ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

പാപ്പിലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് ടിടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചില ചിന്തകള്‍ –

1. ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന നയപരിപാടിയാണ്. സോവ്യേറ്റ് യൂണിയനിലെ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. കേരളത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും അത് ആദ്യം ചെയ്തു. നെഹ്രുവിന്റെ സോവ്യേറ്റ് അടുപ്പം കാരണം അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണം നടത്താനുള്ള നിയമം പാസാക്കുകയും ചെയ്തത് അന്നത്തെ ഇടത് സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരളത്തില്‍ ജനാധിപത്യ ഭരണം തുടങ്ങിയത് 57 ല്‍ അല്ലല്ലോ. എന്തുകൊണ്ട് അതുവരെയുള്ളവരാരും പിന്നോക്കക്കാരേയും കര്‍ഷകരേയും സഹായിച്ചില്ല? എന്തുകൊണ്ട് ഇടത് സര്‍ക്കാരിനെ നിലനിര്‍ത്താനനുവദിച്ചില്ല? നെഹ്രു പാസാക്കിയ ഭൂപരിഷ്കരണം നിയമം ഇവിടുത്തേ കോണ്‍ഗ്രസ് സര്‍ക്കാരുകളോ മറ്റ് സംസ്ഥാനങ്ങളിലേ കോണ്‍ഗ്രസ് സര്‍ക്കാരുകളോ പോലും എന്തുകൊണ്ട് നടപ്പാക്കിയില്ല?

57 ലെ ഇടത് സര്‍ക്കാര്‍ ഭൂപരിഷ്കരണ നടപടികളുമായി മുന്നോട്ടു പോകുംപോഴും കുറച്ചാളുകള്‍ ഭൂപരിഷ്കരണം വേണം എന്ന ആവശ്യവുമായി കുത്തിയിരിപ്പ് സമരം നടത്തി. അതുവരെ ഇല്ലാത്ത ആ മുതലക്കണ്ണീര്‍ ജനത്തിന് മനസിലാകുകയും സമരം തനിയെ കെട്ടങ്ങുകയുമാണ് ഉണ്ടായത്. പിന്നീട് നടന്ന ഉപ തെരഞ്ഞെടുപ്പിലും കമ്യൂണിസ്റ്റ്കാര്‍ വിജയിച്ചു.

കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ കാലത്തും ഇതേപോലെ ആടിനെപട്ടിയാക്കല്‍ സമരം നടത്തിയിരുന്നു. അന്നത്തെ കേരള പ്രതിപക്ഷമായ മാധ്യമങ്ങളെന്ന സാമൂഹ്യ ദ്രോഹികളുടെ സഹായത്തേടെ അത് വലിയ ബഹളമാക്കാന്‍ സമരക്കാര്‍ക്ക് കഴിഞ്ഞു.

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുന്നതിന് മുന്പുള്ള ഇടവേള കൊണ്ട് ആദ്യം ഉണ്ടായിരുന്ന മിച്ച ഭൂമിയിലധികവും സ്വകാര്യ ഭൂമിയായി മാറിയിരുന്നു. ഇടത് സര്‍ക്കാരിനെ പിരിച്ച് വിട്ട് അധികാരത്തില്‍ വന്നവര്‍ക്ക് ഭൂപരിഷ്കരണമൊന്നും വേണ്ടേ? കോണ്‍ഗ്രസ്സുകാരനായ എച്ച്.ഡി.മാളവീയയുടെ പുസ്തകം വായിക്കുക.

2. സാമ്പത്തിക പ്രതിസന്ധി രാജ്യങ്ങളെ ബാധിക്കുന്നത് അവക്ക് തമ്മില്‍ സാമ്പത്തികമായ ഇടപാടുകള്‍ ഉണ്ടാകുമ്പോഴാണ്. 1930 കളില്‍ കേരളത്തിലെ അവസ്ഥ എന്താണ്? സ്വയം പര്യാപ്തമായ ഗ്രാമങ്ങളായിരുന്നു അന്ന്. പുറത്തുനിന്ന് ഒന്നും വാങ്ങേണ്ട. എന്നാലും പട്ടിണിയും ക്ഷാമവും എല്ലാം ഓരോ കാലത്തും ഉണ്ടായിരുന്നു. ചിലപ്പോള്‍ കൃഷി നാശമാകാം, ചിലപ്പോള്‍ കാലാവസ്ഥയുടെ മാറ്റങ്ങളാവും. ആളുകള്‍ നടന്ന് യാത്രചെയ്യുക, ചെറ്റപ്പുരകളില്‍ ജീവിക്കുക തുടങ്ങി അന്നത്തെ നിയമങ്ങള്‍ക്കനുസിച്ച സ്വയം പര്യാപ്തമായ അവസ്ഥയായിരുന്നു. അന്ന്. അത് നല്ലതാണെന്നല്ല പറഞ്ഞത്. ഗ്രാമങ്ങളെല്ലാം പുറത്തുനിന്നുള്ള ഒന്നും ആശ്രയിച്ചിരുന്നില്ല. അടിമകളെപ്പോലുള്ള ജനമായിരുന്നു സമ്പദ്ഘടനയെ മുന്നോട്ട് കൊണ്ട് പോയിരുന്നത്.

2007 ലെ സാമ്പത്തിക തകര്‍ച്ച പോലെ ഒന്നായിരുന്നു 1930 കളിലെ തകര്‍ച്ചയും. ഒന്നാം ലോക മഹായുദ്ധത്തിന് ശേഷമുള്ള കടം ആയിരുന്നു അടിസ്ഥാനകാരണം. ബാങ്കുകാരുടെ കള്ളക്കളികള്‍ സമ്പദ്വ്യവസ്ഥ മൊത്തത്തില്‍ തകര്‍ക്കുന്നതിന് വഴിവെച്ചു. പക്ഷേ അതിന് സ്വയം നില്‍ക്കുന്ന ചെറുരാജ്യത്തെ തറവാടുകളെ ബാധിക്കുന്ന തരത്തിലായിരുന്നു എന്ന് തോന്നുന്നില്ല. തറവാടുകള്‍ തകരാന്‍ അതാണ് കാരണമെന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കുക.

3. കരിയന്റെ ദൈവം

മുന്‍ കമ്യൂണിസ്റ്റായ കരിയന്‍ സ്വന്തം വീട്ടില്‍ ഇഎംഎസ്സിന്റെ ചിത്രം വെച്ച് ദൈവത്തേ പോലെ പണ്ട് ആരാധിച്ചിരുന്നു. എല്ലാ ദൈവങ്ങള്‍ക്കും പറ്റുന്നതുപോലെ എപ്പോഴും വരദാനം നല്‍കാന്‍ ഇഎംഎസ്സ് ദൈവത്തിന് കഴിഞ്ഞില്ല. ദൈവത്തെ മാറ്റി പുതിയ ദൈവത്തെ വെച്ചു. ഫലം കിട്ടിയേക്കാം. പാപ്പിലിയോ ബുദ്ധ സിനിമയിലെ ഒരു രംഗമാണ്.

ദൈവമില്ലാതെ കരിയന്‍മാര്‍ക്ക് നിലനില്‍ക്കാനാവില്ലേ? ഇഎംഎസ്സ് ദൈവത്തെ ഉപേക്ഷിച്ച് ദൈവം എന്ന ആശയത്തെ തന്നെ ഇല്ലാതാക്കാന്‍ കരിയന്‍മാര്‍ക്ക് കഴിയില്ലെ. കഴിയും. ലോകം മൊത്തം കരിയന്‍മാര്‍ ദൈവങ്ങളെ ഉപേക്ഷിച്ച് തിരശ്ഛീന സ്ഥാപനങ്ങളും, സംഘടനകളും, പ്രസ്ഥാനങ്ങളും തുടങ്ങുന്ന ഈ കാലത്താണ്, കേരള കരിയന്‍മാരെ ബോധപൂര്‍വ്വം വിശുദ്ധമെന്ന് ആരോപിക്കുന്ന ഒരു മതവര്‍ഗ്ഗീയതക്ക് അടിമപ്പെടുത്തുവാനുള്ള ശ്രമമാണ് നാം അവിടെ കാണുന്നത്. 60 കളില്‍ അര്‍ന്റീനയില്‍ തുടങ്ങി (കാണുക, തീച്ചൂളകളുടെ സമയം), Zanon Ceramics ലൂടെ (കാണുക – ഏറ്റെടുക്കല്‍ വായിക്കു – അധികാരിയില്ലാത്ത സ്ഥാപനം), ടുണീഷ്യയിലും, ഈജിപ്റ്റിലും,Republic Windows and Doors ലും Occupy Wall Street ല്‍ എത്തി നില്‍ക്കുന്ന സാമൂഹ്യമാറ്റങ്ങളെ കണ്ണടച്ച് ഇരുട്ടാക്കുകയും ആണ് സംവിധായകന്‍.

കൂടാതെ ആ സമരക്കാര്‍ വ്യവസ്ഥയുടെ മാറ്റം വേണമെന്ന് ആവശ്യപ്പെടുമ്പോഴും ഇപ്പോഴത്തെ യജമാനന്‍മാരെ തോല്‍പ്പിച്ച് പുതിയ 1% ക്കാരെ സൃഷ്ടിക്കാനല്ലന്ന് Charles Eisenstein മനോഹരമായി പറയുന്നത് കേള്‍ക്കൂ. സ്നേഹമാണ് വിപ്ലവം

കരിയന്‍മാര്‍ക്കും കരിയത്തികള്‍ക്കും ഇനി ദൈവങ്ങള്‍ വേണ്ട.

4. ബുദ്ധമതം എന്ന അക്കരപ്പച്ച

തത്വചിന്തയില്‍ വളേരെ ഉയര്‍ന്നുനില്‍ക്കുന്ന നാസ്തിക ദര്‍ശനമായ ബുദ്ധമതത്തെക്കുറിച്ച് പുരോഗമനവാദികള്‍ക്ക് പൊതുവേ ആരാധനാ സ്വഭാവമാണുള്ളത്. എന്നാല്‍ ബുദ്ധന്റെ കാലത്തിന് ശേഷം മറ്റെല്ലാ മതങ്ങളെ പോലെ പുരോഹിതന്‍മാര്‍ അതിന് ഏറ്റെടുത്തു. ജനത്തെ ഒന്നിപ്പിച്ച് അധികാരികള്‍ക്ക് വേണ്ടി അനുസരണയുള്ള പണിക്കാരാക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യം. ശ്രീലങ്കയിലേയും ചൈനയിലേയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേയും ഉദാഹരണങ്ങള്‍. നാം ഇപ്പോഴത്തെ സങ്കുചിത വര്‍ഗ്ഗീയ ചിന്തകളുമായി ബുദ്ധമതക്കാരായാല്‍ അത് വലിയ ഫാസിസ്റ്റ് സംഘമായി മാറാനേ വഴിയുള്ളു. ബുദ്ധമതത്തിന്റെ താത്വികമായ സഹിഷ്ണത ഈ ആളുകളിലൊന്നും കാണുന്നില്ല. അവര്‍ക്ക് ബുദ്ധമതം സ്വന്തം ആഢ്യത്തം സ്ഥാപിക്കാനും സംഘടിക്കാനുമുള്ള വഴിമാത്രമാണ്.

5. ബ്രാഹ്മണരല്ല ശത്രു

കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഒരു മുദ്രാവാദ്യം വലിയ രാക്ഷസന് (റോമ്നി)പകരം ചെറിയ രാക്ഷസനെ (ഒബാമ)തെരഞ്ഞെടുക്കൂ. എന്നാല്‍ ഒബാമ ചെറിയ രാക്ഷസനല്ല. പകരം ഫലപ്രദമായ രാക്ഷസനാണ് (effective evil). എല്ലാ രംഗത്തും ബുഷിന് പോലും പേടിയുണ്ടാക്കുന്ന തരത്തിലുള്ള സാമൂഹ്യ വിരുദ്ധ, പൗരവിരുദ്ധ, പരിസ്ഥിതി വിരുദ്ധ, നയങ്ങള്‍ ഒരു സങ്കോചവും കൂടാതെ ഒബാമക്ക് നടപ്പാക്കാനാവുന്നത് കറുത്തവന്‍ പണിഞ്ഞ വൈറ്റ് ഹൗസില്‍ കറുത്ത പ്രസിഡന്റെന്ന പേരില്‍ പ്രചരിപ്പിച്ച് പുരോഗമനവാദികളെ വായടപ്പിച്ചതിനാലാണ്.

മൂലധനത്തെ സബന്ധിച്ചടത്തോളും അതിന് ചൂഷണവും അതിന്റെ നയങ്ങളും മാത്രമേ പ്രധാനമായുള്ള. അല്ലാതെ ആരാണ് ഭരിക്കുന്നതെന്നല്ല.

ജനത്തെ സങ്കുചിത വര്‍ഗ്ഗീയ രാഷ്ട്രീയത്തില്‍ തളച്ചിട്ടാല്‍ ഇപ്പോഴുള്ള ചൂഷണ വ്യവസ്ഥ ഇനിയും മുന്നോട്ട് തള്ളിനീക്കാനാവും എന്ന് അധികാരികള്‍ക്കറിയാം (മൂലധനം). അതുകൊണ്ടവര്‍ ഫാസിസത്തിന്റെ മുഖമുദ്രയയായ ശത്രുവിനെ കണ്ടെത്തി പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്നു.

ബ്രാഹ്മണരല്ല ശത്രു. ജാതി വ്യവസ്ഥയേയാണോ ആളുകള്‍ വിമര്‍ശിക്കുന്നത് അതോ ജാതി വ്യവസ്ഥയില്‍ തങ്ങള്‍ക്ക് മോശം സ്ഥാനമാണ് കിട്ടിയത് അത് മാറ്റി തങ്ങളെ ഉയര്‍ന്ന സ്ഥാനത്തെത്തിക്കണം എന്നതാണോ പ്രശ്നം? നാം കേവല ജാതിക്കെതിരായാണ് സമരം ചെയ്യുന്നത്. ചൂഷണവ്യവസ്ഥക്കെതിരെ അല്ല എന്നതാണ് പ്രശ്നം. പുതിയ ആഢ്യന്‍മാര്‍ വന്നാലും അവരും പഴയ വ്യവസ്ഥയെയായിരിക്കും മുന്നോട്ട് കൊണ്ടുപോകുക. പക്ഷേ അതല്ല നമുക്ക് വേണ്ടത്. കേവല ജാതിക്കെതിരായ സമരത്തിന് പകരം ചൂഷണവ്യവസ്ഥക്കെതിരായ സമരം തുടങ്ങുക.

6. ഫാസത്തിന്റെ വളര്‍ച്ച

ഭൂതകാലത്തില്‍ നടന്ന ഒരു സംഭവത്തെ ചൊല്ലി, വര്‍ത്തമാനകാലത്ത് പ്രതികാരം ചെയ്യുന്നത് ഫാസത്തിന്റെ രീതിയാണ്. ഈ പിന്നോക്ക ആശയപ്രചരണങ്ങളിലെല്ലാം തെളിഞ്ഞ് കാണാവുന്ന യാഥാര്‍ത്ഥ്യമാണത്. ഫാസിസത്തെ ആണിത് വളര്‍ത്തുന്നത്. സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം വൈകാരികതയല്ല. യുക്തി ചിന്തയും യാഥാര്‍ത്ഥ്യവുമാണ്.

7. ഇഎംഎസ്സിന്റെ ജാതി

തെളിവുകളുടെ അടിസ്ഥാനത്തിലാവണം ഇഎംഎസ്സിന് വ്യക്തമായ സ്വജാതി പക്ഷാപാതമുണ്ടെന്ന് പറയാന്‍. എന്നാല്‍ ഇഎംഎസ്സ് സ്വന്തം ജാതിയില്‍ നിന്ന് കല്യാണം കഴിച്ചതോ, മക്കള്‍ കല്യാണം കഴിച്ചതോ, അമ്പലത്തില്‍ പോയതോ, പേരിന്റെ കൂടെ ജാതി പേര് നിലനിര്‍ത്തുന്നതോ ഒന്നും സാമൂഹ്യ പ്രശ്നങ്ങളല്ല. സവര്‍ണ്ണരെല്ലാം അവര്‍ണ്ണരെ കല്യാണം കഴിച്ചും ജാതിപേര് വെട്ടിക്കളഞ്ഞും ജാതി വ്യവസ്ഥ ഇല്ലാതാക്കാം എന്ന് കരുതുന്ന വിഢിത്തമാണ്. അങ്ങനെ കല്യാണം കഴിച്ച് പേര് മാറ്റി തീര്‍ക്കാവുന്ന പ്രശ്നങ്ങളല്ല സമൂഹത്തിലിന്നുള്ളത്. ആദി ശങ്കരനെ പുകഴ്ത്തി ലേഖനം എഴുതി ഹിന്ദുത്വത്തെ പ്രീണിപ്പിച്ചു എന്നത് ആ ലേഖനം വായിക്കാതെ പറയാനാവുന്നില്ല.

പൂച്ചയുടെ നിറമല്ല പ്രധാനം അത് എലിയെ കൊല്ലുന്നോ എന്നതാണ്.

കമ്യൂണിസ്റ്റ് ആണെന്നറിഞ്ഞാല്‍ തല്ലിക്കൊല്ലുന്ന കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവിച്ച ധാരാളം സവര്‍ണ്ണരുണ്ട്. അവരാരും അവരുടെ ജാതി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരല്ല. നമ്മുടെ ജാതി ബോധവും വര്‍ഗ്ഗീയതയും വൈകാരികതയുമാണ് അവര്‍ക്ക് ജാതി പരിവേഷം കൊടുക്കുന്നത്. അല്ലാതെ അവരുടെ നയങ്ങളല്ല.

ഇഎംഎസ്സ് ചെയ്തതെല്ലാം ശരിയെന്നല്ല പറഞ്ഞത്. അദ്ദേഹം തന്നെ പറ്റിയ തെറ്റുകള്‍ തുറന്ന് സമ്മതിച്ചിട്ടുണ്ട്.

ഇഎംഎസ്സ് ഒരു ബിംബമാണിന്ന്. ഇഎംഎസ്സിനെ ഒരു ജാതിയില്‍ ചേര്‍ത്താല്‍ അതുവഴി ആ ജാതിയില്‍ ഉള്‍പ്പെടാത്ത മറ്റുള്ളവരുടെ സംഘങ്ങളുണ്ടാകും. അവ തമ്മിലുള്ള തമ്മിലടി ഉപയോഗപ്പെടുത്തി സ്വാര്‍ത്ഥലാഭം നേടുന്നവര്‍ CPM ന് അകത്തും പുറത്തുമുണ്ട്. പുറത്തുള്ളവര്‍ക്ക് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനും അകത്തുള്ളവര്‍ക്ക് മന്ത്രി കസേരക്കും മക്കളുടെ പഠന,ജോലി അവസങ്ങള്‍ക്ക് വേണ്ടിയും.

കരിയന് ഭൂമികിട്ടാത്തതിന് അനേകം കാരണമുണ്ട്. അതിന്റെ ഏറ്റവും പ്രധാനകാരണം ഭൂപരിഷ്കരണത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഒരു ജനകീയ സര്‍ക്കാരിനെ നീചമായ വര്‍ഗ്ഗീയ മത രാഷ്ട്രീയം ഉപയോഗിച്ച് പിരിച്ച് വിട്ടതാണ്. CIA യുടെ കോടിക്കണക്കിന് പണം അന്ന് ഒഴുകിയിരുന്നു.

വിക്കീലീക്സില്‍ പ്രസിദ്ധപ്പെടുത്തിയ രേഖകളില്‍ ഡല്‍ഹിയിലെ ഇപ്പോഴുള്ള കേരള സ്വാധീനത്തെക്കുറിച്ച് പറയുന്നുണ്ട്. കമ്യൂണിസ്റ്റുകള്‍ അണവ കാരാറിനെതിരെ പ്രവര്‍ത്തിച്ചതിനെക്കുറിച്ചും അവരുടെ ഡല്‍ഹി സ്വാധീനത്തെക്കുറിച്ച് പ്രത്യേകിച്ചും. വിദേശത്തും സ്വദേശത്തുമുള്ള മുതലാളിമാര്‍ക്കു് കണ്ണിലെ കരടാണ് ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടിത മതേതര ജനം. ഉദാഹരണത്തിന് ഇന്‍ഡ്യയിലെല്ലായിടത്തും സ്വകാര്യ നാലുവരിപ്പാതകള്‍ യാഥാര്‍ത്ഥ്യമായപ്പോള്‍ കേരളത്തില്‍ അത് നടക്കുന്നില്ല. സാമൂഹ്യ മതേതര രാഷ്ട്രീയം തകര്‍ക്കുക അവരുടെ ആവശ്യമാണ്. അതുകൊണ്ട് വിമോചന സമരം ഇഎംഎസ്സിന്റെ പരിപാടിയായിരുന്നു എന്ന് പറയുന്ന പുതിയ സിനിമകള്‍ ഇനി ഉണ്ടായാലും അത്ഭുതപ്പെടേണ്ടതില്ല.

ഇനി അഥവാ ഇഎംഎസ്സ് മഹാ വൃത്തികെട്ടവനാണെങ്കില്‍ അയാളെ തള്ളിക്കളഞ്ഞേര്… പക്ഷേ നാം ജാതിയോ മതത്തിന്റെ പേരിലോ സംഘടിക്കരുത്. പകരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ശക്തി പകരൂ.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

4 thoughts on “ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

 1. T T Sreekumar said:
  ഒന്നാമതായി ഭൂപരിഷ്കരണത്തിന്റെ കാര്യം. അതിന്റെ സൈദ്ധാന്തിക വശം ഈ പ്രശ്നത്തെ കുരിച്ചുല്ല ഉപരി ചര്‍ച്ചക്ക് പ്രധാനമാണ്. എന്ത് കൊണ്ട് മറ്റു സ്ഥലങ്ങളില്‍ നടന്നില്ല തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം യഥാര്‍ത്ഥത്തില്‍ ആ സൈദ്ധാന്തിക വിശദീകരണത്തില്‍ ഉണ്ട്. വര്‍ഗ സമരത്തിന്റെ ഒരു സവിശേഷത അതിന്റെ out come ചരിത്രപരവും നിര്‍ണ്ണയാതീതവുമാണ് എന്നതാണ്. അതുകൊണ്ടാണല്ലോ വിപ്ലവo റഷ്യയിലും ചൈനയിലും നടന്നിട്ടും യൂറോപ്പില്‍ നടക്കാഞ്ഞത്. ഭൂപരിഷ്കരണം വര്‍ഗ്ഗ/വര്‍ണ്ണ സമരത്തിന്റെ ഭാഗമാണ്. ഫ്യൂടല്‍ ശക്തികള്‍ക്കു ആപേക്ഷികമായി ശക്തി കൂടിയിരുന്ന സ്ഥലങ്ങളില്‍ ബൂര്‍ഷ്വാസിക്ക് ഭൂപരിഷ്കരണം വിചാരിച്ച രീതിയില്‍ നടപ്പാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ജന്മിത്വത്തിന് സാമ്പത്തിക ശക്തി വളരെ കുറവായിരുന്ന കേരളത്തില്‍ ബൂര്ഷ്വാസിക്കു വളരെ വേഗം ഫ്യൂടല്‍ ശക്തികളെ തളര്‍ത്താന്‍ കഴിഞ്ഞു. അതാണ്‌ കേരളത്തില്‍ ഭൂപരിഷ്കരണം മറ്റു പ്രദേശങ്ങളിലെ ക്കാള്‍ വേഗത്തില്‍ നടക്കാന്‍ സഹായിച്ചത്. വര്‍ഗ്ഗങ്ങളുടെ ആപേക്ഷിക ശക്തിയെ കുറിച്ചുള്ള ഒരു കാഴ്ചപ്പാടില്ലാത്ത മാര്‍ക്സിയന്‍ വിശകലനമാണ് അപ്രസക്തമായ താരതമ്യങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ട് പോകുന്നത്.

  രണ്ടാമതായി ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ഭൂപരിഷ്കരണ സമരങ്ങള്‍ ആരംഭിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടാവുന്നതിനും മുന്‍പാണ്. അതിനുള പ്രാധാന കാരണം ഇടത്തരം കര്‍ഷകരെ അത് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ മുന്നണി ശക്തി ആയി കണ്ടിരുന്നു എന്നതാണ്. 1910 – നു ശേഷം കിസാന്‍ സഭകളെ കോണ്ഗ്രസ് പ്രോലസാഹിപ്പിക്കുകയും സെമീന്താരി സംപ്രദായത്തിനെതിരെയുള്ള അവരുടെ സമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 1918- ല്‍ കിസാന്‍ സഭ പ്രതിനിധികളെ കോണ്ഗ്രസ് സമ്മേളനത്തില്‍ പങ്കെടുപ്പിക്കുകയും അതിന്റെ ഫലമെന്നോണം 1920 –ല്‍ നിയമലംഘന പ്രസ്ഥാനത്തെ കിസാന്‍ സഭ ശക്തമായി പിന്തുണക്കുകയും ചെയ്തു. ഔധിലെ കിസാന്‍ സഭയാണ് ആദ്യമായി പിന്തുണയുമായി രംഗത്ത്‌ വന്നത്. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തില്‍ കര്‍ഷരക്കുള്ള സ്ഥാനം അടിവരയിട്ടു കൊണ്ടു കോണ്ഗ്രസ് ഭൂപരിഷ്കരണ മുദ്രാവാക്യങ്ങള്‍ മുന്നോട്ടു വക്കാന്‍ തുടങ്ങി. 1930-ല്‍ കോണ്ഗ്രസ് പാട്ട വിരുദ്ധ സമരം ആരംഭിച്ചു. 1935-ല്‍ സെമീന്താരി സമ്പ്രദായം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഭൂപരിഷകരണ സമരത്തിന്റെ മുഖ്യ അജണ്ട ആക്കി മാറ്റാന്‍ കോണ്ഗ്രസ് തയ്യാറായി. 1936 –ല്‍ കോഗ്രസ് അതിന്റെ കാര്‍ഷിക പരിപാടി പ്രഖ്യാപിച്ചു. പാട്ട സ്ഥിരത, കുടിയിറക്കല്‍ തടയല്‍, പാട്ടവര്ധന തടയല്‍, കാര്‍ഷിക ഭൂമിയുടെ സാമൂഹിക വല്‍ക്കരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ആ കാര്‍ഷിക പരിപാടിയുടെ ഭാഗമായിരുന്നു. സ്റ്റാലിനിസതിന്റെ റഷ്യയിലെ പരിപാടികള്‍ കോണ്ഗ്രസ്സിന്റെ പരിപാടിയെ സ്വാധീനിചിട്ടുണ്ടാവനം. ഈ കാര്‍ഷിക പരിപാടി അംഗീകരിച്ചതോടെ കോണ്ഗ്രസ് ഭൂപരിഷ്കരണം എന്നത് സത്യാഗ്ര സമരത്തിലെ മുഖ്യ അജണ്ടകളില്‍ ഒന്നാക്കി മാറ്റുകയാനുണ്ടായത്. അതുകൊണ്ടാണ് കേരള നിയമ സഭ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ഉണ്ടായ ആദ്യ മന്ത്രി സഭയുടെ കാലം മുതല്‍ ഉപയോഗിക്കാന്‍ പര്യാപ്തമായ ഒരു കാര്‍ഷിക ഭൂപരിഷ്കരണ നിയമം കേന്ദ്രത്തില്‍ കോണ്ഗ്രസ് സര്‍ക്കാര്‍ കൊണ്ട് വന്നത്. അത് ജന്മിത്തത്തിന് താരതമ്യേന ശക്തി കൂടിയ പ്രദേശങ്ങളില്‍ വര്‍ഗ്ഗ / വര്‍ണ്ണ സമരത്തിന്റെ നിര്‍ണ്ണനയങ്ങളില്‍ ഉള്ള സവിശേഷതകള്‍ മൂലം ബൂര്‍ഷ്വാസിക്ക് പോലും മുന്നോട്ടു കൊണ്ട് പോകാന്‍ കഴിഞ്ഞിട്ടില്ല. ചിലയിടങ്ങളില്‍ ഉണ്ടായ ശക്തമായ അര്‍ദ്ധ ഫ്യൂടല്‍- മുതലാളിത്ത കൂട്ടുകെട്ടുകളും ഇതിന്റെ ചരിത്രത്തെ സ്വാധീനിച്ചിട്ടുണ്ട്. കേരളത്തിലെ ഭൂപരിഷ്കരണത്തെ കുറിച്ചുള്ള വിശദമായ നിരീക്ഷണങ്ങല്‍ “രണ്ടാം ഭൂപരിഷ്കരണത്തിന്റെ വെല്ലു വിളികള്‍” എന്ന എന്ന ലേഖനത്തില്‍ ഞാന്‍ രേഖപ്പെടുതിയിടുണ്ട്. അതിലേക്കു ഇപ്പോള്‍ കടക്കുന്നില്ല (ലേഖനം “നവ സാമൂഹികത, ശാസ്ത്രം ചരിത്രം രാഷ്ട്രീയം” എന്ന പുസ്തകത്തില്‍)

  മൂന്നാമതായി ഇ എം എസ്സും ജാതിയും തമ്മിലുള്ള പ്രശ്നം സിനിമ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചാണ് ലേഖനത്തില്‍ പരാമര്‍ശിക്കുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള എന്റെ വിശദമായ വിമര്‍ശനക്കുറിപ്പ് ‘സിവില്‍ സമൂഹവും ഇടതുപക്ഷവും എന്ന പുസ്തകത്തില്‍ ഉണ്ട്. ജാതി അതില്‍ ഒരു വിഷയമേയല്ല. ഇവിടെ സിനിമയില്‍ ഇ എം എസ്സിന്റെ ചിത്രം മാറ്റി ബുദ്ധന്റെ ചിത്രം വയ്ക്കുന്നതിന്റെ പശാതലത്തില്‍ അതി ആദി ശങ്കരനാണോ എന്ന ചോദ്യം വിദേശിയായ കഥാപാത്രം ചോദിക്കുന്നുണ്ട്. ആ സന്ദ്രഭാതില്‍ കാനെ ബാനര്‍ജെ എന്ന സി ഐ ടി യൂ നേതാവ് ഇ എം എസ്സിന്റെ ശങ്കര ലേഖനത്തെ കുറിച്ചെഴുതിയ വിമര്‍ശനം ഞാന്‍ സൂചിപ്പിക്കുന്നു എന്നേയുള്ളു. ഇ എം എസ്സിന്റെ ജാതി നിലപാടുകളെ കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളിലെ ജാതിയെ കുറിച്ചും മറ്റുമുള്ള ചര്‍ച്ചകള്‍ ധാരാളം ഉണ്ടാവുന്നുണ്ട്. അത് ശെരി ആണെങ്കിലും അല്ലെങ്കിലും എന്റെ ഈം എസ ചരച്ചകളില്‍ അത് ഒരു മുഖ്യ വിഷയമല്ല. ഈ സിനിമയിലെ വിമര്‍ശനത്തിന്റെ പശ്ചാത്തളത്തില്‍ അതിന്റെ intertextual തലം അവഗണിച്ച്ചില്ലെന്നെയ്യുള്ളു. സി ഐ ടി യു നേതാവിന്റെ നിലപാടുകള്‍ തെറ്റായിരുന്നെങ്കില്‍ അതിനുള്ള മറുപടി പാര്‍ട്ടി ഇനിയെങ്കിലും പാര്‍ട്ടി പറയുകയാണെങ്കില്‍ തീര്‍ച്ചയായും ഞാനും പ്രതികരിക്കാം. ബാനര്‍ജി ഇപ്പോഴും സി ഐ ടി യൂ നേതാവാണ്‌. ദേശീയ വൈസ് പ്രസിടന്ടോ മറ്റോ. കരിയന്റെ ദൈവം കരിയന്റെയും കരിയന്‍ ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തിന്റെയും ദാര്‍ശനിക പ്രശ്നമാണ്. അത് ഉയര്‍ന്നു വരുന്നു എന്നതിന്റെ പശ്ചാത്തലത്തില്‍ മുന്‍പ് ബ്രാഹ്മണ മതവുമായി ബുദ്ധമതത്തിനു ഉണ്ടായിടുള്ള വിചാര കലഹങ്ങളെ കുറിച്ച് ഞാന്‍ സൂചിപ്പിക്കുകയായിരുന്നു.
  നാലാമതായി മുപ്പതുകളിലെ ഗ്രാമങ്ങള്‍ സ്വയം സമ്പൂര്‍ണ ഗ്രാമങ്ങള്‍ അല്ലായിരുന്നു എന്നും അവ അതിനകം തന്നെ ലോക മുതലാളിത്ത വ്യവസ്ഥയുമായി അഭേദ്യമാം വിധം കണ്ണി ചേര്‍ക്കപ്പെട്ടിരുന്നു എന്നതും ഇ എം എസ അടക്കമുള്ള മാര്‍ക്സിസ്റ്റുകളുടെ കൂഡി വിമര്‍ശനമായിരുന്നു. അക്കാലത്തെ വര്‍ഗ ബന്ധങ്ങളെ കുറിച്ച് എന്‍ സി ശേഖര്‍, ഇ എം എസ (പരമേശ്വരന്‍ എന്ന പേരില്‍) എന്നിവര്‍ എഴുതിയിട്ടുള്ള പല ലഘു ലേഖകളിലും ഇത് വ്യക്ത്മാകിയിട്ടുല്ള്ളതാണ്.
  ജഗദീഷിന്റെ കുറിപ്പിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു. ലേഖനം വായിച്ചതിനും നന്ദി.

 2. താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്ന് കുറച്ച് ഈ മറുപടി അയക്കാന്‍ വിനിയോഗിച്ചതിന് ആയിരം നന്ദി.

  സാമൂഹ്യശാസ്ത്ര പുസ്തകങ്ങളിലുള്‍പ്പടെ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യമാണ്, സംഭവങ്ങളുടെ യാന്ത്രികത. ഭൂപരിഷ്കരണം, വിപ്ലവങ്ങള്‍ എന്നിവ സ്വാഭാവികമായി നടക്കുന്നതാണോ,

  അതോ മനുഷ്യന്‍ ബോധപൂര്‍വ്വം അവരുടെ അന്നത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന പ്രവര്‍ത്തനമാണോ? ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പോലും ഇത്തരം യാന്ത്രികമായാണ്(എന്റെ വാക്കാണ്) സംഭവിക്കുന്നതെന്നും വായിച്ചിട്ടുണ്ട്. പക്ഷേ അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

  എണ്ണത്തില്‍ കുറഞ്ഞ ബോള്‍ഷേവിക്കുകള്‍ കര്‍ഷകരുമായി നടത്തിയ ഉടമ്പടിയുടെ ഫലമായാണ് സോവ്യേറ്റ് യൂണിയനില്‍ ആദ്യം തന്നെ ഭൂപരിഷ്കരണം നടന്നത്. കാരണം കര്‍ഷകര്‍ ഭൂമി ആവശ്യപ്പെട്ടു. കര്‍ഷകരെല്ലാം ബോള്‍ഷേവിക്കുകള്‍ ആയിരുന്നെങ്കില്‍ സാറിന്റെ കാലത്തേത് പോലെ വേണമെങ്കില്‍ ബോള്‍ഷേവിക്കുകള്‍ക്ക് ഭൂമി മൊത്തം ദേശസാത്കരിക്കാം. അത് വെറും പ്രായോഗികമായ കാര്യം മാത്രമല്ലേ? അല്ലാതെ ബൂര്‍ഷ്വാസികള്‍ക്ക് ശക്തികൂടിയതോ ഫ്യൂടല്‍ ശക്തികുറഞ്ഞതുകൊണ്ടോ ഉണ്ടാകുന്ന സ്വാഭാവികമാറ്റമാണോ?

  മനുഷ്യരുടെ ബോധപൂര്‍വ്വമായ ഇടപെടലുകളാണ് സാമൂഹ്യമാറ്റങ്ങളുണ്ടാക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അത് ശരിയാണോ? അതുകൊണ്ട് വിപ്ലവം റഷ്യയിലും ചൈനയിലും

  നടന്നിട്ടും യൂറോപ്പില്‍ നടക്കാഞ്ഞത് അസാധാരണമായി തോന്നുന്നില്ല. (സാമൂഹ്യ ശാസ്ത്രം പഠിച്ചിട്ടില്ല. ഇത് വ്യക്തമാക്കുന്ന പുസ്തകങ്ങള്‍ ഉണ്ടെങ്കില്‍ പറയണേ.)

  ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസിന് ഭൂപരിഷ്കരണ സമരങ്ങളുമായി ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. പക്ഷേ എന്തുകൊണ്ട് വളരെ മുമ്പേയുണ്ടായിരുന്ന ആ ബോധം സ്വാതന്ത്ര്യം

  കിട്ടിയതിന് ശേഷം ഇല്ലാതായി? 1910 നേക്കാള്‍ കുറവ് ശക്തിയല്ലേ ഫ്യൂടലിസത്തിന് 1947 ന് ശേഷമുള്ളു?

  അതുകൊണ്ട് കേരളത്തില്‍ 57 ല്‍ ഭൂപരിഷ്കരണം നടത്താന്‍ ശ്രമിച്ചത് കമ്യൂണിസ്റ്റ്കാരുടെ ആത്മാര്‍ത്ഥ ഇടപെടലായിരുന്നു. യാന്ത്രികമായ ഒന്നല്ല എന്നും തോന്നുന്നു.

  താങ്കള്‍ നിര്‍ദ്ദേശിച്ച പുസ്തകങ്ങള്‍ കഴിയുന്നതും വേഗം വായിക്കുന്നതാണ്.

 3. ദാ ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. 2500 വര്‍ഷം പഴയതായ ബുദ്ധമതത്തിന്റെ പുരോഗമനതയെ ചോദ്യം ചെയ്തുകൊണ്ട് ബ്രൈറ്റ് ലേഖന പരമ്പര എഴുതുന്നു. വായിക്കുക.
  http://russelsteapot.blogspot.in/2015/03/blog-post.html

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )