സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

കേരളത്തില്‍ ഇന്ന് സദാചാരഗുണ്ടകളെക്കൊണ്ട് സഹിക്കാന്‍ വയ്യാതായിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവരെയാണ് പൊതുവെ സദാചാരഗുണ്ടകള്‍ എന്ന് വിളിക്കുന്നത്. എവിടെയും അവരുടെ ശല്യമാണ്. റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച ഭര്‍ത്താവിന് മര്‍ദ്ദനമേറ്റു. പാര്‍ക്കില്‍ വിശ്രമിച്ച ദമ്പതികളെ പോലീസ് പിടിച്ചുകൊണ്ടുപോയി. വിവാഹസര്‍ട്ടിഫിക്കേറ്റ് കാണിച്ചാലും നമ്മുടെ നാട്ടില്‍ കാര്യമില്ല എന്ന സ്ഥിതിയാണിപ്പോള്‍. തല്ല് ഉറപ്പാ.

എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു?

സമൂഹത്തില്‍ നടക്കുന്ന ഒന്നും പെട്ടെന്ന് സംഭവിക്കുന്നതോ ഒറ്റപ്പെട്ടതോ ആയ കാര്യമല്ല. എല്ലാറ്റിനും ആഴത്തിലുള്ള പല കാരണങ്ങളുണ്ടാവാം. അതിനെയെല്ലാം ഓരോന്നായി എടുത്ത് വിശദമായി പഠിക്കുകയും പിന്നീട് ഇവയെല്ലാം ഒത്തുചേരുന്ന സിദ്ധാന്തം രൂപീകരിക്കുയും ചെയ്താലേ എന്താണ് യഥാര്‍ത്ഥ കാരണം എന്ന് മനസിലാവൂ.

സദാചാര ഗുണ്ടായിസത്തിന് പല ഘട്ടങ്ങളുണ്ട്

  1. ഒരു സംഭവം നടക്കുന്നു
  2. അത് കാഴ്ചക്കാരനില്‍ ഒരു പ്രതിബിംബമുണ്ടാക്കുന്നു
  3. കാഴ്ചക്കാരന്‍ അതിന്റെ തെറ്റും ശരിയും കണ്ടെത്താന്‍ ശ്രമിക്കുന്നു
  4. കാഴ്ചക്കാരന്‍ പ്രതികരിക്കുന്നു
  5. സമാന പ്രതികരണം മനസിലുണ്ടായ കാഴ്ചക്കാര്‍ ഒത്തുചേരുന്നു
  6. ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുത്ത് നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നു

ഇതാണ് സദാചാര ഗുണ്ടായിസത്തില്‍ സംഭവിക്കുന്നത്. ഇതില്‍ ആദ്യത്തെ മൂന്നെണ്ണത്തില്‍ കുഴപ്പങ്ങളൊന്നുമില്ല. അവസാനത്തെ മൂന്നെണ്ണമാണ് പ്രശ്നമുണ്ടാക്കുന്നത്.

ഉദാരണത്തിന് ഭര്‍ത്താവ് റോഡിന് അപ്പുറം നിന്ന ഭാര്യയോട് മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന സംഭവത്തെ നമുക്ക് പരിഗണിക്കാം. തികച്ചും സ്വാഭാവികമായ ഒരു സംഭവം. എവിടെയും നടക്കാം. ഒരു കാഴ്ചക്കാരന്‍ എങ്ങനെയാണ് അത് ഉള്‍ക്കൊള്ളുന്നത്?

എന്തുകാര്യവും നാം മനസിലാക്കുന്നത് അതിന് മുമ്പ് നാം പഠിച്ച, അറിഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. രണ്ടാം ക്ലാസിലെ പാഠങ്ങള്‍ പഠിക്കാനുള്ള അടിത്തറ നല്‍കുന്നത് ഒന്നാം ക്ലാസിലെ പാഠങ്ങളാണ്. എന്നാല്‍ നമ്മുടെ പഠനം വിദ്യാലയം വിട്ടുകഴിഞ്ഞാല്‍ അവസാനിക്കുന്ന ഒന്നല്ല.

എന്താണ് പഠനം

പൊതുവായ കാഴ്ചപ്പാടില്‍ വിദ്യാലയത്തില്‍ പോയി ഗുരു പഠിപ്പിക്കുന്ന പാഠങ്ങള്‍ പഠിച്ച് പരീക്ഷ എഴുതി ജയിക്കുന്നതാണ് പഠനം. എന്നാല്‍ പഠനം എത്ര സങ്കുചിതമല്ല. നമ്മുടെ തലച്ചോറില്‍ പുതിയ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്ന പ്രവര്‍ത്തനത്തെയാണ് പഠനം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ പറയാം. അതിന് നിങ്ങള്‍ വിദ്യാലയത്തില്‍ പോകേണ്ട കാര്യമില്ല. നിങ്ങള്‍ കാണുകയോ, കേള്‍ക്കുകയോ, മണക്കുകയോ, രുചിക്കുകയോ, സ്പര്‍ശിക്കുകയോ ചെയ്യുമ്പോഴൊക്കെ നിങ്ങള്‍ പഠിക്കുകയാണ്. ഓരോ സെക്കന്റിലും പുതിയ ന്യൂറല്‍ സര്‍ക്യൂട്ടുകള്‍ നിര്‍മ്മിക്കുകയോ ഇപ്പോള്‍ ഉള്ളവക്ക് മാറ്റം വരുകയോ നശിക്കുകയോ ചെയ്യുന്നു. അതുകൊണ്ട് മരണം വരെ സ്വയം അറിയാതെ തന്നെ നാം പഠിച്ചുകൊണ്ടിരിക്കുകയാണ്. (കാണുക – പിയോനോ ഇല്ലാതെ പിയാനോ പഠിക്കുന്നതെങ്ങനെ?).

ഗുണ്ടായിസത്തിന് കാരണമായ സംഭവത്തെ അതിന്റെ കാഴ്ചക്കാരന്‍ മനസിലാക്കുന്നത് അതിന് മുമ്പ് അയാള്‍/അവള്‍ പഠിച്ച പാഠങ്ങളുടെ അടിസ്ഥാനത്തിലാണ്. തീര്‍ച്ചയായും അത് ഒരു വിദ്യാലയത്തില്‍ ഗുരുവില്‍ നിന്ന് പഠിച്ചതാകാന്‍ വഴിയില്ല. ഈ ലോകത്തിലുള്ള എല്ലാവരേയും പഠിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പാഠശാലയായ മാധ്യമങ്ങളാണ് ഈ പാഠങ്ങള്‍ ജനങ്ങളെ പഠിപ്പിക്കുന്നത്. മാധ്യമങ്ങള്‍ എന്നാല്‍ സിനിമ, ടെലിവിഷന്‍, പരസ്യം, ഇന്റര്‍നെറ്റ്, റേഡിയോ, പത്ര മാസികകള്‍, പോസ്റ്ററുകള്‍ തുടങ്ങി ആശയവിനിമയത്തിന് ഉപയോഗിക്കുന്ന എല്ലാ മാധ്യമങ്ങളും ഉള്‍പ്പെടുന്നു. അതില്‍ ഏറ്റവും ശക്തം സിനിമ, ടെലിവിഷന്‍, പരസ്യം എന്നിവയാണ്.

നമ്മുടെ പ്രവര്‍ത്തികള്‍, നാം കാണുന്നതും, കേള്‍ക്കുന്നതും, അറിയുന്നതും ആയ കാര്യങ്ങള്‍, നമ്മുടെ ചിന്തകള്‍ തുടങ്ങി എല്ലാം നമ്മുടെ തലച്ചോറിലെ സര്‍ക്യൂട്ടുകള്‍ റീവയറിങ് ചെയ്യുന്ന സ്വഭാവമുള്ളതാണ്. അങ്ങനെയെങ്കില്‍ സിനിമ, ടെലിവിഷന്‍, പരസ്യം, പത്രം എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ക്ക് നമ്മുടെ തലച്ചോറിലെ പ്രഭാവം എന്താണ് എന്ന് നിങ്ങള്‍ ചോദിച്ചിട്ടുണ്ടോ?

ഇന്ന് സിനിമ, ടെലിവിഷന്‍, പരസ്യം എന്നിവയിലൂടെ പ്രചരിപ്പിക്കുന്ന ആശയങ്ങള്‍ അതീവ മൃഗീയമാണ്. മൂന്നര മണിക്കൂര്‍ തീഷ്ണ നടനം കാഴ്ചവെച്ച് അവസാന രംഗത്തില്‍ നായകന്‍ പറയുന്ന നാല് ഡയലോഗല്ല സിനിമയുടെ ആശയം. തങ്ങളുടെ സിനിമ സ്ത്രീ പീഡനങ്ങള്‍, വര്‍ഗ്ഗീയത, അക്രമം, ആദിവാസിപീഡനം തുടങ്ങിയവക്കെതിരാണ് എന്നൊക്ക് ആളുകള്‍ പറയാറുണ്ട്. മഹാ വിഢിത്തമാണത്. മൂന്നര മണിക്കൂറിലെ ഓരോ സെക്കന്റിലും അവര്‍ പല ആശയങ്ങള്‍ അറിഞ്ഞോ അറിയാതെയോ പ്രേക്ഷകന്റെ മനസിലേക്ക് അടിച്ചേല്‍പ്പിക്കുന്നു. കെട്ടുകഥയുടെ മധുരമുള്ള പുറംതോടിനകത്തായതിനാല്‍ പ്രേക്ഷകന്‍ ചോദ്യമൊന്നും ചോദിക്കാതെ അത് സ്വീകരിക്കും. (കാണുക – മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും).

നാം എന്ത് കാര്യം കാണുമ്പോഴും (ചിന്തിക്കുമ്പോഴും) അതിനോട് തുല്യമായതും സാദൃശ്യമുള്ളതുമായ കാര്യങ്ങളും തലച്ചോറിലേക്ക് ലോഡ് ചെയ്യപ്പെടും. ഇങ്ങനെ ലോഡ് ചെയ്യപ്പെട്ടതിലും അന്നേരം കണ്ടുകൊണ്ടിരിക്കുന്നതിലും ഏറ്റവും ശക്തമായ രംഗമായിരിക്കും തലച്ചോര്‍ അടിസ്ഥാനമായി എടുക്കുന്നത്. അതിനോട് താരതമ്യപ്പെടുത്തി ഇപ്പോഴത്തെ സംഭവത്തെ വിശകനം ചെയ്യും. അബോധമനസാണ് ഇത് ചെയ്യുന്നത്. ബോധമനസിനെ അത് സ്വാധീനിക്കും.

ഒരു സ്ത്രീ മൊബൈല്‍ ഫോണിലൂടെ സംസരിക്കുന്നു. ദൂരെ ഒരു പുരുഷനും ഫോണില്‍ സംസരിക്കുന്നു. പിന്നീട് അവര്‍ അടുത്തെത്തുന്നു. ഹോട്ടലിലേക്കോ, ഓട്ടോയിലേക്കോ കയറാന്‍ പോകുന്നു. ഈ ഒരു രംഗം കാഴ്ചക്കാരനില്‍ എന്തൊക്കെ ചിന്തകളുണ്ടാക്കുമെന്ന് സിനിമയും ടെലിവിഷനും വാര്‍ത്തകളും കാണുന്ന നിങ്ങളോട് ഞാന്‍ പറഞ്ഞറിയിക്കേണ്ട കാര്യമില്ല. ഈ സ്ത്രീയും പുരുഷനും കാഴ്ചക്കാരന്‍ അപരിചരാണ്. അപരിചിതരോട് മിക്കപ്പോഴും ആളുകള്‍ ദയയോടെയാവില്ല പെരുമാറുന്നത്.

അടുത്ത ഘട്ടത്തിലേക്ക് സംഭവം കടക്കുകയാണ്.

കാഴ്ചക്കാരന്‍ മനസില്‍ ഒരു കുറ്റകൃത്യത്തിന്റെ സാക്ഷിയാകുന്നു. അതേ മാധ്യമങ്ങള്‍ അയാളില്‍ നിര്‍മ്മിച്ച സദാചാരം സടകുടഞ്ഞെഴുനേല്‍ക്കുന്നു. ചുറ്റും നോക്കുമ്പോള്‍ സമാന ചിന്താഗതിക്കാര്‍ അതേ മുഖഭാവത്തോടെ നില്‍ക്കുന്നു. എല്ലാവരും ഒത്ത് ചേര്‍ന്ന് നീതി നടപ്പാക്കുന്നു. അതിനും നമുക്ക് സാമൂഹ്യ പാഠമുണ്ട്. നമ്മുടെ സിനിമകഥകളും അല്ലാത്ത കഥകളും നോക്കൂ. അതിലെല്ലാം നല്ലവനായ നായകന്‍ തിന്‍മക്കെതിരെ ഒറ്റക്ക് സമരം ചെയ്യുന്നവനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയക്കാര്‍, വ്യവസായികള്‍ തുടങ്ങി സമൂഹം മുഴുവന്‍ തെറ്റുകാരാണ്. ഈ നായകന്‍ മാത്രമാണ് സത്യസന്ധന്‍. അയാള്‍ നിയമം കൈയ്യിലെടുത്ത് നീതി നടപ്പാക്കുന്നു. ഈ പാഠം അറിയാവുന്ന നമ്മുടെ സദാചാര ഗുണ്ടാസമൂഹം നീതി അപ്പോള്‍ തന്നെ നടപ്പാക്കുന്നു.

ഇതാണ് മിക്കപ്പോഴും സദാചാര ഗുണ്ടായിസത്തില്‍ സംഭവിക്കുന്നത്.

സദാചാര ഗുണ്ട

ആരാണ് സദാചാര ഗുണ്ട എന്ന പേരില്‍ നമ്മുടെ വാര്‍ത്തകളിലെത്തുന്നത്? ഡ്രൈവര്‍മാര്‍, കൂലിപ്പണിക്കാര്‍, ചുമട്ടുതൊഴിലാളികള്‍, അവിദഗ്ദ്ധ തൊഴിലാളികള്‍, വിരമിച്ച ജോലിക്കാര്‍ തുടങ്ങി ഒരുപാട് അലസമായി സമയം ചിലവിഴിക്കുന്നവരാണ്. മിക്കവര്‍ക്കും വിദ്യാഭ്യാസം കുറവ്. സാമ്പത്തികമായി അസ്ഥിരത അനുഭവിക്കുന്നവര്‍. പോഷകമൂല്യമുള്ള ആഹാരം കുറവ് കഴിക്കുന്നവര്‍. എന്നാല്‍ മദ്യം മയക്ക് മരുന്ന മുതലായവ ഉപയോഗിക്കന്നതില്‍ മടികാണിക്കാത്തവര്‍. ഇവരുടെ വിവര സ്രോതസ് കൂടുതലും സിനിമ, ടെലിവിഷന്‍, പരസ്യം മുതലായവയാണ്. വേറൊരു മാര്‍ഗ്ഗത്തിലുള്ള ആശയങ്ങള്‍ അവരിലേക്കെത്തുന്നില്ല. ഒരുവശത്ത് ഈ ദൃശ്യമാധ്യമങ്ങളിലെ പളപളപ്പുള്ള ആര്‍ഭാട ജീവിതം കാണുന്നു മറുവശത്ത് അവര്‍ കടുത്ത സാമ്പത്തിക അസ്ഥിരത അനുഭവിക്കുന്നു. എല്ലാ ജീവികള്‍ക്കും അന്തസ് എന്ന ഒരു കാര്യമുണ്ട്. ഇവര്‍ക്കും അതുണ്ട്. പക്ഷേ അവര്‍ എന്തുകൊണ്ട് മോശക്കാരായി എന്ന ചോദ്യത്തിന് അവര്‍ക്കുത്തരമില്ല. ആ ശൂന്യതയും അമര്‍ഷവും അവരുടെയുള്ളിലുണ്ട്. അവസരം കിട്ടുമ്പോള്‍ അത് പുറത്തുവരും. മിക്കപ്പോഴും അതിന്റെ കയ്പ് അനുഭവിക്കുന്നത് അവരുടെ തന്നെ വീട്ടിലെ സ്ത്രീകളോ കുട്ടികളോ ആയിരിക്കും.

മനുഷ്യന് രണ്ട് തരത്തിലുള്ള ബോധമുണ്ട്. (കാണുക – താങ്കള്‍ക്കെത്ര ബോധമുണ്ട്?). നിങ്ങളുടെ അന്തര്‍ദര്‍ശന ബോധം(cognitive sense) നിങ്ങളുടെ വൈകാരിക ബോധത്തേക്കാള്‍ (emotional sense) ശക്തമാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളെ നിയന്ത്രിക്കാനാവും. പക്ഷേ ഈ ആളുകളുടെ സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ അതിന് അനുവദിക്കുന്നില്ല. അങ്ങനെ അവര്‍ ഗുണ്ടകളായി.

ഇതൊരു സാമൂഹ്യ പ്രശ്നമാണ്. അതുകൊണ്ട് പരിഹാരം സമൂഹ്യമായാവണം കണ്ടെത്തേണ്ടത്. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും എന്ന ലേഖനത്തിന്റെ ഉപസംഹാരമായി അതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ട്.

എന്താണ് ഉത്തരവാദിത്തത്തോടുള്ള പ്രതികരണം

എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ പെരുമാറുന്നു? സത്യത്തില്‍ ഇതാണ് നാം ആദ്യം ചോദിക്കേണ്ട ചോദ്യം. ദശാബ്ദങ്ങളോളം ബൌദ്ധികനിദ്രയിലാണ്ട് അന്നന്നത്തെ ഉപരിപ്ലവമായ പ്രശ്നങ്ങള്‍ക്ക് ഉപരിപ്ലവമായ മറുപടികൊടുത്ത് മുന്നോട്ട് പോകുന്ന കപട പുരോഗമന സമൂഹം ഒരു ദിവസം ഞെട്ടിയുണര്‍ന്ന് കണ്ട ഒരു പ്രശ്നമാണ് സദാചാരഗുണ്ടായിസം. മുതലാളിത്തത്തിന്റെ വ്യക്തിമാഹാത്മ്യവാദവും ഞാന്‍-ഞാന്‍ സംസ്കാരവും അടിത്തറയായുള്ള ഈ പുരോഗമനക്കാര്‍ ഈ പ്രശ്നത്തിന് ഏറ്റവും സ്വാര്‍ത്ഥമായ ഫാസിസ്റ്റ് മനോഭാവത്തോടുള്ള പ്രതികരണമാണ് നടത്തുന്നത്.

നമുക്ക് ജനാധിപത്യ സര്‍ക്കാരുണ്ട്, സര്‍വ്വകലാശാലകളുണ്ട്, ഗവേഷണ സ്ഥാപനങ്ങളുണ്ട്, സന്നദ്ധ സംഘടനകളുണ്ട്, ശാസ്ത്രജ്ഞരുണ്ട്, ഗവേഷകരുണ്ട്, സാമൂഹ്യ പ്രവര്‍ത്തകരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, എഴുത്തുകാരുണ്ട്. ഇവര്‍ക്കെല്ലാം സമൂഹത്തോട് കടപ്പാടില്ലെ? അവര്‍ ഒരു പഠനവും നടത്താതെ വെറുതെ ഒരുകൂട്ടം ജനത്തെ കുറ്റവാളികളെന്ന് മുദ്ര കുത്തുന്നത് ശരിയാണോ? സദാചാര ഗുണ്ടായിസം അനുഭവിക്കുന്നവരും അതോടൊപ്പം ഗുണ്ടകളും സത്യത്തില്‍ വേദന അനുഭവിക്കുന്നു. ഇതിന് സ്ഥിരമായ ഒരു പരിഹാരം കണ്ടെത്താന്‍ ഈ വിദഗ്ദ്ധര്‍ക്ക് കടമയില്ലേ?

തീര്‍ച്ചയായും അവരുടെ കടമയാണെന്നാണ് എന്റെ വിശ്വാസം. ഫാസിസ്റ്റ് രീതിയില്‍ മുദ്രവെച്ച് ആക്രമിക്കുന്ന ആ സ്വഭാവം അവര്‍ ഉപേക്ഷിച്ച് യഥാര്‍ത്ഥ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )