കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യൂഡിഫ് തകര്‍പ്പന്‍ വിജയം നേടി. ബിജെപിക്ക് കാര്യമായി വോട്ടൊന്നും നേടാനായില്ല. ഇടതുപക്ഷമാണ് കെണിയില്‍ വീണത് എന്ന് തെളിയിച്ചുകൊണ്ട് കണ്ണൂരിസ്റ്റ് പാര്‍ട്ടി പരാജയത്തെ താത്വികമായി അവലോകനം ചെയ്ത് കുറ്റം മുഴുവന്‍ ശബരിമലക്ക് കൊടുക്കുകയും ചെയ്തു. ദാ ഇപ്പോള്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജാതി മത സമവാക്യങ്ങളെ തെറ്റിച്ചുകൊണ്ട് ഒരു വിധിയാണ് ജനങ്ങളുടെ പക്ഷത്തുനിന്നുണ്ടാകുന്നത്. ഇടതന്‍മാര്‍ക്കും സന്തോഷമായി. കേരളം ആനയാണ് ചേനയാണ് എന്നൊക്കെ വിളിച്ചുകൂവാനും തുടങ്ങി. ഇതൊക്കെ കേട്ട് ഒരു വിദ്വാന്‍ ഊറിച്ചിരിച്ചുകൊണ്ടിരിക്കുന്നു. ആരാണന്നല്ലേ? മറ്റാരുമല്ല EVM എന്ന വോട്ടിങ് യന്ത്രം.
ഭൌതികമായി വീണ്ടും എണ്ണാന്‍ കഴിയാത്ത വോട്ടെല്ലാം കള്ളവോട്ടാണ്. യന്ത്രത്തിലെ സ്വിച്ച് ഇടുമ്പോള്‍ നമ്മുടെ വോട്ട് നാം ഉദ്ദേശിച്ച ആള്‍ക്ക് തന്നെ കിട്ടി എന്ന് എങ്ങനെ സമ്മതി ദായകര്‍ ഉറപ്പിക്കും? ലൈറ്റ് കത്തിയാല്‍ മതിയോ? എണ്ണാത്ത VVPAT മതിയോ? സ്വിച്ചിട്ടാല്‍ വീട്ടിലെ മുറിയിലെ ലൈറ്റ് കത്തും. പക്ഷേ ഏത് മുറിയിലെ ലൈറ്റ് കത്തുമെന്ന് ആരാണ് തീരുമാനിക്കുന്നത്? ആ വയറിങ് ചെയ്തവനാണ് അത് തീരുമാനിക്കുന്നത്. വീട് ഒരു ചെറിയ ഉദാഹരണമായതിനാലും അതിന്റെ നിര്‍മ്മാണ പരിശോധന മേല്‍നോട്ടം നാം തന്നെ ചെയ്യുന്നതിനാലും നാം ഉദ്ദേശിക്കുന്നിടത്ത് തന്നെ ലൈറ്റ് കത്തും.
പക്ഷേ വോട്ടിങ് യന്ത്രമോ? നമ്മളല്ല അതുണ്ടാക്കുന്നത്. അതിന്റെ കേന്ദ്ര ഭാഗം നിര്‍മ്മിക്കുന്നത് വിദേശത്തെ ഒരു കമ്പനിയാണ്. അതിന്റെ സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അല്ല. അഥവാ ആയാലും നമ്മുടെ ബൂത്തിലെ യന്ത്രത്തില്‍ ആ സോഫ്റ്റ്‌വെയറാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പിക്കാനുമാവില്ല. കാല്‍ക്കുലേറ്ററിലെ ഡിസ്പ്ലേയില്‍ സംഖ്യ തെളിയുന്നത് പോലെ ചില സംഖ്യകള്‍ വോട്ടിങ് യന്ത്രത്തിലും തെളിയും. അതിന് യാതൊരു ആധികാരികതയും ഇല്ല.
യന്ത്രത്തിന്റെ കളി
കമ്പ്യൂട്ടിങ് യന്ത്രങ്ങള്‍ എല്ലാം അടിസ്ഥാന ഡാറ്റയെ രൂപാന്തരണം നടത്തിയാണ് അന്തിമമായി ഉപയോക്താവിന്റെ മുമ്പിലെത്തിക്കുന്നത്. അതായത് നാം വോട്ട് ചെയ്യുമ്പോള്‍ അടയാളപ്പെടുത്തുന്ന ഇലക്ട്രോണിക് സ്ഥിതിയെ രൂപാന്തരണം നടത്തി ഒരു സംഖ്യയായി നമ്മുടെ മുമ്പിലെത്തിക്കുന്നു. നമ്മുടെ പ്രവര്‍ത്തികാരണമായ ഒരു മാറ്റത്തെ അതുപോലെ കാണിക്കുകയല്ല എന്ന് സാരം. (ബാലറ്റ് പേപ്പര്‍ നേരെ തിരിച്ചാണ്.)
കമ്പ്യൂട്ടിങ് യന്ത്രങ്ങളില്‍ ശൂന്യത (പൂജ്യം)എന്ന ഒന്നില്ല. മറ്റേതു സംഖ്യയേയും പോലെയൊരു സംഖ്യമാത്രമാണ് ശൂന്യതയും. ഓരോ സംഖ്യക്കും കമ്പ്യൂട്ടറിനകത്ത് അതിന്റേതായ ഒരു പ്രതിനിധാനം ഉണ്ടാകും. പൂജ്യത്തിനും അങ്ങനെയൊന്നുണ്ട്. അതുകൊണ്ട് പൂജ്യവും മറ്റേത് സംഖ്യയേയും പോലെയാണ് കമ്പ്യൂട്ടര്‍ കരുതുന്നത്. എന്നാല്‍ ഭൌതിക ജീവിതത്തില്‍ പൂജ്യം എന്നാല്‍ ശൂന്യതയാണ്. ഒരു പാത്രത്തില്‍ പൂജ്യം മാങ്ങ ഉണ്ടെന്ന് പറഞ്ഞാല്‍ അതില്‍ മാങ്ങയേയില്ല എന്നാണ് അര്‍ത്ഥം. വോട്ടിങ് യന്ത്രത്തില്‍ അത് സാദ്ധ്യമല്ല.
കമ്പ്യൂട്ടറിന് നെഗറ്റീവ് സംഖ്യകളേയും സൂക്ഷിക്കാം. കമ്പ്യൂട്ടറിനകത്തെ യഥാര്‍ത്ഥ സംഖ്യ എന്തെന്ന് ആര്‍ക്കും പറയാനാകില്ല. അത് രൂപാന്തരണം നടത്തി ഡിസ്പ്ലേയില്‍ കാണിക്കുന്ന സംഖ്യയെ അന്ധമായി വിശ്വസിക്കുക മാത്രമേ നമുക്ക് ചെയ്യാനാകൂ. ആയിരം വോട്ടുള്ള ഒരു ബൂത്തിലെ വോട്ടിങ് യന്ത്രത്തില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് -200 ഉം മറ്റേ സ്ഥാനാര്‍ത്ഥിക്ക് +200 വോട്ട് കൂടി ചേര്‍ത്താല്‍ മൊത്തം വോട്ടിന്റെ എണ്ണത്തില്‍ മാറ്റം വരുകയുമില്ല. അതേ സമയം രണ്ടാമത്തെ ആളിന്റെ 200 വോട്ട് മറിച്ച് ആദ്യത്തെ ആളിന് നല്‍കുകയും ചെയ്യാം. ശരിക്കും അവര്‍ക്ക് 500-500 വോട്ടാണ് കിട്ടിയെങ്കില്‍ പോലും ആദ്യത്തെ ആള്‍ 400 വോട്ടിന് ജയിച്ചതായും വരും.
ഇത്തരം അനേകം മാര്‍ഗ്ഗങ്ങള്‍ ഒരുപാട് ഗവേഷകര്‍ മുമ്പേ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്.
വോട്ടിങ് യന്ത്രം സെറ്റ് ചെയ്തവനെ ഞെട്ടിച്ച ഫലം
കഴിഞ്ഞ കേന്ദ്ര സര്‍ക്കാരിനോ മോഡിക്കോ അനുകൂലമായ ഒരു തരംഗവും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്നില്ല. എന്ന് മാത്രമല്ല ജനം വളരേറെ ദുരിതം അനുഭവിച്ച കാലമായിരുന്നു കഴിഞ്ഞ 5 വര്‍ഷം. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പോലും ബിജെപി വലിയ ശക്തമായ പ്രചരണ പരിപാടികളും നടത്തിയില്ല. ഒരു സാധാരണ പരിപാടിയായിരുന്നു. പക്ഷേ എന്തുകൊണ്ട് കേവല ഭൂരിപക്ഷം കിട്ടി?
അതിന് മുമ്പുള്ള ഇടകാല തെരഞ്ഞെടുപ്പുകളിലും സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ബിജെപി തോല്‍ക്കുകയാണുണ്ടായത്. അന്ന് ജയിച്ചവര്‍ അത് തങ്ങളുടെ വിജയമായി ആഘോഷിച്ചു. സത്യത്തില്‍ ആ ജയം വോട്ടിങ് യന്ത്രത്തിന്റെ ജയമായിരുന്നു. കാരണം ജയിച്ചവര്‍ ഒരിക്കലും യന്ത്രത്തിന് തെറ്റ് പറ്റിയതാണെന്ന് പറയില്ലല്ലോ. അതുകൊണ്ട് പ്രതിപക്ഷത്തെക്കൊണ്ട് യന്ത്രത്തിനെ പിന്‍തുണക്കുന്നവരാക്കുകയാണ് അത് ചെയ്തത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കര്‍ണ്ണാടകയില്‍ ബിജെപി ഭരണം ചുളുവില്‍ നേടിയെടുക്കുകയും ചെയ്തു.
കേരളത്തിലെ അവസ്ഥയാണെങ്കിലോ കോണ്‍ഗ്രസുകാര്‍ തനിക്ക് ഊണ് പോലും വാങ്ങിത്തന്നില്ല എന്ന് പരാതി പറഞ്ഞ ഉണ്ണിത്താന്‍ വരെ ലക്ഷത്തിലധികം വോട്ടോടെ ജയിച്ചു. കേരളത്തില്‍ യൂഡിഫിന് അനുകൂലമായ ഒരു തരംഗവും ഇല്ലായിരുന്നു. അത് മാത്രമല്ല, എല്‍ഡിഫിന്റെ ഭരണം അത്ര മോശവും ആയിരുന്നില്ല. എന്നാലും കോണ്‍ഗ്രസ് എല്ലാ മണ്ഡലങ്ങളിലും ജയിക്കാം എന്നും സമ്മതിക്കാം. പക്ഷേ ഒരു ലക്ഷത്തിലധികം വോട്ടില്‍ ജയിക്കുക എന്നത് അസാദ്ധ്യമാണ്. അത്രക്ക് ഇടതുവിരുദ്ധ വികാരം ഒരിക്കലും ആ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നില്ല. പിണറായി വിജയന്റേയും കണ്ണൂര്‍കാരുടേയും ധാര്‍ഷ്ട്യത്തോടും അഹങ്കാരത്തിനോടും മറ്റും എതിര്‍പ്പുള്ളവര്‍ ധാരാളമുണ്ട്. പക്ഷേ അത് ഒരു ഒരു ലക്ഷത്തിലധികം വോട്ടിലേക്ക് അത് എത്തില്ല. നാല്‍പ്പതിനായിരത്ത് മുകളില്‍ വോട്ടോടെ ജയം സമ്മതിക്കാം. ഇത് ഒരിക്കലും സമ്മതിക്കാനാകില്ല.
അവിടെയാണ് വോട്ടിങ് യന്ത്രമെന്ന കള്ളനാണയത്തിന്റെ കളി കിടക്കുന്നത്. അത് സെറ്റ് ചെയ്തവരേ പോലും അമ്പരിപ്പിച്ച തെരഞ്ഞെടുപ്പായിരുന്നു അന്ന് നടന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യൂഡിഎഫിന്റെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും 50000 വോട്ട് യന്ത്രം കൊടുക്കുയും എല്‍ഡിഎഫിന് 50000 വോട്ട് കുറക്കുകയും ചെയ്തെന്ന് കരുതുക. അപ്പോള്‍ യൂഡിഎഫിന് ശരിക്കും കിട്ടിയ ഭൂരിപക്ഷമായ 40000 ന്റെ കൂടെ യന്ത്രം നല്‍കുന്ന ഒരു ലക്ഷവും കൂടി വരും. അതാകാം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യൂഡിഎഫിന്റെ തകര്‍പ്പന്‍ വിജയത്തിന്റെ രഹസ്യം.
ഇത്രയൊക്കെ ചെയ്യാമെങ്കിലും യന്ത്രം എല്ലാ തെരഞ്ഞെടുപ്പിലും ഒരാളെ ജയിപ്പിക്കില്ല. അങ്ങനെ ചെയ്താല്‍ യന്ത്രത്തോടെ ആളുകള്‍ക്ക് സംശയം തോന്നുമല്ലോ. പ്രഗല്‍ഭനായ ഒരു കള്ളന്‍ എല്ലായിപ്പോഴും മോഷ്ടിക്കുകയില്ലല്ലോ. നിര്‍ണ്ണായകമായ സമയത്തേ തട്ടിപ്പ് നടത്തൂ.
ഉപ തെരഞ്ഞെടുപ്പ്
ഇടകാല തെരഞ്ഞെടുപ്പില്‍ പുരോഗമന മതേതര വാദികളെ സുഖിപ്പിക്കുകയും ചെയ്തതോടെ വോട്ടിങ് യന്ത്രം നല്ല പിള്ളയായി. ഇനി അടുത്ത പ്രധാന തെരഞ്ഞെടുപ്പില്‍ 80 ല്‍ അധികം സീറ്റോടെ വിജയിച്ച് കയറുമ്പോള്‍ തല ചൊറിഞ്ഞുകൊണ്ട് പാര്‍ട്ടി മണ്ടന്‍മാര്‍ പുതിയ കാരണം നിരത്തി വ്യാഖ്യാന സപ്താഹം നടത്തും. ബിജെപി നേതാക്കള്‍ പറയുന്ന വീരവാദങ്ങളൊക്കെ സൂക്ഷിച്ചോ. ഇനി ധാരാളം കലാപരിപാടികളും മൂവായിരം പേരെ നിര്‍ത്തിയിട്ട് ലക്ഷങ്ങള്‍ അണിനിരന്നു എന്നത് പോലുള്ള മാധ്യമ സഹയത്തോടുള്ള അവകാശവാദങ്ങളും മറ്റും കാണാം. അതൊന്നും വെറുതെ പറയുന്നതല്ല. അവര്‍ അതുവഴി pre-text നിര്‍മ്മിക്കുകയാണ്.
അതിലെല്ലാം വീണുപോയിട്ട് ശബരിമല ബാധിച്ചു എന്ന് കുറ്റസമ്മതം നടത്തുന്ന പരിതാപകരമായ അവസ്ഥ വരെ നമ്മള്‍ കണ്ടതല്ലേ. അതുകൊണ്ട് താത്വിക ബുദ്ധിജീവിത്വമൊക്കെ മാറ്റിവെച്ച് സൂഷ്മതയോടെ പ്രവര്‍ത്തിച്ചാല്‍ നിങ്ങളുടെ വോട്ട് നിങ്ങള്‍ക്ക് തന്നെ നിലനിര്‍ത്താം.
ജനാധിപത്യത്തിന്റെ അടിത്തറയായ സമ്മതിദാന അവകാശം നിലനിര്‍ത്തണമെങ്കില്‍ പേപ്പര്‍ ബാലറ്റ് തന്നെ വേണം. തെരഞ്ഞെടുപ്പ് വെറും താല്‍ക്കാലികമായ എന്തെങ്കിലും ഇടപാടല്ല. ജീവന്‍ മരണ പ്രശ്നമാണ് ജനാധിപത്യം. എത്രയേറെ വൈകിയാലും അത് എല്ലാവര്‍ക്കും മനസിലാകുന്നതരത്തിലും വ്യക്തതയുള്ളതുമായ രീതിയിലാവണം ചെയ്യേണ്ടത്. വൈകുന്നു എന്നത് ഒരു ന്യായീകരണമേയല്ല. പല രാജ്യങ്ങളിലും തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്.
അതുകൊണ്ട് ബാലറ്റ് പേപ്പര്‍ എണ്ണാന്‍ എത്രയേറെ വൈകിയാലും അത് മാത്രമേ ജനത്തിന്റെ വോട്ട് കൃത്യമായി രേഖപ്പെടുത്തു. അത് മാത്രമല്ല എത്ര കാലം വേണമെങ്കിലും നമുക്കത് സൂക്ഷിച്ച് വെക്കുകയുമാകാം. എന്നെങ്കിലുമൊരിക്കല്‍ സംശയം തോന്നുന്നുവെങ്കില്‍ അത് വീണ്ടും എണ്ണുകയുമാകാം. വീണ്ടും എണ്ണാന്‍ പറ്റാത്ത വോട്ട് കള്ള വോട്ടാണ്. യന്ത്രത്തിന്റെ കാര്യത്തില്‍ എണ്ണലേ നടക്കില്ല. ഒരു സംഖ്യ അത് ഡിസ്പ്ലേയില്‍ കാണിച്ച് തരും അത് വിശ്വസിച്ചോണം എന്ന സ്ഥിതിയാണ്.
അതുകൊണ്ട് ജനാധിപത്യ വിശ്വാസികളായ എല്ലാവരും വോട്ടിങ് യന്ത്രം എന്ന തട്ടിപ്പ് യന്ത്രത്തെ തള്ളിക്കളഞ്ഞ് ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തികള്‍ ചെയ്യണം.
നോട്ട്:
ഫാസിസ്റ്റുകള്‍ മുതലാളിത്തത്തിന്റെ ചാവേറുകളാണ്. അവര്‍ക്ക് സ്വയം തോല്‍ക്കുന്നതോ ഇല്ലാതാകുന്നതോ ഒരു പ്രശ്നമേയല്ല. അവരെ സാധാരണ രാഷ്ട്രീയക്കാരായി പരിഗണിക്കുന്നത് മണ്ടത്തരമാണ്. അവരെ അവഗണിക്കുക മാത്രമാണ് ചെയ്യേണ്ടത്.
അനുബന്ധം:
1. വിശ്വാസികളുടെ എണ്ണത്തെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്നതെന്തിന്
2. ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
‘ഡല്‍ഹിയില്‍ ബിജെപി വിജയിക്കും, ഒടുവില്‍ വോട്ടിങ് മെഷീനെ കുറ്റം പറയരുത്’ – മനോജ് തിവാരി (BJP)
ഇതിനെയാണ് foretelling എന്ന് പറയുന്നത്. പ്രചാരവേലയിലെ ഒരു തന്ത്രം.
വോട്ടിങ് യന്ത്രത്തെ നിരോധിക്കുക. പേപ്പര്‍ ബാലറ്റ് കൊണ്ടുവരിക.