീരത്തിന് എന്താണ് സംഭവിക്കുന്നത്? ആരോഗ്യം കൂടും, ശക്തികൂടും, വലിപ്പം കൂടും. പേശി വ്യായാമം ചെയ്യുന്നത് പോലെ. തലച്ചോറും ഒരു പേശിയാണ്. അതുകൊണ്ട് ഏത് ആശയത്തെക്കുറിച്ചാണോ നാം ചിന്തിച്ചത് അതിന് വേണ്ട ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ക്ക് ശക്തി കൂടും. അത് പുകവലിയെക്കുറിച്ചാണെങ്കില്‍ പുകവലിയുടെ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ ശക്തമാകുന്നു.

ഇതുവരെ തലച്ചോര്‍ പുകവലി വേണോ വേണ്ടയോ എന്ന തീരുമാനം എടുത്തിട്ടില്ല. ആ തീരുമാനം നാം ബോധപൂര്‍വ്വമായി എടുക്കുന്ന ഒന്നാണ്. അതിനെ നിയന്ത്രിക്കുന്നത് ബോധമനസാണ്. അതുകൂടാതെ നമുക്കൊരു വൈകാരിക മനസുമുണ്ട്. പേടി, ദേഷ്യം, ആസക്തി തുടങ്ങിയ വികാരങ്ങള്‍ക്ക് കാരണമായ ഭാഗം. അത് പുരാതനവും കൂടുതല്‍ ആഴത്തിലുള്ളതും കൂടുതല്‍ ശക്തവുമായ തലച്ചോറിന്റെ ഭാഗമാണ്. കാണുക താങ്കള്‍ക്കെത്ര ബോധമുണ്ട്?

ഇനി തീരുമാനം എങ്ങനെ എടുക്കുന്നു എന്ന് നോക്കാം. നാം പരിഗണിച്ച ലഹരി വസ്തുവിനെക്കുറിച്ചുള്ള എല്ലാ ന്യൂറല്‍ സര്‍ക്ക്യൂട്ടുകളും പ്രവര്‍ത്തനക്ഷമമായി. ഇനി തീരുമാനം എടുക്കണം. അത് സര്‍ക്ക്യൂട്ടിന്റെ ശക്തിയെ ആശ്രയിച്ചാണ്. അതായത് ഏറ്റവും കൂടുതല്‍ ശക്തിയുള്ള ന്യൂറല്‍ സര്‍ക്ക്യൂട്ടു് ആവും ആധിപത്യം. ബോധമനസിലെ ലഹരിയുടെ ദോഷങ്ങളെക്കുറിച്ചുള്ള സര്‍ക്ക്യൂട്ടുകള്‍ക്കാണ് ശക്തിയെങ്കില്‍ നാം ലഹരി വേണ്ട എന്നും വൈകാരികമനസിലെ സര്‍ക്ക്യൂട്ടുകള്‍ക്കാണ് ശക്തിയെങ്കില്‍ വേണം എന്നും ഒക്കെ തീരുമാനങ്ങളെടുക്കും.

പൊതുവേ ബോധ മനസിനേക്കാള്‍ ശക്തമാണ് വൈകാരിക മനസ്. മനസ് എന്നത് ഒരു സര്‍ക്യൂട്ടല്ല. ഓരോ വാക്കും ഒരു സര്‍ക്യൂട്ടാണ്. അതായത് നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ ബോധപൂര്‍വ്വമായി തീരുമാനമെടുക്കാനായേക്കും. എന്നാല്‍ മറ്റ് ചിലതില്‍ വൈകാരികമായ തീരുമാമാകും പ്രവര്‍ത്തിക്കുക. പരിശീലനം (ആവര്‍ത്തനം) കൊണ്ടാണ് സര്‍ക്യൂട്ടുകള്‍ക്ക് ശക്തി കിട്ടുന്നത്. എപ്പോഴും വെള്ളം ഒഴുകിപ്പോകുന്ന പൈപ്പില്‍ തടസങ്ങളുണ്ടാവില്ല. എന്നാല്‍ അപൂര്‍വ്വമായി വെള്ളം ഒഴുകുന്ന പൈപ്പ് തുരുമ്പിച്ചോ മറ്റോ അടഞ്ഞ് പോകുന്നത് പോലെ. (മനസിലാക്കാനും എഴുതാനുമുള്ള സൌകര്യത്തിന് ലളിതവല്‍ക്കരിച്ചാണ് ഇവിടെ എഴുതിയിരിക്കുന്നത്. കാര്യങ്ങള്‍ സത്യത്തില്‍ വളരെ സങ്കീര്‍ണ്ണമാണ്.)

ലഹരി വേണ്ട എന്ന് പറയുന്നത്

കുട്ടികളെക്കുറിച്ച് മിക്കവരും പറയുന്ന ഒരുകാര്യമുണ്ട്. അവന്‍-അവള്‍ ഒരക്ഷരം പറഞ്ഞാല്‍ കേള്‍ക്കില്ല. നമ്മള്‍ വേണ്ട എന്ന് പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. (കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?) പ്രതികരിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍ വിരോധം തോന്നുന്ന അദ്ധ്യാപര്‍ പറയുന്നതിനെ എതിരെ പ്രവര്‍ത്തിക്കുക എന്നതും സാധാരണമാണ്.

നമ്മുടെ ആവശ്യം കുട്ടികളിലെ ലഹരി ഉപയോഗം കുറക്കുക എന്നതാണ്. ഇക്കണക്കിന് നമുക്കതിനെക്കുറിച്ച് പറയാനും ആവുന്നില്ല. പിന്നെ പൂച്ചക്കെങ്ങനെ മണികെട്ടും? പൂച്ചക്ക് മണികെട്ടിക്കൊടുക്കാന്‍ ശ്രമിക്കുന്നതാണ് കുഴപ്പം. അതിന് പകരം പൂച്ച സ്വയം മണികെട്ടിയാലോ? അതാണ് സത്യത്തില്‍ നാം ചെയ്യേണ്ടത്. അതിനേ ഫലമുണ്ടാവൂ. പൂച്ചയെക്കൊണ്ട് സ്വയം മണികെട്ടിക്കണം.

യഥാര്‍ത്ഥ വില്ലന്‍

കള്ളന്‍ കപ്പലില്‍ തന്നെ എന്ന് പറയുന്നത് പോലെ ഈ ദുരന്തത്തിന്റെ കാരണക്കാരായ യഥാര്‍ത്ഥ വില്ലന്‍ നമ്മുടെ കൂടെയുണ്ട്. അത് മറ്റാരുമല്ല, നമ്മുക്ക് ഏറ്റവും പ്രീയപ്പെട്ട സിനിമ, ടെലിവിഷന്‍, പരസ്യങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ്. ആശയങ്ങള്‍ നമ്മളിലെത്തുന്നത് മാധ്യമങ്ങളില്‍ കൂടിയാണ്. ആ മാധ്യമങ്ങളില്‍ എന്താണ് പ്രചരിക്കുന്നത്? അത് എങ്ങനെ നമ്മേ ബാധിക്കുന്നുവെന്ന് മുമ്പ് മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും എന്ന ലേഖനത്തില്‍ വിശദീകരിച്ചത് ശ്രദ്ധിക്കുക.

റിക്കോഡ് ചെയ്ത് പ്രദര്‍ശിപ്പിക്കുന ദൃശ്യ കലകള്‍ക്ക് ഈ കാലത്ത് വലിയ പ്രചാരമാണ് ലഭിക്കുന്നത്. വളരെ എളുപ്പത്തിന് ലാഭം നേടാനുള്ള ഒരു മാര്‍ഗ്ഗമായതിനാലാണ് അത്. കാരണം ഒരിക്കല്‍ റിക്കോഡ് ചെയ്താല്‍ പിന്നെ എത്ര പ്രാവശ്യം പ്രദര്‍ശിപ്പിച്ചാലും അതിന് അധികം ചിലവ് വരുന്നില്ലല്ലോ. അതാണ് ഈ കൊള്ള ലാഭത്തിന്റെ കാരണം. കൂടുതല്‍ വൈകാരികവും മൃഗീയവും വിവാദപരവുമായവയാവും കൂടുതല്‍ വില്‍ക്കുക. സിനിമക്ക് കിട്ടുന്ന സമ്പത്തിനോടൊപ്പം സിനിമാക്കാര്‍ക്ക് കിട്ടുന്ന സാമൂഹ്യ അംഗീകാരവും വര്‍ദ്ധിച്ചു. അങ്ങനെ പണ്ട് മാന്യതയല്ലാത്ത പല കുറ്റകൃത്യങ്ങളേയും ദുശീലങ്ങളേയും മാന്യമാക്കുന്ന ധര്‍മ്മവും കൂടി ഇവര്‍ ചെയ്യുന്നു. അതാണ് കുട്ടികളിലേ പോലും ലഹരി ഉപയോഗത്തിന്റെ കാരണം.

പത്രങ്ങളും മറ്റ് മാസികളകളും ആത്മാര്‍ത്ഥയോടെ ലഹരിവിരുദ്ധ ലേഖനങ്ങളും പരിപാടികളും കൊടുക്കാറുണ്ട്. എന്നാല്‍ അതില്‍ പോലും ആളുകള്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ആകര്‍ഷകമായ ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിച്ച് കൂടുതല്‍ ഭംഗിയാക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത് ലഹരിയെ എതിര്‍ക്കുന്നതിന് പകരം ലഹരിക്ക് പ്രചാരം നല്‍കുന്ന വിപരീത ഫലമാണുണ്ടാകുന്നത്.

എന്താണ് നാം ചെയ്യേണ്ടത്

ലഹരിക്കുള്ള സാമൂഹ്യ മാന്യത ഇല്ലാതാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. രണ്ടാമതായി ലഹരിയുടെ പ്രചരണം തടയുക. ഇത് രണ്ടും ചെയ്യേണ്ടത് സിനിമ ഉള്‍പ്പെടെയുള്ള പൊതു മാധ്യമങ്ങളാണ്. അവയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ആശയങ്ങള്‍ക്ക് വലിയ പ്രാധാന്യമാണ്.

മൂന്ന് മണിക്കൂര്‍ നീളത്തില്‍ വികാരപരമായി ലഹരിയുടെ ഉപയോഗം കാണിച്ച് കൊടുത്തിട്ട് അവസാന നിമിഷം നായകന്‍ ലഹരി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തിട്ട് ഒരു കാര്യവുമില്ല. മുഴുവന്‍ സമയവും ലഹരിയുടെ പ്രചരണമല്ലേ നടന്നത്. അതുപോലെ മറ്റ് മാധ്യമങ്ങളും ലഹരി വേണ്ടേ വേണ്ട എന്ന് ഗ്വാഗ്വാ വിളിക്കുന്ന ലേഖനങ്ങളുടെ പരമ്പരകളും പ്രഭാഷണങ്ങളും നടത്തുന്നു. ലഹരിവിരുദ്ധ പ്രവര്‍ത്തനം എങ്ങനെയായിരിക്കണമെന്ന പഠനം കൂടിയാണിത്. അങ്ങനെ പൊതു മനസില്‍ ഇതാണ് ലഹരിവിരുദ്ധ പ്രവര്‍ത്തനം എന്ന് വരുത്തിതീര്‍ക്കുന്നു. ശത്രുവിന് മുറിവേല്‍ക്കാന്‍ പാടില്ല, എന്നാല്‍ ശത്രുവിനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന തോന്നലും ജനമനസില്‍ ഉണ്ടാവണം. ഇതാണ് അവരുടെ തന്ത്രം. സത്യത്തില്‍ ചിലപ്പോള്‍ അവര്‍ അറിഞ്ഞുകൊണ്ട് ഇത് ചെയ്യണമെന്നില്ല. മുതലാളിത്തം സ്വയം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥയാണ്.

താന്‍ ലഹരി ഉപയോഗിക്കുന്ന വ്യക്തിയാണ് എന്ന് പൊതു സ്ഥലത്ത് വിളിച്ച് പറഞ്ഞ് പൊങ്ങച്ചം കാണിക്കുന്ന സെലിബ്രിറ്റികളുണ്ട്. അത്തരക്കാരാണ് ലഹരിയുടെ മറ്റൊരു കൂട്ടം പ്രചാരകര്‍. നമ്മുടെ നാട്ടില്‍ ലഹരിയുടെ പരസ്യം കൊടുക്കാന്‍ നിയമം തടസമാണ്. അതിനെ മറികടക്കാനാണ് സെലിബ്രിറ്റികള്‍ ഇങ്ങനെ പറയുന്നത്. പ്രത്യേകിച്ച് പരസ്യത്തിന്റെ കാര്യമില്ലല്ലോ. മാധ്യമങ്ങള്‍ അത് വാര്‍ത്തയും ആക്കും. അതുപോലെ വാര്‍ത്താ മാധ്യമങ്ങളിലെ ലഹരി വില്‍പ്പനയുടെ കണക്കെടുപ്പ്, ലഹരി ഉപയോഗിക്കുമ്പോള്‍ ചെയ്യേണ്ട മുന്‍കരുതല്‍ തുടങ്ങിയ ലഹരി അനുകൂല വാര്‍ത്തകള്‍.

മാധ്യമങ്ങള്‍ സാമൂഹ്യവിരുദ്ധമായിരിക്കുന്നടത്തോളം സമൂഹത്തിന്റെ സ്വഭാവം ഇങ്ങനയേ ഇരിക്കൂ. പക്ഷേ ലാഭം എന്ന കനി കാരണം അവര്‍ ഒരിക്കലും സ്വയം അത് ചെയ്യില്ല. അതുകൊണ്ട് അവരില്‍ ഇതൊരു പ്രശ്നമാണെന്ന് തോന്നിക്കണമെങ്കില്‍ അവര്‍ക്ക് ഇങ്ങനെ കിട്ടുന്ന ലാഭത്തിന്റെ അളവ് കുറയണം. ബഹിഷ്കരണമാണ് അതിന്റെ വഴി.

  • നടീനടന്‍മാര്‍ സിനിമയില്‍ ലഹരി ഉപയോഗിക്കുന്നതായി അഭിനയിക്കുന്നത് സമൂഹത്തില്‍ ലഹരിയുടെ മാന്യത വര്‍ദ്ധിപ്പിക്കുകയേയുള്ളു. സിനിമകളിലെ ലഹരി ഉപയോഗ ചിത്രീകരണങ്ങള്‍ നിരോധിക്കുക. ഒരിക്കലും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആകര്‍ഷകമായ ചിത്രങ്ങളോ വീഡിയോകളോ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. വെറുതെ ഹാനീകരം എന്ന് വശത്ത് എഴുതിയതുകൊണ്ട് കാര്യമില്ല. അത്തരം രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കാനേ പാടില്ല. പക്ഷേ അത് നടക്കുന്ന കാര്യമല്ല. സാമൂഹ്യദ്രോഹി കലാകാരന്റെ ആവിഷ്കാര മണ്ണാങ്കട്ട തേഞ്ഞ് പോകും.
  • കുട്ടികളില്‍ സിനിമക്കുള്ള പ്രാധാന്യം കുറക്കുക. സിനിമകളെക്കുറിച്ചും താരങ്ങളെ കുറിച്ചും സംസാരിക്കാതിരിക്കുക. യഥാര്‍ത്ഥ ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ ധാരാളമുള്ളപ്പോള്‍ അനുകരണം മാത്രം കഴിവായുള്ള ഇവര്‍ക്കെന്തിന് അമിത പ്രാധാന്യം കൊടുക്കുന്നു. പകര്‍പ്പവകാശം എന്ന കത്തിയാണ് സിനിമയുടെ സാമ്പത്തിക സ്രോതസ്സ്. അതിന് പകരം പകര്‍പ്പുപേക്ഷ പോലുള്ള ആശയങ്ങളുപയോഗിക്കുന്ന സ്വതന്ത്ര കലാ വിതരണ രീതിയ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക.
  • സര്‍ക്കാരിന് ചെയ്യാവുന്നത് നികുതിദായകരുടെ പണം ഉപയോഗിച്ച് അത്തരം സിനിമക്ക് അവാര്‍ഡുകള്‍ കൊടുക്കാതിരിക്കുക എന്നതാണ്. എത്രയോക്കെ കലാമൂല്യമുണ്ടായാലും സര്‍ക്കാര്‍ പണം മുടക്കി അവയെ പ്രചരിപ്പിക്കരുത്. ഈ തീരുമാനം എല്ലാവരേയും അറിച്ച് വേണം ചെയ്യാന്‍. അല്ലെങ്കില്‍ ‘നല്ല സിനിമക്ക്’ അവാര്‍ഡ് കിട്ടിയില്ല എന്ന പരാതിയുണ്ടാവും. (സത്യത്തില്‍ നല്ല സിനിമ എന്നൊന്നില്ല.)
  • ലഹരി പ്രചരണം നടത്തുന്ന സെലിബ്രിറ്റികളെ സാമൂഹ്യദ്രോഹികള്‍ എന്ന സ്ഥാനം കൊടുത്ത് അപമാനിക്കണം. അവര്‍ എന്ത് ചെയ്തു എന്ന് വിശദീകരിക്കരുത്. അങ്ങനെ ചെയ്താല്‍ വിപരീത ഗുണമാകും ഉണ്ടാകുക. എത്രയൊക്കെ നേട്ടം അവര്‍ അവരുടെ മണ്ഡലത്തില്‍ നേടിയാലും അവരെ സാമൂഹ്യദ്രോഹി നടി ___, സാമൂഹ്യദ്രോഹി നടന്‍ ___, സാമൂഹ്യദ്രോഹി എഴുത്തുകാരന്‍ ___, എന്ന് തന്നെ സംബോധന ചെയ്യണം. സര്‍ക്കാര്‍ ഒരിക്കലും അത്തരക്കാര്‍ക്ക് വേദികള്‍ കൊടുക്കരുത്.
  • താരങ്ങളെ സര്‍ക്കാര്‍ പരിപാടികളുടെ അംബാസിഡര്‍മാരായി സര്‍ക്കാര്‍ നിയോഗിക്കരുത്. താരങ്ങള്‍ സാമൂഹ്യ ദ്രോഹികളാണ്. പരിപാടി പരാജയപ്പെട്ടാലും സാരമില്ല, ഈ സാമൂഹ്യദ്രോഹികള്‍ക്ക് അംഗീകാരമുണ്ടാക്കി കൊടുക്കരുത്. നല്ല സിനിമ എന്നൊന്നില്ല.

ഏറ്റവും പ്രധാനപ്പെട്ട് കാര്യം: LP സ്കൂള്‍ കുട്ടികളെ ഒരു കാരണവശാലും സ്വഭാവത്തില്‍ ‘വേണ്ട’ എന്ന അര്‍ത്ഥം വരുന്ന negative പ്രചാരവേലക്ക് ഉപയോഗിക്കരുത്. ‘വേണം’ എന്നതാവണം മുദ്രാവാക്യം. അതിന് ആശയത്തെ തിരിച്ചിട്ട് positive ആയ ‘ആരോഗ്യം വേണം’ എന്നത് പോലെയോ മറ്റോആയി മാറ്റുക. പ്രചരണപരിപാടികളല്താത്ത, വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന പഠനങ്ങളില്‍ സദസിന്റെ പൂര്‍ണ്ണമായ ശ്രദ്ധയുണ്ടെന്ന ഉറപ്പുണ്ടെങ്കില്‍ നമുക്ക് അവയുടെ ദോഷവശങ്ങള്‍ വ്യക്തമാക്കുന്നതില്‍ തെറ്റില്ല.

ലഹരിയുടെ കാര്യത്തില്‍ സിനിമ ഉള്‍പ്പെട്ട എല്ലാ മാധ്യമങ്ങളേയും നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ നമ്മുടെ വരും തലമുറ കൂടുതല്‍ ലഹരിക്കടിമപ്പെടവരാകുകയേയുള്ളു. കാരണം കടുത്ത ദുരിതങ്ങളുടെ കാലമാണ് വരാന്‍ പോകുന്നത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )