കോവിഡ്-19 ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനം

ലോകത്തെ 30 രാജ്യങ്ങളില്‍ മാത്രം 90,000 നഴ്സുമാര്‍, ഡോക്റ്റര്‍മാര്‍, മറ്റ് ആരോഗ്യ ജോലിക്കാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു. 14 മെയ് 2020 ലെ കണക്കാണിത്. 260 ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗത്തോട് കീഴടങ്ങി. മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ഡോക്റ്റര്‍മാരുള്‍പ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആത്മഹത്യ ചെയ്യുന്നു. ഇതാണ് ഇന്നത്തെ സാഹചര്യം. ലോകം മൊത്തം ഒരു ദുരന്തമാണ്, അടിയന്തിരാവസ്ഥയാണ്. (1), (4)

ചികില്‍സയില്ലാത്ത രോഗം

ആദ്യം മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ രോഗത്തിന് ചികില്‍സ ഇല്ല എന്നതാണ്. രോഗാണു ശരീരത്തിലുണ്ടാക്കുന്ന നാശങ്ങള്‍ക്ക് ചികില്‍സ കൊടുക്കാന്‍ മാത്രമേ കഴിയൂ. അത് മരണത്തില്‍ നിന്ന് കുറച്ച് സമയം വാങ്ങുന്നത് പോലെയാണ്. ആ സമയത്തിനുള്ളില്‍ രോഗിയുടെ ശരീരത്തിന് രോഗാണുവിനെ നശിപ്പിക്കാനായാല്‍ രോഗ മുക്തി നേടാനാകും. അത്രമാത്രമാണ് ചികില്‍സ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

പക്ഷേ ഈ രീതി വിജയിക്കണമെങ്കില്‍ രോഗികളുടെ എണ്ണം കുറഞ്ഞിരിക്കണം. കാരണം ഒരു രോഗിക്ക് തന്നെ പല രംഗത്തിലെ അതീവശ്രദ്ധ കൊടുത്താലേ ജീവന്‍ നിലനിര്‍ത്താനാകൂ. പക്ഷേ രോഗികളുടെ എണ്ണം കൂടിയാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവരെ നോക്കാനാകാതെ വരും. അടുത്ത ഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ കൂടുതല്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്ന സ്ഥിതിയിലെത്തും. ഇതാണ് ഈ രോഗത്തിന്റെ ചിത്രം.

കേരളത്തിന്റെ പിടിച്ചുനില്‍പ്പ്

ആ അടിയന്തിരാവസ്ഥയില്‍ പരിമിതമായ വിഭവങ്ങളുള്ള ഒരു കൊച്ചു സ്ഥലം പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിച്ച് ലോകത്തിന് മൊത്തം മാതൃകയായി പ്രവര്‍ത്തിച്ച് മഹാമാരിയെ ചികില്‍സിക്കുന്നതില്‍ വിജയം നേടിയിരിക്കുകയാണ്. എന്നാല്‍ ഇത് തെറ്റായ ഒരു ആഖ്യാനവും സൃഷ്ടിക്കുന്നുണ്ട്. കേരളത്തിലെത്തിയാല്‍ രോഗം ഭേദപ്പെടുത്താം. അതുകൊണ്ട് എങ്ങനെയെങ്കിലും കേരളത്തിലെത്തിയാല്‍ മതി.

പക്ഷേ ഇത് തെറ്റാണ്. മുമ്പ് പറഞ്ഞത് പോലെ ഈ രോഗത്തിന് ചികില്‍സയില്ല. രോഗം വന്നവര്‍ക്ക് 24 മണിക്കൂറും നിരന്തര ശ്രദ്ധയോടെ ആരോഗ്യപ്രവര്‍ത്തകര്‍ കാവല്‍ നിന്ന് പരിചരിക്കുന്നത് കൊണ്ടാണ് രോഗികള്‍ രക്ഷപെടുന്നത്. അത് സാദ്ധ്യമായത് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ്. രോഗികളുടെ എണ്ണം കുറയാന്‍ കാരണം ആദ്യം തന്നെ ട്രാക്കിങ്ങും ടെസ്റ്റിങ്ങും ചികില്‍സയും ഒക്കെ ഫലപ്രദമായി നടത്തിയതിനാലും. തമിഴ്‌നാട് പോലുള്ള മറ്റ് സംസ്ഥാനങ്ങള്‍ തങ്ങളുടെ നാട്ടില്‍ രോഗമില്ലെന്നും രോഗം കേരളത്തില്‍ മാത്രമാണെന്നും പറഞ്ഞ് കണ്ണടച്ചിരുന്നു. ആ സമയം അവിടങ്ങളില്‍ രോഗവ്യാപനം കാട്ടുതീ പോലെ നടന്നിരിക്കണം. കേരളത്തില്‍ വരുന്ന വിദേശികളേക്കാള്‍ കൂടുതല്‍ ചെന്നെ, ബാംഗ്ലൂര്‍, മുംബേ, ഡല്‍ഹി, കല്‍ക്കട്ട തുടങ്ങിയ വലിയ നഗരങ്ങളില്‍ എത്തുന്നുണ്ടായിരുന്നു. അവരില്‍ ചിലരില്‍ നിന്ന് വ്യാപകമായി അവിടെ രോഗം പടര്‍ന്നു. ചാകുന്നവരെ മറ്റ് രോഗങ്ങളുടെ പട്ടികയില്‍ കണക്കാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ടെസ്റ്റിങ് ശരിയായി നടത്തിയപ്പോഴാണ് അവിടങ്ങളിലെ പ്രശ്നം പുറത്ത് വരുന്നത്. ആ സമയം ആയപ്പോഴേക്കും കേരളം രോഗം കൈകാര്യം ചെയ്യുന്നതില്‍ അതിവേഗം മുന്നിലെത്തിയിരുന്നു. അതാണ് സംഭവിച്ചത്.

മറുനാടുകളില്‍ നിന്നുള്ള മലയാളികളുടെ വരവ്

ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥതി ഇപ്പോള്‍ വളരെ വഷളാണ്. കൂനിന്‍മേല്‍ കുരു എന്ന് പറഞ്ഞത് പോലെ 8 മണി തുഗ്ലക്ക് ഭൂതം വെറും നാല് മണിക്കൂര്‍ സമയം കൊടുത്താണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്. അതുകൊണ്ട് ആര്‍ക്കും അവരുടെ നാട്ടിലേക്ക് മടങ്ങാനായില്ല. മദ്ധ്യപ്രദേശിലെ രാഷ്ട്രീയ നടകം പൂര്‍ത്തിയാക്കാന്‍ കാത്തിരിക്കാതെ, ജനത്തിന് തയ്യാറെടുക്കാന്‍ സമയം കൊടുത്ത് ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നെങ്കില്‍ നമ്മുടെ ആളുകള്‍ക്ക് ആദ്യമേ നാട്ടിലെത്താമായിരുന്നു. പക്ഷേ അത് തുടക്കത്തില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചേനെ. എന്നാലും അവരെ ചികില്‍സിച്ച് ഭേദമാക്കാനാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ മൂന്ന് മാസം കൊണ്ട് കൂടുതല്‍ ആളുകള്‍ രോഗികളായിട്ടുണ്ട്. അങ്ങനെ പകര്‍ന്ന ആളുകളെ കൂടി ചികില്‍സിക്കേണ്ട ഗതികേടിലേക്ക് സംസ്ഥാനങ്ങളെത്തിയിരിക്കുന്നു. കൂടുതല്‍ സംഭ്രമകരമായ സ്ഥിതി.

തീര്‍ച്ചയായും പ്രവാസികള്‍ ആണ് കേരളത്തിന്റെ നട്ടെല്ല്. ലോകത്തെ ഏറ്റവും നല്ല രീതിയില്‍ കോവിഡ്-19 ചികില്‍സ നല്‍കുന്നത് കേരളവും ആണ്. പുറത്തുനിന്ന് വരുന്നവര്‍ മലയാളിയായാലും മാവേലി ആയാലും ഓരോ വ്യക്തികളേയും തിരിച്ച് ശ്രദ്ധകൊടുത്ത് പരിപാലിച്ചെങ്കില്‍ മാത്രമേ കാര്യങ്ങള്‍ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കൂ. ഈ അസുഖത്തിന് ചിലപ്പോള്‍ ഒരു ലക്ഷണവും കാണിച്ചെന്ന് വരില്ല എന്നത് സ്ഥിതി കൂടുതല്‍ ദുഷ്കരമാക്കുന്നതും ആണ്. കഷ്ടപ്പെടുന്ന മലയാളികള്‍ എന്ന പേരില്‍ നമുക്ക് കൊറോണവൈറസില്‍ നിന്ന് ഔദാര്യമൊന്നും കിട്ടില്ല. അതിനാല്‍ ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് കാര്യങ്ങള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയാണ് ഉത്തരവാദിത്തമുള്ള ഒരു പൌരന്റെ കടമ.

നാട്ടിലേക്ക് വരാനുള്ള തിരക്ക്

ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് തിരികെ കേരളത്തിലേക്ക് വരേണ്ടത്. പക്ഷേ അത് അണക്കെട്ട് തുറന്ന് വിടുന്നത് പോലെ ചെയ്യാനാവില്ല. ഓരോ ആളിനേയും കൃത്യമായി സൂക്ഷിക്കണം. ആ ആളിന്റെ വിവരങ്ങള്‍ അറിയാനായി സര്‍ക്കാരിന്റെ ആളുകളെ ചുമതലപ്പെടുത്തണം. രോഗമുള്ള ആളാണെങ്കില്‍ വേണ്ട പരിചരണത്തിന് ആളെ തയ്യാറാക്കണം. അങ്ങനെ ഒരു യന്ത്രത്തിന്റെ കാര്യക്ഷമതയില്‍ ആണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന് വേണ്ടി പുറത്ത് നിന്ന് വരുന്നവര്‍ക്ക് രജിസ്ട്രേഷനും പാസുകള്‍ കൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

രജിസ്റ്റര്‍ ചെയ്ത വ്യക്തിയെ 14 ദിവസം നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയ ശേഷമാണ് പാസുകള്‍ കൊടുക്കുന്നത്. അതായത് അവര്‍ എത്തിയാല്‍ രോഗം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കിയതിന് ശേഷമേ സ്വന്തം വീടുകളിലേക്ക് പോകാവൂ. അത് അവരുടെ സ്വന്തം വീട്ടുകാരുടേയും അയല്‍ക്കാരുടേയും നാടിന്റെ മൊത്തം സുരക്ഷിതത്വത്തിന് അവശ്യമാണ്.(2)

എന്നാല്‍ ഓണത്തിനും ക്രിസ്തുമസ്സിനും നാട്ടിലേക്ക് വരാന്‍ കാണിക്കുന്ന തിക്കും തിരക്കുമാണ് ആളുകള്‍ കാണിക്കുന്നത്. എന്റെ നാട്ടിലേക്ക് വരാന്‍ എനിക്ക് പാസ് വേണോ എന്നും ചോദിക്കുന്നത് കേട്ടു. പാസ് എന്നത് സിനിമതിയേറ്ററിലോ ട്രെയിനിലോ കയറാനുള്ള പാസ് പോലെ മാധ്യമങ്ങള്‍ അവതരിപ്പിച്ചതിനാലാണ് അങ്ങനെ സംഭവിച്ചത്.

മാധ്യമ തരികിട

കാര്യങ്ങള്‍ അതേ ഗൌരവത്തോടെ ജനങ്ങളിലെത്തിക്കേണ്ടത് ആവശ്യമാണ്. അതാണ് മാധ്യമങ്ങളുടെ കടമ. എന്നാല്‍ അവര്‍ തുടക്കം മുതല്‍ ഒരു ക്രിക്കറ്റ് കളി റിപ്പോര്‍ട്ട് ചെയ്യുന്ന ലാഘവത്തോടെയാണ് പ്രവര്‍ത്തിച്ചത്. വളരെ മുമ്പ് തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ വിദേശത്ത് നിന്ന് വന്ന് കറങ്ങി നടക്കുകയും പിന്നീട് ആരോഗ്യപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് ആശുപത്രിയിലെത്തിച്ച വ്യക്തികളെ ചികില്‍സയിലിടക്ക് ലൈവായി വിളിച്ച് അവരുടെ കപട ന്യായങ്ങള്‍ വിശദീകരിക്കാന്‍ അവസരം കൊടുത്തു. മാധ്യമങ്ങള്‍ ആരോടാണ് മല്‍സരിക്കുന്നത്?

ഇപ്പോള്‍ പ്രവാസി മലയാളികളെ ചൊല്ലി മുതലക്കണ്ണീരൊഴുക്കാനായി നിരന്തരം വാര്‍ത്താ നാടകങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ശ്രദ്ധിച്ച ഒന്നില്‍ മുമ്പത്തെ ചീഫ് സെക്രട്ടറിയായ ജിജി തോംസണ്‍ അഹമ്മദാബാദില്‍ കഷ്ടപ്പെടുന്ന രണ്ടായിരം മലയാളികളെക്കുറിച്ച് വാചാലനായി. കേരള സര്‍ക്കാര്‍ അവര്‍ക്ക് ക്ലിയറന്‍സ് കൊടുത്തില്ല. അതിനാല്‍ വരാന്‍ കഴിയുന്നില്ല. കേരളസര്‍ക്കാരിന് കേരളത്തിലെ കോവിഡ്-19 രോഗികളുടെ എണ്ണം കുറച്ച് കാണിക്കാന്‍ വേണ്ടിയാണങ്ങനെ ചെയ്യുന്നത് എന്ന് പോലും അദ്ദേഹം പറഞ്ഞു. എത്ര നിഷ്ഠൂരരും വിവരം കെട്ടവരും ആണീ വിദ്വാന്‍മാര്‍.

യാതൊരു അംഗീകാരവും കിട്ടുന്നതിന് മുമ്പ് കേരളത്തിലേക്ക് തീവണ്ടിയുണ്ടെന്ന് പറഞ്ഞ് ഗുജറാത്തിലെ മലയാളികളേ ദുരന്ത സ്ഥലമായ അഹമ്മദാബാദില്‍ കേന്ദ്രീകരിപ്പിച്ചു. പിന്നീടാണ് നാടകങ്ങള്‍ അവിടെ നിന്ന് തുടങ്ങുന്നത്. (പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറഞ്ഞത് എല്ലാവരും അവരവര്‍ നില്‍ക്കുന്ന സ്ഥലത്ത് നില്‍ക്കണം എന്നാണ്.) പിന്നീട് കേരളത്തെ സമ്മര്‍ത്തില്‍ കൊണ്ടുവന്ന് യാത്ര നടത്താം എന്നാണ് അവര്‍ ഉദ്ദേശിച്ചത്.

എന്നാല്‍ ഇവര്‍ രണ്ടായിരം പേര് മാത്രമല്ല കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. അവര്‍ക്കെല്ലാം അവരുടേതായ അടിയന്തിരാവസ്ഥയും ഉണ്ട്. അങ്ങനെയുള്ള അവസരത്തില്‍ എങ്ങനെ ഇവരെ എല്ലാം കൊണ്ടുവരും. ഒരേ ഒരു മാര്‍ഗ്ഗമേയുള്ളു. സംയമനം പാലിക്കുക. കുത്തിക്കയറാന്‍ നോക്കരുത്. അങ്ങനെ ചെയ്താല്‍ പിന്നെ കേരളത്തിലേക്ക് വരണ്ട കാര്യം തന്നെ ഇല്ല. അല്ല, വേണമെങ്കില്‍ അന്യ ദേശത്തിന് പകരം മലയാള മണ്ണില്‍ വെച്ച് തന്നെ ചാകാനായി എന്ന് പറയാമായിരിക്കും. പക്ഷേ ആരോടാ? ചത്ത് കഴിഞ്ഞ് ആരോടാ പറയേണ്ടത്? കഷ്ടം

ഈ ജിജി തോംസണ്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനല്ല. ഗുമസ്തനായ അയാള്‍ക്ക് കാര്യങ്ങളുടെ ഗൌരവം അറിയില്ല. അല്ലെങ്കില്‍ അങ്ങനെ നടിക്കുന്നു. ഇത് വരുന്ന ആള് പാവമാണോ, ദുഷ്ടനാണോ എന്നതിനെക്കുറിച്ചല്ല. വരുന്ന ആള് ആരാണെങ്കിലും അയാളെ ക്വാറന്റീനില്‍ പാര്‍പ്പിക്കാനുള്ള സൌകര്യം തയ്യാറായോ, രോഗിയാണെങ്കില്‍ ചികില്‍സിക്കാനുള്ള സൌകര്യം തയ്യാറായോ എന്നതിനെക്കുറിച്ചാണ്. സാമൂഹ്യ വ്യാപനം തടയാനാണത്. ഓര്‍ക്കുക, ധാരാളം പേരില്‍ ഈ രോഗം ഒരു ലക്ഷണങ്ങവും കാണിക്കുകയില്ല. രോഗികളുടെ എണ്ണം കുറഞ്ഞിരിക്കേണ്ടത് കേരളത്തിന്റെ പൊങ്ങച്ചത്തിനല്ല. ചികില്‍സയില്ലാത്ത ഈ രോഗം ശരീരത്തിലുണ്ടാക്കുന്ന നാശങ്ങള്‍ക്ക് ഫലപ്രദമായി ചികില്‍സ നല്‍കണമെങ്കില്‍ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നേ മതിയാകൂ. പുറത്തു നിന്ന് വരുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് വ്യക്തായി കാണിക്കുന്നതാണ് പ്രശസ്ത ബൈക്ക് യാത്രികനായ ഷക്കീര്‍ സുഭാന്‍ (Shakir Subhan) തന്റെ അനുഭവം വിവരിച്ച വീഡിയോ(3). ഇത് ശരിക്കും മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യേണ്ട ജോലിയാണ്. പിന്നീട് ഇദ്ദേഹത്തെ മാധ്യമങ്ങള്‍ ആഘോഷിച്ചെങ്കിലും അവര്‍ എത്ര പരാജയമാണെന്ന് തെളിക്കുന്ന ഒരു സംഭവം കൂടിയാണ് ഈ വീഡിയോ. രോഗികളുടെ എണ്ണവും സാമൂഹ്യ വ്യാപനവും വര്‍ദ്ധിച്ചാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ചെയ്യാനാകുമോ.

ഈ അടിയന്തിരാവസ്ഥയില്‍ നികൃഷ്ടമായ വലതുപക്ഷ രാഷ്ട്രീയം കലക്കി മീന്‍പിടിക്കാന്‍ നോക്കുന്ന മാധ്യമങ്ങളും വിരമിച്ച് ഗുമസ്ഥന്‍മാരാരും ശരിക്കും തെമ്മാടികളും കൂട്ടമരണങ്ങള്‍ക്ക് കാരണക്കാരാകുന്ന വിവരംകെട്ടവരുമാണ്.

ദുരന്ത കാലത്ത് മാധ്യമങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്

 • സര്‍ക്കാരുമായി നൂറുശതമാനം ഒത്ത് നിന്ന് പ്രവര്‍ത്തിക്കുക. ഡല്‍ഹി സര്‍ക്കിനോട് പോലെ മുട്ടിലിഴയണമെന്നല്ല പറയുന്നത്. പകരം നിങ്ങളും സര്‍ക്കാരിന്റെ ഭാഗമെന്ന് കരുതി പ്രവര്‍ത്തിക്കണം.
 • സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ വ്യക്തമായി തെറ്റിധാരണയുണ്ടാക്കത്ത വിധം പറയണം. കാര്യങ്ങള്‍ മനസിലായില്ലെങ്കില്‍ ആദ്യം തന്നെ സര്‍ക്കാരുമായി ആലോചിച്ച് കാര്യങ്ങള്‍ മനസിലാക്കണം.
 • സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ സംശയദൃഷ്ടിയില്‍ കേള്‍ക്കണം. പക്ഷേ ചോദ്യങ്ങള്‍ ചോദിക്കണം. അതുവഴി കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ കണ്ടെത്തി സംശയങ്ങള്‍ ദൂരീകരിച്ച് ജനത്തിന് മുമ്പില്‍ കാര്യങ്ങള്‍ വ്യക്തമായി അവതരിപ്പിക്കണം.
 • സര്‍ക്കാര്‍ തെറ്റ് ചെയ്യുന്നുവെങ്കില്‍ അത് ആദ്യം സര്‍ക്കാരിനെ തന്നെ കാണിച്ച് കൂടുതല്‍ ശരിയായ ശാസ്ത്രീയമായ കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് തെറ്റ് തിരുത്തിക്കണം. പക്ഷേ അതിന് ശേഷം സര്‍ക്കാര്‍ തോറ്റേ ഞങ്ങള്‍ കേമന്‍മാരാണേ എന്ന് 5 ആം ക്ലാസുകാരനെ പോലെ വിളിച്ച് കൂവരുത്. ദുരന്തം എല്ലാം കഴിഞ്ഞ് സമാധാനപരമായ കാലത്ത് വേണമെങ്കില്‍ തങ്ങള്‍ ചെയ്ത കാര്യങ്ങള്‍ അവതരിപ്പിക്കാം. (പക്ഷേ അപ്പോഴും അതൊരു പൊങ്ങച്ച പ്രകടനം തന്നെ ആണ് എട്ടുകാലി മമ്മൂഞ്ഞേ.)
 • ദുരന്തകാലത്ത് എല്ലാവരും സര്‍ക്കാരിന്റെ ഭാഗമാണ്. നിങ്ങള്‍ തന്നെ കുത്തിയിളക്കി പാസില്ലാതെ നാട്ടിലെത്തിച്ച ആളിന് കോവിഡ് വന്ന് റോഡരികില്‍ കിടന്നെന്ന് മൂന്നരക്കോടി ജനത്തെ അറിയിക്കേണ്ട കാര്യമില്ല. മഹത്തായ കണ്ടുപിടുത്തം നടത്തിയ ആര്‍ക്കമഡീസിന്റെ ഭാവമാണ് അത് റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ മുഖത്ത്. അത് മോശമാണ്. അത് ജനത്തെ ഭയപ്പെടുത്തകയേയുള്ളു. പകരം നിങ്ങളുടെ ഉത്തരവാദിത്തമായി ആ സ്ഥലത്തെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വേണ്ടത് ചെയ്താല്‍ മതി. എല്ലാം റിക്കോഡ് ചെയ്തോളും. കോവിഡെല്ലാം കഴിഞ്ഞ് വേണമെങ്കില്‍ ആ റിപ്പോര്‍ട്ട് കൊടുക്കാം. സര്‍ക്കാരിനെ അന്ന് വിമര്‍ശിക്കുകയും ആകാം.
 • ഏത് ദുരന്തമായാലും അത് അതിജീവിക്കുന്നതിന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാലേ കഴിയൂ. ജനത്തിന് സര്‍ക്കാരില്‍ വിശ്വാസം ഉണ്ടാകണം. ആ വിശ്വാസത്തെ തകര്‍ക്കുന്ന ഒന്നും ചെയ്യരുത്. സര്‍ക്കാരിന്റെ തെറ്റുകളെ അവരുടെ കൂടെ നിന്ന് തിരുത്തിക്കണം.
  നിങ്ങളുടെ പ്രതിപക്ഷം കളി നടത്താനുള്ള സമയമല്ല ഇത്.

ദൌര്‍ഭാഗ്യവശാല്‍ ഇന്ന് ഇതിന് നേരെ വിപരീതമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്.

ഒരു ഗള്‍ഫ് യുദ്ധമോ ഗുജറാത്ത് കലാപമോ എന്ന മട്ടിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് സ്ഥലങ്ങളിലെല്ലാം പ്രശ്നമാണ്. മലയാളികളെ വേഗം നാട്ടിലെത്തിച്ചാല്‍ പ്രശ്നമെല്ലാം പരിഹരിച്ചു എന്ന് വിവരക്കേടാണത്. അന്യദേശത്തെ ആളുകള്‍ കേരളത്തിലെത്തിയാല്‍ ഇവിടെ പ്രശ്നം തുടങ്ങുകയാണ്. ഒരു പക്ഷേ ഈ സാമൂഹ്യ ദ്രോഹികള്‍ക്ക് അതാകും വേണ്ടത്.

പക്ഷേ കൊലയാളി മലയാളി മാധ്യമങ്ങളെ … ഓര്‍ക്കുക …. സത്യത്തില്‍ നിങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരെയാണ് കൊല്ലാന്‍ പോകുന്നത്. ഈ ദുരന്തത്തിന്റെ ആദ്യത്തെ ഇരകള്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അവര്‍ക്കാണ് നിങ്ങള്‍ പണികൊടുക്കുന്നത്. മാലാഖ വിളിയും സല്യൂട്ടടിയും ഒക്കെ നിങ്ങളുടെ തട്ടിപ്പാണ്.

ഈ തെമ്മാടികള്‍ സ്ക്രീനില്‍ വന്ന് കാണിക്കുന്ന, എഴുതുന്ന  കൊള്ളരുതായ്മകളല്ല മാധ്യമ പ്രവര്‍ത്തനം. ദയവ് ചെയ്ത് നാം അവരുടെ കോപ്രായങ്ങളെ പ്രമാണമായി എടുക്കരുത്. അത്രയെങ്കിലും നാം മനസിലാക്കിയിരിക്കണം.

അനുബന്ധം:
1. ലോകം മൊത്തം 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു
2. പാസില്ലാത്തവരെ തള്ളിക്കയറ്റാനുള്ള ശ്രമത്തിന്റെ കൂടെ ആരും നില്‍ക്കരുത്
3. https://www.youtube.com/watch?v=pGqpoz56bS8
4. ന്യൂയോര്‍ക്ക് നഗരരത്തിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ 48 മണിക്കൂറില്‍ ആത്മഹത്യ ചെയ്തു

കോവിഡ് – 19 നെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

ശരിക്കും ഇവര്‍ ചെയ്യേണ്ടത് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിന് പകരം ഇവര്‍ വിപരീത കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് അടിസ്ഥാനപരമായ ഒരു ചോദ്യം ഉയരുന്നു
2 – ആരാണ് മാധ്യമപ്രവര്‍ത്തകര്‍

(തുടരും…)


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “കോവിഡ്-19 ദുരന്തകാലത്തെ മാധ്യമപ്രവര്‍ത്തനം

 1. “കേരളത്തിന്റെ വാദം പൊളിയുന്നു: ട്രെയിൻ യാത്രക്കാരുടെ വിവരങ്ങൾ കൈമാറി; രേഖ പുറത്ത്”
  സംയമനം പാലിക്കുക, നിയമം പാലിക്കുക, ക്ഷമയോടെ കാത്തിരിക്കുക, ജാഗ്രതയോടിരിക്കുക. വാദിക്കാനുള്ള സമയമല്ല. അനുസരിക്കാനുള്ള സമയമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )