കേരളം സ്വാതന്ത്ര്യത്തിന് ശേഷം

ആമുഖം

അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം

1947മുതല്‍ 1957 വരെയുള്ള കേരളത്തിന്റെ(അതിലെ തിരു-കൊച്ചി ഭാഗത്തിന്റെ) കഥ, തുടര്‍ച്ചയായി മറിച്ചിടപ്പെട്ടുുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ കഥയാണു്. അധികാരത്തിലെത്തുന്നതോടെ സ്വബോധം നഷ്ടപ്പെടുന്ന അല്‍പ്പജ്ഞരുടെ കഥയാണ്. അധികാരത്തില്‍ ആരായിരുന്നാലും അവരെ തള്ളിത്താഴെയിടാന്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്ന അനന്തവും സദാ മാറുന്നതുമായ, കോണ്‍ഗ്രസ്സുകാര്‍ക്കിടയില്‍ത്തന്നെയുള്ള, വിഭാഗിയസഖ്യങ്ങളുടെയും കഥയാണ്. ഇന്ന് കേരളജനത ഇങ്ങനെ വിളിച്ചുപറയുന്നതില്‍ അത്ഭുതമില്ല. “നമ്പൂതിരിപ്പാട് പോയാല്‍ ബാക്കി കാലാവധി പ്രസിഡന്റുുഭരണം മതി നമുക്കു്, പഴയ കോണ്‍ഗ്രസ്സ് തെമ്മാടിക്കൂട്ടത്തില്‍ നിന്നു് ദൈവം നമ്മെ രക്ഷിക്കട്ടെ”(റിപ്പോര്‍ട്ട് ഓണ്‍ കേരള, :കറന്റ്:ബോംബെ, ഡിസംബര്‍ 18,1957)

കേരളത്തിന്റെ ഈ ദശകത്തിലെ കഥ, സംസ്ഥനത്തെ കോണ്‍ഗ്രസ്സ് സംഘടനയില്‍ അതിവേഗം പടര്‍ന്നുകൊണ്ടിരിക്കുന്ന ജീര്‍ണ്ണനത്തിന്റേയും അതു് തടയുന്നതിലുള്ള ദയനീയ പരാജയത്തിന്റേയും കഥയാണു്, കോണ്‍ഗ്രസ്സിന്റെ കേന്ദ്രനേതൃത്വത്തിന്റെ പരാജയത്തിന്റെ കൂടി കഥയാണ്. അതിനെ നയിക്കുന്നവരുടെ സ്വന്തം വ്യക്തിജീവിതം തന്നെ കാളിമയാര്‍ന്നതാണല്ലോ.

മൈസൂരിലെ അന്നത്തെ മുഖ്യമന്ത്രി എസ്. നിജലിംഗപ്പയ്ക്ക് എതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ടു, കോണ്‍ഗ്രസ്സ് പ്രസിഡന്റ് യു.എന്‍.ധേബാര്‍ മൈസൂര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി മുഖ്യന്‍ എസ്സ്.ചിന്നയ്യയ്ക് എഴുതി: “ഇത്തരത്തിലൊരു സമീപനമാണു് കേരളത്തിലെ തോല്‍വിക്കു് കാരണമായതെന്നു് അവര്‍ മനസിലാക്കുന്നില്ല.” ധേബാര്‍ കൂട്ടിച്ചേര്‍ത്തു: “അവിടെ, കോണ്‍ഗ്രസ്സുകാര്‍ മൂന്നു വര്‍ഷം കൂടുമ്പോള്‍ മന്ത്രിസഭയെ മറിച്ചിടും, പുതിയ ഒരെണ്ണം ഉണ്ടാക്കും, വീണ്ടും ഒന്നുരണ്ടു വര്‍ഷത്തിനുള്ളില്‍ അതിനേയും തള്ളിതാഴെയിടും. ഏതെങ്കിലും ഒരവസരത്തില്‍ ഒരു മന്ത്രിസഭയെങ്കിലും അട്ടിമറിക്കുന്നതില്‍ പങ്കുചേരാത്ത ഒരൊറ്റ നേതാവിനേയും എനിക്കു കേരളത്തില്‍ കാണാനായിട്ടില്ല. ഈ നിഷേധാത്മകവും നശീകരണാത്മകവുമായ മനോഭാവത്തിന്റെ നേട്ടങ്ങളൊക്കെ കമ്മ്യൂണിസ്ററുകാര്‍ക്കാണ് കിട്ടിയതു്.” (ദി ഹിന്ദു, മാര്‍ച്ച്,31.1958)

തിരുവിതാംകൂര്‍ സംസ്ഥാനത്തിലെ നിയമസഭയിലേക്കുള്ള ആദ്യത്തെ തെരഞ്ഞെടുപ്പു് നടന്നതു് 1948ഫെബ്രുവരിയിലാണു്, അന്ന് കോണ്‍ഗ്രസ്സിന്റെ അന്തസ്സ് അത്യുന്നതിയിലായിരുന്നു. അതിനാല്‍ തന്നെ ഒരൊറ്റ സീറ്റൊഴികെ ബാക്കിയെല്ലാം പ്രായേണ എതിര്‍പ്പ് ഏതുമില്ലാതെ അതിനു തൂത്തുവാരാനായി. തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്രനാവട്ടെ, താമസിയാതെ കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തു. മറ്റൊരു സംസ്ഥാനത്തും മറ്റൊരു കാലത്തും കോണ്‍ഗ്രസ്സ് വിജയം ഇത്രകണ്ടു് സമ്പൂര്‍ണമായിട്ടില്ല.

1948 മാര്‍ച്ചില്‍ സംസ്ഥാന കോണ്‍ഗ്രസ്സിന്റെ അദ്ധ്യക്ഷപദവി വഹിച്ചിരുന്ന പട്ടം താണുപിള്ള തിരുവിതാംകൂറിന്റെ ആദ്യത്തെ കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിയായി(മുഖ്യമന്ത്രി എന്ന പദം പില്കാലത്താണു് വന്നതു്.)സത്യപ്രതിജ്ഞ ചെയ്തു. മൂന്നു് മന്ത്രിമാരുള്ള ഒരു ചെറിയ ക്യാബിനറ്റ്. സി.കേശവനും ടി.എം.വര്‍ഗ്ഗീസ്സുമായിരുന്നു പട്ടത്തിന്റെ ക്യാബിനറ്റ് സഹപ്രവര്‍ത്തകര്‍. ഇരുവരും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സുകാര്‍. ഇരുവരും ഇപ്പോള്‍ പൊതുജീവിതത്തില്‍ നിന്നു് വിരമിച്ചിരിക്കുന്നു.

പട്ടത്തിനു് സ്വന്തമായി ചില വിചിത്രധാരണകള്‍ ഉണ്ടായിരുന്നു. ഭാവിയില്‍ പ്രജാ സോഷ്യലിസ്ററ് പാര്‍ട്ടി നേതാവായിരുന്ന ഈ മനുഷ്യന്‍ 1948 ഏപ്രിലില്‍ മുണ്ടു മാത്രം ധരിച്ച് ഊരിയ വാളുമായി മഹാരാജാവിനോടൊപ്പം ആറാട്ട് ഘോഷയാത്രയില്‍ പങ്കെടുത്തു. ക്രിസ്ത്യാനിയായതുകൊണ്ട് ടി.എം.വര്‍ഗ്ഗീസ്സിന് പങ്കെടുക്കാനായില്ല. എസ്സ്.എന്‍.ഡി.പി. പക്ഷക്കാരനും, സാമൂഹ്യ പരിഷ്കര്‍ത്താവുമായ,സി.കേശവന്‍ താന്‍ മഹാരാജാവിന്റെ സേവകനല്ല, ജനങ്ങളുടെ സേവകനാണു് എന്നു് പ്രസ്താവിച്ചു് ഘോഷയാത്രയില്‍ നിന്നു് വിട്ടുനിന്നു.

അധികാരത്തില്‍ ഏറി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പട്ടം താണുപിള്ള അതിക്രൂരമായ കമ്യൂണിസ്ററ് വേട്ടക്ക് തുടക്കമിട്ടു. അവരെ അറസ്ററുചെയ്തു് ജയിലിലടച്ചു. ഒരിക്കല്‍ തിരുവനന്തപുരത്തുവച്ച് അദ്ദേഹത്തിന്റെ കാര്‍ തടഞ്ഞ് പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കു നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. നാലുമാസത്തിനുള്ളില്‍ കുഴപ്പങ്ങള്‍ ആരംഭിച്ചു. കേശവനും ടി.എം.വര്‍ഗ്ഗീസ്സും ഒന്നിച്ചപ്പോള്‍ പട്ടം അവരോടാലോചിക്കാതെ നാലു പുതിയ മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്യിച്ചു. കെ.എം.കോര, എ.അച്യുതന്‍, ജി.രാമചന്ദ്രന്‍(ഇപ്പോള്‍ ഗാന്ധിഗ്രാം മുഖ്യന്‍) പി.എസ്സ്.നടരാജപിള്ള. വര്‍ഗ്ഗീസ്സും കേശവനും രാജിവയ്കുമെന്നു് ഭീഷണി മുഴക്കി. പക്ഷെ, നടരാജപിള്ളയെ നാല്പത്തെട്ട് മണിക്കൂറിനുള്ളില്‍ത്തന്നെ മന്ത്രിസഭയില്‍ നിന്നു് ഒഴിവാക്കിക്കൊണ്ട് തല്കാലം അനുരഞ്ജനം ഉണ്ടായി.

എന്നിട്ടും ആഭ്യന്തരവഴക്കും വിഭാഗീയതയും തുടര്‍ന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ്സില്‍ ഇത് എന്നും അങ്ങനെയായിരുന്നു. ഇന്നുമതെ. ഏതായാലും കേരളത്തിലെ മന്ത്രിസഭയുടെ പതനം എല്ലായ്പോഴും അദൃശ്യഹസ്തങ്ങളുടെ പണിയായിരുന്നു. സ്വതാല്പര്യങ്ങള്‍ക്കുനേരെ ഭീഷണിയുടെ ലാഞ്ഛനയുണ്ടായാല്‍ മതി, അവര്‍ പ്രതികരിക്കും. വിഭാഗിയതയും അധികാരക്കൊതിയും മൂത്ത, ഏഴാംകൂലികളായ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ സന്ദര്‍ഭം വരുമ്പോള്‍ അവരുടെ ചട്ടുകമാകാന്‍ സ്വമേധയാ നിന്നുകൊടുക്കുകയും ചെയ്യും.

അധികാരത്തില്‍ വന്ന് വെറുംആറുമാസത്തിനകം, 1948 സെപ്തംബറില്‍, പട്ടംതാണുപിള്ളയുടെ ആദ്യ മന്ത്രിസഭ വീണു. ഈ വീഴ്ച കേരളീയരുടെ മനസ്സില്‍ “ഒപ്പിയാന്‍ പ്രസ്ഥാനം” എന്ന ഹാസ്യരാഷ്ട്രീയ നാടകവുമായി ബന്ധപ്പെട്ടാണ് ഇടം കണ്ടെത്തുന്നത്. സി.കേശവന്റെ നേതൃത്വത്തിലുള്ള കാര്‍ഷിക പരിഷ്കകരണത്തിനായുള്ള മന്ത്രിസഭാ സമിതിയുടെ റിപ്പോര്‍ട്ടാണ് അദൃശ്യഹസ്തങ്ങളെ ഇത്തരമൊരു നീക്കത്തിനു് പ്രകോപിപ്പിച്ചത്. കേശവന്‍ സമിതി റിപ്പോര്‍ട്ട് വെളിച്ചം കണ്ടതേയില്ല. പക്ഷെ അതിലെ ഭൂപരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ പൊതുവെ മിതസ്വഭാവമുള്ളവയായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. കേരളത്തിലെ വന്‍തോട്ടങ്ങളുടെ സാരഥ്യം വഹിച്ചിരുന്ന വിദേശികളുടെ ഒത്താശയുള്ള തോട്ടമുടമകളുടെ ധനസഹായവും പുരോഹിതരുടെ നേതൃത്വവും ഉണ്ടായിരുന്ന കത്തോലിക്കാ പ്രതിലോമകാരികള്‍ ആഞ്ഞടിക്കാന്‍ തീരുമാനിച്ചു. കോട്ടയത്തെ ഒരുതോട്ടത്തില്‍ നിന്നു് പറപ്പെട്ട ഒരു കാര്‍ പട്ടത്തിന്റെ നേതൃത്വത്തിനെതിരെ ഒപ്പുകള്‍ ശേഖരിച്ച് ചുറ്റി സഞ്ചരിച്ചു എന്നാണ് വിശ്വസിക്കപ്പെടുന്നത്. വിരോധാഭാസമെന്നു പറയട്ടെ, ഈ “ഒപ്പിയാന്‍ പ്രസ്ഥാന” ത്തിന്റെ നേതാവായ ശങ്കുപ്പിള്ള ഈയിടെ ഇതേ പട്ടത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന പി.എസ്..പി യില്‍ ചേര്‍ന്നു. പട്ടത്തിന്റെ മന്ത്രിസഭയെ അട്ടിമറിക്കുന്നതില്‍ ശങ്കുപ്പിള്ള മുഖ്യപങ്കുവഹിച്ചു. അതില്‍ ഇന്നത്തെ കേരള നയമസഭയിലെ കോണ്‍ഗ്രസ്സ് പ്രതിപക്ഷനേതാവായ പി.ടി.ചാക്കോയുടെ ഫലപ്രദമായ സഹായവും ഉണ്ടായിരുന്നു.

കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കകത്ത് പട്ടത്തിനോടുള്ള എതിര്‍പ്പിനു നേതൃത്വം നല്കിയിരുന്നത് ടി.കെ.നാരായണപിള്ളയും സഹായി കെ.എ.ഗംഗാധരമേനോനും ആണ്. ഒരേ ആള്‍ തന്നെ സംസ്ഥന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷപദവിയും പ്രധാനമന്ത്രിപദവിയും കൈകാര്യം ചെയ്യരുതെന്നായിരുന്നു. അവര്‍ മുന്നോട്ടുവച്ച വാദം പട്ടത്തിന്റെ ഭൂരിപക്ഷം കുറക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടിയോഗത്തില്‍ അദ്ദേഹം അരിശംകൊണ്ട് സകല കടലാസ്സുകളും വലിച്ചുകീറുകയും താന്‍ എല്ലാ സ്ഥാനങ്ങളും രാജിവക്കുകയാണന്ന് പ്രസ്താവിക്കുകയും ജനങ്ങള്‍ തന്നെ തിരികെ വിളിക്കുമ്പോള്‍ താന്‍ തിരിച്ചുവരുമെന്നു് ഘോഷിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

പുതിയ മുഖ്യമന്ത്രിയായി ടി.കെ.നാരായണപിള്ള 1949 ജൂലൈ 1 ന് സത്യപ്രതിജ്ഞ ചെയ്തു. തിരുവിതാംകൂറും കൊച്ചിയും സംയോജിക്കുംവരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. അന്തരിച്ച എ.ജെ.ജോണും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്നു. തന്റെ സഹായിയായ കെ.എ.ഗംഗാധരമേനോന്റെ സേവനങ്ങള്‍ക്ക് അദ്ദേഹം അനന്യമായ ഒരു പ്രത്യൂപകാരമാണ് ചെയ്തതു്. എം.എല്‍.എ ആയി തുടരവെ തന്നെ മേനോനെ തിരുവിതാംകൂറിന്റെ അറ്റോര്‍ണി-ജനറലും ആക്കി. ഇതു് കീഴ്വഴക്കമില്ലാത്ത ഒരു നടപടിയായിരുന്നു. ഭരണഘടനാവിരുദ്ധവും സ്വേഛാപരവുമായ ഈ നടപടിക്കെതിരെ മുറവിളി വര്‍ധിച്ചപ്പോള്‍ തിരുവിതാംകൂര്‍ അറ്റോര്‍ണി-ജനറല്‍ എന്ന പദവി തന്നെ ഇല്ലായ്മചെയ്തു് ഗംഗാധരമേനോനെ ഹൈക്കോടതി ജഡ്ജിയാക്കി!

പുതിയ തിരു-കൊച്ചി സംസ്ഥാനത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവായി ടി.കെ.നാരായണപിള്ള വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ മന്ത്രിസഭയില്‍ മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി മന്ത്രിസഭകളില്‍ അംഗങ്ങളായിരുന്ന മിക്കവരും ഉണ്ടായിരുന്നു, പനമ്പള്ളി ഗോവിന്ദമേനോന്‍ അടക്കം. കൊച്ചിയിലെ ഇ.ഇക്കണ്ടവാര്യര്‍ മന്ത്രിസഭയിലെ നാലംഗങ്ങളില്‍ ഒരാളായിരുന്ന പനമ്പള്ളി ഗോവിന്ദമേനോനു് മുമ്പുതന്നെ വെളിച്ചെണ്ണ കുംഭകോണത്തിന്റെ പേരില്‍ ജനകീയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. കുംഭകോണത്തില്‍ പനമ്പള്ളിക്ക് അഞ്ചരലക്ഷം രൂപയുടെ ലാഭമുണ്ടായി എന്നായിരുന്നു ആരോപണം. അതുകൊണ്ടുതന്നെ കേരളത്തില്‍ “അഞ്ചര ലക്ഷം” എന്നു കേട്ടാല്‍ പനമ്പള്ളിഗോവിന്ദമേനോന്‍ എന്നാണ് അര്‍ത്ഥമാക്കുക എന്ന അവസ്ഥയായി.

തിരുവിതാംകൂറും കൊച്ചിയും ലയിച്ചതിന്റെ ഫലമായി കേരളത്തിലെ കോണ്‍ഗ്രസ്സുുകാര്‍ക്കിടയില്‍. അനന്തമായി തുടര്‍ന്നുപോന്നിരുന്ന വിഭാഗിയ വഴക്കുകള്‍ക്ക് പരമ്പരാഗതമായ തിരുവിതാംകൂര്‍-കൊച്ചി മല്‍സം കാരണം പുതിയൊരു മാനം കൂടി കൈവന്നു. മന്ത്രിസഭയുടെ അസ്ഥിരത സ്ഥിരമായി നിലനിര്‍ത്തുന്ന ഏതെങ്കിലും ഒരു കുഴപ്പം എപ്പോഴും ഉണ്ടാകും. താമസിയാതെ, 1950ല്‍ ടി.കെ.നാരായണപിള്ളയ്ക് മുഖ്യമന്ത്രിപദം ഒഴിഞ്ഞ് സി.കേശവന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയില്‍ വെറുമൊരു മന്ത്രിയായി തുടരേണ്ടിവന്നു. സി.കേശവന്‍ കോണ്‍ഗ്രസ്സ് പാര്‍ടിയുടെ പുതിയ നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. 1951-52ലെ പൊതുതെരഞ്ഞെടുപ്പു വരെ കേശവന്റെ മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നു.

സ്വതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ അഖിലേന്ത്യാകോണ്‍ഗ്രസ് സംഘടന തന്നെ ആഭ്യന്തരമായ അഭിപ്രായവ്യത്യാസങ്ങളില്‍ നിന്നും വഴക്കുകളില്‍ നിന്നും മുക്തമായിരുന്നില്ല. 1948-49ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്ററ് പാര്‍ട്ടി മാതൃസംഘടനയില്‍നിന്നു് വേറിട്ട് ഇന്ത്യന്‍ സോഷ്യലിസ്ററ് പാര്‍ട്ടി സ്ഥപിച്ചു. 1948 സെപ്തംബറില്‍ പദവി നഷ്ടപ്പെട്ട മുതല്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്ന പട്ടം താണുപിള്ള സോഷ്യലിസ്ററ് പാര്‍ട്ടിയില്‍ ചേര്‍ന്ന് അതിന്റെ കൊടിക്കീഴില്‍ 1951-52ലെ പൊതുതെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.

1951-52ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് ആചാര്യ കൃപലാനി കോണ്‍ഗ്രസ്സില്‍ നിന്നു പിരിഞ്ഞ് കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി (കെ.എം.പി.പി.) രൂപീകരിച്ചുു. കേരളത്തിലെ തലമുതിര്‍ന്ന ഗാന്ധിയനായ കെ.കേളപ്പനും, കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുകയും കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ അധ്യക്ഷനാവുകയും ചെയ്തിട്ടുള്ള കെ.എ.ദാമോദരമേനോനും കെ.എം.പി.പി.യില്‍ ചേര്‍ന്നു 1951-52ലെ പൊതുതെരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിയുടെ കൊടിക്കീഴില്‍ മല്‍സരിച്ചു.

സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റുുകാരും മറ്റ് ഇടതുപക്ഷക്കാരും (കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി, റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി) ചേര്‍ന്ന് 1951-52ല്‍ തിരു-കൊച്ചി പ്രദേശത്ത് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി യുനൈറ്റഡ് ഫ്രണ്ട് ഓഫ് ലെഫ്റ്റിസ്റ്റ്സ്(യു.എഫ്.എല്‍) രൂപികരിക്കുകയായിരുന്നു. മലബാറില്‍ കമ്മ്യൂണിസ്റ്റുകാര്‍ കെ.എം.പി.പിയുമായി ഒരു ഐക്യമുന്നണിയുണ്ടാക്കി. തെക്കന്‍
തിരുവിതാംകൂറില്‍ തമിഴ് ഭൂരിഭാഗമുള്ള നാല് താലൂക്കുകള്‍ തമിഴ് നാടിനോട് ചേര്‍ക്കണം എന്നാവശ്യപ്പെടുന്ന ഒരു സംഘം കോണ്‍ഗ്രസ്സുകാര്‍ കോണ്‍ഗ്രസ്സില്‍ നിന്നു വിട്ട് തിരുവിതാംകൂര്‍-തമിഴ് നാട് കോണ്‍ഗ്രസ്സ്(ടി.ടി.എന്‍.സി) എന്ന പേരില്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചുു എന്ന വസ്തുതയും ഇവിടെ പരാമര്‍ശിക്കട്ടെ.

1948ല്‍ വെല്ലുവിളി ഏതുമില്ലാതെ, പരമോന്നതനിലയില്‍ നിന്നിരുന്ന കോണ്‍ഗ്രസ്സ് വെറും നാലു വര്‍ഷം കൊണ്ട് എന്തൊരു പതനത്തിലായിതീര്‍ന്നു എന്ന് 1951-52ലെ പൊതുതെരഞ്ഞെടുപ്പ് വ്യക്തമാക്കി. നാമനിര്‍ദ്ദശം ചെയ്ത ആള്‍ അടക്കം 108അംഗങ്ങളുള്ള സഭയില്‍ വെറും 44സീറ്റുകളാണ് അതിനു കിട്ടിയത്. അങ്ങനെ അത് ഒരു ന്യൂനപക്ഷമായി. തെക്കന്‍ തിരുവിതാംകൂറിലെ പത്തു സീറ്റുകളും ടി.ടി.എന്‍.സി. നേടി.

പട്ടത്തിന്റെ സോഷ്യലിസ്റ്റ് ഗ്രൂപ്പ് 12 സീറ്റുകള്‍ കരസ്ഥമാക്കി. പകുതിയും നേടിയത് യുഎഫ്എല്ലുമായി ചേര്‍ന്നിട്ടാണ്. യുഎഫ്എല്ലിന് 38സീറ്റു് കിട്ടി. അതില്‍ 31ഉം കമ്യൂണിസ്റ്റുകാരോ അവരുടെ പിന്തുണയുള്ള സ്വതന്ത്രരോ ആയിരുന്നു. ആറു സീറ്റ് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടിയും ഒന്ന് കേരള സോഷ്യലിസ്റ്റ് പാര്‍ട്ടിയും നേടി. നാലു കത്തോലിക്കര്‍ സ്വതന്ത്രരായി തെരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ചു.

കോണ്‍ഗ്രസ്സിനു് കേവലഭൂരിപക്ഷം കിട്ടിയില്ല. എങ്കിലും, സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലക്ക് അതിന്റെ നേതാവ് പരേതനായ എ.ജെ.ജോണ്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കപ്പെട്ടു.
ഇതേ നടപടി രണ്ടു വര്‍ഷത്തിനു ശേഷം മറ്റൊരു ഇന്‍ഡ്യന്‍ സംസ്ഥാനത്ത് കഠിനമായി എതിര്‍ക്കപ്പെട്ടു-ആന്ധ്രയില്‍. കാരണം, അവിടെ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കമ്മ്യൂണിസ്റ്റുുകാരായിരുന്നു.

എ.ജെ.ജോണ്‍1952 മാര്‍ച്ച്14ന് സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം ടി.ടി.എന്‍.സി.യുമായി ചര്‍ച്ച നടത്തി ഒരു ധാരണയിലെത്തുകയും തുടര്‍ന്നു അതിന്റെ ഒരംഗത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. പട്ടത്തിന്റെ സോഷ്യലിസ്റ്റ് ഗ്രൂപ്പില്‍ നിന്ന് രണ്ടുപേര്‍ കൂറുമാറി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതും പാര്‍ട്ടിക്കു് ശക്തിയായി. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമടക്കം കോണ്‍ഗ്രസ്സിന് 108അംഗസഭയില്‍ 57വോട്ടുകളായി. പി.എസ്സ്.പി.യിലെ കെ.പി.നീലകണ്ഠപ്പിള്ള സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു.

1953 സെപ്തംബര്‍വരെ ജോണ്‍ മന്ത്രിസഭ അധികാരത്തില്‍ തുടര്‍ന്നു. ഏകദേശം ഇക്കാലത്ത് തിരു-കൊച്ചിയിലെ നാലു് തെക്കന്‍താലൂക്കുകള്‍ തമിഴ് നാട്ടില്‍ ചേര്‍ക്കണമെന്ന ആവശ്യം കോണ്‍ഗ്രസ്സ് പാര്‍ട്ടി അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ടി.ടി.എന്‍.സി സഖ്യമവസാനിപ്പിച്ചു. പ്രതിസന്ധി ഉയര്‍ത്തി. അവര്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. അത് പാസായി. മന്ത്രിസഭ വീണു. 1954ജനുവരി-ഫെബ്രുവരിയില്‍ പുതിയ പൊതുതെരഞ്ഞെടുപ്പ് നടക്കും വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ അതിനോട് ആവശ്യപ്പെട്ടു

നിയോജകമണ്ഡലങ്ങള്‍ പുനര്‍നിര്‍ണയം ചെയ്തതിന്റെ ഫലമായി സംസ്ഥാനനിയമസഭയില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ഒരംഗം ഉള്‍പ്പെടെ 118 അംഗങ്ങളായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, കേരള സോഷ്യലിസ്റ്റ് പാര്‍ട്ടി (കെ.എസ്.പി.), റെവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്‍.എസ്സ്.പി.) എന്നിവ ചേര്‍ന്ന് വീണ്ടും യു.എഫ്.എല്‍ ഉണ്ടാക്കി. അത്, അഖിലേന്ത്യാതലത്തില്‍ ആചാര്യ കൃപലാനിയുടെ കെ.എം.പി.പി.യും മുന്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റുകളും ലയിച്ചുുണ്ടായ പി.എസ്.പി.യുടെ സംസ്ഥാന നേതാവായി മാറിയ പട്ടം താണുപിള്ളയുമായും സഖ്യമുണ്ടാക്കി. തമിഴ് പ്രദേശങ്ങള്‍ വിഘടിപ്പിച്ച് മദിരാശിയുമായി കൂട്ടിച്ചേര്‍ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയ ടി.ടി.എന്‍.സി.യും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചു.

1954ലെ പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സ് തോറ്റു. അതിന് വെറും 45 സീറ്റുകളാണ് ലഭിച്ചത്. കമ്മ്യൂണിസ്റ്റുകാരുടെ സജീവ സഹകരണം ഉണ്ടായിരുന്ന പി.എസ്സ്.പി.യ്ക് 19 സീറ്റും ടി.ടി.എന്‍.സി.യ്ക് 12 സീറ്റും കിട്ടി. യു.എഫ്.എല്ലിന് 40 സീറ്റുകള്‍ കിട്ടി. അതില്‍ 28 എണ്ണം കമ്മ്യൂണിസ്റ്റുകാരും 9 എണ്ണം ആര്‍.എസ്സ്.പിയും 2 എണ്ണം കെ.എസ്സ്.പിയുമാണ് നേടിയത് ഇടതുപക്ഷക്കാരുടെ ഐക്യമുണ്ടാക്കാനുള്ള തീവ്രശ്രമം നടത്തിയതും പി.എസ്സ്.പിയുമായി സഖ്യമുണ്ടാക്കിയതും കാരണം കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഉറച്ച പല മണ്ഡലങ്ങളുും ബലികഴിക്കേണ്ടിവന്നു. അതുകൊണ്ടാണ് അവരുടെ എണ്ണം കുറഞ്ഞത്. ഒരൊറ്റ സ്വതന്ത്രനേ ജയിച്ചുള്ളു.

പനമ്പള്ളി ഗോവിന്ദമേനോന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷെ, ഭൂരിപക്ഷം സംഘടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സകല ശ്രമങ്ങളും പരാജയപ്പെട്ടു. മറുവശത്ത് ഒന്നിച്ചു നിന്നാല്‍ 118 അംഗങ്ങളുള്ള നിയമസഭയില്‍ 59 അംഗങ്ങളുടെ ബലം ലഭിക്കുന്ന പി.എസ്സ്.പിയും യു.എഫ്.എല്ലും തമ്മില്‍ സഖ്യമുണ്ടാക്കാനുള്ള സാധ്യതയും ഉയര്‍ന്നു. അങ്ങനെ വന്നാല്‍ കമ്മ്യൂണിസ്റ്റ് പങ്കാളിത്തത്തോടുകൂടിയ ഒരു ഇടതു പക്ഷ സര്‍ക്കാര്‍ നിലവില്‍ വരും. ഈ സാധ്യത സന്മനോഭാവത്തോടെ സ്വീകരിക്കാന്‍ ഉന്നതവൃത്തങ്ങള്‍ തയ്യാറായിരുന്നില്ല. അവരില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം ഭരണത്തില്‍ പങ്കാളിയാകാതെ തന്നെ ഒരു പി.എസ്സ്.പി മന്ത്രിസഭയെ പിന്തുണക്കാന്‍ കോണ്‍ഗ്രസ്സ് തീരുമാനിച്ചു. അങ്ങനെ 118 അംഗങ്ങളുുള്ള നിയമസഭയില്‍ വെറും 19 അംഗങ്ങളുള്ള പട്ടംതാണുപിള്ള മന്ത്രസഭ രൂപീകരിക്കുന്ന വിരോധാഭാസത്തിന് കേരളം സാക്ഷിയായി.

1954 മാര്‍ച്ചില്‍ പട്ടംതാണുപിള്ളയുടെ പി.എസ്.പി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്നുമാസം അധികാരത്തില്‍ തുടര്‍ന്ന ആ മന്ത്രിസഭ 1955 ഫെബ്രുവരിയില്‍ രാജിവച്ചു. പട്ടത്തിന്റെ ഭരണകാലത്ത് കോണ്‍ഗ്രസ്സ് നേതാവ് നേതാവ് പനമ്പള്ളിയായിരുന്നു. മന്ത്രിക്കസേരയില്‍ കയറിപ്പറ്റാന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു അദ്ദേഹം.

തെക്കന്‍ തിരുവിതാംകൂറിലെ നാല് തമിഴ് താലൂക്കുകള്‍ വിഘടിച്ചുു കിട്ടണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് നടന്ന ടി.ടി.എന്‍.സിയുടെ പ്രക്ഷോഭം പൊടുന്നനെ അക്രമാസക്തമാവുകയും പട്ടംമന്ത്രിസഭ വെടിവയ്പിന് ഉത്തരവിടുകയും വിടുകയും വെടിവയ്പില്‍ ഏതാനും പേര്‍ മരിക്കുകയും ചെയ്തുു.

അതേസമയം കൃഷി റവന്യൂ വകുപ്പ് മന്ത്രി പി.എസ്സ്.നടരാജപിള്ള ഒരു കാര്‍ഷികബില്‍ കൊണ്ടുവന്നു. പുരോഗമനാത്മകമായ കാര്‍ഷിക നയങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിരുന്ന നടരാജപിള്ള മുന്നോട്ടുവച്ച ബില്ലില്‍ മറ്റുുപല വ്യവസ്ഥകള്‍ക്കും ഒപ്പം ഭൂവുടമസ്ഥതാപരിധി നിര്‍ണയിക്കുന്ന ഒരു വ്യവസ്ഥയും ഉണ്ടായിരുന്നു. ക്രമേണ, പി.എസ്സ്.പിയുടെ തന്നെ അണികളുുടേയും കമ്യൂണിസ്റ്റുുകാരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങി പട്ടം മന്ത്രിസഭ തൊഴിലാളി വര്‍ഗ്ഗത്തിന്റേയും ട്രേയ്ഡ് യൂണിയനുകളുുടേയും ആവശ്യങ്ങള്‍ പിന്തുണക്കുന്ന ഒരു നയം കൈകൊണ്ടു തുടങ്ങി. ഇതു് പ്രതിലോമകാരികളായ ക്രിസ്ത്യന്‍ തോട്ടമുടമകളെ ക്രുദ്ധരാക്കി. അവരായിരുന്നല്ലൊ, കേരളത്തിലെ യഥാര്‍ത്ഥ കിങ്മേക്കര്‍മാര്‍. അവര്‍ പി.എസ്സ്.പി. മന്ത്രിസഭ തുടരേണ്ടതില്ല എന്ന് ഉത്തരവിട്ടുു.

പനമ്പള്ളി കളി നല്ലപോലെ കളിച്ചുു. രണ്ടു പി.എസ്സ്.പി. നിയമസഭാ സാമാജികരുടെ കൂറുമാറ്റവും ഒരേയൊരു നാമനിര്‍ദ്ദേശിത അംഗത്തിന്റെ പിന്‍തുണയും അദ്ദേഹം തരമാക്കി. കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം വരുമ്പോള്‍ മന്ത്രിസഭയുടെ തൊഴിലാളി അനുകൂല നയങ്ങള്‍, എങ്ങനെ “ക്രമസമാധാനത്തകര്‍ച്ച” എന്ന കോണ്‍ഗ്രസ്സ് മുറ വിളിക്ക് വഴിവച്ചുുവോ, അതുപോലെ പട്ടത്തിന്റെ സോഷ്യലിസ്റ്റ് മന്ത്രിസഭക്ക് എതിരെ സ്ഥാപിത താല്പര്യക്കാരെ സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ്സ് മുറവിളി ഉയര്‍ത്തി. പട്ടത്തിന്റെ സര്‍ക്കാര്‍ ക്രമസമാധാന പരിപാലനത്തില്‍ പരാജയപ്പെട്ടതായി ആരോപണമുയര്‍ന്നു.

അങ്ങനെ, മുഖ്യമന്ത്രിക്കസേര തരപ്പെടുത്തണമെന്ന പനമ്പള്ളിയുടെ ആലോചനയും സോഷ്യലിസ്റ്റ് മന്ത്രിസഭയെ ചവിട്ടിപ്പുറത്താക്കണമെന്ന സ്ഥപിത താല്പര്യക്കാരുടെ തീരുമാനവും യദൃച്ഛയാ ഒന്നിച്ചായി. അങ്ങനെ കേരളത്തിലെ കോണ്‍ഗ്രസ്സ് വരേണ്യവര്‍ഗ്ഗങ്ങളുടെ കയ്യാളുുകളാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചുു. “ക്രമസമാധാനത്തകര്‍ച്ച”ക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസ്സ് സേവാദള്‍ സ്ക്വാഡുകളോട് ആഹ്വാനം ചെയ്തുു എന്നതും ശ്രദ്ധിക്കേണ്ട ഒരു വസ്തുുതയാണ്. താമസിയാതെ ഈ സേവാദള്‍ സ്ക്വാഡുകള്‍ ഇന്നത്തെ ക്രിസ്റ്റഫര്‍മാരെപ്പോലെ സമരങ്ങള്‍ പൊളിക്കാല്‍ പാകത്തിനു് ലഭ്യമായി തുടങ്ങി. ചില തോട്ടം സമരങ്ങളില്‍, സേവാദള്‍ സ്ക്വാഡുകാരെന്നും കോണ്‍ഗ്രസ് നേതാവ് പി.സി.ചെറിയാന്റെ ഗുണ്ടകളെന്നും പറയപ്പെടുന്ന ആളുുകള്‍ തൊഴിലാളികളുുടെ സമരം പൊളിക്കാനായി മുന്‍ പിന്‍ നോക്കാതെയുള്ള മര്‍ദ്ദനമുറകള്‍ കൈക്കൊണ്ടു. ഇത്തരം സമരം പൊളിക്കല്‍ പ്രവര്‍ത്തനങ്ങള്‍ അപകടകരമായ വിധം വളര്‍ന്നു. ഒരിടത്ത് തങ്കപ്പനെന്ന ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടുു.

അത്തരമൊരു സാഹചര്യത്തില്‍ പനമ്പള്ളി രണ്ട് പി.എസ്.പി. സാമാജികരുടെ പിന്തുണയോടെ തിരശ്ശീലക്ക് പിറകില്‍ 12 അംഗങ്ങളുുള്ള ടി.ടി.എന്‍.സിയുമായി ഒരു കരാറില്‍ എത്തി. അങ്ങനെ അദ്ദേഹത്തിനു് 118 അംഗ സഭയില്‍ 60 പേരുടെ പിന്തുണ കിട്ടി. പോലീസ് വെടിവെയ്പുുകാരണം പട്ടത്തിനോട് മുമ്പുതന്നെ വിരോധമുണ്ടായിരുന്ന ടി.ടി.എന്‍.സി. അദ്ദേഹത്തിനെതിരെ ഒരു അവിശ്വാസപ്രമേയം കൊണ്ടുവന്നു. കമ്യൂണിസ്റ്റുകാര്‍ പി.എസ്.പി മന്ത്രിസഭയെ രക്ഷിക്കാനായി പട്ടവുമായി ചര്‍ച്ച നടത്തി. അവസാനം ഉണ്ടായ കരാര്‍ പ്രകാരം പന്നപ്ര-വയലാര്‍ തടവുകാരെ(1) വിട്ടയയ്കാനും കുടിയിറക്ക് തടയുവാനുള്ള ബില്‍ കൊണ്ടുവരാനും തീരുമാനമായി. തടവുകാരെ മോചിപ്പിച്ച പി.എസ്.പി. മന്ത്രിസഭ രണ്ടാമത്തെ വ്യവസ്ഥ പാലിക്കുന്നതില്‍ തരികിട കളിച്ചതോടെ കരാര്‍ തകര്‍ന്നു.

അവിശ്വാസപ്രമേയത്തില്‍ കോണ്‍ഗ്രസ് ടി.ടി.എന്‍സി.യെ പന്തുണച്ചുു. കമ്യൂണിസ്റ്റുുകാര്‍ നിഷ്പക്ഷത പാലിച്ചു. കമ്യൂണിസ്റ്റുകാര്‍ പട്ടത്തിനു് പന്തുണ നല്കിയിരുന്നെങ്കില്‍പ്പോലും രണ്ടു പി.എസ്.പി.സാമാജികര്‍ കോണ്‍ഗ്രസ്സിലേക്ക് കൂറുമാറിയിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മന്ത്രിസഭയെ രക്ഷിക്കാന്‍ യാതൊരു സാദ്ധ്യതയും ഇല്ലായിരുന്നു. അങ്ങനെ പട്ടം താണുപിള്ളയുടെ മന്ത്രിസഭ രണ്ടാമതും അല്‍പ്പായുസ്സായി. ഇതു് പട്ടത്തെ കൂടുതല്‍ അസ്വസ്ഥനായ ഒരു രാ‍ഷ്ട്രീയക്കാരനാക്കിത്തീര്‍ത്തു. ഈ കോണ്‍ഗ്രസ് പ്രകടനത്തെക്കുറിച്ച് ഇന്ത്യന്‍ എക്സ് പ്രസ്സിലെ (ജനുവരി7,1958) “വിറ്റ്നെസ്” (ദൃക്സാക്ഷി) ഇങ്ങനെ എഴുതി വോട്ടിനുവേണ്ടി “ബീല്‍സെബുബിനേയും”(പിശാചിന്റെ പ്രതിപുരുഷന്‍) കൂട്ടുപിടിക്കാന്‍ മടിക്കാത്ത കോണ്‍ഗ്രസ്സിന്റെ സങ്കുചിത സ്വാര്‍ത്ഥതാല്പര്യ സംരക്ഷണ വ്യഗ്രത -ഇതാണ് പി.എസ്.പി.മന്ത്രിസഭയുടെ പതനത്തിനു കാരണം. ഇക്കാര്യം കേരളത്തിലെ ജനങ്ങള്‍ അത്ര വേഗമൊന്നും മറന്നിരിക്കാന്‍ തരമില്ല. അതു മാത്രമല്ല, സ്വന്തം അണികളുടെ കലാപം- കോണ്‍ഗ്രസ് മന്ത്രിസഭയുടെ തന്നെ പതനത്തിലേക്ക് നയിച്ച തിരുവിതാംകൂര്‍ തമിഴ്നാട് കേണ്‍ഗ്രസ്സുകാരുടെ കലാപം പോലും – തടയാന്‍ അതിനു് ശക്തിയുണ്ടയിരുന്നില്ല.

അങ്ങനെ വീണ്ടും മാര്‍ച്ചില്‍ -കേരളത്തിലെ കോണ്‍ഗ്രസ്- പി.എസ്.പി. മന്ത്രിസഭകള്‍ക്ക് നിര്‍ണ്ണായക മാസമാണിത്- പനമ്പള്ളി ഗോവിന്ദ മേനോന്‍ തിരുകൊച്ചി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുു. ഒരു വര്‍ഷം നീണ്ട,സൂഷ്മവും കൌശലപൂര്‍ണ്ണവുമായ ഗൂഢനീക്കങ്ങള്‍ക്കൊടുവിലാണ് ആ സത്യപ്രതിജ്ഞ നടന്നത്. പക്ഷെ, അദ്ദേഹവും മുഖ്യമന്ത്രി പദവിയില്‍ 1956 മാര്‍ച്ചുുവരെ, ഒരു വര്‍ഷം മാത്രമേ ഉണ്ടായുള്ളു.

പനമ്പള്ളി ഭരണത്തിന്‍കീഴില്‍ അഴിമതി, സ്വജനപക്ഷപാതം, ദല്ലാളിത്തം എന്നിവ വ്യാപകമായി. ഭരണത്തിലെ അഴിമതികള്‍ ഡോ.എ.ആര്‍.മേനോന്‍, ടി.എം.വര്‍ഗ്ഗീസ്, കെ.എം.കോര എന്നിവരടക്കം ആറു തലമുതിര്‍ന്ന കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ തുറന്ന കലാപത്തിനു് ഇറങ്ങാന്‍ പ്രകോപിപ്പിച്ചു. അവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു് വിട്ടു് ഒരു “റബല്‍ കോണ്‍ഗ്രസ്” ഉണ്ടാക്കി. ഇത് പനമ്പള്ളിയുടെ പിന്തുണ 60 നിന്നു് 54 ആയി കുറക്കുന്നതിനു് ഇടയാക്കി. അദ്ദേഹത്തിന് രാജി വയ്ക്കേണ്ടി വന്നു. ഇപ്പോള്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരിക്കുന്ന ഡോ.എ.ആര്‍.മേനോന്‍ സത്യസന്ധതയ്ക്ക് പ്രസിദ്ധനാണ്. അദ്ദേഹം ഈയിടെ കേരള Oorgaum അസോസിയേഷന്റെ സമ്മേളനത്തെ അഭിസംബോധന ചെയ്തുു കൊണ്ട് പറഞ്ഞത്-

“മുപ്പത്തിരണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിനു ശേഷം താന്‍ കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടതിനു കാരണം കോണ്‍ഗ്രസ് സര്‍ക്കാരിലെ ചില ഉന്നത സ്ഥാനീയര്‍ക്കെതിരെ താന്‍ ഉയര്‍ത്തിയ ചില അഴിമതി ആരോപണങ്ങള്‍ തെളിയിക്കാന്‍ തന്നെ അനുവദിക്കുകയൊ ആ ആരോപണങ്ങള്‍ ശരിയല്ലന്നു സ്വയം തെളിയിക്കുകയോ ചെയ്യാത്തതാണ്.” (ഇന്ത്യന്‍ എക്സ് പ്രസ്, ജനുവരി 12,1958). എന്നാണ്.

പുറത്തുപോകുമ്പോള്‍ പോലും കോണ്‍ഗ്രസ് മന്ത്രിസഭ അതിന്റെ പെരുമാറ്റം കൊണ്ട് പൊതുജനങ്ങളെ ഞെട്ടിച്ചുു. സംസ്ഥാനം പ്രസിഡന്റ് ഭരണത്തിലാകരുത് എന്ന് കേരളത്തില്‍ പരക്കെ അഭിപ്രായമുണ്ടായിരുന്നു. ഈ ലക്ഷ്യം മനസ്സില്‍വച്ചുുകൊണ്ട് പി.എസ്.പി.യും യു.എഫ്.എല്ലും ഒരു ധാരണയിലെത്തി. രണ്ട് റിബല്‍കോണ്‍ഗ്രസുകാരുടെ പിന്തുണ ഉള്‍പ്പെടെ അവര്‍ക്ക് നിയമസഭയില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷം-59 അംഗങ്ങള്‍- ഉണ്ടായിരുന്നു. ആ നിര്‍ണ്ണായക നിമിഷത്തില്‍ യു.എഫ്.എല്ലിലെ ആര്‍.എസ്.പി. അംഗമായ നാരായണന്‍ പോറ്റി അപ്രത്യക്ഷനായി. അദ്ദേഹത്തെ ആരോ തട്ടിക്കൊണ്ടു പോയതാണ് എന്ന് പരക്കെ ആരോപണമുയര്‍ന്നു. വാസ്തവത്തില്‍ അദ്ദേഹം, ക്ലിഫ്ഹൌസ്സില്‍ തടവിലാണെന്ന് ചില വ്യക്തികള്‍ രാജപ്രമുഖനെ ബോധിപ്പിക്കുകയും ഒരു തെരച്ചിലിനു് ഉത്തരവാകുകയും ചെയ്തതാണ്. പോറ്റിയുടെ പൊടിപോലും കണ്ടെത്താനാകാതെ പോലീസ് വെറും കയ്യോടെ മടങ്ങി. അക്ഷമനായ രാജപ്രമുഖന്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും വരെ കാത്തു നില്കാതെ മന്ത്രിസഭ രൂപീകരിക്കാന്‍ തനിക്ക് സാധ്യമായില്ല എന്ന് പ്രസിഡന്റിനെ തെര്യപ്പെടുത്തുകയും താമസിയാതെ സംസ്ഥാനത്ത് പ്രസിഡന്റ് ഭരണം നിലവില്‍ വരികയും ചെയ്തു.

ഒരു ചോദ്യം ഉയര്‍ത്തപ്പെട്ടേക്കാം.: പത്തു വര്‍ഷത്തെ കോണ്‍ഗ്രസ്സ് ഭരണം കൊണ്ട് സംസ്ഥാനത്തിന് എന്തു പുരോഗതിയാണ്, അങ്ങനെ എന്തെങ്കിലും ഉണ്ടായെങ്കില്‍ത്തന്നെ, കൈവന്നത്? ഒരോറ്റ നേട്ടം പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അഴിമതിയുടേയും കൈക്കൂലിയുടേയും ഞെട്ടിപ്പിക്കുന്ന ജുഗുപ്സയുളവാക്കുന്ന കഥകള്‍, സാമ്പത്തിക നേട്ടത്തിനു പകരമായി ലൈസന്‍സുകളും അനുമതി പത്രങ്ങളും നല്‍കിയ കഥകള്‍, രഹസ്യമായ വനം കരാറുകള്‍, ബസ്സ് വങ്ങലുകള്‍, അങ്ങനെയുള്ള നിരവധി കഥകളാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് ഭരണത്തിന്റെ പൈതൃകം.

അതുകൊണ്ടു തന്നെയാവണം, സംസ്ഥാനത്തെ വികസനാസൂത്രണം, അടിയന്തിരമായി നടത്തേണ്ടിയിരുന്ന ഭരണ പരിഷ്കാരങ്ങള്‍ മുതലായവക്ക് ശ്രദ്ധ ലഭിക്കാതെ പോയതും. സ്വന്തം പ്രദേശങ്ങളില്‍ ഒരു റോഡ്, അല്ലെങ്കില്‍ ഒരു വിദ്യാലയം, ഇത്രയൊക്കെയെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടിയിരുന്നുള്ളുു. സംസ്ഥാനത്തിന്റെ മൊത്തം കാര്‍ഷിക-വ്യാവസായിക വികസനത്തിനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കു വാനുള്ള യാതൊരു നീക്കവും അവര്‍ നടത്തിയില്ല. 1957ഏപ്രിലില്‍ അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന്റെ വിഹിതം ഉല്പാദനപരമല്ലാത്ത മേഖലകള്‍ക്കാണ് ഊന്നല്‍ നല്കിയിട്ടുള്ളത് എന്ന് പ്ലാനിങ് കമ്മീഷനോട് പരാതിപ്പെട്ടപ്പോള്‍, കേരളത്തിലെ പ്രതിനിധികളോട്(അത് കോണ്‍ഗ്രസുകാരല്ലാതെ മറ്റാരും ആവില്ലല്ലൊ) ഉല്പാദനപരമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കാണ് നിങ്ങള്‍ അമിതപ്രാധാന്യം നല്കുന്നത് എന്നും ഞങ്ങള്‍ ഉല്പാദനത്തിന് കുറഞ്ഞ പ്രാധാന്യമേ നല്കുന്നുള്ളുു എന്നും പലതവണ ചൂണ്ടിക്കാട്ടിയിരുന്നു” എന്നാണ് കമ്മീഷന്‍ മറുപടി പറഞ്ഞത്. (ഇ.എം.എസ് നമ്പൂതിരിപ്പാട്,കേരളം, പ്രശ്നങ്ങളും സാധ്യതകളും, പുറം 16.)

വിരുദ്ധതാല്പര്യങ്ങളുടെ വടംവലികള്‍ കാരണം ഭരണം കൂടുതല്‍ കൂടുതല്‍ കാര്യക്ഷമമല്ലാതാകുകയും ജീര്‍ണിക്കുകയും ചെയ്തുു. യുനൈറ്റഡ് സ്റ്റൈയ്റ്റ്സിലെ ‘ദ് ക്രിസ്റ്റ്യന്‍ സയന്‍സ് മോണിറ്റര്‍’ അതിന്റെ 1958 ജനുവരി 4ലെ ലക്കത്തില്‍ സ്റ്റാഫ് കറസ്പോണ്ടന്റ് തകാഷി ഓക്കയുടെ ഒരു തിരുവനന്തപുരം റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തിട്ടുണ്ട്: ‘ഒരു റോമന്‍ കാത്തലിക് ആര്‍ച്ചു് ബിഷപ്പ് പറഞ്ഞു “ഇവിടത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (കേരളത്തിലൊഴികെ ഇന്‍ഡ്യയില്‍ എല്ലായിടത്തും ഭൂരിപക്ഷമുള്ള പാര്‍ട്ടിയുടെ)നേതാക്കള്‍ക്ക് ജനപിന്തുണ നഷ്ടപ്പെട്ടത് അവര്‍ അധികാരത്തിലിരിക്കുമ്പോള്‍ അഴിമതിക്കാരായിരുന്നതിനാലാണ്.” ഓക്കയുടെ റിപ്പോര്‍ട്ട് തുടരുന്നു.: “മുന്‍മന്ത്രിസഭകള്‍ക്ക് കീഴില്‍ വളരെയധികം കെടുകാര്യസ്ഥത നടന്നിട്ടുള്ളതിനാല്‍ കമ്യൂണിസ്റ്റുകാര്‍ ഒരു സര്‍ക്കാര്‍ ദിവസേന നടത്തേണ്ട സാധാരണ പ്രവര്‍ത്തനങ്ങളെങ്കിലും നടത്തിയാല്‍ മുന്‍ഗാമികളുടെ ഭരണത്തില്‍ നിന്നൊരു മെച്ചപ്പെടലായിരിക്കും അത് എന്നാണ് ഇവിടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.”


(1) ഈ തടവുകാര്‍ വാസ്തവത്തില്‍ തിരുവിതാംകൂറിലെ മുന്‍ ദിവാന്‍ സര്‍ സി.പി.രാമസ്വാമി അയ്യരുടെ ഏകാധിപത്യത്തിനെതിരെ പോരാടിയ പുന്നപ്ര, വയലാര്‍ തീരപ്രദേശങ്ങളിലെ വീരന്മാരായ തൊഴിലാളികളുും കര്‍ഷകരുമായിരുന്നു.

  1. കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
  2. കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
  3. വിദ്യാഭ്യാസനയവും നേട്ടങ്ങളും
  4. തൊഴില്‍ നയവും നേട്ടങ്ങളും
  5. അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ
  6. ഇന്ത്യയ്‌ക്കകത്തെ പ്രതികരണത്തിന്റെ രൂപങ്ങള്‍
  7. ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
  8. കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം
  9. ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?

പ്രസാധകര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. 2007
Typing: RSP

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

2 thoughts on “കേരളം സ്വാതന്ത്ര്യത്തിന് ശേഷം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )