ചില കണക്കുകള്‍ നോക്കാം
- ലോകത്തെ 90% ജലം ഉപയോഗിക്കുന്നത് കൃഷിയും വ്യവസായവും ആണ്.
- ഉത്പാദിപ്പിക്കുന്നതിന്റെ നാലില്‍ മൂന്ന് ഭാഗം ഊര്‍ജ്ജവും ഉപയോഗിക്കുന്നത് വ്യവസായങ്ങളും വാണിജ്യവും ആണ്.
- വെറും നൂറ് കമ്പനികളാണ് ആഗോളതപനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 70% ഉം നടത്തുന്നത്.
- ലോകത്തെ ഏറ്റവും സമ്പന്നരായ 10% ആളുകള്‍ ആണ് അവരുടെ ഉപഭോഗവും ജീവിത രീതിയും കാരണം മൊത്തം കാര്‍ബണ്‍ ഉദ്വമനത്തിന്റെ 50% വരുത്തുന്നത്.
- ഒരു B-52 Stratocruiser ബോംബറിന് ഒരു മണിക്കൂര്‍ പറക്കാന്‍ വേണ്ടിവരുന്ന ഇന്ധനം കൊണ്ട് ഒരു അമേരിക്കന്‍ കാറിന് 7 വര്‍ഷം യാത്ര ചെയ്യാം..
നിങ്ങളെന്നെ പരിസ്ഥിതിവാദിയാക്കി
മുകളില്‍ പറഞ്ഞതൊന്നും ഒറ്റപ്പെട്ട വ്യക്തികളല്ല. അവയെല്ലാം മനുഷ്യര്‍ സൃഷ്ടിച്ച വലിയ ഘടനകളാണ്. അതേ സമയം അവയുടെ പാരിസ്ഥിതിക ആഘാതം വളരെ വലുതുമാണ്. വലുതെന്ന് മാത്രമല്ല അവര്‍ തന്നെയാണ് പരിസ്ഥിതി നാശം വരുത്തുന്നത്.
അങ്ങനെയായിരിക്കെ അതെല്ലാം ഇരുട്ടില്‍ നിര്‍ത്തി പ്രശ്നത്തെ വീട് വെച്ച ഒരു കേവല വ്യക്തിയിലേക്ക് ചുരുക്കിക്കൊണ്ടുവരുന്നത് ദുരുദ്ദേശമല്ലേ? സിനിമയും ചാനലും സാമൂഹ്യവിരുദ്ധ മാധ്യമങ്ങളിലും വ്യാപരിച്ച് ഉറങ്ങുന്ന ഒരു സാധാരണക്കാന് അവന് ലഭ്യമായ രീതിയിലേ പ്രവര്‍ത്തികള്‍ ചെയ്യാന്‍ കഴിയൂ. അല്‍പ്പം പരിസ്ഥിതിവാദ ബോധമൊക്കെ നേടിയ ആളുകളായാലും അവര്‍ക്കും തങ്ങളുടെ പരിമിതികള്‍ക്കകത്ത് നിന്നേ ജീവിക്കാനാകൂ. കാരണം മുമ്പ് പറഞ്ഞ വ്യവസ്ഥകള്‍ സ്ഥാപിക്കുന്ന സാമൂഹിക നിയമങ്ങള്‍ ലംഘിക്കുക അതീവ ദുഷ്കരമാണ്.
എന്നാല്‍ ഉന്നത വിദ്യാഭ്യാസം നേടി ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികളും അവരുടെ സ്ഥാപനങ്ങളും വ്യവസ്ഥകളും സര്‍ക്കാരുകളും ഒക്കെ അങ്ങനെയല്ല. ഇവര്‍ പരിസ്ഥിതിക്ക് ദോഷമേയുണ്ടാക്കത്ത വസ്തുക്കളും രീതികളും ലഭ്യമാക്കിയിരുന്നെങ്കില്‍ എന്ന് ആലോചിച്ച് നോക്കൂ. അപ്പോള്‍ സാധാരണക്കാരന് പോലും സാധാരണയായി ചെയ്യുന്ന കാര്യങ്ങളെല്ലാം സ്വാഭാവികമായി തന്നെ പരിസ്ഥിതിക്ക് അനുയോജ്യമായിത്തന്നെ വരും. ആരും പരിസ്ഥിതിവാദമൊന്നും ഇറക്കേണ്ട കാര്യം വരില്ലായിരുന്നു. എന്നാല്‍ അവര്‍ അങ്ങനെ ചെയ്യുന്നുണ്ടോ?
ഉദാരണത്തിന് എക്സോണ്‍ എന്ന കമ്പനി 1950കളില്‍ തന്നെ ഫോസിലിന്ധനം കത്തിച്ചാല്‍ ആഗോളതപനവും പ്രത്യാഘാതവും എല്ലാം ഉണ്ടാകുമെന്ന് വിശദമായ പഠനം നടത്തി കണ്ടെത്തിയിരുന്നു. എന്തായിരുന്നു അവരുടെ അടുത്ത നടപടി? ആ പഠന റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചു. പിന്നീട് ആഗോളതപനം ഇല്ല എന്ന് വരുത്തിത്തീര്‍ക്കാനായി ശക്തമായ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഇന്നും അവര്‍ അത് തുടരുന്നു. ദൌര്ഭാഗ്യവശാന് നമ്മുടെ നാട്ടില്‍ പോലും ബുദ്ധിജീവി വേഷം കെട്ടി ഊളകള്‍ അത് ഇപ്പോഴും അതാവര്ത്തിച്ചുകൊണ്ടിരിക്കുന്ന കാഴ്ച കാണാം.
പരിസ്ഥിതിവാദം ആരെയാണ് ലക്ഷ്യം വെക്കേണ്ടത്
അതുകൊണ്ട് അവരെക്കൊണ്ട് ഭുമിയിലെ എല്ലാവര്ക്കും സുഖകരമായി ജീവിക്കാനുള്ള വ്യവസ്ഥ നിര്‍മ്മിച്ചെടുക്കാന്‍ നിര്‍ബന്ധിക്കേണ്ടത് ഭാവിയെക്കുറിച്ച് വ്യാകുലതയുള്ള എല്ലാ വ്യക്തികളുടേയും കടമയാണ്. അത് വലിയ മലമറിക്കേണ്ട കാര്യമൊന്നുമല്ല. ഈ ഉന്നതര്‍ അവരുടെ തീരുമാനം ഒന്ന് മാറ്റിയാല്‍ മതി.
പരിസ്ഥിതി സൌഹദമായ ജീവിത വ്യവസ്ഥക്ക് വേണ്ടി എത്രയേറെ ജാഥകളും, പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. കോടിക്കണക്കിന് കുട്ടികള്‍ വരെ ക്ലാസ് ഉപേക്ഷിച്ച് തെരുവിലിറങ്ങി. എന്നാല്‍ ഉന്നത ജ്ഞാനോദയ രാജ്യങ്ങള്‍ പോലും മുഠാളന്മാരായ പോലീസുകാരെ ഉപയോഗിച്ച് 13 വയസായ കുട്ടികളെ വരെ വിലങ്ങ് വെച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി.(1)
ഇത്രയേറെ എതിര്‍പ്പുകള്‍ ഉണ്ടായിട്ടും എന്തെങ്കിലും ഒരു ചെറിയ മാറ്റമെങ്കിലും ലോക അധികാരികളില്‍ ഉണ്ടായിട്ടുണ്ടോ? ഇല്ല. എന്ന് മാത്രമല്ല, അവര്‍ ഇതൊന്നും നേരമ്പോക്കിന് പോലും പരിഗണിക്കുന്നില്ലെന്ന് കാണാം. എന്തുകൊണ്ട്?
ചങ്ങല കാണാനാവാത്ത അടിമ ജനത
കാരണം അവര്‍ക്കറിയാം നാം ശ്രദ്ധമാറ്റപ്പെട്ടവരാണെന്ന്. ഭൂരിപക്ഷം പേരേയും കാര്യങ്ങളൊന്നും അറിയിക്കാതെ ഇരുട്ടില്‍ നിര്‍ത്തുക. അല്‍പ്പം തിരിച്ചറിവുള്ളവരെ പോലും തെറ്റിധരിപ്പിക്കാനായി ഏതെങ്കിലും ഒരു കച്ചിത്തുരുമ്പ് കണ്ടെത്തി എല്ലാ കുറ്റവും അതിന്റെ മേലെ വെച്ച് കുറ്റവാളിയാക്കുന്നു. ഇത് നമ്മേ അവര്‍ നിരന്തരം സിനിമയുള്‍പ്പടെയുള്ള എല്ലാ മാധ്യമങ്ങളിലൂടെയും പഠിപ്പിക്കുന്നു. അത് ഏറ്റ് പറയുന്നവരെ പരിസ്ഥിതി സെലിബ്രിറ്റികളായി ഉയര്‍ത്തിക്കൊണ്ടുവരുന്നു.
2008 ലെ സാമ്പത്തിക തകര്‍ച്ചയുണ്ടായപ്പോള്‍ അമേരിക്കയിലെ കോടിക്കണക്കിന് ആളുകളുടെ വീടുകള്‍ ആണ് ജപ്തി ചെയ്യപ്പെട്ടത്. അങ്ങനെ വീട് നഷ്ടപ്പെട്ടവര്‍ പോലും അത് തങ്ങളുടെ വിധിയാണെന്ന് സമാധാനിക്കുകയാണുണ്ടായത്. കള്ളന്മാരായ കോര്‍പ്പറേറ്റ് ബാങ്കുകാര്ക്കെതിരെ ഒരു നടപടിയും എടുക്കാതിരിക്കുന്നതിന് സര്‍ക്കാരിനെ അത് സഹായിച്ചു.
അങ്ങനെ ശ്രദ്ധമാറ്റം നടത്തപ്പെട്ട നാം മുറിയിലെ ആനയായ ശരിക്കും പ്രശ്നക്കാരായ വലിയ വ്യവസ്ഥകളെ കാണാതെ പരസ്പരം കുറ്റം പറഞ്ഞ് പിരിഞ്ഞ് പോകുന്നു. സിനിമകളിലേയും മാധ്യമങ്ങലിലേയും സാമൂഹ്യ (നിയന്ത്രണ) മാധ്യമങ്ങളിലേയും മായാലോകത്തിലെ മായാ പ്രശ്നങ്ങളിലമര്ന്ന് നാം എന്തൊക്കെയോ ചെയ്യുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ അയഥാര്‍ത്ഥമാണ്. പ്രവര്‍ത്തി ചെയ്യുന്ന എന്ന തോന്നല്‍ നമുക്കുണ്ടാകുന്നുണ്ട് പക്ഷേ ഫലമൊന്നും ഇല്ല. ഈ സ്ഥിതി മാറണം.
സാമൂഹ്യമായ പരിഹാരം വേണം
എപ്പോഴും പറയുന്നത് പോലെ സാമൂഹ്യ പ്രശ്നത്തിന് സാമൂഹ്യമായേ പരിഹാരം കണ്ടെത്താനാകൂ. വ്യക്തിപരമായി നാം വരുത്തേണ്ട മാറ്റങ്ങളല്ല പ്രധാനം.
നാം വ്യക്തിപരമായി എത്രയൊക്കെ ജലം സംരക്ഷിക്കാന്‍ ശ്രമിച്ചാലും 10% ന് അകത്തുള്ള കളിയേ ആകൂ അത്. അതില്‍ തന്നെ കൂടുതലും ഗോള്‍ഫ് കോഴ്സുകളും മറ്റ് പൂന്തോട്ടങ്ങളും പരിപാലിക്കാന്‍ വേണ്ടിയാണ് ചിലവാക്കുന്നത്. ഹരിതഗൃഹവാത പ്രശ്നത്തിന്റെ കാര്യത്തില്‍ നിങ്ങളെന്തൊക്കെ തലകുത്തി മറിഞ്ഞാലും 30% ന് അകത്തുള്ള കളികള്‍ മാത്രമാണ്.
അതൊകൊണ്ട് ലളിതമായി ജീവിച്ച് പരിഹാരം കാണാം എന്ന് കരുതുന്നത് ആത്മഹത്യാപരമായ രാഷ്ട്രീയം ആണ്. വ്യക്തിപരമായ മാറ്റം സാമൂഹ്യ മാറ്റമാകില്ല. വ്യക്തിപരമായ ലളിത ജീവിതം കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. എന്ന് കരുതി എന്ത് ആര്‍ഭാടവും ആകാം എന്നല്ല അര്‍ത്ഥം. നമ്മുടെ രഷ്ട്രീയ നയത്തിന്റെ കാര്യമാണ് പറയുന്നത്. വലിയ പ്രശ്നത്തെ മറച്ച് വെക്കാനും നമ്മുടെ ശ്രദ്ധ രാഷ്ട്രീയപരമാകാതിരിക്കാനുമാണ് അവര്‍ പ്രശ്നത്തെ വ്യക്തിപരമായ തലത്തിലേക്ക് താഴ്ത്തി കൊണ്ടുവരുന്നത്. വ്യക്തികള്‍ക്ക് ഒറ്റക്ക് ശക്തിയില്ല. വ്യവസ്ഥകള്‍ക്കാണ് ശക്തിയുള്ളത്. അവിടേക്കാണ് നമ്മുടെ ശ്രദ്ധ വരേണ്ടത്.
അതുകൊണ്ട് നമ്മുടെ പാരിസ്ഥിതിക വീക്ഷണം സാമ്രാജ്യത്വ വിരുദ്ധമാകണം. ലോകത്തെ ആയുധ കമ്പനികളേയും വലിയ കോര്‍പ്പറേറ്റുകള്‍ക്കും എതിരെ ആകണം നമ്മുടെ സമരം. കാരണം നാം സര്‍ക്കാരെന്ന് വിളിക്കുന്ന സംവിധാനം നമുക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നത്. മൊണ്‍സാന്റോ ആണ് കാര്‍ഷിക, ആഹാര നയം രൂപീകരിക്കുന്നത്. ExxonMobil ആണ് ഊര്‍ജ്ജ, വിദേശകാര്യ നയം രൂപീകരിക്കുന്നത്. Goldman Sachs ആണ് സാമ്പത്തിക നയവും സര്‍ക്കാരിനേയും രൂപീകരിക്കുന്നത്.
ഈ തട്ടിപ്പ് അനുവദിച്ച് കൊടുക്കാന്‍ പാടില്ല. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാകണം പ്രാധാന്യം. നമ്മുടെ സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ ഈ കമ്പനികളെ അനുവദിക്കരുത്. നാം സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ വരുന്ന കമ്പനികള്‍ക്കും അവരുടെ ഓശാന പാടുന്ന മാധ്യമങ്ങള്‍ക്കും എതിരെ സമരം തുടങ്ങണം.
സമരത്തില്‍ തീരുന്നതല്ല പ്രശ്നങ്ങള്‍
നാം വലിയ സമരങ്ങളൊക്കെ നടത്തി ഈ കോര്‍പ്പറേറ്റുകളേയും സര്‍ക്കാരുകളേയും ഒക്കെ കൊണ്ട് പരിസ്ഥിതി സൌഹൃദമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവരാക്കി എന്ന് കരുതുക. പക്ഷേ പ്രശ്നങ്ങള്‍ അവിടെ തീരുന്നതല്ല. കാരണം നമ്മള് സാധാരണ ജനത്തെ പോലെ ദിവസക്കൂലിക്കാരുടെ ജീവിതമല്ല ആ വലിയ സംവിധാനങ്ങള്‍ക്കുള്ളത്. അവ വര്‍ഷങ്ങള്‍ മിക്കപ്പോഴും ദശാബ്ദങ്ങള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ക്ക് താല്‍ക്കാലികമായി ജനസമ്മതി കിട്ടാനായി തോറ്റുതരുന്നതില് ഒരു വിഷമവും ഉണ്ടാകില്ല. കാരണം നഷ്ടപ്പെട്ടതിന്റെ ഇരട്ടി തിരിച്ച് പിടിക്കാനുള്ള അവര്‍ക്കുണ്ട്.
വ്യക്തിപരമായി എന്തെങ്കിലും ഒരു കാര്യം ചെയ്യുന്നതിലോ, ഒരു കമ്പനിയേയോ മുതലാളിയേയോ മാറ്റി മറ്റൊന്നിനെ കൊണ്ടുവരുന്നതിലോ, കേവലം സമരം നടത്തി താല്‍ക്കാലിക വിജയം നേടുന്നതില്‍ തീരുന്നതല്ല പരിസ്ഥിതി പ്രശ്നം.
ശ്രദ്ധിക്കുക: നാം തീര്‍ച്ചയായും കഴിയുന്നത്ര പരിസ്ഥിതി സൌഹൃദമായ രീതിയിലാവണം ജീവിക്കേണ്ടത്. കഴിയുന്നത്ര പരിസ്ഥിതി സൌഹൃദമായി ജീവിക്കുക. പക്ഷേ അത് നമ്മുടെ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനമല്ല. അത് രണ്ടും രണ്ട് കാര്യമാണ്. വ്യക്തിപരമായ കാര്യങ്ങളോ പരിസ്ഥിതി ദ്രോഹം ചെയ്യുന്ന വ്യക്തികളെ വിമര്‍ശിക്കുന്നതോ കണ്ണടച്ചിരുട്ടാക്കാനുള്ള പരിപാടിയാകരുത് എന്ന് സൂക്ഷിക്കണമെന്നാണ് ഉദ്ദേശിച്ചത്. തെറ്റിധാരണയുണ്ടാകരുത്.
ഭാഗം 1: എന്താണ് പരിസ്ഥിതി വാദം
ഭാഗം 2: പരിസ്ഥിതിവാദം ഇരകളെ കുറ്റവാളികളാക്കുന്നുവോ
അനുബന്ധം:
1. ഭാവിക്ക് വേണ്ടി നിലകൊണ്ട കുട്ടിയ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു