കെ-റെയില്‍ – മുതലാളിത്തത്തിന്റെ ലാഭം ഉറപ്പാക്കാനുള്ള ഗുമസ്ഥ തൊഴിലുറപ്പ് പദ്ധതി

കേരളത്തില്‍ അതിവേഗം ഒരു അതിവേഗ തീവണ്ടി പാത വരുന്നു. സ്ഥലമെടുപ്പ് വരെ തുടങ്ങിയെന്നാണ് കേട്ടത്. ഉദ്ദേശം കാസര്‍കോട്ടുള്ള ഒരാള്‍ക്ക് രാവിലെ കാപ്പികുടിച്ചിട്ട് തീവണ്ടിയില്‍ കയറിയാല്‍ ഉച്ചക്ക് ഊണ് തിരുവനന്തപുരത്തിനിന്ന് കഴിക്കാം എന്നതാണ് ഇതിന്റെ മേന്മമായി മന്ത്രി പറയുന്നത്. ഇത്തരം കച്ചവട വാക്യങ്ങള്‍ നമ്മേ ഈ പദ്ധതിയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാണ് പ്രേരിപ്പിക്കുന്നത്. ജനങ്ങളാരും ഇത്തരം അതിവേഗ പുതിയ പാത വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. പിന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ അതിവേഗം. എന്തുകൊണ്ട് അതിവേഗ തീവണ്ടി പാത?

മുതലാളിത്തത്തിന്റെ ലാഭം ഉറപ്പിക്കുന്ന പദ്ധതി

1930കളില്‍ ലോക മുതലാളിത്തം വലിയ തകര്‍ച്ചയെ നേരിട്ടു. മഹാ സാമ്പത്തിക തകര്‍ച്ച എന്നാണ് അതിനെ വിളിക്കുന്നത്. വലിയ ആഘാതമാണ് അന്ന് ലോക രാജ്യങ്ങള്‍ നേരിട്ടത്. ആ ആഘാതം അതേപോലെ സാധാരണ ജനങ്ങളുടെ മേലെ പതിച്ചു. അത് വലിയ പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും കാരണമായി. ലോകം മൊത്തം കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും ശക്തിയാര്‍ജ്ജിച്ചു. അതിന്റെയൊക്കെ ഫലമായി ലോക മുതലാളിത്തത്തിന് അതിന്റെ നിഷ്ഠൂര ചൂഷണത്തിന് അയവുവരുന്നതിന് കാരണമാകുകയും ലോകം മൊത്തം രാജ്യങ്ങളെല്ലാം ക്ഷേമരാഷ്ട്രം എന്ന ആശയം നടപ്പാക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തു.

എന്നാല്‍ ആ സ്ഥിതി തുടര്‍ന്ന് പോയില്ല. 70കള്‍ക്ക് ശേഷം അന്നത്തെ നിയമങ്ങള്‍ക്ക് വെള്ളം ചേര്‍ക്കുകയും 90കള്‍ ആയപ്പോഴേക്കും അവ റദ്ദാക്കുക പോലുള്ള സ്ഥിതിയിലെത്തി. അതിന്റെ ഫലമായി 2008 ല്‍ വീണ്ടും മഹാ സാമ്പത്തിക തകര്‍ച്ചയുണ്ടായി. പക്ഷേ മുന്‍പരിചയമുണ്ടായിരുന്നതില്‍ ലോക മുതലാളിത്തത്തിന് ഈ സംഭവത്തെ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാനായി. പഴയതു പോലെ സാധാരണക്കാരിലേക്ക് ആഘാതത്തിന്റെ ഒരു ഭാഗം പതിച്ചുവെങ്കിലും ആവശ്യകത വര്‍ദ്ധിപ്പിച്ച് ഉത്പാദനം കൂട്ടാന്‍ ലോക മുതലാളിത്തത്തിന് കഴിഞ്ഞു.

2008 ലെ സാമ്പത്തിക തകര്‍ച്ച

സാധാരണ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ നിശ്ഛലമാകും. അതോടെ ഉത്പാദന പ്രക്രിയ നില്‍ക്കുകയും ആളുകളെ കൂട്ടത്തോടെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്യും. കമ്പോളം നിശ്ഛലമാകും. ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതി.

എന്നാല്‍ 2008 ല്‍ അത് മുമ്പത്തെ പോലെ വലിയ തോതില്‍ സംഭവിച്ചില്ല. കാരണം ചില സ്ഥലങ്ങളില്‍ ഉത്പാദനം വര്‍ദ്ധിച്ചു. അല്ലെങ്കില്‍ വര്‍ദ്ധിപ്പിച്ചു. അതില്‍ പ്രധാനം ചൈനയാണ്. അതിന്റെ ഒരു നല്ല സൂചകമാണ് കോണ്‍ക്രീറ്റിന്റെ ഉപയോഗം. 1900-1999 വരെയുള്ള നൂറ് വര്‍ഷം അമേരിക്ക ഉപയോഗിച്ച കോണ്‍ക്രീറ്റിനെക്കാള്‍ കൂടുതല്‍ കോണ്‍ക്രീറ്റ് ചൈന 2009 ല്‍ ഉപയോഗിച്ചു. അതില്‍ നിന്ന് ഉത്പാദനപ്രക്രിയയുടെ തോത് നമുക്ക് മനസിലാകും. പുതിയ നഗരങ്ങള്‍, റോഡുകള്‍, അതിവേഗ തീവണ്ടി പാതകള്‍ ഒക്കെ ഞൊടിയിട വേഗത്തിലാണ് അവിടെ അവര്‍ നിര്‍മ്മിച്ചത്.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ 2008 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ലോക മുതലാളിത്തത്തെ രക്ഷിച്ചത് കമ്യൂണിസ്റ്റ് ചൈന ആയിരുന്നു. ഔദാര്യമോ സേവനമോ ആയിട്ടല്ല അത് ചെയ്തത്. അതൊരു ബാദ്ധ്യതയായിരുന്നു. ലോകത്തിന്റെ ഉത്പാദന കേന്ദ്രമായി ചൈനയെ ആളുകള്‍ വിശേഷിപ്പിക്കയും കഥയറിയാത്ത കമ്യൂണിസ്റ്റുകള്‍ ചൈനയുടെ കേമത്തം പാടി പുകഴ്ത്തുകയും ചെയ്യുന്നത് നാം എപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ചൈന ലോക മുതലാളിത്തത്തിന്റെ അടിമയാണ്. ഏത് പണിയും ചെയ്യുന്ന വെറും ഒരു അടിമ. യഥാര്‍ത്ഥ യജമാനന്‍ മുതലാളിത്തമാണ്. അമേരിക്ക അവര്‍ക്ക് പ്രതിഫലമായി നല്‍കുന്നത് ഡോളര്‍ ആണ്. ലോക കറന്‍സികള്‍ക്ക് ഇന്ന് യാതൊരു അടിത്തറയും ഇല്ല. വെറും ഊഹവിലയാണതിന്. അത്തരം സാഹചര്യത്തില്‍ ഡോളറിന്റെ മൂല്യം നിലനിര്‍ത്തുകയെന്നത് വലിയ ഡോളര്‍ ശേഖരമുള്ള ചൈനയുടെ ആവശ്യമാണ്. അതിനാലാണ് അവര്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചത്.

അവര്‍ മാത്രമല്ല. അണ്ണാറക്കണ്ണന് തന്നാലാകുന്നത് എന്ന പോലെ ലോകത്തെ മറ്റ് രാജ്യങ്ങളും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. നമ്മുടെ നാട്ടില്‍ ഗ്രാമമെന്ന് തോന്നുന്ന കൊച്ചിയില്‍ പോലും മെട്രോ വന്നു. മൂന്ന് വര്‍ഷമായി 750 കോടി രൂപയുടെ നഷ്ടത്തിലാണ് അത്.

പദ്ധതി എന്താണ്, നിലനില്‍ക്കുന്നതാണോ, ജനത്തിന് ആവശ്യമുള്ളതാണോ എന്ന ചോദ്യമൊന്നുമില്ല. കഴിയുന്നത്ര സിമന്റ് കുഴക്കുക. അത്രമാതാത്രമേ ലക്ഷ്യമുള്ളു. കൊടികള്‍ കൂടുതന്നതിനനുസരിച്ച് സമ്പദ്‍‌വ്യവസ്ഥ ചലനാത്മകമാകും എന്നാണ് ഹൃസ്വദൃഷ്ടിമാത്രമുള്ള മുതലാളിത്തത്തിന് വേണ്ടത്. അപ്പോഴത്തെ ലാഭം. അത് മാത്രം. പക്ഷേ ഈ തുകയെല്ലാം ഹരിത വികസനത്തിന് ഉപയോഗിക്കാമായിരുന്നതാണ്. എങ്കില്‍ അത് സുസ്ഥിര വികസനം നല്‍കിയേനെ.

എന്നാല്‍ ഇപ്പോള്‍ പ്രബലമായ വ്യവസായങ്ങള്‍ കൂടുതല്‍ ഫോസിലിന്ധനം ചിലവാക്കുന്ന തരത്തിലാണ്. അതായത് പെട്രോഡോളര്‍ സമ്പദ്‌വ്യവസ്ഥയെ ആശ്രയിക്കുന്നത്. അതുകൊണ്ട് ഒരു മുന്‍വിചാരവുമില്ലാതെ അത് കൂടുതല്‍ വികസിപ്പിക്കുന്നു.

അതുകൊണ്ട് കെ-റെയില്‍ ഉള്‍പ്പടെ എല്ലാ കോടികളുടെ പദ്ധതികളും അങ്ങനെ മുതലാളിത്ത ലാഭം ഉറപ്പാക്കാനുള്ള പദ്ധതികളാണ് എന്ന് തിരിച്ചറിയണം. കൂടുതല്‍ കടം എടുക്കുന്നതിനനുസരിച്ച് ബാങ്കുകള്‍ക്ക് ലാഭം കൂടും, സമ്പദ്‌വ്യവസ്ഥ വികസിച്ച് വരും, ഓഹരിക്കമ്പോളും കുതിച്ചുയരും, സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകും.

ഗുമസ്ഥന്‍മാരുടെ തൊഴിലുറപ്പ് പദ്ധതി

തൊഴിലുറപ്പ് എന്ന് കേള്‍ക്കുമ്പോള്‍ പാവം അയല്‍ക്കൂട്ട സ്ത്രീകള്‍ നടത്തുന്ന കായികാദ്ധ്വാനത്തെക്കുറിച്ചാകും എല്ലാവര്‍ക്കും ഓര്‍മ്മയില്‍ വരുക. എന്നാല്‍ അതല്ല ശരിക്കുള്ള തൊഴിലുറപ്പ് പദ്ധതി. ഉള്ള തൊഴില്‍ നിലനിര്‍ത്തുന്ന പരിപാടിയാണ് ശരിക്കുള്ള തൊഴിലുറപ്പ്. IASകാര്‍ മുതല്‍ ഗസറ്റഡ് റാങ്കിലുള്ളവര്‍ വരെ വിരമിച്ച ശേഷവും തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ വേണ്ടി കൊണ്ടുവരുന്ന സര്‍ക്കാര്‍ പദ്ധതികളാണ് അവ.

സാധാരണ രാഷ്ട്രീയക്കാര്‍ക്കാണ് സീറ്റ് വിട്ടുകൊടുക്കുന്നതില്‍ മടി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരിമിച്ചാലും സീറ്റ് വിട്ടു കൊടുക്കാതിരിക്കുന്നത് ഇപ്പോഴത്തെ ഒരു രീതി ആണ്. അവര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുതിയ സീറ്റ് കണ്ടുപിടിച്ച് കൊടുക്കും.
സത്യത്തില്‍ സര്‍ക്കാരെന്ന് പറയുന്നത് തന്നെ ഉദ്യോഗസ്ഥരാണ്. നട്ടെല്ലുള്ള രാഷ്ട്രീയക്കാരുടെ കാലം കഴിഞ്ഞു. എല്ലാം അരമന നിരങ്ങികളാണ്. സീറ്റിനെക്കുറിച്ചുള്ള പേടി മാത്രമേ അവര്‍ക്കുള്ളു.

കെ-റെയില്‍ വന്നാല്‍ കുറച്ച് ഉന്നത IASകാര്‍ക്കും പിന്നെ അവരുടെ ശിങ്കിടികളായ അനേകം ആള്‍ക്കാര്‍ക്കും വിരമിക്കല്‍ പ്രായം കഴിഞ്ഞാലും വരുമാനം കിട്ടുന്ന തൊഴില്‍ ഉറപ്പിക്കാനാകും.

യാത്രയെക്കുറിച്ച് 21ാം നൂറ്റാണ്ട് ശരിക്കും ആവശ്യപ്പെടുന്നതെന്താണ്?

ആഗോള ശരാശരി താപനിലയിലെ വര്‍ദ്ധനവ് 1.5°C ക്ക് താഴെ നിര്‍ത്തണമെങ്കില്‍ നാം നമ്മുടെ ഹരിതഗൃഹവാതക ഉദ്‌വമനം ചുരുക്കിക്കൊണ്ടുവരാന്‍ ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന സമയം ഏതാനും വര്‍ഷങ്ങളാണ്. ഈ കാലത്ത് നാം അത് ചെയ്തില്ലെങ്കില്‍ ശരാശരി താപനിലാവര്‍ദ്ധവ് വളരെ അധികമാകുകയും ഭൂമിയിലെ കാലാവസ്ഥ പൂര്‍ണ്ണമായും അസ്ഥിരമാകുകയും ചെയ്യും. അതായത് എപ്പോഴും കൊടുംകാറ്റും പേമാരിയും വരള്‍ച്ചയും ഹിമപാതവും ഒക്കെ മാറി മാറി സംഭവിച്ചുകൊണ്ടിരിക്കും. അതുപോലെ പുതിയ positive feedback cycleകള്‍ ഉണ്ടാകുകയും താപനില വീണ്ടും കൂടുന്നതിനും കാരണമാകും.

ഇപ്പോള്‍ മൊത്തം കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ 24% വരുന്നത് ഗതാഗതത്തില്‍ നിന്നാണ്. അങ്ങനെയുള്ള സ്ഥിതിയില്‍ നാം എന്താണ് ചെയ്യേണ്ടത്. കഴിയുന്നത്ര ഉദ്‌വമനം കഴിയുന്നത്ര വേഗത്തില്‍ കുറക്കണം. അതിനുള്ള ആദ്യ വഴിയാണ് യാത്ര വേണ്ടെന്ന് വെക്കുന്നത്. നാം യാത്ര ചെയ്യരുത്. അങ്ങനെ സംഭവിക്കണമെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റാനായ സംവിധാനങ്ങള്‍ ഉണ്ടാകണം. കോവിഡ്-19 നമ്മേ പഠിപ്പിച്ച ഏറ്റവും വലിയ കാര്യം അതാണ്. പക്ഷെ അത് അല്‍പ്പം തീവൃമായ സ്ഥിതിയായിരുന്നു. എന്നാല്‍ അതല്ലാതെ എല്ലാത്തലത്തിലും ഗതാഗതം കുറക്കാനായ നടപടികളും സംവിധാനങ്ങളും സ്ഥാപിക്കണം.

ഉദാഹരണത്തിന് ഓരോ ആളുകളുകള്‍ കടയില്‍ പോകുമ്പോള്‍ ഓരോ യാത്രയാണുണ്ടാകുന്നത്. പകരം നാം എല്ലാവരും കടയിലേക്ക് സാധനങ്ങളുടെ പട്ടിക വിളിച്ച് പറയുകയാണെങ്കില്‍ കടക്കാരന് ഒറ്റ യാത്രയില്‍ എല്ലാ സാധാനങ്ങളും വിതരണം ചെയ്യാനാകും. അതാണ് സ്മാര്‍ട്ടായ വഴി. ആളുകളുടെ സ്ഥലം മാറ്റം അതത് ജില്ലയില്‍ മാത്രമായി നിജപ്പെടുത്തണം. പഞ്ചായത്തിരാജ് പോലെ അധികാരം വികേന്ദ്രീകരിക്കണം. ആരും തിരുവനന്തപുരത്ത് പോയി കാര്യം നടത്തേണ്ട ആവശ്യം ഉണ്ടാകരുത്.

ഓര്‍ക്കുക, കാറിന്റെ അടിസ്ഥാനത്തില്‍ നഗരത്തെ ആസൂത്രണം ചെയ്താല്‍ കാറില്ലാതെ ആ നഗരത്തില്‍ ജീവിക്കാനാകാത്ത സ്ഥിതിയുണ്ടാകും. സമ്പന്ന രാജ്യങ്ങള്‍ അതിന് ഉദാഹരണമാണ്. അതുപോലെ അതിവേഗ തീവണ്ടിപാത അടിസ്ഥാനമായി സംസ്ഥാനത്തെ ആസൂത്രണം ചെയ്താല്‍ അതില്ലാതെ ജീവിക്കാനാകില്ല.

അതുകൊണ്ട് അധികാരികള്‍ ആദ്യം കളയേണ്ടത് കട്ടിലിന്റെ നീളമനുസരിച്ച് ആളിനെ വെട്ടുന്ന വിവരക്കേട് അവസാനിപ്പിക്കുകയാണ്. കാസര്‍കോട്ടുകാരന് തിരുവനന്തപുരത്തെത്താന്‍ 12 മണിക്കൂര്‍ എടുക്കുന്നുവെങ്കില്‍, അതിന് പരിഹാരം കാസര്‍കോട്ടുകാരന് തിരുവനന്തപുരത്ത് പോകേണ്ട അവസ്ഥ ഉണ്ടാക്കാതിരിക്കലാണ്. അല്ലെങ്കില്‍ അതിന്റെ ആവശ്യകത കുറക്കലാണ്.

വികേന്ദ്രീകൃത ആസൂത്രണവും കോവിഡ്-19ഉം

പഴഞ്ചന്‍ വികസന പദ്ധതികള്‍ ബൌദ്ധികമായി വൃദ്ധരായവരുടെ മനോ വിഭ്രാന്തിയാണ്. അത് തള്ളിക്കളയുക. സത്യത്തില്‍ ഈ നൂറ്റാണ്ടില്‍ നമുക്ക് വേണ്ടത് മിടുക്കന്‍ പരിഹാരങ്ങളാണ്. അതിന് വേണ്ട സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്.

ഒരു ഫാക്റ്ററിക്കകത്ത് തൊഴിലാളി ചെയ്യുന്ന ജോലി ലാഭം കൂട്ടാനായി മെച്ചപ്പെടുത്തുന്ന മാനേജുമെന്റ് പരിപാടികളെ പോലെ നാം സമൂഹത്തില്‍ ചെയ്യുന്ന പ്രവര്‍ത്തികളെ വിശകലനം ചെയ്ത് ജനകീയമായി ഏറ്റവും ഫലപ്രദമായ രീതി കണ്ടെത്തി അത് നടപ്പാക്കുക. ഒരു ജില്ലയിലെ എല്ലാവര്‍ക്കും വേണ്ട ഭരണ ആവശ്യങ്ങള്‍ കുറഞ്ഞത് ജില്ലാ കേന്ദ്രങ്ങളിലേക്ക് എങ്കിലും കേന്ദ്രീകരിക്കുക. ജോലിക്കാരുടെ സ്ഥലം മാറ്റം അതത് ജില്ലയില്‍ മാത്രമേ ആകാവൂ എന്ന നിബന്ധന കൊണ്ടുവരിക. മെച്ചപ്പെട്ട ചികില്‍സാ സൌകര്യങ്ങള്‍ അതത് ജില്ലയില്‍ മെച്ചപ്പെടുത്തുക. ഓഫീസുകള്‍ ഇ-ഓഫീസുകളാക്കുക. യോഗങ്ങള്‍ ഓണ്‍ലൈനിലേ നടത്താവൂ. തുടങ്ങി അനേകം കാര്യങ്ങള്‍ നമുക്ക് ചെയ്യാനാകും.

ഇതെല്ലാം നാം കുറെയൊക്കെ കോവിഡ‍്-19 നമ്മേ ഇതിനകം തന്നെ പഠിപ്പിച്ചിട്ടുണ്ട്. അത് കൂടുതല്‍ വിപുലമാക്കുക. അനാവശ്യ യാത്രകള്‍ ഒഴുവാക്കുക. കെ-റെയില്‍ പദ്ധതി ഉപേക്ഷിക്കുക.

അനുബന്ധം:
1. വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്

***

വിഷയേയിതരം: ഇന്ന് 7/10/2021. അസ്ഥിരമായ കാലാവസ്ഥയോട് കേരളം ചേര്‍ന്ന് പോകണമെന്ന് പ്രളയം കഴിഞ്ഞ് മൂന്നാം വര്‍ഷം വിദഗ്ദ്ധര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞു തുടങ്ങി. എന്തുകൊണ്ട് നമുക്ക് നമ്മുടെ വികസന ഫണ്ട് സുസ്ഥിര ഭാവിക്ക് വേണ്ടി ചിലവാക്കിക്കൂടാ? ഇപ്പോഴുള്ള infrastructure നിലനിര്‍ത്തിക്കൊണ്ട് ഈ 64000 കോടി രൂപ കാര്‍ബണ്‍ ന്യൂട്രലാകാനായി ചിലവാക്കിക്കൂടാ? പണം ചിലവാക്കിയാല്‍ തീര്‍ച്ചായും വികസനം ഉണ്ടാകും. പക്ഷേ അത് ജനങ്ങള്‍ക്ക് മൊത്തവും ഭാവി ജനങ്ങള്‍ക്കും ഗുണകരമാകും എന്ന കുഴപ്പമേയുള്ളു!


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

സിൽവർ ലൈൻ, silver line, k rail,

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )