7. ഇന്ത്യയ്ക്കകത്തെ പ്രതികരണത്തിന്റെ രൂപങ്ങള്‍.
ഒക്ടോബര്‍(1957) പകുതി ആയപ്പോഴേക്കും ക്രമസമാധാനത്തകര്‍ച്ചയെന്ന മുറവിളി സ്ഥാപിതതാല്പര്യക്കാര് ഉയര്‍ത്തിയ പച്ചക്കള്ളം ആണന്ന് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വലിച്ചുതാഴത്തിടാന് ആഗ്രഹിച്ചവര്‍ക്ക് ഇത് ഒരു തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ പരാജയം അപവാദപ്രചാരണത്തില്‍ ഏര്‍പ്പെട്ടിരുന്നവരെ വീണ്ടുവിചാരത്തിലേക്കൊന്നും നയിച്ചില്ല. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടുമാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ അസ്തിത്വത്തില്‍ തന്നെ സ്ഥാപിതതാല്പര്യക്കാര് അപകടം കാണുന്നത് മനസിലാക്കാം. എങ്ങനെയെങ്കിലും അതിനെ മറിച്ചിടാന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം. എന്നാല്‍ മുഖ്യ പ്രതിപക്ഷപാര്‍ട്ടികളായ കോണ്‍ഗ്രസും പി.എസ്.പിയും പ്രകടമാക്കുന്ന വെറുപ്പും ശത്രുതയും അതിന്റെ വീറും ആരേയും അത്ഭുതപ്പെടുത്തുന്നതാണ്.
ഒക്ടോബര്‍ മുതല്‍ മന്ത്രിമാര്‍ എവിടെ പോകുമ്പോഴും കരിങ്കൊടി കാണിക്കുകയെന്നത് ഒരു പതിവായിത്തീര്‍ന്നിരിക്കുന്നു. മന്ത്രിക്ക് മെമ്മോറാണ്ടം കൊടുക്കാനാണ് എന്ന നാട്യത്തില്‍ കോണ്‍ഗ്രസുകാരും പി.എസ്.പി.ക്കാരും അവരുടെ കാറിന്റെ മുമ്പില്‍ നമസ്ക്കരിച്ച് വഴി മുടക്കുന്നു. ക്രോധാന്ധരായ ചിലര്‍ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ സഞ്ചരിച്ച കാറുപോലും, അതില്‍ സംസ്ഥാന മന്ത്രിയാണ് സഞ്ചരിക്കുന്നതെന്ന് വിചാരിച്ച് തടയുകയുണ്ടായി. കാറിനു പോകാനായി പോലീസ് അവരെ നീക്കം ചെയ്തപ്പോള്‍ ‘കമ്മ്യൂണിസ്റ്റ് അക്രമം’
എന്നവര്‍ വിളിച്ചുകൂവി. ചില പത്രങ്ങള്‍ അതിനെ വീണ്ടും പെരുപ്പിച്ചു.
പ്രകടനങ്ങളില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ക്കെതിരെ ഏറ്റവും ആഭാസകരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചുകൊണ്ടിരുന്നത്. “ചാരിത്ര്യവതികളെ സൂക്ഷിക്കുക,മന്ത്രിമാര്‍ വരുന്നുണ്ട്”. “വിക്കന്മാരുടെയും മുടന്തന്ന്മാരുടെയും സര്‍ക്കാര്‍ വേണ്ടേ വേണ്ട”-ഇവ ചില ഉദാഹരണങ്ങളാണ്. തൊഴില്‍ മന്ത്രിയെ റൌഡി തോമസ് എന്നും വിദ്യാഭ്യാസ മന്ത്രിയെ മണ്ടന്‍ മുണ്ടശ്ശേരി എന്നുമൊക്കെയാണ് വിളിച്ചിരുന്നത്.
മേല്‍പ്പറഞ്ഞ മുദ്രാവാക്യങ്ങളെ അച്ചടിക്കാന്‍ കൊള്ളാവുന്നവയായുള്ളു. മറ്റെല്ലാം പറയാല് പോലും കൊള്ളാത്തവയാണ്. ഈ വൃത്തികേട് രചിക്കുന്നതില്‍ വര്‍ത്തമാനപ്പത്രങ്ങളും പിന്നിലായിരുന്നില്ല. ചില ബാനര്‍ തലക്കെട്ടുകള്‍ ഇതാ. കേേരള അസംബ്ലിയെക്കുറിച്ച്: “കഴുതകള്‍ കരഞ്ഞു, കുറുക്കന്മാര് ഓരിയിട്ടു, ജനങ്ങളുടെ ക്ഷേത്രം ജന്തുക്കളുടെ ഗുഹയായി മാറി”. “കേരള കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭ്രാന്തുപിടിച്ചു”. “റഷ്യന്‍ മോഡല്‍ കേരള രഹസ്യ പോലീസ്”, “റസാക്കര്‍മാരുടെ ഭാഷയാണ് ഇ.എം.എസ്.സംസാരിക്കുന്നത്”
മുഖപ്രസംഗക്കാരും ഇതേ അമേധ്യം തന്നെ വിളമ്പി. ഇതാ ഒരു ഉദാഹരണം, “ശാന്തിയും സമാധാനവും നടമാടിയിരുന്ന നമ്മുടെ രാജ്യം ഭരിക്കാന്‍ ഈ രാക്ഷസന്മാര് വന്നപ്പോള്‍…..മണ്മറഞ്ഞുപോയ കാലത്തെ ഈ മഹാമാരി നിയന്ത്രണം ഏറ്റെടുത്തപ്പോള്‍, എല്ലാം മാറി. ഞെട്ടിപ്പിക്കുന്ന വേഗതയോടെ ഓരോന്നു സംഭവിക്കാന്‍ തുടങ്ങി. അവരും ശപിക്കപ്പെട്ട അവരുടെ കൂട്ടാളികളും എല്ലാ നിയമങ്ങള്‍ക്കും അതീതരാണെന്ന് അവര്‍ വ്യക്തമാക്കി. ഞങ്ങളെ ഇരുട്ടറയിലടച്ചു. ചങ്ങലക്കിട്ട അടിമകളാക്കി, തിരണ്ടിവാല് കൊണ്ടടിച്ചു”.(കേരള മെയില്‍ ഡിസംബര്‍ 8,1957).
ഇരുട്ടറയില്‍ അടയ്ക്കപ്പെട്ട ഇക്കൂട്ടര്‍,’അഭിശപ്തരായ രാക്ഷസവര്‍ഗം ഭരിക്കുന്ന’ കേരളത്തിലെ പട്ടണമായ എറണാകുളത്തുനിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു വാരികയിലാണ് ഇതെല്ലാം എഴുതിക്കൂട്ടുന്നത് എന്നത് ശ്രദ്ധേയമാണ്.
സംശയിക്കേണ്ടതില്ല. കോണ്‍ഗ്രസിന്റെ പിന്തുണയുള്ള ഒരു പത്രമാണിത്. മലയാളം പത്രങ്ങളില്‍ നിന്ന് ഞങ്ങള്‍ ഉദ്ധരിക്കുന്നില്ല. അവയില്‍ മിക്കതിന്റെയും നിലവാരം ഇതിനേക്കാള്‍ വളരെ ഉയര്ന്നതൊന്നുമല്ല. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പ്രസംഗങ്ങള്‍ പോകെപ്പോകെ കൂടുതല്‍ പ്രകോപനപരങ്ങളായി മാറി. അവര്‍ ജനങ്ങളെ നിയമം കയ്യിലെടുക്കാനും അക്രമങ്ങള്‍ നടത്താനും പ്രേരിപ്പിച്ചു. ഇ.എം.എസ്. തിരുവനന്തപുരത്തു വെച്ച് ധേബാറിനെ വെല്ലുവിളിച്ചു. “പേരെടുത്ത പല കോണ്‍ഗ്രസ് നേതാക്കളും നടത്തിയ പ്രസംഗങ്ങളുടെ പത്രക്കുറിപ്പുകള്‍ ഞാന്‍ തരാം. പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് പ്രസിഡന്റ് ധേബാറോ അവ പരിശോധിക്കട്ടെ,ഇവര്‍ തീരുമാനിക്കട്ടെ,ഈ പ്രസംഗങ്ങള്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നവയാണോ അല്ലയോ എന്ന്”. (ഇന്ത്യന്‍ എക്സ്പ്രസ്,ഡിസംബര്‍ 11,1957).ഇ.എം.സ്.തുടര്‍ന്നു: “ജീവന് വേണോ നമ്പൂതിരിപ്പാടെ?” മുതലായ ഭീഷണികള്‍ ഞാന്‍ എന്റെ കാതുകൊണ്ടുതന്നെ കേട്ടതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ജാഥകളില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കാറുണ്ടെന്ന് എന്റെ സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങളുടെ ഒരു ശേഖരം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഏതൊരു പാര്‍ട്ടിക്കും മാനക്കേടായിരിക്കും. പ്രത്യേകിച്ചും അതിന്റെ നേതാക്കള്‍ അക്രമരാഹിത്യത്തെ കുറിച്ച് ആണയിടുന്നവരായിരിക്കെ”.
പ്രതിപക്ഷത്തിന്റെ തന്ത്രങ്ങളുടെ പിന്നിലെ ചാലകബലം കമ്മ്യൂണിസ്റ്റ്മന്ത്രിമാരോടുള്ള തീവ്രമായ ശത്രുതയും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധവുമാണ്. ഈ കോണ്‍ഗ്രസ്-പി.എസ്.പി. നേതാക്കള്‍ക്ക്, തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ജയിലില്‍ അടച്ചും അടിച്ചും സമൂഹവിരുദ്ധരെന്ന് മുദ്രകുത്തിയും ചവിട്ടിയരക്കപ്പെട്ട ഈ കമ്മ്യൂണിസ്റ്റുകാര്‍ ഇന്ന് അധികാരത്തിലിരിക്കുന്നത് കാണുന്നതുതന്നെ സഹിക്കാനാവുന്നില്ല. തങ്ങളുടെ ഭരണകാലത്ത് കോണ്‍ഗ്രസും പി.എസ്.പി.യും ബലപ്രയോഗത്തിന്, ലാത്തിച്ചാര്‍ജിനും വെടിവെപ്പിനും ഒക്കെ ഒരു മടിയും കാട്ടിയിരുന്നില്ല. എന്നാല്‍ ഇവിടെ ഇതാ ‘അക്രമത്തില്‍ വിശ്വസിക്കുന്നവര്‍’ എന്നു വിളിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ അങ്ങേയറ്റത്തെ പ്രകോപനമുണ്ടായിട്ടും ജനങ്ങളുടെ മേല്‍ ബലം പ്രയോഗിക്കുന്നതിന് ഭരണകൂടത്തെ ഉപയോഗിക്കാന്‍ മടിക്കുന്നു.1957 സെപ്തംബര്‍15ന് മദിരാശിയില്‍ വെച്ച് കേരള മുഖ്യമന്ത്രി പത്രലേഖകരോട് പറഞ്ഞു:”രാജ്പൂരിലും ഡെല്‍ഹിയിലും മറ്റിടങ്ങളിലും വെടിവെപ്പുകളിലേക്ക് നയിച്ചപോലുള്ള ഒരു പോലീസ് നയം തന്റെ ഗവണ്മെന്റ് ഒരിക്കലും സ്വീകരിക്കുന്നതല്ല.” അദ്ദേഹം പ്രഖ്യാപിച്ചു.: “അതാണ് നിയമമെങ്കില്‍ ആ നിയമം തുലയട്ടെ. ഇതിന്റെ പേരില്‍ മന്ത്രിസഭയോട് രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയാണെങ്കില് ഞങ്ങള്‍ തയ്യാറാണ്. പുറത്തുപോയി ഞങ്ങള്‍ സമരം ചെയ്യും”.
ഗവണ്മെന്റിന്റെ ശരിക്കും ജനാധീപത്യപരമായ നയങ്ങള്‍ പ്രതിപക്ഷത്തെ ഭ്രാന്തുപിടിപ്പിച്ചു. എങ്ങനെയെങ്കിലും ഗവണ്മെന്റിനെ ബലപ്രയോഗത്തിലേക്ക് വലിച്ചിഴക്കുക എന്നതായി അവരുടെ നയം. പോലീസിന്റെ സഹായം തേടാതെ, ലാത്തിച്ചാര്‍ജ്ജ് നടത്താതേയും വെടിവെപ്പുനടത്താതേയും, പിടിച്ചുനില്ക്കാന് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന് നോക്കാം-അവര്‍ പലപ്പോഴും തുറന്ന് വെല്ലുവിളിച്ചു.
സമീപനം ഇതാകയാല്‍, “കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനോടുള്ള എതിര്‍പ്പിന്റെ ചൂട്” നിലനിര്‍ത്താന്‍ അവര്‍ ബോധപൂര്‍വം സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. അത്തരത്തിലുള്ള ഒന്നായിരുന്നു കാട്ടാമ്പിള്ളി സത്യാഗ്രഹം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ സമീപത്തുള്ള വെറും ഏഴ് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുടെ പ്രശ്നമായിരുന്നു അത്. അനധികൃതമായ സര്‍ക്കാര്‍ ഭൂമി കയ്യേറ്റം കേരളത്തില്‍ കുറെനാളുകളായി നടന്നുവരികയാണ്. പുതിയ ഗവണ്മെന്റ് ചാര്‍ജെടുത്ത ശേഷവും അതു തുടര്‍ന്നു. കൂടുതല്‍ ശക്തമായി എന്നും പറയാം. ഈ ക്രമക്കേടിന് അന്ത്യം കുറിക്കാനായി കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ്, അതിന്റെ കയ്യിലുള്ള കൃഷിയോഗ്യ ഭൂമി ഭൂരഹിതര്‍ക്കും ദരിദ്ര കര്‍ഷകര്‍ക്കും ചിട്ടയായി വിതരണം ചെയ്യാമെന്ന് തീരുമാനിച്ചു. ഗവണ്മെന്റ് ഈ തീരുമാനമെടുത്തപ്പോള്‍, ഡിസ്ട്രിക്ട് കളക്ടര്‍മാരുമായി കൂടിയാലോചിച്ചശേഷം 1957 ഏപ്രില്‍ 26 ന് മുമ്പുവരെ നടന്ന അനധികൃത കയ്യേറ്റങ്ങളെ ഒഴിപ്പിക്കുന്നത് തല്ക്കാലം നിര്‍ത്തിവെച്ചു. പുതിയ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തു. കാരണം, അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള പരിപാടിയെ അത് പൊളിക്കും.
ഗവണ്മെന്റ് ഈ തീരുനാനമെടുത്തപ്പോള് പ്രതിപക്ഷ നേതാക്കളുടെ ബുദ്ധിയില്‍ ഒരു ഉഗ്രന്‍ ആശയം ഉദിച്ചു. സംഘടിതമായി സര്‍ക്കാര്‍ ഭൂമി കയ്യേറുക. ഗവണ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ നിയമവാഴ്ച തകര്‍ന്നെന്ന് കൂക്കി വിളിക്കുക, നടപടിയെടുത്താല്‍ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് സാധു ജനങ്ങളെ അടിച്ചമര്ത്തുന്നേയെന്ന് അലമുറയിടുക. ഇരുതലമൂര്‍ച്ചയുള്ള ഒരൊന്നാന്തരം ആയുധം.
കോണ്‍ഗ്രസ്, പി.എസ്.പി.,ആര്.എസ്.പി. നേതാക്കള്‍ ശരിക്കും ഇത്തരത്തിലുള്ള ഒരു കയ്യേറ്റ ക്യാമ്പെയിന് സംഘടിപ്പിച്ചു. ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ ഗവണ്മെന്റ് സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൊല്ലം ജില്ലയിലെ ചവറ, തിരുവനന്തപുരത്ത് കളക്ടറുടെ വളപ്പ്, മറ്റു ചില ജില്ലകള്‍ എന്നിവിടങ്ങളിലെ കടന്നുകയറ്റക്കാരെ ഇറക്കി വിടുകയും ചെയ്തു.
കാട്ടാമ്പിള്ളി പുറമ്പോക്കു ഭൂമി വിതരണം ചെയ്യുന്ന കാര്യം ആലോചനയിലാണെന്ന്, ജൂലൈ 15ന് പ്രതിപക്ഷം തന്ത്രപൂര്‍വ്വം ഗവണ്മെന്റിനെക്കൊണ്ട് പറയിപ്പിച്ചു. മൂന്നാഴ്ച കഴിയുന്നതിന് മുമ്പുതന്നെ ഉത്തരവാദപ്പെട്ട ഒരു കോണ്‍ഗ്രസ് നേതാവ്, എം.എല്‍.എ.കുഞ്ഞമ്പു, ഒരു ഹരിജന കയ്യേറ്റത്തിന് നേതൃത്വം നല്കി. 1957 ആഗസ്റ്റ്7 നായിരുന്നു അത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം.
ഇവിടെ ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്.1947 മുതല്‍ 1957 വരെയുള്ള 10 കൊല്ലത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികള്‍ ഹരിജനങ്ങള്‍ക്കും ഭൂരഹിത തൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും കൊടുക്കുക എന്ന നയം ഒരിക്കലും അംഗീകരിക്കപ്പെട്ടിട്ടില്ല–പല തവണ ആവശ്യപ്പെട്ടിട്ടും. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും സര്‍ക്കാര്‍ ഭൂമി കയ്യേറാനുള്ള ഒരു ക്യാമ്പെയിന് കോണ്‍ഗ്രസുകാര്‍ നേതൃത്വം നല്‍കിയിട്ടുമില്ല.
കോണ്‍ഗ്രസിന്റെയും പി.എസ്.പിയുടെയും നേതൃത്വത്തില്‍ 42 ഹരിജന്‍ കുടുംബങ്ങള്‍ കാട്ടാമ്പിള്ളി പറമ്പോക്ക് ഭൂമി കയ്യേറി. നിയമമന്ത്രി അവരെ നേരില്‍ കണ്ട്, കുട്ടികള്‍ക്ക് ഒരു കളിസ്ഥലമുണ്ടാക്കാനും വികസന വകുപ്പിന്റെ മറ്റു നിര്‍മാണങ്ങള്‍ക്കുമായി നീക്കിവെച്ചിരിക്കുന്നതാണ് ആ ഭൂമി എന്ന് വിശദീകരിച്ചുകൊടുത്തപ്പോള്‍ ആ ഏഴ് ഏക്കറില്‍ നിന്ന് 9 കുടുംബങ്ങളൊഴികെ മറ്റെല്ലാവരും ഒഴിഞ്ഞുപോയി. അവരുടെ പേരും പറഞ്ഞ് കോണ്‍ഗ്രസും പിഎസ്പിയും കൂടി ‘കാട്ടാമ്പിള്ളിയിലെ കമ്മ്യൂണിസ്റ്റ് അക്രമം’ എന്ന് അലമുറയിടാന്‍ തുടങ്ങി. അവര്‍ക്കുവേണ്ടി പറകൊട്ടാന്‍ ആളുകളുണ്ടായിരുന്നു. പി.എസ്.പിയുടെ ദേശീയ എക്സിക്യൂട്ടീവ് ഇന്ത്യയാകെ ഒരു ദിവസം കാട്ടാമ്പിള്ളിദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. എവിടെയെങ്കിലും അത് നടന്നോ എന്ന് അറിഞ്ഞുകൂടാ.
ഇതില്‍ കോണ്‍ഗ്രസും പിഎസ്പിയും കാണിച്ച തികഞ്ഞ കാപട്യം വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസം വരില്ല. ഈ ഹരിജന്‍ കുടുംബങ്ങളില്‍ മിക്കവരും കോണ്‍ഗ്രസുകാരായ ഭൂപ്രഭുക്കന്മാരുടെ തൊട്ടടുത്ത പറമ്പുകളില്‍ കുടില്‍കെട്ടി താമസിക്കുന്നവരാണ്. ഒരു വെടിക്കു രണ്ടുപക്ഷി എന്ന തന്ത്രമാണ് ഭൂപ്രഭുക്കന്മാര് പ്രയോഗിച്ചത്. കുടികിടപ്പുകാരെ അങ്ങനെ ഒഴിവാക്കി കിട്ടും. കാരണം കുടിയൊഴിപ്പിക്കുന്നതിനെതിരെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അതോടൊപ്പം കമ്മ്യൂണിസ്റ്റുകാരെ കുറ്റം പറയാനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ഒരു സുവര്‍ണാവസരവും. എന്നാല്‍ അധികം താമസിയാതെ തന്നെ കോണ്‍ഗ്രസിന്റെയും പിഎസ്പിയുടെയും കുപ്രചരണത്തിന്റെ നിജാവസ്ഥ മലയാളികള്‍ക്ക് മനസ്സിലായി. ഈ പാര്‍ട്ടികളുടെ താഴ്ന്നുകൊണ്ടിരിക്കുന്ന പ്രതിച്ഛായയെ ഇത് വീണ്ടും താഴ്ത്തി. കോണ്‍ഗ്രസ്-പിഎസ്പി കുപ്രചാരണത്തെ തുറന്നുകാണിച്ചുകൊണ്ട് തദ്ദേശവാസികളായ 120 ഹരിജന്‍ കുടുംബങ്ങള്‍ ഒരു പരസ്യ പ്രസ്താവന നടത്തി. സത്യാഗ്രഹികളില്‍ ഏറിയപങ്കും കൂലിക്കെടുത്തവരും ക്രിസ്റ്റഫര്മാരും ആയിരുന്നു. ഹരിജനങ്ങള്‍ മിക്കവാറും ആരുമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും പ്രകോപനം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഈ ‘അഹിംസാവാദികള്‍’ അക്രമ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിരന്തരമായ കല്ലേറ് അസഹ്യമായിത്തീര്‍ന്നപ്പോള്‍ പോലീസിന് ചെറിയ തോതില്ലാത്തിച്ചാര്ജ് നടത്തേണ്ടിവന്നു. ആ സമയത്ത് ആരോ ചിലര്‍ പടക്കം പൊട്ടിക്കുകയും സംഗതി പോലീസ് വെടിവെപ്പായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാരെക്കൊണ്ട് ലാത്തിച്ചാര്‍ജ്ജും വെടിവെപ്പും നടത്തിപ്പിച്ചു എന്ന അഹ്ലാദമായിരുന്നു കോണ്‍ഗ്രസ്-പി.എസ്.പി. പ്രഭൃതികള്‍ക്ക്.
ഏറെ ഒച്ചപ്പാടോടെ തുടങ്ങിയ കാട്ടാമ്പിള്ളി സത്യാഗ്രഹം അങ്ങനെ നിശ്ശബ്ദമായിത്തീര്‍ന്നു. കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച വിവേകവും സംയമനവും ആയിരുന്നു ഒരു കാരണം. എല്ലാ സന്ദര്‍ഭങ്ങളിലും കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. സംഗതിയുടെ കിടപ്പുമുഴുവന് പറഞ്ഞു മനസ്സിലാക്കിക്കൊടുത്തപ്പോള്‍ ഭൂമി കയ്യേറിയിരുന്നവരില് അവശേഷിച്ചിരുന്ന 9 ഹരിജന്‍ കുടുംബങ്ങളുംകൂടി തങ്ങളുടെ പഴയ വീടുകളിലേക്ക് തിരിച്ചുപോയി. പക്ഷെ കോണ്‍ഗ്രസുകാരായ ഭൂപ്രഭുക്കള്‍ അവരുടെ കുടിലുകള്‍ പൂട്ടിയിട്ടു. തിരിച്ചുവരാന്‍ സമ്മതിച്ചില്ല. നിയമപ്രകാരം ഈ കിടിയൊഴിപ്പിക്കല് അസാധുവാണെന്നും തങ്ങളുടെ അവകാശം തിരിച്ചുപിടിക്കുന്നതിനായി അവര്‍ക്ക് സൌജന്യ നിയമസഹായം നല്‍കാമെന്നും പറഞ്ഞപ്പോള്‍ അവര്‍ അത് സമ്മതിച്ചു.
സത്യാഗ്രഹികള്‍ക്ക് നില്ക്കാന്ഇടമില്ലാതായി. ഒത്തുതീര്‍പ്പിനായി അവര്‍ ഗവണ്മെന്റിനെ സമീപിച്ചു. എല്ലാ തര്‍ക്കങ്ങളിലും സമാധാനപരമായ പരിഹാരം കാണാന്‍ ആഗ്രഹിച്ചിരുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അറസ്റ്റുചെയ്തവരെ വിട്ടയച്ചു. പത്രങ്ങള്ക്കുനല്കിയ ഒരു അഭിമുഖത്തില്‍ ശ്രീ നമ്പൂതിരിപ്പാട് കാട്ടാമ്പിള്ളിയില്‍ പോലീസ് ബലപ്രയോഗം നടത്തേണ്ടിവന്നതിലുള്ള ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. കോണ്ഗ്രസ്കാരും പി.എസ്.പി.ക്കാരും ഏറ്റവും മോശമായ രീതിയിലാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ചുകൂടി മര്യാദ പുലര്‍ത്തണമെന്ന് അവരോട് അഭ്യര്‍ത്ഥിച്ചു.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരായ ഓരോ ശ്രമത്തിലും കനത്ത പരാജയമേല്ക്കേണ്ടിവന്ന കേരളത്തിലെ കോണ്‍ഗ്രസുകാരുടെ വീറെല്ലാം പോയി. അവരുടെ ആത്മവിശ്വാസത്തിന്റെ നെല്ലിപ്പടി കണ്ടു. ഈ സന്ദര്‍ഭത്തിലാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധ കുരിശുയുദ്ധപ്പടയാളിയായ ശ്രീമന്‍ നാരായണ്‍ കേരളത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എറണാകുളത്തുവെച്ചു നടന്ന കോണ്‍ഗ്രസ് എക്സിക്യൂട്ടീവ്, നിയമരാഹിത്യ പ്രചാരണം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതിന്റെ അന്ത:സാരശൂന്യതയും കാപട്യവും വിവരണാതീതമാണ്. കേരള ഗവണ്മെന്റ് പൊതുജീവിതത്തില്‍ അക്രമം അഴിച്ചുവിട്ടിരിക്കുകയാണെന്ന ആരോപണം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നു. ഗവണ്മെന്റ് ജീവനക്കാരുടെ മേല്‍ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ബോധപൂര്‍വ്വം രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഏഴുമാസത്തെ ഭരണത്തിന്‍കീഴില്‍ ജനങ്ങള്‍ കടുത്ത അക്രമത്തിനും നിയമരാഹിത്യത്തിനും വിധേയരായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടന നല്കുന്ന ജനാധിപത്യ സ്വാതന്ത്ര്യം ഹനിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് എതിരായി ജനങ്ങള്‍ ഒന്നടങ്കം ഉയരണം എന്നവര്‍ ആഹ്വാനം ചെയ്തു. “ഈ അക്രമപ്രവണതകള്‍ മുളയിലെ നുള്ളിക്കളഞ്ഞില്ലെങ്കില്‍ സമാധാനപരമായ ജീവിതം അസാധ്യമായിത്തീരും. അപകടകരമായ ഒരവസ്ഥയിലേക്ക് അത് നയിക്കും” അവര്‍ ഉദ്ബോധിപ്പിച്ചു.
‘അക്രമപ്രവണത’കളെ ‘യഥാസമയം തടയുന്നതിനും’ ‘സമാധാനപരമായ ജീവിതം’ ഉറപ്പുവരുത്തുന്നതിനും ഇക്കാലത്ത് കേരളത്തില്‍ അരങ്ങേറിയ നാടകത്തിന്, അതിന്റെ ടെക്നിക്കുകള്‍ക്കും കാപട്യത്തിനും കിടപിടിക്കാന്‍ ഒന്നും തന്നെ ഇന്ത്യയിലെവിടെയും ഇല്ല.
കമ്മ്യൂണിസ്റ്റ് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്കി വശത്താക്കാന്‍ ഒരു പരിപാടിയിട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ക്ക് ഓരോ ലക്ഷം രൂപ വാഗ്ദാനം ചെയ്യപ്പെട്ടു. അവര്‍ കൂറുമാറണം. ഡിസംബര്‍ ന് ആരംഭിക്കുന്ന സ്റ്റേറ്റ് അസംബ്ലിയുടെ ശീതകാല സമ്മേളനത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് നമ്പൂതിരിപ്പാട് ഗവണ്മെന്റിനെ മറിച്ചിടണം. ഹീനമായ ഒരു ഗൂഢാലോചന ആയിരുന്നു ഇത്. എം.എല്‍.എ. ആയ ആര്.ബാലകൃഷ്ണപിള്ളയാണ്അത് വെളിച്ചത്ത് കൊണ്ടുവന്നത്. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരായി ഈ ഗൂഢാലോചന നടത്തിയ ചില മാന്യന്മാരുടെ പേരുവിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി. സ്ഥലപരിമിതി കാരണം ബാലകൃഷ്ണപിള്ളയുടെ വിശദവും ദീര്‍ഘവുമായ പ്രസ്താവന പൂര്‍ണമായി ഇവിടെ ചേര്‍ക്കാന്‍ പറ്റില്ല. രണ്ട് പ്രധാന കാര്യങ്ങള്‍ അതില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. തങ്ങള്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ചവരെ കൈകാര്യം ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റുകാര്‍ കാണിച്ച സാമര്‍ഥ്യമാണ് ഒന്ന്. കമ്മ്യൂണിസ്റ്റ് എംഎല്‍എമാര്‍ പാര്‍ട്ടിയുമായി തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നെന്നും കൈക്കൂലിക്ക് പണം നല്‍കുന്നത് ആരെന്നും ഗൂഢാലോചനക്ക് പിന്നിലുള്ള പ്രമാണികള്‍ ആരെന്നും കണ്ടുപിടിക്കാന്‍ ബോധപൂര്‍വ്വം നടിക്കുകയായിരുന്നു, എന്നുള്ള കാര്യം ഗൂഢാലോചനക്കാര്‍ അവസാന നിമിഷം വരെ അറിഞ്ഞിരുന്നില്ല. അക്രമ പ്രവണതകള്‍ യഥാസമയം തടയുന്നതും സമാധാനപരമായ ജീവിതം ഉറപ്പുുവരുത്തുന്നതും ആസന്ന യാഥാര്‍ഥ്യമായി അവര്‍ കണ്ടു. ഡിസംബര്‍10ന് എംഎല്‍എമാര്‍ അവരുടെ കയ്യില്‍ രാജിക്കത്തു നല്‍കും. ഉടന്‍ തന്നെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യണം. അതിനായി ഏറെക്കാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍, ജനാധിപത്യ പാര്‍ട്ടികളുടെ, അതായത് കോണ്‍ഗ്രസിന്റെയും പിഎസ്പിയുടെയും, ഐക്യത്തില്‍ അധിഷ്ഠിതമായ ഒരു നിഴല്‍ മന്ത്രിസഭയ്ക്ക് രൂപം കൊടുക്കാന്‍വരെ അവര്‍ തയ്യാറായി. ഡിസംബര്‍ 9നായിരുന്നു ഇത്. വകുപ്പുവിഭജനം പോലും നടത്തിയിരുന്നു.
പ്രതിലോമകാരികളായ സ്ഥാപിത താല്പര്യക്കാരുടെ കമ്മ്യൂണിസ്റ്റ് വിരോധം എത്ര കണ്ട് അന്ധമാകാമെന്നും ജനകീയമായി തെരഞ്ഞെടുക്കപ്പെട്ടതും ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്നതുമായ മന്ത്രിസഭയെ മറിച്ചിടാന്‍ എത്രകണ്ട് ഹീനമായി തരം താഴാമെന്നും ഈ ഗൂഢാലോചന വ്യക്തമാക്കുന്നു.
നീചമായ ഈ ഗൂഢാലോചന വെളിച്ചത്ത് വന്നശേഷം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് അവരെ സ്വാധീനിക്കാനും അസംബ്ലിയില്‍ അവരുടെ ഭൂരിപക്ഷം കുറയ്ക്കാനുമുള്ള ശ്രമത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടികൂടി പങ്കെടുത്തുവെന്ന് കേരള മുഖ്യമന്ത്രി പരസ്യമായി ആരോപണമുന്നയിച്ചു. കുത്തേറ്റ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.എ.ദാമോദരമേനോന്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ്, ‘പറ്റുമെങ്കില്‍ തെളിയിക്കുക’ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ന്യൂകേരള എന്ന ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകന്‍ കേരള ഗവണ്മെന്റിനെ താരെയിടാന് കോണ്‍ഗ്രസിന്റെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ ഗൂഢാലോചനയുടെ ഒരു പ്രതിദിന വിവരണം നല്‍കുന്നുണ്ട്. ഈ വിവരണങ്ങളെല്ലാം തന്നെ മാതൃഭൂമി ദിനപത്രത്തില്‍ നിന്ന് ശേഖരിച്ചതാണ്. പേരുകേട്ട ഒരു കോണ്‍ഗ്രസ് ദിനപത്രമാണത്. ന്യൂകേരള ലേഖകന്റെ കുറിക്കുകൊള്ളുന്ന കുറ്റപത്രം പൂര്‍ണമായി ഉദ്ധരിക്കട്ടെ.
1.ആള് ഇന്ത്യാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ജനറല്‍ സെക്രട്ടറി ശ്റീമന് നാരായണ്‍ അഗര്‍വാള്‍ 1957ഡിസംബര്‍ 4 ന് എറണാകുളത്ത് എത്തി.(മാതൃഭൂമി ഡിസംബര്‍ 5,1957)
2.അന്നേദിവസം തന്നെ ശ്രീ.ശ്രീമന്‍ നാരായണ്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടിയുടെയും ഒരു സംയുക്ത യോഗത്തില്‍ പങ്കെടുത്തു. തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ അസോസിയേഷന്റെ ഒരു പ്രമേയം ഉദ്ധരിച്ചുകൊണ്ട്, ജനാധിപത്യത്തെ സംരക്ഷിക്കാനായി മുന്നോട്ടുവരാന്‍ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു പ്രമേയം ആ യോഗം അംഗീകരിച്ചു. (മാതൃഭൂമി, ഡിസംബര്‍ 6,1957).
3.അടുത്ത ദിവസം(1957 ഡിസംബര്‍ 6) ആലപ്പുഴയില്‍ വെച്ച് ശ്രീമന്‍ നാരായണ്‍ പിഎസ്പി നേതാവായ ശ്രീ.പട്ടം താണുപിള്ളയുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒരു കോണ്‍ഗ്രസ്-പി.എസ്.പി. സഖ്യം രൂപീകരിക്കുന്നതിനെപ്പറ്റി ചര്‍ച്ച നടത്തി. അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ശ്രീ.പി.ടി.ചാക്കോയും സന്നിഹിതനായിരുന്നു. (1957 ഡിസംബര്‍ 7)
4.പൊതുലക്ഷ്യം, അതായത് കേരള ഗവണ്മെന്റിനെ മറിച്ചിടുകയെന്ന ലക്ഷ്യം, നേടുന്നതിനു സ്വീകരിക്കേണ്ട ‘തന്ത്ര’ത്തിന് ഈ ചര്‍ച്ചകളില്‍ വെച്ച് അവസാന രൂപം നല്കപ്പെട്ടു. കോണ്‍ഗ്രസ്-പിഎസ്പി സഖ്യത്തിന് ഭൂരിപക്ഷം തെളിയിക്കുന്ന(അതിനകം തന്നെ ഭരണപക്ഷത്തുനിന്ന് നാലഞ്ച് അംഗങ്ങളെ ചാക്കിലാക്കി കഴിഞ്ഞിരുന്നു.) ഒരു ലിസ്റ്റ് ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും. പുതിയൊരു മന്ത്രിസഭ ഉണ്ടാക്കാന്‍ അദ്ദേഹം ആവശ്യപ്പെടും. എല്ലാ വിശദാംശങ്ങളും(വകുപ്പു വിഭജനം അടക്കം) ചര്‍ച്ച ചെയ്തുകഴിഞ്ഞിരുന്നു. എല്ലാം വളരെ കൃത്യമായാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കോണ്‍ഗ്രസിലെ ഉരുക്കു മനുഷ്യനായ യൂണിയന് ആഭ്യന്തര മന്ത്രി പാന്ത് ദക്ഷിണ മേഖലാ കൌണ്‍സില്‍ യോഗത്തില്‍ സംബന്ധിക്കാന്‍ വരുമ്പോള്‍ പുതിയ പി.എസ്.പി-കോണ്‍ഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിലും പങ്കെടുക്കും.
5.ഡിസംബര്‍ 5 ന് രാത്രി എറണാകുളത്ത് തിരിച്ചെത്തിയ ശ്രീമന്‍ നാരായണ്‍ ഉയര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പനമ്പിള്ളി ഗോവിന്ദമേനോന്, സി.കെ.ഗോവിന്ദന് നായര്‍ മുതലായവരുമായി ചര്‍ച്ച നടത്തി.
6.1957 ഡിസംബര്‍ 6ന് വിമാനമാര്‍ഗ്ഗം ഡെല്‍ഹിയിലേക്കു മടങ്ങുന്നതിനു മുമ്പേ എറണാകുളത്ത് വെച്ചു നടത്തിയ ഒരു പ്രസ് കോണ്‍ഫറന്‍സില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചു : കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഈ അക്രമങ്ങള്‍ രാഷ്ട്രീയ സ്വഭാവമുള്ളവയാണ് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ ഭരിക്കുന്ന കോണ്‍ഗ്രസ് ഗവണ്മെന്റുകള് ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. ഇവിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റാകട്ടെ, തങ്ങളുടെ എതിരാളികളുടെ നേരെ അക്രമങ്ങള്‍ നടത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.(മാതൃഭൂമി ഡിസംബര്‍,8,1957)
7.അതിനിടയ്ക്ക് ഡെല്‍ഹിയില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി.മാരുടെ പ്രത്യേകം വിളിച്ചുകൂട്ടിയ ഒരു പാര്‍ലിമെന്ററി പാര്‍ട്ടിയോഗത്തില്‍(ഡിസംബര്‍ 6) കേരളത്തിലെ പുതിയ സംഭവവികാസങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കോട്ടയം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പി.സി.ചെറിയാന് അതില്‍ സംസാരിച്ചു. യൂണിയന് ആഭ്യന്തരമന്ത്രിയും യോഗത്തില്‍ സന്നിഹിതനായിരുന്നു.(മാതൃഭൂമി ഡിസംബര്‍ 8,1957)
8.ശ്രീ.ശ്രീമന്‍ നാരായണ്‍ ഡിസംബര്‍ 8 ന് ഡെല്‍ഹിയില്‍ തിരിച്ചെത്തി.
9.ഡിസംബര്‍ ന് ന്യൂദെല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ലേഖകന്‍ അയച്ച ഒരു മൂന്നുകോളം റിപ്പോര്‍ട്ട് ഡിസംബര്‍ ലെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. ആ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം താഴെ കൊടുക്കുന്നു.
സ്വതന്ത്രര്‍ കൂറുമാറിയേക്കാം
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനു ഭീഷണി
ന്യൂദേല്ഹി, തിങ്കള്‍
കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടാന്‍ കേരള അസംബ്ലിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ കരുക്കള്‍ നീക്കിക്കൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള ഭൂരിപക്ഷം രണ്ടുവശത്തുനിന്നും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയെ പിന്താങ്ങിയിരുന്ന അഞ്ചു സ്വതന്ത്രന്മാരില് രണ്ടുപേരെങ്കിലും കൂറുമാറിയതായി പറയപ്പെടുന്നു. അടുത്ത അസംബ്ലി സെഷനില്‍ അവര്‍ പ്രതിപക്ഷത്തിന്റെ കൂടെ ചേരുമെന്നു പ്രതീക്ഷിക്കുന്നു.
ഈ പ്രതീക്ഷക്കുപുറമെ, ഭാവി ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും പിഎസ്പിയും തമ്മില്‍ പരസ്പരം മത്സരിക്കില്ല എന്ന ഒരു ധാരണ ഉണ്ടാക്കിയതായും പറയപ്പെടുന്നു.എത്രയും സ്വാഗതാര്‍ഹമായ ഒരു കാര്യമാണ് ഇത്. ഈയിടെ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ശ്രീമന്‍ നാരായണും സംസ്ഥാന പി.എസ്.പി.നേതാവ് ശ്രീ പട്ടം താണുപിള്ളയും തമ്മിലുണ്ടായ സംഭാഷണത്തിന്റെ ഫലമാണിതെന്ന് അറിയുന്നു. ഭരണപക്ഷത്തും പ്രതിപക്ഷത്തും പെട്ട ഓരോ അംഗത്തിന്റെ തെരഞ്ഞെടുപ്പ് ഇലക്ഷന് ട്രിബ്യൂണല്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ഈ ധാരണയ്ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നു. പുറത്താക്കപ്പെട്ട രണ്ടുപേരും ട്രിബ്യൂണലിന്റെ വിധിക്കെതിരായി ഹൈക്കോര്‍ട്ടില്‍ അപ്പീല്‍ കൊടുത്തിട്ടുണ്ട് എന്നത് ശരി തന്നെ.
തങ്ങള്‍ തെരഞ്ഞെടുത്ത ഗവണ്മെന്റിനെതിരായി നടത്തിയ ഗൂഢാലോചനയെപ്പറ്റി കേരളത്തിലെ ജനങ്ങള്‍ ഡിസംബര്‍ 11 ന് ആണറിയുന്നത്. നിയമസഭയില്‍ നിന്ന് രാജിവെക്കുന്നതിനായി തനിക്കും വേറെ നാലുപേര്‍ക്കും കൈക്കൂലി വാഗ്ദാനം ചെയ്ത കാര്യം കമ്മ്യൂണിസ്റ്റ് എംഎല്‍എ ആയ ബാലകൃഷ്ണപിള്ളയാണ് പുറത്തുകൊണ്ടുവന്നത്.
എന്നാല്‍ ശ്രീമന്‍ നാരായണ്‍ ദെല്‍ഹിയില്‍ തിരിച്ചെത്തിയ അന്നുതന്നെ ഹിന്ദുസ്ഥാന്‍ ടൈംസ് അതറിഞ്ഞു. തങ്ങളുടെ ഗൂഢാലോചന വിജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ആരോ ആണ് ഒരു സ്കൂപ് ആയി ഈ കഥ അവര്‍ക്ക് നല്‍കിയത്.
ഈ ഗൂഢാലോചനയില്‍ കേരളത്തിലെ കോണ്‍ഗ്രസിന് നിര്‍ണായകമായ പങ്കുണ്ടെന്ന് മനസ്സിലാക്കാന്‍ ഏറെ രാഷ്ട്രീയ വിദ്യാഭ്യാസമൊന്നും വേണ്ട, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങള്‍ക്ക്
ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-1
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-2
അദ്ധ്യായം 5: തൊഴില്‍ നയവും നേട്ടങ്ങളും
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ – ഭാഗം 1
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ – ഭാഗം 2
Type setting: RSP
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.