ഫാസിസത്തിന്റെ ഘടന

ഫാസിസത്തിന് മൂന്ന് ഘടകങ്ങളുണ്ട്. 1. ഊര്‍ജ്ജ കേന്ദ്രം, 2. ബുദ്ധി കേന്ദ്രം, 3.ശരീരം

1. ഊര്‍ജ്ജ കേന്ദ്രം: ഫാസിസത്തിന്റെ ഊര്‍ജ്ജകേന്ദ്രം മുതലാളിത്തമാണ്. ശരിക്കും ഫാസിസത്തിന്റെ ഗുണഭോക്താക്കള്‍ ഇവരാണ്. അവര്‍ക്ക് വേണ്ടിയാണ് ഈ വ്യവസ്ഥയുണ്ടാകുന്നത് തന്നെ. മുതലാളിത്തത്തിന്റെ സഹായമില്ലാതെ ഒരിക്കലും ഫാസിസത്തിന് നിലനില്‍ക്കാനും വളരാനും കഴിയില്ല. സത്യത്തില്‍ മുഖംമൂടിയില്ലാത്ത മുതലാളിത്തം തന്നെയാണ് ഫാസിസവും. നിയന്ത്രണങ്ങളൊന്നുമില്ലാത്ത മുതലാളിത്തം എന്നതാണ് ഫാസിസ്റ്റുകളുടെ മുദ്രാവാക്യം. അടുത്ത കാലത്ത് ബ്രസീലില്‍ അധികാരത്തിലെത്തിയ ഫാസിസ്റ്റ് ബോള്‍സനാരോ പരിസ്ഥിതി വകുപ്പിനെ പിരിച്ചുവിട്ടു. അതിന്റെ ആവശ്യമില്ലന്നും കാര്‍ഷിക വകുപ്പ് അവര്‍ ചെയ്ത കാര്യങ്ങള്‍ ചെയ്തോളും എന്നാണ് അയാളുടെ വാദം. കാരണം പരിസ്ഥിതി വകുപ്പ് വ്യവസായികള്‍ക്കെതിരെ ധാരാളം നിയന്ത്രണം കൊണ്ടുവരുന്ന ഒന്നാണല്ലോ.

2. ബുദ്ധി കേന്ദ്രം: അതിന് രണ്ട് ഭാഗങ്ങളുണ്ട്. പ്രത്യക്ഷവും പരോക്ഷവും. പ്രത്യക്ഷ ബുദ്ധികേന്ദ്രം ഫാസിസ്റ്റ് ശരീരത്തിന് പ്രവര്‍ത്തനങ്ങളെ ആസൂത്രണം ചെയ്യുന്നു. അവര്‍ പൊതുജനത്തിന് മുമ്പില്‍ ഏറെക്കുറെ ദൃശ്യമാണ്. ഊര്‍ജ്ജ കേന്ദ്രവുമായി അവര്‍ക്ക് രഹസ്യമായും പരസ്യമായും വളരെ അടുത്ത ബന്ധമുണ്ട്. ഫാസിസ്റ്റ് ശരീരം രൂപപ്പെടുന്നതിന് മുമ്പ് മുതലേ ഇത് പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സുസ്ഥിരമായി നില്‍ക്കുന്ന അവസരങ്ങളില്‍ ഫാസിസ്റ്റ് ഊര്‍ജ്ജ കേന്ദ്രവും ബുദ്ധി കേന്ദ്രവും മാത്രമേ സജീവമായുണ്ടാകൂ. അവ നേരിട്ട് ഒന്നും ചെയ്യുന്നവരല്ല.

പരോക്ഷ ബുദ്ധികേന്ദ്രം പൂര്‍ണ്ണമായും അദൃശ്യമായതാണ്. ചിലപ്പോള്‍ അത് ഫാസിസത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ പോലും ആകാം. ഫാസിസ്റ്റ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കും സഹായിക്കുക എന്നതാണ് അവര്‍ പോലും അറിയാതുള്ള അവരുടെ ലക്ഷ്യം. കപട പുരോഗമനക്കാര്‍, യുക്തിവാദികള്‍, തീവൃഇടത് പക്ഷം, പ്രതികരണ ആക്റ്റിവിസ്റ്റുകള്‍, സ്വതന്ത്ര ചിന്തകര്‍, സ്വത്വവാദികള്‍ തുടങ്ങി ദീര്‍ഘവീക്ഷണമില്ലാതെ ദൈനംദിന സംഭവങ്ങളില്‍ പ്രതികരിച്ച് മാത്രം ജീവിക്കുന്നവര്‍ വരെ ധാരാളം പേര്‍ ഇതില്‍ ഉള്‍പ്പെടുന്നു. അതല്ലാതെ നിഷ്പക്ഷത ചമഞ്ഞ് സ്വന്തം കാര്യം മാത്രം നോക്കി പ്രവര്‍ത്തിക്കുന്നവരുമുണ്ട് ഇതില്‍. അവരുടെ എല്ലാം പ്രവര്‍ത്തികള്‍ ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറയുന്നത് പോലെയാണ്.

3.ശരീരം: സാമ്പത്തിക വളര്‍ച്ച നില്‍ക്കുകയും സാമ്പത്തിക തകര്‍ച്ചയുണ്ടാകുകയും ചെയ്യുമ്പോള്‍ ആണ് ബുദ്ധികേന്ദ്രം മുമ്പ് ജന്മം കൊടുത്ത മൂന്നാമത്തെ ഘടകമായ ഫാസിസ്റ്റ് ശരീരം പ്രത്യക്ഷപ്പെടുന്നത്. നമ്മുടെ മുമ്പില്‍ ദൃശ്യമായി വരുന്ന ഫാസിസത്തിന്റെ ഈ ഘടകം മാത്രമാണ് ശ്രദ്ധ നേടുന്നത്. ഓരോ സ്ഥലത്തും അതിന് അനുയോജ്യമായ ഒരു ശരീരത്തെ ഫാസിസം സ്വീകരിക്കും. ഉദാഹരണത്തിന് ഇന്‍ഡ്യയില്‍ ഹിന്ദുമതം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വെള്ളക്കാരുടെ ക്രിസ്തുമതം.

സാമൂഹ്യ സ്ഥിരതയുണ്ടായിരിക്കുമ്പോള്‍ ഫാസിസ്റ്റ് ശരീരം നിര്‍ജ്ജീവമായിരിക്കും. ചിലപ്പോള്‍ അങ്ങനെയൊന്നുണ്ടായിരിക്കില്ല, അഥവ ഉണ്ടായാല്‍ തന്നെ ആരും ശ്രദ്ധിക്കുകതന്നെയില്ല. പക്ഷേ സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയ അസ്ഥിരതയും ഉണ്ടാകുമ്പോള്‍ കാര്യം മാറുന്നു. അപ്പോള്‍ ജന ശ്രദ്ധയെ മുഴുവന്‍ മാറ്റുന്ന ഫാസിസ്റ്റ് ശരീരത്തിന് ജീവന്‍ കിട്ടും. വെറുപ്പും കള്ളവും അക്രമവും ആണ് അവരുടെ ആയുധം. തുടക്കത്തില്‍ അവര്‍ ഒരു ന്യൂനപക്ഷമായിരിക്കും. എന്നാല്‍ ജനങ്ങളുടെ കഷ്ടപ്പാട് ഫലപ്രദമായി ഉപയോഗിച്ച് അവര്‍ ശക്തി നേടും.

ഫാസിസ്റ്റ് ശരീരം സവിശേഷമായ ഒന്നാണ്

ഫാസിസ്റ്റ് ശരീരത്തിന് ജീവന്‍ വെക്കുമ്പോള്‍ മാത്രമാണ് ആളുകള്‍ ഫാസിസത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങുന്നത്. അതായത് ഒരു കൂട്ടം ആളുകള്‍ അതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വിദ്വേഷത്തിന്റേയും വെറുപ്പിന്റേയും പ്രചരണം നടത്തുകയും അണികള്‍ സംഘടിതരായി അക്രമം അഴിച്ച് വിടുകയും ചെയ്യുമ്പോഴാണ് പൊതു സമൂഹം ഫാസിസം വന്നു എന്ന തിരിച്ചറിവിലേക്ക് എത്തുന്നത്.

ഇത് ഫാസിസത്തിന്റെ ശരീരമാണ്. അതിന് രണ്ട് ഘടകങ്ങളുണ്ട്. ൧. നേതാക്കള്‍, ൨. അണികള്‍. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുക, ഭയപ്പെടുത്തുക, ഭൂരിപക്ഷത്തിന്റെ വക്താക്കളാകുക, ഭൂതകാലത്തില്‍ മഹത്തരമായ ഒരു നല്ല കാലം ഉണ്ടെന്ന് പറയുക, തങ്ങള്‍ മറ്റാരുടേയോ ഇരകളാണെന്ന് സ്വയം പറയുക തുടങ്ങിയവയാണ് നേതാക്കള്‍ ചെയ്യുന്നത്. ഇവരുടെ വെറുപ്പ് പ്രസംഗം അണികളെ ഉദ്ദീപിപ്പിക്കുകയും അവര്‍ തന്നത്താനെ അക്രമ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നു. മറ്റ് സംഘടനകളില്‍ നിന്ന് വ്യത്യസ്ഥമായി ഫാസിസത്തില്‍ പ്രവര്‍ത്തിചെയ്യാന്‍ നേതാക്കള്‍ക്ക് നേരിട്ട് ഇടപെടേണ്ട കാര്യമില്ല. നേതാക്കളുടെ നേരിട്ടല്ലാത്ത സംസാരവും ശരീരഭാഷയുമൊക്കെ മതി അണികള്‍ക്ക്. ബാക്കിക്കാര്യം അവര്‍ സ്വയം ചെയ്തോളും. പട്ടാളത്തേയോ പോലീസിനേയോ നിയോഗിക്കുകയും ചെയ്യേണ്ട കാര്യമില്ല. ഫാസിസ്റ്റുകളും സാധാരണ ഏകാധിപതികളും തമ്മിലുള്ള പ്രകടമായ ഒരു വ്യത്യാസം ഇതാണ്. നേരിട്ട് ഉത്തരവ് കിട്ടിയ അക്രമങ്ങള്‍ ചെയ്യുന്നതിനെ തടയുന്നതല്ല ഇതെന്നും മനസിലാക്കുക. അത്തരം ഗൂഢാലോചനകള്‍ തെളിയിക്കാന്‍ വിഷമമായിരിക്കും. ഗാന്ധിജിയെ കൊന്നത് ഉദാഹരണം. കേരളത്തില്‍ വരെ അന്ന് ഗാന്ധിജിക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ നടന്നു എന്ന് മാത്രമല്ല അദ്ദേഹം മരിച്ച് കഴിഞ്ഞപ്പോള്‍ മധുരം വിളമ്പിയ നമ്മുടെ നാട്ടുകാരുമുണ്ട്. അന്നല്ലെങ്കില്‍ വേറൊരു ദിവസം, അയാളല്ലെങ്കിലെങ്കില്‍ വേറൊരാള്‍ ആ കുറ്റകൃത്യം ചെയ്യും. അതാണ് വെറുപ്പ് പ്രചരണത്തിന്റെ രീതി.

മറ്റ് മനുഷ്യ സംവിധാനങ്ങളെ അപേക്ഷിച്ച് നോക്കമ്പോള്‍ ഫാസിസ്റ്റ് ശരീരം എന്നത് സവിശേഷമായ ഒന്നാണ്. സ്വന്തമായി അതിന് നിലനില്‍പ്പില്ല, മൂലധനശക്തികള്‍ക്ക് വേണ്ടിയുള്ള ചാവേറുകളാണ് അവര്‍. അതുകൊണ്ട് പരാജയപ്പെടുക എന്നത് അവര്‍ക്ക് ഒരു വിഷയമേ അല്ല. ജനസംഘം ഇല്ലാതായത്, മാപ്പ് പറഞ്ഞ് തടിയൂരുന്നത്, സ്വയം കോമാളിയാകുന്നത് ഒക്കെ ഉദാഹരണങ്ങളാണ്. ഫാസിസത്തിന് ഒറ്റ ഒരു ശരീരമായിരിക്കുകയല്ല ഉണ്ടാകുക. ബുദ്ധികേന്ദ്രത്തിന് ഉപയോഗിക്കാവുന്ന അനേകം കരുക്കളായി ഫാസിസ്റ്റ് ശരീരങ്ങള്‍ ധാരാളം ഉണ്ടാകും. ഓരോ ജോലികള്‍ ചെയ്ത് തീര്‍ത്ത് അവ ഇല്ലാതാകുകയോ ചിലപ്പോള്‍ തുടര്‍ന്ന് നിലനില്‍ക്കുകയോ ആകാം.

നിരപരാധികളോട് പോലും ഏത് അക്രമവും ഇവര്‍ ചെയ്യും. എത്ര കള്ളവും പറയും. ഒരു നാണവും ഇല്ല. വെറുപ്പാണ് അടിസ്ഥാന സ്വഭാവം. മനുഷ്യന്റെ യുക്തി ചിന്ത ഇല്ലാതാക്കലാണ് അവരുടെ ആദ്യ പരിപാടി. അതിനായി അതി വൈകാരികമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഫാസിസ്റ്റുകള്‍ അക്രമത്തെ പ്രേരിപ്പിക്കുന്നത് ആരോടും പ്രത്യേകിച്ച് ദേഷ്യമുണ്ടായിട്ടല്ല. എല്ലാറ്റിനോടും മദ്ധ്യ നിലയില്‍ ഇടപെടുന്നു എന്ന് അവര്‍ എപ്പോഴും അവകാശപ്പെടും. ട്രമ്പ് ഷാര്‍ലറ്റ്‌വില്ലിയിലെ അക്രമത്തെക്കുറിച്ച് പറഞ്ഞതോര്‍ക്കുന്നില്ലേ. “രണ്ട് പക്ഷത്തും നല്ലവരും ഉണ്ടായിരുന്നു.” പക്ഷേ താനെവിടാടേ?

ഭയമുണ്ടാക്കുന്നത് ആളുകളെ പ്രതികരിക്കുന്നതിനെ തടയും. അങ്ങനെ ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെ തടയാനാകും. അതുപോലെ വൈകാരികതയുണ്ടാകുമ്പോഴും ഭയമുണ്ടാകുമ്പോഴും മനുഷ്യ തലച്ചോറിന് യുക്തിപരമായി ചിന്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് കാര്യങ്ങളെ വിശകലനം ചെയ്യാന്‍ ജനത്തിന് കഴിയില്ല. അതിനാല്‍ അവര്‍ എപ്പോഴും ഭയവും വൈകാരികതയും നിലനിര്‍ത്തും. സാധാരണക്കാര്‍ക്കെതിരായ അക്രമവും വഴക്കുകളും അതിനായി ചെയ്യുന്നതാണ്.

അതല്ലാതെ അക്രമത്തിന് വേറൊരു ഗുണം കൂടിയുണ്ട്. ഭയചകിതരായ ആളുകള്‍ ആരേയും വിശ്വസിക്കാതാകും. എല്ലാവരേയും സംശയിക്കും. അതോടെ സാമൂഹ്യബന്ധത്തിന്റെ പരവതാനി ഇല്ലാതാകും. ഒറ്റപ്പെട്ട ജനം ദുര്‍ബലരാണ്. അവരെ അടിച്ചമര്‍ത്താം. മുതലാളിത്തത്തിന് വേണ്ടതും അതാണ്.

ഫാസിസ്റ്റ് ശരീരത്തിന്റെ പിറകില്‍

1930കള്‍ക്ക് ശേഷമുണ്ടായ കാര്യങ്ങളെക്കുറിച്ചുള്ള ഭീതി ഇന്നും നമ്മേ വേട്ടയാടുന്നതാണ്. അതിന് കിടപിടിക്കുന്നത് പോലുള്ള അക്രമ സംഭവങ്ങള്‍ നമ്മുടെ രാജ്യത്തും തുടങ്ങിക്കഴിഞ്ഞു. ഇത്രയേറെ ഭീകരത സൃഷ്ടിക്കുന്ന ഈ ഫാസിസ്റ്റ് ശരീരത്തിന് പിറകിലെന്താണെന്ന് നോക്കിയിട്ടുണ്ടോ? അത് ഒരു കര്‍ഷകനോ, കൂലിപ്പണിക്കാരനോ, മീന്‍പിടുത്തക്കാരനോ, കല്‍പ്പണിക്കാരനോ, ഫാക്റ്ററി ജോലിക്കാരനോ ഗുമസ്തനോ ആയിരിക്കും. അതായത് ജീവിതവൃത്തിക്ക് വേണ്ടി അദ്ധ്വാനം വില്‍ക്കുന്ന ഒരു തൊഴിലാളി. ഒരു മനുഷ്യന്‍. ഒരിക്കല്‍ അവന്‍/അവള്‍ ഒരു അമ്മയുടെ കുട്ടിയായി നിഷ്കളങ്കമായി ചിരിച്ച സുന്ദര ജീവിയായിരുന്നില്ലേ? ശരിക്കും അവര്‍ നമ്മോടൊപ്പം നില്‍ക്കേണ്ടവരല്ലേ? പിന്നെ എങ്ങനെ അവര്‍ കൊടുവാളുമായോ വിദ്വേഷ പ്രസംഗവുമായോ നമ്മുടെ മുന്നിലേക്കെത്തുന്നു?

[തുടരും …]

1. ഫാസിസം എന്നാൽ എന്ത്
2. ഫാസിസത്തിന്റെ ഘടന
3. ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ
4. എന്തുകൊണ്ട് ഫാസിസം
5. എങ്ങനെയാണ് ഫാസിസത്തെ അമര്‍ച്ച ചെയ്യേണ്ടത്?

അനുബന്ധം:
1. കമ്യൂണിസ്റ്റുകാര്‍ ഫാസിസത്തെ ഒരിക്കലും എതിര്‍ക്കരുത്
2. ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )