സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ വലിയ അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരയാണ്. മാന്യരായി ജീവിക്കേണ്ടിയിരുന്നവര്‍ എന്ന് കരുതുന്ന ഉന്നത വിദ്യഭ്യാസമുള്ളവര്‍ പോലും കൊടും ക്രൂരതകള്‍ ചെയ്യുന്ന വാര്‍ത്തകളാണ് ദിവസവും പുറത്ത് വരുന്നത്.
ശിക്ഷകൊടുക്കണം
എപ്പോഴത്തേയും പോലെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ദാ തുടങ്ങി പരിഹാരക്രിയകളുടെ ആക്രോശങ്ങള്‍. സംശയിക്കേണ്ട, മാറ്റമൊന്നുമില്ല, കുറ്റവാളിക്ക് ശക്തമായ ശിക്ഷ കൊടുക്കണം. കടുത്ത ശിക്ഷ കൊടുക്കണം ഇനി ഒരിക്കലും ഒരാളും ഈ തെറ്റ് ആവര്‍ത്തിക്കരുത്. തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍) വീഡിയോ മാധ്യമങ്ങളിലും കുറ്റാരോപിതര്‍ക്കെതിരെ പ്രവഹിക്കുന്ന ആക്രോശങ്ങള്‍ ഇതിലും തീവൃമായിരിക്കാം. ഓരോ സംഭവമുണ്ടാകുമ്പോഴും അതിനോട് സമൂഹത്തിലെ ഉന്നതരും താഴ്ന്നതും ആയ എല്ലാ ആളുകള്‍ക്കും എന്തുകൊണ്ടാണ് ഒരേ പ്രതികരണം ഉണ്ടാകുന്നത്?
സാധാരണക്കാരുടെ കാര്യം പോകട്ടെ. ഉന്നതരും ബുദ്ധിജീവികളും ഒക്കെയായ ആളുകളോ. അവരും അത് തന്നെയാണ് ആവര്‍ത്തിക്കുന്നത്. വിരമിച്ച ജഡ്ജി കമാല്‍ പാഷയും പറയുന്നത് കേട്ടു, കടുത്ത ശിക്ഷകൊടുക്കണമെന്ന്. അദ്ദേഹത്തിനും തന്റെ ജീവിതകാലം മൊത്തം ശിക്ഷ വിധിച്ചിട്ടും മറ്റൊരു ചിന്തയുണ്ടാകുന്നില്ല. ഒരേ കാര്യം പല പ്രാവശ്യം ചെയ്താല്‍ വ്യത്യസ്ഥ ഫലം കിട്ടുമെന്നാണോ സമൂഹം കരുതുന്നത്. 10 പ്രാവശ്യം വെള്ളം തിളപ്പിച്ചപ്പോള്‍ നീരാവി കിട്ടി. 11 ആം പ്രാവശ്യം തിളപ്പിക്കുമ്പോള്‍ വെള്ളം ഉറഞ്ഞ് മഞ്ഞാകുമോ? കഷ്ടം.
ശിക്ഷക്ക് എന്തുകൊണ്ടാണ് സ്വീകാര്യത കൂടുതല്‍ കിട്ടുന്നത്
൧. ശിക്ഷ വിധിക്കേണ്ടത് കോടതി. നടപ്പാക്കേണ്ടത് സര്‍ക്കാര്‍. നിങ്ങള്‍ക്ക് അതില്‍ ചെയ്യാനൊന്നുമില്ല. വെറുതെ ഇരുന്ന് പറഞ്ഞാല്‍ മതി. വീഴ്ചയുണ്ടായാല്‍ അവരേയും കുറ്റപ്പെടുത്തുക. മൊത്തത്തില്‍ എന്ത് സംഭവിച്ചാലും നിങ്ങള്‍ക്ക് ഒരു കുഴപ്പവുമില്ല. ആളാകുകയും ചെയ്യാം. ആരാന്റമ്മക്ക് ഭ്രാന്ത് വന്നാല്‍ കാണാന്‍ നല്ല രസം. അല്ലാതെ ഒരു ആത്മാര്‍ത്ഥയുമില്ല ഈ ശിക്ഷാവാദികള്‍ക്ക്. ഇനി ഇവരുടെ സ്വന്തക്കാരാരെങ്കിലുമാണ് കുറ്റവാളി എന്നാകയാല്‍ അപ്പോള്‍ അവര്‍ വേറൊരു നിലപാടായിരിക്കും സ്വീകരിക്കുന്നത്. വെറുതെ പറയുന്നതല്ല. സ്വന്തക്കാരായ കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷകൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ഒറ്റൊരാളേയും ഇന്നുവരെ ആരും പൊതുസ്ഥലത്ത് കണ്ടിട്ടില്ല.
൨. സിനിമയിലും ടെലിവിഷനിലുമെല്ലാം ശിക്ഷിക്കുന്നതിനെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. എല്ലാ നന്മയുടേയും പ്രതീകമായ എല്ലാ ന്യായങ്ങളും അനുകൂലമായ നായകന്‍ തെറ്റുകാരെ ശിക്ഷിക്കുന്നതാണ് എല്ലാ സിനിമയുടേയും കഥ. സിനിമ കാണുന്ന എല്ലാവരും നായകന്‍മാരാണ്. അവരുടെ മുന്നില്‍ തെറ്റുകാരനായ വില്ലനെ നശിപ്പിക്കുക എന്നത് സ്വന്തം ധര്‍മ്മമായി സിനിമ അവരെ പഠിപ്പിക്കുന്നു. മറ്റുള്ളവരുടെ തെറ്റിനെ ഒരിക്കലും പൊറുക്കില്ല. യഥാര്‍ത്ഥത്തില്‍ കുറ്റകൃത്യത്തിന് കാരണമാകുന്ന സംഭവമുണ്ടാകുന്നതും അങ്ങനെയാകാം.
കുടുംബത്തിലെ ജാതി വ്യവസ്ഥ അനുസരിച്ച് ഗൃഹനാഥന്‍ നായകന്‍, അതിന് താഴെ ഗൃഹനാഥ, അതിന് താഴെ ആണ്‍ കുട്ടികള്‍ പ്രായം അനുസരിച്ച്, അതിന് താഴെ പെണ്‍കുട്ടികള്‍. സ്കൂളിലാണെങ്കില്‍ ഹെഡ് മാസ്റ്റര്‍, അദ്ധ്യാപകര്‍, ക്ലാസ് ലീഡര്‍, വിദ്യാര്‍ത്ഥി. അപ്പോള്‍ താഴെയുള്ള ആള് കുറ്റം ചെയ്തെന്ന് തോന്നിയാല്‍ മുകളിലുള്ളയാള്‍ ഉടന്‍ നായകനാകുകുയാണ്. സിനമിയില്‍ പോലെ തെറ്റ് ചെയ്തവനെ കടുത്ത ശിക്ഷ കൊടുത്ത് പാഠം പഠിപ്പിക്കും. ചിലപ്പോള്‍ അത് അതിര് കടക്കുമ്പോള്‍ നാട്ടുകാരറിയുന്ന വലിയ കുറ്റകൃത്യമായി. അപ്പോഴെന്തുണ്ടായി? അതുവരെ നായകനായ ആള്‍ വില്ലനായി. പൊതുസമൂഹവും കോടതിയും സര്‍ക്കാരും പുതിയ നായകന്‍മാരായി പുതിയ ഇരയുടെ ചോരക്കായി വിളി തുടങ്ങി. നിരന്തരം ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
അതാണ് മുതലാളിത്തത്തിന്റെ രീതി. അവര്‍ രണ്ട് വശത്തുനിന്നും കളിക്കും. അത് എപ്പോഴും ആളുകളെ കുറ്റവാളികളാക്കുകയും പിന്നീട് അവരെ ക്രൂശിക്കുന്നതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു.
വൈകാരികമായ ക്രിമിനല്‍ കുറ്റങ്ങള്‍
ആളുകള്‍ വൈകാരികമായ അവസ്ഥയില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ കൊടുത്തതുകൊണ്ട് ഒരു കാര്യവും ഇല്ല. ശിക്ഷ കൊടുത്തില്ലെങ്കിലും ചിലപ്പോള്‍ കുറ്റവാളി ആ കുറ്റം ആവര്‍ത്തിക്കുകയില്ല. ശിക്ഷ കൊടുത്താലും അതേ കുറ്റം അയാളോ മറ്റുള്ളവരോ തീര്‍ച്ചയായും ആവര്‍ത്തിക്കുകയും ആകാം. ക്രിമിനല്‍ കേസുകള്‍ കൂടുതലും അത്തരത്തിലുള്ളതാണ്. പക്ഷേ ആസൂത്രിതമായ ക്രിമിനല്‍ കുറ്റം അങ്ങനെയല്ല. അത് വൈകാരികമായി ചെയ്യുന്നതല്ലല്ലോ.
വൈകാരികമായ കുറ്റകൃത്യം സംഭവിക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ബുദ്ധിയുള്ളവര്‍ അത്തരം സാഹചര്യങ്ങളെ ഒഴുവാക്കും. പക്ഷെ എല്ലായ്പോഴും അത് കഴിഞ്ഞെന്ന് വരില്ല. അതുപോലെ എല്ലാവര്‍ക്കും അത് കഴിഞ്ഞെന്ന് വരില്ല. അപ്പോള്‍ എന്ത് ചെയ്യും?
അതാണ് സത്യത്തില്‍ സമാധാനമാഗ്രഹിക്കുന്ന ഒരു സമൂഹം ഏറ്റവും പ്രാധാന്യത്തോടെ ചെയ്യേണ്ട കാര്യം. ഏത് സാഹചര്യമായാലും വ്യക്തികളിലെ അതിന്റെ പ്രതികരണത്തെ സമൂഹത്തിന് ദോഷമുണ്ടാക്ക തരത്തിലെത്തിക്കുക.
ശിക്ഷ അതിന് പര്യാപ്തമല്ലെന്ന് കുറ്റകൃത്യങ്ങളുടെ തോതില്‍ നിന്ന് വ്യക്തമാണ്. പിന്നെ ഒരു പരിഹാരം ഒരു പോലീസ് രാഷ്ട്രം സ്ഥാപിക്കുക എന്നതാണ്. ഹിറ്റ്‌ലറും സ്റ്റാലിനും ഒക്കെ ചെയ്തത് പോലെ. എല്ലാവരും മറ്റുള്ളവര്‍ക്കെതിരെ ചാരപ്പണി നടത്തി കാര്യങ്ങള്‍ പോലീസിനെ അറിയിക്കുക. അതിന്റെ ഇപ്പോഴത്തെ നല്ല ഉദാഹരണം അമേരിക്കയാണ്. ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ 911 വിളിക്കാം. ഉടനടി പോലീസെത്തും. സ്ഥലത്ത് കറുത്തവനാണെങ്കില്‍ സെക്കന്റുകള്‍ക്കകം അവന്റെ ശരീരത്തിലൂടെ 30-40 വെടിയുണ്ടകള്‍ കയറിപ്പോകും. ഒബാമയുടെ കാലത്ത് പ്രതിവര്‍ഷം 1000 എന്ന തോതിലായിരുന്നു കറുത്തവരെ പോലീസ് കൊന്നുകൊണ്ടിരുന്നത്. നമ്മുടെ ചൈല്‍ഡ് വെല്‍ഫയര്‍ സംഘവും അന്യായമായ പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അത്തരം പോലീസ് രാജും ശരിയായ വഴിയല്ല.
പിന്നെ എന്ത് ചെയ്യും?
നാം ഇപ്പോള്‍ ചോരക്കായി മുറവിളികൂട്ടുന്ന ആ കുറ്റവാളിയുണ്ടല്ലോ അവനെ/അവളെ കൊണ്ട് സംഭവ സ്ഥലത്ത് സമയത്ത് ശരിയായ തീരുമാനമെടുക്കാന്‍ പ്രാപ്തരാക്കുക. അതാണ് ഏറ്റവും ശരിയായ പരിഹാരം. അതായത് കുറ്റകൃത്യം ഉണ്ടാകാതെ നോക്കണം. രോഗത്തിനെതിരെ വാക്സിനും മറ്റ് സംവിധാനങ്ങളും നാം ഉപയോഗിക്കുന്നുണ്ടല്ലോ. അതുപോലെ കുറ്റകൃത്യങ്ങള്‍ക്കെതിരേയും വാക്സിന്‍ നടപ്പാക്കണം. അത് കുറ്റകൃത്യമുണ്ടാകുന്നതിനെ തടയുന്ന പ്രവര്‍ത്തിയാണ്.
അതിന് മനുഷ്യന്റെ ബോധ നിലവാരം ഉയര്‍ത്തണം. പൊതുബോധം ഉയര്‍ത്തണം. അതാണ് ശരിയായ പരിഹാരം. സത്യത്തില്‍ വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന കടമ ആളുകളെ അത്തരത്തിലുള്ള അവസ്ഥയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ്. നിങ്ങള്‍ക്ക് വെറുതെ അങ്ങ് ജീവിച്ച് പോകാനാവില്ല. 21 ആം നൂറ്റാണ്ടിലെ ഓരോ വ്യക്തിക്കും ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. സമൂഹത്തില്‍ പ്രചരിക്കുന്ന ആശയങ്ങളാണ് പൊതുബോധം നിര്‍മ്മിക്കുന്നത്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് സിനിമ, ടെലിവിഷന്‍, പരസ്യങ്ങള്‍, തെമ്മാടിച്ചന്തകളിലും(സാമൂഹ്യമാധ്യമങ്ങള്‍), പത്രങ്ങള്‍, മാസികള്‍ തുടങ്ങിയവയാണ്. അവിടെയാണ് യഥാര്‍ത്ഥ പ്രശ്നം ഇരിക്കുന്നത്. അത് കാണാതെ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വെറും കണ്ണില്‍ പൊടിയിടലാണ്.
ഓടോ:
കുറ്റവാളികളെ വെറുതെ വിടണം എന്നല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. വിചാരണയും ശിക്ഷയുമൊക്കെ സര്‍ക്കാരും കോടതിയും ചെയ്തോളും. അത് നമ്മുടെ പ്രവര്‍ത്തന മണ്ഡലമല്ല എന്ന് മാത്രമാണ് പറഞ്ഞത്. അതിനെക്കെറിച്ച് പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയേണ്ട.
ഭാഗം 1: എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
ഭാഗം 2: കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
അനുബന്ധം:
നിങ്ങള്‍ ഒരു പോലീസുകാരനാണെങ്കില്‍
സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.