മാധവനെ നാണിപ്പിക്കുന്ന മാധവചരിതം

പ്രപഞ്ചത്തിലെ അല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യ സമൂഹത്തിലും അങ്ങനെയാണ്. ഒന്നിനും ഒറ്റക്ക് നിൽക്കാനാകില്ല. മനുഷ്യ സൃഷ്ടികളായ ശാസ്ത്രവും സാങ്കേതികവിദ്യകളും അങ്ങനെയാണ്, പലപ്പോഴും നാം ആ സങ്കീർണ്ണതകളേയും വലിപ്പത്തേയും കുറിച്ച് അറിയാറില്ല. നാം ജീവിക്കുന്ന വ്യവസ്ഥ അത്തരം പരസ്പരബന്ധങ്ങളേയും സങ്കീർണ്ണതകളേയും വലിപ്പത്തേയും കമ്പോളം, പണം തുടങ്ങിയ മറകൾ ഉപയോഗിച്ച് മറച്ച് വെക്കുന്നു.

ഉദാഹരണത്തിന് നമ്മുടെ സ്മാർട്ട് ഫോൺ എന്ന പട്ടിഫോൺ വാങ്ങുന്നു എന്ന് കരുതുക. (അതിനോടുള്ള വിധേയത്വം മാറ്റാനായി അത് നമുക്ക് താഴെയാണെന്ന തോന്നൽ നമുക്കുണ്ടാകണം. അല്ലെങ്കിൽ അത് നമ്മളെ പട്ടിയാക്കും). അതിനായി നാം കടയിൽ പോയി, ഇഷ്ടപ്പെട്ട ഒരു മോഡൽ തെരഞ്ഞെടുത്തു, പണം കൊടുത്തു ഒരു ഫോൺ സ്വന്തമാക്കുന്നു. ഇവിടെ ഫോൺ മാത്രമേ നാം കാണുന്നു. പാൽ പ്ലാസ്റ്റിക് കവറിൽ സൂപ്പർമാർക്കറ്റിൽ ഉണ്ടാകുന്നതായാണ് കുട്ടികൾ മനസിലാക്കുന്നത് പോലെ.

എന്നാൽ ആ ചെറു ഉപകരണം പോലും അനേകായിരം ഘടകങ്ങളുള്ളതാണ്. ഹാർഡ്‍വെയർ, സോഫ്റ്റ്‍വെയർ എന്ന് രണ്ടായി അവയെ വിഭജിക്കാം. ഹാർഡ്‍വെയറിൽ രണ്ട് പ്രോസസറുകൾ, മെമ്മറി, മോഡം, RF ട്രാൻസീവർ, പവർ ചിപ്പ്, ഡിസ്പ്ലേ, വയർലെസ് ചിപ്പ്, സാണ്ട് ചിപ്പ്, ജൈറോസ്കോപ് തുടങ്ങി ഒരു കൂട്ടം സെൻസറുകൾ, ടച്ച് സ്ക്രീൻ, ബാറ്ററി, ലോഹ ഭാഗങ്ങൾ അങ്ങനെ പോകുന്നു. സോഫ്റ്റ്‍വെയർ രംഗത്താണെങ്കിൽ ഹാർഡ്‍വെയറിൽ കണ്ടത് പോലെ ധാരാളം ഘടകങ്ങളുള്ള കടല് പോലുള്ള ഓപ്പറേറ്റിങ് സിസ്റ്റും, ഡ്രൈവറുകൾ, ഫംവെയറുകൾ, ആപ്പുകൾ എന്ന് വിളിക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമുകൾ. ഇനി ഈ ഫോണിനെ നിർമ്മിക്കുന്നതും കവറ് ചെയ്യുന്നതുമായ പെട്രോളിയത്തിൽ നിന്ന് നിർമ്മിക്കുന്ന പ്ലാസ്റ്റിക്. അങ്ങനെ എത്ര വിപുലമായ കാര്യങ്ങൾ. ഇതിന്റെ എല്ലാം അടിത്തറയായുള്ളത് ശാസ്ത്രവും ഗണിതവും ആണ്. അതും ഇതുപോലെ വിപുലവും പരസ്പര ബന്ധമുള്ള അനേകം ചെറു ശാഖകളായി പിരിഞ്ഞതും ആണ്.

ഇതെല്ലാം ആരുണ്ടാക്കി? അതിനും കമ്പോളം ഒരു കഥ നമ്മേ പഠിപ്പിക്കും. ഏതോ ഒറ്റപ്പെട്ട മുറിയിലിരുന്ന് കഷ്ടപ്പെട്ട് ഒരു ശാസ്ത്രജ്ഞൻ ഇതെല്ലാം കണ്ടുപിടിച്ച് നമുക്ക് തന്നതാകും. ഹോ ഇതൊക്കെ സമ്മതിച്ചവനെ സമ്മതിക്കണം എന്ന് മിക്കവരും പറയുന്നത് കേട്ടിട്ടുണ്ടാകും. നമ്മുടെ പൊതു ബോധം ഒരു നായകനെ കണ്ടെത്താനുള്ള രീതിയിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒറ്റ ഒരു നായകനെ കണ്ടെത്താനും അയാൾക്ക് ദാസനാകാനുമുള്ള ശ്രമം. ഇനി നായകൻ പ്രശസ്തനായില്ലെങ്കിലോ. അപ്പോൾ നമ്മൾ അയാളെ ഒരു ശത്രു ചതിച്ചതാണ്. എല്ലാം അയാളിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയി.

എന്നാൽ ലക്ഷക്കണക്കിന് വ്യക്തികളുടെ കൂട്ടായ പല കാലത്തെ പ്രവർത്തനങ്ങളാണ് ഈ സൃഷ്ടിയുണ്ടാക്കിയത്. അതിൽ കൂടുതലും ജനങ്ങളുടെ നികുതിപ്പണത്താൽ സർക്കാർ ചിലവാക്കി നിർമ്മിച്ചവയാണ്. കൂട്ടായ ശ്രമത്തോടൊപ്പം അറിവുകൾ രേഖപ്പെടുത്തി വെക്കുകയും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുകയും ചെയ്തതുകൊണ്ടാണ് മനുഷ്യവംശത്തിന് കഴിഞ്ഞ പതിനായിരം കൊല്ലങ്ങൾ കൊണ്ട് ഈ കാണുന്ന മാറ്റങ്ങളെല്ലാം ഉണ്ടായത്. അറിവിനെ കുറിച്ചുള്ള പഴയ പാഠപുസ്തകത്തിലെ ഒരു കവിത പോലെ ആണത്.

കൊണ്ടുപോകില്ല ചോരൻമാർ
കൊടുക്കും തോറുമേറിടും
വിദ്യ തന്നെ സർവ്വ ധനാൽ പ്രധാനം.

ദുർബലനായ മനുഷ്യന് ഈ ഭൂമിയിൽ ജിവിക്കാനാകുന്നത് ആ പങ്കുവെക്കലും സഹകരണവും കൊണ്ടാണ്. അങ്ങനെ തലമുറകാളായി തുടരന്ന പരസ്പര സഹകരണത്തിന്റേയും പങ്കുവെക്കലിന്റെ വലിയ വിജയത്തിന്റെ കഥകളാണ് നാം ഇന്നുകാണുന്ന എല്ലാ ശാസ്ത്ര സാങ്കേതികതാ കണ്ടുപിടുത്തങ്ങളും. ഇതിൽ കേവലം ഒറ്റ ഒരു വ്യക്തിക്ക് ഒരു പ്രാധാന്യവുമില്ല. ഒരു കൂട്ടർ ഒരു കണ്ടുപിടിത്തം നടത്തിയില്ലെങ്കിൽ വേറൊരു കൂട്ടരെ കൊണ്ട് സാമൂഹിക ആവശ്യം അത് ചെയ്യിക്കും.

മാധവനെ ആരെങ്കിലും അവഗണിച്ചോ

ഗണിതശാസ്ത്രത്തിലെ അതികായകൻമാർ. 1981. KSSP

സാഹിത്യം, കല രംഗത്തുള്ളവർ പിന്നീട് ശാസ്ത്രം (പോപുലർ ശാസ്ത്രം) കൈകാര്യം ചെയ്യുമ്പോൾ ഹിമാലയം പോലുള്ള ആത്മവിശ്വാസം കാണിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ശാസ്ത്രപ്രചാരകരും, യുക്തിവാദികളും, എസൻഘികളും ഒക്കെ അതിൽ പെടും. എസൻഘികൾക്കാണ് ഏറ്റവും ആത്മവിശ്വാസം. കണ്ടുപിടിച്ചവൻ സംശത്തോടെ സംസാരിക്കൂ, എന്നാൽ ഇവർക്ക് അപാര ആത്മവിശ്വാസമാണ്. ഒന്നും അറിയാത്തതിൽ നിന്ന് വരുന്ന ഒരു മിധ്യാധാരണാണിത്. കാര്യങ്ങൾ നിങ്ങളുദ്ദേശിക്കുന്നത് ലളിതമല്ല.

ഗണിതശാസ്ത്രത്തിലെ അതികായകൻമാർ. 1981. KSSP

സംഗമഗ്രാമ മാധവന്റെ കാര്യവും അങ്ങനെയാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളിലൂടെയാണ് ഞാൻ മാധവനെക്കുറിച്ച് അറിഞ്ഞത്. 1986 ൽ മാധവനെക്കുറിച്ചും കൂടിയുള്ള ഒരു പുസ്തകം – ഗണിതശാസ്ത്രത്തിലെ അതികായകൻമാർ – സഞ്ചിയിൽ തൂക്കി വീട് വീടാന്തരം കേറി നടന്ന് വിൽപ്പന നടത്തിയവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. അത് ആ പുസ്തകത്തിന്റെ രണ്ടാം പതിപ്പായിരുന്നു. 1981 ൽ ആയിരുന്നു അതിന്റെ ഒന്നും പതിപ്പ് പരിഷത്ത് പ്രസിദ്ധപ്പെടുത്തിയത്. അത് കൂടാതെ ശാസ്ത്രഗതി, ശാസ്ത്രകേരളം, യുറീക്ക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെല്ലാം ഇൻഡ്യയിലെ ശരിക്കുള്ള ശാസ്ത്ര ഗവേഷണ കണ്ടുപിടുത്തങ്ങളെക്കുറിച്ച് ലേഖനങ്ങൾ വരാറുണ്ടായിരുന്നു.

മാധവന്റെ സംഭാവനകൾ

ഗണിത ശാസ്ത്രമായിരുന്നു 14ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവന്റെ പ്രധാന പ്രവർത്തന രംഗം. infinite series, കാൽക്കുലസിന്റെ പ്രാരംഭ രൂപം, പൈയുടെ മൂല്യം 11 അക്കത്തിൽ, ജ്യോതിശാസ്ത്രത്തിലെ മാതൃകകളെ മെച്ചപ്പെടുത്തൽ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ. സമയം കണ്ടെത്താനും, കാലം അളക്കാനും (ദിവസം, മാസം, വർഷം), ഗ്രഹണം പ്രവചിക്കാനും ഒക്കെ ജ്യോതിശാസ്ത്രം അന്ന് ഉപയോഗിച്ചിരുന്നു. മാധവന്റെ കണ്ടെത്തൽ അത് കൂടുതൽ കൃത്യമാക്കി.

ഗണിതശാസ്ത്രത്തിലെ അതികായകൻമാർ. 1981. KSSP

മാധവൻ മാത്രമല്ല ഇൻഡ്യയുടെ ശാസ്ത്ര ഗവേഷകൻ. 5ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആര്യഭടൻ ആയിരുന്നു ഇൻഡ്യയുടെ ശാസ്ത്ര ഗവേഷണങ്ങളുടെ രേഖപ്പെടുത്തിയ തുടക്കം. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഇൻഡ്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹത്തിന് അദ്ദേഹത്തിന്റെ പേര് കൊടുത്തത്. 1975 ലെ ആര്യഭട്ട. പിന്നെ തുടർന്ന് ഒരു കൂട്ടം ശാസ്ത്രജ്ഞരുണ്ടായിരുന്നു. വരാഹമിഹിരൻ, ബ്രഹ്മഗുപ്തൻ, ഭാസ്കരാചാര്യർ, പരമേശ്വരൻ, പുതുമനചോമായിരി, നിലകണ്ഠൻ സോമയാജി, ബ്രഹ്മദത്തൻ തുടങ്ങിയവർ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളിൽ നിന്ന് അവരെ കുറിച്ച് വ്യാജമല്ലാത്ത, പൊങ്ങച്ച പ്രകടനമില്ലാത്ത വിവരങ്ങൾ ലഭിക്കും.

ശാസ്ത്രഗതി. നവംബർ. 1989

മാധവന്റെ സൃഷ്ടികൾ ഗണിത ജ്യോതിശാസ്ത്രത്തിലാണ്. കാൽകുലസിന്റെ തുടക്ക സിദ്ധാന്തങ്ങൾ രൂപീകരിച്ചെങ്കിലും അത് കാൽകുലസ് എന്ന പൂർണ്ണ വ്യവസ്ഥ ആയിരുന്നില്ല. കലനം എന്ന വാക്ക് പോലും പിന്നെയുണ്ടായതാണ്. 6ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബ്രഹ്മഗുപ്തനും infinite series കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. അതിനും മുമ്പ് BC 2ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആർക്കമഡീസും infinite series കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ട്. π യുടെ മൂല്യം അദ്ദേഹവും കണ്ടെത്തിയിരുന്നു. (ഗൃഹപാഠം – ഇവൻമാരെല്ലാം infinite series ഉം π ഉം ഒക്കെ വെച്ച് കളിക്കുന്നതെന്തിനാണ്?)

infinite series കാൽകുലസിന്റെ ഭാഗമാണെങ്കിലും അതല്ല കാൽകുലസ്. അതുകൊണ്ട് അദ്ദേഹം പ്രവർത്തിച്ചത് പ്രാഗ് കാൽകുലസ് ആശയങ്ങളിലാണ്. (infinite series ഉം π ഉം അതിന് മുമ്പേ ഉണ്ടായിരുന്നല്ലോ.) കാൽകുലസിൽ Differentiation, Integration, Differential equations, ഭൗതികത്തിലെ അതിന്റെ പ്രയോഗം തുടങ്ങി പല കാര്യങ്ങളുണ്ട്. അതൊന്നും മാധവൻ സ്പർശിച്ചിട്ടില്ല. ന്യൂട്ടണും ലെബ്നിസും ആണ് വ്യത്യസ്ഥമായി കാൽകുലസിന്റെ പൂർണ്ണ വ്യവസ്ഥ നിർമ്മിച്ചു. ന്യൂട്ടൺ ഗണിതശാസ്ത്രജ്ഞനല്ല. അദ്ദേഹം ഭൗതികശാസ്ത്രജ്ഞനാണ്. ഭൗതികത്തിലെ അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന് തെളിവ് ഗണിതപരമായി നിർമ്മിക്കാനാണ് അദ്ദേഹം കാൽകുലസ് നിർമ്മിച്ചത്.

ഇന്ന് വരെയുള്ള ഗണിത ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെ കടലിലെ ഒരു തുള്ളി മാത്രമാണ് മാധവന്റെ കണ്ടെത്തലുകൾ. അത് മാധവന്റെ പരിമിതിയല്ല. മനുഷ്യന്റെ പരിമിതിയാണ്.

പ്രാചീന ഭാരത മഹാരഥൻമാരെ നാണിപ്പിക്കുന്ന ഫാസിസ്റ്റ് കാലത്തെ ഫാസിസ്റ്റ് ചരിത്ര നിർമ്മിതി

എന്ത് ചെയ്താലും നമ്മളും അവരും എന്ന ദ്വന്തമുണ്ടാക്കുകയാണ് ഫാസിസ്റ്റുകളുടെ രീതി. അതിൽ നമ്മൾ കേമരും ഉന്നതരും അവർ മോശക്കാരും കള്ളൻമാരും കുറ്റവാളികളും എന്ന് മുദ്രകുത്തും. പ്രാചീന ഇൻഡ്യയിൽ ശാസ്ത്രം പരിപൂർണ്ണമായിരുന്നു എന്നും പിന്നീട് സായിപ്പൻമാർ അതെല്ലാം മോഷ്ടിച്ചുകൊണ്ടുപോയി എന്ന ആഖ്യാനം വന്നിട്ട് ഒരുപാട് കാലമായി. നമ്മുടെ നാട്ടിൽ അതിന് ശക്തി പകരാനായി ഈ കാലത്ത് മാധവനേയും അത്തരത്തിലെ ചരിത്ര നിർമ്മിതിയുടെ ഇരയായിരിക്കുന്നു.

research framework ന് ഒരു ഘടനയുണ്ടെന്ന് പറയുന്നു. title, abstract keywords, introduction, review of literature, research text conclusion, bibliography ഒക്കെയുണ്ടായാലേ ഗവേഷണമാകൂ എന്നും ഈ research methodology യുടെ പിതാവ് ഫ്രാൻസിസ് ബേക്കണാണെന്ന് സായിപ്പൻമാർ പ്രചരിപ്പിക്കുന്നു എന്നും ഇവർ ആരോപിക്കുന്നു. അയാൾക്ക് 300 വർഷം മുമ്പേ നമ്മുടെ മാധവൻ അതേ രീതിയിൽ ഗവേഷണം പ്രസിദ്ധപ്പെടുത്തിയന്നേ. എന്നിട്ടും നമ്മുടെ താളിയോലകളിലെതിയത് എന്തുകൊണ്ട് ശാസ്ത്രമാകുന്നില്ല. കഷ്ടം. ആ കശ്മലൻ സായിപ്പൻമാരുടെ കൊള്ളരുതായ്മകൾ അല്ലേ.

research methodology യുടെ പിതാവ്, ശാസ്ത്രത്തിന്റെ പിതാവ് തുടങ്ങിയ തരം ഒരു സ്ഥാനവും ശാസ്ത്രത്തിൽ ഇല്ല. അതൊക്കെ ആളുകൾ ആലങ്കാരികമായി പൊലിപ്പിക്കാനായി പറയുന്നതാണ്. അതിന് ഒരു വിലയുമില്ല. ഫ്രാൻസിസ് ബേക്കൺ തന്നെ യുക്തിപരമായ ഒരു ഭാഷവേണം എന്നും അലങ്കാരങ്ങളൊക്കെ ഒഴുവാക്കി ശാസ്ത്രത്തിന് വേണ്ടി ഒരു ഭാഷ വേണമെന്നും പറഞ്ഞ ആളാണ്.

ഒരു ഘടനയും ഇല്ലാതെയാണ് രാമാനുജൻ തന്റെ കെെയെഴുത്തുപ്രതി ഹാർഡിക്ക് അയച്ചുകൊടുത്തു. സ്ഥിരം കിട്ടുന്നത് പോലെ, തെളിവൊന്നും ഇല്ലാതെ എഴുതിയ കെെയെഴുത്തുപ്രതി തട്ടിപ്പായിരിക്കും എന്ന് കരുതിയ അദ്ദേഹം അത് ആദ്യം തള്ളിക്കളഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഉള്ളിലെ ശാസ്ത്രജ്ഞൻ പിന്നീട് അതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി രാമാനുജനെ ബ്രിട്ടണിലേക്ക് വരുത്തുകയാണുണ്ടായത്. ഒരു research methodologyയും ഉപയോഗിക്കാത്ത രാമാനുജന്റെ സൃഷ്ടികൾക്ക് ഹാർഡി തന്നെ സ്വയം തെളിവ് കണ്ടുപിടിച്ചാണ് രാമാനുജന്റെ ആദ്യ പ്രബന്ധത്തിന്റെ പ്രസിദ്ധീകരണം നടത്തിയത്. 2018 ലും രാമാനുജന്റെ ഒരു സിദ്ധാന്തത്തിന് തെളിവ് ആരോ കണ്ടുപിടിച്ചു എന്ന് വാർത്തയുണ്ടായിരുന്നു. അതുകൊണ്ട് അച്ചടിക്കുന്ന രീതിയെ അല്ല ഗവേഷണം എന്ന് പറയുന്നത്.

അർമിലറി ഗോളം കോപ്പർനിക്കസിന്റേ പേരിലല്ല അറിയപ്പെടുന്നത്. അത് വളരെ പണ്ടേയുള്ളതാണ്. 2300 വർഷങ്ങൾക്കപ്പുറം പഴക്കമുണ്ട് അതിന്. ഗ്രീക്കുകാരും, ചൈനക്കാരും ഒക്കെ അത് സ്വതന്ത്രമായി കണ്ടുപിച്ചു. ആര്യഭടനും അർമിലറി ഗോളത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ അത് അശാസ്ത്രീയ ഉപകരണമാണ്. ഭൂമിയാണ് പ്രപഞ്ച കേന്ദ്രം എന്ന രീതിയിലാണ് അത് നിർമ്മിച്ചിരിക്കുന്നത്. കോപ്പർനിക്കസ് ആണ് അതിനെ സൂര്യ കേന്ദ്രീകൃതമാക്കിയത്. എന്നാലും ആ ഉപകരണം അശാസ്ത്രീയമാണ്. പക്ഷെ ആ കാലത്ത് അത് ശരിയായിരുന്നു.

ആരാധനക്ക് വേണ്ടിയുള്ള ശാസ്ത്രം

ഇൻഡ്യയിലെ എല്ലാ ഗവേഷങ്ങളും വിശ്വാസത്തിന്റെ പുറത്ത് ചെയ്തതാണ്. പുരോഹിതർ അവരുടെ ആവശ്യത്തിന് വേണ്ടി സമയം കൃത്യമായി കണ്ടെത്തുക ആയിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അന്നത്തെ സമൂഹത്തിനാവശ്യമായ കണക്കുകൂട്ടലുകൾ മാത്രം. അതായത് ഇന്ന മുഹൂർത്തത്തിൽ യാഗം തുടങ്ങണം, ഇത്ര മണിക്ക് സൂര്യൻ അസ്തമിക്കും, ഗ്രഹണം എപ്പോഴാണ്, കാലാവസ്ഥാ പ്രവടനം, ജോതിഷം തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി. എങ്ങനെ അത് കിട്ടി എന്ന് ആരും ചോദിക്കില്ല. ഫലം മാത്രം മതി. അതുകൊണ്ട് തെളിവുകൾക്ക് പ്രാധാന്യമില്ലായിരുന്നു. അതിനപ്പുറം പോകേണ്ട ഒരു ആവശ്യവും ഇവിടെ ഇല്ലായിരുന്നു. അതുകൊണ്ട് പോയതുമില്ല.

ഒരു ജോൽസ്യന്റെ അടുത്ത് പോയി വാഴ നടാനുള്ള മുഹൂർത്തം കുറിക്കുന്നയാൾ അത് എങ്ങനെ എന്തുകൊണ്ട് എന്നൊന്നും ചോദിക്കില്ല. അയാൾക്ക് സമയം അതായത് ഫലം മാത്രം മതി. എന്നാൽ ജോൽസ്യൻമാർ തമ്മിൽ ആരാണ് ശരി എന്നതിന്റെ തർക്കങ്ങളുണ്ടാകും. ആരാണ് ഏറ്റവും കൃത്യമായ സമയം കണ്ടുപിടിക്കുന്നത് എന്നതിന്റെ മൽസരമുണ്ടാകും. ചുരുക്കത്തിൽ ഇൻഡ്യയിലെ ഗവേഷണങ്ങളെല്ലാം അതിന് വേണ്ടിയുള്ളതായിരുന്നു. അറിയാനുള്ള ആഗ്രഹം മൂലമല്ല. ഒരു ശാസ്ത്രബോധവും (scientific temper) അവർക്കില്ലായിരുന്നു. (1)

മനുഷ്യനുണ്ടായ ആഫ്രിക്കയിലാണ് ശാസ്ത്രവും ഉണ്ടായത്. 1600 BCE മുതൽക്കേ തുടങ്ങിയതാണ് എഴുതപ്പെട്ട ശാസ്ത്രത്തിന്റെ രീതിയുടെ ചരിത്രം. ഓരോ ഗവേഷകരും അതുവരെയുള്ളതിനോട് തന്റെ സംഭാവ കൂട്ടിച്ചേർത്ത് അടുത്ത വ്യക്തിക്ക് കൊടുക്കുന്നു. scientific temper ബാബിലോണിയയിൽ തുടങ്ങി, ഗ്രീക്കുകാരിലൂടെ ബേക്കണിലൂടെ വളർന്ന് ന്യൂട്ടണിലും ഗലീലിയോയിലും എത്തിയാണ് പൂർണ്ണ വളർച്ച നേടിയത്. ബാബിലോണിയക്കാരെ ശാസ്ത്രം പഠിപ്പിച്ചത് മാധവനാണെന്ന് പറയല്ലേ.

കചടതപ വിവരക്കേട്

അമേരിക്കയിലെ ഓഹരിക്കമ്പോളത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയുടെ പണി ഞാൻ ജോലി ചെയ്തിരുന്ന ഒരു കമ്പനിക്കുണ്ടായിരുന്നു. അതിന്റെ തുടക്കത്തിൽ സായിപ്പ് ആ സംവിധാനത്തെക്കുറിച്ച് 2-3 മണിക്കൂർ നീളമുള്ള പരിശീനങ്ങളും ഞങ്ങൾക്ക് നൽകിയിരുന്നു. അതിലൊന്നിൽ ഈ കമ്പ്യൂട്ടറുകൾ തമ്മിലുള്ള ബന്ധം നിലനിൽക്കുന്നു എന്ന് ഉറപ്പാക്കാനായി അവ അയക്കുന്ന സിഗ്നലുകളെക്കുറിച്ചും പറഞ്ഞിരുന്നു. നമ്മുടെ കമ്പ്യൂട്ടർ ഓഹരികമ്പളത്തിന്റെ കമ്പ്യൂട്ടറിനോട് ഒരു സന്ദേശം അയക്കും. അത് തിരികെ ഒരു മറുപടിയും അയക്കും. ഇതിനെ ഹാർട്ട് ബീറ്റെന്നാണ് വിളിച്ചിരുന്നത്. IT കമ്പനി പ്രൊജക്റ്റ് മാനേജർമാർക്ക് മിക്കപ്പോഴും വലിയ വിവരമൊന്നും ഉണ്ടാകില്ല. ഞങ്ങളുടെ മാനേജറും അങ്ങനെയായിരുന്നു. വലിയ പരിശീന പരിപാടിയിൽ അദ്ദേഹത്തിന് മനസിലായത് ഈ ഹാർട്ട് ബീറ്റ് മാത്രമാണ്. പിന്നെ എപ്പോഴും എന്തിനും അദ്ദേഹം ഹാർട്ട് ബീറ്റിനെ കുറിച്ച് അന്വേഷിക്കും. ഹാർട്ട് ബീറ്റ് കിട്ടുന്നുണ്ടോ? ഹാർട്ട് ബീറ്റ് നോക്ക് തുടങ്ങിയങ്ങനെ. അതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തിന് രഹസ്യമായി ഹാർട്ട് ബീറ്റ് എന്ന് ചെല്ലപ്പേരും കൊടുത്തു.

എന്തോ വലിയ സംഭവമാണെന്ന രീതിയിൽ അവതരിപ്പിക്കുന്ന ഒന്നാണ് കടപയാദി സമ്പദായം. അക്കങ്ങൾക്ക് പകരം അക്ഷരം ഉപയോഗിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഓരോ അക്കത്തിനും തുല്യമായ ഒരു അക്ഷരം. അക്ഷരങ്ങൾ കൂടിച്ചേരുമ്പോൾ വാക്കുകളായി. വാക്കുകൾ വാചകങ്ങളായി. എന്നാൽ അത് സംഖ്യകളാണ്. കടപയാദി ഗണിതമല്ല. അച്ചടി രീതി എന്ന് വേണമെങ്കിൽ പറയാം. എഴുതാനുള്ള രീതി.

എന്നാൽ സാധാരണ ആളുകളോട് കടപയാദി പറഞ്ഞുകൊടുക്കുമ്പോൾ അവർ അത്ഭുതപ്പെടും. അവരുടെ പേരിന് ഒരു സംഖ്യയുണ്ട്. സ്ഥലത്തിന് സംഖ്യ ഉണ്ട്. കേമം. ഗണിതം മനസിലാക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇത് അവർക്ക് മനസിലാകുന്ന കാര്യമാണ്. മുമ്പ് പറഞ്ഞ ഹാർട്ട്ബീറ്റ് മാനേജരെ പോലെ തനിക്കും എന്തൊക്കെയോ അറിയാം എന്ന ഗമ തോന്നും.

ഇതിൽ അത്ഭുതപ്പെടാനൊന്നുമില്ല. കന്നഡ അറിയുന്നവർക്ക് കന്നഡ വായിക്കാനാകും, തമിഴ് അറിയുന്നവർക്ക് തമിഴ് വായിക്കാനാകും. അതുപോലെ കടപയാദി അറിയാവുന്നവർക്ക് അതുപയോഗിച്ചെഴുതിയത് വായിക്കാനാകും. അത്ര തന്നെ. താളിയോലയിൽ എഴുതാനുള്ള ബുദ്ധിമുട്ടിൽ നിന്നാണ് അതുണ്ടായതെന്ന് അവർ പറയുന്നു. ബാബിലോണിക്കാർക്ക് വരെ പേപ്പറും പേനയും ഉണ്ടായിരുന്നു. അതുകൊണ്ട് കടപയാദി സത്യത്തിൽ നമ്മുടെ കഴിവില്ലായ്മയുടെ തെളിവാണ്. അത് കേമത്തമായി വിളമ്പരുതേ.

നമ്മുടെ താളിയോലകൾ ശരിക്കും മോഷ്ടിച്ച് കൊണ്ടുപോയാണോ

പാലാഴി കടഞ്ഞ് അമൃത് എടുക്കുന്നത് പോലുള്ള ഒരു പ്രവർത്തിയാണ് ശാസ്ത്രഗവേഷണം എന്ന് ഈ പാവങ്ങൾ ധരിക്കുന്നത്. കടയുമ്പോൾ ശാസ്ത്രം താളിയോല രൂപത്തിൽ പുറത്തുവരുന്നു. (എന്തുണ്ടായാലും താളിയോല വിട്ടൊരു കളിയുമില്ല.) അമൃത് പോലെ അത് കൈവശമുണ്ടെങ്കിൽ പിന്നെ എന്തും സൃഷ്ടിക്കാമെന്നും ഇവർ കരുതുന്നു. ശാസ്ത്ര സാങ്കേതിവിദ്യകൾ ചെറിയ പടി വെച്ച് കൂട്ടിച്ചേർത്ത വലിയ അടിത്തറയുടെ പുറത്ത് കെട്ടിപ്പൊക്കുന്നതാണ്. പട്ടി ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് പോലെയല്ല.

പട്ടിഫോൺ, പണം, അമൃത് തുടങ്ങിയ നമ്മുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ട് പോയാൽ പിന്നെ അതിന്റെ ഗുണം നമുക്ക് കിട്ടില്ലല്ലോ. നിങ്ങൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. നിങ്ങൾ പോയി MSc Maths അവസാന വർഷത്തെ ഒരു പുസ്തകം മോഷ്ടിച്ചുകൊണ്ട് വന്നതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രയോജനമുണ്ടോ?

താളിയോല സംസാരിക്കില്ല. ചിന്തിക്കില്ല. അതൊരു ജഡ വസ്തുവാണ്. മന്ത്രവാദ സിനിമകളിൽ കാണിക്കുന്നത് പോലെ താളിയോലക്ക് പ്രത്യേകിച്ച് സിദ്ധിയൊന്നുമില്ല. അത് വെറുതെ വായിച്ച് നോക്കിയിട്ടും കാര്യമില്ല. ഇനി താളിയോല കൊണ്ടുപോയി എന്ന് കരുതുക. അതല്ലേ കൊണ്ടുപോയൊള്ളു. ആ അറിവ് ഇവിടെ ഉണ്ടാകേണ്ടതില്ലേ. അതിന്റെ ഉള്ളടക്കം മറ്റ് ഗണിതശാസ്ത്രജ്ഞർ വായിച്ചിട്ടുണ്ടാവില്ലേ. അതിനെക്കുറിച്ച് ചർച്ചകളും വിമർശനങ്ങളും ഉണ്ടായിട്ടില്ലേ. അപ്പോൾ താളിയോല പോയാലും ആ ആശയം സമൂഹത്തിൽ ഉണ്ടാകണമല്ലോ. അവിടെ നിന്ന് അതിന് തുടർച്ച കിട്ടില്ലേ? കൊണ്ടുപോകില്ല ചോരൻമാർ എന്നല്ലേ അറിവിനെക്കുറിച്ച് പറയുന്നത്. അപ്പോൾ അത് നമ്മുടെ കുറ്റമല്ലേ? കൊളോണിയൽ വിദ്യാഭ്യാസമൊക്കെ എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷമാണല്ലോ വന്നത്.

മാധവന്റെ അറിവ് താളിയോലകളിൽ അവശേഷിച്ചു എന്ന് പറഞ്ഞാൽ അത് ചത്തു എന്നാണ് അതിന്റെ അർത്ഥം. അതിനേക്കാൾ മെച്ചമായി സമയം കണ്ടെത്താനുള്ള വഴി അതിന് ശേഷം വന്നവർ കണ്ടെത്തിയിട്ടുണ്ടാകും. ഇവർക്ക് ഫലം ആണ് പ്രധാനം. അല്ലാതെ ആ വിഷയത്തെക്കുറിച്ച് ബോധമില്ല. അതുണ്ടെങ്കിലല്ലേ അതിന്റെ ചരിത്രത്തെക്കുറിച്ച് ബോധ്യമുണ്ടാകൂ.

ശാസ്ത്രം അല്ലെങ്കിൽ അറിവ് അങ്ങനെയുള്ള ഒരു വസ്തുവല്ല. അത് മോഷ്ടിക്കാനാകില്ല. പകർത്താനേ കഴിയൂ. അതും അടിത്തറയുണ്ടെങ്കിൽ മാത്രം.

ഏത് പുസ്തകമായാലും അത് വായിച്ച് മനസിലാക്കി, എഴുതിയ ആളിനേക്കാളും കൂടുതൽ ആഴത്തിൽ ചിന്തിച്ചാൽ മാത്രമേ അറിവ് വളരൂ. ഒരു പുസ്തകവും കരിങ്കല്ല് പുസ്തകമല്ല. മത പുസ്തകങ്ങളൊഴികെ. അവിടെയാണ് ഭാരതീയ സമൂഹത്തിന് പറ്റിയ ഏറ്റവും വലിയ തെറ്റ് ഇരിക്കുന്നത്.

പൗരോഹിത്യം അടിച്ചമർത്തിയ അറിവ്

പ്രാചീന ഇൻഡ്യയിലെ അവസ്ഥ എന്തെന്ന് ആലോചിച്ച് നോക്ക്. സമൂഹത്തിലെ 98% ആളുകളും അറവിൽ നിന്ന് അകന്ന് നിന്നു. സമൂഹത്തെ നിലനിർത്താനുള്ള ദൈനംദിന പ്രവർത്തികൾ ചെയ്യാൻ മാത്രമേ അവർക്ക് സമയം ഉണ്ടായിരുന്നുള്ളു. (ഓർക്കുക ആരും അത് അടിച്ചേൽപ്പിച്ചതല്ല. എല്ലാവരും നൂറ്റാണ്ടുകൾ കൊണ്ട് തിരിച്ചറിയാതെ ചേർന്നെടുത്ത തീരുമാമാണ്. (2)) ഇനി ബാക്കിയുള്ള രണ്ട് ശതമാനത്തിന്റെ സ്ഥിതിയോ. മത ഭരണം നടന്ന ആ കാലത്ത് വ്യത്യസ്ഥരായി ചിന്തിക്കുന്നവരെ കളിയാക്കുകയും അവഗണിക്കുകയും കൊന്നുകളയുകയും ആയിരുന്നു ചെയ്തിരുന്നത്.

ചാർവ്വാകൻ, കണാദൻ എന്നൊക്കെ ഇന്ന് അറിയപ്പെടുന്ന ആളുകളെ കളിയാക്കി വിളിച്ചിരുന്ന പേരായിരുന്നു അത്. അവരുടെയൊന്നും കൃതികൾ വെളിച്ചം കണ്ടിട്ടില്ല. മറ്റ് കൃതികളിൽ അവരെക്കുറിച്ചുള്ള പരാമർശങ്ങളിൽ നിന്നാണ് ഇന്ന് നാം അവരുടെ തത്വചിന്തകൾ മനസിലാക്കുന്നത്.

നമ്മുടെ നാട് മാത്രമല്ല ലോകം മൊത്തം അങ്ങനെയായിരുന്നു. യൂറോപ്പിലെ ഇരുണ്ട കാലം ഓർക്കുക. (അവർക്ക് പിന്നീട് ആ കാലത്തെ ഇരുണ്ട കാലം എന്ന് വിളിക്കാനുള്ള തന്റേടം ഉണ്ടായിരുന്നു. നമ്മളോ). വ്യത്യസ്ഥാരായ ആളുകളെ ദുർമന്ത്രവാദി മുദ്രകുത്തി ചുട്ടുകളഞ്ഞു. അലക്സാണ്ഡ്രിയയിലെ ലൈബ്രറി ഉൾപ്പടെ ധാരാളം ലൈബ്രറികൾ കത്തിച്ചു കളഞ്ഞു. ആദ്യത്തെ വനിത ഗണിതശാസ്ത്രജ്ഞയായിരുന്ന ഹിപ്പാത്തിയയെ (Hypatia) വിവസ്ത്രയാക്കി പള്ളിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി അവിടെ വെച്ച് അവരുടെ തൊലിയുരിഞ്ഞ് കണ്ണുകൾ ചൂഴ്ന്നെടുത്ത് കൊന്നുകളഞ്ഞു. ശവശരീരം വെട്ടിനുറുക്കി വലിച്ചിഴച്ച് കൊണ്ടു പോയി തീയിട്ടു. ബ്രൂണോയെ ഓർക്കുക. ഗലീലിയോ കള്ളം സമ്മതിച്ച് കൊടുത്താണ് ജീവൻ നിലനിർത്തിയത്. എത്രയോ ശാസ്ത്രജ്ഞർ ഇല്ലാതായിക്കാണും. പക്ഷെ അവർക്ക് അതിനെ അതിജീവിക്കാനായി.

എന്നാൽ നമ്മളോ. രണ്ട് ദശാബ്ദം മുമ്പ് പോലും ആളുകൾ പറയാൻ നാണിക്കുന്ന തരം എന്തെല്ലാം വിവരക്കേടുകളാണ് സമൂഹത്തിൽ പ്രചരിക്കുന്നത്. വാട്ട്സാപ്പ് സർവ്വകലാശാലയിലെ കേശവൻമാമൻമാരേയും ഉന്നത സ്ഥാനത്തിരിക്കുന്ന രാഷ്ട്രീയക്കാരേയും നമുക്ക് ഒഴുവാക്കാം. എന്നാൽ ശാസ്ത്രജ്ഞർ എന്ന സ്ഥാനം വഹിക്കുന്ന വിദ്യാഭ്യാസമുള്ള ആളുകൾ അസംബന്ധങ്ങൾ അതും Indian Science Congress പോലുള്ള സ്ഥലത്ത് പ്രചരിപ്പിച്ചാലെന്ത് പറയണം. Indian Science Congress ഒരു സർക്കസ് ആണെന്നും അവിടെ ശാസ്ത്രം അല്ല സംസാരിക്കുന്നതെന്നും ഇനി ഒരിക്കലും ഇതിൽ പങ്കെടുക്കില്ല എന്നും നോബൽ സമ്മാന ജേതാവായ പ്രസിദ്ധ ജീവശാസ്ത്രകാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണന് പറയേണ്ട സ്ഥിതിയും ഉണ്ടായി. വേദ കാലത്ത് വിമാനങ്ങൾ, അവയവ മാറ്റ ശസ്ത്രക്രിയ, അണു ആയുധം, ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം അങ്ങനെ പോകുന്നു. ഗോമൂത്രം കൊണ്ട് ക്യാൻസർ ചികിൽസാ ഗവേഷണം നടത്താനായി ജബൽപുരിലെ നാനാജി ദേശ്മുഖ് വെറ്ററിനറി സയൻസ് യൂണിവേഴ്‌സിറ്റിക്ക് കോടിക്കണക്കിന് രൂപയാണ് ചിലവാക്കിയത്. ഇതുവരെ ഒരു ഫലവും കിട്ടിയില്ല. അതിന്റെ കൂട്ടത്തിൽ പുതിയ ഇനമായി മാധവചരിതവും കേരളത്തിന് വേണ്ടി ഇറക്കുന്നു.

ശാസ്ത്രത്തിന്റെ രീതി പിൻതുടരാത്തതിനാലാണ് നാം ശാസ്ത്രത്തിൽ പിന്നിലായിപ്പോയത്

നാം പണ്ടേ തന്നെ തന്നെ അറിവുള്ളവരുടെ ആശയങ്ങളെ കുഴിച്ചുമൂടി പുരോഹിത വർഗ്ഗത്തിന് അടിയറവെച്ചവരാണ്. സ്വാതന്ത്ര്യ സമരത്തിന്റെ തീയുടെ വെളിച്ചമുണ്ടായിരുന്ന കാലത്ത് കുറച്ച് മാറ്റമുണ്ടായെങ്കിലും പിന്നീട് അതും അണഞ്ഞു. പുരോഹിത വർഗ്ഗം മുമ്പില്ലാത്ത ശക്തിയോടെ ആഞ്ഞടിക്കുന്നു. ഗാന്ധി, ഗോവിന്ദ് പൻസാരെ, കൽബുർഗി തുടങ്ങി എത്രയെത്ര ധിഷണാശാലികൾ ഇല്ലാതെയായി. അടുത്തകാലത്ത് രോഹിത് വെമുല പോലുള്ളവരെ വളർച്ചയുടെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കി. ചിന്തിക്കുകയും അഭിപ്രായം പറയുന്നവരേയും ഇല്ലാതാക്കുന്നു. ഒരു പേര്, ഒരു ആശയം, ഒരു ആഹാരം അങ്ങനെ എന്തും നാട്ടിൽ കലാപത്തിലേക്ക് നയിക്കുന്നു. ഭയത്തിന്റേയും സംശയത്തിന്റേയും ഒരു പുക പടരുന്നു. ജനാധിപത്യവും ഭരണഘടയും ഉള്ള ഈകാലത്ത് ഇതാണ് സ്ഥിതിയെങ്കിൽ പ്രാചീന ഭാരതത്തിലെ സ്ഥിതി എന്താകും.

നാം നമ്മുടെ അറിവ് പകർന്ന് കൊടുക്കുന്നതിൽ പരാജയപ്പെട്ടു. അതിന് മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അറിവ് പ്രോത്സാഹിപ്പിക്കുന്ന ഒരു സമൂഹം ഉണ്ടങ്കിലേ അറിവ് പകർന്ന് കൊടുക്കാനാകൂ. ഭയം ഇല്ലാത്ത അഭിപ്രായ സ്വാതന്ത്ര്യവും സമാധാനവും ഉള്ള സമൂഹത്തിലേ അറവ് വളരൂ (3). ശാസ്ത്രത്തിന്റെ രീതി പ്രയോഗിക്കണമെങ്കിൽ അത് ആവശ്യമാണ്.

മാധവന്റെ സൃഷ്ടികൾ പടിഞ്ഞാറൻ രാജ്യങ്ങളിൽ ഉപയോഗിച്ചു എന്നതിന് ഒരു തെളിവുമില്ല. സ്വാഭാവികമായാണ് അറിവ് അവിടെ വികസിച്ച് വന്നത്. ഇനി വാദത്തിന് വേണ്ടി അത് സമ്മതിച്ച് കൊടുത്താലും പ്രശ്നമാണ്. നിങ്ങളുടെ അഭിപ്രായത്തിൽ തന്നെ അവർക്ക് അത് വായിച്ച് മനസിലാക്കി മുന്നോട്ട് പോകാൻ കഴിഞ്ഞല്ലോ. നമുക്കത് കഴിഞ്ഞുമില്ല. അപ്പോൾ മാധവന്റെ സൃഷ്ടികൾ സൂക്ഷിക്കാനുള്ള അവകാശം ശരിക്കും അവ‍ർക്ക് മാത്രമല്ലേ.

ഇന്നും മാധവന്റെ നേട്ടങ്ങളെ കുറിച്ച് മനസിലാകണമെങ്കിൽ അത് സായിപ്പ് കണ്ടുപിടിച്ച കാര്യങ്ങളുമായി താരതമ്യം ചെയ്ത് മാത്രമാണ്. പടിഞ്ഞാറൻ രാജ്യങ്ങളിലെ ഇരുണ്ട യുഗം ഒരിക്കലും അവസാനിച്ചില്ലെങ്കിൽ ഒരു പക്ഷെ മാധനവനെ ഇപ്പോൾ പോലും നമുക്ക് മനസിലാകില്ലായിരുന്നു.

അതുകൊണ്ട് മാധവനെന്തെങ്കിലും പ്രാധാന്യം ഉണ്ടെങ്കിൽ അതിന് നാം പടിഞ്ഞാൻ രാജ്യങ്ങളോട് നന്ദി പറയണം. അതുപോലെ ഇന്ന് നമ്മുടെ നാട്ടിൽ പടരുന്ന പൗരോഹിത്യാധിപത്യ ഫാസിസത്തിനെതിരെ പ്രവർക്കുകയും വേണം. അതാണ് മാധവനോട് നാം ചെയ്യേണ്ട പ്രായശ്ചിത്തം.

***

1. ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും
2. പിന്നോക്കക്കാരെ ആരും അവിടെ സ്ഥാപിച്ചതല്ല
3. വിദ്വേഷ പ്രസംഗം എന്തുകൊണ്ടാണ് അഭിപ്രായ സ്വാതന്ത്ര്യമല്ലാത്തത്

ഓടോ-
൧. ഇത്തരം ഗവേഷണത്തെ മോശമാണെനല്ല ഇവിടെ പറയുന്നത്. ഇത്തരം പഠനങ്ങൾ നടക്കണം. പക്ഷെ അത് ഗണിതശാസ്ത്ര പഠനമല്ല. കേരളത്തിലെ ഗണിതശാസ്ത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള പഠനമാണ് എന്ന ബോധ്യം ഉണ്ടാകണം. ആത്മപ്രശംസയും പൊങ്ങച്ചപ്രകടനും ആകരുത്. അതുപോലെ മാധവന് അതീതമായ ആധുനിക ഗണിത്തിന്റെ ശാഖകളേയും മറ്റുമുള്ള ഒരു ധാരണ ഉണ്ടാക്കിയെടുക്കണം. മാധവൻ എവിടെ നിൽക്കുന്നു എന്ന് മനസിലാക്കാൻ അത് സഹായിക്കും. ഇതെല്ലാം അന്യവിരോധികളുടം (chauvinist) ഉപകരണമായി മാറാതെ പോകാനും ശ്രദ്ധിക്കണം. ചാണകത്തിനും ഗോമൂത്രത്തിനും വരെ ഗവേഷണ ഫണ്ട് കിട്ടുന്ന കാലമാണ്. അതുകൊണ്ട് അവർ വേദികളും ഫണ്ടും ഒരുക്കിത്തരും. അതിൽ വീഴാതെ തന്റേടത്തോടെ സത്യം പറയണം.

൨. ജെ രഘു ജാതി വെറിയുള്ള മണ്ടനാണ്. ബ്രാഹ്മണർ പരിണാമം പൂർണ്ണമാകാത്ത prefrontal cortex ഇല്ലാത്തവരാണെന്ന് പോലും അയാൾ പറഞ്ഞിട്ടുണ്ട്. അയാളെ അവഗണിക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

To read post in English:
in the URL, after neritam. append wordpress. and then press enter key.

Litty Chacko
ലിറ്റി ചാക്കോ
Manu S PIllai
മനു എസ്സ് പിള്ള
ARPO

ഒരു അഭിപ്രായം ഇടൂ