എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്

കുട്ടികള്‍ക്കെതിരെ വലിയ അക്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞവര്‍ഷം സാമൂഹികനീതിവകുപ്പ് നടത്തിയ കുടുംബ സര്‍വേയനുസരിച്ച് 11 ലക്ഷം കുടുംബങ്ങളിലെ കുട്ടികള്‍ കുടുംബത്തില്‍ സുരക്ഷിതരല്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് നമ്മുടെ മാത്രം പ്രശ്നമല്ല. അമേരിക്കയിലെ 10% കുട്ടികള്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നവരാണെന്നാണ് കണക്ക്. അതുപോലെ അവിടെയുള്ള 33% കുട്ടികളും വിഷാദരോഗം അനുഭവിക്കുന്നവരാണ്. ലോകം മൊത്തം കുട്ടികള്‍ക്ക് ദോഷകരമായ കാലമാണ് ഇത്.

കുട്ടികള്‍ ദുഖിക്കുന്നത് എന്നത് വലിയ രാഷ്ട്രീയ പ്രശ്നമാണ്. കാരണം കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. തലച്ചോറിന്റെ ശരിയായ വികാസത്തേയും പ്രവര്‍ത്തനത്തേയും അത് ബാധിക്കുന്നു. അതുകൊണ്ട് ഭാവിയില്‍ ആ കുട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ ചിലപ്പോള്‍ കുട്ടിക്കാലത്തെ മാനസികാഘാതം കാരണമായേക്കാം. അപ്പോള്‍ സമാധാനപരമായ പുരോഗമകരമായ ഒരു സമൂഹം ആഗ്രഹിക്കുന്ന ആര്‍ക്കും കുട്ടികള്‍ കരയുന്നത് സഹിക്കാനാകില്ല.

എന്തുകൊണ്ടാവാം ഈ ആക്രമണം

എല്ലായ്പോഴും കുറ്റവാളികളെ ശിക്ഷിക്കുക എന്നതില്‍ കവിഞ്ഞ് ആ ദിശയില്‍ കാര്യമായ പഠനമൊന്നും ഒരിടത്തും നടക്കുന്നില്ല എന്നത് ഒരു സത്യമാണ്. അതിന് പകരം ശിക്ഷക്ക് വേണി മുറവിളിയും പിന്നെ കുറ്റവാളിയെ ആ അവസ്ഥയിലെത്തിച്ചത് മദ്യവും മയക്കുമരുന്നുമാണെന്ന് കണ്ടെത്തി സംതൃപ്തി അടയുകയും ചെയ്യുന്നു. പക്ഷേ ഈ മദ്യവും മയക്കുമരുന്നും 2019 ല്‍ കണ്ടുപിടിച്ച കാര്യമല്ലല്ലോ. അപ്പോള്‍ പണ്ടില്ലാത്തതും ഇപ്പോള്‍ സര്‍വ്വസാധാരണവുമായ മറ്റ് പലതിനും കൂടി അക്രമത്തില്‍ പങ്കുണ്ടാവണം. അതിലൊന്നാണ് സാമൂഹ്യ മാധ്യമങ്ങളുള്‍പ്പടെയുള്ള മാധ്യമങ്ങള്‍

സാമൂഹ്യ മാധ്യമങ്ങള്‍ അഥവാ തെമ്മാടിച്ചന്തകള്‍

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സാമൂഹ്യമാധ്യമങ്ങളെന്നത് മനുഷ്യന്റെ സ്വഭാവങ്ങളെ മനശാസ്ത്രപരമായി മാറ്റാനായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതാണ്. (അതിനെക്കുറിച്ച് വിശദമായ ലേഖനങ്ങള്‍ neritam.com/facehook എന്ന താളില്‍ കൊടുത്തിട്ടുണ്ട്.) ആശയപ്രചരണം ഉം ഉല്‍പ്പന്നങ്ങളുടെ പരസ്യ പ്രചരണവും എന്ന പേരിലുള്ള രഹസ്യാന്വേഷണം മുതല്‍ ജനാധിപത്യത്തെ അട്ടിമറിക്കുന്നത് വരെയുള്ള സകല പരിപാടികളും ഇവര്‍ ചെയ്യുന്നുണ്ട്.

കുട്ടികളെ ശാരീരികമായി അക്രമിക്കുന്നത്, അവരെ തട്ടിക്കൊണ്ടുപോകുന്നത്, ലൈംഗികമായി പീഡിപ്പിക്കുന്നത് തുടങ്ങി വിവിധ തരത്തില്‍ കുട്ടികളെ കഠിനമായി ദ്രോഹിക്കുന്നതിന്റേയും ശിക്ഷിക്കുന്നതിന്റേയും വീഡിയോകള്‍ ഈ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കപ്പെടുന്നു. കാട്ടുതീ പോലെയാണ് അവ പടരുന്നത്. ചിലത് യഥാര്‍ത്ഥമായതാവാം ചിലത് അയ്യേ പറ്റിച്ചേ എന്ന് പറഞ്ഞ് കബളിപ്പിക്കുന്നതുമാകാം. സത്യമായാലും കള്ളമായാലും ദൃശ്യങ്ങള്‍ക്ക് വലിയ ശക്തിയാണ്. താരതമ്യേനെ സൌജന്യമായതുകൊണ്ടും, ചെറിയ ദൈര്‍ഘ്യത്തിലുള്ളതിനാലും, പങ്കുവെക്കുക, ലൈക്ക് ചെയ്യുക, കമന്റെഴുതുക പോലുള്ള ഇടപെടല്‍ സ്വഭാവമുള്ളതിനാലും സിനിമയേക്കാള്‍ വളരെ ശക്തമായ സ്വാധീനമാണ് ഈ തെമ്മാടിച്ചന്തകളിലൂടെയുള്ള അക്രമ പ്രചരണത്തിന്.

സിനിമ/സീരിയല്‍ എന്ന പ്രതികാരദാഹി

സിനിമകളുടേയും സീരിയലുകളുടേയും അടിത്തറയെന്നത് അക്രമം, വെറുപ്പ്, വിദ്വേഷം തുടങ്ങിയ ദേഷകരമായ വികാരങ്ങളാണ്. ഒരായിരം വെറുപ്പില്ലാത്ത സിനിമകളേക്കാള്‍ ശക്തമാണ് വെറുപ്പിന്റെ ഒരു സീന്‍. എന്തെങ്കിലും തെറ്റുചെയ്യുന്നതിന് കുട്ടികളെ ക്രൂരമായി ശിക്ഷിക്കുന്ന നായകന്‍മാരേയും നായകന്റെ തന്തമാരേയും സിനിമയിലും സീരിയലുകളിലും കാണാം. പലപ്പോഴും നായകന്റെ പൂര്‍വ്വചരിത്രം വ്യക്തമാക്കാനാകും അത്തരം ദൃശ്യങ്ങള്‍ ചേര്‍ക്കുന്നത്. എന്തായാലും അത് കുട്ടികള്‍ ഉറ്റവരാലും അല്ലാത്തവരാലും തീവൃമായി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യം സാധാരണമാണ്. ബാബു മോനേ എന്ന് വിളിച്ചിരുന്ന അച്ഛനമ്മമാര്‍ 2000 ന് ശേഷം ഇല്ലാതെയായി. ന്യൂജന്‍ സിനിമയായപ്പോഴേക്കും കുട്ടികളും ബന്ധുക്കളുമെല്ലാം സിനിമയില്‍ നിന്ന് ഇല്ലാതായി മൈക്രോ അണുകുടുംബത്തിന്റെ അവനവന്‍ കാര്യങ്ങളിലേക്ക് ചുരുങ്ങി. നവലിബറലിസത്തില്‍ ‘ഞാന്‍’ എന്നതിന് മാത്രമാണ് പ്രാധാന്യം.

കോമഡിക്കാര്‍

ടെലിവിഷനിലെ സമയം കൊല്ലലുകളിലെ പ്രധാനിയാണ് കോമഡി പരിപാടികള്‍. താരതമ്യേന ആരും അത്ര ശ്രദ്ധിക്കാത്ത ഒരു രംഗമാണിത്. ഫലിതത്തിന്റെ സ്വഭാവം വിമര്‍ശനമേല്‍ക്കാതെ മനസിലേക്ക് നേരിട്ട് കയറുക എന്നതായാലാവാം ഇത്. ഇവിടെയും കുട്ടികളെ മോശക്കാരായി ചിത്രീകരിക്കുന്നത് കാണാം. പ്രായത്തിനനുസരിച്ച് വായില്‍ കൊള്ളാത്ത തമാശ (മിക്കപ്പോഴും ആഭാസ ചുവയുള്ള) വാചകങ്ങള്‍ പറയിച്ച് കാണികളെ ചിരിപ്പിക്കുന്നത് എളുപ്പമുള്ള വഴിയാണ്. സിനിമയിലെ നായകന്റെ ചുറ്റും കറങ്ങുന്ന എപ്പോഴും തെറ്റുകയും തല്ലുകൊള്ളുകയും ചെയ്യുന്ന ഉപഗ്രഹ കഥാപാത്രത്തിന്റെ സ്ഥാനമാണ് ഇവിടെ കുട്ടികള്‍ക്ക്. അത് കുട്ടികളെ താഴ്ന്ന ആള്‍ക്കാരായി കാണികള്‍ക്ക് തോന്നിപ്പിക്കും.

വാര്‍ത്തകള്‍

വാര്‍ത്താ മാധ്യമങ്ങളുടെ ഒരു ചക്കരക്കുടമാണ് അക്രമ സംഭവങ്ങള്‍. ഒരണ്ണം വീണ് കിട്ടായില്‍ പറ്റുമെങ്കില്‍ ഒരാഴ്ചയെങ്കിലും അതുമായി തള്ളിനീക്കാന്‍ അവര്‍ ശ്രമിക്കും. ഇത് പരമ്പരാഗതതമായ മാധ്യമങ്ങള്‍ക്കും പിന്നെ ഒരു നിയന്ത്രണവും ഇല്ലാത്ത പുതിയ ഓണ്‍ലൈന്‍, യൂടൂബ് മാധ്യമങ്ങള്‍ക്കും ബാധകമാണ്. എങ്ങനെയാണ് അക്രമണമുണ്ടായതെന്ന് വിശദമായി അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിക്കൊണ്ടേയിരിക്കും.

ഇവയെല്ലാം കൂടി നമുക്ക് ഒരു പൊതുബോധവും സ്വത്വവും സൃഷ്ടിച്ച് തന്നു. ആ പശ്ചാത്തലത്തില്‍ നിന്ന് വേണം നാം കുട്ടികള്‍ക്കെതിരായ അക്രമത്തെക്കുറിച്ച് ചിന്തിക്കാന്‍.

തൊഴില്‍ സമ്മര്‍ദ്ദം

99% ആളുകളും എന്തെങ്കിലും തൊഴില്‍ ചെയ്ത് ജീവിക്കുന്നവരാണ്. പക്ഷെ പണ്ടത്തെ പോലെ സമാധാനപരവും സ്ഥിരതയുള്ളതുമല്ല ഇന്ന് തൊഴില്‍. തീവൃമുതലാളിത്ത നയങ്ങള്‍ തൊഴിലിനെ അസ്ഥിരവും കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്നതുമായി മാറ്റി. മേലുദ്യോഗസ്ഥന്‍ സിനിമയിലൂടെ പുതിയതായി സ്ഥാപിച്ചെടുത്ത യജമാനന്‍ എന്ന രൂപത്തിലേക്ക് മാറി. നിങ്ങള്‍ നിങ്ങളോട് റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റ് ജോലിക്കാരെ അടിമകളായും അവരുടെ ഉടമയായും കരുതി പ്രവര്‍ത്തിക്കുന്ന സ്വഭാവ ശേഷിയുണ്ടെങ്കിലേ നിങ്ങള്‍ക്ക് മേലുദ്യോഗസ്ഥ സ്ഥാനം കിട്ടൂ. തൊഴില്‍ സ്ഥലം ശ്രേണീകൃതമാകയാല്‍ എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നവരാണ്. അത് ആളുകളുടെ മാനസികാവസ്ഥയെ ബാധിക്കുന്നു. അമേരിക്കയില്‍ നടത്ത ഒരു സര്‍വ്വേയില്‍ 70% ആളുകള്‍ അവരുടെ തൊഴിലിനെ വെറുക്കുന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പൊതുസ്ഥലത്തെ സമ്മര്‍ദ്ദം

ആര്‍ഭാടത്തിന്റെ ലോകമാണിന്ന്. പുറത്തെവിടെയും നോക്കൂ, ആളുകള്‍ തിളങ്ങുന്ന പുതു വസ്ത്രങ്ങള്‍ ധരിച്ച്, പുതിയ വലിയ കാറുകളില്‍, കേമം പിടിച്ച മൊബൈല്‍ ഫോണുകളും മറ്റ് കളിപ്പാട്ടങ്ങളുമായി ആര്‍ത്തില്ലസിച്ച് ജീവിക്കുന്നു. ഈ ആര്‍ഭാടത്തിന്റെ പ്രചരണമാണ് എല്ലായിടവും. സിനിമയും, പരസ്യവും, പത്രവും, സാമൂഹ്യമാധ്യമങ്ങളും എല്ലാം ഈ ആര്‍ഭാടത്തെ പ്രചരിപ്പിക്കുന്നു. എന്നാല്‍ താഴ്ന്ന കൂലിപ്പണി ചെയ്യുന്ന ആളുകളുടെ കാര്യം വലിയ കഷ്ടമാണ്. പുറത്തെ ആര്‍ഭാടം അവരുടെ ആത്മാഭിമാനത്തെ തകര്‍ത്ത് തങ്ങളെ ഉള്‍വലിഞ്ഞവരാക്കുന്നു. ഇത് മുതലാളിത്ത വ്യവസ്ഥയുടെ കുഴപ്പമാണെന്ന് തിരിച്ചറിയാനാവാത്ത അവര്‍ എല്ലാം എല്ലാറ്റിനോടും വെറുപ്പും അമര്‍ഷവും ഉള്ളിലൊതുക്കി ഒതുക്കി ജീവിക്കുന്നു.

സ്വാര്‍ത്ഥതാ ഫോണും ഞാന്‍ ഞാന്‍ സംസ്കാരവും

സംഘം ചേര്‍ന്ന ജനം മുതലാളിത്തത്തിന് ഒരു ഭീഷണിയാണ്. ആ സംഘത്തെ ഇല്ലാതാക്കാനായി അവതരിച്ച ഏറ്റവും പുതിയ ഉപകരണമാണ് സ്മാര്‍ട്ട് ഫോണ്‍ (സ്വാര്‍ത്ഥതാ ഫോണ്‍). ഈ ഫോണുകള്‍ ആശയവിനിമയത്തിന്റെ അനന്ത സാദ്ധ്യതകള്‍ തുറന്നുതരുന്നു, ആനയാണ്, മാടയാണ് കോടയാണൊന്നൊക്കെ പുരോഗമനകാരികളായ മണ്ടന്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ടാവും. പക്ഷേ സത്യത്തില്‍ അത് നിങ്ങളെ സ്വാര്‍ത്ഥനാക്കാനും സ്വയം പൊങ്ങച്ചം പറയുന്നവനും ആത്മാരാധനക്കാരുമാക്കുകയാണ് ശരിക്കും ചെയ്യുന്നത്. അതുപയോഗിച്ചുള്ള എല്ലാ പ്രവര്‍ത്തികളും നിങ്ങളുടെ ശ്രദ്ധയെ വ്യക്തിപരമായി കേന്ദ്രീകരിക്കുന്നതാണ്.

ഈ മാധ്യമങ്ങള്‍ എല്ലാം കൂടി നിങ്ങളെ ഒരു ബ്രാന്റാക്കി മാറ്റിയിരിക്കുകയാണ്. സെല്‍ഫി അതിന്റെ പരമമായ പ്രകടനമാണ്. മറ്റെല്ലാം മറന്ന് നിങ്ങള്‍ നിങ്ങള്‍ക്കുള്ളിലേക്ക് ചുരുങ്ങുന്നു. എല്ലാം നിങ്ങള്‍ക്ക് വേണ്ടിയാണ് എന്ന തെറ്റിധാരണയുണ്ടാക്കുന്നു. എല്ലാറ്റിനേയും സ്വന്തം ബ്രാന്റ് മൂല്യം വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഉപകരമമാക്കി മാറ്റണം എന്ന തോന്നലിലേക്ക് എത്തിക്കുന്നു.

പുതിയ അമ്മമാര്‍ പോലും സ്വന്തം ബ്രാന്റ് വാല്യൂ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് സ്വന്തം കുട്ടികളെ കാണുന്നതും അവരോട് പെരുമാറുന്നതും. പൊതു സ്ഥലങ്ങളില്‍ തന്നെ നമുക്ക് എപ്പോഴും കാണാവുന്ന കാര്യമാണിത്. സത്യത്തില്‍ അമ്മമാര്‍ക്ക് ജീവനുണ്ടെങ്കിലും ഇന്നത്തെ കുട്ടികള്‍ മാനസികമായി അമ്മമാരില്ലാതെയാണ് ജീവിക്കുന്നത്. കാരണം അവരുടെ അമ്മമാര്‍ മാനസികമായി കൌമാരം ജീവിച്ച് തീര്‍ത്തിട്ടില്ല. അതിന് 50 കൊല്ലം വേണ്ടിവരുമെന്നാണ് കമ്പോളത്തിലെ കൊച്ചമ്മ സംസ്കാരത്തില്‍ നിന്ന് തോന്നുന്നത്. ആരാണ് കുട്ടി ആരാണ് അമ്മ എന്ന തോന്നലുണ്ടാക്കുന്ന തരത്തിലാണ് ഇവരടെ കുട്ടികളോടുള്ള പെരുമാറ്റം. ഈ സ്വപ്ന ലോകത്തില്‍ ജീവിക്കുന്ന അമ്മമാരും അച്ഛന്‍മാരും ചെറിയ ഒരു ശല്യപ്പെടുത്തലുണ്ടായാല്‍ പട്ടിയുടെ മുമ്പില്‍ നിന്ന് ഇറച്ചി പാത്രം മാറ്റിയാലെന്ന പോലെ ക്രുദ്ധരായി മാറുന്നു.

ഫാസിസ്റ്റ് ശരീരത്തിന്റെ വളര്‍ച്ച

ഫാസിസ്റ്റ് ശരീരം രൂപം കൊള്ളുന്നതിന്റെ ഒരു രീതി വെറുപ്പിനെ ഉപയോഗിച്ചാണ്. വെറുപ്പ് ഒരു കനല്‍ പോലെയാണ്. ഒരിക്കലും കെടില്ല. ഉള്ളില്‍ എപ്പോഴും നീറി നീറി കത്തിക്കൊണ്ടിരിക്കും. ഇരകള്‍ ചിലപ്പോള്‍ മാറുന്നുണ്ടാവും. എതിര്‍ക്കുന്നവരേയും വെല്ലുവിളിയായി തോന്നുന്നവരേയും നശിപ്പിക്കുക എന്ന ഒരേയൊരു ബോധമേ വെറുപ്പ് അവരില്‍ അവശേഷിപ്പിക്കൂ. അത് സ്വന്തം കുടുംബാംഗങ്ങളായാല്‍ പോലും. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഈ ഫാസിസ്റ്റ് ശരീരത്തിന്‍ വളര്‍ച്ച വലിയ തോതില്‍ നടന്നവരുകയാണ്.

അണുകുടുംബം

മുതലാളിത്തത്തില്‍ ഉല്‍പ്പന്നങ്ങളുടെ turn over time കുറക്കുന്നത് ലാഭം വര്‍ദ്ധിപ്പിക്കും. അതായത് 10 ദിവസം കൊണ്ട് ഉത്പാദിപ്പിക്കുന്നത് 5 ദിവസം കൊണ്ടുത്പാദിപ്പിച്ചാല്‍ ഇരട്ടി ലാഭമല്ലെ പണ്ടത്തേതിനെ അപേക്ഷിച്ച് ഉണ്ടാകുക. മുതലാളിത്ത വ്യവസ്ഥയില്‍ ജീവിക്കുന്നവര്‍ക്കും ആ സ്വഭാവമാണ് സ്വീകരിക്കുന്നത്. അതായത് താന്‍ വിരമിക്കുന്നതിന് മുമ്പ് തന്റെ കൊച്ചുമകനെ ജോലിയില്‍ കേറ്റണം. (മകനെ അല്ല കേട്ടോ. അത് 90കള്‍ വരെയായിരുന്നു.) നേരത്തെയുള്ള വിവാഹം, നേരത്തെയുള്ള പ്രസവം. മാതാപിതാക്കളാകുന്ന ഈ കുട്ടികള്‍ക്ക് തങ്ങളുടെ കടമയെന്തെന്ന് ഒരു ബോധവും ഇല്ല. എന്തെങ്കിലുമുണ്ടെങ്കില്‍ അത് കാശിന് വേണ്ടി സിനിമയും അതിലെ താരങ്ങളും പറയുന്ന വിവരക്കേടുകള്‍ മാത്രമാണ്. അത് മാത്രമല്ല ലിബറലിസത്തില്‍ (സ്വതന്ത്രചിന്തവാദം) അവകാശത്തിനേ പ്രാധാന്യമുള്ള കടമയെക്കുറിച്ച് ഒന്നും പറയില്ല. ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്ന പുതിയ അണുകുടുംബത്തിലേക്ക് ആളുകള്‍ മാറിയതോടെ വീടിനകത്ത് എന്ത് സംഭവക്കുന്നു എന്നത് ആര്‍ക്കും അറിയാന്‍ പറ്റാത്ത അവസ്ഥയിലെത്തി. മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കേണ്ട പണിക്കാരായി മാറി കുട്ടികള്‍. അവര്‍ ചിന്തിക്കുന്നത് പോലെ കുട്ടികള്‍ പ്രവര്‍ത്തിച്ചോണം. അവരുടെ ആജ്ഞകള്‍ കേള്‍ക്കുന്ന ഉപകരണങ്ങളായി മാറി കുട്ടികള്‍.

വിദ്യാലയങ്ങളിലെ സ്ഥിതിയും കുടുംബത്തിലേത് പോലെയാണ്. പൊതു ബോധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകര്‍ പ്രവര്‍ത്തിക്കുന്നത്.

ഒരു തീപ്പൊരി

കുട്ടികളെ സംബന്ധിച്ച പൊതുബോധം രൂപപ്പെടുന്നതും കുട്ടികള്‍ നിലനില്‍ക്കുന്ന ചുറ്റുപാടിന്റെ അവസ്ഥയും ആണ് നാം ഇതുവരെ ചര്‍ച്ച ചെയ്തത്. പൊതുബോധം സൃഷ്ടിക്കുന്ന മൃഗീയമായ സ്വാര്‍ത്ഥയും പ്രതികാരവാഞ്ഛയും അവസ്ഥ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദവും കാരണം വലി‍ഞ്ഞ് മുറുകിയ സ്ഥിതിയാണിത്.

ഒരു ചെറിയ തീപ്പൊരി മതി ഇനി. കുട്ടിയുടെ ഒരു കുസൃതി, ഒരു തെറ്റ്…..

നിമിഷങ്ങള്‍ക്കകം കോടിക്കണിന് ആളുകളുടെ എല്ലാം ഉള്ളിലേക്ക് കടന്ന് പൊട്ടിയൊലിക്കുന്ന ഒരു ദീനരോദനമായി അത് മാറുന്നു ……

ആ വേദനയുടെ തന്‍മയീഭാവം നാം അനുഭവിക്കുന്നു. പക്ഷേ …. നമ്മുടെ കരച്ചിലിനെ മറികടന്ന് നാം തന്നെ വേട്ടക്കാരനാകുന്നത് സമയത്തിന്റെ ഒരു കളി മാത്രം. കുറ്റവാളികളോടുള്ള വിദ്വേഷവും അവരുടെ കടുത്ത ശിക്ഷയെക്കുറിച്ചുള്ള മുറവിളിയില്‍ നിന്നും അത് വ്യക്തമാകുന്നു. അതായത് തലച്ചോറിലൂടെ പായുന്ന രാസവസ്തുക്കളുടെ വെറും അടിമകള്‍ മാത്രമാണ് നമ്മള്‍. ആ രാസവസ്തുക്കളുടെ നിയന്ത്രണമോ പൊതുബാധത്തിനും.

ഭാഗം 1: എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
ഭാഗം 2: കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം

അനുബന്ധം:
കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കാത്തതെന്താണ്?
താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?
ഫാസിസത്തിന്റെ ഘടന
സിനിമ നല്ലതോ ചീത്തയോ
മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )