എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു

ജനിതക സാങ്കേതികവിദ്യാ ഗവേഷണം നടത്തണ്ട എന്ന് ആരും പറയില്ല. പറയുന്നുമില്ല. സിപിഎമ്മും ഗവേഷണം നടത്തണമെന്നേ പറയുന്നുമുള്ളു. പിന്നെ എന്തിനാണ് സിപിഎം നയത്തെ വിമര്‍ശിക്കുന്നു എന്നത് ചോദ്യമാണ്.

എല്ലാ ഗവേഷണവും സ്വാഭാവികമായി നടക്കുന്ന ഒന്നാണ്. താല്‍പ്പര്യമുള്ളവര്‍ സ്വകാര്യമായോ സ്റ്റേറ്റിന്റേയോ കമ്പനികളുടേയോ സഹായത്തോടെ നടത്തുന്ന ഗവേഷണമുണ്ട്. സ്റ്റേറ്റോ കമ്പനികളോ നേരിട്ട് നടത്തുന്ന ഗവേഷണമുണ്ട്. സന്നദ്ധ സംഘടനകള്‍ നടത്തുന്ന ഗവേഷണവുമുണ്ട്. ലോബീയിങ്ങിന്റെ ഫലമായി ചിലമേഖലക്ക് സര്‍ക്കാര്‍ കൂടുതല്‍ ധനസഹായവും ചിലമേഖലക്ക് കുറവ് ധനസഹായവും നല്‍കുന്നു.

രാജ്യം ഒരു വര്‍ഷം 1,300 കോടി രൂപയാണ് ജനിതക സാങ്കേതികവിദ്യാ ഗവേഷണത്തിന് ചിലവാക്കുന്നത്. ഇത്ര പണം ചിലവാക്കുന്ന ഒരു ഗവേഷണമേഖല അവഗണിക്കപ്പെടുന്നു എന്ന് പറയുന്നത് തെറ്റാണ്. പിന്നെയെന്തിനാണ് സിപിഎമ്മിന്റെ നേതാക്കള്‍ ഈ സാങ്കേതിക വിദ്യയെ പുകഴ്ത്തി പറയുന്നത്? പഠന കോണ്‍ഗ്രസ്സില്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകര്‍ക്ക് വേണ്ട അറിവ് നല്‍കാന്‍ ജനിതക സാങ്കേതികവിദ്യയെക്കുറിച്ച് പ്രതിപാദിക്കാം. അതില്‍ തെറ്റില്ല. ആ സാങ്കേതികവിദ്യയില്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും അത് സര്‍ക്കാര്‍ നേതൃത്വത്തില്‍ തന്നെ വേണമെന്നും ആവശ്യപ്പെടാം. പക്ഷേ “കേരളത്തിന്റെ വളര്‍ച്ചാ സ്രോതസില്‍ ഒന്ന് ജനിതക സാങ്കേതിക ആണെന്നും ഇത് കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കും. സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചക്കും കുട്ടികളുടെ ഭരക്കുറവിനും പരിഹാരമാകും,” എന്നൊക്കെ മുന്‍കൂട്ടിപ്പറയുന്നത് തെറ്റാണ്. കാരണം പഠനങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.

പഠനങ്ങള്‍ രണ്ടു തരമുണ്ട്. ഒന്ന് ഈ സാങ്കേതികവിദ്യക്കകത്തുള്ള പഠനങ്ങള്‍, രണ്ട് സാങ്കേതികവിദ്യ ഉണ്ടാക്കുന്ന ആരോഗ്യ, പാരിസ്ഥിതിക പ്രതിഫലനങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍. ഇവ രണ്ടും ഇപ്പോള്‍ അവ്യക്തവും രഹസ്യവുമാണ്. വളരേറെ പഠിക്കേണ്ടിയിരിക്കുന്നു.

വേറൊരു കൂട്ടം ആളുകളുണ്ട്. ഈ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കണം എന്ന് പറയുന്ന കമ്പനി ഏജന്റുമാര്‍. വലിയ നിക്ഷേപങ്ങളും ഉയര്‍ന്നചിലവുമുള്ള ഗവേഷണ രംഗമാണിത്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യകമ്പനികള്‍ ഇതിന്റെ പ്രചാരണത്തിനായി വന്‍തോതില്‍ പണം മുടക്കുന്നുണ്ട്. കൂടാതെ ലോക പോലീസായ അമേരിക്കന്‍ സര്‍ക്കാരിനെ കൊണ്ട് മറ്റു രാജ്യങ്ങളില്‍ നിര്‍ബന്ധിതമായി ഇതുപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎമ്മിനെ പോലൊരു രാഷ്ട്രീയ പാര്‍ട്ടി കമ്പനി ഏജന്റുമാര്‍ ചെയ്യുന്നതുപോലെയൊരു പ്രചാരവേല നടത്തിയാല്‍ ഒരു നീരാ റാഡിയാ പ്രഭാവം എന്ന് ആരോപിക്കുന്നതില്‍ തെറ്റുണ്ടോ?

ജനിതക വഴുതനങ്ങക്കെതിരെയുള്ള സമരം ഒരു അത്ഭുതമെന്നവണ്ണം വിജയിച്ചതാണ്. അത് വിജയിപ്പിക്കുന്നതില്‍ സിപിഎമ്മിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ അവര്‍ തന്നെ ഇത്തിരി മയപ്പെടുത്തി, വലിയ സ്വപ്നങ്ങള്‍ ജനങ്ങളില്‍ കുത്തിവെച്ച്  ജനിതക സാങ്കേതികവിദ്യയെകുറിച്ച് പ്രചാരണം നടത്തുമ്പോള്‍ അടുത്ത സമരത്തില്‍ എതിര്‍പ്പിന്റെ ശക്തി കുറയും എന്നതില്‍ തര്‍ക്കമില്ല.

മുന്നൂറോളം സെഷനുകള്‍ പഠന കോണ്‍ഗ്രസ്സില്‍ നടന്നതായി വാര്‍ത്ത കണ്ടു. എല്ലാ സാങ്കേതികവിദ്യകളേക്കുറിച്ചും ശാസ്ത്രത്തേക്കുറിച്ചും അഭിപ്രായങ്ങള്‍ സിപിഎം സ്വരൂപിച്ചു കഴിഞ്ഞോ? ഊര്‍ജ്ജ രംഗത്തേക്കുറിച്ച് എന്താണ് തീരുമാനം. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് മോചനം നേടാന്‍ എന്തൊക്കെ പരിപാടികളാണ് രൂപകല്‍പ്പന ചെയ്തത്? എത്ര സെഷന്‍ പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ചുണ്ടായിരുന്നു? വെസ്റ്റാസിന്റെ മൂന്ന് കാറ്റാടികള്‍ ഇടതു പക്ഷ സര്‍ക്കാര്‍ രാമക്കല്‍ മേട്ടില്‍ സ്ഥാപിച്ചല്ലോ. നല്ല കാര്യം. പക്ഷേ അതിന്റെ തുടര്‍ നടപടികളെന്താണ്? ചിലവ് കൂടുതലാണെന്ന് മന്ത്രി ബാലന്‍ അന്ന് പറയുന്നത് കേട്ടു. ഈ കാറ്റാടികളുടെ ചിലവ് കുറക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന്  പഠന കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്തോ? വിദേശ കമ്പനിയുടെ കാറ്റാടി വാങ്ങുന്നതിന് പകരം സ്വന്തമായി കാറ്റാടി നമ്മുടെ ഓട്ടോ കാസ്റ്റിലും സില്‍ക്കിലും വേണമെങ്കില്‍ പുതിയ കമ്പനികളിലുമൊക്കെയായി നിര്‍മ്മിക്കുന്നതിനെ പറ്റി ആലോചിച്ചോ? അത് തൊഴിലില്ലായ്മക്ക് ഒരു ചെറിയ പരിഹാരമാകില്ലേ? ഏറ്റവും മെച്ചപ്പെട്ടതരം കാറ്റാടികള്‍ നിര്‍മ്മിച്ചാല്‍ നമുക്കത് വിദേശത്തേക്ക് കയറ്റി അയച്ചുകൂടെ? സൗര താപനിലയങ്ങള്‍ 40 ഡിഗ്രി വരെ വരുന്ന നമ്മുടെ തണുത്ത കാലാവസ്ഥക്ക് അനുയോജ്യമാണോ? തിരമാലയില്‍ ഊര്‍ജ്ജമുണ്ടോ? പഠന കോണ്‍ഗ്രസ്സില്‍ ഇതൊന്നും ചര്‍ച്ച ചെയ്യാതെ, അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ഇതൊന്നും ചെയ്യാതെ എന്തിന് ഉടന്‍ ആവശ്യമില്ലാത്ത ജനിതക സാങ്കേതികവിദ്യയെ കുറിച്ച് മുതലക്കണ്ണീര്‍ ഒഴുക്കി?

ഗതാഗതവും നാം നേരിടുന്ന വലിയൊരു പ്രശ്നമാണ്. സിനിമയിലൂടെയും ചാലനലുകളിലൂടെയും പരസ്യങ്ങളിലൂടെയും പ്രചാരവേല നടത്തുന്ന കാര്‍ കമ്പനികള്‍ നമ്മുടെ എണ്ണ ഉപഭോഗവും പരിസരമലിനീകരണവും വിദേശനാണ്യശോഷണവും വളരേറെ കൂട്ടിയിരിക്കുകയാണ്. ഇതിന് നിയന്ത്രണം വരുത്താന്‍ എന്ത് നടപടികളാണ് പഠന കോണ്‍ഗ്രസ്സിന് പറയാനുള്ളത്? വെറും 15% ദക്ഷതയുള്ള ഈ വാഹനങ്ങളില്‍ നിന്ന് വൈദ്യുത വാഹനങ്ങളിലേക്കും പൊതു ഗതാഗതത്തിലേക്കും മാറാന്‍ ജനങ്ങളേയും പാര്‍ട്ടിക്കാരേയും ബോധവല്‍ക്കരിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്ന സെഷനുകള്‍ നടന്നോ?

വൈദ്യുത വാഹനങ്ങളുടെ രംഗം കടുത്ത അവഗണന നേടുന്ന ഒന്നാണ്. എണ്ണ വില കൂടുമ്പോളൊക്കെ ഹര്‍ത്താലും സമരങ്ങളും സംഘടിപ്പിക്കുന്ന സിപിഎം, എണ്ണയില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയുള്ള ഒരു പ്രവര്‍ത്തനത്തേയും പ്രോത്സാഹിപ്പിക്കുന്നില്ല. ധാരാളം വൈദ്യുത സ്കൂട്ടറുകള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ലഭ്യമാണ്. പക്ഷേ അവയൊക്കെ നിലനില്‍ക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്.

മുകളില്‍ പറഞ്ഞ രണ്ട് വിഭാഗങ്ങളും പൊതുവേ വ്യവസായികള്‍ക്ക് താല്‍പ്പര്യമില്ലാത്തവയാണ്. കാരണം അവ തുറന്ന സാങ്കേതിക വിദ്യയയാണ്. അമിത ലാഭം കിട്ടില്ല. കൂടാതെ കുറച്ച് നിക്ഷേപം മതി വികേന്ദ്രീകൃതമായി ചെയ്യാം. ഇതൊക്കെ വന്‍ വ്യവസായികളെ ജനങ്ങള്‍ക്കുപകരിക്കുന്ന ഈ സാങ്കേതിക വിദ്യകളെ അവഗണിക്കാന്‍ പ്രേരിപ്പിക്കുന്നു. വ്യവസായികള്‍ക്ക് ഒരു പക്ഷേ താല്‍പ്പര്യം കാണാം. എന്നാല്‍ ഇടനിലക്കാര്‍ക്ക് ഒട്ടും തന്നെ താല്‍പ്പര്യമില്ല. കാരണം നിക്ഷേപം വര്‍ദ്ധിക്കുന്നതിനനുസരിച്ചല്ലേ അവര്‍ക്ക് കമ്മീഷന്‍ കിട്ടുക. ഒരു ശതമാനം ഇടനിലക്കാര്‍ക്ക് കമ്മീഷന്‍ കിട്ടുന്നു എന്ന് കരുതുക. ഒരു കോടിയുടെ ഒരു പ്രൊജക്റ്റും നൂറു കോടിയുടെ മറ്റൊരു പ്രൊജക്റ്റും ഉണ്ട്. ഇടനിലക്കാരന്‍ ഏത് പ്രൊജക്റ്റ് സര്‍ക്കാരിനേക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ലോബീയിങ്ങ് നടത്തും. തീര്‍ച്ചയായും നൂറു കോടിയുടെ പ്രൊജക്റ്റു തന്നെ. കാരണം അതില്‍ നിന്ന് അവന് കമ്മീഷന്‍ ഒരു കോടി കിട്ടുമ്പോള്‍ ആദ്യ പ്രൊജക്റ്റില്‍ നിന്ന് വെറും ഒരു ലക്ഷമേ കിട്ടു.

അതുകൊണ്ടാണ് വമ്പന്‍ ഡാമുകള്‍ക്കും ഫോസില്‍ ഇന്ധന വൈദ്യുത നിലയങ്ങള്‍ക്കും ആണവേര്‍ജ്ജത്തിനും ജനിതക സാങ്കേതികവിദ്യക്കുമൊക്കെ വേണ്ടി ആളുകള്‍ മുറവിളികൂട്ടുന്നത്.

ഇന്‍ഡ്യയിലെ ഭക്ഷ്യ ക്ഷാമത്തിനും ഭക്ഷ്യ സാധനങ്ങഴുടെ വിലക്കയറ്റത്തിനും ശരിയായ കാരണം സിപിഎമ്മിന് അറിയാം. FCI അടച്ച് പൂട്ടി, റിലയന്‍സ് പോലുള്ള റീടൈല്‍ വില്‍പ്പനക്കാര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കാനും ഊഹക്കച്ചവടം നടത്താനും വഴിയുണ്ടാക്കിയതാണ് ഇതിന് കാരണം. ഉള്ളിക്ക് വിലകൂടിയപ്പോള്‍ പാകിസ്ഥാനില്‍ നിന്നു വന്ന ഉള്ളി ബോംബേ പോര്‍ട്ടില്‍ ചീഞ്ഞളിഞ്ഞു പോയത് നാം കണ്ടതാണ്. ഉള്ളിക്ക് വില കുറക്കാന്‍ റിലയന്‍സുകാരന്‍ കരാറുകാരുടെ കേന്ദ്ര സര്‍ക്കാരിനേക്കൊണ്ടനുവദിപ്പിക്കുമോ?

ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ അവരുടെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാതെ പിടിച്ചുനില്‍ക്കാനുള്ള വഴിയാണ് ശരിക്കും ഇടതു പക്ഷം കണ്ടത്തേണ്ടത്. അതില്‍ ഈ സര്‍ക്കാര്‍ നല്ല പ്രകടനമാണ് കാഴ്ച്ച വെച്ചത്. കേരളത്തിലെ മൊത്തം കൃഷിസ്ഥലത്തിന്റെ വ്യാപ്തി ചരിത്രത്തിലാദ്യമായി വര്‍ദ്ധിച്ചു. പോലീസ് സ്റ്റേഷനിലും, ഹൈവേയുടെ വശങ്ങളില്‍ പോലും ആളുകള്‍ കൃഷി ചെയ്യാന്‍ തയ്യാറായി. ഇത് വലിയ മുന്നേറ്റമാണ്. അങ്ങനെയുള്ള ബദലുകള്‍ക്ക് ഒരു തിരിച്ചടിയാണ് ഈ സാങ്കേതിക വിദ്യാ ഭ്രമം.

ഓരോ സാങ്കേതിക വിദ്യയും അതത് സ്ഥലത്തേ ആവശ്യകതയും മൊത്തം ചുറ്റുപാടുകളും അനുസരിച്ച് തരംതിരിക്കണം. അതിന് ശേഷം ഒരു മുന്‍ഗണനാക്രമം ഉണ്ടാക്കി ഏറ്റവും അത്യാവശ്യമായത് പരിഗണിക്കണം. അങ്ങനെ വരുമ്പോള്‍ ജനിതക സാങ്കേതികവിദ്യ കേരളത്തെ സംബന്ധിച്ചടത്തോളം ഒട്ടും പ്രാധാന്യം ഇല്ലാത്ത ഒന്നാണ്. പ്രത്യേകിച്ച് ഒരുപാട് വിവാദങ്ങള്‍ ഉള്ള സ്ഥിതിയില്‍. ഗവേഷണം നടത്തേണ്ട എന്ന് ആരും പറഞ്ഞിട്ടില്ല. അതിന് സിപിഎമ്മിന്റെ അംഗീകാരവും വേണ്ട.

അനുബന്ധം: ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

5 thoughts on “എന്തുകൊണ്ട് സിപിഎമ്മിന്റെ ജനിതക നയത്തെ വിമര്‍ശിക്കുന്നു

 1. ജനിതക വിത്ത് വേണ്ടെന്ന്‌ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്‌ ശാസ്‌ത്രീയ പഠനത്തിന് ശേഷമെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍.

 2. from http://marushabdam.blogspot.com/2011/01/blog-post_05.html

  1994 ല്‍ ഇ.എം.എസ് രൂപ കല്‍പ്പന ചെയ്ത ഒന്നാം പഠന കോണ്‍ഗ്രസ്സ് ഇടതുപക്ഷ അടിത്തറയില്‍ മാക്‌സിയന്‍ രീതിശാസ്ത്രത്തില്‍ നിന് വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയെങ്കില്‍ 2005 ലെ രണ്ടാം പഠന കോണ്‍ഗ്രസ്സ് ആഗോളവത്കരണ നയങ്ങള്‍ വരുത്തിയ മാറ്റങ്ങളില്‍ ചിലവയോട് സമരസപ്പെടുന്നതായും കാണാം. മൂന്നാം കോണ്‍ഗ്രസ്സ് ആയപ്പോള്‍ സി.പി.എമ്മിന്റെ നയസമീപനം മുതലാളിത്തവത്കരണത്തിന്റെ സാദ്ധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി മാത്രമേ വികസന കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ കഴിയൂ എന്നതായി പരിവര്‍ത്തിക്കപ്പെട്ടുകഴിഞ്ഞു.

  ഭാവിയില്‍ ഇത് ഊര്‍ജ്ജ പ്രതിസന്ധിയായി മാറാനും വഴിയൊരുക്കും. ഇതിനെ മറികടക്കാന്‍ വീണ്ടും അതിരപ്പിള്ളി പോലെ പാത്രക്കടവ് പോലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്ന വന്‍കിട പദ്ധതികളാണ് പഠന കോണ്‍ഗ്രസ്സില്‍ മുന്നോട്ട് വയ്ക്കുന്നത്. എന്നാല്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന, തദ്ദേശ സ്ഥാപനങ്ങള്‍വഴിതന്നെ മുന്നോട്ട് കൊണ്ടുപോകാവുന്ന ചെറുപദ്ധതികളെ തള്ളിക്കളയുന്നുണ്ട് സമീപന രേഖ.

  എന്നാല്‍ തീരം നേരിടുന്ന പ്രതിസന്ധികളെ ടൂറിസത്തിന്റയും വ്യവസായ വത്കരണത്തിന്റേയും അനന്തര ഫലമായുണ്ടായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ നേരിടുന്നതില്‍, തീരമേഖല കുത്തകള്‍ റിസോര്‍ട്ടുകളും മറ്റ് ആഡംബര കേന്ദ്രങ്ങളും ഉയര്‍ത്തുമ്പോള്‍ നിലവിലുള്ള തീര നിയന്ത്രണ നിയമ പ്രകാരം മത്സ്യത്തൊഴിലാഴി ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീക്കുന്നതില്‍ ഒന്നും കാര്യമായ നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നിട്ടില്ല എന്ന് മാത്രമല്ല കരിമണല്‍ ഖനനമേഖലയിലെ സ്വകാര്യ നിക്ഷേപമമടക്കമുള്ള അപകടകരമായ വാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്നു. തീരസമ്പത്ത് കൊള്ളയടിക്കുകയും പരമ്പരാഗത മേഖലയെ അപകടപ്പെടുത്തുകയും ചെയ്യുന്ന ട്രോളറുകളോടുള്ള സമീപനം വ്യക്തമാക്കിയിട്ടില്ല.

  ആഗോള വത്കരണത്തിലെ കൃഷി എന്ന പഠന കോണ്‍ഗ്രസ്സിലെ സിമ്പോസിയത്തില്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ എസ്.ആര്‍.പിയോട് വിയോജിച്ചുകൊണ്ട് ജി.എം വിളകളെ എതിര്‍ത്ത് സംസാരിക്കുമ്പോള്‍ സദസ്സില്‍ ഉയര്‍ന്ന കരഘോഷം ഇക്കാര്യത്തില്‍ സി.പിഎമ്മിനുള്ളില്‍ തന്നെയുള്ള എതിരഭിപ്രായങ്ങളുടെ ചൂണ്ടുപലകയാണ്.

 3. / /ഹൈവേയുടെ വശങ്ങളില്‍ പോലും ആളുകള്‍ കൃഷി ചെയ്യാന്‍ തയ്യാറായി/ / ശരിയാണ്. ഹൈവേയുടെ വശത്ത് വീടുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: ഒരു ദിവസം കുറെ ആളുകള്‍ വന്നു, കുഴിയൊക്കെ എടുത്ത് എന്തൊക്കെയോ നട്ടുപോയി. തൊഴിലുറപ്പ് തൊഴിലാളികളായിരുന്നു. പിന്നെയാരും തിരിഞ്ഞുനോക്കിയില്ല. അതെന്താ തൊഴിലുറപ്പ് പദ്ധതിപ്രകാരം വെള്ളം നനയ്ക്കാനും ആളെ ഏര്‍പ്പാടാക്കിക്കൂടേ എന്ന്. എന്തായാലും കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി കൃഷിസ്ഥലം പൂര്‍വ്വാധികം വര്‍ദ്ധിച്ചു. അതിന്റെ ഔട്ട്പുട്ട് വര്‍ദ്ധന പക്ഷെ സീറോ ആയിരിക്കുമെന്നതില്‍ സംശയം വേണ്ട. ജനകീയാസൂത്രണത്തില്‍ എത്ര കോടി ചെലവാക്കിയിരുന്നു? എന്നിട്ടെന്താ നൂറ് ഗ്രാം പച്ചമുളകോ നൂറ് മില്ലിലിറ്റര്‍ പാലോ കേരളം അധികം ഉല്പാദിപ്പിച്ചോ …

 4. സിപി എം പോലെയുള്ള സംഘടകള്‍ ജനിതക സാങ്കേതിക വിദ്യയെ തിരസ്കരിക്കുന്നില്ല എന്ന് മാത്രമല്ലെ ഇപ്പോഴത്തെ സംഭവങ്ങളില്‍ നാം മനസ്സിലാക്കേണ്ടതുള്ളൂ?
  കുത്തകവത്കരിക്കപ്പെട്ട ഒരു വ്യവസായമെന്ന നിലയിലാണ് പാര്‍ട്ടി അതിനെ എതിര്‍ക്കുന്നതെന്നാണ് എന്റെ ധാരണ. മറിച്ച് താങ്കള്‍ സൂചിപ്പിച്ചപോലെ ജനകീയമായ ഒരു സംരഭമായി ഉയര്‍ന്നു വരുന്നുവെങ്കില്‍ ജനിതക വിദ്യകള്‍ പ്രചരിപ്പിക്കപ്പെടേണ്ടെ?

  കെപി എസ് എന്താണാവോ ഉദ്ദേശിക്കുന്നത്. ജനകീയാസൂത്രണ പദ്ധതികള്‍ നടപ്പിലാവാന്‍ തുടങ്ങിയ ശേഷം ഏത്ര ഭൂമി കൃഷിക്ക് ഉപയോഗിക്കാന്‍ തുടങ്ങി എന്നോ പച്ചക്കറികളും മറ്റും എത്ര അധികമായി ഉണ്ടായി എന്നോ ചുമ്മാതൊന്ന് റഫര്‍ ചെയ്തിരുന്നെങ്കില്‍ ഇമ്മാതിരി ഡയലോഗൊന്നും കാച്ചില്ലായിരുന്നു. 1996 മുതല്‍ ഉത്പാദന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ ജനകീയാസൂത്രണവുമായി അടുത്ത് ഇടപഴകുന്ന ഒരാളാണ് ഞാന്‍.

 5. kps,
  തൊഴിലുറപ്പ് പദ്ധതി മിക്കടത്തും ഒരു തട്ടിപ്പാണ്. എന്നാല്‍ തുറവൂര്‍ പഞ്ചായത്തില്‍ അവര്‍ അത് ഫലപ്രദമായി ചെയ്തു. ഹൈവേയില്‍ അവര്‍ ഒരു പ്രാവശ്യം നെല്ല് കൃഷിചെയ്ത് വിളവെടുപ്പ് നടത്തി. എന്നാല്‍ പിന്നീട് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന് ശേഷം അധികാര മാറ്റം നടന്നു. പുതിയ ഭരണ സമിതിക്ക് ഇതില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ തുടര്‍ കൃഷി നടന്നില്ല.

  അനില്‍,
  സാങ്കേതിക വിദ്യയെ തിരസ്കരിക്കണെമെന്ന് ആരും പറയില്ല. സിപിഎമ്മും പറഞ്ഞിട്ടില്ല. എന്നാല്‍ “ഇത് കേരളത്തിന്റെ ഭാവിയാണ്, സ്ത്രീകളെ ബാധിക്കുന്ന വിളര്‍ച്ചക്കും കുട്ടികളുടെ ഭരക്കുറവിനും പരിഹാരമാകും,” എന്നൊക്കെയുള്ള പ്രചാരവേല പരീക്ഷണ ഘട്ടത്തിലുള്ള റിസ്ക് കൂടിയ ഒരു സാങ്കേതിക വിദ്യയെ കുറിച്ച് സിപിഎം അധികമായി പറഞ്ഞതാണ് കുഴപ്പം. ഈ സാങ്കേതിക വിദ്യയെ അവതരിപ്പിക്കാം, അതിന്റെ ഗുണ ദോഷങ്ങള്‍ പറയാം, പക്ഷേ കച്ചവടക്കാര്‍ നടത്തുന്ന പോലുള്ള പരസ്യങ്ങള്‍ പാടില്ല. പൊതു മേഖലയിലുള്ള സ്ഥാപനങ്ങള്‍ ടെസ്റ്റ് ചെയ്ത് കുഴപ്പമില്ലെന്ന് തെളിയിച്ച ശേഷം പ്രാവര്‍ത്തികമാക്കുക. അത്ര മാത്രം പറഞ്ഞാല്‍ പോരെ?

  കൂടാതെ ഈ സാങ്കേതിക വിദ്യയെക്കുറിച്ച് ഒറ്റപ്പെട്ട പ്രശംസയല്ല ഇപ്പോള്‍ ഉണ്ടായത്. സ്വകാര്യകമ്പനികളുടെ ഏജന്റമ്മാര്‍ പല വേഷത്തിലും ഭാവത്തിലും വന്ന് ഇത് പ്രചരിപ്പിക്കുന്നുണ്ട്. അമേരിക്കന്‍ സര്‍ക്കാരും മറ്റ് രാജ്യങ്ങളില്‍ ഇത് അടിച്ചേല്‍പ്പിക്കാന്‍ വ്യാപകമായ ശ്രമം നടത്തുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ ഈ അനാവശ്യമായ സമയത്ത് സിപിഎം അഭിപ്രായം ആകാശത്തുനിന്ന് പൊട്ടിവീണെന്ന് നമുക്ക് വിശ്വസിക്കാനാവുമോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )