കൃഷി ശാസ്ത്രം

ശാസ്ത്രം എന്നത് ഇന്ന് സമൂഹം മൊത്തം അംഗീകരിക്കുന്ന ഒന്നാണ്. ഭൌതിക വാദികള്‍ മാത്രമല്ല ആത്മീയവാദികളും തങ്ങളുടെ വാദങ്ങളുടെ ആധികാരികതക്ക് വേണ്ടി ശാസ്ത്രത്തെ ഉപയോഗിക്കുന്നു. അവരുടെ പ്രഭാഷണങ്ങളില്‍ ആറ്റവും, യൂണിവേഴ്സും, ബിഗ്ബാങ്ങും ഒക്കെ കേള്‍ക്കാം. അതായത് ആത്മീയതക്ക് ആധികാരികത കിട്ടണമെങ്കല്‍ ശാസ്ത്രത്തെ ഉപയോഗിക്കേണ്ട അവസ്ഥ പോലും വന്നിരിക്കുകയാണ്. കാരണം സമൂഹം അത്രക്ക് ശാസ്ത്രത്തെ അംഗീകരിച്ചുകഴിഞ്ഞു.

പക്ഷാപാതമില്ലാതെ വസ്തുനിഷ്ടമായി സത്യം കണ്ടെത്താന്‍ ശ്രമിക്കുന്നത് കൊണ്ടും ശാസ്ത്രത്തിന്റെ പ്രയോഗമായ സാങ്കേതിക വിദ്യകളുടെ ഉപയോഗം നല്‍കുന്ന സൌകര്യത്താലുമാണ് ഈ അംഗീകാരം ശാസ്ത്രത്തിന് കിട്ടിയത്. വസ്തുതകള്‍ കണ്ടെത്താന്‍ വേണ്ടി ശാസ്ത്രം പ്രവര്‍ത്തിക്കുന്നത് ഒരു പ്രത്യേക രീതിയില്‍ ആണ്.

എന്താണ് ശാസ്ത്രത്തിന്റെ രീതി

നമ്മുടെ പരിഗണയിലുള്ള ചോദ്യത്തെ അതിന്റെ ഏറ്റവും അടിസ്ഥാന ഘടകത്തിലേക്ക് ചെറുതാക്കിക്കൊണ്ടുവന്ന് അതില്‍ പരീക്ഷണ നിരീക്ഷണങ്ങല്‍ നടത്തി, കിട്ടുന്ന ഫലം രേഖപ്പെടുത്തി, അത് വിശകലനം ചെയ്ത് ശരിയാണെന്ന് തെളിയുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി വിജ്ഞാനം നേടുന്നതാണ് ശാസ്ത്രത്തിന്റെ രീതി. ശാസ്ത്രം വളരുന്നതിനനുസരിച്ച് പഠിക്കാനുള്ള സൌകര്യത്തിന് വേണ്ടി ശാസ്ത്രശാഖകളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. തുടക്കത്തില്‍ ഒരു ശാസ്ത്രം മാത്രമേയുണ്ടായിരുന്നുള്ളു. പിന്നീട് ഭൌതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം ഒക്കെയായി വിഭജനം നടന്നു. ഇപ്പോള്‍ നൂറുകണക്കിനോ ആയിരക്കണക്കിനോ ശാസ്ത്ര ശാഖകളുണ്ടാവും.

ഈ specialization നമ്മുടെ പരിഗണനയിലുള്ള ചോദ്യത്തെ വളരെ വ്യക്തമായി മനസിലാക്കാന്‍ നമ്മേ സഹായിക്കുന്നു. അങ്ങനെ കണ്ടെത്തുന്ന വിവരങ്ങള്‍ വലിയ പ്രചാരത്തോടെ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തുമ്പോള്‍ നാം അറിയാതെ specialization എന്ന ശാസ്ത്രത്തിന്റെ രീതിയുടെ വിജയമായി കാണുന്നു.

എന്നാല്‍ പ്രകൃതി നേരെ തിരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രകൃതിയില്‍ ഒന്നും ഒറ്റക്കല്ല. എല്ലാം ഒന്നിച്ച് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ താഴേക്ക് വീഴുന്നത് എന്തുകൊണ്ടെന്ന് നാം പഠിക്കുമ്പോള്‍ നാം അത് മാത്രമേ ശ്രദ്ധിക്കുന്നുള്ള. പക്ഷേ ആപ്പിളില്‍ അപ്പോള്‍ ജീവശാസ്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്, രസതന്ത്രം പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ അനേകം കാര്യങ്ങള്‍. അപ്പോള്‍ നാം അതെല്ലാം ശ്രദ്ധിക്കാന്‍ പോയാല്‍ നമുക്ക് ഒരിക്കലും ആപ്പിളിന്റെ വീഴ്ച്ചയെക്കുറിച്ചുള്ള നമ്മുടെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാവില്ല. അതുകൊണ്ട് ശാസ്ത്രത്തിന്റെ വിശകലന രീതി പൂര്‍ണ്ണമായും ശരിയാണ്. പക്ഷേ അത് ഉത്തരം കണ്ടെക്കാന്‍ മാത്രം.

ഉത്തരം കേവലമായ ഒന്നാണ്. അത് വെറും വിവരം ആണ്. അറിവല്ല. കേവലമായ ആ ഒരു വിവരമുപയോഗിച്ച് ഒരു നയമോ, ചിന്താരീതിയോ, ജീവിതരീതിയോ അവലംബിച്ചാല്‍ അത് പൊട്ടത്തരമാകാനേ സാദ്ധ്യതയുള്ളു.

കൃഷി

മറ്റെല്ലാ രംഗത്തും ശാസ്ത്രം ഉപയോഗിച്ചത് പോലെ കൃഷിയുടെ കാര്യത്തിലും നാം ശാസ്ത്രത്തെ ഉപയോഗിച്ചു. ചെടിക്ക് വളരാനും കായ്ക്കാനും ഒക്കെ വേണ്ട മൂലകങ്ങള്‍ നാം കണ്ടെത്തി. അവയുടെ അഭാവമുള്ള സ്ഥലത്ത് വളരുന്ന ചെടിക്ക് അവ നല്‍കിയാല്‍ ചെടി നന്നായി വളരുകയും കൂടുതല്‍ വിളവും തരും. അത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഉദാഹരണത്തിന് നൈട്രജന്‍ കുറവാണെങ്കില്‍ അത് നല്‍കുക, പൊട്ടാസ്യം കുറവാണെങ്കില്‍ അത് നല്‍കുക. ആര്‍ക്കും അതില്‍ സംശയമില്ല. ഇത്തരത്തില്‍ ആവശ്യമുള്ള രാസവസ്തുക്കളെ മണ്ണിലും ചെടിയിലും ചേര്‍ത്ത് കൃഷിചെയ്യുന്ന രീതിയെയാണ് വ്യാവസായിക കൃഷി എന്ന് വിളിക്കുന്നത്. രാസവളവും രാസകീടനാശിനിയുമാണ് അതിന്റെ അടിസ്ഥാന ഘടകം.

ഇതില്‍ രാസകീടനാശിനിയെക്കുറിച്ച് ആര്‍ക്കും സംശയമില്ല. വേണ്ട എന്നാണ് അഭിപ്രായം. എന്നാല്‍ രസവളത്തെക്കുറിച്ച് തര്‍ക്കമുണ്ട്. രാസവളത്തെ പൂര്‍ണ്ണമായും ഒഴുവാക്കണം എന്ന് ഒരു വിഭാഗവും എന്നാല്‍ അത് തെറ്റാണ് അല്‍പ്പം രാസവളം ചേര്‍ക്കുന്നത് വഴി ലാഭമേയുള്ളു എന്ന് മറ്റൊരു കൂട്ടരും പറയുന്നു. കൃഷി ശാസ്ത്രജ്ഞന്റെ അഭിപ്രായത്തില്‍ ഒരു ഹെക്റ്റര്‍ നെല്‍പാടത്തിന് 5000kg ജൈവവളവും 1000kg രാസവളവും ഉപയോഗിച്ചാല്‍ ഉത്പാദനം വളരേറെ വര്‍ദ്ധിപ്പിക്കാം.

എന്നാല്‍ രാസവളത്തിന്റെ നിര്‍മ്മാണം വഴിയും ഉപയോഗം വഴിയും ഉണ്ടാകുന്ന കുഴപ്പത്തെക്കുറിച്ച് മുമ്പ് എഴുതിയിരുന്നല്ല (ഭാഗം 1). നമ്മുടെ പാടത്ത് കുറവ് രാസവളമേ ഉപയോഗിക്കൂ എന്നതുകൊണ്ട് രാസവളത്തിന്റെ മൊത്തം കുഴപ്പം കുറയുന്നില്ല. നാം 1000kg യേ ഉപയോഗിച്ചുള്ളു എങ്കിലും മൊത്തമെടുക്കുമ്പോള്‍ വളരെ വലിയ സംഖ്യയാവും അത്. കോടിക്കണക്കിന് ഹെക്റ്ററിലാണ് നാം കൃഷി ചെയ്യുന്നത്.

എന്നാല്‍ കൃഷി ശാസ്ത്രത്തിന്റെ രീതിവെച്ച് നോക്കുമ്പോള്‍ കൃഷിയുടെ കാര്യം മാത്രം നോക്കിയാല്‍ മതി. മണ്ണിനെക്കുറിച്ചോ വെള്ളത്തെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഭാവിയെക്കുറിച്ചോ പരിഗണിക്കേണ്ടതില്ല. സത്യത്തില്‍ ഇത് കൃഷി ശാസ്ത്രമല്ല മുന്നോട്ട് തള്ളുന്നത്. ഉള്ളില്‍ പ്രവര്‍ത്തിക്കുന്നത് മുതലാളിത്തവും സാമ്പത്തിക ശാസ്ത്രവുമാണ്.

ജൈവ കൃഷി ഇതില്‍ നിന്ന് വ്യത്യസ്ഥമാണ്. ഈ പറയുന്ന വ്യാവസായിക കൃഷിക്ക് വെറും 60 വര്‍ഷത്തെ ചരിത്രമേയുള്ളു. അല്ലെങ്കില്‍ 200 വര്‍ഷം. എന്നാല്‍ മനുഷ്യന്‍ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ട് 10000 കൊല്ലങ്ങളായി. വംശനാശം സംഭവിക്കാതെ ഇത്രയും കാലം ഒരു രാസവസ്തുവും കമ്പ്യൂട്ടറും വമ്പന്‍ സാങ്കേതിക വിദ്യകളും ഇല്ലാതെ തന്നെ മുന്നോട്ട് പോകാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

മണ്ണിനും പ്രകൃതിക്കും അനുസൃതമായ കൃഷി ചെയ്യുക എന്നതാണ് അതില്‍ പ്രധാനം. അങ്ങനെ ചെയ്താല്‍ നമുക്ക് കുറവ് പരിപാലമേ കൃഷിക്ക് വേണ്ടി ചെയ്യേണ്ടിവരൂ. അതുപോലെ കൃഷി എന്നത് ഒരു പണിയും കിട്ടാത്തവന്റെ വിധി എന്നതിന് പകരം എല്ലാ കുടുംബവും ചെയ്യേണ്ട കടമ എന്ന നിലയിലാണ് ജൈവ കൃഷി കണക്കാക്കുന്നത്. 50 കിലോമീറ്ററിലധികം ജൈവകൃഷി ഉത്പന്നങ്ങളോ അസംസ്കൃത വസ്തുക്കളോ സഞ്ചരിക്കാന്‍ പാടില്ല. ഓരോ പ്രദേശത്തിന്റേയും തനത് ആഹാര രീതി കണ്ടെത്തി അതിന് വേണ്ട കൃഷി നടത്തണം.

കോടാനു കോടി വര്‍ഷങ്ങളായി പരിണമിച്ചുണ്ടായതാണ് പ്രകൃതിയിലെ ഓരോ ഭൂപ്രദേശവും. ആ ഭൂപ്രദേശത്തിന് അനുകൂലമായ ജീവജാലങ്ങളും അങ്ങനെ തന്നെ പരിണമിച്ചവയാണ്. ആ പ്രദേശത്തിന് ചേരുന്ന ആഹാര രീതികളാണ് ജീവികള്‍ തെരഞ്ഞെടുക്കുന്നത്. മനുഷ്യനും ആധുനികത വരുന്നതിന് മുമ്പ് വരെ അങ്ങനെ ചെയ്തിരുന്നു. അതിന്റെ ഫലം വ്യക്തവുമാണ്. കുറവ് രോഗങ്ങളേ അന്നുണ്ടായിരുന്നുള്ളു*. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യം മാത്രം നോക്കിയാല്‍ മതി. ഇന്ന് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ജനവും ദന്തരോഗങ്ങളാല്‍ വിഷമിക്കുന്നവരാണ്. ആഹാരമാണ് അതിന്റെ പ്രധാന കാരണം.

പ്രകൃതിയുടെ പരിണാമം ജീവജാലങ്ങളെ ഒരു അദൃശ്യ ചങ്ങലയാല്‍ അതത് പ്രദേശങ്ങളില്‍ തളച്ചിട്ടിരിക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇന്ന് നാം നടത്തുന്ന അന്താരാഷ്ട്ര തദ്ദേശീയ കടത്തുകള്‍ ഏക കോശജീവികള്‍ മുതലുള്ള കോടിക്കണക്കിന് ജീവികളെ ലോകം മൊത്തം കയറ്റിയയക്കുകയാണ്. ആഹാര സാധനങ്ങളുടെ കടത്ത് നേരിട്ട് അനേകം ജീവികളെ ഒപ്പം കടത്തുന്നു. കണ്ടെയ്നര്‍ കപ്പലുകളിലെ വെള്ളം മണ്ണ് മുതലായവ നേരിട്ടല്ലാതെ സംഭവിക്കുന്ന കടത്താണ്. അദൃശ്യമായ വലിയ ഒരു പാരിസ്ഥിതിക പ്രശ്നമാണ് സ്പീഷീസുകളുടെ ഈ പ്രകൃതിവിരുദ്ധ സഞ്ചാരം.

ഇത്തരം പ്രശ്നങ്ങളും കണ്ടെത്തിയത് ശാസ്ത്രമാണ്. പക്ഷേ കൃഷി ശാസ്ത്രം എന്ന മുഖംമൂടി മാറ്റി നാം സമഗ്രമായ അറിവ് നേടാന്‍ ശ്രമിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയുന്നത്. ഒറ്റയടിക്ക് എല്ലാവരും ജൈവകൃഷി ചെയ്യണം എന്നല്ല പറഞ്ഞത്. ഇപ്പോള്‍ തന്നെ കേരളത്തിലെ ജനങ്ങള്‍ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് വളരേറെ ബോധവാന്‍മാരാണ്. അവര്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തെ മൂര്‍ച്ഛിപ്പിക്കുന്ന തരം പ്രവര്‍ത്തികള്‍ ഒഴുവാക്കി പടിപടിയായി അത് വികസിപ്പിച്ച് സുസ്ഥിരമാക്കുകയാണ് ഇനി ആവശ്യം.

നമ്മുടെ ആഹാരം നമ്മുടെ നാട്ടില്‍ നിന്ന് ആകട്ടെ.
___
* ജൈവ കൃഷിയുടെ അരി കഴിച്ചപ്പോള്‍ രോഗം വന്നില്ല. വ്യാവസായിക കൃഷിയുടെ അരി കഴിച്ചപ്പോള്‍ രോഗം വന്നു എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് വ്യാവസായിക കൃഷിക്ക് ഊര്‍ജ്ജം വേണം. കല്‍ക്കരിയും എണ്ണയുമാണ് നമുക്ക് ഊര്‍ജ്ജം തരുന്നത്. അവയുടെ മലിനീകരണമുണ്ടാക്കുന്ന രോഗങ്ങളെ വ്യാവസായിക കൃഷിയുടെ കണക്കില്‍ പെടുത്തണം. വ്യാവസായിക കൃഷി ഫാമുകള്‍ മരുന്നിനെ എതിര്‍ക്കുന്ന സൂപ്പര്‍ രോഗാണുക്കളുടെ(drug resistant pathogens) ഗര്‍ഭഗൃഹമാണ്. അങ്ങനെ അദൃശ്യമായ പല ചങ്ങലകളേയും നാം പരിഗണിക്കണം.

ഭാഗം 1. സാരോപദേശം നല്‍കുന്ന സാമൂഹ്യപ്രവര്‍ത്തകര്‍

തുടരും…


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

2 thoughts on “കൃഷി ശാസ്ത്രം

  1. “കുറവ് രോഗങ്ങളേ അന്നുണ്ടായിരുന്നുള്ളു ” “ഇത്തരത്തില്‍ ആവശ്യമുള്ള രാസവസ്തുക്കളെ മണ്ണിലും ചെടിയിലും ചേര്‍ത്ത് കൃഷിചെയ്യുന്ന രീതിയെയാണ് വ്യാവസായിക കൃഷി എന്ന് വിളിക്കുന്നത്. രാസവളവും രാസകീടനാശിനിയുമാണ് അതിന്റെ അടിസ്ഥാന ഘടകം.” ജഗദീശ് ജനപ്രിയം പക്ഷേ ആധികാരികതയില്ല.

    1. ചേട്ടാ, കേവല വ്യാവസായിക കൃഷിയെക്കുറിച്ചുള്ള അഭിപ്രായമല്ല അത്. വ്യാവസായിക കൃഷിയുടെ മൊത്തം ആഘാതമാണ് നാം പരിഗണിക്കേണ്ടത്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )