ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍

 1. എന്താണ് ഫാസിസം
 2. ഇന്‍ഡ്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ രൂപീകരണം
 3. വെറുപ്പെന്ന ഇന്ധനം
 4. മതേതരത്വം തകര്‍ത്തുണ്ടാക്കുന്ന അടിത്തറ
 5. ശ്രദ്ധാമാറ്റ ഞെട്ടല്‍
 6. ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതാണ്
 7. ഫാസിസ്റ്റ് മരം പൂക്കുന്നത്
 08. ആരുടെ അരങ്ങിലാണ് നടനം
 9. വെറുപ്പിന്റെ പ്രചരണം
10. വ്യക്തി സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം
11. കമ്യൂണിസ്റ്റ് ഫാസിസം
12. ഫാസിസ്റ്റുകള്‍ ആകാശത്ത് നിന്ന് വന്നവരല്ല
13. തകര്‍ന്ന മതേതരത്വവും വര്‍ഗ്ഗീയ ഐക്യ കഥകളും
14. ഇന്റര്‍നെറ്റെന്ന സ്പ്ലിന്റര്‍നെറ്റ്
15. മാധ്യമ ഇരട്ടത്താപ്പ്
16. നില്‍ക്കാനൊരിടം
17. ഫാസിത്തിനെതിരായ സമരം

അങ്ങ് പോളിറ്റ്ബ്യൂറോ മുതല്‍ താഴെ ലോക്കല്‍ നേതാക്കള്‍ വരെ മൈക്ക് കെട്ടിവെച്ച് ജീപ്പില്‍ കവലകള്‍ തോറും ഫാസിസം വന്നേ എന്ന് ഉച്ചത്തില്‍ നിലവിളിക്കുന്നത് സാധാരണ സംഭവമായിരിക്കുന്നു. പുലിവരുന്നേ പുലിവരുന്നേ എന്ന് വിളിച്ചു കൂവി, പിന്നെ ശരിക്കും പുലി വന്നപ്പോള്‍ ആരും സഹായിക്കാന്‍ വരാത്ത അവസ്ഥയിലേക്ക് നയിക്കുന്നോ എന്ന് സംശയം. എന്താണീ ഫാസിസം? ഗുണ്ടായിസം കാണിക്കുന്നത് എല്ലാവരും ചെയ്യുന്ന പരിപാടിയാണല്ലോ. പിന്നെ ഇതിനെന്താ ഇപ്പോളൊരു പ്രത്യേകത?

എന്താണ് ഫാസിസം

1789 ന് ശേഷം യൂറോപ്പിനെ ഒരു ഭൂതം പിടികൂടി. മനുഷ്യന്റെ അവകാശം, ജനാധിപത്യം, individualism, liberalism, സോഷ്യലിസം തുടങ്ങിയ ആശയങ്ങളിലടിസ്ഥാനമായി ജനം സംഘടിച്ച് രാഷ്ട്രീയമായി ഇടപെട്ടിരുന്ന കാലമായിരുന്നു ഇരുപതാം നൂറ്റാണ്ട്. അന്നുവരെ സമൂഹത്തില്‍ നിലനിന്നിരുന്ന പല കാര്യങ്ങളേയും സഹികെട്ട ജനം എതിര്‍ക്കാന്‍ തുടങ്ങി. അങ്ങനെ തങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്ന തോന്നലില്‍ അസ്വസ്ഥരായ പ്രഭു വര്‍ഗ്ഗത്തിന്റെ പ്രതികരണമായാണ് ഫാസിസം എന്ന ആശയം ഇറ്റലിയിലെ Fasci of Revolutionary Action ന്റെ കീഴില്‍ ഉടലെടുത്തത്.

ഊഹക്കച്ചവടവും അഴിമതിയും നിറഞ്ഞ മുതലാളിത്തെ അത് “എതിര്‍ത്തു”. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പല പാര്‍ട്ടികളിലുള്ള പല വ്യക്തികള്‍ ചേര്‍ന്ന നടത്തുന്ന സര്‍ക്കാരിന് ദക്ഷത (efficiency) ഉണ്ടാവില്ല. അതായത് ദക്ഷതയില്ലാത്ത മുതലാളിത്തം. വര്‍ഗ്ഗ സമരം എന്ന മാക്സിസ്റ്റ് ആശയം രാഷ്ട്രത്തിന്റെ പുരോഗതിയെ തടയും എന്നും അതിന് പകരം വര്‍ഗ്ഗങ്ങള്‍ സഹകരിച്ച് രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനായി സമരം, പ്രതിഷേധം, ബന്ത് ഒക്കെ നിരോധിച്ച് ജനങ്ങളില്‍ കടമ, അച്ചടക്കം, നിയമം, ചട്ടം എന്നിവ സ്ഥാപിക്കുകയുമാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് കമ്യൂണിസ്റ്റുകളായിരുന്നു അവരുടെ പ്രധാന ശത്രു.

മുതലാളിത്തത്തിനും കമ്യൂണിസത്തിനും പകരം അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ ഭരിക്കുന്ന ഒരു സര്‍ക്കാരിന് തീരുമാനങ്ങള്‍ വേഗത്തിലും കണിശമായും എടുക്കാന്‍ കഴിഞ്ഞാല്‍ രാഷ്ട്രത്തിന് അഭിവൃദ്ധിപ്പെടാനാവും. കാലക്രമത്തില്‍ ആ അഭിവൃദ്ധി എല്ലാ ജനങ്ങളിലേക്കുമെത്തും. മുതലാളിത്തത്തിന്റെ ദക്ഷതയില്ലായ്മ നീക്കം ചെയ്ത് അതിനെ വളരെയേറെ ദക്ഷതയോടെ പ്രവര്‍ത്തിപ്പിക്കുന്ന സംവിധാനം എന്ന് സാരം.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഒരു രാഷ്ട്രത്തെ എണ്ണത്തില്‍ വളരെ കുറവുള്ള സാമ്പത്തിക ശക്തികള്‍ നിയന്ത്രിക്കുന്ന അവസ്ഥയാണ് ഫാസിസം. കുത്തക രാഷ്ട്ര മുതലാളിത്തം എന്ന് വിളിക്കാം. കാരണം മുതലാളിത്തത്തെ അതെതിര്‍ത്തത് അതിന് വേഗത പോരാ, കെടുകാര്യസ്ഥതയുണ്ട് തുടങ്ങിയ കാരണത്താലാണ്.

20 ആം നൂറ്റാണ്ടില്‍ ഈ ആശയം യൂറോപ്പിലാകെ പ്രചരിക്കുകയും ധാരാളം രാജ്യങ്ങള്‍ ആ വഴിക്ക് നീങ്ങിയെങ്കിലും ഇറ്റലിയിലെ മുസോളിനിയും ജര്‍മ്മനിയിലെ ഹിറ്റ്‌ലറും ആണ് ഫാസിത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നത്. കടുത്ത ദേശീയതയായിരുന്നു രണ്ടുകൂട്ടരുടേയും പൊതു സ്വഭാവം. പന്നീട് സംഭവിച്ചതൊക്കെ ചരിത്രമാണല്ലോ. രണ്ടാം ലോക മഹായുദ്ധത്തോടെ ഫാസിസ്റ്റ് രാജ്യങ്ങള്‍ പരാജയപ്പെടുകയും ഫാസിസം എന്ന ആശയം ദേശീയവാദം എന്ന അതിന്റെ അടിത്തറ ഉപേക്ഷിച്ച് വിജയിയായ അമേരിക്കയിലേക്ക് ചേക്കേറുകയും ചെയ്തു. പിന്നീട് ലോകം മൊത്തം ലോക പോലീസിന്റെ കീഴില്‍ ദേശീയവാദം ഉപേക്ഷിച്ച ഫാസിസ്റ്റ് സര്‍ക്കാരുകള്‍ രൂപപ്പെട്ടു. തൊഴിലാളി പ്രസ്ഥാന അംഗങ്ങളെ കൊന്നൊടുക്കുന്ന, അമേരിക്കന്‍ പാവ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന അനിയന്ത്രിത, ‘സ്വതന്ത്ര’ കമ്പോള, കോര്‍പ്പറേറ്റ് മുതലാളിത്തം ആണ് അവയുടെ മുഖമുദ്ര.

ഇന്‍ഡ്യയിലെ ഫാസിസ്റ്റ് സര്‍ക്കാര്‍ രൂപീകരണം

അതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ രണ്ട് ദശാബ്ദത്തിലധികമായി ഇന്‍ഡ്യയില്‍ ഫാസിസ്റ്റ് ആശയങ്ങളുടെ പ്രചരണം ശക്തമായി നടക്കുന്നുണ്ട്. ജനങ്ങളുടെ കൊടിയ ദാരിദ്ര്യവും പീഡനവും, ഇടതുപക്ഷമുള്‍പ്പടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അഴിമതിയും മുതലാക്കി ഇടക്കിടക്ക് പുരോഗതിയും വികസനവും ഒക്കെ വാഗ്ദാനം ചെയ്ത് ഫാസിസ്റ്റുകള്‍ക്ക് പലപ്രാവശ്യം അധികാരത്തിലെത്താന്‍ കഴിഞ്ഞു. എന്നാല്‍ അവരുടെ സ്വന്തം പരാജയങ്ങള്‍ കാരണം ഭരണം നിലനിര്‍ത്താനായില്ല.

എന്നാല്‍ ഇപ്പോള്‍ പുതിതായി രൂപീകരിച്ച ഫാസിസ്റ്റ് സര്‍ക്കാര്‍ മുമ്പത്തേതില്‍ നിന്ന് വളരെ വ്യത്യസ്ഥമാണ്. വലിയ മുന്നൊരുക്കങ്ങളോടെ ആണ് അത് അധികാരത്തിലെത്തിയിരിക്കുന്നത്. മാധ്യമങ്ങളിലൂടെയുള്ള നേരിയ വിമര്‍ശനം പോലുമുണ്ടാകാത്ത തരത്തിലാണ് അത് ആശയവിനിമയ രംഗത്തെ കൈയ്യേറിയത്. സര്‍ക്കാരിന്റെ ഓരോ പ്രവര്‍ത്തിയും വലിയ ആഘേഷമായാണ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. രാജാവിന്റെ സ്ഥാനം കൊടുത്ത് പ്രധാനമന്ത്രിയ സാധാരണക്കാരന്റെ പ്രതീകമായ അതിമാനുഷികനായി വാഴ്തുന്നു. പൊങ്ങച്ചം പറയാന്‍ അല്ലാതെ വായ തുറക്കാത്ത പ്രധാനമന്ത്രിക്ക് വേണ്ടി ഫാസിസ്റ്റ് ആശയങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ അമേരിക്കയിലേതുപോലെ വിഷം ചീറ്റുന്ന ശിഖണ്ഢി നേതാക്കളെ മന്ത്രി സ്ഥാനമുള്‍പ്പടെ ഉന്നത സ്ഥാനത്ത് എത്തിക്കുന്നു.

വിദേശ രാജ്യങ്ങളിലെ, പ്രത്യേകിച്ച് അമേരിക്കയില്‍, സന്ദര്‍ശനങ്ങളില്‍ അവിടുത്തെ മാധ്യങ്ങളില്‍ വലിയ പ്രചരണം ലഭിക്കുന്നു. 21 ആം നൂറ്റാണ്ടിലെ ലോകത്തിന്റെ റൊണാള്‍ഡ് റെയ്ഗണാണ് ഇന്‍ഡ്യയുടെ പ്രധാന മന്ത്രി എന്ന് വരെ പീറ്റ് സെഷന്‍സ്(Pete Sessions) നെ പോലുള്ള അമേരിക്കന്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ വിശേഷിപ്പിക്കുകയുണ്ടായി. അമേരിക്കയില്‍ നിന്ന് $300 കോടി ഡോളറിന്റെ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പാസാക്കിയ ശേഷം അമേരിക്കയിലെത്തിയ ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയെ മാധ്യമ രാജാവ് റൂപര്‍ട്ട് മര്‍ഡോക്ക് ഔറംഗസീബിന്റെ ചെരുപ്പ് തുടച്ച സായിപ്പിന്റെ വിധേയത്വം കാണിച്ചു.

വെറുപ്പെന്ന ഇന്ധനം

ആദ്യം വലിയൊരു ജനക്കൂട്ടത്തെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്നതാണ് ഏത് ഫാസിസ്റ്റ് സര്‍ക്കാരിന്റേയും ആദ്യ ജോലി. ദേശീയതയെയാണ് അതിനായി അവര്‍ ഉപയോഗിക്കുന്നത്. ഒപ്പം സ്വന്തം രാജ്യത്തെ ഒരു ന്യൂന പക്ഷത്തെ എല്ലാ കുഴപ്പത്തിന്റേയും കാരണക്കാരയ കുറ്റവാളികളായി മുദ്രകുത്തും. കൂടെ വെറുപ്പിന്റെ പ്രചരണവും. നിരന്തരം നടക്കുന്ന ആ വെറുപ്പിന്റെ പ്രചരണത്താല്‍ സമൂഹത്തില്‍ വലിയ വിള്ളലുണ്ടാകുകയും എതിര്‍ പക്ഷത്തെ ശത്രുവായി കണക്കാക്കുകയും ചെയ്യും. പിന്നീട് ഒരു തീപ്പൊരി മതി ആ വെറുപ്പ് ആളിക്കത്തി വംശീയ ലഹളയും വംശഹത്യയുമൊക്കെയായിമാറുന്നു. ഭിന്നിച്ച് നില്‍ക്കുന്ന ഭൂരിപക്ഷ സമുദായത്തെ ഒന്നിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഭൂരിപക്ഷ സമുദായത്തിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഫാസിസ്റ്റ് സര്‍ക്കാരിന് പിന്‍തിരിഞ്ഞ് നോക്കേണ്ടതില്ല.

മതേതരത്വം തകര്‍ത്തുണ്ടാക്കുന്ന അടിത്തറ

നമ്മുടെ രാജ്യം വിവിധ ഭാഷകളും സംസ്കാരവുമുള്ള 400 നാട്ടുരാജ്യങ്ങളുടെ കൂടിച്ചേരലാണ്. ഇത്തരമൊരു സംവിധാനത്തില്‍ സാമുദായികമായ ഒരു ഐക്യം സൃഷ്ടിക്കുക അത്ര എളുപ്പമല്ല. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിന്റെ സാംസ്കാരികമായ ഊര്‍ജ്ജവും മതേതരത്തിന് പ്രാധാന്യം കൊടുക്കുന്ന നമ്മുടെ ഭരണഘടനയും ജനങ്ങളില്‍ ഐക്യം സ്ഥാപിക്കുന്നതില്‍ വിജയിച്ചു. അതുകൊണ്ട് മതേതരത്തേയും ഐക്യത്തേയും ഇല്ലാതാക്കുകയാണ് അവര്‍ക്കാദ്യം വേണ്ടത്. നമ്മുടെ രാജ്യത്ത് മാത്രമല്ല അയല്‍ രാജ്യങ്ങളില്‍ പോലും അതിനായി അവര്‍ ശ്രമിക്കുകയാണ്. കാരണം വേറിട്ട ഒരു ഉദാഹരണം പോലും മനുഷ്യമനസിലുണ്ടാവരുത്. പാകിസ്ഥാന്‍ – ഇസ്ലാമിക രാജ്യം, ബംഗ്ലാദേശ് – ഇസ്ലാമിക രാജ്യം, ശ്രീലങ്ക – സിംഹള രാജ്യം. അതിനിടക്ക് നേപ്പാള്‍ – ഒരു മതേതര രാജ്യം. അത് തങ്ങളുടെ ജാതിയുടേതാക്കാനായി ഇന്‍ഡ്യന്‍ ഫാസിസം ശ്രമിക്കുന്നത് അടത്ത കാലത്ത് വാര്‍ത്തയായല്ലോ.

സ്വാതന്ത്ര്യ സമരം നല്‍കിയ പുത്തനുണര്‍വ് ആയിരുന്നു നമ്മുടെ മതേതരത്വം. വര്‍ഗ്ഗീയത ഫാസിസത്തിന്റെ ഏറ്റവും അടിസ്ഥാന പ്രമാണമാണ്. ദശാബ്ദങ്ങളായി മതബിംബങ്ങളെ അടിസ്ഥാമാക്കി രാഷ്ട്രീയ പ്രചരണം നടത്തിയും ആള്‍ ദൈവങ്ങളേയും മറ്റ് സംഘടനകളേയും ഉപയോഗിച്ച് മതപരമായി ചിന്തിക്കുക എന്നത് മുഖ്യധാരയിലേക്ക് അവര്‍ക്ക് കൊണ്ടുവരാനായി. കാലാകാലങ്ങളായി അവര്‍ നടത്തിയ ശ്രമങ്ങള്‍ കാരണം നമ്മുടെ മതേതരത്വം തകര്‍ന്നു. ഇന്ന് മത, ജാതി അടിസ്ഥാനത്തില്‍ ഒരു ക്ലാസിലെ കുട്ടികളില്‍ പോലും അദൃശ്യമായ ഒരു മതിലുണ്ട്.

ശ്രദ്ധാമാറ്റ ഞെട്ടല്‍

ജനശ്രദ്ധ രാഷ്ട്രീയ സാമ്പത്തിക പ്രശ്നങ്ങളിലുണ്ടെങ്കില്‍ ആര്‍ക്കും ജനദ്രോഹകരമായ നടപടികള്‍ നടപ്പാക്കാനാവില്ല. അതുകൊണ്ട് ജനശ്രദ്ധ മാറ്റേണ്ടത് ഏത് സര്‍ക്കാരുകളേക്കാളും ഫാസിസ്റ്റ് സര്‍ക്കാരിന് അത്യന്തം പ്രധാനപ്പെട്ടതാണ്. മുമ്പ് പറഞ്ഞ ശിഖണ്ഢി നേതാക്കളുടെ ആവശ്യം അതാണ്. റോഡിന്റെ പേര് മാറ്റണം, പശുവിനെ കൊല്ലരുത്, സ്ത്രീകള്‍ ആര്‍ഷഭാരത സംസ്കാരം പിന്‍തുടരണം, മുസ്ലീങ്ങള്‍ ഇന്‍ഡ്യവിട്ട് പോകണം, ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്‍മം നല്‍കണം. തുടങ്ങി അനേകം വിവാദപരമായ പ്രസ്ഥാവനകള്‍ അവരെ ഉപയോഗിച്ച് ഫാസിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നു. കഴുതകളാണെങ്കിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നതിനാല്‍ ഇവരുടെ വിവരക്കേടുകള്‍ക്ക് മാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ്. വലിയ ചര്‍ച്ചാപരിപാടികളും മറ്റും അതിനെക്കുറിച്ച് അവര്‍ സംഘടിപ്പിക്കുന്നു. ബോധപൂര്‍വ്വമാണ് അവരെ ആ സ്ഥാനങ്ങളില്‍ നിര്‍ത്തിയിരിക്കുന്നത്. മതപരമായ ചിന്തകള്‍ ജനങ്ങളിലെപ്പോഴും നിലനിര്‍ത്താന്‍ വലിയ കളിക്കാരന്‍ ഉപയോഗിക്കുന്ന കരുക്കള്‍ ആണ് അവര്‍.

ഇതോടൊപ്പം ഇന്‍ഡ്യക്കകത്ത് സമൂലമായ സര്‍ക്കാര്‍ പരിഷ്കരണങ്ങളും നടക്കുകയാണ്. എല്ലാ സ്ഥാപനങ്ങളിലും ഫാസിസ്റ്റ് അനുകൂലികളെ നേതൃത്വ സ്ഥാനത്ത് നിയോഗിക്കുന്നു. പൂനെയിലെ വിദ്യാലയത്തില്‍ നടത്തിയ അത്തരമൊരു ശ്രമത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ദീര്‍ഘകാലമായി സമരത്തിലാണല്ലോ. ഫാസിസത്തിന്റെ വളര്‍ച്ചക്ക് സഹായകമല്ലാത്തതിനാലും, ജനത്തെ കോര്‍പ്പറേറ്റുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനാലും, വിദേശികള്‍ക്ക് കൊള്ള നടത്താന്‍ കഴിയാത്തതിനാലും സ്വതന്ത്ര ഇന്‍ഡ്യയുടെ ഭരണഘടനയും ഭരണസംവിധാനവും ഒന്നൊന്നായി ഈ സര്‍ക്കാര്‍ മാറ്റം വരുത്തുകയാണ്.

ന്യൂനപക്ഷ വര്‍ഗ്ഗീയത ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതാണ്

കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ അതിന്റെ ആദ്യദിവസം മുതല്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികളില്‍ നിന്ന് വലിയ ആക്രമണം നേരിടുകയുണ്ടായി. ഇപ്പോള്‍ BJP, RSS സംഘങ്ങള്‍ പ്രചരിപ്പിക്കുന്ന വിവദപരമായ പല പ്രസ്ഥാവനകളും നടത്തിയത് നമ്മുടെ നാട്ടിലെ ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികളായിരുന്നു. ന്യൂനപക്ഷ വര്‍ഗ്ഗീയത സത്യത്തില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ പ്രീണിപ്പിക്കുന്നതാണ്. മൊത്തം ആളുകളുടേയും നാശമാണ് അതിന്റെ ഫലം.

ഫാസിസ്റ്റ് മരം പൂക്കുന്നത്

മുതലാളിത്തം നട്ട ഫാസിസം എന്ന മരം വേഗം വളരും. അത് വളര്‍ന്ന്, തളിര്‍ത്ത്, വന്‍മരമായി. ഇപ്പോള്‍ അത് പൂത്തപ്പോഴാണ് ചിലര്‍ക്ക് കാര്യം മനസിലായത്. ആ പൂ കറുത്തതാണ്, അതില്‍ നിന്ന് ദുര്‍ഗന്ധം വരുന്നു എന്ന് പറഞ്ഞ് അവര്‍ ആ പൂക്കള്‍ നുള്ളിമാറ്റാനെത്തി. എന്നാല്‍ പൂ നുള്ളിമാറ്റിയതുകൊണ്ട് മരത്തിന് കുഴപ്പമെന്നും സംഭവിക്കില്ലെന്നും പകരം അവിടെ നിന്ന് കൂടുതല്‍ മുളകളുണ്ടാകുമെന്നും അവര്‍ക്ക് മനസിലാക്കാന്‍ കഴിയുന്നില്ല. അതാണ് നമ്മുടെ പുരോഗമനവാദികളുടേയും ഇടതുപക്ഷത്തിന്റേയും അവസ്ഥ. സത്യത്തില്‍ ഇടതുപക്ഷത്തിന്റെ പരാജയമാണ് ഫാസിസത്തിന്റെ നിര്‍മ്മാണത്തിന് കാരണം. ഫാസിസത്തിന്റെ പ്രഖ്യാപിത ശത്രു മാര്‍ക്സിസമാണ്.

ഈ … ഫാസിസ്റ്റുകളില്ലായിരുന്നെങ്കില്‍ നമ്മളെന്ത് ചെയ്തേനെ

സ്ത്രീകള്‍ രാത്രിയില്‍ പുറത്ത് പോകരുത്. ഓഹോ… ഞങ്ങള്‍ രാത്രി പുറത്ത് പോകും – രാത്രി കൈയ്യേറ്റ സമരം തുടങ്ങി
സിനിമ കാരണരുത് – സിനിമ പ്രദര്‍ശന സമരം തുടങ്ങി.
വിവാഹിതരല്ലാത്ത സ്ത്രീപുരുഷര്‍ പൊതുസ്ഥലത്ത് സല്ലപിക്കരുത്. ഓഹോ… ഞങ്ങള്‍ സല്ലപിക്കും, കെട്ടിപ്പിടിക്കും, ഉമ്മവെക്കും – ചുംബന സമരത്തിന് തുടക്കമായി
ബീഫ് ഇറച്ചി തിന്നരുത് – ഓഹോ… ഞങ്ങള്‍ ബീഫും തിന്നും ബീഫ് ഫെസ്റ്റിവലും നടത്തും – ബീഫ് സമരക്കിന് തുടക്കമായി

മാലപ്പടക്കം പോലെ അവര്‍ അവരുടെ പദ്ധതികള്‍ നടപ്പാക്കകയാണ്. അത് കണ്ട് ഞെട്ടിയുണര്‍ന്ന നമ്മുടെ ജോലി അവര്‍ക്ക് മറുപടി നല്‍കുക എന്നത് മാത്രമായി. നമുക്ക് സ്വന്തമായ പദ്ധതികളൊന്നുമില്ല. നമുക്ക് നമ്മുടെ കാര്യങ്ങള്‍ പറയാന്‍ പോലും സമയമില്ല. അല്ലേ പിന്നെ എന്തോന്ന് പറയാനാ. പ്രവര്‍ത്തിക്കുന്ന തലവേണ്ടേ. ഒരു പക്ഷേ എന്നെങ്കിലും അവര്‍ പ്രചാരവേല നിര്‍ത്തിയാല്‍ ചിലപ്പോള്‍ നാം തലചൊറിഞ്ഞുകൊണ്ട്, “ഞാനാരാ… ഞാനെവിടെയാ?” എന്ന് ചോദിക്കുമായിരിക്കും! കാരണം നമ്മളെങ്ങനെ പ്രതികരിക്കുമെന്ന് മുന്‍കൂട്ടിയറിഞ്ഞുകൊണ്ടാണ് അവര്‍ ഓരോ വിവാദങ്ങളിറക്കുന്നത്. പട്ടിക്ക് കടിക്കാന്‍ എല്ലിന്‍മുട്ടി എറിഞ്ഞ് കൊടുക്കുന്നത് പോലെ. ഇത്തരം സമരങ്ങളുടെ തീവൃ കണ്ട് പേടിച്ചാണ് സംയമനം പാലിക്കണമെന്ന് അടുത്തകാലത്ത് ഒരു ന്യൂനപക്ഷ മതനേതാവ് ആവശ്യപ്പെട്ടത്. ബോധമുള്ള എല്ലാവര്‍ക്കും ആ പേടിയുണ്ട്.

ആരുടെ അരങ്ങിലാണ് നടനം

ഫാസിസ്റ്റ് പ്രസ്ഥാവനകള്‍ ശ്രദ്ധാമാറ്റത്തിന് വേണ്ടിയാണെങ്കിലും അതിനേക്കാളേറെ ഫാസിസ്റ്റ് ആശയങ്ങളുടെ അടിത്തറ പാകുക എന്ന ധര്‍മ്മവും ഈ പ്രചാരവേലകള്‍ക്കുണ്ട്. ആരുടെ അരങ്ങിലാണ്(അതായത് frame) നടനം എന്നതാണ് പ്രധാനം. അവരുടെ ബിംബങ്ങളുപയോഗിച്ച് എന്തെങ്കിലും പൊട്ടത്തരം(എന്ന് നമുക്ക് തോന്നുന്നത്) പറഞ്ഞു കൊണ്ടാണ് അവര്‍ ചര്‍ച്ച തുടങ്ങുന്നത് അവിടേക്ക് നാം കടന്ന് ചെന്ന് അവരുടെ ബിംബങ്ങളുടെ കുഴപ്പങ്ങളോ വൈരുദ്ധ്യങ്ങളോ വിശദീകരിച്ച് അവര്‍ തെറ്റെന്ന് പറയുമ്പോള്‍ ശരിക്കും നാം ആ ബിംബങ്ങള്‍ക്ക് ശക്തിയും അടിത്തറയും നല്‍കുകയാണ് ചെയ്യുന്നത്.

ബീഫ് നിരോധനത്തെക്കുറിച്ച് പ്രതികരിക്കുമ്പോള്‍ ഫാസിസ്റ്റുകള്‍ പണ്ട് ബീഫ് കഴിക്കുന്നവരായിരുന്നു എന്നും അവരുടെ മത പുസ്തകങ്ങളില്‍ ബീഫ് കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും അവരുടെ ദൈവങ്ങള്‍ ബീഫ് കഴിക്കുന്നവരാണെന്നും ഒക്കെ യുക്തികള്‍ നിരത്തി നാം പ്രതികരിക്കുന്നത് ഉദാഹരണം. ശ്രീരാമന്‍ മാസം തിന്നിരുന്നു, ഋഗ്വേദത്തില്‍ പശുവിനെ കൊല്ലുത്തനിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്, പശുവിനെ കൊല്ലുവനാണ് നല്ല ബ്രാമണന്‍ എന്നൊക്കെയായുള്ള പ്രതികരണവുമായാണ് ഇടത്പക്ഷം ബീഫ് ഫെസ്റ്റ് നടത്തുന്നത്.

ഈ ബീഫ് നിരോധനവും അത്തരം മറ്റ് വിവരക്കേടുകളും അവര്‍(നേതാക്കള്‍) ആത്മാര്‍ത്ഥയോടാണ് ചെയ്യുന്നതെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അവര്‍ അടിത്തറപാകാനും ശ്രദ്ധമാറ്റത്തിനും ഉപയോഗിക്കുന്ന തന്ത്രങ്ങളോട് അവര്‍ക്ക് തന്നെ ഒരു ആത്മാര്‍ത്ഥതയുമില്ല. ഒരു കള്ളുകുടിയന്‍ ഇല്ലാത്ത വഴക്കുണ്ടാക്കാന്‍ ശ്രമിക്കുന്നത് പോലെയാണിത്. ഒരു തര്‍ക്കമുണ്ടാകണം, ജനം ഭിന്നിക്കണം എന്നേ അവര്‍ക്കുള്ളു. എല്ലാവരേയും എപ്പോഴും മത ബിംബങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിപ്പിക്കുക എന്നതാണ് അതിന്റെ ബോണസായി അവര്‍ക്ക് കിട്ടുന്ന വേറൊരു ഗുണം. അവര്‍ മനപ്പൂര്‍വ്വം ബഹളങ്ങളുണ്ടാക്കി മത ബിംബങ്ങള്‍ നമ്മുടേയും ചുമലിലേക്ക് കയറ്റുകയാണ്.

എന്ത് ചെയ്യുമ്പോഴും ആരുടേയെങ്കിലും ‘മതവികാരം വൃണപ്പെട്ടോ’ എന്ന് എല്ലാവരേയും കൊണ്ട് അവര്‍ക്ക് ചിന്തിപ്പിക്കാന്‍ കഴിഞ്ഞത് ഇതിനാലാണ്. അതായത് മതവികാരം എന്നത് സമൂഹത്തിന്റെ പൊതുബോധമായി മാറി. മുമ്പ് അങ്ങനയായിരുന്നില്ല. എംടിക്ക് അതുപോലൊരു സിനിമ ഇനി എടുക്കാന്‍ കഴിയില്ല എന്നത് അത്ഭുതമായി തോന്നുന്നത് അതുകൊണ്ടാണ്.

വെറുപ്പിന്റെ പ്രചരണം

അവര്‍ നടപ്പാക്കാന്‍ പോകുന്ന നയത്തിനെതിരെ എന്ന പേരില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ കാര്യമില്ല. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണത്. അതിന് ആത്മാര്‍ത്ഥതയുമില്ല. കാരണം ആ നയം നടപ്പാക്കാന്‍ പോകുന്നു എന്ന ഊഹമേയുള്ളു. തീര്‍ച്ചായും അത് നടപ്പാക്കും. അപ്പോള്‍ ആ നിയമം ലംഘിച്ച് ജയിലില്‍ പോകുന്നത് ശരിയായ കാര്യമാണ്. പക്ഷേ അതിന് മുമ്പ് വീറും, വാശിയും, വെറുപ്പും ആളിക്കത്തിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമേ ചെയ്യൂ.

വെറുപ്പ് ഫാസിസത്തിന്റെ ഒരു ആയുധമാണ്. വെറുപ്പ് നിങ്ങളേയും ഫാസിസ്റ്റാക്കും. നമുക്ക് കൈയ്യൂക്കുള്ള സ്ഥലങ്ങള്‍ നമ്മേ എതിര്‍ക്കുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത് നമ്മളും ആ വഴിക്ക് നീങ്ങുന്നു എന്നതിന്റെ തെളിവാണ്. അതിന്റേയും ഫലം ഫാസിത്തിന്റെ വളര്‍ച്ചയാണ്.

വ്യക്തി സ്വാതന്ത്ര്യത്തിലെ കടന്നുകയറ്റം

ഇന്‍ഡ്യയുടെ മൊത്തം മനസാക്ഷിയെ ഞെട്ടിച്ച് കൊണ്ടാണ് അഖ്‌ലാഖിന്റെ കൊലപാതകം നടന്നത്. അതിന് മുമ്പ് ധാബോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ എന്നീ വിമര്‍ശകരേയും കൊന്നു. ഫാസിസത്തിന്റെ നിലനില്‍പ്പിനെ നേരിട്ടോ അല്ലാതെയോ ചോദ്യം ചെയ്യുന്ന എന്തിനേയും അത് നിരോധിക്കും. അതിനെതിരെ പ്രമുഖര്‍ പ്രതികരിച്ച് തുടങ്ങിയത് വളരെ നല്ല കാര്യമാണ്. സര്‍ക്കാര്‍ നല്‍കിയ ബഹുമതികള്‍ എഴുത്തുകാരും ബുദ്ധിജീവികളും തിരികെ കൊടുത്തു. തീര്‍ച്ചയായും സത്യസന്ധവും ആത്മാര്‍ത്ഥവും ആണ് അവരുടെ പ്രവര്‍ത്തികള്‍. അവരെ അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും കേവലം വ്യക്തി സ്വാതന്ത്ര്യത്തില്‍ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല.

പുരോഗമന ബുദ്ധിജീവി കാപട്യം

മൊബൈല്‍ ഫോണും, ലാപ്ടോപ്പും, ആപ്പും, മാളും, മെട്രോയും ഒക്കെ അനുഭവിക്കുന്ന പുരോഗമന ബുദ്ധിജീവി വര്‍ഗ്ഗം മുതലാളിത്തം തരുന്ന വ്യക്തി ‘സ്വാതന്ത്ര്യം’ (ഉല്‍പ്പങ്ങളും സേവനങ്ങളും വിലക്ക് വാങ്ങി ഉപയോഗിക്കാനുള്ള) ഫാസിസമെന്ന തീവൃമുതലാളിത്തത്താല്‍ നഷ്ടപ്പെടും എന്ന് ഭയക്കുന്നു. ഉപരിപ്ലവമായ ചുംബന സമരവും ബീഫ് ഫെസ്റ്റുമൊക്കെ നടത്തി തങ്ങളുടെ സ്വാതന്ത്ര്യം നിലനിര്‍ത്താനാഗ്രഹിക്കുന്ന അവര്‍ അടിസ്ഥാന പ്രശ്നങ്ങളിലേക്ക് ജനശ്രദ്ധ തിരിയുന്നത് തടയുന്നു. നിര്‍ഭാഗ്യവശാല്‍ ഇടത്പക്ഷക്കാരും അവരുടെ ഉപരിപ്ലവമായ തട്ടിപ്പ് പ്രതികരണങ്ങളില്‍ പെട്ട് ശരിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല.

കമ്യൂണിസ്റ്റ് ഫാസിസം

മുതലാളിത്തത്തിന് അയിത്തമില്ല. ആരേയും അത് ഒഴുവാക്കില്ല. പക്ഷേ നിങ്ങള്‍ ലാഭമുണ്ടാക്കണമെന്ന് മാത്രം. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ മുതലാളിത്ത രാജ്യത്തിന്റെ ചങ്ങാതി/രക്ഷകന്‍ ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യമായത്. കമ്യൂണിസ്റ്റ് രാജ്യം എന്ന പേരും, അതിന്റെ കൊടി ചുവന്നതാണ് എന്നതുമൊഴിച്ചാല്‍ ചൈന ഒരു മുതലാളിത്ത രാജ്യമാണ്. അല്ല, ഫാസിസ്റ്റ് മുതലാളിത്ത രാജ്യമാണ് എന്ന് പറയേണ്ടിവരും. മുസോളിനിയുടേയും ഹിറ്റ്‌ലറിന്റേയും രാജ്യങ്ങള്‍ പോലെ അവിടെ തൊഴിലാളി യൂണിയനില്ല. തൊഴിലാളികളെ മാടുകളെ പോലെ പണിയെടുപ്പിക്കാം. ആപ്പിളിന് വേണ്ടി ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന ഫോക്സ്കോം എന്ന കമ്പനിയില്‍ തൊഴിലാളികള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാതിരിക്കാന്‍ താഴെ വല കെട്ടിയിട്ടുണ്ട്. മുസോളിനിയും ഹിറ്റ്‌ലറും പറഞ്ഞത് പോലെ അഴിമതി മുതലാളിത്തന്റെ ദക്ഷത കുറക്കുന്നതാണ്. അതുകൊണ്ട് ചൈനയില്‍ അഴിമതിക്കാരെ വെടിവെച്ച് കൊല്ലും. ആ വാര്‍ത്തകള്‍ കേട്ട് കൈയ്യടിക്കുന്നവര്‍ ഇവിടെ ഫാസിസത്തെ വളര്‍ത്തുകയാണ്. തീവൃമുതലാളിത്തത്തിന്റെ എല്ലാ ഗുണവും അവിടെ കാണാം.

ഫാസിസ്റ്റുകള്‍ ആകാശത്ത് നിന്ന് വന്നവരല്ല

ഇവരൊക്കെ നമുക്ക് ചുറ്റുപാടുമുള്ള സാധാരണ മനുഷ്യരാണ്. വെറുപ്പും, വിദ്വേഷവും, അസഹിഷ്ണതയും മാത്രം നിരന്തരം ഏല്‍ക്കുന്ന അവര്‍ ഒരു പ്രത്യേക നിമിഷത്തിലെ വൈകാരികമായ തീപ്പൊരി കാരണമാണ് കുറ്റകൃത്യം ചെയ്യുന്നത്. മിക്കപ്പോഴും ദരിദ്രരായ, വേണ്ടത്ര പോഷകാഹാരം കിട്ടാത്ത, അറിവില്ലാത്ത പിന്നോക്ക സമുദായക്കാരാവും ഇവര്‍. അവരെ ഒരു പ്രത്യേക വിഭാഗമാണെന്ന് വാര്‍ത്ത് വെച്ച് അവരെ നേരിട്ട് ആക്രമിക്കുന്ന രീതിയാണ് പ്രതിഷേധം എന്ന നിലയില്‍ നാം കാണുന്നത്. ഫാസിസത്തെ ഫാസിസം ഉപയോഗിച്ച് ഇല്ലാതാക്കാനാവില്ല. മുതലാളിത്തത്തെ സംബന്ധിച്ചടത്തോളം ഫാസിസത്തിന്റെ നിറം കാവിയാണോ ചുവപ്പാണോ എന്നത് പ്രസക്തമല്ല. ചുവപ്പാണെങ്കിലും ലാഭമുണ്ടാക്കായാല്‍ മതി.

ഗുജറാത്തിലെ വംശഹത്യയില്‍ പങ്കെടുത്തവരില്‍ കൂടുതല്‍ പേരും പിന്നോക്ക സമുദായക്കാരോ ആദിവാസികളോ ആയിരുന്നു. അവര്‍ക്ക് സത്യം മനസിലായാല്‍ മുതലാളിത്തത്തെ രക്ഷിക്കാനുള്ള പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കില്ല. പക്ഷെ അതിന് നമ്മുടെ പ്രതികരണം. സഹിഷ്ണതയുള്ളതും മതേതരവുമാവണം. എല്ലാറ്റിനേയും ഉള്‍ക്കൊള്ളാനാവും വിധം മനസ് വലുതാക്കുകയാണ് ഫാസിസത്തെ എതിര്‍ക്കുന്നതിന് മുമ്പ് നാം ചെയ്യേണ്ടത്. എന്തുകൊണ്ട് അവര്‍ക്ക് മാറാന്‍ പോലുമുള്ള അവസരം പോലും നാം കൊടുക്കുന്നില്ല?

തകര്‍ന്ന മതേതരത്വവും വര്‍ഗ്ഗീയ ഐക്യ കഥകളും

ഒരുവശത്ത് വര്‍ഗ്ഗീയ കലാപം നടക്കുമ്പോഴും വേറൊരിടത്ത് ഒറ്റപ്പെട്ട വ്യക്തികളുടേയോ കുടുംബങ്ങളുടേയോ പരസ്പ സ്നേഹത്തെക്കുറിച്ച് മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കാറുണ്ട്. പരസ്പരം കൊല്ലുന്ന കാലത്ത് ഇത് അസാധാരണമായ ഒരു സംഭവമാകുന്നതുകൊണ്ടല്ലേ അതിന് വാര്‍ത്താ പ്രാധാന്യം കിട്ടുന്നത്. അത്തരം വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ നാം അറിയാതെ തന്നെ വര്‍ഗ്ഗീയതക്ക് ആധികാരികത നല്‍കുകയാണ് ചെയ്യുന്നത്.

വ്യത്യസ്ഥ മതക്കാരായാലും ഞങ്ങള്‍ ഒറ്റക്കെട്ടാണെന്ന ചിന്ത പ്രത്യക്ഷത്തില്‍ കുഴപ്പമില്ലാത്തതായും പരിഹാരമായും തോന്നാം. എന്നാല്‍ അത് തെറ്റാണ്. കാരണം അത് അടിസ്ഥാനപരമായി നമ്മുടെ മനസില്‍ മതത്തേക്കുറിച്ചുള്ള ചിന്ത ആഴത്തില്‍ സ്ഥാപിക്കുന്നു. ഞാന്‍ ഈ ഒരു മതക്കാരനാണ്, അയാള്‍ മറ്റേ മതക്കാരനാണ്. എന്നാലും ഇപ്പോള്‍ ഞങ്ങള്‍ സൌഹൃദത്തിലാണ് എന്നതാണ് അതിന്റെ അര്‍ത്ഥം.

ഫാസിസത്തിന് അത് മതി. കാരണം ലോകം ഇപ്പോള്‍ അവസാനിക്കുന്നില്ലല്ലോ. സമയമാകുമ്പോള്‍ ഇപ്പോള്‍ അടിത്തറപാകിയ ഈ അദൃശ്യ മതില്‍ അതിന്റെ ശരിക്കുള്ള ഗുണം പ്രകടിപ്പിച്ചോളും. ഇന്ന് ഇടത്പക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമ്പോള്‍ അതത് നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷ ജാതിയില്‍ പെടുന്നവരേയേ മല്‍സരിക്കാന്‍ നിര്‍ത്തു. മതപരിപാടികളില്‍ പങ്കെടുക്കുന്നതോ അത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതോ മതപുരോഹിതന്‍മാരുമായി ചങ്ങാത്തം കൂടുന്നതോ ഇന്ന് ഇടത് പക്ഷം മോശമായ കാര്യമായി കണക്കാക്കുന്നില്ല. കാലാ കാലങ്ങളായി അവര്‍ നടത്തുന്ന മതാടിസ്ഥാനമായ പ്രവര്‍ത്തികളും നാം നടത്തിവരുന്ന മതാടിസ്ഥാനമായ പ്രതികരണങ്ങളും മാധ്യമങ്ങളിലൂടെയുള്ള അതിന്റെ പ്രചരണവും കാരണമാണ് ഇടത്പക്ഷക്കാര്‍ പോലും മതപരമായി ചിന്തിക്കുന്നതിന്റെ കാരണം.

എല്ലാ മത പ്രീണനമല്ല മതേതരത്വം. മതത്തിനതീതമെന്നോ മതത്തിന് ഇതരമെന്നോ എന്നതാണ് മതേതരത്വം. അതായത് അയാള്‍ ഏത് മതക്കാരനാണെന്ന് എനിക്കറിയില്ല(അല്ലെങ്കില്‍ ഞാന്‍ പ്രാധാന്യം കൊടുക്കുന്നില്ല), പക്ഷേ ഞങ്ങള്‍ സുഹൃത്തുക്കണാണ് എന്നതാവണം നമ്മുടെ ചിന്ത.

ഇന്റര്‍നെറ്റെന്ന സ്പ്ലിന്റര്‍നെറ്റ്

കുറച്ച് ‘ഇടത്’പക്ഷക്കാര്‍ക്ക് ഫാസിസത്തിന് ‘എതിരെ’ എന്ന സമരം. ഉരുളക്കുപ്പേരി എന്നതോതില്‍ പ്രതികരിച്ച് ഫോട്ടോ എടുത്ത് അമേരിക്കന്‍ രഹസ്യപോലീസ് നല്‍കുന്ന പൊങ്ങച്ച നെറ്റ്‌വര്‍ക്കില്‍ പങ്ക് വെച്ച് ലൈക്കടിക്കലും അതിന്റെ എണ്ണം നോക്കലുമാണ്. എന്നാല്‍ ഇന്റര്‍നറ്റ് ശരിക്കും Splinternet ആണ്. അതായത് പൊട്ടക്കിണര്‍. നിങ്ങളുടെ search results ഉം നിങ്ങളുടെ friends ഉം ഒക്കെ നിങ്ങള്‍ക്ക് മാത്രമായി customize ചെയ്യപ്പെട്ട ഒന്നാണ്. വ്യത്യസ്ഥതയുള്ള friends നെ അവര്‍ തന്നെ നിങ്ങളുടെ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്യും. നമ്മള്‍ ഒരു ചിത്രത്തില്‍ ലൈക്ക് അടിക്കുമ്പോള്‍ നമ്മളെ സംബന്ധിച്ചടത്തോളം നമ്മുടെ ജോലി കഴിഞ്ഞു ലൈക്ക് അടിക്കാനെന്താണടുത്തത് എന്നാണ് മനസ് പറയുക. വളരേറെ ആളുകളെ അരാഷ്ട്രീയമാക്കാന്‍ അത് മതി. മൂലധനത്തിന്റെ സുഗമമായ ഒഴുക്കിനെ നിങ്ങള്‍ തടസപ്പെടുത്താത്തടത്തോളം നിങ്ങള്‍ എത്ര ലൈക്ക് ചെയ്താലും ഒരു കുഴപ്പവുമില്ല. രഹസ്യപോലീസിന് നിങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കിട്ടുകയും ചെയ്യും. പക്ഷേ എപ്പോഴെങ്കിലും ജനം തടസമാകുന്ന അവസരത്തില്‍ അവരെ സഹായിക്കാന്‍ ഇന്റര്‍നെറ്റിന് ഒരു kill switch ഉണ്ട് എന്നും ഓര്‍ക്കുക.

മാധ്യമ ഇരട്ടത്താപ്പ്

ഫാസിസത്തിന്റെ പല്ല് വ്യക്തി സ്വാതന്ത്ര്യത്തിലേക്ക് ആഴ്ന്നിറങ്ങുന്ന ഈ കാലത്ത് പോലും മാധ്യമങ്ങള്‍ ജനത്തെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങള്‍ വെറും പ്രത്യേക സമയത്ത് പ്രത്യേക സ്ഥലത്ത് മാത്രം അവതരിപ്പിക്കപ്പെടുന്നു. ബഹുഭൂരിപക്ഷം ഇതിലൊന്നും താല്‍പ്പര്യമില്ലാത്ത ഗാന, നൃത്ത, കോമാളി, സിനിമ, പരസ്യ പരിപാടികളില്‍ ശ്രദ്ധ മാറ്റപ്പെട്ട് കഴിയുന്നു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ തുണിയഴിക്കുന്നവര്‍ സത്യത്തില്‍ ഫാസിസത്തെ സഹായിക്കുകയാണ് ചെയ്യുന്നത്. സ്പ്ലിന്റര്‍നെറ്റ് പോലുള്ള പൊട്ടക്കിണറിന്റെ അവസ്ഥയാണ് മാധ്യമങ്ങളിലും.

നില്‍ക്കാനൊരിടം

മുതലാളിത്തത്തിന്റെ അഴിമതിയും ജനത്തിന്റെ ദാരിദ്ര്യവുമാണ് ഫാസിസത്തിന്റെ വളര്‍ച്ചക്ക് അടിത്തറയാകുന്നത്. പക്ഷേ ജനത്തിന് നില്‍ക്കാന്‍ വേറൊരിടമുണ്ടായിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ല. അങ്ങനെയുള്ളയിടത്തും അഴിമതിയും കാലുവാരലും, കുതികാലുവെട്ടലും കാണുമ്പോള്‍ ജനം മനംമടുത്ത് നിശബ്ദരാകും. ജനം നേതാവിന്റെ അടിമകളായി അണിയായി അവിടെ എത്തിക്കോളും എന്ന് കരുതേണ്ട. ഫാസിസം അടുക്കളവരെയെത്തി, പിന്നെ നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാരുമില്ല എന്നൊക്കെ പറയുന്നവര്‍ തങ്ങളുടെ പാര്‍ട്ടികള്‍ എത്രമാത്രം സുതാര്യമാണെന്ന് സത്യസന്ധമാണെന്ന് ചോദിച്ചിട്ടുണ്ടോ? സ്വന്തം പാര്‍ട്ടികളിലും സംഘടനകളിലും നിന്നാണ് ഫാസിത്തിനെതിരായ സമരം തുടങ്ങേണ്ടത്. അവയെല്ലാം ശുദ്ധീകരിക്കൂ. ജനകീയമാക്കൂ.

ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ ശരിക്കും അത് തനിക്ക് അര്‍ഹതപ്പെട്ടതാണോ എന്ന് ആത്മാര്‍ത്ഥയോട് പരിശോധിക്കണം.. നേതാവാകുകയല്ല നമ്മുടെ ലക്ഷ്യം. നല്ല മനുഷ്യനായി ജീവിക്കുകയാണ്. രാജാവാകാന്‍ വേണ്ടി നാം അനര്‍ഹമായ സ്ഥാനത്തിനായി കടിപിടികൂടുമ്പോഴും കടിച്ചുതൂങ്ങുമ്പോഴും ഫാസിസമാണ് ജയിക്കുന്നത്. പ്രശസ്തരാകുയും നേതാവാകുകയും ഒക്കെ ചെയ്യണമെന്ന തോന്നല്‍ മുതലാളിത്തത്തിന്റെ സിദ്ധാന്തങ്ങളാണ്. അത് സ്ഥാപിക്കാനായി ഹോളീവുഡ് സിനിമകളിലൊക്കെ സ്ഥിരമായി “then we will became famous and rich” എന്നപോലുള്ള വാചകങ്ങള്‍ നമുക്ക് കാണാവുന്നതാണ്. സിനിമ, ടെലിവിഷന്‍ പരിപാടികളായി ആ രീതികളാണ് നാം പിന്നീട് കോപ്പിയടിക്കുന്നത്. സിനിമയിലെ നായക സങ്കല്‍പ്പം അതിനായുള്ളതാണ്. ഒന്നുകില്‍ നായകന്‍ അല്ലെങ്കില്‍ വെറും അടിമ എന്ന frame സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുകയാണ് അവര്‍ ചെയ്യുന്നത്.

നായക, നേതാവ് സങ്കല്‍പ്പത്തെ തള്ളിക്കളയുക. ആരും ആരേക്കാളും വലുതുമല്ല, ചെറുതുമല്ല. തുല്യരുടെ സഹകരമാണ് നമ്മുടെ നിയമം. സ്ഥാനത്തിനും പദവിക്കും പകരം മനുഷ്യനെ അവന്റെ ഉള്ളടക്കിത്തിന് അനുസരിച്ച് ബഹുമാനിക്കാന്‍ ശീലിക്കുക.

ഫാസിത്തിനെതിരായ സമരം

ഞെട്ടിപ്പിക്കുന്ന ഒരു സംഭവത്തില്‍ നിന്നാണ് ഇപ്പോഴുണ്ടാകുന്ന പ്രതികരണങ്ങളും സമരങ്ങളും. ആളുകള്‍ അത് വേഗം മറക്കും. വീണ്ടും ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ നിരന്തരം സംഭവിച്ചുകൊണ്ടേയിരിക്കും. അതിനിടക്ക് ആരുടേയും ശ്രദ്ധയില്‍ പെടാത്ത താഴെ പറയുന്നതുപോലുള്ള കാര്യങ്ങളും സംഭവിക്കും.

വിദേശികളുടെ സമ്മര്‍ദ്ദങ്ങളെ ഇന്‍ഡ്യക്ക് അതിജീവിക്കാനാകുമോ
ബ്രായി നിയമം ഇന്‍ഡ്യയിലെ മൊണ്‍സാന്റോ പ്രോത്സാഹന നിയമം
ഇന്‍ഡ്യ ജിഎം വിളകളുടെ പാടത്തെ പരീക്ഷണ കൃഷിക്ക് ഇളവ് നല്‍കുന്നു

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യം ചെയ്തത് പ്രതിരോധ രംഗത്തെ വിദേശ നിക്ഷേപം 25% ല്‍ നിന്ന് 49% ആയി ഉയര്‍ത്തി. അത് 70% വരെയാക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു. ആര്‍ക്കാണ് ഇതിന്റെ ലാഭം? എന്നാല്‍ ഇത്തരം രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് വലിയ പ്രാധാന്യം മാധ്യമങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്നില്ല.

വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കടന്ന് കയറ്റമാണ് നമ്മേ ഇപ്പോഴെങ്കിലും പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ ഇത് വെറും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല. ശതാബ്ദങ്ങളായി നാം അനുസരിക്കുന്ന തകര്‍ന്ന യന്ത്രം നിലനില്‍ക്കാനായി നടത്തുന്ന ശ്രമമാണ് എന്ന് തിരിച്ചറിയുക.

ഫാസിസ മരത്തിന്റെ വിഷപുഷ്പങ്ങള്‍ പറിച്ച് കളയുകയല്ല നാം ചെയ്യേണ്ടത്, അതിന്റെ വേര് മുറിക്കുകയാണ് ചെയ്യേണ്ടത്. അതിനുള്ള വഴി അറിവിന്റെ വഴിയാണ്.

  • ഫാസിസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ എപ്പോഴും മുന്‍നിരയിലേക്ക് കൊണ്ടുവരിക.
  • തമാശയും വിനോദവും ആര്‍ഭാടവും മറയാക്കി സത്യത്തെ മറച്ച് വെക്കുന്ന മാധ്യമങ്ങളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരിക
  • മുതലാളിത്തത്തിന്റെ ചരിത്രവും സാമ്പത്തികവും ജനങ്ങളെ പഠിപ്പിക്കുക. ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടിവേണം അത് ചെയ്യാന്‍.
  • ഒപ്പം ജനത്തിന് ചേരാന്‍ കഴിയുന്ന ഒരിടവും നല്‍കുക.
  • എപ്പോഴും മതേതരമായി, വിഭാഗീയതക്കതീതമായി, വ്യക്തികളെ അതേപോലെ സ്വീകരിക്കാന്‍(take is as it is) പരിശീലിക്കുക.
  • ശൂന്യതയില്‍ ആര്‍ക്കും നിലനില്‍ക്കാന്‍ പറ്റില്ല എന്നുകൂടി ഓര്‍ക്കുക.

ഫാസിസത്തിനെതിരെ പ്രവര്‍ത്തിച്ചില്ലെങ്കിലും അതിന്റെ ചട്ടുകമാകാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

11 thoughts on “ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍

  1. നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു എന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുന്നു.

    ബീഫ് നിരോധനവും സ്ത്രീകളുടെ രാത്രിയാത്രാ നിരോധനവും ചുംബനനിരോധനവുമെല്ലാം ഫാസിസത്തിന്റെ ആയുധങ്ങളാവുമ്പോൾ അവയെ എതിർക്കുക തന്നെ വേണം. അത് തീവ്രമാവുകയും അതിൽ മാത്രം ശ്രദ്ധയൂന്നുകയും ചെയ്യുമ്പോൾ ഫാസിസത്തിന്റെ മറ്റ് ആയുധങ്ങളെ കുറിച്ച് മറന്നു പോവുന്നതാണ് പ്രശ്നം. ഫാസിസത്തെ കൃത്യമായി പഠിക്കുകയും സകലപ്രതിരോധമാർഗ്ഗങ്ങൾക്കും സന്നദ്ധരാവുകയുമാണ് വേണ്ടത്. അത് വ്യക്തിക്കു പുറത്തുമാത്രമല്ല, അകത്തും സംഭവിക്കുകയും വേണം. സാങ്കേതികവിദ്യകൾക്കു നേരെ മുഖം തിരിഞ്ഞിരുന്നുകൊണ്ട് അത് സാധ്യമാവില്ല. അതുകൊണ്ടു തന്നെ ഇന്റ്ർനെറ്റിനെ സ്പ്ലിന്റർനെറ്റായി ഫാസിസം ഉപയോഗപ്പെടുത്തുമ്പോൾ അതിനെ തിരിച്ചറിയാനും ‘യൂണിറ്റിനെറ്റാ’യി മാറ്റാനുള്ള ശ്രമങ്ങളും വേണം.

  2. //ഫാസിസ്റ്റ് സര്‍ക്കാരിന്റെ രാഷ്ട്രീയ, സാമ്പത്തിക നയങ്ങള്‍ എപ്പോഴും മുന്‍നിരയിലേക്ക് കൊണ്ടുവരിക.
    തമാശയും വിനോദവും ആര്‍ഭാടവും മറയാക്കി സത്യത്തെ മറച്ച് വെക്കുന്ന മാധ്യമങ്ങളുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരിക
    മുതലാളിത്തത്തിന്റെ ചരിത്രവും സാമ്പത്തികവും ജനങ്ങളെ പഠിപ്പിക്കുക. ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും കൂടിവേണം അത് ചെയ്യാന്‍.
    ഒപ്പം ജനത്തിന് ചേരാന്‍ കഴിയുന്ന ഒരിടവും നല്‍കുക.
    എപ്പോഴും മതേതരമായി, വിഭാഗീയതക്കതീതമായി, വ്യക്തികളെ അതേപോലെ സ്വീകരിക്കാന്‍(take is as it is) പരിശീലിക്കുക.
    ശൂന്യതയില്‍ ആര്‍ക്കും നിലനില്‍ക്കാന്‍ പറ്റില്ല എന്നുകൂടി ഓര്‍ക്കുക.//

    യാതൊരു പ്രയോഗ സാദ്ധ്യതയുമില്ലാത്ത സ്വപ്നങ്ങള്‍.
    ചുംബനസമരം, ബീഫ് ഫെസ്റ്റിവല്‍, പുരസ്കാരതിരസ്കരണം തുടങ്ങി ജനങ്ങള്‍ക്ക് പങ്കെടുക്കാവുന്ന പ്രായോഗികമായ ഒരു പിടി സമരരൂപങ്ങളെ അധിക്ഷേപിച്ചുകൊണ്ട് ഫാസിസത്തിന് കുടപിടിക്കുന്ന കൂറിപ്പ് 😦

    1. തലവേദന വന്നാല്‍ പാരസിറ്റാമോള്‍ കഴിച്ചാല്‍ മതി. പക്ഷേ തലവേദനക്ക് അടിസ്ഥാനപരമായ മറ്റെന്തെങ്കിലും കാരണമുണ്ടാകുമോ?

      രണ്ട് കാര്യങ്ങളാണ് നിങ്ങള്‍ നോക്കേണ്ടത്.
      ൧. സമരം ഫലപ്രദമായോ? അതായത് ഫാസിസത്തിന്റെ ശക്തികുറഞ്ഞോ എന്ന് നോക്കുക.
      ൨. ഇല്ലെങ്കില്‍ സമരത്തിന്റെ കുന്തമുന ശരിയായ പ്രശ്നത്തെയാണോ നേരിടുന്നത് എന്ന് പരിശോധിക്കുക. തെറ്റുണ്ടെങ്കില്‍ തിരുത്തി മുന്നേറുക.

      അല്ലാതെ കെട്ടിപ്പിടിക്കുന്നതിന്റെ ഫോട്ടോയെടുത്ത് പൊങ്ങച്ചനെറ്റ്‌വര്‍ക്കില്‍ കൊടുത്ത്, 50000 ലൈക്ക് കിട്ടി എന്ന് പറഞ്ഞ് സമരം വിജയിച്ചെന്ന് കരുതി ഉറങ്ങരുത്. ഇരട്ടി നാശമാണ് അതുണ്ടാക്കുന്നത്.

  3. ലേഖനം ഗംഭീരം. ആശയം പ്രൗഢം. ചുംബനസമരക്കാരന്റെ രാഷ്ട്രീയവും ജീവിതവും മറനീക്കി പുറത്തുവരുന്ന ഈ കാലഘട്ടത്തില്‍ താങ്കള്‍ പറയുന്ന വീക്ഷണങ്ങള്‍ പ്രസക്തവുമാണെന്നു സമ്മതിക്കുന്നു. പക്ഷേ ഫ്യൂഡലിസത്തിന്റ പിടിയില്‍ നിന്ന് ഇതുവരെ മോചനം നേടാത്ത, ജനാധിപത്യമെന്ന ആശയത്തിന്റെ ഒരംശം പോലും പിടികിട്ടാത്ത ഈ ജനതയോടാണോ ഫാസിസത്തിന്റെ പൊരുള്‍ മനസ്സിലാക്കി അതിനെതിരെ ജാഗ്രത പാലിക്കുവാന്‍ ആഹ്വാനം ചെയ്യുന്നത്?

    1. വളരെ നന്ദി സുഹൃത്തേ.

      ബ്രിട്ടണില്‍ മുതലാളിത്തം വളര്‍ന്ന് അതിന്റെ പരിധിയില്‍ എത്തിയപ്പോള്‍ അതിന് വികസിക്കാനായി ഭൂമി മൊത്തമുണ്ടായിരുന്നു. പക്ഷേ ഇന്ന് ഓരോ ചെറു നഗരവും ഓരോ ബ്രിട്ടണാണ്. സമ്പദ്‌വ്യവസ്ഥകളൊക്കെ മതിലുകളില്ലാതെയാക്കി ഒന്നായി. ഓരോ ചെറു ചലനവും ലോകം മൊത്തം സാമ്പത്തിക സുനാമികളായി മാറുന്നു. പ്രകൃതി വരെ സാമ്പത്തിക വളര്‍ച്ചക്ക് പരിധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാലാവസ്ഥാ മാറ്റം അതിന്റെ തുടക്കമാണ്.

      ഈ സങ്കീര്‍ണ്ണമായ അവസ്ഥയില്‍ നാം പാഠപുസ്തകങ്ങളില്‍ പഠിച്ച ഫ്യൂഡലിസം തകര്‍ന്ന്, മുതലാളിത്തവും, മുതലാളിത്തം തകര്‍ന്ന് കമ്യൂണിസവും വരും എന്ന വിശ്വാസം പരിഹാസ്യമാണ്. ഇപ്പോള്‍ തന്നെ അമേരിക്കയിലെ സാമ്പത്തിക അസമത്വം റോമാ സാമ്രാജ്യത്തിലേതിന് തുലമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിന്റെ കണക്ക് ഈ ബ്ലോഗിലെവിടെയോ ഉണ്ട്. (3500 ല്‍ അധികം പോസ്റ്റുകളില്‍ നിന്ന് വിവരം തെരഞ്ഞെടുക്കുക എനിക്ക് ഇപ്പോള്‍ വിഷമമായിത്തുടങ്ങി!) എന്ത് തരം വ്യവസ്ഥയാണ് അമേരിക്കയിലെന്ന് നമുക്ക് പറയാനാവുമോ? സാമ്പത്തിക രംഗം മാത്രമല്ല. സാമൂഹ്യ, സാംസ്കാരിക, ക്രമസമാധാന, വിദ്യാഭ്യാസം, സൈനികം, നയതന്ത്രം തുടങ്ങി എല്ലാ മേഖലകളും പരിശോധിച്ച് നോക്കൂ. റോമില്‍ നിന്ന് ഒട്ടും വ്യത്യസ്ഥമല്ല അത്.

      ഫ്യൂഡലിസം ഞങ്ങ തകര്‍ത്തിട്ടില്ല, ലേശം ക്ഷമിക്കൂ അതിനേ ശേഷം മതി വേറൊരു മാറ്റം എന്ന് പറയാനുള്ള സാവകാശമൊന്നും നമുക്കിനി കിട്ടില്ല. ലോകം മൊത്തം വലിയൊരു മാറ്റത്തിലേക്കാണ് പോകുന്നത്. അത് ഇരുണ്ട യുഗത്തിലേക്കാണോ അതോ പ്രഭാതത്തിലേക്കാണോ എന്നത് ജനം എങ്ങനെ ഇടപെടും എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അങ്ങനെയുള്ള കാലത്ത് ജനത്തെ ഇരുട്ടില്‍ നിര്‍ത്തുന്ന ‘സമരം’ എന്ന ഈ ആഭാസങ്ങള്‍ എന്ത് ഫലം ചെയ്യുമെന്ന് വ്യക്തമല്ലേ?

  4. സെക്രട്ടറിയേറ്റിന് മുമ്പില്‍ വന്ന് “പന്തളം രാജാവ്” ഇര വാദം അവതരിപ്പിച്ച് മൈക്ക് വെച്ച് പറയുന്നു, “എന്റെ മകനെ സംരക്ഷിക്കാനായില്ലെങ്കില്‍ പിന്നെ ഞാന്‍ രാജാവെന്ന് പറഞ്ഞിരിക്കുന്നതെന്തിനാണ്?” ( Oct 12, 2018)
    ഈ അവസ്ഥയിലേക്ക് നമ്മുടെ നാടിനെ കൊണ്ടുചെന്നെച്ചിതിന് ഫാസിസത്തിന്റെ ചട്ടുകമായവരുടെ നിരുത്തരവാദത്തിന്റേയും വിവരക്കേടിന്റേയും ദശാബ്ദങ്ങളുടെ ചരിത്രമുണ്ട്.

  5. തങ്ങള്‍ ഫാസിസ്റ്റ് വിരുദ്ധനാണെന്ന് നമ്മുടെ പൊതു സ്ഥലത്ത് വിളിച്ച് പറയുന്നവരെല്ലാം സത്യത്തില്‍ ഫാസിസത്തിന്റെ ചട്ടുകങ്ങളാണ്.

  6. ന്യൂനപക്ഷ ഫാസിസത്തെ കുറിച്ച് (കേരളത്തിൽ)വിശദീകരിക്കുന്നത് അല്പം കുറഞ്ഞു പോയി. അതും കാണാതെ പോകരുത്
    വർഗീയതയും ചിന്താധാരയിലെ കണ്ണികൾ ആണ്. സംഘടിതമായ മത പ്രവർത്തനം മതേതര അന്തരീക്ഷത്തിൽ ഉയർത്തുന്ന അസ്വസ്ഥത കാണാതെ പോകരുത്.

    1. https://neritam.com/2018/11/21/what-is-fascism/
      എന്ന ലേഖനം വായിക്കു.
      ഫാസിസത്തിന് മതം എന്നത് ഒരു ഘടകമേ അല്ല. ഇറ്റലിയില്‍ മതത്തെ അല്ല ഉപയോഗിച്ചത്. സഹോദരന്‍ അയ്യപ്പന്റെ മാസികയുടെ മുഖചിത്രമായി മുസോളിനിയെന്ന നിരീശ്വരവാദിയുടെ ചിത്രം കൊടുത്തതും ഓര്‍ക്കുക. ഏതാണ് വിജയിക്കുന്നത് അതിനെ ഫാസിസ്റ്റുകള്‍ ഉപയോഗിക്കുന്നു.

  7. ന്യൂനപക്ഷ ഫാസിസത്തെ കുറിച്ച് (കേരളത്തിൽ)വിശദീകരിക്കുന്നത് അല്പം കുറഞ്ഞു പോയി. അതും കാണാതെ പോകരുത്.
    വർഗീയതയും ഫാസിസ്റ്റ്ചിന്താധാരയിലെ കണ്ണികൾ ആണ്. സംഘടിതമായ മത പ്രവർത്തനം മതേതര അന്തരീക്ഷത്തിൽ ഉയർത്തുന്ന അസ്വസ്ഥത കാണാതെ പോകരുത്.

    1. നൂനപക്ഷം പ്രതികരിക്കുമ്പോൾ ആണ് പ്രശ്നം. ഭൂരിപക്ഷത്തിന്റെ തല്ലുകൊണ്ട് മിണ്ടാതിരുന്നാൽ ഒരു പ്രശനവുമില്ല….

ഒരു അഭിപ്രായം ഇടൂ