കാളകൂടം കുടിച്ച മഹാദേവന്റെ ഗാംഭീര്യത്തോടെയാണ് ഗുവാഹത്തിയില്‍ വച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ധേബാര്‍ കേരളത്തില്‍ “കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍” വീണതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. മറ്റെവിടത്തേക്കാള്‍ അധികം കേരളത്തില്‍ സാമൂഹിക ജീവിതത്തിലെ സകല പ്രതിലോമഘടകങ്ങള്‍ക്കും ഓടിക്കയറാവുന്ന ഒരു ഗുഹയായി മാറിയിരിക്കുന്നു കോണ്‍ഗ്രസ്സ്. സംഘടന നിറയെ ഇപ്പോള്‍ രാജ്യഭക്തരായി മാറിയ മുന്‍രാജഭക്തരും അധികാരമോഹികളും അധികാരത്തിലിരിക്കെ സ്വയം സഹായിക്കുന്നതിലും സുഹൃത്തുക്കളെ സഹായിക്കുന്നതിലും വ്യാപൃതരാവുക കാരണം രാജ്യത്തെപ്പറ്റി തെല്ലും ചിന്തിക്കാതിരുന്നവരും അടങ്ങുന്ന അവസരവാദിക്കൂട്ടമാണ്. കോണ്‍ഗ്രസ് സംഘടനാസംവിധാനമാകെ ഒരു ചെറിയ വരേണ്യവര്‍ഗത്തിന്റെ പാദസേവയ്കായി നിലനില്കുകയാണ്. മറ്റുള്ളവര്‍ നിശ്ശബ്ദ സാക്ഷികളോ സജീവപിണിയാളുകളോ ആകുന്നു. ആ വരേണ്യവര്‍ഗ്ഗമാകട്ടെ, അകമേ അന്തമില്ലാതെ പോരടിച്ചുകൊണ്ടിരിക്കുന്നു. ഒരു മുഖ്യന്‍ അട്ടിമറിക്കപ്പെടുമ്പോള്‍ പുതിയ ഒരു മേലാളന്‍ അനിവാര്യമായും ന്യൂഡല്‍ഹിയുടെ അംഗീകാരം നേടുന്നു. എല്ലായ്പോഴും കൂറ് ന്യൂഡല്‍ഹിയോടാണ്, ജനങ്ങളോടല്ല. അങ്ങനെ, അതിമോഹികളായ തൊഴിലന്വേഷികളാണ്, ലക്ഷപ്രഭുക്കളായ തോട്ടമുടമകളുടെ പിന്തുണയോടെ, കേരളത്തില്‍ കോണ്‍ഗ്രസ്സിനെ വട്ടമിട്ട് നില്കുന്നത്.
പ്രശ്നത്തിന് മറ്റൊരുവശം കൂടിയുണ്ട്. കേരളത്തില്‍, ഒരുപക്ഷെ മലബാര്‍ ഒഴിച്ചുള്ള ഭാഗത്ത്, നേരിട്ട് ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലായിരുന്ന ഇന്നത്തെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെ നിസ്വാര്‍ഥസേവനം, ജനപക്ഷത്തുനിന്നുള്ള പോരാട്ടം എന്നിവയുടെ പാരമ്പര്യം കോണ്‍ഗ്രസ്സിന് അവകാശപ്പെടാന്‍ കഴിയില്ല – ഇന്ത്യയിലെ ലക്ഷോപലക്ഷം ജനങ്ങളുടെ അപ്രതിരോധ്യമായ മന്നേറ്റത്തിന്റെ വേലിയേറ്റത്തിനൊപ്പം ഒടുവില്‍ തിരുകൊച്ചിയിലെ സാധാരണ ജനങ്ങളും നീങ്ങാന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ പ്രധാന പ്രചോദകരും സംഘാടകരും നേതാക്കളും ആയിരുന്നവര്‍ പിന്നീട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും ഇന്നതിന്റെ നേതൃത്വം വഹിക്കുകയും ചെയ്യുന്നവരായിരുന്നു. അവരോടൊപ്പം പട്ടംതാണുപിള്ള, സി.കേശവന്‍, ടി.എം.വര്‍ഗ്ഗീസ് മുതലായവരും ഉണ്ടായിരുന്നു. പക്ഷെ പുതുതലമുറക്കാര്‍ ഇന്ന് ഈ തലമുതിര്‍ന്നവരെ രംഗത്തുനിന്ന് മാറ്റിയിരിക്കുന്നു.
മറ്റൊരുഘടകം കൂടി മനസ്സില്‍ വക്കേണ്ടതുണ്ട്. ഒരു തലമുറയില്‍ നിന്ന് മറ്റോരു തലമുറയിലേക്കുള്ള നേതൃത്വമാറ്റംപോലെ മറ്റോന്നും തന്നെ രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റില്ല എന്ന് പറയാറുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ്സുകാരും മറ്റിടങ്ങളിലെ കോണ്‍ഗ്രസ്സുകാരെപ്പോലെ സ്വാതന്ത്ര്യ സമരകാലത്തെ കോണ്‍ഗ്രസ്സിന്റെ കേമത്തം പൊക്കിപ്പിടിച്ചാണ് വോട്ട് തേടിയിരുന്നത്. അവരും അക്കാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്തതിനെപ്പറ്റിയും ചോയ്യാത്തതിനെപ്പറ്റിയും കുത്തിപ്പറഞ്ഞുകൊണ്ടിരുന്നു. പക്ഷെ, പൂര്‍വകാല മഹത്വം കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസ്സിന്റേയും പ്രജാസോഷ്യലിസ്റ്റ്പാര്‍ട്ടിയുടേയും സമീപകാല പ്രകടനം അവര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ എന്തു പ്രതീക്ഷിക്കാം എന്നതിനെക്കുറിച്ച് മലയാളികളുടെ മനസ്സില്‍ വ്യക്തമായ ധാരണയുണ്ടാക്കിക്കൊടുത്തിരുന്നു. 1948-ല്‍ നിയമസഭയില്‍ സകല സീറ്റുകളും കൈവശമുണ്ടായിട്ടുപോലും ആറുമാസത്തിനുള്ളില്‍ കോണ്‍ഗ്രസ്സിന്റെ സര്‍ക്കാര്‍ തകര്‍ന്ന കാര്യം മലയാളിക്ക് മറക്കാന്‍ പറ്റുുമായിരുന്നില്ല.
അങ്ങനെ, 1956-57 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് പൊലിഞ്ഞ പെരുമയുടെ ബാധ്യതയുമായാണ് രംഗത്തുവന്നത്. ടിക്കറ്റുകള്‍ക്ക് നെട്ടോട്ടമായിരുന്നു. കാരണം, ആന്ധ്രയില്‍ 1954 ലെ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംഭവിച്ച നിയമസഭാ സീറ്റുുനഷ്ടം പോലെതന്നെ കേരളത്തിലും കമ്മ്യൂണിസ്റ്റുകാര്‍ അമ്പേ തോല്കുമെന്നായിരുന്നു പരക്കെ പ്രതീക്ഷ. “കോണ്‍ഗ്രസ്സ്, എന്തൊക്കെയായാലും, പ്രവചനാതീതമാണല്ലൊ” ഹംങ്കറിയിലെ സംഭവവികാസം പോലുള്ള അന്തര്‍ദേശീയ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്മ്യൂണിസ്റ്റുകാരെ ചോരക്കൊതിയന്മാരായ കൊലപാതകികളായി ചിത്രീകരിക്കാനുള്ള അവസരങ്ങളും പാഴാക്കപ്പെട്ടില്ല. സ്റ്റാലിനെക്കുറിച്ച് ക്രൂഷ്ശേവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ലോകമൊട്ടുക്ക് ഇല്ലെങ്കിലും കേരളത്തിലെങ്കിലും തീര്‍ച്ചയായും കമ്മ്യൂണിസത്തിന്റെ അടപ്പ് തെറുപ്പിക്കുമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. ഇതൊക്കെ കാരണം നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാമെന്ന് കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ പ്രതീക്ഷയുണ്ടായിരുന്നു. ടിക്കറ്റിനായുള്ള കടിപിടി കോണ്‍ഗ്രസ്സിനകത്തെ അച്ചടക്കരാഹിത്യവും വിഭാഗീയതയും ഉച്ചകോടിയില്‍ എത്തിച്ചു.
ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു മാനേജര്‍മാരില്‍ ഏറ്റവും പ്രഗല്‍ഭനെന്ന് കേള്‍വികേട്ട എസ്.കെ.പാട്ടീലിനെ കേരളത്തിലെ പ്രചാരണത്തിന്റെ സംഘാടനച്ചുമതല ഏല്പിച്ചു. ആന്ധ്രയില്‍ അദ്ദേഹം സംഗതി ഒപ്പിച്ചിരുന്നു. കേരളത്തിലും ഒരു ആന്ധ്ര ആവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ്സുകാര്‍ വിശ്വസിച്ചു. പക്ഷെ കോണ്‍ഗ്രസ് ഹൈക്കമാണ്ട് കേരളത്തിലെ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാന്‍ എസ.കെ.പാട്ടീലിനെ നിയോഗിച്ചതോടെ വാസ്തവത്തില്‍ ടിക്കറ്റിനായുള്ള കടിപിടി മൂര്‍ച്ഛിക്കുകയാണുണ്ടായത്. അസാധ്യമായ ഒരു സാഹചര്യമാണ് തന്നെ കാത്തിരിക്കുന്നത് എന്ന് കുശാഗ്രബുദ്ധിയായ പാട്ടീല്‍ അതിവേഗം മനസ്സിലാക്കി. അദ്ദേഹം ഉടന്‍തന്നെ മുസ്ലീംലീഗും പനമ്പള്ളി സര്‍ക്കാരിന്റെ പതനത്തിന് കാരണക്കാരായ വിമത കോണ്‍ഗ്രസ്സുകാരും പറ്റുമെങ്കില്‍ പി.എസ്സ്.പിയും ഒക്കെയുള്ള ഒരു ഐക്യമുന്നണി ഉണ്ടാക്കാനായി ശ്രമം ആരംഭിച്ചു.
കമ്മ്യൂണിസ്റ്റേതര പാര്‍ട്ടികളുമായി(മുസ്ലീം ലീഗുമായിപ്പോലും) ഒരു ഐക്യ മുന്നണി ഉണ്ടാക്കാനുള്ള ഈദൃശ്യ ശ്രമങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ശക്തിയുടെ പരിമിതി വിളിച്ചു പറയുന്നു. മുമ്പൊരിക്കല്‍, ഐക്യമുന്നണി ഉണ്ടാക്കാന്‍ ശ്രമിച്ച കമ്മ്യൂണിസ്റ്റുകാരടക്കമുള്ള ഇടതു പാര്‍ട്ടികളെ നിശിതമായി കളിയാക്കിക്കൊണ്ട്, പ്രധാനമന്ത്രി നെഹ്രു:” മൂന്നു മുടന്തന്മാര്‍ ചേര്‍ന്നാല്‍ ഒരു ശക്തനാവില്ല” എന്നാണ് പറഞ്ഞത്. ഒരു നാള്‍ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രഗല്‍ഭനായ തെരഞ്ഞെടുപ്പു മാനേജര്‍ തന്നെ അത്തരത്തില്‍ മുടന്തന്മാരുമായുള്ള സഖ്യത്തിന് ശ്രമിക്കുമെന്നു് അദ്ദേഹം സ്വപ്നേപി വിചാരിച്ചിരിക്കില്ല.
പക്ഷെ, പി.എസ്.പിയുടെ ബാഗ്ലൂര്‍ സമ്മേളനം മറ്റു് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നത് വിലക്കിയിരുന്നു. പി.എസ്.പി നേതാവ് പട്ടംതാണുപിള്ളയും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ശത്രുതയാകട്ടെ, ഗാഢമായിരുന്നു. അതുകൊണ്ട് പി.എസ്.പിയെ പ്രീണിപ്പിക്കാനുള്ള പാട്ടീലിന്റെ ശ്രമം പൊളിഞ്ഞു. അപ്പോള്‍ അദ്ദേഹം ശ്രദ്ധ മുഴുവന്‍ മുസ്ലീംലീഗില്‍ കേന്ദ്രീകരിച്ചു. പാട്ടീലിന്റെ നിര്‍ദ്ദേശം കോണ്‍ഗ്രസ്സിന്റെ അണികള്‍ക്കിടയില്‍ നിന്ന്, വിശിഷ്യാ മുസ്ലീം കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ നിന്ന്, തീവ്രമായ എതിര്‍പ്പ് ഉയരുന്നതിന് കാരണമായി.
എന്നിട്ടും പാട്ടീല്‍ ലീഗുമായി ഏതോ ചില ധാരണയൊക്കെ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ, ഇന്‍ഡോര്‍ സമ്മേളനത്തില്‍ വച്ച് സംഗതി ഹൈകമാണ്ടിനുമുമ്പാകെ അവതരിപ്പിക്കപ്പെട്ടപ്പോള്‍ അവരതിനെ പിന്‍തുണച്ചില്ല. പരസ്പരം പൊരുത്തപ്പെടാനാവാത്ത കോണ്‍ഗ്രസ് വിഭാഗങ്ങളുടെ ഉല്പന്നമായ കേരള പീപ്പിള്‍സ് പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ കാര്യവും സമ്മേളനം അംഗീകരിച്ചില്ല. അതിനു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് പ്രചാരണത്തിന് ഒരു ധാര്‍മ്മിക സ്വരമൊക്കെ കൈവന്നു. തങ്ങള്‍ ആരുമായും സഖ്യമുണ്ടാക്കില്ല എന്നായി അവര്‍. പക്ഷെ, കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ ഈ സ്വരമാറ്റം “കിട്ടാത്ത മുന്തിരിയുടെ പുളി”യാണന്ന് തിരിച്ചറിഞ്ഞു.
ജനുവരി 27വരെ, അതായത്, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് 48 മണിക്കൂര്‍ മുമ്പുവരെ, ഒരു ഡസന്‍ നിയോജക മണ്ഡലങ്ങളിലെങ്കിലും സംഘടനയുടെ സ്ഥാനാര്‍ത്ഥിനിര്‍ണയം എങ്ങും എത്തിയിരുന്നില്ല എന്നതു തന്നെ കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പു മാനേജുമെന്റിന്റെ പാപ്പരത്തം വെളിവാക്കുന്നതായിരുന്നു. കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പില്ലാത്തചില നിയോജകമണ്ഡലങ്ങളില്‍ പറ്റിയ സ്ഥാനാര്‍ത്ഥികളെ “കണ്ടെത്താന്‍”തിരക്കിട്ട ശ്രമങ്ങള്‍ നടന്നു. ഈ പശ്ചാത്തലത്തില്‍ പുതിയതായി രൂപീകൃതമായ കേരള സംസ്ഥാനത്തിന് സ്ഥിരതയുള്ള ഒരു ഭരണം നല്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന കോണ്‍ഗ്രസ്സുകാരുടെ അവകാശവാദം ജനങ്ങള്‍ക്കിടയില്‍ പുച്ഛവും ചിരിയുമാണ് ഉയര്‍ത്തിയത്.
കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കേണ്ട താമസം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ മറ്റോരുതരം വഴക്ക് പൊട്ടിപ്പുറപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്ന് കേരളത്തിലേക്ക് വന്‍തുകകള്‍ വന്നെത്തുന്നു എന്ന വാര്‍ത്ത പടര്‍ന്നു. ഈ തുകകള്‍ സ്ഥാനാര്‍ത്ഥികള്‍ക്കും നിയോജകമണ്ഡലങ്ങള്‍ക്കുമായി വിതരണം ചെയ്യപ്പെടുമെന്ന് പ്രസിദ്ധമായി. ഇതോടെ ഈ കോണ്‍ഗ്രസുകാരനോ ആ കോണ്‍ഗ്രസുകാരനോ തെരഞ്ഞെടുപ്പ് ഫണ്ട് വ്യക്തിപരമായി തട്ടിയെടുക്കുകയാണന്ന ആരോപണ പ്രത്യാരോപണങ്ങള്‍ വ്യാപകമായി.
തെരഞ്ഞെടുപ്പുകാലത്തെ കോണ്‍ഗ്രസ് പ്രചാരണത്തിന്റെ ശൈലിയെപ്പറ്റി വിശദമായി പറയാന്‍ സ്ഥലപരിമിതി ഞങ്ങളെ അനുവദിക്കുന്നില്ല. കോണ്‍ഗ്രസ് നേതൃത്വം നല്കിയ നിര്‍ദ്ദേശം കോണ്‍ഗ്രസുകാര്‍ മാന്യമായ തെരഞ്ഞെടുപ്പ് പ്രചാരണ രീതികള്‍ മാത്രമേ അവലംബിക്കാവൂ, തരംതാഴ്ന്ന പരിപാടികള്‍ക്ക് മുതിരരുത് എന്നായിരുന്നു. ഈ നിര്‍ദ്ദേശം പാടെ ലംഘിക്കപ്പെട്ടു.
കോണ്‍ഗ്രസ് പ്രസിഡന്റ് ധേബാര്‍ കേരളത്തിലെ പ്രചാരണത്തിന് വന്നു. മുന്‍സിപ്പാലിറ്റി ഭരണം കമ്മ്യൂണിസ്റ്റുകാരുടെ കയ്യിലിരിക്കുന്ന, കമ്മ്യൂണിസ്റ്റ് നെടുംങ്കോട്ടയായ, ആലപ്പുഴയില്‍ വന്ന് അദ്ദേഹം അലറി. “ഒരു ഇന്ത്യന്‍ സംസ്ഥാനത്ത് എങ്ങനെ ഭരണം നടത്തണം എന്നതിനെപ്പറ്റി ഒരൊറ്റ ഗ്രന്ഥവും മോസ്കോ വായനശാലകളിലില്ല ഭരണതന്ത്രം കുട്ടിക്കളിയല്ല. ഒന്നോ രണ്ടോ മുന്‍സിപ്പാലിറ്റികള്‍ കയ്യിലുണ്ടെന്നു കരുതി സംസ്ഥാനഭരണം കയ്യാളാനൊന്നും കമ്മ്യൂണിസ്റ്റുകാര്‍ മുതിരേണ്ട” അദ്ദേഹം അവരെ ഉപദേശിച്ചു. മറ്റൊരിടത്ത്, കമ്മ്യൂണിസ്റ്റ് പിന്‍തുണയുള്ള ഒരു സ്വതന്ത്രന്റെ നിയോജകമണ്ഡലത്തില്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വളരെ തരംതാണ ഒരു പ്രയോഗം നടത്തി. സ്വതന്ത്രരെ, ചായംപൂശി പല പാര്‍ട്ടികളുമായും ശൃംഗരിക്കാന്‍ വെമ്പിനില്കുന്ന പെണ്ണുങ്ങളോട് ഉപമിച്ച ധബാര്‍, ഈ ‘സ്വതന്ത്ര’രാണ് രാഷ്ട്രത്തിന്റെ ഏറ്റവും വലിയ ആപത്ത് എന്ന മുന്നറിയിപ്പും നല്കി. ഇതിന് കടകവിരുദ്ധമായി, ഏതാനും നാളുകള്‍ക്കുള്ളില്‍ കോണ്‍ഗ്രസ്സിന്റെ തന്നെ മുന്‍മുഖ്യമന്ത്രി പനമ്പള്ളി ഗോവിന്ദമേനോന്‍ കാസര്‍ഗോഡില്‍ വച്ച് ലോകസഭയിലേക്ക് എ.കെ.ഗോപാലനെതിരെ മത്സരിക്കുന്ന സ്വതന്ത്രന്‍ ഡോ.ഷേണായിക്ക് അനുകൂലമായി വാതോരാതെ പ്രസംഗിക്കുകയും
ചെയ്തു.
കേരളത്തിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ശ്രദ്ധേയമായ മറ്റൊരു വശം കൂടി പരാമര്‍ശിക്കേണ്ടതുണ്ട്-കത്തോലിക്കാ പുരോഹിതരും ക്രിസ്ത്യന്‍ തോട്ടമുടമകളും കോണ്‍ഗ്രസ്സിന് നല്കിയ പിന്തുണ. കത്തോലിക്കാ ബിഷപ്പുമാര്‍ നടേതന്നെ ദൈവഹീനരായ ‘മാര്‍ക്സിസ്റ്റുകള്‍ക്ക്’ എതിരെ വോട്ടുചെയ്യാന്‍ വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ടുള്ള ഒരു ഇടയലേഖനം പുറത്തിറക്കിയിരുന്നു. പിന്നീട് കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തകയ്ക് കമ്മ്യൂണിസ്റ്റുകാര്‍ ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നു കണ്ടപ്പോള്‍ അവരുടെ ഉദ്ബോധനം കുറേകൂടി പച്ചയായി. കോണ്‍ഗ്രസിനു മാത്രമേ വോട്ടു ചെയ്യാവൂ എന്നായി, പിന്നീടുള്ള ഇടയലേഖനത്തിലെ ആഹ്വാനം. വോട്ടര്‍മാര്‍ കമ്മ്യൂണിസ്റ്റുകാരെ ഭരണത്തില്‍ കൊണ്ടുവന്നാല്‍ സംസ്ഥാനത്തിന് വന്നേക്കാവുന്ന ദോഷത്തെക്കുറിച്ച് കേരളത്തിലെ ജനങ്ങളെ അറിയിക്കുന്നതില്‍ സവിശേഷ വൈദഗ്ധ്യം പ്രകടിപ്പിച്ച പത്രമാണ് മലയാളമനോരമ. സ്ഥാപിതതാല്പര്യക്കാരുടെ ഈ ജിഹ്വ കോണ്‍ഗ്രസ്സിനു വേണ്ടി നടത്തിയ പ്രചാരണവും അമൂല്യമായിരുന്നു. അന്ന് പ്ലാനിംങ് കമ്മീഷന്റെ പരിഗണനയില്‍ ആയിരുന്ന അഞ്ചാറ് വന്‍വ്യവസായസംരംഭങ്ങള്‍ യഥാര്‍ഥത്തില്‍ ആരംഭിക്കണമെങ്കില്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ അധികാരത്തില്‍ വന്നേ പറ്റൂ എന്നും മറ്റും ആ പത്രം നുണ പ്രചാരണം നടത്തി.
കോണ്‍ഗ്രസ്സിന്റെ കെടുകാര്യസ്ഥതയ്കും അച്ചടക്കമില്ലായ്മയ്കും ചാഞ്ചല്യത്തിനും നേരെ വിപരീതമായ ഒരു ചിത്രമാണ് കമ്മ്യൂണിസ്റ്റുകാരുടെ തെരഞ്ഞെടുപ്പു മാനേജുമെന്റ് നല്കുന്നത്. കോണ്‍ഗ്രസ്സിനോളം ധനമോ മറ്റ് വിഭവങ്ങളോ സമാഹരിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കഴിഞ്ഞില്ല. അതസാധ്യവുമായിരുന്നു. കാരണം,മുതലാളിമാര്‍ കോണ്‍ഗ്രസ്സിനുവേണ്ടി പണക്കിഴി അഴിക്കും. അതുപോലെ സുഗമമായി കമ്മ്യൂണിസ്റ്റുകാര്‍ക്കു വേണ്ടി അവരത് ചെയ്യില്ല. കോണ്‍ഗ്രസ്സിന്റെ പ്രചാരണത്തില്‍ ബൌധികത കുറവായിരുന്നു. പ്രസംഗങ്ങളില്‍ കൂടുതലും ‘തറ’ ആയിരുന്നു. പക്ഷെ, സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരതയും ബൌധിക നിലവാരവും ഉള്ള വോട്ടര്‍മാരെ വ്യത്യസ്തമായ ഒരു തലത്തിലാണ് കമ്മ്യൂണിസ്റ്റുകാര്‍ സമീപിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ ഒരു ഗവേഷണ സംഘം ഏറെ മാസങ്ങളായി പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കാനായി യത്നിക്കുകയായിരുന്നു. ഈ പഠനത്തിന്റെ ഫലങ്ങള്‍ അന്ന് സംസ്ഥാന കമ്മറ്റി സെക്രട്ടറിയായിരുന്ന, ഇന്ന് ധനമന്ത്രിയായ സി.അച്യുതമേനോന്‍ എഴുതിയ ഒരു ലഘുലേഖയില്‍ പ്രസിദ്ധപ്പെടുത്തി. ഈ ലഘുലേഖ കേരളത്തിന്റെ പ്രകൃതിവിഭവങ്ങള്‍, മാനവവിഭവശേഷികള്‍ എന്നിവ മൂല്യനിര്‍ണ്ണയം ചെയ്ത്, ജനങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ അപഗ്രഥിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നടപ്പാക്കാവുന്ന മൂര്‍ത്തവും പ്രായോഗികവുമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ പിന്നീട് സംസ്ഥാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണ പത്രികയുടെ ഭാഗമാക്കപ്പെടുകയും സിപിഐയുടെ തന്നെ തെരഞ്ഞെടുപ്പ് പത്രകയുടെ അനുബന്ധമായി പുറത്തിറക്കപ്പെടുകയും ചെയ്തു. കോണ്‍ഗ്രസ് പ്രചാരണക്കാര്‍ കൂടുതലും ശബ്ദശക്തിയാണ് ആശ്രയിച്ചത്. അവര്‍ക്ക് കേരളത്തിന്റെ മൂര്‍ത്തവും അടിയന്തിരവുമായ പ്രശ്നങ്ങളെക്കുറിച്ച് പ്രായേണ ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് പ്രചാരണം മലയാളികള്‍ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതായിരുന്നു.
കോണ്‍ഗ്രസ്സിന്റെയും കമ്മ്യൂണിസ്റ്റുകാരുടേയും പ്രചാരണത്തിലെ ഈ ഗുണപരമായ വ്യത്യാസം വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാക്കിയ ഫലം വമ്പിച്ചതായിരുന്നു. കോണ്‍സ്സിന്റെ സാമ്പത്തിക പരിപാടികളെക്കുറിച്ച് കോണ്‍ഗ്രസ് അണികള്‍ക്കുതന്നെ വിവരമില്ലായിരുന്നു. ഈ വിവരക്കേട് അവ്യക്തമായ സാമാന്യവല്കരണങ്ങള്‍ ആവര്‍ത്തിക്കുന്നതിലേക്കാണ് അവരെ നയിച്ചത്. പിന്നെപ്പിന്നെ അത് വെറും തെറിപറച്ചില്‍വരെയായി അധ:പതിച്ചു. ആവശ്യമെങ്കില്‍ ജാതീയവികാരം ഉണര്‍ത്തിവിടാനും അവര്‍ മടിച്ചില്ല. ഉദാഹരണത്തിന് ‘കത്തോലിക്ക’നായ ജോസഫ് മുണ്ടശ്ശേരി (ഇന്നത്തെ വിദ്യാഭ്യാസ മന്ത്രി)ക്കെതിരെ, ഒരു ഈഴവ സ്ഥാനാര്‍ഥിയെ അനുകൂലിച്ചുകൊണ്ടുള്ള പ്രചാരണം. എന്നാല്‍ കമ്മ്യൂണിസ്റ്റ് നേതൃത്വവും അണികളും ഇത്തരം പ്രകോപനങ്ങളേയും അപവാദപ്രചാരണങ്ങളേയും ചെറുത്തു നില്കുകയും വോട്ടര്‍മാര്‍ക്ക് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ക്ഷമയോടെ വിവരിച്ചു കൊടുക്കുകയും ചെയ്തു.
സ്ഥാനാര്‍ഥി നിര്‍ണയം എത്ര എളുപ്പം നടന്നു എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് തെരഞ്ഞെടുപ്പ് മാനേജുമെന്റിലെ ഏറ്റവും അത്ഭുതാവഹമായ ഒരു ഘടകം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രണ്ടുപാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം തന്നെ മതി, കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റു് പാര്‍ട്ടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം വ്യക്തമാകാന്‍. കോണ്‍ഗ്രസിന്റെ ഏറ്റവും ദുര്‍ബലമായ വശം കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും ശക്തമായ വശമാണന്ന് അത് വ്യക്തമാക്കി. ഇവിടെ ടിക്കറ്റുകള്‍ക്കായി ആരും നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടായില്ല. അതിനുവേണ്ടി വിഭാഗീയതയോ സംഘം ചേരലുകളോ ഉണ്ടായില്ല. മറിച്ച്, ഏറ്റവും നല്ല സ്ഥാനാര്‍ഥിക്കു വേണ്ടി സഖാക്കള്‍ വഴി മാറികൊടുക്കുന്ന കാഴ്ചയാണ് കമ്മ്യൂണിസ്സുകാര്‍ക്കിടയില്‍ കാണാനായത്. നല്ല പ്രവര്‍ത്തനം കാഴ്ച വച്ചവരെയല്ല, പ്രാദേശിക നേതൃത്വത്തിന്റെയും ഉന്നതരുടെയും അരുമകളെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥകളായി തെരഞ്ഞെടുത്തതെങ്കില്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കീഴ്ഘടകങ്ങളുടെ ശുപാര്‍ശകള്‍ അനുസരിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിക്ക് എത്രയോ മുമ്പുതന്നെ ഈ സുപ്രധാന പ്രവര്‍ത്തി പൂര്‍ത്തിയാക്കിയ പാര്‍ട്ടി ഒന്നാകെ ഒറ്റ മനുഷ്യനെപ്പോലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി.
അങ്ങനെ, ഒരു തെരഞ്ഞെടുപ്പില്‍ ഏറ്റവും ജീവത്തായ രണ്ടു് കാര്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിനേക്കാള്‍ ഔന്നത്യം പ്രകടിപ്പിച്ചു: പ്രചാരണത്തിലും അച്ചടക്കത്തിലും. 1952ല്‍ ആന്ധ്രയിലെ സഖാക്കള്‍ക്ക് പറ്റിയ അബദ്ധത്തില്‍ നിന്ന് കുശാഗ്രബുദ്ധിയോടെ പാഠം പഠിച്ച കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ സീറ്റിലും മത്സരിച്ച് ഊര്‍ജ്ജം പാഴാക്കാന്‍ മിനക്കെടാതെ 100 സീറ്റുകളിലായി മത്സരം ഒതുക്കി. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി പട്ടികയിലെ ‘പുതുരക്ത’ത്തില്‍ പെട്ടവരില്‍ വളരെ കുറച്ചു പേരേ ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത അനുഭവസമ്പത്തുള്ളവരായി ഉണ്ടായിരുന്നുള്ളു. പക്ഷെ, കമ്മ്യൂണിസ്റ്റുകാര്‍ സ്ഥാനാര്‍ഥികളാക്കിയവരാകട്ടെ, നിരവധി പോരാട്ടങ്ങളില്‍ ഉശിരു തെളിയിച്ച, കറകളഞ്ഞ സത്യസന്ധത, ആത്മാര്‍ത്ഥത, ത്യാഗം എന്നീ ഗുണങ്ങളുണ്ടെന്ന് ശത്രുക്കള്‍പോലും അംഗീകരിക്കുന്ന ഒരു താരനിരയെയായിരുന്നു. ഇ.എം.എസ്.നമ്പൂതിരിപ്പാട്, എ.കെ.ഗോപാലന്‍, സി.അച്യുതമേനോന്‍, കെ.പി.ആര്‍.ഗോപാലന്‍, കെ.സി.ജോര്‍ജ്, ടി.സി.നാരായണന്‍നമ്പ്യാര്‍, ടി.വി.തോമസ്, ആര്‍.സുഗതന്‍ എന്നിവരോക്കെ എടുത്തുപറയാവുന്ന പേരുകളാണ്.
സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമരൂപം നല്കും മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആര്‍.എസ്.പിയും പി.എസ്.പിയുമായി ഏതെങ്കിലും തരത്തിലുള്ള ഒരു ഐക്യമുന്നണി ഉണ്ടാക്കാന്‍ പറ്റുന്നത്ര പ്രയത്നിച്ചു. ആ പാര്‍ട്ടികളുടെ രാഷ്ട്രീയ-ബഹുജന സ്വാധീനം വച്ച് ന്യായമായതിനേക്കാള്‍ ഏറെ ഇളവുകള്‍ അവയ്ക് നല്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തയ്യാറായി. അതേ സമയം സത്യസന്ധതയും ആര്‍ജ്ജവവും തെളിയിച്ച ഡോ.ഏ.ആര്‍.മേനോനെപ്പോലെയുള്ള(അദ്ദേഹം ഇന്ന് സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രിയാണ്.) പാര്‍ട്ടിയിതര ജനാധിപത്യ വാദികളുമായി നീക്കുപോക്കുണ്ടാക്കാനും അത് ശ്രമിച്ചു. ചര്‍ച്ചകളില്‍ ആര്‍.എസ്.പിയും പി.എസ്.പിയും പദവികള്‍ക്കു വേണ്ടി ബഹളം കൂട്ടിയതിന്റേയും ചര്‍ച്ചകള്‍
നീണ്ടുപോയതിന്റേയും മറ്റും വിശദാംശങ്ങള്‍ നാമിവിടെ പറയേണ്ടതില്ല. ഒരു ബദല്‍ സര്‍ക്കാര്‍ ഉണ്ടാക്കുക എന്ന വ്യക്തമായ ആഹ്വാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള കമ്മറ്റി മുന്നോട്ട് വച്ചത്. അത് പ്രായോഗികമാക്കാന്‍ വേണ്ടി ഏതെങ്കിലും തരത്തില്‍ ഒരു ഇടതുപക്ഷൈക്യം ഉണ്ടാക്കാനായി പാര്‍ട്ടി കിണഞ്ഞു ശ്രമിച്ചു. പക്ഷെ, കമ്മ്യൂണിസ്റ്റ് നിലപാട് തെറ്റിദ്ധരിച്ച പി.എസ്.പിയും ആര്‍.എസ്.പിയും വിലപേശാനുള്ള സന്ദര്‍ഭമായി അത് കണക്കാക്കി. അവരുടെ ഡിമാന്റുകള്‍ യുക്തിക്കപ്പുറമാണന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തോന്നിയതോടെ ചര്‍ച്ചകള്‍ പൊളിഞ്ഞു.
കമ്മ്യൂണിസ്റ്റുകാരുമായി ധാരണയില്‍ എത്തുന്നതില്‍ പി.എസ്.പിയും ആര്‍.എസ്.പിയും പരാജയപ്പെട്ടത് അവരെ സംബന്ധിച്ചിടത്തോളം വിനാശകരമായി ഭവിച്ചു. മത്സരിച്ച 28 സീറ്റുകളില്‍ ഒന്നുപോലും ആര്‍.എസ്.പിക്ക് കിട്ടിയില്ല. മുന്‍നിയമസഭയില്‍, (തിരുകൊച്ചിയില്‍)19 സീറ്റുണ്ടായിരുന്ന പി.എസ്.പിയുടെ അംഗസംഖ്യ വെറും ഒമ്പതായി ചുരുങ്ങി., കേരളത്തില്‍. അതില്‍ത്തന്നെ രണ്ടുപേര്‍, സി.ജനാര്‍ദ്ദനനും ജോസഫ്ചാഴിക്കാടനും തെരഞ്ഞെടുക്കപ്പെട്ടത് കമ്മ്യൂണിസ്റ്റ് പിന്തുണയുണ്ടായിരുന്നത് കൊണ്ടാണ്. തിരുവനന്തപുരത്തുനിന്നുള്ള റിപ്പോര്‍ട്ടില്‍ സ്റ്റെയ്റ്റ്സ്മാന്‍(ന്യൂഡെല്‍ഹി,മാര്‍ച്ച്20, 1957)പത്രത്തിന്റെ പ്രത്യേക ലേഖകന്‍: “എഴുതി ഇത്രയും സമയം കഴിഞ്ഞ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അപഗ്രഥിക്കുമ്പോള്‍, തങ്ങള്‍ 1954ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെതിരായി ഒരു പൊതു ഐക്യമുന്നണി ഉണ്ടാക്കാനുള്ള ശ്രമത്തില്‍ പ്രജാ സോഷ്യലിസ്റ്റുകളേയും റെവല്യൂഷണറി സോഷ്യലിസ്റ്റുകളേയും പ്രീണിപ്പിക്കാന്‍ അനാവശ്യമായി ചില സീറ്റുകള്‍ ബലി കഴിച്ചു എന്ന കമ്മ്യൂണിസ്റ്റുകാരുടെ വാദത്തെ എതിര്‍ക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. പക്ഷെ റെവല്യൂഷണറി സോഷ്യലിസ്റ്റുകള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു ദുര്‍ബലശക്തിയാണന്നും കമ്മ്യൂണിസ്റ്റുകാര്‍ ഒരു തെരഞ്ഞെടുപ്പ് സഖ്യം ആഗ്രഹിക്കുന്നത് മുതലെടുത്ത് പ്രജാസോഷ്യലിസ്റ്റുകള്‍ അന്യായമായ ആവശ്യങ്ങളാണ് ഉന്നയിക്കുന്നതെന്നും തെളിയിക്കാന്‍ കടുത്ത ബാലറ്റ് യുദ്ധം തന്നെ വേണ്ടിവന്നു.”
കോണ്‍ഗ്രസ്സിനുണ്ടായ സമ്പൂര്‍ണ പരാജയം കോണ്‍ഗ്രസ് അണികളിലെ കടുത്ത ദോഷൈകദൃക്കു പോലും പ്രതീക്ഷിക്കാത്തത്ര വലുതായിരുന്നു. തിരു-കൊച്ചി നിയമസഭയില്‍ കോണ്‍ഗ്രസിന് 45 സീറ്റുണ്ടായിരുന്നു. പക്ഷെ, നിയമസഭയിലേക്ക് 49അംഗങ്ങളെ തെരഞ്ഞെടുക്കുന്ന മലബാര്‍ ഉള്‍പ്പെടുത്തിയിട്ടുപോലും അത്ര സീറ്റുകളെങ്കിലും നേടാന്‍ കോണ്‍ഗ്രസ്സിനായില്ല. ‘സ്റ്റെയ്റ്റ്സ്മാന്‍’ ലേഖകന്‍ പറഞ്ഞതുപോലെ “കോണ്‍ഗ്രസ്സിന്റെ” “തൃശൂര്‍കോട്ട” പോലും ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീണു. അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പനമ്പള്ളി ഗോവിന്ദമേനോന്‍ സ്വന്തം നിയോജകമണ്ഡലത്തില്‍ തോറ്റത് കോണ്‍ഗ്രസ്സിന്റെ അന്തസ്സിന് വലിയ പ്രഹരമായി. പക്ഷെ പനമ്പള്ളിയുടെ പ്രസിദ്ധവും അമ്പരപ്പിക്കുന്നതുമായ ഈ തോല്‍വി കേരളത്തിലെ ചില കോണ്‍ഗ്രസ്സുകാരടക്കം എല്ലാ വിഭാഗം ജനങ്ങളെയും അടുത്തകാലത്തുണ്ടായ മറ്റേതൊരു സംഭവത്തേക്കാളും കൂടുതല്‍ സന്തോഷിപ്പിച്ചു. കേരളത്തിലെ ജനങ്ങള്‍ക്ക് പനമ്പിള്ളി കോണ്‍ഗ്രസ്സിലെ അഴിമതിയുടേയും സ്വജനപക്ഷപാതത്തിന്റേയും പ്രതീകമായിരുന്നു.
ഒരിക്കല്‍ ആഴത്തില്‍ വേരുകളുണ്ടായിരുന്ന ഒരു വന്‍വൃക്ഷത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പരാദജീവികളാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ്സ് നേതാക്കള്‍ എന്ന് കോണ്‍ഗ്രസ് അനുകൂല ദിനപത്രമായ മാതൃഭൂമി(21മാര്‍ച്ച്)ഒരു പ്രത്യേക തെരഞ്ഞെടുപ്പ് അവലോകനത്തില്‍ കുറ്റപ്പെടുത്തി. കമ്മ്യൂണിസ്റ്റ് വിജയത്തിന്റെ ഒരു ‘നിര്‍ണായക വശം’ ചൂണ്ടിക്കാട്ടി ഈ പത്രം എഴുതി: “കേരളത്തിന്റെ മണ്ണില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ളതും, പ്രവര്‍ത്തകര്‍ നിരന്തരശ്രദ്ധയോടെ പരിചരിക്കുന്നതും ആയ ഒന്നാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. എല്ലാ വിദൂരഗ്രാമങ്ങളിലും ജനങ്ങളിലെ ഏറ്റവും മര്‍ദ്ദിതരായവരുടെ കൂടെ, അവരോട് തദാത്മ്യം പ്രാപിച്ചുകൊണ്ട്, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുണ്ട്. ഒരു പ്രവര്‍ത്തകന്‍ പ്രശസ്തനല്ലായിരിക്കാം. അയാള്‍ ഒരു തെണ്ടിയെപ്പോലെ അലയുന്നുണ്ടായിരിക്കാം. പക്ഷെ, അയാളുടെ ഗ്രാമത്തില്‍ അയാള്‍ എല്ലാ വ്യക്തികളുമായി നിത്യസമ്പര്‍ക്കം പുലര്‍ത്തുന്നു. അയാള്‍ പാര്‍ട്ടി സന്ദേശം എല്ലാ ഹൃദയങ്ങളിലേക്കും എത്തിക്കുന്നു. തന്നെ ആവേശഭരിതനാക്കി നിര്‍ത്തുന്ന ഒരു ലക്ഷ്യം അയാള്‍ക്കുണ്ട്. ആ ലക്ഷ്യം നേടാനായിട്ടാണ് അയാള്‍ തന്റെ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിക്കുന്നത്. നല്ലനാളെ ഒരു പക്ഷെ ഒരു മരീചികയായിരിക്കാം. പക്ഷ, അയാള്‍ക്കത് പൂര്‍ണസത്യമാണ്. ആ ലക്ഷ്യം നേടാനുള്ള മാര്‍ഗ്ഗം അയാള്‍ കണ്ടെത്തുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ്. പാര്‍ട്ടിയാണ് അയാളുടെ ശരീരവും ആത്മാവും.”
കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ മുഖ്യസ്വഭാവം യാഥാര്‍ഥ്യ ബോധമാണ്. അത് തെരഞ്ഞെടുപ്പിലെ വമ്പിച്ച വിജയം വിലയിരുത്തുന്നതിലും അവര്‍ പ്രകടിപ്പിച്ചു. കോണ്‍ഗ്രസ്സിനേയും പി.എസ്.പിയേയും മടുത്ത ബുദ്ധിമാന്മാരായ വോട്ടര്‍മാര്‍ തങ്ങള്‍ക്ക് ഒരു ഊഴം തന്നു നോക്കുകയാണ് എന്ന സത്യം അവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ ഉറച്ച ശക്തിക്കൊപ്പം, ഈ തെരഞ്ഞടുപ്പില്‍ വിജയം കൈവരിക്കാന്‍ തങ്ങളെ സഹായിച്ചത് ജനങ്ങളുടെ ഈ വികാരമാണന്നും അവര്‍ മനസ്സിലാക്കി. സി.അച്യൂതമേനോന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായപ്പോള്‍ പിന്‍ഗാമിയായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി സെക്രട്ടറിയായ എം.എന്‍.ഗോവിന്ദന്‍നായര്‍ പറഞ്ഞു: “ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്, പി.എസ്.പി മന്ത്രിസഭകളുടേയും പ്രസിഡന്റിന്റെയും ഭരണത്തിന്റെ അനുഭവമുണ്ടായിരുന്നു. പോരാട്ടങ്ങളിലെ നേതാക്കള്‍ എന്ന നിലക്കും പ്രാദേശിക ഭരണസ്ഥപനങ്ങളിലെ അമരക്കാര്‍ എന്ന നിലക്കും കമ്മ്യൂണിസ്റ്റുകാരെ കണ്ടവരുമായിരുന്നു, ജനങ്ങള്‍. വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റ് അനുകൂലികളായി മാറിയിരുന്നില്ലെങ്കിലും അവര്‍ക്ക് ഒരു ഊഴം കൊടുത്തു നോക്കണമെന്ന് ചിന്തിച്ചുകാണും.” (ന്യു എയ്ജ് മാസിക,ഏപ്രില്‍1957, ‘കേരളത്തിന്റെ വെല്ലുവിളി’ )
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ലഭിച്ചത് 17.5 ശതമാനം വോട്ടായിരുന്നെങ്കില്‍ ഇപ്പോഴത് 36.5 ശതമാനമായി. കോണ്‍ഗ്രസ്സിന്റെത് 42.3 ശതമാനത്തില്‍ നിന്ന് 38.2 ശതമാനമായി കുറഞ്ഞു. പി.എസ്.പിയുടേത് 20.3ല്‍ നിന്ന് 10.8 ശതമാനമായും. കമ്മ്യൂണിസ്റ്റുകാരുടെ വോട്ട് ശതമാനത്തില്‍ കമ്മ്യൂണിസ്റ്റ്-പിന്തുണയോടെ മത്സരിച്ച സ്വതന്ത്രരുടേത് കൂട്ടിയിട്ടില്ല. കേരള നിയമസഭയിലെ കമ്മ്യൂണിസ്റ്റും കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള സ്വതന്ത്രരും ചേര്‍ന്ന് 65 അംഗങ്ങളുണ്ടായിരുന്നതില്‍ 33 പേരും പോള്‍ ചെയ്യപ്പെട്ട വോട്ടില്‍ 50 ശതമാനമോ അതിലധികമോ കിട്ടിയാണ് ജയിച്ചത്. മറ്റുപാര്‍ട്ടികളുടെ കണക്കുകള്‍ ഇപ്രകാരമാണ്. കോണ്‍ഗ്രസ് 23, പി.എസ്.പി. 3, മുസ്ലീംലീഗ് 3.
കമ്മ്യൂണിസ്റ്റ് എംഎല്‍എമാര്‍ മാര്‍ച്ച് 30ന് എറണാകുളത്ത് തങ്ങളുടെ നേതാവിനെ തെരഞ്ഞടുക്കാനായി യോഗം ചേര്‍ന്നു. അവര്‍ ഇഎംഎസ് നമ്പൂതിരിപ്പാടിനെയാണ് ഏകകണ്ഠമായി തെരഞ്ഞേടുത്തത്. നഗരപ്രാന്തങ്ങളില്‍ നിന്ന് ജനങ്ങള്‍ കടല്‍ പോലെ നഗരത്തിലേക്ക് ഇരമ്പിയെത്തി. ജനങ്ങളുടെ ഉത്സാഹം അഭൂതപൂര്‍വമായിരുന്നു. അവര്‍ നഗരത്തില്‍ ബഹളംവച്ചും പാടിയും നൃത്തം വച്ചും ചുറ്റിക്കറങ്ങി. മൂന്നുനാഴിക നീളമുള്ള ഒരു ജാഥ നഗരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നീങ്ങി. അതേതുടര്‍ന്നു നടന്ന പടുകൂറ്റന്‍ റാലിയില്‍ ചുവന്ന കൊടികളും തോരണങ്ങളും ബാനറുകളും അല്ലാതെ മറ്റോന്നും കാണാനുണ്ടായിരുന്നില്ല. ചെണ്ടകൊട്ടും മുദ്രാവാക്യം വിളിയും പടക്കം പൊട്ടിക്കലുമല്ലാതെ മറ്റൊന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. ജനങ്ങളുടെ പാട്ടും നൃത്തവും പടക്കം പൊട്ടിക്കലും റാലി അവസാനിച്ചിട്ടും രാത്രിയേറെയാകുംവരെ തുടര്‍ന്നു.
കേരള ജനത സ്വന്തം വിജയം ആഘോഷിക്കുകയായിരുന്നു. കാരണം, ‘കോണ്‍ഗ്രസ് കവചത്തിലെ ദ്വാരങ്ങള്‍’ കേരളത്തിലെ സാധാരണക്കാരന്റെ വിജയം കൂടിയായിരുന്നു. ഇത് ഒരു പക്ഷെ ഇന്ത്യയെന്ന പുരാതന ഭൂമിയില്‍ ഉടനീളം വരാനിരിക്കുന്ന സാധാരണക്കാരന്റെ വിജയത്തിന്റെ മുന്നോടിയായിരിക്കാം. തീര്‍ച്ചയായും കേരളത്തിലെ ‘കോണ്‍ഗ്രസ് കവചത്തിലെ ദ്വാരങ്ങള്‍’ ഇന്ത്യന്‍ ജനതക്ക് സ്വന്തം അന്തിമവിജയവും ഭാഗധേയവും കൈവരിക്കാനുള്ള ഒരു മുന്നുപാധി കൂടിയായിട്ടാകും ചരിത്രം വരുംകാലത്ത് രേഖപ്പെടുത്തുക.
ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
Type setting: RSP
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.