സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

ഇന്നലെ മനോരമാ ചാനലിന്റെ പ്രചരണതന്ത്ര പരിപാടിയില്‍ ഉയര്‍ന്ന ചോദ്യമാണിത്. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രധാനികള്‍ സെബാസ്റ്റ്യന്‍ പോള്‍, എം.ഏ.ഷാനവാസ്, കെ.എം. റോയി എന്ന പത്രപ്രവര്‍ത്തകന്‍. ചര്‍ച്ചയേക്കാളുപരി അത് ഒരു നാടകം പോലെയിരുന്നു. സെബാസ്റ്റ്യന്‍ പോള്‍, കെ.എം. റോയി ഇവര്‍ BOT റോഡിന്റെ പക്ഷവും എം.ഏ.ഷാനവാസും ആവതാരകനും ജനപക്ഷവും ആയിരുന്നു നിലയുറപ്പിച്ചത്. പലകാര്യങ്ങള്‍ പറഞ്ഞതില്‍ ശ്രദ്ധിക്കപ്പെട്ടത് മൂന്നു കാര്യങ്ങളാണ്.

  • കാര്‍ എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്.
  • ഭാവിതലമുറക്ക് വലിയ ഗുണങ്ങളാണ് ഇതുമൂലം ലഭിക്കാന്‍ പോകുന്നത്.
  • BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങളെ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമായി കാണുക.

കാര്‍ എങ്ങനെയാണ് സാധാരണക്കാരന്റെ സ്വപ്നമാകുന്നത്? ഇന്‍ഡ്യയില്‍ 80% പേരും ദിവസം 20/- രൂപാ വരുമാനമുള്ളവരാണ്. അവരേ സംബന്ധിച്ചടത്തോളം ആഹാരമാണ് സ്വപ്നം. അസുഖങ്ങളില്ലാത്ത അവസ്ഥയാണ് സ്വപ്നം. എന്നാല്‍ കെ.എം. റോയിയേ പോലുള്ള പത്രപ്രവര്‍ത്തകര്‍ സാധാരണക്കാരെ ഒരു കാര്‍ വാങ്ങാന്‍ കഴിവുള്ളവരായി നിര്‍‌വ്വചിക്കുമ്പോള്‍ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ് കാണുന്നത്. സമ്പന്ന രാജ്യങ്ങളില്‍ ദരിദ്രരുടെ നിലനില്‍പ്പ് പൂര്‍ണ്ണമായി അവഗണിക്കുന്ന മാധ്യമ പ്രവര്‍ത്തന രീതിയാണുള്ളത്. അങ്ങനെ ആളുകള്‍ നിലനില്‍ക്കുന്നില്ല. അഥവാ അവരെ കണ്ടതായി ഭാവിക്കാതിരിക്കുക. (എന്നാല്‍ സമ്പദ് വ്യവസ്ഥയേ സംബന്ധിച്ചടത്തോളം അവര്‍ പ്രധാനമാണ്, വേതനം കുറഞ്ഞ തൊഴിലാളിയായും ഉപഭോക്താവായും അവര്‍ കാണാതെ പ്രവര്‍ത്തിക്കുന്നു. അതാണ് എല്ലാ വമ്പന്‍മാരുടേയും സമ്പത്തിന്റെ ആധാരം.) അതിന്റെ തുടക്കമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കാര്‍ വാങ്ങാന്‍ കഴിവുള്ളവര്‍ തൊട്ട് മുകളിലോട്ടുള്ളവരുടെ കാര്യങ്ങള്‍ മാത്രം പ്രസിദ്ധപ്പെടുത്തുക. അതിന് താഴെയുള്ളവരുടെ നിലനില്‍പ്പ് തന്നെ അംഗീകരിക്കാതിരിക്കുക.

സെബാസ്റ്റ്യന്‍ പോളിന്റേയും ഷാനവാസിന്റേയും അഭിപ്രായത്തില്‍ ഇപ്പോള്‍ കേന്ദ്ര മന്ത്രി വന്ന് BOT റോഡ് പുനര്‍ പരിശോധിക്കണമെന്ന് പറയുന്നത് നമ്മുടെ തെറ്റ് തിരുത്താന്‍ കിട്ടിയ ഭാഗ്യമെന്നാണ്. ഇത് ചെയ്തില്ലെങ്കില്‍ ഭാവി തലമുറ നമ്മേ കുറ്റപ്പെടുത്തും കാരണം അത്രക്ക് ഗുണമായിരിക്കും ഭാവി തലമുറക്ക് ഇതുമൂലം ഉണ്ടാകുന്നത്. ദിനം പ്രതി വാഹനങ്ങളുടെ എണ്ണം കൂടി വരുന്നു. അതോടിക്കാന്‍ BOT റോഡ് തന്നെ വേണമെന്നാണ് ഇടതും വലതും ഒരുപോലെ പറയുന്നത്. അവര്‍ക്ക് ഒരേയൊരു വിഷമം കുടിയിറക്കപ്പെടുന്ന ജങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കണമെന്നു മാത്രം.

കേട്ടാല്‍ ശരിയെന്ന് തോന്നുന്ന വാദം. പ്രത്യേകിച്ചും ഭാവി തലമുറക്ക് വേണ്ടിയല്ലേ നാമൊക്കെ ജീവിക്കുന്നത് തന്നെ. പക്ഷേ 45 മീറ്ററോ, 60 മീറ്ററോ സ്ഥലമെടുത്താനും റോഡ് പണിയുക 20 മീറ്ററിലാണ്. ബാക്കിയുള്ള സ്ഥലം റോഡിലെ യാത്രക്കാരേ നിയന്ത്രിക്കാനുള്ള ടോള്‍ സംരംഭങ്ങള്‍ക്കും മറ്റ് റിയലെസ്റ്റേറ്റ് വ്യവസായത്തിനുമാണ്. (ഇവിടെ മാത്രമല്ല ലോകം മുഴുവന്‍ അങ്ങനെയാണ്. ലണ്ടനില്‍ ഒരു മെട്രോ റയിലിന്റെ പദ്ധതി 800 കോടി ഡോളറാണ് കണക്കാക്കിയത്. എന്നാല്‍ അതിന്റെ റിയലെസ്റ്റേറ്റ് മൂല്യം മാത്രം 1600 കോടിഡോളറാണ്. അവിടെയും സര്‍ക്കാരാണ് ജനങ്ങളില്‍ നിന്ന് സ്ഥലം ഏറ്റെടുത്ത് സ്വകാര്യ കമ്പനിക്ക് നല്‍കുന്ന ദല്ലാളായി പ്രവര്‍ത്തിക്കുന്നത്.)

ഭാവി തലമുറയേക്കുറിച്ചുള്ള പരാമര്‍ശമാണ് ഇതില്‍ ഏറ്റവും തമാശ.

അടുത്ത 5 കൊല്ലം കൊണ്ട് വാഹനങ്ങളുടെ എണ്ണം കൂടി ഇപ്പോള്‍ പണിയുന്നുന്ന നാലു വരി പാതയില്‍ കൊള്ളാത്ത അത്രയായകും. അപ്പോള്‍ പാത 6 വരിയാക്കാന്‍ വേണ്ട സ്ഥലം ഇപ്പോഴേ ഏറ്റെടുക്കുക എന്നതാണ് പദ്ധതി. അപ്പോഴും കേരളത്തിലെ എല്ലാ സാധാരണക്കാരും കാര്‍ വാങ്ങിയിട്ടുണ്ടാവില്ല. അടുത്ത 5 കൊല്ലം കഴിയുമ്പോള്‍ പാത 8 വരി ആക്കേണ്ടേ? അങ്ങനെ നിങ്ങള്‍ എന്ന് പാതയുടെ വീതികൂട്ടല്‍ നിര്‍ത്തും? ഭൂമിയിലെ വിഭവങ്ങള്‍ പരിമിതമാണ്. എല്ലാവര്‍ക്കും കാറോടിച്ച് പോകാനുള്ള സംവിധാനം ഒരിക്കലും നിര്‍മ്മിക്കാനാവില്ല. മൂന്നര കോടി കാര്‍ നിരത്തിലുണ്ടായ അവസ്ഥ ഓര്‍ത്തുനോക്കൂ. ഈ ചെറിയ സംസ്ഥാനത്ത് ആ ഗതാഗത കുരുക്ക് എങ്ങനെ അഴിക്കും?

ഈ വികസന രീതിക്ക് സാമാന്യ ബോധമുള്ളവര്‍ക്ക് അപാകത തോന്നും. ഭാവിയെക്കുറിച്ചാണ് ഇവര്‍ പറയുനനത്. ഭാവിയെക്കുറിച്ചുള്ള വ്യാകുലതകളില്‍ ഏറ്റവും പ്രധാമായത് ആഗോള താപനമാണ്. ഓരോ വര്‍ഷം കഴിയുമ്പോഴും ചൂടുകൂടിവരുന്നു. വേനല്‍ അത്യുഷ്ണം, കാലം തെറ്റി പെയ്യുന്ന മഴ തുടങ്ങി പലതും. ആഗോള താപനത്തിന്റെ കാരണം അന്തരീക്ഷത്തില്‍ കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡാണ്. അതിന്റെ 30% വരുന്നത് ഗതാഗതത്തില്‍ നിന്നുമാണ്. 5 കൊല്ലം കൊണ്ട് വാഹനങ്ങളുടെ എണ്ണം ഇരട്ടിപ്പിക്കുന്ന വികസന രീതി എത്രമാത്രം അധികം കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്കെത്തിക്കും? അതിന്റെ മാത്രം പാരിസ്ഥിതിക ആഘാതം എന്താണ്?

മാറുന്ന കാലാവസ്ഥയുടെ ഏറ്റവും പ്രധാന ഇര കൃഷിയാണ്. കാര്‍ഷിക വിളകളെല്ലാം തകര്‍ന്നാലുള്ള അവസ്ഥ എന്തെന്ന് ഒന്ന് ഓര്‍ത്തുനോക്കുക. ഭാവിതലമുറയിലേ കുട്ടികള്‍ക്ക് അതി വിശാലമായ 8 വരി പാത ഉണ്ടാകും. എന്നാല്‍ ആഹാരവും ശുദ്ധ ജലവും ഇല്ല. പ്രാചീന ലോകത്തെ പല പ്രധാന നാഗരികതകളും ഇല്ലാതായകിന്റെ പ്രധാന കാരണം കൃഷിയുടെ നശമായിയിരുന്നു. പട്ടിണികിടന്ന് ചത്താണ് അവയൊക്കെ ഇല്ലാതായത്. അതേ അവസ്ഥയാണ് നമ്മുടെ ഭാവി തലമുറയും അനുഭവിക്കാന്‍ പോകുന്നത്.

റോഡെന്നല്ല, നമ്മള്‍ ചെയ്യുന്ന ഏത് പ്രവര്‍ത്തിയും കാലാവസ്ഥാ മാറ്റത്തെ എങ്ങനെ സ്വാധീനിക്കുമെന്ന് നോക്കിവേണം ഓരോ പ്രവര്‍ത്തിയും ചെയ്യാന്‍. അത് ചെയ്യാതെ ഭാവി തലമുറയേക്കുറിച്ചുള്ള ഇവരുടെ പരാമര്‍ശം വെറും വാചാടോപമാണ്. റോഡല്ല നമുക്ക് യഥാര്‍ത്ഥത്തില്‍ വേണ്ടത്, മെച്ചപ്പെട്ടതും smart ആയതുമായ ഗതാഗത രീതികളാണ്.

BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമാത്തി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു. (നല്ല നഷ്ടപരിഹാരം നല്‍കിയാല്‍ ആ പ്രശ്നം ഇല്ലാതാക്കാവുന്നതേയുള്ളു.). കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്കായി ഒരു റോഡുവരുന്നു സ്ഥലം നഷ്ടപ്പെടുന്ന 25 ലക്ഷം പേര്‍ അതിനെ എതിര്‍ക്കുന്നു. കാര്‍ എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. (ആഹാരം, വസ്ത്രം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവയൊന്നുമല്ല.) വലിയൊരു പ്രചരണ തന്ത്രമാണിത്. ജനങ്ങളെ ഫലപ്രദമായി രണ്ടായി തിരിക്കാന്‍ ഇതുമൂലം കഴിയും. കൂടാതെ സ്ഥലം എടുക്കുന്നത് 50 കിലോമീറ്റര്‍ ഇരുവശവും ഇടവിട്ട്, ഇടവിട്ട് ആണ്. അതുമൂലം സ്ഥലം നഷ്ടപ്പെടുന്നവരുടെ എണ്ണവും കുറക്കാം. അവരും സമരത്തിന് പോകില്ലല്ലോ.

പ്രധാന പ്രശ്നം,

  1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു
  2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു
  3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന ആഘാതം.

ഇവ ഒരിടത്തും ചര്‍ച്ച ചെയ്യാറില്ല. അവക്ക് റോഡുവഴി ഒരു പരിഹാരവുമില്ല.

മനോരമ ചാനലിന്റെ നാടകമാണ് വേറൊരു കാര്യം. ചാനല്‍ തുണ്ടനും* ഷാനവാസുമാണ് ജന പക്ഷത്ത് നിന്ന് സംസാരിക്കുന്നതായി നടിച്ചത്. സെബാസ്റ്റ്യന്‍ പോള്‍, കെ.എം. റോയി റോഡ് പക്ഷവും.

ഈ ചര്‍ച്ചക്ക് കാരണമായത് കേന്ദ്ര മന്ത്രിയുടെ കേരള സംന്ദര്‍ശനമാണ്. മനോരമ പറയുന്നത് റോഡിന്റെ കാര്യം പുനര്‍ പരിശോധിക്കണം എന്ന് പറയാനാണ് അദ്ദേഹം വന്നതെന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം വന്നത് പാര്‍ട്ടിയുടെ എന്തോ പരിപാടിക്കാണ്. അദ്ദേഹത്തെ ഉള്‍പ്പെടുത്തി ചര്‍ച്ച സംഘടിപ്പിച്ചത് ഗതാഗതവകുപ്പ് സെക്രട്ടറി ടോം ജോസാണ്. സര്‍‌വ്വ കക്ഷി സംഘം നല്‍കിയ നിവേദത്തില്‍ പ്രധാനമന്ത്രി ഒരു തീരുമാനവും എടുത്തിട്ടില്ല. കേന്ദ്ര മന്ത്രി സഭ ആരേയും ഇവിടെ ചര്‍ച്ചക്ക് അയച്ചിട്ടുമില്ല. അപ്പോള്‍ ഈ ചര്‍ച്ച തന്നെ തീര്‍ത്തും കൃത്രിമമായിരുന്നു. ഈ പരിപാടിക്ക് ഒരുക്കം നടത്തിയതിന് ഗതാഗതവകുപ്പ് സെക്രട്ടറി ടോം ജോസിനെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ ശാസിക്കുകയും ചെയ്തു. ഇതാണ് നടന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. (ടോം ജോസ് ഒരു മാസം അവധി എടുക്കാന്‍ പോകുന്നതായി ഒരു കിവദംന്തിയിപ്പോളുണ്ട്.)

എങ്ങനെയുണ്ട് മനോരമയുടെ പ്രചരണതന്ത്ര പരിപാടി.

*തുണ്ടന്‍ – ഇക്കാലത്തെ മാധ്യമപ്രവര്‍ത്തകരെ അങ്ങനെ വിളിക്കാം. ആളുകള്‍ പറയുന്ന വാചകങ്ങളുടെ അങ്ങിങ്ങ് വെട്ടിമുറിച്ച് ചിലത് കൂട്ടിച്ചേര്‍ത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന തുണ്ട് തയ്യല്‍കാരാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍.

റോഡനേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവിടെയുണ്ട്: ഒരു നാലുവരി പാത കേരളത്തിന് നെടുകെ വരുന്നതറിഞ്ഞില്ലേ?.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “സാധാരണക്കാരന്‍ കാര്‍ എവിടെ ഓടിക്കും ?

  1. വായിച്ചു, നല്ല ലേഖനം. അടുത്ത തലമുറയ്ക്ക് വേണ്ടി ഒരു മരം വെച്ച് പിടിപ്പിക്കുക എന്നൊക്കെയായിരുന്നു കേട്ടിട്ടുള്ളത്.

    വായിക്കുന്നുണ്ട് ,ആശസകള്‍.

  2. ഈ പോരാട്ടത്തിനു എല്ലാ പിന്തുണയും നേരുന്നു . ജനാധിപത്യത്തിനു വേണ്ടിയുള്ള വീറുറ്റ സമരത്തിനിടെ ഫെഡറലിസ്റ്റ് ചിന്താഗതി അല്‍പ്പം കൂടിപ്പോയോ എന്നൊരു സംശയം ?

  3. താങ്ക­ള്‍ താ­മ­സി­ക്കുന്ന പ­ഞ്ചായ­ത്ത് വാര്‍­ഡില്‍ ശ­രാശ­രി എ­ത്ര കു­ടും­ബം കാ­ണു­മെ­ന്ന­റിയാമൊ?? 400-600?

    അ­വ­രില്‍ എ­ത്ര കു­ടും­ബ­ങ്ങള്‍­ക്ക് ഒ­രു കാര്‍ വാ­ങ്ങു­ന്ന­തി­ന് കഴിവു­ണ്ടാകും എ­ന്നു പ­റയാമോ?… 10/20/…?? വേ­ണ്ട 40/60 എ­ന്നെ­ടുക്കാം… അ­ല്­പം കൂ­ടി­യി­രി­ക്ക­ട്ടേ.. കു­റ­ച്ചെ­ന്ന പ­രാ­തി വേ­ണ്ട…

    അ­പ്പോള്‍ എ­ത്ര­യായി?? ‘പ­ത്ത് ശ­ത­മാനം !!?’ ബാ­ക്കി തൊ­ണ്ണൂ­റ് ശ­ത­മാ­നം ജ­ന­ങ്ങ­ളോ…??

    ശ­രി­യാ­ണ് അ­വ­രു­ടെ സ്വ­പ­ന­മാകാം കാര്‍… അങ്ങ­നെ സ്വ­പ്‌­നം കാ­ണാന്‍ അവ­രെ നമ്മള്‍ പഠി­പ്പി­ച്ചി­ട്ടു­ണ്ട­ല്ലോ….

    90 ശ­ത­മാ­ന­ത്തിനും നേ­രി­ട്ട് പ്ര­യോജ­നം ല­ഭി­ക്കാ­ത്ത കാ­ര്യം, അ­വര്‍­ക്ക് നേ­രി­ട്ട് പ്ര­യോജ­ന­മില്ലാ­ത്ത വി­കസ­നം….പാ­വം ജ­ന­ങ്ങള്‍ ഘോ­ര­ഘോ­രം ചര്‍­ച്ച­ചെ­യ്യു­ക­യാ­ണ്..!!!

    ഈ 90 ശ­ത­മാ­ന­ത്തിനും പ്ര­യോജ­നം ചെ­യ്യു­ന്ന വി­ക­സ­ന­ത്തെ­കു­റിച്ച്; കൃഷി, കയര്‍, ക­ശു­വ­ണ്ടി, കൈ­ത്ത­റി… ഏ­തെ­ങ്കിലും ചാ­ന­ലില്‍ ചര്‍­ച്ച­വ­രു­മ്പോള്‍ അ­റി­യി­ക്ക­ണേ… എ­ന്റെ നാ­ട്ടു­കാരെ­യൊ­ക്കെ വി­ളി­ച്ചി­രു­ത്തി കാ­ണി­ക്കാ­നാ….

  4. ഇന്ത്യയുടെ ധനമന്ത്രി നല്‍കിയ ഒരു ഇന്റര്‍വ്യൂവില്‍ അദ്ദേഹം പറയുന്നത് എല്ലാവരും നഗരത്തില്‍ ജീവിക്കുന്ന ഒരു ഭാവി ഇന്ത്യയാണ് അദ്ദേഹം സ്വപ്നം കാണുന്നത് എന്ന്. എല്ലാവര്‍ക്കും കാര്‍… നൂറു കോടി കാര്‍
    ആഹാ……
    നിങ്ങളോട ആരാണ് ഹേ മനോരമ ചാനല്‍ കാണാന്‍ പറഞ്ഞത്. ? നൂറും ഇരുനൂറും കോടി ചെലവിട്ടു ചാനല്‍ തുടങ്ങുന്ന ആരെങ്കിലും (പീപ്പില്‍, ഇന്ത്യാവിഷന്‍ , ഏഷ്യനെറ്റ് ആരുമാകട്ടെ) സാധാരണക്കാരന്റെ പക്ഷം പറയുമോ?
    ജനപക്ഷം എന്നൊരു പക്ഷം ഇല്ല, ജനങ്ങളില്‍ തന്നെയുള്ള വര്‍ഗ്ഗങ്ങള്‍ തമ്മില്‍ ഇന്നും ക്ലാഷ് നില നില്‍ക്കുന്നു.
    ഒരു വര്‍ഗ്ഗത്തിന്റെ താല്പര്യങ്ങള്‍ ഹനിക്കുകയാണ് മറു വര്‍ഗ്ഗം. അത് മൊതലാളി-തൊഴിലാളി വര്‍ഗ്ഗം അല്ല,
    പാവപ്പെട്ടവന്‍ – പണക്കാരന്‍ .
    മധ്യ വര്‍ഗ്ഗം മൊതലാളി വിഭാഗത്തില്‍ പെടേണ്ട വര്‍ഗ്ഗമാണ്.
    ജഗദീഷിന്റെ ഇ മെയില്‍ തന്നാല്‍ കൂടുതല്‍ ബന്ധപ്പെടാം. നല്ല ലേഖനങ്ങള്‍.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )