ലോക കേരളസഭ മോശം ആശയം ആണ്, അത് പൂർണ്ണമായും നിർത്തലാക്കുക

അമേരിക്കയിൽ American Legislative Exchange Council (ALEC) എന്ന പേരിൽ ഒരു സംഘടനയുണ്ട്. “പാർട്ടി ഭേദമില്ലാതെ പൊതു-സ്വകാര്യ പങ്കാളിത്തോടെ” നിയമ നിർമ്മാണത്തിൽ ജന പ്രതിനിധികളെ സഹായിക്കാൻ എന്ന പേരിൽ ആണ് അത് രൂപീകരിക്കപ്പെട്ടത്. പൊതുജനങ്ങളുടെ ചിലവിൽ പൊതുജനങ്ങൾ അറിയാതെ കോർപ്പറേറ്റുകളുടെ ലാഭം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കോർപ്പറേറ്ര് സ്വാധീനിക്കൽകാരുടെ (lobbying) ഒരു വലിയ ശൃംഖലയാണ് അത്. സത്യത്തിൽ സർക്കാരുകൾ എങ്ങനെ ഗൂഢമായി പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒന്നാണ് ഈ സംഘടനയും അതിന്റെ പ്രവർത്തനവും.

മിക്ക ജനാധിപത്യ രാജ്യങ്ങളും ഒരു വലിയ പാർളമെന്റ്, പിന്നെ ചെറിയ സംസ്ഥാനങ്ങൾ എന്ന ഘടനയിലാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ഫെഡറൽ പാർളമെന്റ് എല്ലാവർക്കും പൊതുവായ നിയമ നിർമ്മാണം നടത്തുന്നു. സംസ്ഥാന നിയമ സഭകൾ അതത് സംസ്ഥാനങ്ങൾക്ക് വേണ്ട നിയമം നിർമ്മിക്കുന്നു. ഫെഡറൽ സർക്കാർ നടത്തുന്ന നിയമ നിർമ്മാണങ്ങളും രാജ്യം മൊത്തവും ചിലപ്പോൾ ലോകം മൊത്തവും ചർച്ചയാകും. അതേ സമയം സംസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തികൾ മിക്കപ്പോഴും അതത് സംസ്ഥാനത്തിലേ ചർച്ചയാകൂ. അപ്പോൾ ആരും ശ്രദ്ധിക്കാതെ ഒരു നിയമം രാജ്യം മൊത്തം നടപ്പാക്കണമെങ്കിൽ എന്ത് ചെയ്യണം. സംശയം വേണ്ട ആദ്യം ഒരു ചെറിയ സംസ്ഥാനത്ത് ആ നിയമം നടപ്പാക്കുക. പിന്നെ പടിപടിയായി ഓരോ ഓരോ സംസ്ഥാനത്തും നടപ്പാക്കു. ആരും അറിയില്ല. വലിയ എതിർപ്പ് ഉണ്ടാകില്ല. അതാണ് ALEC ലൂടെ അമേരിക്കയിൽ നടക്കുന്നത്.

അമേരിക്കയിലെ ദേശീയ തലത്തിൽ സർക്കാർ വലിയ പ്രവർത്തനങ്ങൾ ഒന്നും നടത്തുന്നില്ല. എല്ലാം നടക്കുന്നത് സംസ്ഥാന തലത്തിലാണ്. ഉദാഹരണത്തിന്, ജനുവരി 2013 മുതൽ നവംബർ 2014 വരെയുള്ള കാലത്ത് ഫെഡറൽ സർക്കാർ 185 നിയമങ്ങളാണ് പാസാക്കിയത്. എന്നാൽ അതേ സമയത്ത് സംസ്ഥാന സർക്കാരുകൾ 24,000 നിയമങ്ങൾ പാസാക്കി. അമേരിക്കയിലെ സംസ്ഥാന ജനപ്രതിനിധികളിൽ നാലിലൊന്നും അലെക്കിന്റെ അംഗങ്ങളാണ്. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നാലിലൊന്ന് സ്ഥാനാർത്ഥികളേയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നവരും ആണ്.

സംഘടിച്ച് വിലപേശാനുള്ള അവകാശത്തിൽ വെള്ളം ചേർക്കുക, ചില അമേരിക്കക്കാർക്ക് വോട്ട് ചെയ്യുന്നത് ദുഷ്കരമാക്കുക, ഉപഭോക്താക്കൾക്ക് ദോഷമുണ്ടാകുമ്പൾ അതിന്റെ ഉത്തരവാദിത്തം കമ്പനികളിൽ വരുന്നത് കുറക്കുക, പരിസ്ഥിതി വിരുദ്ധ നിയമങ്ങളുണ്ടാക്കുക, പുനരുത്പാദിതോർജ്ജ വിരുദ്ധ നിയമങ്ങളുണ്ടാക്കുക തുടങ്ങിയവയൊക്കെ അവരുടെ താൽപ്പര്യങ്ങളാണ്. ആരാണ് ഇതിന്റെയെല്ലാം പിറകിൽ എന്ന് പൊതുജനം അറിയായെതാണ് ഇതെല്ലാം നടക്കുന്നത്. പല നിയമങ്ങളും അലെക്കിന്റെ കരട് ബില്ലിന്റെ ഈച്ചക്കോപ്പി പോലും ആണ്.

ഉദാഹരണത്തിന് മിനസോട്ട സംസ്ഥാനത്തെ ഒരു ജനപ്രതിനിധിയായ Steve Gottwalt കൊണ്ടുവന്ന ഒരു ബില്ല്, അലെകിന്റെ വെബ്സൈറ്റിൽ കൊടുത്ത കരട് ബില്ലിന്റെ അതേ ഫോണ്ടും വലിപ്പവും അതേ ലോഗോയും
വെച്ചുകൊണ്ടായിരുന്നു നിയമ സഭയിൽ അവതരിപ്പിച്ചത് എന്ന് Joe Atkins എന്ന ജന പ്രതിനിധി വിമർശിച്ചിരുന്നു. അവിടെ ഭരണഘടനാ സ്ഥാപനത്തിന് വെളിയിൽ നിന്ന് വരുന്ന ഇത്തരം ഇടപെടലുകളെ മോശമായിട്ടെങ്കിലും കാണുണ്ട്. “യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അലെക്” എന്നൊരു ഡോക്കുമെന്ററി സിനിമയും (1) ധാരാളം വാർത്താ പരിപാടികളും ഈ സംഘടനയെ വിമർശിച്ച് പ്രസിദ്ധപ്പെടുത്തിയിരുന്നു (2), (3).

ലോക കേരള സഭ

അലെകിന്റെ കോമാളിവൽക്കരിച്ച ഒരു പതിപ്പാണ് ലോക കേരള സഭ എന്ന പേരിൽ നമ്മുടെ കേരളത്തിലും നടന്നത്. ഇവിടെ അത് മുഖ്യധാരാ സംഭവമായാണ് നടക്കുന്നത്.

കേരളത്തിൽ നിന്ന് ധാരാളം ആളുകൾ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്ത് പോയി ജോലി ചെയ്യുന്നുണ്ട്. നാട്ടിലെ തൊഴിലില്ലായ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും രക്ഷനേടാനായി നാടുവിടുന്നവരാണ് അവർ. ദൂര സ്ഥലങ്ങളിൽ ജീവിക്കുന്ന അവർക്ക് ധാരാളം പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങളിൽ അവരെ സഹായിക്കാനും മറ്റും എന്ന പേരിലാണ് ലോക കേരള സഭ രൂപീകൃതമായത്. പിന്നീട് ധാരാളം വിമര്‍ശനങ്ങളുണ്ടായതിനാലാവണം അവരുടെ സൈറ്റില്‍ എങ്ങും തൊടാത്തൊരു ലക്ഷ്യം എഴുതിവെച്ചിട്ടുണ്ട്. കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്‌.

കേരള നിയമസഭയിലെ മൊത്തം അംഗങ്ങളും, അതായത് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണ പ്രതിപക്ഷ അംഗങ്ങളും, ഉന്നത ഉദ്യോഗസ്ഥരും, വിദേശത്ത് ജോലി ചെയ്യുന്നവരുടെ പ്രതിനിധികളും, വ്യവസായ പ്രമുഖരും, “പൗര പ്രമുഖരും” …… അടങ്ങിയതാണ് ഈ സംഘം. (പൗര പ്രമുഖരെന്ന വാക്ക് നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ? ഉണ്ടാകാൻ വഴിയില്ല. കാരണം രാജ ഭരണകാലത്തായിരുന്നു അത്തരം സ്ഥാനങ്ങളുണ്ടായിരുന്നത്. ചരിത്രം ആവർത്തിക്കുമെന്ന് പറയുന്നത് പോലെ ആ അശ്ലീല വാക്ക് വീണ്ടും വന്നിരിക്കുകയാണ്.)

പ്രവാസികൾക്ക് പ്രശ്നങ്ങളുണ്ടെങ്കിൽ അതിനായി ഇപ്പോൾ തന്നെ ധാരാളം സർക്കാർ സംവിധാനങ്ങളുണ്ട്. അത് പോരെങ്കിൽ അത് പരിഹരിക്കാനുള്ള ശ്രമം നടത്തുക. അതിന് ഇത്തരം ഒരു സംഘടനയുടെ ആവശ്യമില്ല.

അമേരിക്കയിൽ അവർ അത്തരമൊരു സംഘടന പ്രചാരണമില്ലാതെ സ്വകാര്യമായാണ് നടത്തിക്കൊണ്ട് പോയിരുന്നത്. എന്നാൽ ഇവിടെ ഈ നാണംകെട്ട കാര്യം വലിയ ഒരു സംഭവമാണെന്ന് പ്രചരിപ്പിച്ചാണ് നടത്തിക്കൊണ്ട് പോയത്. നിയമ സഭക്ക് പുറത്ത് നിയമങ്ങൾ നിർമ്മിക്കാൻ വേറൊരു സംവിധാനം വേണോ? അത്രക്ക് കഴിവ് കെട്ട ആളുകളെയാണോ നാം തെരഞ്ഞെടുത്ത് നിയമസഭയിലേക്ക് അയക്കുന്നത്? ദയവ് ചെയ്ത് ഈ പ്രഹസനം അവസാനിപ്പിക്കുക. ഈ ആശയത്തേയും തള്ളിക്കളയുക. പൗരപ്രമുഖരെഴുതുന്ന ബില്ലുകൾക്ക് താഴെ ഒപ്പ് വെക്കാനല്ല നാം ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്.

1. https://neritam.com/2012/11/11/the-united-states-of-alec/
2. https://neritam.com/2012/04/27/what-is-alec/
3. https://neritam.com/?s=alec


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു അഭിപ്രായം ഇടൂ