ടിപ്പു സുല്‍ത്താന് ജനീവാ കരാര്‍ പാലിച്ചുകൊണ്ട് യുദ്ധം ചെയ്യാനാവുമോ?

തമ്മില്‍ തല്ലാന്‍ നമുക്ക് ഒരു സംഭവം കൂടി എത്തിയിരിക്കുകണ്. ടിപ്പു സുല്‍ത്താന്‍. അദ്ദേഹം മഹാനായ ദേശസ്നേഹിയാണെന്ന് ആരാധകര്‍ പറയുമ്പോള്‍ എതിര്‍ക്കുന്നവര്‍ പറയുന്നത് ദുഷ്ടനായ കൂട്ടക്കൊലയാളിയാണെന്ന്. അനേകം ഹിന്ദുക്കളെ കൊന്നൊടുക്കി. ക്ഷേത്രങ്ങളും ക്രിസ്തീയ പള്ളികളും ഇടിച്ചു നിരത്തി അങ്ങനെ ധാരാളം കുറ്റങ്ങള്‍.

രാഷ്ട്രീയ ലക്ഷ്യത്തോടെ ചരിത്രത്തില്‍ നിന്ന് നമുക്കനുകൂലമായ വിവരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് പഠിക്കുന്നതോ കേള്‍ക്കുന്നതോ കൊണ്ടാണ്ടാണ് ഈ പ്രശ്നമുണ്ടാകുന്നത്. നമ്മുടെ ഗൂഢ ലക്ഷ്യം മാറ്റിവെച്ച് എങ്ങനെ ചരിത്രം പഠിക്കണമെന്ന് മുമ്പ് എഴുതിയിരുന്നല്ലോ.

ഇവിടെ വേറൊരു കാര്യമാണ് പറയാനുദ്ദേശിക്കുന്നത്. മുസ്ലീം രാജാക്കന്‍മാര്‍ ഇവിടെ വന്ന് ധാരാളം ഹിന്ദുക്കളെ കൊന്നൊടുക്കി എന്നത് നാം സ്ഥിരം കേള്‍ക്കുന്ന ഒന്നാണ്. അതുപോലെ ടിപ്പു സുല്‍ത്താനും അയല്‍ രാജ്യങ്ങളെ ആക്രമിച്ച് അമ്പലം തകര്‍ത്ത് ഹിന്ദുക്കളെ കൊന്നൊടുക്കി.

ഇതില്‍ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ നമുക്ക് 400 ല്‍ അധികം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് ഇവര്‍ എല്ലാം തമ്മില്‍ തമ്മില്‍ എപ്പോഴും യുദ്ധങ്ങള്‍ ചെയ്യാറുമുണ്ട്. അതില്‍ ധാരാളം ആളുകള്‍ മരിക്കാറുമുണ്ട്. പട്ടാളക്കാര്‍ മൃഗീയത കാണിക്കാറുമുണ്ട്. പക്ഷേ കാര്യങ്ങള്‍ വിവാദമാകുന്നത് ഒരു അന്യമത രാജാവ് കൊല നടത്തുമ്പോള്‍ മാത്രമല്ലേ?

പക്ഷേ ഈ അമ്പലവും പള്ളിയുമൊക്കെ നശിപ്പിക്കുന്നതെന്തിനാ? രസം എന്തെന്ന് വെച്ചാല്‍ ഹിന്ദുരാജാവ് വേറൊരു ഹിന്ദു രാജാവിനെ ആക്രമിച്ചാലും വിജയിക്കുന്ന രാജാവ് പരാജയപ്പെട്ട രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുകയും, അമ്പലങ്ങള്‍ തകര്‍ക്കുകയും, സ്ത്രീകളേയും കുട്ടികളേയും കൊന്നൊടുക്കുകയുമൊക്കെ ചെയ്യും. RSSകാര്‍ പൂജിക്കുന്ന മറാത്തരാജ്യം ആദി ശങ്കരന്‍ സ്ഥാപിച്ച ശൃംഗേരിയിലെ അമ്പലം 1791 ല്‍ ആക്രമിക്കുകയും ആളുകളെ, അതായത് ഹിന്ദുക്കളെ, കൊന്നൊടുക്കുകയും സമ്പത്ത് കൊള്ളയടിച്ചുകൊണ്ട് പോകുകയും ചെയ്തു. അങ്ങനെ എത്രയേറെ സംഭവങ്ങള്‍.

സമ്പത്ത് കൊള്ളയടിക്കുകയോ ഒരു ഉടമ്പടിയുണ്ടാക്കി കപ്പം വാങ്ങുന്നതും മനസിലാക്കാം. മറ്റുള്ള കാര്യങ്ങള്‍ക്കും കാരണങ്ങളുണ്ട്. നോക്കൂ, നമ്മുടെ ഈ 21 ആം നൂറ്റാണ്ടില്‍ പോലും ആളുകളിലെ ദൈവവിശ്വാസത്തിന്റേയും അന്ധവിശ്വാസങ്ങളുടേയും ശക്തി എത്രമാണ് വര്‍ദ്ധിക്കുന്നത്. അപ്പോള്‍ രാജഭരണം നടന്നിരുന്ന പ്രാകൃത കാലത്ത് ആളുകള്‍ എത്രമാത്രം അന്ധവിശ്വാസികളായിരിക്കണം. തീര്‍ച്ചയായും വളരേറെ അന്ധവിശ്വാസികളായിരുന്നു.

ഓരോ രാജ്യത്തിനും രാജാവിനുമൊക്കെ തന്റെ ഇഷ്ട ദൈവവമോ, കുല ദൈവമോ ഒക്കെയുണ്ട്. ആ ദൈവമാണ് അവര്‍ക്ക് എല്ലാ സൌഭാഗ്യവും നല്‍കുന്നതും രാജ്യത്തെ സംരക്ഷിക്കുന്നതുമൊക്കെ എന്ന് കരുതി പോന്നു. രാജ്യത്തെ പരാജയപ്പെടുത്തി സമ്പത്ത് കൊള്ളയടിച്ചാല്‍ മാത്രം പോരാ വിജയിയെ സംബന്ധിച്ചടത്തോളം വിജയം പൂര്‍ണ്ണമാകാന്‍. പരാജയപ്പെടുത്തിയ രാജ്യത്തിന്റെ കുലദൈവങ്ങളേയും ഇല്ലാതാക്കണം. ദൈവമിരിക്കുന്നത് അമ്പലത്തിലാണ്. (തത്വചിന്ത കണ്ണാടി വരെ എത്തിയിരുന്നില്ല അക്കാലത്ത്.) അതുകൊണ്ട് അമ്പലവും തകര്‍ക്കേണ്ടത് വിജയിച്ച രാജാവിന്റെ കടമയാണ്. അതുകൊണ്ട് ശത്രു രാജ്യത്തിന്റെ ദൈവത്തിന്റെ ശക്തി ഇല്ലാതാകുകയും ചെയ്യും. പിടിക്കപ്പെടുന്ന സ്ത്രീകളേയും കുട്ടികളേയും വിജയിച്ചവര്‍ കൊന്നൊടുക്കും. കാരണം കുട്ടികള്‍ വളര്‍ന്ന് പിന്നീട് പ്രതികാരം ചെയ്യാന്‍ വരുത്.

കഴക്കൂട്ടത്ത് കവലയുടെ പടിഞ്ഞാറ് ഭാഗത്ത് ഒരു വലിയ കുളമുണ്ട്. അമ്പലക്കുളമെന്ന് തോന്നുമെങ്കിലും അത് അങ്ങനെയല്ല. എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ കഴക്കൂട്ടത്ത് പിള്ളയുടെ കൊട്ടാരം നിന്ന സ്ഥലമാണ് അത്. മാര്‍ത്താണ്ഡ വര്‍മ്മ അധികാരം പിടിച്ചെടുത്ത ശേഷം എട്ടുവീട്ടില്‍ പിള്ളമാരെ എല്ലാം കൊല്ലുകയും അവരുടെ സ്ത്രീകളെ അന്യജാതിക്കാര്‍ക്ക് കൊടുക്കുകയും കൊട്ടാരം കുളംന്തോണ്ടുകയും ചെയ്തു. ആ കുളമാണ് അവിടെ കാണുന്ന വലിയ കുളം. അതിന്റെ വശത്തുകൂടിയുള്ള റോഡിന് ഇപ്പോഴും പേര് പാലസ് റോഡ് എന്നാണ്.

ഒരു രാജാവ് ശക്തനാണെങ്കില്‍ അയല്‍ രാജ്യത്തെ ആക്രമിക്കുമ്പോള്‍ മിക്കപ്പോഴും കൊള്ളയടിക്കണം എന്ന താല്‍പ്പര്യം കാണില്ല. പകരം രാജ്യത്തെ തന്റെ രാജ്യത്തോട് ചേര്‍ത്ത് ആ രാജ്യത്തെ കൂടി സമ്പത്തിന്റെ അധിപനായി അവിടുത്തെ ജനത്തിന്റെ അദ്ധ്വാന ശക്തിയെ ചൂഷണം ചെയ്യുക എന്നതാവും കൂടുതല്‍ താല്‍പ്പര്യം. കൊലപാതകങ്ങളും മറ്റ് കലാപരിപാടികള്‍ക്കും കുറവുണ്ടാവില്ല. എന്നാല്‍ ദൂരെ നിന്ന് വരുന്ന ഒരു രാജാവിനും താരതമ്യേനെ തുല്യനായ രാജാവിനും അത് അത്ര പ്രായോഗികമാല്ല. അതുകൊണ്ട് അവര്‍ കിട്ടുന്നത്ര മുതല്‍ കൊള്ളയടിച്ചുകൊണ്ട് പോകും. മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്ന് വന്ന രാജാക്കന്‍മാര്‍ കൊള്ളയിക്കാന്‍ കാരണം അതാണ്.

ഉദാഹരണത്തിന് മുഗളന്‍മാര്‍ വ്യത്യസ്ഥരായിരുന്നു. അവര്‍ ഇവിടെ നിന്നു. അതാണ് അവരുടെ സ്വഭാവത്തിന്റെ വ്യത്യാസം. അതില്‍ അക്ബറിന്റെ കാലമായിരുന്നു ഏറ്റവും സുന്ദരം. അദ്ദേഹം എല്ലാ മതചിന്തകളേയും യോജിപ്പിച്ചുകൊണ്ട് സ്വന്തമായി ഒരു മതം പോലും സ്ഥാപിക്കുകയുണ്ടായി. ഇന്‍ഡ്യയിലെ മുസ്ലീം രാജാക്കന്‍മാരും പരസ്പരം യുദ്ധം ചെയ്തിട്ടുണ്ട്. അതുപോലെ പുറത്തുനിന്നുള്ള മുസ്ലീം രാജാക്കന്‍മാര്‍ ഇന്‍ഡ്യയിലെ മുസ്ലീം രാജാക്ക്ന്‍മാരെ ആക്രമിച്ച് കീഴ്പെടുത്തിയിട്ടുണ്ട്. നേരിട്ടുള്ള കൊള്ളയുടേയും കൊലയുടേയും കാലമായിരുന്നു അത്. (ഇപ്പോള്‍ രാജാക്കന്‍മാര്‍ മറ്റുള്ളവരെ ഉപയോഗിച്ച് കൊല നടത്തിക്കൊണ്ട്, തങ്ങള്‍ക്കൊന്നുമറിയില്ല എന്ന് കൈമലര്‍ത്തുന്നു എന്ന വ്യത്യാസം മാത്രം)

പക്ഷേ സാധാരണ ജനത്തെ സംബന്ധിച്ചടത്തോളം രാജാവ് ആരെന്നുള്ളത് അവര്‍ക്ക് പ്രസക്തമായ കാര്യമായിരുന്നില്ല. കോരന് കുമ്പിള്‍ കഞ്ഞി തന്നെ എന്ന പോലെ കഴിഞ്ഞു. (എന്തിന് ഈ ജനാധിപത്യ കാലത്തും ഭൂരിപക്ഷം ഗ്രാമീണരും ഡല്‍ഹിയില്‍ സ്വാധീനമുള്ളവരോ ഡല്‍ഹിയുടെ സ്വാധീനമുള്ളവരോ അല്ല. ഇന്‍ഡ്യയില്‍ ജനാധിപത്യം ഹൈവേകളുടെ ഇരുവശം മാത്രമാണ്.
ഉള്ളിലേക്ക് പോയാല്‍ 17 ആം നൂറ്റാണ്ടിലെ ജന്‍മിത്വമാണ് ഇപ്പോഴും എന്ന് ആരോ പറഞ്ഞിരുന്നു.) രാജാക്കന്‍മാര്‍ മാറി മാറി വരും ജനം അവരുടെ പണി ചെയ്ത് മുന്നോട്ട് പോയി. ഔറംഗസീബിന്റെ കാലത്താണ് കുറച്ച് വ്യത്യാസം വന്നത്. (RSS കാരുടെ ചരിത്രം അവിടെ നിന്നേ തുടങ്ങൂ) എന്നിരുന്നാലും ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത ഝാന്‍സി റാണി ഉള്‍പ്പെടെയുള്ള ഹിന്ദുക്കള്‍, ഇത് ഹിന്ദു രാജ്യമാണ് ഹിന്ദു രാജാവാണ് ഇവിടം ഭരിക്കേണ്ടത് എന്ന് പറഞ്ഞില്ല. പകരം ആ ദേശാഭിമാനികള്‍ ബ്രിട്ടീഷുകാര്‍ തടവിലിട്ടിരുന്ന അവസാനത്തെ മുഗള്‍ രാജാവായ ബഹദൂര്‍ഷായെ മോചിപ്പിച്ച് ഡല്‍ഹിയുടെ കിരീടം അണിയിച്ചു. പിന്നീട് ഇന്‍ഡ്യ ഹിന്ദുരാജ്യമായത് ബ്രിട്ടീഷുകാരുടെ ആശിര്‍വാദത്തോടെ സ്വാതന്ത്ര്യസമരത്തെ പൊളിക്കാനായി ഭിന്നിപ്പിക്കു ഭരിക്കുക എന്ന തന്ത്രം മെനഞ്ഞതോടുകൂടിയാണ്. (ഇക്കാലത്തും സാമ്രാജ്യത്വ ശക്തികള്‍ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന നയം തുടര്‍ന്നു പോകുന്നു. യൂഗോസ്ലേവിയയെ 7 രാജ്യമായാണ് അവര്‍ വിഭജിച്ചത്. ഇറാഖിനെ സുന്നി, ഷിയ, കുര്‍ദ് എന്ന് മൂന്നായി വിഭജിച്ചുകൊണ്ടിരിക്കുന്നു.)

രാജ്യങ്ങള്‍ ജനാധിപത്യപരമായതോടെ കാര്യങ്ങള്‍ക്ക് ഇത്തിരി മാറ്റങ്ങള്‍ വന്നു. എന്നാല്‍ രണ്ടാം ലോക മഹാ യുദ്ധത്തിന്റെ കൊടിയ പീഡനം കണ്ട് യുദ്ധത്തിന് ശേഷം രൂപീകൃതമായ അന്താരാഷ്ട്ര സംഘങ്ങള്‍ യുദ്ധത്തിന് കുറച്ച് നിയമങ്ങള്‍ കൊണ്ടുവന്നു. അതാണ് ജനീവ കരാര്‍(Geneva Conventions).

ടിപ്പു സുല്‍ത്താന് ജനീവ കരാറനുസരിച്ച് യുദ്ധം ചെയ്യാനാവില്ല. കാരണം അദ്ദേഹം വേറൊരു കാലത്ത് ജീവിച്ചിരുന്ന ആളാണ്. മുമ്പൊരിക്കല്‍ പഴശി രാജയുടെ സ്വാതന്ത്ര്യ സമരം എന്ന ലേഖനത്തില്‍ പറഞ്ഞത് പോലെ അതത് കാലത്തെ രീതിക്കനുസരിച്ചേ ആര്‍ക്കും ആ കാലത്തില്‍ ജീവിക്കാനാവൂ. 21 ആം നൂറ്റാണ്ടിന്റെ ധാര്‍മ്മികതയും, പൌരബോധവും, സംസ്കാരവും വെച്ച് 18 ആം നൂറ്റാണ്ടിലെ വ്യക്തികളെ അളക്കുന്നത് പിന്നോക്കക്കാരുടെ പരിസര മലിനീകരണം പോലെ അസംബന്ധമാണ്.

ഓടോ: എല്ലാ രാജ്യങ്ങളുടെ പ്രസിഡന്റ് മാരുടെ വിമാനം ജനീവ കരാറിന്റെ സംരക്ഷത്തിലുള്ളതാണ്. ആ ജനീവാ കരാറിന്റെ നഗ്നമായ ലംഘനം ‘ജനീവയില്‍’ വെച്ച തന്നെ നടന്നതിനെക്കുറിച്ച് അസാഞ്ജ് ഈ വീഡിയോയിലൂടെ പറയുന്നത് കാണൂ(കിടിലന്‍ രഹസ്യ കണക്കുകൂട്ടല്‍, 2 + 2 = 22 32 മിനിട്ടിന് ശേഷം). അതിനേക്കാള്‍ ഭീകരമായ എത്രയധികം ലംഘനങ്ങള്‍. ഇന്ന് ലോകത്ത് 5 രാജ്യങ്ങളില്‍ ജനാധിപത്യം സ്ഥാപിക്കാനായി ജനാധിപത്യറാണി ശ്രമിച്ചതിന്റെ ഫലമായി കടുത്ത അരാജകത്തിലേക്ക് പോയി. സോമാലിയ, ഇറാഖ്, ലിബിയ, യെമന്‍, സിറിയ. നമ്മള്‍ അത് അറിയുന്നുണ്ടോ? പിന്നേ, Aylan Kurdi ന്റെ ചിത്രത്തിന് ഫേസ്‌സ്ബുക്കില്‍ ഞാന്‍ ലൈക്കടിച്ചതല്ലേ. എന്നാല്‍ വെറും ലൈക്കിലും ഷയറിലും തീരില്ല നമ്മുടെ ഉത്തരവാദിത്തം. വര്‍ത്തമാനകാലത്തെ പ്രശ്നങ്ങളെക്കുറിച്ച് അറിയുക പോലും ചെയ്യാതെ ഭൂതകാലത്തെ മരിച്ച മനുഷ്യരുടെ കുറ്റവും കുറവും കണ്ടുപിടിക്കുന്നത് കാലത്തോട് ചെയ്യുന്ന മഹാപാപമാണ്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “ടിപ്പു സുല്‍ത്താന് ജനീവാ കരാര്‍ പാലിച്ചുകൊണ്ട് യുദ്ധം ചെയ്യാനാവുമോ?

    1. വെള്ള പൂശുന്ന കാര്യം പറഞ്ഞപ്പോഴാ ഒരു കാര്യം ഓര്‍ത്തത്.
      ടിപ്പു സുല്‍ത്താന്റെ കൊട്ടാരത്തിനകത്ത് ഒരു അമ്പലമുണ്ടായിരുന്നു. ഇപ്പോഴും അത് അവിടെയുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )