പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ

ജനങ്ങളും സര്‍ക്കാരുകളും സ്ഥാപനങ്ങളും തുടങ്ങി മനുഷ്യനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ സംവിധാനങ്ങളും എന്ത് ചെയ്താലും പരിസ്ഥിതിയെ കൂടി പരിഗണിച്ച് വേണം അത് ചെയ്യേണ്ടത് എന്ന് ഉദ്‍ബോധിപ്പിക്കുന്ന ഒരു കാലത്താണ് നാം ഇന്ന് ജീവിച്ചുകൊണ്ടിരിക്കുന്നത്. മുമ്പത്തെ ലേഖനത്തില്‍ പറഞ്ഞത് പോലെ അറിവിന്റെ ശാഖയാണ് പരിസ്ഥിതി ശാസ്ത്രം. അതിനെ പ്രാവര്‍ത്തികമാക്കാന്‍ നിര്‍ബന്ധിക്കുന്ന ചിന്താഗതിയാണ് പരിസ്ഥിതി വാദം.. അതിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ പരിസ്ഥിതിവാദികള്‍ എന്നും വിളിക്കുന്നു.

ഇതില്‍ പ്രധാനമായും രണ്ട് സംഘങ്ങളാണുള്ളത്. ഒന്ന് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിസ്ഥിതിവാദം. രണ്ടാമതായി കാല്‍പ്പനികതയുടെ അടിസ്ഥാനത്തിലുള്ള ആത്മീയ പരിസ്ഥിതി വാദം. ആത്മീയ പരിസ്ഥിതിവാദം വെറും കെട്ടുകഥയാണ്. ഒരു ശാസ്ത്രീയ അടിത്തറയും അതിനില്ല. ശാസ്ത്രീയ പരിസ്ഥിതിവാദത്തെ തകര്‍ക്കാനായി സ്വയം തോറ്റുപോകുന്ന രഹസ്യമായി കോര്‍പ്പറേറ്റ് പിന്‍തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു കെണിയാണ് അത്. അതിനെ പൂര്‍ണ്ണമായും തള്ളിക്കളയണം. നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് അതിനെക്കുറിച്ചല്ല.

പരിസ്ഥിതിവാദ പ്രവര്‍ത്തനം

പരിസ്ഥിതി നാശം എന്നത് ഇന്ന് പൊതുവെ എല്ലാവരും തിരിച്ചറിഞ്ഞ ഒരു പ്രശ്നമാണ്. മുഖ്യധാരാ മാധ്യമങ്ങളുള്‍പ്പടെ പ്രകൃതിയില്‍ മനുഷ്യനുണ്ടാക്കുന്ന നാശങ്ങളെ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരികയും അത് പരിഹരിക്കാനുള്ള സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കുന്നു. മരം വെട്ടാതിരിക്കുക, പ്ലാസ്റ്റിക് ഉപേക്ഷിക്കുക, ഉപഭോഗം കുറക്കുക, ആര്‍ഭാടം കുറക്കുക, പരിസ്ഥിതിയെ അമ്മയെ പോലെ ബഹുമാനിക്കുക തുടങ്ങി ധാരാളം കാര്യങ്ങള്‍ നമുക്ക് നിത്യ ജീവതത്തില്‍ ചെയ്യാനുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു ചെറിയ ഒരു കൂട്ടം ആളുകള്‍ക്കേ പ്രായോഗിക തലത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നുള്ളു. പക്ഷേ പണ്ടത്തേതില്‍ നിന്ന് വിഭിന്നമായി പൊതുജനം ഇത്തരം പ്രവര്‍ത്തികളെ ബഹുമാനിക്കുന്നുമുണ്ട്. കാലക്രമത്തില്‍ എല്ലാവരിലേക്കും പരിസ്ഥിതി സൌഹൃദമായ ജീവിത രീതി എത്തുമെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും നമ്മുടെ പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്.

മനുഷ്യന്റെ ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയായി പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ജനശ്രദ്ധയും കൊണ്ടുവരുകയും ചെയ്യുകയാണ് പരിസ്ഥിതിവാദത്തിന്റെ കാതല്‍. പരിസ്ഥിതിയെ പരിഗണിക്കാതെ മനുഷ്യര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഈ പ്രശ്നങ്ങളുണ്ടാകുന്നത്. അതിനെതിരായി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും കേവലമാകുന്നു എന്നതാണ് ഒരു പ്രധാന പ്രശ്നം.

കേവലമായാലെന്താ

1. നമ്മുടെ പ്രവര്‍ത്തനം കേവലമാകുമ്പോള്‍ ശരിക്കും സംഭവിക്കുന്നത് നാം മറ്റ പല പ്രശ്നങ്ങളേയും മറച്ച് പിടിക്കുന്ന സ്ഥിതിയുണ്ടാവും.

ഏതെങ്കിലുമൊരു പ്രശ്നം നാം നേരട്ടനുഭവിക്കുകയോ വായിക്കുകയോ കേള്‍ക്കുകയോ ചെയ്യുമ്പോഴാണ് നാം അത് അറിയുന്നത്. ഈ സൈറ്റില്‍ എല്ലായിപ്പോഴും പറയുന്നത് പോലെ ആ പ്രശ്നം അതിന് മുമ്പ് നടന്ന പല മറ്റ് പ്രശ്നങ്ങളുടേയും സംഭവങ്ങളുടേയും ഫലമായാണ് ഉണ്ടാകുന്നത് എന്ന കാര്യം നാം പലപ്പോഴും തിരിച്ചറിയാറില്ല. പകരം അവസാനം നടന്ന പ്രശ്നത്തിനെതിരെ പ്രതികരിക്കുക എന്ന പ്രതികരണ തൊഴിലാളി രീതിയാണ് പൊതുവേ നമുക്കുള്ളത്. പരിസ്ഥിതിയുടെ കാര്യത്തില്‍ മാത്രമല്ല മനുഷ്യ സമൂഹത്തില്‍ മൊത്തം കാണുന്നതാണ് ഈ കേവലതിരിച്ചറിവ് പ്രശ്നം. സത്യത്തില്‍ മനുഷ്യ തലച്ചോറിന്റെ ഒരു പരിമിതി കൂടിയാണത്.

വെറും യാദൃശ്ഛികമായാവും വനനശീകരണം, പ്ലാസ്റ്റിക് മലിനീകരണം, വായൂ മലിനീകരണം, കാലാവസ്ഥാ മാറ്റം തുടങ്ങിയ അനേകം പ്രശ്നങ്ങളില്‍ ചിലത് നമ്മളുടെ മുമ്പിലെത്തുന്നത്. നാം അതിനെ സ്വന്തമായി ഏറ്റെടുക്കും. വയല്‍ നികത്തലാണ് നമ്മുടെ മുമ്പിലെത്തുന്ന പ്രശ്നമെങ്കില്‍ പിന്നെ നാം വയല്‍ വക്താവായി മാറുകയാണ്. ബാക്കി ഒന്നിനേക്കുറിച്ചും പഠിക്കില്ല, അറിയാന്‍ ശ്രമിക്കില്ല. മരത്തെയാണ് ഏറ്റെടുക്കുന്നതെങ്കില്‍ പിന്നെ എപ്പോഴും മരമെന്ന് പറഞ്ഞുകൊണ്ടിരിക്കും. അങ്ങനെ പ്രശ്നങ്ങളെ മുറികളായി തിരിച്ച് ഒതുക്കി നിര്‍ത്തുന്നതിനാല്‍ പ്രതിഷേധത്തെ ദുര്‍ബലമാക്കുകയും സമഗ്രമായ ഒരു പദ്ധതി ആവിഷ്കരിക്കുന്നതില്‍ നിന്ന് തടയുകയും ചെയ്യുന്നു. (ഇത് പൊതുരാഷ്ട്രീയത്തിലും കാണാവുന്ന കാര്യമാണ്. ഫെമിനിസ്റ്റുകള്‍ ദളിത പ്രശ്നം പറയില്ല. ദളിതര്‍ പരിസ്ഥിതി പ്രശ്നം പറയില്ല. പരിസ്ഥിതിക്കാര്‍ അന്ധവിശ്വാസ പ്രശ്നം പറയില്ല. അങ്ങനെ പോകുന്നു) ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം കമ്പനികളുടെ സേവനങ്ങളും നമ്മേ അത്തരത്തിലുള്ള പൊട്ടക്കിണറില്‍ കുടുക്കിയിടുന്നതിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നു. (1)

2. പ്രശ്നത്തെ സ്വന്തം ജീവിത്തിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നു

സത്യത്തില്‍ വേട്ടയാടുക ശേഖരിക്കുക എന്നതിന് പുറമേ നാം എന്തൊക്കെ ചെയ്താലും അതിനെല്ലാം പാരിസ്ഥിതികമായ ആഘാതമുണ്ട്.

ഏതെങ്കിലും ഒരു പരിസ്ഥിതി പ്രശ്നത്തെ നാം തിരിച്ചറിഞ്ഞാല്‍ പിന്നെ ആദ്യം സംഭവിക്കുന്നത് അതില്‍ നമ്മളുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് കണക്കെടുക്കുകയാണ്. പിന്നീട് അത് പരിഹരിക്കാനുള്ള ശ്രമം തുടങ്ങുന്നു. മാറ്റാനാഗ്രഹിക്കുന്ന കാര്യം സ്വന്തം ജീവിതത്തില്‍ നടപ്പാക്കുക എന്ന ഗാന്ധിയുടെ തത്വവും മുറുകിപ്പിടിച്ചുകൊണ്ട് മരത്തിന്റാളാണെങ്കില്‍ വീട്ടില്‍ മരം നടലും, പ്ലാസ്റ്റിക്കിന്റാളാണെങ്കില്‍ തുണി സഞ്ചി കൈയ്യില്‍ കരുതുന്നതുമൊക്കെ നടപ്പാക്കും. പക്ഷേ അപ്പോഴും ഗാന്ധി നൂല് നൂറ്റുകൊണ്ട് വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കുകയായിരുന്നില്ലെന്നും ഖദറിനോടൊപ്പം ഉപ്പിന്റെ കാര്യവും, സാമ്രാജ്യത്വത്തിന്റെ പ്രശ്നവും, ദാരിദ്രത്തിന്റേയും, അനീതിയുടേയും, ഭാഷയുടെ കാര്യവുമൊക്കെ പരിഗണിച്ചിരുന്നു എന്നും, അതെല്ലാം അതിനേക്കാള്‍ വലിയ ഒരു ലക്ഷ്യമായ ഇന്‍ഡ്യയെ കോളനിവാഴ്ചയില്‍ നിന്നും മുതലാളിതത്തത്തില്‍ നിന്നും മോചിപ്പിക്കുക എന്നതായിരുന്നു എന്ന സത്യം സൌകര്യ പൂര്‍വ്വം മറക്കും.

ശാസ്ത്രജ്ഞര്‍ പലതും പറയും പക്ഷേ നമുക്ക് പ്രായോഗികമായി എന്ത് ചെയ്യാം എന്നതാണ് അപ്പോള്‍ നാം പരിഗണിക്കുന്നത്. പൂര്‍ണ്ണമായും നമ്മുടെ സ്വന്തം ജീവിതം പരിസ്ഥിതി സൌഹൃദമാക്കാന്‍ കഴിയില്ലെങ്കിലും എനിക്ക് കഴിയുന്ന കാര്യം ചെയ്യുന്നല്ലോ. അത്രയെങ്കിലും ആകട്ടേ. പക്ഷേ അപ്പോഴും എന്തുകൊണ്ട് എനിക്ക് പൂര്‍ണ്ണമായും പരിസ്ഥിതി സൌഹൃദമായി ജീവിക്കാന്‍ കഴിയുന്നില്ല, എന്താണ് അതിന് തടസം, തുടങ്ങിയ ചോദ്യങ്ങളൊന്നും ചോദിക്കുകയില്ല. സത്യത്തില്‍ നമുക്ക് ചോദ്യങ്ങളേയില്ലല്ലോ.

3. പാരിസ്ഥിതിക കാല്‍പ്പനികതയുടെ തടവുകാര്‍

മുകളില്‍ പറഞ്ഞ രണ്ട് കാര്യങ്ങളും പ്രവര്‍ത്തികളാണെങ്കില്‍ ഇവിടെ അല്‍പ്പം പ്രചരണത്തിന്റെ ഫലമാണ്.

ഒരു ദിവസം ഹോട്ടലില്‍ നിന്ന് പാഴ്സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് വിരുദ്ധനായ നിങ്ങള്‍ കവറ് വേണ്ട എന്ന് ഗമയില്‍ പറഞ്ഞ് വീട്ടില്‍ നിന്ന് കൊണ്ടുപോയ തുണി സഞ്ചിയിലല്‍ പാഴ്സല്‍ വാങ്ങാം. വീട്ടിലെത്തി ആ സഞ്ചിയുടെ ചിത്രമെടുത്ത് സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്യാം. ദേ വരുന്നു… ഒരു കൈയ്യടി കൊടുക്കൂ, സല്യൂട്ട് ചെയ്യൂ എന്ന് പറഞ്ഞ് 20 കമന്റുകള്‍, 150 ലൈക്ക്, 100 ഷെയറ്. നമുക്ക് വലിയ സംതൃപ്തി തോന്നുന്നു അല്ലേ. എന്തോ ചെയ്ത് തീര്‍ത്തത് പോലെ.

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ മരം നടണമെന്ന് നിങ്ങള്‍ക്ക് തോന്നി എന്ന് കരുതുക. നല്ല ഒരു തൈ സംഘടിപ്പിച്ചു. അവധി ദിവസം രാവിലെ തന്നെ പറമ്പിലെ നല്ല ഒരു സ്ഥലത്ത് കുഴിയെടുത്ത് തൈ നട്ടു. അതിന്റെ ചിത്രമെടുത്ത് സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തു. ദേ വരുന്നു… ഒരു കൈയ്യടി കൊടുക്കൂ, സല്യൂട്ട് ചെയ്യൂ എന്ന് പറഞ്ഞ് 20 കമന്റുകള്‍, 150 ലൈക്ക്, 100 ഷെയറ്. അമേരിക്കയില്‍ കെട്ടിച്ച് വിട്ട കൊച്ചമ്മമാര്‍ വരെ ലൈക്ക് ചെയ്തേക്കുന്നു. ഹോ. നിങ്ങള്‍ ഓഫീസിലെത്തിയപ്പോള്‍ കിട്ടിയ ലൈക്കിന്റെ സ്ഥിതി വിവരക്കണക്കുകള്‍ സുഹൃത്തുക്കളോട് പങ്കുവെക്കുന്നു. ഞാന്‍ നട്ട മരത്തൈയുടെ ആദ്യത്തെ ഇല, കുറച്ച് കഴിയുമ്പോള്‍ രണ്ടാമത്തെ ഇല, പിന്നീട് ആദ്യത്തെ ശിഖരം അങ്ങനെ ചിത്ര പോസ്റ്റകുള്‍ നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കും. വലിയ സംതൃപ്തി തോന്നുന്നു അല്ലേ. നിങ്ങളെ പരിസ്ഥിതി ദിനത്തില്‍ പ്രസംഗിക്കാനായി ആളുകള്‍ വിളിക്കുന്നു. അങ്ങനെ നിങ്ങള്‍ സ്വയം മരത്തിന്റെ ബ്രാന്റംബാസിഡറായി.

പിന്നെ നിരന്തരം മാധ്യമങ്ങളിലൂടെയും പരസ്യങ്ങളിലൂടെയും ഒക്കെ ചെറിയ കാര്യമാണെങ്കിലം നിങ്ങളെന്ത് ചെയ്തു എന്ന പ്രചാരവേലയും കൂടിയാകുമ്പോള്‍ ചിത്രം പൂര്‍ണ്ണം.

ഈ പ്രവര്‍ത്തിയുടെ മനശാസ്ത്രം

നമ്മുടെ തലച്ചോറിന് ഒരു സ്വഭാവം ഉണ്ട്. ഒരു ലക്ഷ്യം തീരുമാനിക്കുകയും, അത് നേടിയെടുക്കാനായി പ്രവര്‍ത്തിക്കുകയും, അവസാനം അത് നേടുകയും ചെയ്യുകയാണെങ്കില്‍ നമ്മുടെ തലച്ചോറ് സന്തോഷത്തിന്റേയും സംതൃപ്തിയുടേയും രാസവസ്തുക്കള്‍ പുറപ്പെടുവിക്കുകയും നാം അത് അനുഭവിക്കുകയും ചെയ്യുന്നു. വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോള്‍ അത് ശക്തമായ ഒരു ആസക്തിയാകും. അങ്ങനെ നമ്മള്‍ ആ കേവല പ്രവര്‍ത്തികളുടെ കാല്‍പനികതയില്‍ ആസക്തരായി കഴിയുമ്പോള്‍ നാം സ്വയം നമുക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന മിധ്യാ ധാരണയിലേക്ക് വീഴും. സത്യത്തില്‍ ഈ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളുടെ ലക്ഷ്യവും അതാണ്. പിന്നെ എന്ത് പോസ്റ്റിട്ടന്നല്ല നിങ്ങള്‍ക്കെത്ര പ്രചാരം കിട്ടി എന്ന തോന്നലാകും മനസില്‍.

ഇനി നമ്മളെ ലൈക്ക് ചെയ്തവരുടെ കാര്യമോ? സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളും മയക്ക് മരുന്ന് പോലെ ആസക്തിയുണ്ടാക്കുന്നതാണെന്ന് ഈ സൈറ്റിന്റെ വായനക്കാരായ താങ്കള്‍ക്ക് അറിയാവുന്ന കാര്യമായിരിക്കും. ഇവിടെ ആളുകളുടെ പ്രവര്‍ത്തിയെന്നത് ലൈക്കും, ഷെയറും ഒക്കെയാണ്. ആ പ്രവര്‍ത്തി ചെയ്തു കഴിയുമ്പോഴേക്കും മുമ്പ് പറഞ്ഞത് പോലെ നാം നമ്മുടെ ജോലി ചെയ്ത് തീര്‍ത്തു എന്ന സംതൃപ്തിയിലെത്തിക്കും. മരം വെച്ചതിന്റെ പോസ്റ്റ് ലൈക്ക് ചെയ്യുന്നത് നിങ്ങള്‍ സ്വയം മരം വെച്ചുവെന്ന അയഥാര്‍ത്ഥ തോന്നലുണ്ടാക്കി അതേ സംതൃപ്തി നല്‍കും. പിന്നെ നിങ്ങള്‍ക്ക് ശരിക്കും മരം വെക്കേണ്ട കാര്യമില്ല. കൂടാതെ അതിനകം നിങ്ങള്‍ക്ക് ലൈക്ക് ചെയ്യാനായി അടുത്ത പുതിയ പോസ്റ്റോ വീഡിയോയോ എത്തിയിട്ടുണ്ടാവും. സത്യത്തില്‍ സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെല്ലാം നമ്മേ നിഷ്ക്രിയരാക്കാനും നമ്മുടെ ശ്രദ്ധമാറ്റാനും വേണ്ടിയുള്ളതാണ്. ഇങ്ങനെ ജനത്തെ അടിമപ്പെടുത്തി നിര്‍ത്താനായി സ്ഥാപിത താല്‍പ്പര്യക്കാര്‍ ആളുകള്‍ക്ക് ശമ്പളം കൊടുത്ത് സോഷ്യല്‍ മീഡിയ ഫാക്റ്ററികള്‍ വരെ നടത്തുന്നുണ്ട്.

കുറ്റവാളികളെ സൃഷ്ടിക്കുന്നു

നാം ഏറ്റവും പ്രധാനപ്പെട്ട വിഷയത്തിലേക്ക് എത്തിയിരിക്കുന്നു. ഏറ്റവും അന്യായവും നിഷ്ഠൂരവും ആയ കാര്യമാണിത്. ഇന്‍ഡ്യയിലെ 80% ആളുകളും ദിവസം 20 രൂപായ്ക്ക് താഴെ വരുമാനത്തില്‍ ജീവിക്കുന്നവരാണ്. ഇവര്‍ക്ക് നമ്മുടെ ഇപ്പോഴത്തെ പരിസ്ഥിതി പ്രശ്നത്തില്‍ ഒരു പങ്കുമില്ല. അതുപോലെ ലോകം മൊത്തമുള്ള ദരിദ്ര രാജ്യങ്ങള്‍ക്കും. അതുപോലെ ഈ പാരിസ്ഥിതിക ദുരന്തങ്ങളുടെ എല്ലാം ഫലം അനുഭവിക്കുന്നത് ഈ പാവം ജനങ്ങളുമാണ്. ഇതിനെ പാരിസ്ഥിതിക അനീതി എന്ന് പറയുന്നത്. പക്ഷേ പരിസ്ഥിതി പ്രശ്നം പറയുമ്പോള്‍ നാം അത് കണക്കാക്കാറില്ല. നമ്മുടെ കേവല പരിസ്ഥിതി വാദം അടിസ്ഥാനപരമായി യഥാര്‍ത്ഥ കുറ്റവാളികളെ മറച്ച് വെച്ച് ഇരകളെ കുറ്റവാളികളാക്കുന്നു. ഇത് രണ്ട് തരത്തിലാണ് സംഭവിക്കുന്നത്.

1. നമ്മള്‍ സ്വയം കുറ്റവാളികളാകുന്നു

നമ്മള്‍ കുറ്റവാളികളാകുന്നതും രണ്ട് തരത്തിലാണ്. ഒന്നാമതായി നാം തന്നെ സ്വയം കുറ്റം ഏറ്റെടുക്കാം. അല്ലെങ്കില്‍ നാം പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ട് നമ്മുടെ ജീവിത്തിലെ പരിസ്ഥിതി സൌഹൃദമല്ലാത്ത പ്രവര്‍ത്തികളെ ചൂണ്ടിക്കാണിച്ച് ഇലനക്കി നായന്‍മാര്‍(2) നമ്മേ കുറ്റവാളികളാക്കാം. ഗ്രറ്റ അറ്റ്‌ലാന്റിക്കിന് കുറുകെ പായ് വഞ്ചിയില്‍ യാത്ര ചെയ്തത് പോലും അവളെ കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നവരുണ്ട്.

നമ്മളെങ്ങനെ കുറ്റവാളിയാകുന്നു? കാട് കത്തുന്നു. ഉരുള്‍ പൊട്ടലുണ്ടാകുന്നു. നമ്മുടെ വീട്ടിലും ധാരാളം തടിയുപകരണങ്ങളുണ്ട്. നമ്മുടെ വീടും പണിതത് കല്ല് ഉപയോഗിച്ചാണ്. നമുക്കും ഈ കുറ്റത്തില്‍ പങ്കുണ്ട്. അതൊരു മനസാക്ഷിക്കുത്തായി മാറി. അതിന്റെ പ്രതികരണമായി ചിലര്‍ പരിസ്ഥിതി പ്രശ്നത്തിനോട് കണ്ണടക്കുന്നു, പരിസ്ഥിതിവാദികളെ ആക്രമിക്കുന്നു. പരിഹാരമായി ചിലര്‍ ഏറ്റവും ആദ്യം കൊടുത്ത പ്രവര്‍ത്തിയിലേക്കെത്തുന്നു. പക്ഷേ ആ പ്രവര്‍ത്തിയൊക്കെ ചെയ്താലും നമ്മുടെയുള്ളില്‍ തെറ്റുകാരന്‍ എന്ന തോന്നല്‍ നാം അറിയാതെ തന്നെ എപ്പോഴും നിലനില്‍ക്കും. താരതമ്യം ചെയ്യാന്‍ പരമ ദരിദ്രരായ ധാരാളം ആളുകളെ നമ്മുടെ വ്യവസ്ഥ നിലനിര്‍ത്തുണ്ടല്ലോ. കൂടാതെ സിനിമയും കോമഡിയും മാധ്യമങ്ങളുമൊക്കെ ഈ ആശയത്തെ സജീവമായി നിര്‍ത്തുകയും ചെയ്യും.

നമ്മേ നിശബ്ദരാക്കാനുള്ള ഫലവത്തായ ആയുധമാണത്. എന്തെങ്കിലും ഓര്‍മ്മയുണ്ടാകുന്നുണ്ടോ? 3500 വര്‍ഷങ്ങളായി ഇന്‍ഡ്യയില്‍ പ്രയോഗിച്ച് വിജയിച്ച് വരുന്ന ഒരു തന്ത്രമാണിത്. സംശയമെന്താ ജാതി വ്യവസ്ഥ തന്നെ. ചണ്ഡാളന്‍ എന്തുകൊണ്ട് അങ്ങനെയായി? അവന്‍ കഴിഞ്ഞ ജന്മത്തില്‍ ചെയ്ത കുറ്റത്തിന്റെ ഫലമായാണ് അങ്ങനെയായത്. പിന്നെ ചോദ്യമൊന്നും നമ്മില്‍ വരില്ല.

2 നാം മറ്റുള്ളവരെ കുറ്റവാളികളാക്കുന്നു.

1,2,3 വിഭാഗത്തില്‍ പറയുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്ന നമ്മള്‍ ചുറ്റുപാടും നോക്കുമ്പോള്‍ എല്ലാവരും അതൊന്നും ചെയ്യുന്നില്ല എന്ന കാര്യം മനസിലാക്കുന്നു. അതുകൊണ്ടാണ് പരിസ്ഥിതി പ്രശ്നം നിലനില്‍ക്കുന്നത് എന്ന തെറ്റിധാരണയിലേക്കെത്തുന്നു. കൂടാതെ ചിലര്‍ നേരിട്ട് പരിസ്ഥിതി നാശം വരുത്തുകയും ചെയ്യുന്നു. ഉദാഹരണത്തിന് മരം വെട്ടുന്നവര്‍, കല്ല് ലോറിയില്‍ കൊണ്ടുപോകുന്നവര്‍, കറുത്ത പുകയുള്ള ബസ് ഓടിക്കുന്നവര്‍ തുടങ്ങി അനേകം പേര്‍. ഇവരെല്ലാം ക്രമാതീതമായി പെറ്റുപെരുകുന്നതാണ് പരിസ്ഥിതിയുടെ ഏറ്റവും വലിയ നാശം എന്ന തോന്നലുണ്ടാകുന്നു.(3) എന്തിന് നമ്മുടെ പോസ്റ്റിന് ഡിസ്‌ലൈക്ക് ചെയ്തവരേയും നാം കുറ്റവാളികളായി കാണാന്‍ തുടങ്ങും.

സത്യത്തില്‍ ഇവരെല്ലാം പരിസ്ഥിതി പ്രശ്നം നമുക്ക് സമ്മാനിച്ച ഈ വ്യവസ്ഥയുടെ ഇരകളാണ്. അവരെയാണ് നാം കുറ്റവാളികളായി മുദ്രകുത്തുന്നത്. സത്യത്തില്‍ അവര്‍ക്ക് പരിസ്ഥിതി നീതിയാണ് വേണ്ടത്. അതിന് കേവലം നാല് മരം നട്ടോ, ഒരു നേരത്തെ കുളി ഉപേക്ഷിച്ചതുകൊണ്ടോ, തുണി സഞ്ചി കൂടെ കൊണ്ടു നടന്നോ പരിഹരിക്കാനാവില്ല. ആത്മാര്‍ത്ഥമായി എന്തുകൊണ്ട് എന്ന ചോദ്യം നിരന്തരം ചോദിക്കുകയാണ് ആദ്യം വേണ്ടത്.

ഇതിന്റെ അര്‍ത്ഥം നാം വ്യക്തിപരമായി ഒന്നും ചെയ്യേണ്ട കാര്യമില്ല എന്നല്ല. വ്യക്തിപരമായി നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യണം . പക്ഷേ നാം വ്യക്തിപരമായി ചെയ്യുന്ന പ്രവര്‍ത്തിയെ സ്വയം ആരാധിക്കുകയും ആത്മസംതൃപ്തി അടഞ്ഞ് dopamine rush ഉണ്ടാക്കുകയും ചെയ്യരുത് എന്നാണ് പറഞ്ഞത്. നാം അങ്ങനെ ചെയ്യുകയാണെങ്കില്‍ സ്വയം കുഴിച്ച കുഴിയില്‍ വീഴുന്ന സ്ഥിതയാവും. പക്ഷേ കുഴിയില്‍ വീണ കാര്യം നാം അറിയുകയുമില്ല.

ഭാഗം 1: എന്താണ് പരിസ്ഥിതി വാദം
ഭാഗം 2: പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്

അനുബന്ധം:
1. എലിക്ക് വിഷം കൊടുക്കുന്നതെങ്ങനെ?
2. പ്രിവിലേജുകാരുടെ പരിസ്ഥിതി വ്യാകുലതകള്‍
3. ഈ ജനസംഖ്യാവാദം കേട്ട് മടുത്തു


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )