ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം

തങ്ങളുടെ ഗവണ്മെന്റിനെ മറിച്ചിടാനുള്ള ശ്രമങ്ങളും ഗൂഢാലോചനകളും കമ്മ്യൂണിസ്റ്റുകാരെ പരിഭ്രാന്തരാക്കിയില്ല. ജനങ്ങളുടെ പിന്തുണയില്‍ ഉറച്ച വിശ്വാസമുള്ള അവര്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നിറവേറ്റാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. കേരളത്തിലെ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായിട്ടുള്ള പരിപാടിയുടെ രൂപരേഖ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് ഉണ്ടാക്കിയത്. മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയും അതിന് തുനിയുകയുണ്ടായില്ല.

1956-ല്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത കേരള കോണ്‍ഫറന്‍സും പിന്നീട് സ്റ്റേറ്റ് കമ്മറ്റി പുറത്തിറക്കിയ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയും ഒരു കാര്യം ചൂണ്ടിക്കാണിച്ചിരുന്നു. കേരളത്തിന്റെ പ്രകൃതി വിഭവങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്നത് അതിന്റെ നദികളാണ്. വൈദ്യുതി ഉല്പാദനം, ജലസേചനം, ബോട്ട് ഗതാഗതം എന്നിവയ്‌ക്കൊക്കെയായി വികസിപ്പിക്കാന്‍ കഴിയുന്ന 26 നദികളുണ്ട് കേരളത്തില്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ അവര്‍ പറഞ്ഞു. തങ്ങള്‍ക്ക് അധികാരം ലഭിക്കുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ഈ നദികളുടെ സമഗ്രമായ പഠനം നടത്തുകയും സംസ്ഥാനത്തെ ജലവിഭവങ്ങളെ ജലസേചനം, വൈദ്യുതി ഉല്‌പാദനം മുതലായവയ്‌ക്കായി പൂര്‍ണമായും ഉപയോഗിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നതാണ്.

ഒന്നാം പഞ്ചവത്സരപദ്ധതിക്കു മുമ്പെ സംസ്ഥാനത്ത് ഒരു വന്‍കിട ജലസേചന പദ്ധതിയും ഉണ്ടായിരുന്നില്ല. കൃഷി ചെയ്യപ്പെടുന്ന മൊത്തം 43 ലക്ഷം ഏക്കര്‍ ഭൂമിയില്‍ വെറും 7,44,000 ഏക്കര്‍ ഭൂമി മാത്രമാണ് തോടുകള്‍, കുളങ്ങള്‍, കിണറുകള്‍ മുതലായവയുടെ സഹായത്തോടെ നനച്ചുകൊണ്ടിരുന്നത്. ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് 8 വലിയ ജലസേചന പദ്ധതികള്‍ ആരംഭിച്ചു. 2.81 ലക്ഷം ഏക്കര്‍ നെല്‍പ്പാടങ്ങള്‍ക്ക് നനവെള്ളം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതികളുടെ മതിപ്പ് നിര്‍മാണ ചെലവ് 14.47 കോടി രൂപ ആയിരുന്നു. മലമ്പുഴ, വാളയാര്‍,മംഗലം, വാഴാനി,പീച്ചി, ചാലക്കുടി(ഒന്നാംഘട്ടം),കുട്ടനാട്(തോട്ടപ്പിള്ളി),നെയ്യാര്‍(ഒന്നാംഘട്ടം) എന്നിവയായിരുന്നു അവ. ഒന്നാം പദ്ധതിക്കാലത്ത് ഇവ ഒന്നും തന്നെ മുഴുമിപ്പിക്കപ്പെട്ടിരുന്നില്ല. ഗവണ്മെന്റിന്റെ സ്ഥിരതയില്ലായ്മയായിരുന്നു ഒരു കാരണം. പക്ഷെ, മറ്റു കാരണങ്ങളും ഉണ്ടായിരുന്നു. മതിച്ച 14.47 കോടിയുടെ സ്ഥാനത്ത് 10.41 കോടി രൂപ ഒന്നാം പദ്ധതിക്കാലത്ത് ചെലവഴിക്കപ്പെട്ടു. സംസ്ഥാന പുനസംഘടനയ്‌ക്കുശേഷം ഈ പദ്ധതികളില്‍ ചില മാറ്റങ്ങള്‍-വിപുലീകരണവും മെച്ചപ്പെടുത്തലുകളും-സാധ്യമായി. പുതിയ മതിപ്പ് 16.66 കോടി രൂപ ആയിരുന്നു. മൊത്തം മതിപ്പ് ജലസേചനശേഷി 3.4 ലക്ഷം ഏക്കറും. ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പ്രത്യേകം ശ്രദ്ധ നല്‍കി. രണ്ടാം പദ്ധതി അവസാനിക്കുന്നതിന് എത്രയോ മുമ്പുതന്നെ അവ പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.

ഇവയ്‌ക്കു പുറമെ മൂന്ന് പുതിയ പദ്ധതികള്‍ കൂടി-മീങ്കര, ചീരക്കുഴി, പെരിയാര്‍വാലി-വിഭാവനം ചെയ്യപ്പെട്ടു. മൊത്തം മതിപ്പ് ചെലവ് 4.52 കോടി രൂപ. ജലസേചനശേഷി 72,960 ഏക്കര്‍. രണ്ടാം പദ്ധതിയില്‍ ഇവയ്‌ക്കായി മൂന്നുകോടി രൂപ വകയിരുത്തി. പിന്നീട് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പ്രയത്നഫലമായി മൂന്ന് പദ്ധതികള്‍ കൂടി. കാട്ടാമ്പള്ളി, പോത്തുണ്ടി,ഉപ്പുവെള്ളം തടയുന്നതിനുള്ള തണ്ണീര്‍മുക്കം ബണ്ട് എന്നിവകൂടി രണ്ടാം പദ്ധതിയില്‍ക്കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇവയുടെ മൊത്തം അടങ്കല്‍ തുക 1.71 കോടി രൂപയായിരുന്നു.

അങ്ങനെ ഇന്ന് സംസ്ഥാനത്ത് നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇരിക്കുന്ന 14 വലിയ ജലസേചന പദ്ധതികള്‍ ഉണ്ട്. മൊത്തം അടങ്കല്‍ തുക 24 കോടി രൂപ. 4.1ലക്ഷം ഏക്കര്‍ ഭൂമിക്ക് അവയില്‍ നിന്ന് വെള്ളം ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പറഞ്ഞപോലെ കേരളത്തില്‍ ജലസേചനത്തിന് വന്‍സാധ്യതകളാണുള്ളത്. നെല്‍കൃഷിക്ക് ലഭ്യമായ മൊത്തം ഭൂമി ഏതാണ്ട് 25 ലക്ഷം ഏക്കര്‍ വരും. ഇതില്‍ 19.54 ലക്ഷം ഏക്കറാണ് കൃഷി ചെയ്യപ്പെടുന്നത്. അതില്‍ തന്നെ 8.11 ലക്ഷം ഏക്കറിലെ ജലസേചനം നടത്തുന്നുള്ളു. ബാക്കി സ്ഥലങ്ങളില്‍ കൂടി ജലസേചനം നടത്താവുന്നതാണ്. തീപ്രമായ കൃഷിയും സാധ്യമാവുന്നതാണ്. ഇന്നത്തെ അരിയുല്‍പാദനം 8.92 ലക്ഷം ടണ്‍ ആണ്. ഏഴു ലക്ഷം ടണ്ണിന്റെ കമ്മിയാണുള്ളത്. ശ്രദ്ധാപൂര്‍വ്വമുള്ള പഠനത്തിന് ശേഷം, ഉല്‍പാദനം ഇരട്ടിപ്പിക്കാമെന്നും കമ്മി നികത്തുക മാത്രമല്ല, അല്‍പസ്വല്‌പം മിച്ചമുണ്ടാക്കുക പോലും ചെയ്യാനാകുമെന്നുമുള്ള കാഴ്ചപ്പാടാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കുള്ളത്.

ഈ ലക്ഷ്യം മുന്നില്‍ വെച്ചുകൊണ്ട് കേരളത്തിലെ ജലവിഭവങ്ങള്‍ പൂര്‍ണമായി ചൂഷണം ചെയ്യാനുള്ള സാധ്യതകള്‍ ആരായാല്‍ തീരുമാനിച്ചു. കേരളത്തിലെ എല്ലാ നദികളിലെയും വെള്ളം ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള സാധ്യതാപഠനം നടത്താനായി പ്രത്യേകം ഇന്‍വെസ്റ്റിഗേഷന്‍ സബ്‌ഡിവിഷനുകള്‍ ഉണ്ടാക്കി. ജലസേചനത്തിനു വേണ്ടിയുള്ള ഒരു മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കുക എന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ലക്ഷ്യം. കേന്ദ്ര ജലവിഭവ-വൈദ്യുതി കമ്മീഷനില്‍ ജലസേചനത്തിന്റെ അഭികല്‍പനകള്‍ക്കായി ചുമതലപ്പെട്ട അംഗമാണ് ഡോ.കെ.കെ.റാവു. വിവരശേഖരണം,അപഗ്രഥനം,ഉദ്‌ഗ്രഥനം എന്നിവയില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരെ അദ്ദേഹം സഹായിച്ചു. വൈദ്യുതി,ജലസേചനം,ജലപാത എന്നിവയുടെ വികസനത്തിനായി ഒരു സമഗ്രപരിപാടി ആവിഷ്‌ക്കരിക്കുകയെന്നതായിരുന്നു ലക്ഷ്യം.

1958-59 ല്‍ ഏഴു പുതിയ പദ്ധതികളുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി 1,80,000രൂപ ബജറ്റില്‍ വകകൊള്ളിച്ചു. ഈ പദ്ധതികള്‍ക്ക് പ്ലാനിംങ് കമ്മീഷന്റെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. അവയ്‍ക്ക് മൊത്തം 200 കോടി രൂപ ചെലവു വരുമെന്നും 2.5 ലക്ഷം ഏക്കര്‍ നിലത്തേക്ക് നനവെള്ളം ലഭ്യമാക്കുമെന്നും മതിച്ചിരുന്നു.

കേന്ദ്ര ഗവണ്മെന്റിന്റെ ഭാഷയില്‍,10 ലക്ഷം രൂപയില്‍ കുറവ് ചെലവുവരുന്ന പദ്ധതികളെ മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ എന്നാണ് പറയുന്നത്. കേരളത്തില്‍ അവ ഇടത്തരം,മൈനര്‍,സ്‌പെഷ്യല്‍ മൈനര്‍ പദ്ധതികളായി വിഭജിച്ചിരിക്കുന്നു. രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ പദ്ധതികള്‍ക്കായി 133.6 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്.86 ലക്ഷം രൂപ ഇടത്തരം ചെറുകിട പദ്ധതികള്‍ക്കും 47.6 ലക്ഷം രൂപ സ്‌പെഷ്യല്‍ മൈനര്‍ പദ്ധതികള്‍ക്കും

പഞ്ചായത്തുകളിലൂടെ നടപ്പാക്കേണ്ട മൈനര്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്ക് 72 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 89,000 ഏക്കര്‍ ഭൂമിക്ക് വെള്ളം ലഭ്യമാക്കുന്ന 95 പദ്ധതികളാണ് മൊത്തം വിഭാവനം ചെയ്തിട്ടുള്ളത്. രണ്ടാം പദ്ധതിയുടെ ആദ്യവര്‍ഷത്തില്‍ പ്രസിഡണ്ട് ഭരണത്തിന്‍കീഴില്‍ ആകെ 4.5 ലക്ഷം രൂപ മാത്രമാണ് ചെലവാക്കാന്‍ കഴിഞ്ഞത്. അധികാരത്തില്‍ വന്ന ഉടനെ തന്നെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് പദ്ധതികള്‍ നടപ്പാക്കാന്‍ ഊര്‍ജിത ശ്രമം തുടങ്ങി. ഇതിനകം തന്നെ 80 പദ്ധതികളുടെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കി, പണിക്ക് അനുമതി നല്‍കപ്പെട്ടിട്ടുണ്ട്. 43 എണ്ണത്തിന്റെ പണി തുടങ്ങിയിട്ടുണ്ട്. 1957-58 കാലത്തേക്ക്പുതിയ പണികള്‍ക്കായുള്ള പുതുക്കിയ ബഡ്‌ജറ്റ് 23.5 ലക്ഷം രൂപയാണ്.

ലിഫ്‌റ്റ് ഇറിഗേഷനാണ് ജലസേചനത്തിനായി പുതുതായി രൂപം കൊണ്ട രീതി. എക്കാലത്തും വെള്ളമുള്ള പുഴയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് നനവെള്ളം എത്തിക്കാന്‍ ഭൂമിശാസ്ത്രപരമായി സൌകര്യമുള്ള പ്രദേശമാണ് കേരളം. ഒന്നാം പഞ്ചവത്സരപദ്ധതിയില്‍ 11,000 ഏക്കര്‍ ഭൂമിക്ക് വെള്ളം നല്‍കുന്ന 55 ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പാക്കുകയും ചെയ്തിട്ടുണ്ട്. മൊത്തം 22 ലക്ഷം രൂപയാണ് ചെലവാക്കിയത്. അവയെല്ലാം തന്നെ പെരിയാര്‍ നദിയില്‍, ആലുവായ്‌ക്ക് ചുറ്റുവട്ടത്തില്‍ ആയിരുന്നു.

അഡ്വൈസര്‍ ഭരണകാലത്ത് ഇത്തരം പദ്ധതികള്‍ അനാദായകരമാണ് എന്ന് വിലയിരുത്തപ്പെട്ടു. പ്രത്യേകിച്ചും വര്‍ധിച്ച നിലനികുതി ഈടാക്കാന്‍ ഒരു നിയമവും ഇല്ലാത്ത സാഹചര്യത്തില്‍. അതിനാല്‍ ഇത്തരം പദ്ധതികള്‍ പതുക്കെയാക്കാനും പുനരാലോചനയ്‌ക്ക് വിധേയമാക്കാനും അഡ്വൈസര്‍ ഭരണം തീരുമാനിച്ചു.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഈ സമീപനത്തോട് യോജിച്ചില്ല. അവര്‍ പഴയ നയം സ്വീകരിച്ചു. ലിഫ്‌റ്റ് ഇറിഗേഷന്‍ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ അവര്‍ തീരുമാനിച്ചു. ഗുണഭോക്താക്കളില്‍ നിന്ന് സെസ്സ് പിരിക്കാം. നിര്‍ത്തിവെച്ച എല്ലാ പദ്ധതികളും പുനരാരംഭിച്ചു. പുതിയ പദ്ധതികള്‍ ഏറ്റെടുത്തു. നേരത്തെ മുഴുമിപ്പിച്ച 55 സ്കീമുകള്‍ക്ക്പുറമെ 30 പുതിയ സ്‌കീമുകള്‍ കൂടി ആരംഭിച്ചു. 1958 ജൂണ്‍ ആകുമ്പോഴേക്കും അവ പൂര്‍ത്തിയാക്കപ്പെടുമെന്നു കരുതുന്നു. മൊത്തം 15 ലക്ഷം ചെലവുവരുന്ന ഇവ 9000 ഏക്കര്‍ ഭൂമിക്ക് നന വെള്ളം എത്തിക്കുന്നതായിരിക്കും. പുതിയ പദ്ധതികള്‍ക്കായി പ്രതിവര്‍ഷം 25 ലക്ഷം രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചു കാലത്തിനുശേഷം, ഈ ലിഫ്‌റ്റ് ഇറിഗേഷന്‍ സ്‌കീമുകളുടെ ഗുണം അനുഭവവേദ്യമാകുമ്പോള്‍, അവയുടെ മാനേജ്‌മെന്റ് പടിപടിയായി ഗുണഭോക്താക്കളെ ഏല്‍പിക്കാമെന്നും ഏങ്ങനെ അവ സ്വയം നടന്നുപോകുന്നവയായിത്തീരുമെന്നും പ്രതീക്ഷിക്കുന്നു. ഗവണ്മെന്റിന്റെ സഹായത്തോടെയും സബ്‌സിഡിയോടെയും ലിഫ്‌റ്റ് ഇറിഗേഷന്‍ സ്‌കീമുകള്‍ ഏറ്റെടുക്കാനും തുടര്‍ന്ന് നടത്തിക്കൊണ്ടുപോകാനുമായി കൃഷിക്കാരുടെ സഹകരണസംഘങ്ങള്‍ രൂപീകരിക്കുന്ന ഒരു പദ്ധതി വിഭാവനം ചെയ്‌കയും നടപ്പാക്കാന്‍ ആരംഭിക്കുകയും ചെയ്‌തിരുന്നു. ഏതാനും കൊല്ലങ്ങള്‍ക്കുള്ളില്‍ ലിഫ്‌റ്റ് ഇറിഗേഷന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കാണിക്കുമെന്നും ഭക്ഷ്യവിളകളുടെ മാത്രമല്ല നാണ്യവിളകളുടെയും ഉല്‍പാദനം ഗണ്യമായി വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ കിടപ്പും ഉയര്‍ന്ന മഴയും സംസ്ഥാനത്തെ നദികളെ ജലവൈദ്യുതിയുടെ കാര്യത്തില്‍ സമ്പന്നമാക്കുന്നു. കേരളത്തില്‍ കിലോവാട്ടിന് 650-850 രൂപ നിരക്കില്‍ 2250 മെഗാവാട്ട് ജലവൈദ്യുതി സ്ഥിരമായി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തണ്ണീര്‍മുക്കം റഗുലേറ്റര്‍ ഉദ്‌ഘാടനം ചെയ്ത ചടങ്ങില്‍ വെച്ച് ജലസേചന മന്ത്രി കൂടി ആയിരുന്ന ശ്രീ. വി.ആര്‍.കൃഷ്‌ണയ്യര്‍ പറഞ്ഞപോലെ, “പക്ഷെ, ഭീമമായ ഈ ഊര്‍ജസമ്പത്തിന്റെ 10 ശതമാനം പോലും നാം ചൂഷണം ചെയ്‌തിട്ടില്ല.” മദിരാശി, മൈസൂര്‍,ആന്ധ്രപ്രദേശ്,കേരളം എന്നീ സംസ്ഥാനങ്ങളിലെ വൈദ്യുതി വ്യൂഹങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് ഒരു ദക്ഷിണമേഖല ഗ്രിഡ് രൂപീകരിക്കണമെന്ന് അദ്ദേഹം വാദിച്ചു. “ഇടുക്കി,പമ്പ,ഷോളയാര്‍ മുതലായ വന്‍കിട പദ്ധതികള്‍ ദേശീയമായി മുന്‍ഗണന നല്‍കി, എത്രയും വേഗത്തില്‍ തീര്‍ക്കുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കുകൂടി കേരളത്തില്‍ നിന്ന് വൈദ്യുതി നല്‍കാനാകും.”

ഒന്നാം പദ്ധതിക്കാലത്ത് തിരു-കൊച്ചി പ്രദേശത്ത്744 പുതിയ വില്ലേജുകള്‍ക്ക് വൈദ്യുതി നല്‍കി 51456 പുതിയ ഉപഭോക്താക്കള്‍ ഉണ്ടായി.17500 തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. വൈദ്യുതി ഉല്‍പാദനശേഷി 28.5 മെഗാവാട്ടില്‍ നിന്ന് 85.5 മെഗാവാട്ടായി ഉയര്‍ന്നു. ഊര്‍ജോല്‍പാദനം 15.1 കോടിയില്‍ നിന്ന് 35 കോടി യൂണിറ്റ് ആയും വര്‍ധിച്ചു. മുന്‍കാല അനുഭവം വച്ചുനോക്കുമ്പോള്‍ സംസ്ഥാനത്തെ വൈദ്യുതി ഡിമാന്റ് അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ ഇരട്ടിക്കുന്നതായി കാണാം. രണ്ടാം പഞ്ചവത്സരപദ്ധതി ഈ ഡിമാന്റ് വര്‍ധനവ് തൃപ്‌തിപ്പെടുത്താന്‍ ലക്ഷ്യമിട്ടിരിക്കയാണ്. ഇതിനായി കോടി രൂപ പദ്ധതിയില്‍വകകൊള്ളിച്ചിട്ടുണ്ട്. ഇതില്‍ കോടി രൂപ ജലവൈദ്യുത പദ്ധതികള്‍ക്കും ബാക്കി തുക പ്രേഷണ-വിതരണ ശൃംഖല വികസിപ്പിക്കുന്നതിനും ഗ്രാമ വൈദ്യുതീകരണത്തിനുമാണ്. രണ്ടാം പദ്ധതിക്കാലത്ത് നേരിയമംഗലം,പന്നിയാര്‍,ഷോളയാര്‍ എന്നീ പദ്ധതികള്‍ പൂര്‍ത്തീകരിക്കപ്പെടും. മൂന്നും കൂടി ഉല്‍പാദനശേഷിയില്‍ മെഗാവാട്ട് വര്‍ധനവുണ്ടാകും. ഇതിനുപുറമേ ഒരു മെഗാവാട്ടുകൂടി സ്ഥാപിക്കാന്‍ പരിപാടിയുണ്ട്. ഇവയെല്ലാം കൂടുമ്പോള്‍ കേരളത്തിലെ മൊത്തം വൈദ്യുതി ഉല്‍പാദനശേഷി മെഗാവാട്ടായി തീരുന്നു-പ്രതീക്ഷിക്കപ്പെടുന്ന ഡിമാന്റ് തൃപ്തിപ്പെടുത്താന്‍ ഇതു മതിയാകും. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ പമ്പ ജലവൈദ്യുത പദ്ധതിയുടെ പണി കൂടി ആരംഭിക്കാന്‍ പരിപാടി ഇട്ടിരിക്കുകയാണ്. ഈ പദ്ധതി മുഴുമിപ്പിക്കുമ്പോള്‍ അതിന്റെ ഉല്‍പാദനശേഷി മെഗാവാട്ടായിരിക്കും. രണ്ടുഘട്ടമായാണ് പൂര്‍ത്തിയാക്കുക. ഒന്നാംഘട്ടത്തില്‍ മെഗാവാട്ട് ഉല്‍പാദിപ്പിക്കുന്നതിനുള്ള പണി ഉടനെ തുടങ്ങും. മൂന്നാം പദ്ധതിക്കാലത്ത് അത് തീര്‍ക്കാനാണ് പരിപാടി. ഇതിന്റെയും മറ്റു പുതിയ പദ്ധതികളുടെയും അടിസ്ഥാന പഠനങ്ങള്‍ക്കായി രണ്ടാം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്.

രണ്ടാം പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള പ്രേഷണ-വിതരണ സ്‌കീമുകള്‍ ഗ്രാമവൈദ്യുതീകരണത്തിന് ഏറെ മുന്‍ഗണന നല്‍കുന്നുണ്ട്.7.63 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കൂടുതലായി 1344 ഗ്രാമപ്രദേശങ്ങളിലും 1,05,260 പുതിയ ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭ്യമാക്കാനാണ് പരിപാടി. 50995 പുതിയ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും സമഗ്രമായ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

രണ്ടാം പദ്ധതിക്ക് ആവേശകരമായ തുടക്കമാണ് കിട്ടിയിട്ടുള്ളത്. പദ്ധതിയുടെ ആദ്യവര്‍ഷത്തില്‍ തന്നെ പെരിങ്ങല്‍കുത്തിലെ 8 മെഗാവാട്ടിന്റെ മൂന്ന് ജനറേറ്ററുകളും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പള്ളിവാസല്‍ പവര്‍ സ്റ്റേഷന്റെ നവീകരണവും ചെങ്കുളം പദ്ധതിയും ഏതാണ്ട് പൂര്‍ത്തിയായി. നേരിയമംഗലം,പന്നിയാര്‍,ഷോളയാര്‍ സ്റ്റേഷനുകളുടെ പണി തകൃതിയായി നടക്കുന്നു. പ്രേഷണ-വിതരണ പദ്ധതികള്‍തൃപ്തിയായി പുരോഗമിക്കുന്നുണ്ട്. ചെങ്കുളത്തുനിന്ന് പള്ളത്തേക്കും അവിടെ നിന്ന് കുണ്ടറയിലേക്കുമുള്ള 100 കി.മി. നീളം വരുന്ന 110 കെ.വി. പ്രേഷണ ലൈനിന്റെ പണി പൂര്‍ത്തിയായി. രണ്ടാം പദ്ധതിയുടെ ആദ്യവര്‍ഷത്തില്‍തന്നെ ലൈന്‍ ചാര്‍ജുചെയ്തു. ഈ സ്കീമുകള്‍ ഒന്നാം പദ്ധതിയില്‍ ആരംഭിച്ചതാണെങ്കിലും ശരിക്കും അവ പൂര്‍ത്തിയാക്കിയത് രണ്ടാം പദ്ധതിക്കാലത്താണ്.

ഒന്നാം പദ്ധതിയുടെ അവസാനത്തില്‍ മൊത്തം 35 കോടി യൂണിറ്റാണ് പ്രതിവര്‍ഷം ഉല്‍പാദിപ്പിച്ചത്. ഇപ്പോഴത് 43 കോടി യൂണിറ്റായി ഉയര്‍ന്നു. വലുതും ചെറുതും ഇടത്തരവുമായ നാലായിരത്തിലധികം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇന്ന് വൈദ്യുതി നല്‍കുന്നുണ്ട്. നീര്‍ക്കെട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് ഇലക്‌ട്രിക് പമ്പുപയോഗിച്ച് വെള്ളം കളയാന്‍ തുടങ്ങിയിട്ടുണ്ട്. അങ്ങനെ കുട്ടനാട്ടിലും തൃശൂര്‍ ജില്ലയിലെ കോള്‍ പാടങ്ങളിലുമായി വെള്ളം കെട്ടിനിന്നിരുന്ന 7000 ഏക്കര്‍ സ്ഥലം കൃഷിയോഗ്യമാക്കി മാറ്റിയിട്ടുണ്ട്.30,000 ഏക്കര്‍ സ്ഥലത്ത് ലിഫ്‌റ്റ് ഇറിഗേഷന്‍ നടത്താനും വൈദ്യുതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 1200 വില്ലേജുകളിലായി 1,02,600 ഉപഭോക്താക്കള്‍ക്ക് ഇന്ന് വൈദ്യുതി ലഭിക്കുന്നുണ്ട്. രണ്ടാം പദ്ധതിയില്‍ പ്രേഷണം, വിതരണം ഗ്രാമവൈദ്യുതീ കരണം എന്നിവയ്‌ക്കായി വക കൊള്ളിച്ചിരുന്ന 12.19 കോടി രൂപയില്‍ 3.44 കോടി രൂപ ഇതിനകം ചെലവായിക്കഴിഞ്ഞു. പവര്‍പ്രൊജക്‌ടുകളില്‍ ഇതിനകം 1.56 കോടി രൂപ ചെലവാക്കിയിട്ടുണ്ട്. രണ്ടാം പദ്ധതിയില്‍ വകയിരുത്തിയിട്ടുള്ള വൈദ്യുതോല്‍പാദന ശേഷി വര്‍ധിച്ചുവരുന്ന ആവശ്യം തൃപ്തിപ്പെടുത്താന്‍ കഷ്ടിച്ചേ മതിയാകൂ. പണിയില്‍ എന്തെങ്കിലും തടസ്സമുണ്ടായാല്‍ ഗുരുതരമായ വൈദ്യുതിക്കമ്മി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അടിയന്തിരമായി രണ്ട് നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു.

1. പന്നിയാര്‍ പവര്‍ സ്റ്റേഷനിലും അതുമായി ബന്ധപ്പെട്ടമറ്റു നിര്‍മാണശാലകളിലും ആവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് വേണ്ട വിദേശനാണ്യം ലഭ്യമാക്കുക.
2. 54മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഷോളയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മദിരാശി ഗവണ്മെന്റ് ഉയര്‍ത്തിയ തര്‍ക്കങ്ങള്‍ക്ക് അടിയന്തിരമായി തീര്‍പ്പുണ്ടാക്കുക. കേരള ഗവണ്മെന്റും മദിരാശി ഗവണ്മെന്റുമായി ഇതേപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും അന്തിമതീര്‍പ്പിന് കേന്ദ്രഗവണ്മെന്റ് ഇടപെടേണ്ടിവരും

അടുത്തത് ഇടുക്കി പദ്ധതി ഏറ്റെടുക്കുന്നതിനെപ്പറ്റിയാണ്. ചെലവുകുറഞ്ഞ ജലവൈദ്യുത സ്രോതസ്സുകള്‍ ഇത്ര അധികമുണ്ടായിട്ടും കേരളത്തില്‍ ഒരു വന്‍കിട പദ്ധതിയും സ്ഥാപിച്ചിട്ടില്ല എന്ന പരാതി കേരള ഗവണ്മെന്റിന്റെ വക്താക്കള്‍ പലവുരു പറഞ്ഞിട്ടുള്ളതാണ്. കേരളത്തിനുമാത്രമല്ല, അയല്‍ സംസ്ഥാനങ്ങള്‍ക്കും അതുകൊണ്ട് മെച്ചമുണ്ടാകുമായിരുന്നു. സ്റ്റേറ്റ് എഞ്ചിനീയര്‍മാരുമായി സഹകരിച്ച് വിശദമായ വിവരശേഖരണം നടത്താന്‍ കേന്ദ്ര ജല-വൈദ്യുതി കമ്മീഷനെ കൊണ്ട് സമ്മതിപ്പിക്കാന്‍ കേരള ഗവണ്മെന്റിന് കഴിഞ്ഞിട്ടുണ്ട്. അന്വേഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ കുറച്ചുകാലം പിടിക്കും. അടുത്ത വര്‍ഷത്തിലേ പ്രതീക്ഷിക്കുന്നുള്ളു. എന്നാല്‍ സ്കീമിന്റെ അഭിലഷണീയത വിലയിരുത്തുന്നതിനുവേണ്ട അടിസ്ഥാന വിവരങ്ങള്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്. 500 മെഗാവാട്ട് സാധ്യമായ സ്ഥാപിതശേഷി. സ്ഥിരമായി 420 മെഗാവാട്ട് മെഗാവാട്ട് ഉല്‍പാദിപ്പിക്കാന്‍ കഴിയും. ഏറെ ലാഭകരമായ ഒരു പദ്ധതി ആയിരിക്കും ഇത്. ഈ പദ്ധതി അടിയന്തിരമായി ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും അതിലെ ഉല്‍പാദനത്തിന്റെ ഒരു ഭാഗം 400കെ.വി.യിലോ അതിലും ഉയര്‍ന്ന വോള്‍ട്ടതയിലോ സേലം വരെ എത്തിക്കുകയും ചെയ്യുന്നതിലുണ്ടാകുന്ന നേട്ടങ്ങളെപ്പറ്റി കേന്ദ്ര ജലസേചന-വൈദ്യുത മന്ത്രാലയങ്ങളെ ബോദ്യപ്പെടുത്താന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ശ്രമിച്ചുവരികയാണ്. അതോടൊപ്പം അത്യുന്നത വോള്‍ട്ടതയിലുള്ള ഒരു ദക്ഷിണമേഖല ഗ്രിഡ് രൂപീകരിക്കുക എന്ന നിര്‍ദേശവും കേന്ദ്ര ഗവണ്മെന്റിനെക്കൊണ്ട് സമ്മതിപ്പിക്കാന്‍ കേരള ഗവണ്മെന്റ് ശ്രമിക്കുന്നുണ്ട്.

സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ജലവിഭവവികസനത്തിന്റെ നിര്‍ണായകമായ പങ്കു തിരിച്ചറിഞ്ഞ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അതില്‍ കാര്യമായ ശ്രദ്ധ ചെലുത്തുകയും ശ്ലാഹനീയമായ വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഇതെല്ലാം കാണിക്കുന്നത്.

ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-1
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-2
അദ്ധ്യായം 5: തൊഴില്‍ നയവും നേട്ടങ്ങളും
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ – ഭാഗം 1
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ – ഭാഗം 2
അദ്ധ്യായം 7: ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും
Type setting: RSP

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )