ബിഹാറിലെ നളന്ദ ജില്ലയിലെ മാരി ഗ്രാമത്തിലെ നൂറ്റാണ്ട് പഴക്കമുള്ള ഒരു പള്ളിയും ശവകുടീരവും സംരക്ഷിക്കുന്നത് ഹിന്ദുക്കളാണ്. കെട്ടിടനിർമ്മാണ സൈറ്റിലെ പണി കഴിഞ്ഞ് മൂന്ന് ചെറുപ്പക്കാർ – അജയ് പാസ്‌വാൻ, ബഖോരി ബിന്ദ്, ഗൌതം പ്രസാദ് – ചേർന്ന് അത് വൃത്തിയാക്കാൻ തീരുമാനിച്ചു. “ഞങ്ങൾ കാടൊക്കെ വെട്ടിത്തെളിച്ച് മസ്ജിദ് പെയിന്റ് ചെയ്തു. മോസ്കിന്റെ മുമ്പിലായി ഒരു വലിയ തട്ടും നിർമ്മിച്ചു,” അജയ് പറയുന്നു. സന്ധ്യാവിളക്ക് കത്തിക്കാനും തുടങ്ങി അവർ.
ഒരു ശബ്ദസംവിധാനം സ്ഥാപിച്ച്, പള്ളിയുടെ മകുടത്തിൽ ഒരു ഉച്ചഭാഷിണിയും അവർ വെച്ചു. “ഞങ്ങൾ ആ സൌണ്ട് സിസ്റ്റത്തിലൂടെ ആസാൻ പ്രാർത്ഥന വായിച്ചു”, അജയ് കൂട്ടിച്ചേർത്തു. വൈകാതെ, മാരി ഗ്രാമത്തിൽ, മുസ്ലിങ്ങൾക്കായി അഞ്ചുനേരവും പ്രാർത്ഥനയ്ക്കുള്ള വാങ്ക് വിളി മുഴങ്ങാൻ തുടങ്ങി. ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു ഗ്രാമമാണ് മാരി.
അമ്പത് വർഷം മുമ്പ്, മാരിയിൽ മുസ്ലിങ്ങളുടെ ഒരു ചെറിയ വിഭാഗമുണ്ടായിരുന്നു. 1981-ലെ കുപ്രസിദ്ധമായ ബിഹാർ ഷറിഫ് വർഗ്ഗീയകലാപത്തിനുശേഷം അവർ ആ സ്ഥലത്തുനിന്ന് ഒഴിഞ്ഞുപോയി. ഒരു ഏപ്രിൽ മാസത്തിൽ, ഒരു കള്ളുഷോപ്പിൽവെച്ചുണ്ടായ തർക്കത്തിൽനിന്ന് പടർന്ന ആ ഹിന്ദു-മുസ്ലിം കലാപത്തിൽ 80 പേർക്ക് ജീവൻ നഷ്ടമായി.
മാരിയിൽ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെങ്കിലും, പ്രദേശത്തെ സംഘർഷാവസ്ഥ മുസ്ലിങ്ങളെ വല്ലാതെ ഉലയ്ക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു. ക്രമേണ അവർ അവിടെനിന്ന് മാറി, സമീപത്തായി, മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് താമസമായി.
ബെൻ ബ്ലോക്കിലെ മാരി ഗ്രാമത്തിലെ ജനസംഖ്യ 3,307 (2011-ലെ സെൻസസ്) ആണ്. പിന്നാക്കവിഭാഗങ്ങളും ദളിതുകളുമാണ് അവരിൽ ഭൂരിഭാഗവും. മസ്ജിദിനെ പരിപാലിക്കുന്ന ചെറുപ്പക്കാർ: അജയ് ഒരു ദളിതനാണ്, ബഖോരി ബിന്ദ് ഇ.ബി.സി.യും (എക്സ്ട്രീമിലി ബാക്വേഡ് ക്ലാസ്), ഗൌതം പ്രസാദ് ഒ.ബി.സി.യും (മറ്റ് പിന്നാക്കവിഭാഗം) ആണ്.
— സ്രോതസ്സ് ruralindiaonline.org | APR 11, 2024
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.