സാധാരണ പുരോഹിതന്‍മാരും, ആത്മീയഗുരുക്കന്‍മാരും ഒക്കെയാണ് സാരോപദേശം നല്‍കുന്നത്. എന്നാല്‍ കാലം മാറിയില്ലേ. ഇപ്പോള്‍ പുരോഗനമനക്കാരും സാമൂഹ്യപ്രവര്‍ത്തകരുമൊക്കെ സാരോപദേശം നല്‍കിത്തുടങ്ങി. “മകനേ, നിന്റെ അത്യാഗ്രഹമാണ് ഏല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അതുകൊണ്ട് നീ അതുപേക്ഷിക്കുകയും പാവം ശാസ്ത്രഭഗവാനെ മാത്രം പുകഴ്ത്തുകയും ചെയ്യൂ. എല്ലാ നല്ല ഗുണങ്ങളുമുണ്ടാവും.” ഇതാണ് പുതിയ മന്ത്രം.
രാസവളമുപയോഗിച്ചുള്ള വ്യാവസായിക കൃഷിയുടെ കാര്യത്തിലും ഇത്തരമൊരു ആത്മീയ വീക്ഷണം തുടങ്ങിയിട്ടുണ്ട്. രാസവള പ്രയോഗം കൊണ്ട് ‘എന്തെങ്കിലും’ കുഴപ്പങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മുഖ്യ കാരണം മനുഷ്യന്റെ ദുരയും അത്യാര്‍ത്തിയുമാണെന്ന് ആശയപ്രകടനം നിരന്തരം നാം കാണ്ടുവരുന്നു. ഒരു പക്ഷേ പുരോഗമനക്കാരും ആത്മീയ ലൈന്‍ പിടിച്ചിട്ടുണ്ടാവും.
എന്നാല്‍ രാസവളം കൊണ്ട് ‘എന്തെങ്കിലും’ കുഴപ്പങ്ങളുണ്ടായിട്ടുണ്ടോ എന്ന് ഒന്ന് പരിശോധിക്കണമല്ലോ. ഫാക്റ്ററിയില്‍ നിര്‍മ്മിച്ച് കൃഷിയിടങ്ങളില്‍ എത്തിക്കുന്ന വളങ്ങളെയാണ് നാം സാധാരാണ രാസവളം എന്ന് വിളിക്കുന്നത്. പ്രധാനമായും നൈട്രജന്‍, ഫോസ്‌ഫെറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള മൂന്ന് തരം രാസവളങ്ങളാണുള്ളത്. ഇവക്കുള്ള അസംസ്കൃത പദാര്‍ത്ഥങ്ങള്‍ ഫാക്റ്ററിയിലെ നിര്‍മ്മാണ പ്രവര്‍ത്തനം വഴി ഉത്പന്നം എന്ന അതത് രാസവളമായി മാറ്റുന്നു.
എന്തെങ്കിലും കുഴപ്പങ്ങളുണ്ടോ?

ഇവക്ക് നമുക്ക് രണ്ടായി തരം തിരിക്കാം.
1. നിര്‍മ്മാണം കൊണ്ടുണ്ടാവുന്ന കുഴപ്പങ്ങള്‍:
നൈട്രജന്‍ വളങ്ങള്‍ നിര്‍മ്മിക്കുന്നത് അമേണിയയില്‍ നിന്നാണ്. അമേണിയ പ്രകൃതിയില്‍ നേരിട്ട് കിട്ടുന്ന വസ്തുവല്ല. അത് നിര്‍മ്മിക്കണം. വളരേറെ ഊര്‍ജ്ജം ആവശ്യമുള്ള രാസപ്രവര്‍ത്തനമാണ് അമോണിയയുടെ നിര്‍മ്മാണം. ഫോസ്ഫെറസ് അടങ്ങിയ അയിരും ഫോസ്ഫേറ്റ് പാറയും മറ്റും ഖനനം ചെയ്ത് സള്‍ഫ്യൂരിക് ആസിഡ്, നൈട്രിക് ആസിഡ് തുടങ്ങിയ ആസിഡുകള്‍ ഉപയോഗിച്ചുള്ള മാര്‍ഗ്ഗങ്ങളിലൂടെ ഫോസ്ഫേറ്റ് വളങ്ങള്‍ നിര്‍മ്മിക്കുന്നു. പൊട്ടാസ്യം വളങ്ങള്‍ പൊട്ടാസ്യം അടങ്ങിയ അയിര് ഖനനം ചെയ്ത് രാസപ്രവര്‍ത്തം നടത്തിയാണ് നിര്‍മ്മിക്കുന്നത്.
ഊര്‍ജ്ജമാണ് പ്രധാന പ്രശ്നം. കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ചാണ് നാം പ്രധാനമായും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നത്. വളം നിര്‍മ്മിക്കാനുള്ള ഖനനം, കടത്ത്, നിര്‍മ്മാണ രാസപ്രര്‍ത്തനം എന്നിവ വളേരെ ഊര്‍ജ്ജം ഉപയോഗിക്കുന്നതിനാല്‍ അതില്‍ നിന്നുള്ള CO2 ഉദ്‌വമനം വളരെ വലുതാണ്. അത് ആഗോളതപനം വര്‍ദ്ധിപ്പികയും കാലാവസ്ഥാ മാറ്റം വളരെ തീവൃമാക്കുകയും ചെയ്യും.
പ്രകൃതിവാതക ഉപഭോഗത്തിന്റെ 5% അമോണിയയുടെ നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നത്. അത് മൊത്തം ഊര്‍ജ്ജോത്പാദനത്തിന്റെ 2% വരും.
നൈട്രജന്‍ വളങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ CO2, മീഥേന്‍, നൈട്രസ് ഓക്സൈഡ് എന്നിവ പുറത്തുവരും. CO2, മീഥേന്‍ എന്നിവക്ക് ശേഷം മൂന്നാം സ്ഥാനമുള്ള ഹരിത ഗ്രഹവാതകമാണ് നൈട്രസ് ഓക്സൈഡ്. എന്നാല്‍ അതിന്റെ ആഗോളതപന ശേഷി CO2 നേക്കാള്‍ 296 മടങ്ങ് അധികമാണ്. അതായത് ഒരു കിലോ നൈട്രസ് ഓക്സൈഡ്. അന്തരീക്ഷത്തിലെത്തിയാല്‍ അത് 296 കിലോ CO2 അന്തരീക്ഷത്തിലെത്തിയതിന്റെ ഫലമാണുണ്ടാക്കുക. കൂടാതെ അത് ഓസോണ്‍ പാളിയെ നശിപ്പിക്കുന്ന വാതകവുമാണ്.
ചെടിയുടെ വളര്‍ച്ചക്ക് അവശ്യം വേണ്ട സിങ്ക് ചേര്‍ക്കാനായി രാസവളത്തില്‍ ഉരുക്ക് വ്യവസയാത്തില്‍ നിന്നുള്ള അവശിഷ്ടങ്ങളും അസംസ്തൃത വസ്തുവായി ഉപയോഗിക്കുന്നു. എന്നാല്‍ സിങ്ക് കിട്ടുന്നതിനോടൊപ്പം മാലിന്യത്തിലെ മറ്റ് വിഷവസ്തുക്കളായ ഈയം, അഴ്സെനിക്, കാഡ്മിയം, നിക്കല്‍, മെര്‍ക്കുറി തുടങ്ങിയവയും ലേശം കലര്‍ന്ന് കൂടും.
അസംസ്കൃത പദാര്‍ത്ഥങ്ങളുടെ വളരെ ചെറിയ ഒരു അംശമാണ് വളമായി ഫാക്റ്ററിക്ക് പുറത്തുവരുന്നത്. എന്നാല്‍ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ കമ്പനി പുറമ്പോക്കില്‍ തട്ടും. ചൈനയിലെ Sichuan പ്രവിശ്യയിലെ Tingjiang ഗ്രാമത്തിലെ അത്തരം ഒരു സ്ഥലത്തിന്റെ ചിത്രംവും അതിനടുത്ത് താമസിക്കുന്നവരുടെ അഭിപ്രായവും മുകളില്‍ കൊടുക്കുന്നു. ആ അവശിഷ്ടക്കൂമ്പാരത്തിന് പത്ത് മീറ്റര്‍ അകലെയാണ് കൃഷിയിടം. ഞാന്‍ കൂടുതല്‍ പറയാതെ കുഴപ്പങ്ങള്‍ താങ്കള്‍ക്ക് മനസിലാവും എന്ന് തോന്നുന്നു.
2. ഉപയോഗം കൊണ്ടുണ്ടാവുന്ന കുഴപ്പങ്ങള്‍.:
ചെടി വളരെ കുറച്ച് വളമേ ഉപയോഗിക്കൂ. ജലത്തില്‍ കലര്‍ന്ന ബാക്കി വളം ഒഴുകി നദികളിലും തടാകങ്ങളിലും സമുദ്രത്തിലും ചേരുന്നതാണ് ഒരു പ്രശ്നം. അവിടെ ബാക്റ്റീരിയകളും ആല്‍ഗകളും ഈ വളം ഉപയോഗിച്ച് അമിതമായി വളരുന്നു. algae blooms എന്നാണ് അതിനെ വിളിക്കുന്നത്. അവ പുറത്തുവിടുന്ന വിഷങ്ങള്‍ മനുഷ്യര്‍ക്കും മറ്റ് ജീവികള്‍ക്കും ദോഷമാണ്. algae blooms കടലില്‍ വെള്ളത്തിലെ ഓക്സിജനെ കൂടുതല്‍ വലിച്ചെടുക്കുകയും കടലില്‍ ഓക്സിഡനില്ലാത്ത മൃതപ്രദേശങ്ങള്‍(Dead zones) സൃഷ്ടിക്കുകയും ചെയ്യുന്നു. മൃത പ്രദേശങ്ങളുടെ എണ്ണവും വലിപ്പവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കടലിലെ ശവപ്പറമ്പ്.

വളം കലര്‍ന്ന ജലം മണ്ണിലൂടെ കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജലത്തേയും മലിനപ്പെടുത്തുന്നു. നൈട്രജന്റെ അളവ് കുടിവെള്ളത്തില്‍ വര്‍ദ്ധിച്ചാര്‍ മനുഷ്യര്‍ക്ക് രോഗങ്ങളുണ്ടാവും. നൈട്രജന്‍ അമ്ലമഴക്കും കാരണമാകുന്നു.
രാസവളം മണ്ണിന്റെ അമ്ലത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വേറൊരു കുഴപ്പം. മണ്ണ് തന്നെ ഒരു ജീവനുള്ള ഒരു ജീവിയെന്ന് വേണമെങ്കില്‍ പറയാം. കോടിക്കണക്കിന് ബാക്റ്റീരിയകള്‍, സൂഷ്മ ജീവികള്‍, മണ്ണിര, മറ്റ് ചെറുജീവികള്‍ എന്നിവ വളരുന്ന ഒരു വലിയ ആവാസവ്യവസ്ഥയാണ് മണ്ണ്. ആ മണ്ണിലേക്ക് ഈ രാസവസ്തുക്കള്‍ എത്തുന്നത് അവയെ കൊല്ലുകയും മണ്ണ് മൃതമാകുകയും ചെയ്യും.
മറ്റ് രാസ പദാര്‍ത്ഥങ്ങളും രാസവളത്തില്‍ അടങ്ങിയിട്ടുണ്ട്. കാഡ്മിയം, ഫ്ലൂറൈഡ്, ആണവ വികിരണം പുറത്തുവിടുന്ന യുറേനിയം-238 വരെ ചെറിയ അളവിലുണ്ട്.
ഇതൊക്കെയാണ് പ്രധാന കുഴപ്പങ്ങള്‍.
എന്നാല്‍ അത് തെറ്റാണ്, രാസവളത്തില്‍ നൈട്രജന്‍, ഫേസ്ഫ്രസ്, പൊട്ടാസിയം തുടങ്ങിയ പ്രകൃതിയിലെ തന്ന മൂലകങ്ങളാണ്. അതുകൊണ്ട് അത് പ്രകൃതിദത്തമാണെന്ന് ചില മരക്കഴുതകള്‍ പറയുന്നത്. ചിലര്‍പറയുന്നത് രാസവളം വെറും പാറ പൊടിച്ച വളമാണ്. ഉപരതല പാറ നിങ്ങള്‍ പൊടിച്ച് വളമായി ഉപയോഗിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ജൈവ വളമെന്ന് വിളിക്കാം. എന്നാല്‍ അത് അതത് സ്ഥലത്തെ കൃഷിയിടത്ത് തന്നെ ഉപയോഗിക്കണം. അല്ലെങ്കില്‍ പല കുഴപ്പങ്ങള്‍ക്കും കാരണമാകും.
ജൈവകൃഷിയെ പേടിക്കുന്നതെന്തിന്?
അതുകൊണ്ട് വികസിത രാജ്യങ്ങള്‍ തങ്ങളുടെ രാസവള ഉപയോഗം കുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പോലും ധാരാളം ആളുകള്‍ രാസവളവും കീടനാശിയും ഉപയോഗിക്കാതെ കൃഷി നടത്തുന്നു. അതിന്റെ കമ്പോളം ദിനം പ്രതി വര്‍ദ്ധിക്കുകയാണ്.
എന്നാല്‍ അത് വ്യാവസായിക കൃഷിയുടെ നട്ടെല്ലൊടിക്കും. അതായത് ഫാക്റ്ററികള്‍, കടത്ത് തുടങ്ങി വലിയ ഒരു ശൃംഖലക്ക് പണിയില്ലാതാക്കും. മുമ്പ് DDT, പിന്നീട് പുകവലി എന്നിവയുടെയൊക്കെ ദോഷങ്ങള്‍ ശാസ്ത്രജ്ഞര്‍ തെളിവുകള്‍ നല്‍കിയപ്പോള്‍ അവരെ ഇകഴ്ത്തിക്കാട്ടാനാണ് ഈ വ്യാവസായിക താല്‍പ്പര്യമുള്ള ആളുകള്‍ ശ്രമിച്ചത്. അത് തന്നെയാണ് കൃഷിയുടെ കാര്യത്തിലും ഇപ്പോള്‍ അവര്‍ ചെയ്യുന്നു.
കുറ്റം മുഴവന്‍ അത്യാര്‍ത്തി പെരുത്ത കര്‍ഷകന്റെ തലയില്‍ അവര്‍ വെക്കുക്കുന്നു. കൃഷിക്കാര്‍ അമിതമായി രാസവളം പ്രയോഗിക്കുന്നതാണ് കുഴപ്പമെന്നതാണ് വ്യാഖ്യാനം. രാസവളം അമിതമായി ഉപയോഗിച്ചാല്‍ ചെടി കരിഞ്ഞ് പോകുമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചെടിക്ക് താങ്ങാവുന്നത്രയേ കര്‍ഷകര്‍ ഉപയോഗിക്കുന്നുള്ളു. ഇനി വാദത്തിനായി അത് സമ്മതിച്ച് കൊടുക്കാം. പക്ഷേ ലോകത്തെ മൊത്തം കൃഷിയിടത്തിലേക്ക് അടിക്കുന്ന ഏറ്റവും കുറഞ്ഞ അളവ് രാസവളം പോലും മൊത്തത്തിലെടുത്താല്‍ വളരെ വലിയ ഒരു സംഖ്യയായിരിക്കും.
അങ്ങനെയാവാം ഫ്യൂഷന്‍ കൃഷി ആശയം രൂപപ്പെട്ടത്! കഴിവില്ലാത്ത കലാകാരന്‍മാര്‍ പഴയ പാട്ടുകളില്‍ വിദേശ വാദ്യ സംഗീതം കൂട്ടിക്കലര്‍ത്തി തികച്ചും വ്യത്യസ്ഥം എന്ന പേരില്‍ പുറത്തിറക്കുന്നത് പോലെ. കൃഷിക്ക് വലിയ അളവ് ജൈവ വളവും കുറച്ച് രാസവളവും ചേര്‍ക്കണം എന്നാണവര്‍ പറയുന്നത്. ഒരു ഹെക്റ്റര്‍ നെല്‍പാടത്തിന് 5000kg ജൈവവളവും 1000kg രാസവളവും ആണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്. ഒരു കിലോ അരിക്ക് ഇപ്പോള്‍ ശരാശരി 40 രൂപ വരും. ജൈവകൃഷി വഴി ഉത്പാദിപ്പിക്കുന്ന അരിക്ക് 80 രൂപയും. അങ്ങനെയെങ്കില്‍ ആ 1000kg രാസവളം ഇടാതെ അതിന്റെ വിലക്കും കൂടി ജൈവവളം ഇട്ട്, 100% ജൈവകൃഷി അരി ഉത്പാദിപ്പിച്ചാല്‍ 80 രൂപക്ക് വിറ്റുകൂടെ? (80 രൂപക്ക് ജൈവ അരി വാങ്ങാന്‍ ആളുകള്‍ ധാരാളമുണ്ട്.)
കൃഷി പൌരധര്‍മ്മമാകണം

വ്യാവസായിക കൃഷിയില്‍ കൃത്രിമമായ മാര്‍ഗ്ഗങ്ങളുപയോഗിക്കുന്ന മാസ് പ്രൊഡക്ഷനാണ്. എന്നാല്‍ ജൈവകൃഷിയില്‍ കൃത്രിമമായ മാര്‍ഗ്ഗങ്ങളുപയോഗിക്കാത്തതിനാല്‍ മാസ് പ്രൊഡക്ഷനെന്ന വഴിയിലേക്കല്ല പോകേണ്ടത്. പകരം പ്രൊഡക്ഷന്‍ ബൈ മാസ് എന്ന ഗാന്ധിയന്‍ വഴിയാണ് അതിന് വേണ്ടത്. അതിന്റെ നല്ല ഉദാഹരണം ക്യൂബയാണ്. ക്യൂബയില്‍ 70% പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് ജൈവ കൃഷിയിലൂടെയാണ്.
നമ്മുടെ നാട്ടില്‍ ഒരു ദശാബ്ദത്തിലധികമായി തോമസ് ഐസക് MLA യുടെ നേതൃത്വത്തില്‍ ചേര്‍ത്തലയില്‍ മിക്ക വീടുകളിലും ജൈവകൃഷി നടക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ CPM(കണ്ണൂരിസ്റ്റ്) എറണാകുളം ജില്ലയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ വീടുകളുടെ ടെറസുകളിലും ജൈവകൃഷി നടന്നുവരുന്നു. ധാരാളം സന്നദ്ധ സംഘടനകള്‍ ഹൌസിങ് സൊസേറ്റികള്‍, സ്കൂളുകള്‍ എന്തിന് പോലീസ് സ്റ്റേഷനുകളില്‍ വരെ ജൈവകൃഷി നടത്തുന്നു എന്ന വാര്‍ത്ത കണ്ടിട്ടുണ്ട്.
ബഹുഭൂരിപക്ഷം വരുന്ന കര്‍ഷകരും കര്‍ഷക തൊഴിലാളികളും ഏകകൃഷി (mono culture) പണിയെടുത്ത് മദ്ധവര്‍ഗ്ഗത്തിനും ഉപരിവര്‍ഗ്ഗത്തിനും ഭക്ഷണം ഉത്പാദിപ്പിക്കുന്ന രീതിയാണ് വ്യാവസായിക കൃഷിക്ക് കാരണമാകുന്നത്. അത് എല്ലാറ്റിനും ദോഷമാണ്. അതുകൊണ്ട് ആ രീതി മാറണം. നമ്മുടെ ആഹാരം എവിടെ നിന്നു വരുന്നു എന്ന് നമുക്ക് കാണാന്‍ കഴിയണം. അതിന് കൃഷി പ്രാദേശികമാകണം. ജൈവകൃഷിയുടെ ഏറ്റവും പ്രധാന ലക്ഷ്യം അതാണ്. അതായത് എല്ലാ വീടുകളും ഭക്ഷ്യ സ്വയംപര്യാപ്തമാകണം. അത് അത്യാഗ്രഹമാണെങ്കിലും ആ ലക്ഷ്യത്തിലേക്കുള്ള ചെറിയ ശ്രമം ഇപ്പോഴേ തുടങ്ങുക.
അത് നമുക്ക് വിഷം കലരാത്ത ആഹാരം നല്‍കും, മണ്ണ് സംരക്ഷിക്കും, കൃഷിയിടത്തിലെ ജൈവവൈവിദ്ധ്യം സംരക്ഷിക്കും, ആഗോളതപനം തടയും, നിങ്ങള്‍ക്ക സന്തോഷം തരും, ഒപ്പം കുടുംബ-സാമൂഹ്യ ചുറ്റുപാട് മെച്ചപ്പെടുത്തുകയും ചെയ്യും.
എന്തിന് മടിച്ചിരിക്കുന്നു. പോകൂ. പോയി കൃഷിക്കാരന്റെ മുഖമുള്ള ആഹാരം കഴിക്കൂ.
തുടരും…
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.