എന്താണ് യുക്തിവാദം

മനുഷ്യന്റെ സ്വാഭാവികമായ ഒരു ചിന്താ രീതിയാണ് യുക്തിചിന്ത. അവനവന്റെ അതത് സമയത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ യുക്തിയുപയോഗിച്ച് കാര്യങ്ങളെ വിശകലനം ചെയ്യുക എന്നതാണ് അത്. ഒരു തരത്തില്‍ നോക്കിയാല്‍ എല്ലാ എല്ലാ ജീവികളും ഇങ്ങനെയാണ് ചിന്തിക്കുന്നത്. എന്നാല്‍ ഓരോരുത്തവരുടേയും അറിവിന്റെ പരിമിതി അനുസരിച്ച് ആ യുക്തിചിന്തയിലൂടെ കണ്ടെത്തുന്ന നിഗമനങ്ങള്‍ ശരിയോ തെറ്റോ ആകാം. യുക്തിചിന്തക്ക് രണ്ട് പ്രധാന ശാഖകളുണ്ട്.

1. ഊഹത്തിലടിസ്ഥാനമായ യുക്തിചിന്ത

മനുഷ്യര്‍ കാര്യങ്ങളെക്കുറിച്ച് ഊഹിച്ചും തര്‍ക്കിച്ചും കണ്ടെത്തുന്ന ഊഹാധിഷ്ഠിത സത്യങ്ങളാണവ. ചില ഊഹങ്ങള്‍ സത്യമാകുകയും ചിലത് വളരെ വിഢിത്തവുമുമാകുമായിരുന്നു. ഊഹാധിഷ്ഠിത യുക്തിചിന്ത എന്ന് നമുക്ക് അതിനെ വിളിക്കാം. ഉദാഹരണത്തിന്, സ്ത്രീകളുടെ പല്ലിന്റെ എണ്ണം പുരുഷന്റേ പല്ലിന്റെ എണ്ണത്തേക്കാള്‍ കുറവായിരിക്കും എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞു. സ്ത്രീകളുടെ താടിയെല്ല് പുരുഷന്റേ താടിയെല്ലിനേക്കാള്‍ ചെറുതാണ്. അതുകൊണ്ട് അവര്‍ക്ക് കുറവ് പല്ലേ ഉണ്ടാകൂ എന്നതാണ് അദ്ദേഹത്തിന്റെ യുക്തി. (ആധുനിക ശാസ്ത്രത്തിന് വലിയ സംഭവനകള്‍ നല്‍കിയ വ്യക്തിയാണ് അരിസ്റ്റോട്ടില്‍ എന്നകാര്യം മറക്കേണ്ട.)

വേറൊരു ഉദാഹരണം നാം കാണുന്ന ഭൂമി പരന്നതാണ് എന്താണ്. ഉപരിതലത്തിലൂടെ എത്ര യാത്ര ചെയ്താലും അത് അനന്തമായി പരന്നു തന്നെ കാണപ്പെടുന്നു. അതില്‍ നിന്ന് നമുക്ക് ഭൂമി അനന്തമായി പരന്ന് കിടക്കുന്നതാണെന്ന നിഗമനത്തിലേക്ക് വേണമെങ്കില്‍ എത്തിച്ചേരാം.

2. പ്രായോഗികതയില്‍ അടിസ്ഥാനമായ യുക്തിചിന്ത

ഏത് കല്ലുകൊണ്ടാണ് ആയുധമുണ്ടാക്കേണ്ടത്? എങ്ങനെ അത് പൊട്ടിക്കണം? വാളുണ്ടാക്കാനുള്ള ഇരുമ്പില്‍ എത്ര കരി ചേര്‍ക്കണം? മുറിവുണ്ടായാല്‍ ഏത് ചെടിയുടെ നീര് ഒഴിക്കണം? തുടങ്ങി മനുഷ്യജീവിതത്തിന്റെ നിലനില്‍പ്പിന് തന്നെ അടിസ്ഥാനമായ കാര്യങ്ങളില്‍ ഊഹിച്ചല്ല, പകരം പരീക്ഷണ, നിരീക്ഷണ, ചോദ്യം ചെയ്യലുകളിലൂടെയാണ് കണ്ടെത്തിയത്. ഇത്തരം വിവരങ്ങള്‍ നാം തലമുറ തലമുറ കൈമാറ്റം ചെയ്യുകയും പുതിയ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത് ഈ പ്രായോഗിക യുക്തിചിന്തയെ വളര്‍ത്തി.

സാങ്കേതികവിദ്യ എന്ന പ്രായോഗികതക്ക് അപ്പുറം, അത് സാദ്ധ്യമാക്കുന്ന അടിസ്ഥാന അറിവിനെ അഥവാ ശാസ്ത്രത്തെ മിക്കപ്പോഴും മനുഷ്യര്‍ അക്കാലത്ത് മനസിലാക്കിയിരുന്നില്ല. നിരീക്ഷണങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക, അതിനെ വിവരങ്ങളായി(ശാസ്ത്രമായിട്ടില്ല അന്ന്) അടുത്ത തലമുറക്ക് കൈമാറുക എന്നതായിരുന്നു അന്നത്തെ ലക്ഷ്യം. അന്ന് അതിന്റെ ആവശ്യമേയുണ്ടായിരുന്നുള്ളു. പിന്നീട് സാങ്കേതികവിദ്യകളും, വിവരങ്ങളും വര്‍ദ്ധിക്കുകയും കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്തു.

മാറ്റമുണ്ടാകുന്ന യുക്തി

യുക്തിചിന്ത ഇങ്ങനെ രണ്ടുതരത്തിലുണ്ടെങ്കിലും അവ പ്രത്യേകം വേര്‍പിരിഞ്ഞ് ആയിരുന്നില്ല നിലനിന്നത്. പ്രായോഗിക യുക്തിചിന്തക്ക് സംഭാവന നല്‍കന്ന സമയത്ത് പോലും ഒരു വ്യക്തിക്ക് ഊഹാധിഷ്ടിത യുക്തിചിന്താ മണ്ടത്തരങ്ങള്‍ കണ്ടെത്തുകയും ചെയ്യാം. ആധുനിക ശാസ്ത്രത്തിന് ധാരാളം സംഭവാനകള്‍ നല്‍കിയ അരിസ്റ്റോട്ടിലും isro യിലെ തേങ്ങ ഉടക്കലുമൊക്കെ ഉദാഹരണം.

അരിസ്റ്റോട്ടിലിന്റെ പല്ലുകളെക്കുറിച്ചുള്ള ഊഹം ചെറിയ ഒരു പരിശോധനയിലൂടെ തന്നെ തെറ്റാണെന്ന് ഏതൊരാള്‍ക്കും തിരിച്ചറിയാവുന്ന കാര്യമാണ്. എന്നാല്‍ ഭൂമി പരന്നതല്ല എന്ന് മനസിലാക്കാന്‍ കുറച്ചുകൂടി തെളിവുകള്‍ വേണ്ടിവരും. പക്ഷേ അത് ആര് പറയുന്നത് എന്നതിനെ അനുസരിച്ചിരിക്കും.

പ്രായോഗിക യുക്തിചിന്തയാല്‍ സമൂഹത്തിന് ധാരാളം സംഭവാനകള്‍ ചെയ്തവരെ സമൂഹം പൂജിക്കും. അത് അവരെ ഉയര്‍ന്ന സ്ഥാനങ്ങളിലേക്കും അധികാരങ്ങളിലേക്കും എത്തിക്കുന്നു. അങ്ങനെയെത്തിക്കഴിഞ്ഞാന്‍ പിന്നീട് അവര്‍ പറയുന്ന യുക്തികളൊന്നും ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. തകര്‍ക്കാന്‍ പാടില്ലാത്ത വിഗ്രഹങ്ങളായി അവര്‍ മാറുന്നു. അവര്‍ കണ്ടെത്തുന്ന ‘ഊഹാധിഷ്ഠിത സത്യങ്ങള്‍’ സമൂഹത്തില്‍ പ്രചരിക്കുകയും പൊതുജനം ചോദ്യങ്ങളൊന്നും ചോദിക്കാതെ സ്വീകരിക്കുകയും ചെയ്തിരുന്നു. മാറ്റങ്ങളില്ലാത്ത അത്തരം ഒരു പാട് ശാസനകള്‍ സമാഹരിച്ച് ഒരു തത്വചിന്തയായി അവതരിപ്പിക്കുന്നതാണ് പില്‍ക്കാലത്ത് മതങ്ങളായി മാറിയത്. ഉദാഹരണത്തിന് സ്ത്രീകളെക്കുറിച്ചുള്ള അരിസ്റ്റോട്ടിന്റെ ഊഹങ്ങളും ചിന്തകളുമാണ് ഇസ്ലാം മതമുള്‍പ്പടെ എല്ലാ പടിഞ്ഞാറന്‍ മതങ്ങളേയും സ്വാധീനിച്ചത്.

ഈ പ്രവര്‍ത്തി ഇക്കാലത്തും നടന്നുവരുന്ന ഒന്നാണ്. ആണവോര്‍ജ്ജത്തിന്റെ പ്രചരണത്തിനായി അബ്ദുള്‍ കലാമിനെ ഉപയോഗിച്ചതും, ആഗോളതപനത്തെ എതിര്‍ക്കാന്‍ മറ്റ് വിഷയങ്ങളിലെ ശാസ്ത്രജ്ഞരെ ഉപയോഗിക്കുന്നതും സാമ്പത്തികശാസ്ത്രത്തിന് ആധികരികതയുണ്ടാക്കാനായി നോബല്‍ സമ്മാനം കൊടുക്കുന്നത് ഒക്കെ ഉദാഹരണങ്ങളാണ്.

ഇതിനോടൊപ്പം തന്നെ പ്രായോഗിക യുക്തിചിന്തയും വളരുന്നുണ്ടായിരുന്നു. അതത് കാലത്തെ സാമൂഹ്യ ആവശ്യം നിറവേറ്റാനായി ആളുകള്‍ പരീക്ഷണ നിരീക്ഷണ അറിവുകളെ മുന്നോട്ട് കൊണ്ടുപോയു. എന്നാല്‍ അതിന് ഊഹാധിഷ്ടിത യുക്തിചിന്തയോളം പ്രാധാന്യമുണ്ടായിരുന്നില്ല. അത് മാത്രമല്ല എന്തെങ്കിലും പരീക്ഷിച്ച് കണ്ടെത്തുക എന്നത് മോശം പ്രവര്‍ത്തിയായാണ് അന്ന് സമൂഹം കരുതിയിരുന്നത്.

രണ്ട് രംഗത്തേയും വളര്‍ച്ച രണ്ട് വിഭാഗങ്ങളെയാണ് ശക്തമാക്കയത്. ഊഹാധിഷ്ടിത യുക്തിചിന്ത മതത്തേയും, പ്രായോഗിക യുക്തിചിന്ത ശാസ്ത്രത്തേയും സാങ്കേതികവിദ്യകളേയും.

ഇതിന് വലിയ ഒരു മാറ്റം വന്നത് 18ആം നൂറ്റാണ്ടിലായിരുന്നു. അതുവരെയുണ്ടായിരുന്ന ഗോത്ര, അടിമത്ത, ജന്മിത്ത വ്യവസ്ഥകള്‍ക്ക് ശേഷം മുതലാളിത്തം എന്ന പുതിയൊരു ഉത്പാദന രീതി നിലവില്‍ വന്നു. ഇതുവരെ പ്രാധാന്യമില്ലാതിരുന്ന പ്രായോഗിക യുക്തിവാദത്തിന് ഒരു ഉണര്‍വ്വുണ്ടായി. കാരണം ലാഭത്തിലടിസ്ഥാനമായ ഉത്പാദന വ്യവസ്ഥയാണ് മുതലാളിത്തം. കൂടുതല്‍ ഉത്പാദനമുണ്ടായാല്‍ കൂടുതല്‍ ലാഭം. ആ ലാഭം കണ്ടുപിടുത്തങ്ങള്‍ക്കൊരു പ്രചോദനമായി മാറി.

ഏത് പ്രായോഗികമായ അറിന്റെ ഉള്ളിലും ഒന്നോ അതിലധികമോ ശാസ്ത്ര തത്വങ്ങള്‍ ഇടങ്ങിയിട്ടുണ്ടാവും. കല്ലുകൊണ്ട് കുത്തിയാല്‍ എന്തുകൊണ്ട് മുറിവേല്‍ക്കുന്നു? അമ്പിന് എന്തുകൊണ്ട് ഇത്രയേറെ വേഗത കിട്ടുന്നു? ക്ലാസിക്കല്‍ ഭൌതികശാസ്ത്രത്തിന്റെ അടിസ്ഥാലാണ് അങ്ങനെ സംഭവിക്കുന്നത്. മുതലാളിത്ത കാലമായപ്പോഴേക്കും ഉണ്ടായ കണ്ടെത്തലുകളിലെ വര്‍ദ്ധനവ് കാരണം അറിവിന്റെ രംഗത്ത് വലിയ specialization നടക്കുകയും, ഓരോ ഓരോ ശാഖകളായി അറിവ് മാറുകയും ചെയ്തു.

ആധുനിക ശാസ്ത്രം അങ്ങനെയാണുണ്ടായത്. മുമ്പുണ്ടായിരുന്ന പല വിശ്വാസങ്ങളും തെറ്റെന്ന് തെളിയിക്കപ്പെട്ടു. പുതിയതായി കണ്ടെത്തിയ കാര്യങ്ങളേയും ശാസ്ത്രം വെറുതെ വിട്ടില്ല. അതും നിരന്തരം തെറ്റോ ശരിയോ എന്ന പരീക്ഷയെ എന്നും നേരിടുകയാണ്. അതാണ് ശാസ്ത്രത്തിന്റെ രീതി. അങ്ങനെ നിയന്ത്രണമില്ലാത്ത യുക്തിചിന്തയെ തുറന്ന് വിട്ട ആ കാലത്തെ ജ്ഞാനോദയയുഗം എന്നാണ് അറിയപ്പെടുന്നത്. പുതിയ അറിവുകളും ഉല്‍പ്പന്നങ്ങളും മനുഷ്യജീവിതത്തെ കൂടുതല്‍ മെച്ചപ്പെടുത്തി. ഒപ്പം സാമൂഹ്യജീവിത്തേയും.

യുക്തിവാദം

മേല്‍പ്പറഞ്ഞ രണ്ട് വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു ആശയമാണ് യുക്തിവാദം. അത് പൂര്‍ണ്ണമായും രാഷ്ട്രീയമാണ്. രണ്ട് തരം യുക്തിചിന്തയും സമൂഹത്തിലും വ്യക്തികളിലും കൂടിക്കലര്‍ന്നിരിക്കുന്നു. അതില്‍ നിന്നും ഊഹാധിഷ്ടിത യുക്തിചിന്തയെ ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് ഇല്ലാതാക്കുകയും അവരെ പ്രായോഗിക യുക്തിയുള്ളവരാക്കി മാറ്റുകയുമാണ് അതിന്റെ ലക്ഷ്യം.

എന്തിന് അത് ചെയ്യണം? മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. സമൂഹം കൂടുതല്‍ സങ്കീര്‍ണ്ണവുമായി മാറുന്നു. അങ്ങനെയുള്ള അവസരത്തില്‍ എല്ലാവരുടേയും സുരക്ഷിതത്വത്തിനും നിലനില്‍പ്പിനും ഊഹങ്ങളിലടിസ്ഥാനമായി ജീവിക്കുന്നത് അപകടകരമാണ്. ശാസ്ത്രം സത്യമാണ്. അത് തെളിയിക്കാനാകും. അത് ജനസമ്മതിയുള്ളതാണ്. അതുകൊണ്ട് മനുഷ്യനെ ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് സത്യമായ യുക്തിബോധത്തിലേക്കെത്തിക്കുകയാണ് യുക്തിവാദം ചെയ്യുന്നത്. അത് മനുഷ്യവിമോചനത്തിന്റെ പ്രസ്ഥാനമാണ്.

ഭാഗം 1: എന്താണ് ശാസ്ത്രത്തിന്റെ രീതി
ഭാഗം 2: എന്താണ് യുക്തിവാദം
ഭാഗം 3: പ്രകൃതിശാസ്ത്രം എന്തോ കേമമായ ഒന്നാണോ
ഭാഗം 4: ശാസ്ത്രബോധവും ശാസ്ത്രവിവരബോധവും
ഭാഗം 5: എന്താണ് കേവല യുക്തിവാദം


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ