കോവിഡ്-19 ലോകം മൊത്തം അതിന്റെ ദുരന്തം വിതച്ചുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വലിയ ആള്‍ നാശവും സാമ്പത്തിക നാശവും ആണത് ലോക രാജ്യങ്ങളിലുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഡ്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. എന്നാല്‍ അതിന് വിപരീതമായി ചെറു സംസ്ഥാനമായ കേരളത്തില്‍ രോഗത്തെ ഇതുവരെ നിയന്ത്രണ വിധേയമാക്കി നിര്‍ത്തിയത് ലോക ശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി. അതിന്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന സര്‍ക്കാരിനുള്ളതാണ്. ചൈനയും മറ്റ് രാജ്യങ്ങളുമായി വലിയ വ്യാപാര സാമൂഹ്യ ബന്ധങ്ങളുള്ള മറ്റ് സംസ്ഥാനങ്ങള്‍ തുടക്കത്തില്‍ നിസംഗരായിര ഇരുന്നപ്പോള്‍ തുടക്കത്തില്‍ തന്നെ വ്യക്തമായ ആസൂത്രണത്തോടെ സംസ്ഥാനത്തെ മുഴുവന്‍ ശേഷികളും സംഘടിപ്പിച്ച് ഈ ദുരന്തത്തെ നേരിടാനുള്ള പ്രവര്‍ത്തനം സര്‍ക്കാര്‍ നടത്തി. അതിന് പൂര്‍ണ്ണ പിന്‍തുണ നല്‍കിക്കൊണ്ട് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരും മറ്റ് സര്‍ക്കാര്‍ സര്‍ക്കിതര സംഘങ്ങളും മുന്നോട്ട് വന്നതും ഈ ശ്രമത്തിന്റെ വിജയത്തിന് കാരണമായി.
എന്നാല്‍ സംസ്ഥാനത്തിന്റെ ഈ വിജയത്തെ സംസ്ഥാനത്തിനകത്ത് തന്നെയുള്ളവര്‍ക്ക് അത്ര വിശ്വാസം പോര. അവര്‍ പറയുന്നത് ഇത് രാജാവ് പണ്ടേ ജനങ്ങളുടെ ചികില്‍സക്ക് പ്രാധാന്യം കൊടുത്തതുകൊണ്ടാണെന്നും, അല്ല പാതിരിമാര്‍ പള്ളി/ആശുപത്രികള്‍ പണിത് ചികില്‍സാ വിദ്യാഭ്യാസം നല്‍കിയതുകൊണ്ടാണെന്നും, അല്ല സുവര്‍ണ്ണാവസരത്തില്‍ നേരേ പോയി ചാടികൊടുത്തവരുടെ നവോദ്ധാന പാരമ്പര്യം ആണെന്നും ഇതെല്ലാം കൂടിയാണെന്നും ഒക്കെ വ്യഖ്യാനം വന്നു.
എല്ലാറ്റിനും ഉത്തരം ആയി
ഈ രോഗത്തെക്കുറിച്ചോ, മഹാമാരിയുടെ സ്വഭാവത്തെക്കുറിച്ചോ എന്തെങ്കിലും ഒരു ബോധമുണ്ടെങ്കില്‍ ആര്‍ക്കും അങ്ങനെ പറയാനാവില്ല. അത് മാത്രവും അല്ല ഈ രാജാവും പാതിരിയും സ്ഥാപിച്ചത് സായിപ്പ് കണ്ടുപിടിച്ച ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആശുപത്രികളും മരുന്നും സംവിധാനങ്ങളും അല്ലേ. അങ്ങനെയെങ്കില്‍ നമ്മളേക്കാള്‍ കേമം ആകേണ്ടേ ഫലമല്ലേ സായിപ്പിന്റെ തന്നെ നാട്ടില്‍ അവ ഉണ്ടാക്കാന്‍. അമേരിക്കയുടെ കാര്യം നോക്കൂ. കോവിഡ്-19 കാരണം അവിടെ മരണ സംഖ്യ ഒരു ലക്ഷത്തിന് മേലെ ആയിരിക്കുകയാണ്. അപ്പോള്‍ രാജാവും പാതിരിയും പണ്ട് വെള്ളക്കാരെ കൊണ്ട് സ്ഥാപിച്ചതെന്ന് പറയുന്ന സംവിധാനങ്ങള്‍ എന്തുകൊണ്ട് വെള്ളക്കാരുടെ സ്വന്തം നാട്ടില്‍ നേരെ വിപരീത ഫലം നല്‍കി?
കേരളത്തിലെ ജനമെല്ലാം കേമന്‍മാരാണ്. നവോദ്ധാനം നേടിയവരാണ്. അവര്‍ക്കെല്ലാം അറിയാം. അതുകൊണ്ട് അവര്‍ ശരീയാ തീരുമാനങ്ങള്‍ സ്വയം എടുത്തു എന്ന ലിബറല്‍വാദമാണ് വേറൊന്ന്. സുവര്‍ണ്ണാവസരത്തില്‍ പോയി വീണ് നാട് നീളെ നവോദ്ധാനം പൊക്കിപ്പിടിച്ച് നടന്ന് ക്ഷീണിച്ച് താഴെവെച്ചവരാണ് അത്തരം വാദം ഉയര്‍ത്തുന്നതായി കണ്ടത്. കോവിഡ്-19 ചികില്‍സിക്കുന്ന നഴ്സുമാരെ അവര്‍ താമസിച്ചിരുന്ന വീടുകളില്‍ നിന്ന് ഇറക്കി വിട്ടു. വിദേശത്ത് നിന്ന് വരുന്നവര്‍ പനി ഇല്ലെന്ന് കാണിക്കാനായി പാരസിറ്റമോള്‍ കഴിച്ചിട്ട് വരുന്നു. ചെന്നെയില്‍ നിന്ന് വന്ന 25 പേര്‍ ക്വാറന്റീനില്‍ പോകാതെ മുങ്ങി. എത്രമാത്രം വാര്‍ത്തകളാണ് ഉണ്ടായത്. എന്ത് നവോദ്ധാനമാണിതിലെല്ലാം.
ചികില്‍സയില്ലാത്ത രോഗം
ആദ്യം മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ രോഗത്തിന് ചികില്‍സ ഇല്ല എന്നതാണ്. രോഗാണു ശരീരത്തിലുണ്ടാക്കുന്ന നാശങ്ങള്‍ക്ക് ചികില്‍സ കൊടുക്കാന്‍ മാത്രമേ കഴിയൂ. അത് മരണത്തില്‍ നിന്ന് കുറച്ച് സമയം വാങ്ങുന്നത് പോലെയാണ്. ആ സമയത്തിനുള്ളില്‍ രോഗിയുടെ ശരീരത്തിന് രോഗാണുവിനെ നശിപ്പിക്കാനായാല്‍ രോഗ മുക്തി നേടാനാകും. അത്രമാത്രമാണ് ചികില്‍സ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.
പക്ഷേ ഈ രീതി വിജയിക്കണമെങ്കില്‍ രോഗികളുടെ എണ്ണം കുറഞ്ഞിരിക്കണം. കാരണം ഒരു രോഗിക്ക് തന്നെ പല രംഗത്തിലെ അതീവശ്രദ്ധ കൊടുത്താലേ ജീവന്‍ നിലനിര്‍ത്താനാകൂ. പക്ഷേ രോഗികളുടെ എണ്ണം കൂടിയാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇവരെ നോക്കാനാകാതെ വരും. അടുത്ത ഘട്ടം ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ കൂടുതല്‍ രോഗികളാകുകയും മരിക്കുകയും ചെയ്യുന്ന സ്ഥിതിയിലെത്തും. ഇതാണ് ഈ രോഗത്തിന്റെ ചിത്രം.
മഹാമാരി ഒരു കാട്ടുതീയാണ്
വെറും പത്ത് പേരുടെ അശ്രദ്ധാപരമായ പെരുമാറ്റം മതി രോഗത്തെ വലിയ സാമൂഹ്യ വ്യാപനമാക്കി മാറ്റാന്‍. അത് നമ്മുടെ ചെറിയ ആരോഗ്യസംവിധാനത്തിന് താങ്ങാന്‍ പറ്റാത്ത വിധം ആകുകയും ആരോഗ്യ പ്രവര്‍ത്തകരെ പോലും കൊല്ലുന്ന സ്ഥിതിയിലേക്കെത്തിക്കുകയും ചെയ്യാം. വളരെ വലിയ ജാഗ്രതയാണ് അതില്‍ സര്‍ക്കാര്‍ സംവിധാനം ചെയ്തത്. ഇറ്റലിയില്‍ നിന്ന് വന്ന രോഗികള്‍ രോഗം സ്വന്തം മാതാപിതാക്കള്‍ക്കും അയല്‍ക്കാര്‍ക്കും കൊടുത്തപ്പോള്‍ അത് കണ്ടെത്തിയത് അയല്‍ക്കാരിയെ ചികില്‍സിച്ച ഡോക്റ്ററുടെ വളരെ സൂഷ്മമായ ശ്രദ്ധയായിരുന്നു. അത് കേവലം ഒറ്റപ്പെട്ട കാര്യമല്ല. തുടക്കത്തിലെ എല്ലവരോടും സര്‍ക്കാര്‍ കടുത്ത ജാഗ്രതയിലായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അല്ലെങ്കില്‍ എന്താണുണ്ടാകാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ ധാരണ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരുന്നു.
കോവിഡ്-19 രോഗികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ കേരളത്തിന് നല്‍കാനായി. അതിന്റെ ഫലമായി വലിയ തിരിച്ച് വരവാണ് രോഗികള്‍ക്കുണ്ടായത്. റാന്നിയിലെ മോന്‍ രോഗം കൊടുത്ത 90 ന് അടുത്ത് പ്രായമയായ വൃദ്ധരെ പോലും സുഖമാക്കി തിരികെ വീട്ടിലേക്ക് അയച്ചു. അത്തരം ധാരാളം വാര്‍ത്തകള്‍ കേരള സര്‍ക്കാരിന് കൂടുതല്‍ അത്മവിശ്വാസം നല്‍കി. പടിപടിയായി നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ കൊടുത്തു.
എന്നാല്‍ രോഗികളുടെ എണ്ണം പെട്ടെന്ന് കൂടിയതിനെ തുടര്‍ന്ന് ഗ്രീന്‍ സോണിലായിരുന്ന കോട്ടയം ഒറ്റ ദിവസം കൊണ്ട് റെഡ് സോണിലെത്തി. നമ്മുടെ മാത്രം കാര്യമല്ല ഇത്. നമ്മളെ പോലെ കോവിഡ്-19 നെ മെരുക്കിയ തെക്കന്‍ കൊറിയ പോലുള്ള രാജ്യങ്ങളിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. എല്ലാം സുരക്ഷിതമായെന്ന തോന്നല്‍ വന്ന് ദിവസങ്ങള്‍ക്കകം എല്ലാം തകിടം മറിയുന്ന അവസ്ഥ. അതാണ് സാംക്രമിക രോഗങ്ങളുടെ കളി. അതില്‍ ഒരു വിശ്രമവും ഒരു ഇളവും ഇല്ല. നിതാന്ത ജാഗ്രതയാണ് വേണ്ടത്.
ആരോഗ്യ രംഗത്തെ സര്‍ക്കാര്‍ നിക്ഷേപം
സ്വന്തം ആരോഗ്യം സ്വയം നോക്കിക്കൊള്ളണമെന്ന് ലിബറല്‍ ചിന്തക്ക് എതിരായ ഇടതു പക്ഷ സോഷ്യലിസ്റ്റ് ചിന്താഗതിയാണ് സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ സേവനം എല്ലാവര്‍ക്കും സൌജന്യമായി ഉറപ്പാക്കുക എന്നത്. അത് കേരളത്തിലെ മാറിമാറി വന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കിയിട്ടുണ്ട്. വലതുപക്ഷ സര്‍ക്കാര്‍ വരുമ്പോഴൊക്കെ സര്‍ക്കാര്‍ ആശുപത്രികളെ അവഗണിക്കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വലിയ നിക്ഷേപങ്ങളാണ് പൊതു ആരോഗ്യ രംഗത്തിന് വേണ്ടി ചിലവാക്കിയത്. ദുരന്ത കാലം വന്നപ്പോള്‍ ആ infrastrucre പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.
കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നന്ദി
അതുകൊണ്ട് മെച്ചപ്പെട്ട ചികില്‍സ ഉണ്ടായത് രാജാവിന്റേയോ, പാതിരിയുടേയോ, നവോദ്ധാനത്തിന്റേയോ, ആധുനിക വൈദ്യത്തിന്റേയോ മെച്ചമല്ല. അമേരിക്കയിലും ബ്രിട്ടണിലുമൊക്കെ ഏറ്റവും ആധുനികമായ വൈദ്യമല്ലേ? പിന്നെ എന്തുകൊണ്ട് മരണം കൂടി? അവിടെ എല്ലാം സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടണിന്റെ സര്‍ക്കാര്‍ മേഖലയിലെ NHS താച്ചറിന്റെ കാലം മുതല്‍ക്കേ സ്വകാര്യവല്‍ക്കരിക്കപ്പെട്ട് തകര്‍ന്നതാണ്. സ്വകാര്യമേഖലയും, കമ്പോളവും, വ്യക്തിയും ഒക്കെ അടിയന്തിര ഘട്ടത്തില്‍ പരാജയമാണ്. അത്തരം ഘട്ടത്തില്‍ സര്‍ക്കാര്‍ മേഖലയിലെ സൌജന്യ ജനകീയ ചികില്‍സ മാത്രമാണ് ആശ്രയം. അത് ദുരന്തമുണ്ടാകുന്ന ദിവസം സ്ഥാപിക്കാനാവില്ല. ആരോഗ്യ മേഖല ഒരിക്കലും സ്വകാര്യവല്‍ക്കരിക്കാന്‍ പാടില്ല. അമേരിക്കയില്‍ കോവിഡ്-19 ടെസ്റ്റിന് $1300 ഡോളറാണ്. ഇവിടെ നാം സൌജന്യമായാണ് ചെയ്യുന്നതെന്ന് കച്ചവട മാധ്യമപ്രവര്‍ത്തകന്‍ പോലും പറയുന്നു. നമ്മുടെ ജീവന്റെ നിലനില്‍പ്പ് മറ്റാരുടെയെങ്കിലും ലാഭത്തിനുള്ള വഴിയായി മാറാന്‍ പാടില്ല.
അതുകൊണ്ട് മാത്രം തീരുന്നതല്ല മഹാമാരി. ഒരു ചെറിയ പാകപ്പിഴ വന്നാല്‍ മതി എല്ലാം തകരാന്‍. ഇന്നലെ വരെ ഏറ്റവും നല്ല സ്ഥിതിയിലായിരുന്ന സംവിധാനത്തിന് പോലും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാകും. കാരണം ഈ രോഗത്തിന് മരുന്നില്ല. അതുകൊണ്ട് ഇത് മറ്റാരുടേയും മെച്ചമല്ല. ആരോഗ്യ രംഗത്ത് മുമ്പ് ജനകീയ സര്‍ക്കാരുകള്‍ നടത്തിയ നിക്ഷേപങ്ങളുടേയും, നല്ല ആസൂത്രണത്തിന്റെ, കാര്യക്ഷമതയുടേയും, അര്‍പ്പണബോധത്തിന്റേയും, കഠിനാദ്ധ്വാനത്തിന്റേയും, ആത്മവിശ്വാസത്തിന്റേയും വിജയമാണ്. കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പിന് നന്ദി. ഒപ്പം പോലീസ് ഉള്‍പ്പടെയുള്ള മറ്റ് സഹ വകുപ്പുകള്‍ക്കും നന്ദി.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.