വ്യവസായവികസനത്തിന്റെ കാര്യത്തില്‍ വന്‍കിട വ്യവസായങ്ങള്‍ തുലോം വിരളമായതിലാല്‍ കേരള സംസ്ഥാനം ഇന്ത്യയുടെ മറ്റേതൊരു ഭാഗത്തേക്കാളും പിറകിലാണെങ്കിലും കേരളത്തിലെ തൊഴിലാളിവര്‍ഗം സുസംഘടിതമാണ്, അത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരു പ്രധാന ശക്തിയാണ്. ഇന്ന് കേരളത്തില്‍ 100 മുതല്‍ 10,000 വരെ അംഗങ്ങളുള്ള നിരവധി ട്രെയ്ഡ് യൂണിയനുകളുണ്ട്. അവയില്‍ ഭൂരിഭാഗവും എഐറ്റിയുസിയില്‍ അംഗത്വമുള്ളവയാണ്. ആര്‍എസ്‌പിയുടെ നേതൃത്വത്തിലുള്ള ചില യൂണിയനുകള്‍ യുറ്റിയുസിയിലാണ് അംഗത്വമെടുത്തിട്ടുള്ളത്.
ആലപ്പുഴ ജില്ലയില്‍ പലതരം വ്യാവസായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള 75 ട്രേയ്ഡ് യൂണിയനുകളുണ്ട്. അവയില്‍ ഏറ്റവും വലുത് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള 10,000 അംഗങ്ങളുള്ള തിരുവിതാംകൂര്‍-കൊച്ചി കയര്‍ ഫാക്ടറി തൊഴിലാളി യൂണിയനാണ്. തോട്ടങ്ങളുടെ ജില്ലയായ കോട്ടയത്ത് 40,000 ത്തോളം തോട്ടം തൊഴിലാളികള്‍ യൂണിയനുകളായി സംഘടിച്ചിട്ടുണ്ട്. കൊല്ലം ജില്ലയില്‍ കശുവണ്ടി, കയര്‍, തോട്ടങ്ങള്‍, മറ്റ് വ്യവസായങ്ങള്‍ എന്നിവയില്‍ വ്യാപിച്ചുകിടക്കുന്ന നൂറോളം യൂണിയനുകളുണ്ട്. അവയില്‍ മിക്കതും കമ്മ്യൂണിസ്റ്റ് നേതൃത്വത്തില്‍ ഉള്ളവയാണുതാനും.
കൊച്ചി തുറമുഖവും രാസവസ്‌തുനിര്‍മ്മാണം, റയോണ്‍ ഉല്‍പ്പാദനം, റെയര്‍ എര്‍ത്ത് സംസ്‌ക്കരണം, ഗ്ലാസ് നിര്‍മ്മാണം, എഞ്ചീനിയറിങ്ങ് എന്നീ മേഖലകളിലുള്ള ആധുനിക വ്യവസായ ശാലകളും ഉള്ള എറണാകുളം-ആലുവ ബെല്‍റ്റാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക-വ്യാപാര മേഖല. മൊത്തം 75,000 വരുന്ന തൊഴില്‍ സേനയില്‍ 32,000 ത്തിലധികം എഐറ്റിയുസിയില്‍ അംഗത്വമുള്ള ട്രെയ്ഡ് യൂണിയനുകളിലാണ് സംഘടിതരായിരിക്കുന്നത്. കേരളത്തിന്റെ മലബാര്‍ ഭാഗത്ത് ഇന്ന് 65,000 ത്തിലധികം അംഗങ്ങളുള്ള അറുപതിലധികം ട്രെയ്ഡ് യൂണിയനുകള്‍ ഉണ്ട്. അങ്ങനെ, കേരളത്തിലെ ഇന്നത്തെ ട്രെയ്ഡ് യൂണിയന്‍ പ്രസ്ഥാനം, 1935 ലെ ഒന്നാമത്തെ അഖില കേരള ട്രെയ്ഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ കാലത്തേക്കാള്‍ എത്രയോ ശക്തമാണ്. അന്ന് കേവലം 30 യൂണിയനുകളുടെ പ്രാധിനിധ്യമേ ഉണ്ടായിരുന്നുള്ളു. കേരളത്തില്‍ ട്രെയ്ഡ് യൂണിയന്‍ പ്രസ്ഥാനം തുടങ്ങുകയും സംഘടിപ്പിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സ്വീകരിച്ച തൊഴില്‍നയം മുന്‍സര്‍ക്കാരുകളുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു ദിശയിലാവുക സ്വാഭാവികമാണല്ലൊ, അതിനുമുമ്പ് 10 വര്‍ഷം കസേരയിലിരുന്ന മന്ത്രിമാരെ തൊഴില്‍ നയത്തിന്റെ പേരില്‍ കുറ്റപ്പെടുത്താനാവില്ല. കാരണം, അവര്‍ക്കാര്‍ക്കും അങ്ങനെയൊന്ന് ഉണ്ടായിരുന്നതേയില്ല. സ്ഥിരമായി ചെയ്‌തുകൊണ്ടിരുന്നത് തുടരുക മാത്രമാണ് അവര്‍ ചെയ്‌തത്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഐ.എന്‍.ടി.യുസിയോട് അനുകൂലമായിരുന്നു മറ്റ് ട്രെയ്ഡ് യൂണിയനുകളോട് പക്ഷപാതപരമായ നിലപാട് കൈക്കൊള്ളുകവഴി അവര്‍ തൊഴിലാളികളെ ഭിന്നിപ്പിക്കുകയും അവരുടെ കൂട്ടായ വിലപേശല്‍ ശേഷി ദുര്‍ബലമാക്കുകയും ചെയ്‌തു. രണ്ടാമതായി, നിലവിലുള്ള ഉദ്യോഗസ്ഥമേധാവിത്വപരമായ ശീലങ്ങള്‍ കാരണം തൊഴില്‍ത്തര്‍ക്കങ്ങളിലെല്ലാം അവര്‍ തൊഴില്‍ദാതാക്കളുടെ പക്ഷത്ത് ന്യായം കാണുകയും അവര്‍ക്ക് സഹായകമായി നിയമവും സര്‍ക്കാരിന്റെ അധികാരങ്ങളും ഉപയോഗിക്കുകയും ചെയ്‌തു.
ഈ സ്ഥിരം ചാലില്‍നിന്ന് തീര്‍ത്തും വിഭിന്നമായിരുന്നു, കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നയം. എല്ലാ ട്രെയ്ഡ് യൂണിയനുകളെയും അംഗീകരിക്കുക, ശക്തിപ്പെടുത്തുക, തൊഴിലാളിവര്‍ഗത്തിന്റെ ഐക്യം ഊട്ടിയുറപ്പിക്കുക, അവരുടെ കൂട്ടായ വിലപേശല്‍ ശേഷി വര്‍ധിപ്പിക്കുക എന്നതായിരുന്നു, അതിന്റെ നയം. തൊഴിലാളി വര്‍ഗസമരങ്ങളോട് അത് സ്വീകരിച്ച നിലപാട് മൌലികവും ഇതുവരെ അനുവര്‍ത്തിച്ചുവന്നതില്‍നിന്ന് അടിസ്ഥാനപരമായ മാറ്റം പ്രകടിപ്പിക്കുന്നതുമായിരുന്നു. കേരള മുഖ്യമന്ത്രിതന്നെ ഈ സമീപനം അസന്ദിഗ്‌ദ്ധമായി വിശദീകരിച്ചിട്ടുണ്ട്. അധ്വാനിക്കുന്ന ജനലക്ഷങ്ങളെ “തങ്ങളുടെ തൊഴില്‍, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവരുടെ പോരാട്ടം കൂടുതല്‍ ഫലപ്രദമാക്കാനും അത്തരം പോരാട്ടങ്ങളിലൂടെ അവരുടെ അടിയന്തിരവും ആത്യന്തികവുമായ ലക്ഷ്യം സാക്ഷാത്ക്കരിക്കാനും സഹായിക്കുക” എന്നത് തന്റെ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം കണക്കാക്കുന്നു. (കേരളം മുന്നോട്ട്, Kerala On The March കേരള സര്‍ക്കാര്‍ പ്രസിദ്ധീകരണം, പുറം vii)
തങ്ങളുടെ ജീവിത-തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള തൊഴിലാളികളുടെ പോരാട്ടത്തെ അത്തരം പോരാട്ടങ്ങളില്‍ പോലീസിനുള്ള പങ്കില്‍നിന്ന് വേര്‍പെടുത്താനാകില്ല. പോലീസ് എല്ലാത്തരം ജനകീയ പ്രക്ഷോഭങ്ങളെയും അടിച്ചമര്‍ത്താന്‍ സെക്ഷന്‍ 107 പ്രകാരമുള്ള സുരക്ഷാ നടപടികളും സെക്ഷന്‍ 144 പ്രകാരമുള്ള നിരോധനാജ്ഞയും വിചാരണകൂടാതെയുള്ള തടവും ലാത്തിച്ചാര്‍ജ്ജും വെടിവെയ്‌പ്പും പ്രയോഗിച്ചുപോന്നിരുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വാതന്ത്ര്യ പൂര്‍വ്വകാലത്ത് അവ കോണ്‍ഗ്രസിനും ജനകീയപ്രസ്ഥാനങ്ങള്‍ക്കും എതിരെ പ്രയോഗിച്ചു; സ്വാതന്ത്ര്യാനന്തരകാലത്താകട്ടെ, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവയെ തോഴിലാളിവര്‍ഗത്തിനും കര്‍ഷകപോരാട്ടങ്ങള്‍ക്കും എതിരെ ഇഷ്‌ടംപോലെ പ്രയോഗിച്ചുവരികയാണ്.
ഈ മാമൂല്‍ സമീപനം വിട്ട് തൊഴിലെടുക്കുന്ന ജനതയുടെ പൌരസ്വാതന്ത്ര്യവും വ്യക്തിഅവകാശങ്ങളും സ്വാഭാവികമായി വികസിക്കണമെന്ന കാഴ്ചപ്പാടോടുകൂടി കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തൊഴില്‍രംഗത്തും കാര്‍ഷികരംഗത്തുമുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കേണ്ടത് പോലീസല്ല, പ്രാഥമികമായും തൊഴില്‍വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ഇടപെട്ട് അനുരഞ്ജനവും നീതിനിര്‍വഹണവും തര്‍ക്കപരിഹാരവും നടത്തേണ്ട വിഷയങ്ങളാണ് അവ എന്ന നിലപാടാണ് സ്വീകരിച്ചത്. തൊഴിലാളി-തൊഴില്‍ദാതാവ് തര്‍ക്കം ഏതെങ്കിലും തരത്തില്‍ ഏതെങ്കിലും വിഭാഗം ജനങ്ങളുടെ വ്യക്തിപരമോ സ്വത്തുപരമോ ആയ അവകാശങ്ങളെ ധ്വംസിക്കുന്ന ഘട്ടം വന്നാല്‍ മാത്രമേ പോലീസ് ഇടപെടാവൂ എന്ന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിശ്ചയിച്ചു.
മുതലാളിവര്‍ഗവും അധ്വാനിക്കുന്ന വര്‍ഗവും തമ്മിലുള്ള ബന്ധങ്ങളില്‍ ഭരണകൂടത്തിന്റെ പങ്കില്‍ വന്ന മാറ്റത്തെയാണ് ഈ പുതിയ നയം പ്രകടമാക്കുന്നത്. തൊഴിലാളികളും മുതലാളികളും തമ്മിലും കര്‍ഷകരും ഭൂവുടമകളും തമ്മിലും മറ്റുമുള്ള ബന്ധങ്ങള്‍ ആ വര്‍ഗ്ഗങ്ങള്‍ തമ്മില്‍തമ്മില്‍ത്തന്നെ തീര്‍ക്കേണ്ടവയാണ് എന്ന അടിസ്ഥാന പ്രമേയത്തില്‍നിന്നാണ് ഇത്തരമൊരു മാറ്റം ഉണ്ടാകുന്നത്. വ്യക്തികള്‍ തമ്മില്‍ ചര്‍ച്ചചെയ്തും ജനവിഭാഗങ്ങള്‍ തമ്മില്‍ കൂട്ടായി വിലപേശിയും മറ്റും തര്‍ക്കങ്ങള്‍ക്ക് ന്യായമായ പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം
മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, ക്രമസമാധാനപരിപാലനമെന്ന കര്‍ത്തവ്യത്തിലും, വിവിധ ജനവിഭാഗങ്ങള്‍ക്കും വര്‍ഗ്ഗങ്ങള്‍ക്കും ഇടയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് തൊഴില്‍വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും നടത്തുന്ന പ്രവര്‍ത്തനങ്ങളിലുമുള്ള പോലീസിന്റെ പങ്കിനെ കുറിച്ച് വ്യക്തമായ വേര്‍തിരിവാണ് സര്‍ക്കാര്‍ കല്‍പ്പിച്ചത്.
ഒരു കാര്യം ശ്രദ്ധേയമാണ്: ഇന്ത്യന്‍ ഭരണഘടനയുടെ പരിധിക്കുള്ളില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ സവിശേഷനയം തൊഴിലാളിവര്‍ഗ്ഗത്തെയും മറ്റ് വര്‍ഗ്ഗങ്ങളെയും പരസ്പരവിരുദ്ധങ്ങളായ സ്ഥാനങ്ങളില്‍, വിന്യസിച്ച് ‘വര്‍ഗ്ഗസമരം’ നടത്താനും, ‘സമഗ്രാധിപത്യം’ സ്ഥാപിക്കാനുമുള്ള ഗൂഢമായ നയമൊന്നുമല്ല. ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ഇന്ത്യയുടെ പ്രഖ്യാപിത ദേശീയ പദ്ധതിയുടെ പൂര്‍ത്തീകരണമാണ് അതിന്റെ പ്രാഥമിക ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ അവസാനത്തെ ആഴ്ച എറണാകുളത്തുവച്ച് എ.ഐ.റ്റി.യു.സിയുടെ രജത ജൂബിലി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ഇഎംഎസ് പറഞ്ഞു: ‘സംസ്ഥാനത്ത് തൊഴിലാളിവര്‍ഗത്തിന്റെ ന്യായമായ താല്‍പ്പര്യങ്ങളും അവകാശങ്ങളും ഉറപ്പാക്കുകയും സംരക്ഷിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ വ്യവസായികള്‍ക്ക് വ്യാവസായിക ലാഭമുണ്ടാക്കാന്‍ അനുവദിക്കുമെന്ന് ഉറപ്പാക്കുക കൂടി ചെയ്യും. അത്തരത്തിലുള്ള ഒരു വ്യവസായ വികസനത്തിന് അനുയോജ്യമായ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്‌ടിക്കാന്‍ കേരളസര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണ്’.(ഇന്ത്യന്‍ എക്‌സ്‌പ്രസ്, ഡിസംബര്‍ 26,1957)
പോലീസിനെ ഉപയോഗിക്കുന്ന കാര്യത്തില്‍ സ്വീകരിച്ച ഈ നയം ട്രെയ്ഡ് യൂണിയനുകളെയും കിസാന്‍ സഭകളെയും തുണയ്‌ക്കുന്നു; കാരണം, അത് മുമ്പൊക്കെ തങ്ങളെ എതിര്‍ക്കുന്ന മുതലാളിമാര്‍ക്കും ഭൂവുടമകള്‍ക്കും ലഭ്യമായിരുന്ന പോലീസ് പന്തുണ ഇല്ലാതാക്കി എന്ന് ഇഎംഎസ് ചൂണ്ടിക്കാട്ടി. ഇപ്പോള്‍ അധ്വാനിക്കുന്ന ജനവര്‍ഗ്ഗങ്ങള്‍ക്ക് മുതലാളിമാരും ഭൂവുടമകളുമായി നേര്‍ക്കുനേര്‍ നിന്ന് ഭയം കൂടാതെ വിലപേശാന്‍ കഴിയുന്നു. ഈ നയത്തിനെതിരെ ഏറെ ബഹളം ഉയര്‍ന്നുവെങ്കിലും വ്യാവസായികാസ്വാസ്ഥ്യം തീവ്രമാക്കുന്നതിനുപകരം ലഘൂകരിക്കുകയാണ് ഉണ്ടായത് എന്നതാണ് വാസ്തവം.
കൂടിയാലോചനകളിലൂടെയും ചര്‍ച്ചകളിലൂടെയും വ്യാവസായിക തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിന് നല്‍കിയ പ്രോത്സാഹനമാണ് കേരള സര്‍ക്കാരിന്റെ ഈ തൊഴില്‍നയത്തിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ഒരു തര്‍ക്കത്തില്‍ ഒത്തുതീര്‍ന്ന നടപടികള്‍ പരാജയപ്പെട്ടാല്‍ ഉടനെ നിര്‍ബന്ധിത അഡ്ജുഡിക്കേഷനായി വ്യവസായ ട്രിബ്യൂണലുകള്‍ക്ക് വിടുക എന്നതായിരുന്നു, മുന്‍പൊക്കെ പതിവ്. തര്‍ക്കം മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങളോളം, ഇഴഞ്ഞുനീങ്ങും. അതുകൊണ്ടുതന്നെ തൊഴിലാളികള്‍ സ്വാഭാവികമായും നിര്‍ബന്ധിതവിധി പ്രസ്താവത്തിന് എതിരായി വരുന്നു. ഈ രീതി തര്‍ക്കപരിഹാരം നീട്ടുന്നതിലും തൊഴിലാളികളെ നേരിട്ടൊന്നും ചെയ്യാന്‍ അനുവദിക്കായ്‌ക വഴി തൊഴില്‍ദാതാക്കളെ പരോക്ഷമായി സഹായിക്കുന്നതിലുമാണ് കലാശിച്ചിരുന്നത്.
വ്യാവസായിക തര്‍ക്കങ്ങളോടുള്ള സമീപനത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂടുതല്‍ അടിസ്ഥാനപരമായ ധാരണയുമായാണ് മുന്നോട്ട് നീങ്ങിയത്. ഏതെങ്കിലും ഒരു വ്യവസായശാലയില്‍ കൂലിവര്‍ധന, ബോണസ് ഇത്യാദി വിഷയങ്ങളില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉയരുന്ന മുറയ്‌ക്ക് അത് പരിഹരിക്കുക എന്നതുകൊണ്ടായില്ല എന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍, ഇത്തരം പ്രശ്നങ്ങള്‍ക്ക് താരതമ്യേന ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൊഴില്‍ദാതാക്കളും തൊഴിലാളികളും തമ്മില്‍ തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ, ഉണ്ടാക്കുന്ന കരാറുകള്‍ അനുസരിച്ച് ഒരോ വ്യവസായത്തിനും സംസ്ഥാനം മുഴുവന്‍ ബാധകമാകുന്ന തരം പരിഹാരങ്ങള്‍ ഉണ്ടാക്കുക എന്ന നയം സ്വീകരിച്ചു. കയര്‍, എണ്ണമില്ലുകള്‍, എഞ്ചിനീയറിങ്ങ്, വസ്ത്രനിര്‍മാണം, ഓട്, രാസവ്യവസായം, തോട്ടങ്ങള്‍ എന്നിങ്ങനെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം വ്യവസായബന്ധസമിതികള്‍ രൂപീകൃതമായി. അങ്ങനെ, അധികാരമേറ്റ് ആറ് മാസത്തിനുള്ളില്‍ത്തന്നെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് 90 ശതമാനത്തിലധികം തര്‍ക്കങ്ങള്‍ ത്രികക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞു.
ഇവിടെയും തൊഴിലാളികളുടെയും മുതലാളിമാരുടെയും അടുത്ത സഹകരണത്തിലൂടെ നിര്‍മാണാത്മക നയങ്ങള്‍ രൂപീകരിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തികവികാസം കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നയതീരുമാനം കൈക്കൊണ്ടിട്ടുള്ളത്. മുതലാളി വര്‍ഗ്ഗങ്ങളെ ഭീഷണിപ്പെടുത്താനോ, ബലമായി അടിച്ചമര്‍ത്താനോ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. അധ്വാനവും മൂലധനവും തമ്മിലുള്ള ബന്ധങ്ങളില്‍ ഒരോ വ്യവസായത്തിനും സംസ്ഥാനം മുഴുവന്‍ ബാധകമാകുന്ന ദീര്‍ഘകാല പരിഹാരങ്ങള്‍ ഉണ്ടാക്കേണ്ടതിന്റെ ആവശ്യത്തില്‍ ഊന്നിക്കൊണ്ട് ഇഎംഎസ് എ.ഐ.ടി.യു.സിയോട് പറഞ്ഞു: “തൊഴിലാളിവര്‍ഗ്ഗങ്ങളുടെ പ്രശ്നത്തിന്റെ ഈ വശം, വേതനം, ബോണസ് ഇത്യാദി വശങ്ങളോളം തന്നെ പ്രധാനമാണ്. ഇത്തരം പ്രശ്നങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യണം. നിലവിലുള്ള വ്യവസായ യൂണിറ്റുകള്‍ നിലനിര്‍ത്തുക മാത്രമല്ല കൂടുതല്‍ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. പുതിയ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കണം. ഇതിനൊക്കെ ഗവണ്‍മെന്റിന്റെയും സ്വകാര്യ മുതലാളിമാരുടെയും ചെുകിടക്കാരുടെയും വിഭവസ്രോതസുകള്‍ പരമാവധി സമാഹരിക്കണം. അങ്ങനെയല്ലാതെ കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗത്തിന് മോചനമുണ്ടാകില്ല.”
ഇത്തരമൊരു സമീപനത്തിന്റെ നീതി ചോദ്യം ചെയ്യാന്‍ വിഷമമാണ്. സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് ഉപരി പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ പ്രതിഷ്‌ഠിച്ച കേരളത്തിലെ കോണ്‍ഗ്രസ്, ഈ തൊഴില്‍ നയത്തിനെതിരെ തീവ്രമായ പ്രചാരണം ആരംഭിച്ചുവെന്ന് വേദനയോടെ കുറിക്കാതെ വയ്യ. സംഘടിതതൊഴിലാളി വര്‍ഗ്ഗത്തെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പുിക്കുകയും ചെയ്യുന്നതും അവരുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ അവരെ സഹായിക്കുന്നതും കേരളത്തിന്റെ വ്യവസായവല്‍ക്കരണത്തിന് തടസ്സമാണ്; ഈ നയം തുടരുന്നിടത്തോളം കാലം സംസ്ഥാനത്ത് പുതിയ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ യാതൊരു സാധ്യതയുമില്ല- ഇതായിരുന്നു അവരുടെ സിദ്ധാന്തം. ഇതുമാത്രമല്ല, ഏതെങ്കിലും സ്വകാര്യ വ്യവസായികള്‍ എന്തെങ്കിലും മൂര്‍ത്തമായ നിര്‍ദേശങ്ങളുമായി മുന്നോട്ടു വന്നാല്‍ സാങ്കല്‍പ്പിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി അവരെ പിന്തിരിപ്പിക്കാനും കോണ്‍ഗ്രസുകാര്‍ കിണഞ്ഞ് ശ്രമിച്ചു.
ഈ ത്രികക്ഷി നയം സംസ്ഥാനതലത്തില്‍ വ്യാപിപ്പിച്ചുകൊണ്ട് കേരളസര്‍ക്കാര്‍ ഒരു വ്യവസായബന്ധ ബോര്‍ഡ് രൂപീകരിച്ചു. ഈ ബോര്‍ഡിന്റെ ഒരു ഉപസമിതി തൊഴില്‍ദാതാക്കളെയും തൊളിലാളികളെയും താന്താങ്ങളുടെ അവകാശങ്ങളും കടമകളും മനസ്സിലാക്കിക്കുകയും മിക്ക വിഷയങ്ങളിലും ഏകകണ്‌ഠമായ ധാരണ പ്രകടമാക്കുന്ന ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്‌തു. വേതനം, ബോണസ്, തൊഴില്‍ സമിതികള്‍, ചര്‍ച്ചാസംവിധാനങ്ങള്‍, വ്യവസായങ്ങളില്‍പാലിക്കേണ്ട അച്ചടക്കച്ചട്ടം,വ്യാവസായിക സമാധാനം ഇത്യാദി വിഷയങ്ങളൊക്കെ സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളുണ്ട്. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനായി അതില്‍ കൊടുത്ത നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെയാണ്: (1) ഓരോ തൊഴിലാളിക്കും സംസ്ഥാന വ്യാപകമായ ഒരു മിനിമം കൂലി നിശ്ചയിക്കുക; (2) പ്രായമായിട്ടോ സ്വയം തീരുമാനിച്ചിട്ടോ തൊഴിലാളികള്‍ സേവനത്തില്‍നിന്ന് വിരമിക്കുമ്പോള്‍ അവര്‍ക്ക് ഗ്രാറ്റുവിറ്റി ലഭ്യമാക്കുക; (3) സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥപനങ്ങളിലും ലാഭനഷ്‌ടങ്ങള്‍ കണക്കിലെടുക്കാതെ വാര്‍ഷിക വരുമാനത്തിന്റെ 6.25 ശതമാനം മിനിമം ബോണസ് തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക; സ്ഥാപനത്തിന്റെ ലാഭത്തില്‍നിന്ന് അധിക ബോണസും ഉറപ്പാക്കുക.
ഇവയെല്ലാം ഐഎല്‍ഓയും ഇന്ത്യാഗവണ്മെന്റും അംഗീകരിച്ച വ്യവസ്ഥകളുമാണ്. ഇവയില്‍ യാതൊരു പുതുമയുമില്ല എന്ന് ചൂണ്ടിക്കാട്ടുന്നതുതന്നെ അനാവശ്യമാണ്. അതുകൊണ്ടാണ് കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ കേന്ദ്ര വ്യവസായ മന്ത്രിയെന്ന നിലയില്‍ സംസ്ഥാനം സന്ദര്‍ശിച്ച മൊറാര്‍ജി ദേശായി ഇന്ത്യാഗവണ്മെന്റുിന്റെ തൊഴില്‍ മന്ത്രാലയത്തിന്റെ ധാരണകളില്‍ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചപ്പോള്‍ ട്രെയ്ഡ് യൂണിയനുകളും തൊഴിലാളി വര്‍ഗവും ആശ്ചര്യപ്പെട്ടത്. വ്യവസായബന്ധ ബോര്‍ഡിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം ഉപസമിതിയുടെ നിര്‍ദേശങ്ങളെ അംഗീകരിക്കുന്നില്ലന്ന് പ്രസ്താവിക്കുകമാത്രമല്ല, അവയില്‍ പലതിനെയും എതിര്‍ക്കുക കൂടി ചെയ്‌തു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മാന്യമായ വ്യവസ്ഥകള്‍ ലഭ്യമാക്കിയാലെ മൊത്തം തൊഴിലാളികളുടെയും ന്യായമായ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിജയിപ്പിക്കാനാകൂ എന്ന് സര്‍ക്കാരിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അവയിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കി. അങ്ങനെയാണ് കേരള സര്‍ക്കാര്‍ സംസ്ഥാന ഗതാഗത വകുപ്പിലെ എല്ലായിനം ജീവനക്കാര്‍ക്കും ഗണ്യമായ വേതന വര്‍ധന നല്‍കിയതും വാര്‍ഷിക വരുമാനത്തിന്റെ 3.33 ശതമാനം ഏറ്റവും കുറഞ്ഞ ബോണസായി നല്‍കുമെന്ന് ഉറപ്പാക്കിയതും. വകുപ്പിലെ തൊഴിലാളികള്‍ക്ക് എല്ലാ തൊഴില്‍നിയമങ്ങളും ബാധകമാക്കപ്പെട്ടു. തൊഴിലാളി പ്രതിനിധികള്‍ ഉള്ള ഒരു മാനേജ്‌മെന്റ് ബോര്‍ഡും രൂപീകൃതമായി.
സര്‍ക്കാര്‍ നടത്തിയിരുന്ന തൃശൂരിലെ സീതാറാം സ്‌പിന്നിംഗ് ആന്റ് വീവിംഗ് മില്‍സിലെ തൊഴിലാളികള്‍ക്ക് 1,30,000 രൂപ ബോണസ് മുന്‍കൂറായി നല്‍കി. ഡിയര്‍നസ് അലവന്‍സ് വര്‍ധിപ്പിച്ചു. പിരിച്ചുവിടപ്പെട്ട നൂറോളം തൊഴിലാളികളെ തിരിച്ചെടുത്തു. കോഴിക്കോട് ഗവണ്‍മെന്റ് സോപ്പ് ഫാക്‌ടറിയിലെയും ഷാര്‍ക് ലിവര്‍ ഓയില്‍ ഫാക്‌ടറിയിലെയും ഹൈഡ്രോജെനേഷന്‍ ഫാക്‌ടറിയിലെയും വേതന നിരക്കുകള്‍ നൂറു ശതമാനം കണ്ട് വര്‍ധിപ്പിച്ചു. കണ്ടറ സിറാമിക് ഫാക്‌ടറി, പുനലൂര്‍ പ്ലൈവുഡ് ഫാക്‌ടറി, ഇലക്‌ട്രിക് അലൈഡ് ഇന്‍ഡസ്‌ട്രീസ് ഇത്യാദികളിലും വേതനവര്‍ധന ഉണ്ടായി. പൊതുമരാമത്ത് വകുപ്പിലെ തൂപ്പുകാര്‍ മുതല്‍ എല്ലാ തൊഴിലാളികള്‍ക്കും ഗണ്യമായ ആനുകൂല്യങ്ങള്‍ ലഭ്യമായി., പ്രോവിഡന്റ് ഫണ്ട് സ്കീമുകള്‍ വ്യാപകമാക്കപ്പെട്ടു. ഭവനപദ്ധതികള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അനവധി സൌകര്യങ്ങള്‍ മറ്റുതൊഴില്‍ നിലവാരങ്ങള്‍ക്കൊപ്പം എത്തിച്ചു. വര്‍ക്‌സ് കമ്മറ്റികള്‍ സ്ഥാപിതമായി.
തൊഴിലുടമകളുമായി തര്‍ക്ക പരിഹാരം കാത്തുകിടക്കവെ സംശയത്തിന് ഇടം നല്‍കുന്ന കാരണങ്ങളാല്‍ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുകയാണെങ്കില്‍, അവര്‍ക്ക് ധനസഹായം നല്‍കുമെന്ന് കേരള ഗവണ്മെന്റ് തീരുമാനിച്ചു. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഇതുണ്ടായത്. ഇത്തരത്തിലുള്ള തീരുമാനം ഇന്ത്യയില്‍ ഇദംപ്രഥമമാണ്. പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പുള്ള മാസത്തില്‍ ലഭിച്ച മൊത്തം വേതനത്തിന്റെ പകുതി ആയിരിക്കും ഈ ധനസഹായം. മാസാമാസമായി പരമാവധി ആറുമാസക്കാലത്തേയ്‌ക്കോ, തര്‍ക്കത്തില്‍ തീരുമാനമുണ്ടാകുന്നത് വരേക്കോ, ഈ ധനസഹായം നല്‍കുന്നതായിരിക്കും. വേതന കുടിശിക അടക്കം നല്‍കി ജോലിയില്‍ പുന:സ്ഥാപിക്കാനാണ് മധ്യസ്ഥ തീരുമാനമെങ്കില്‍ ഗവണ്മെന്റില്‍ നിന്ന് ലഭിച്ച സഹായധനം തിരികെ നല്‍കാന്‍ തൊഴിലാളി ബാധ്യസ്ഥനാണ്. അങ്ങനെ മാനേജുമെന്റുമായി ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ തൊഴിലാളിക്ക് ഇത് കരുത്തുനല്‍കുന്നു എന്ന് ഗവണ്മെന്റ് പ്രസ്താവനയില്‍ പറയുന്നു.
കേരളത്തില്‍ വളരെ വ്യാപകമായുള്ള തോട്ടങ്ങളില്‍ ന്യായമായ കൂലി നിശ്ചയിക്കുന്നതിനായി തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രതിനിധികള്‍ അടങ്ങുന്ന ഒരു കമ്മറ്റി രൂപീകരിക്കപ്പെട്ടു. അന്തിമ തീരുമാനത്തിലെത്തുന്നവരേക്കായി ഒരു ഇടക്കാല കൂലി നിശ്ചയിക്കുകയുണ്ടായി. രണ്ടുലക്ഷം തോട്ടം തൊഴിലാളികള്‍ക്ക് ഇത് ഗുണം ചെയ്‌തു. 1958 ജനുവരി 6ന് കോട്ടയത്ത് വച്ച് എത്തിയ ഒത്തുതീര്‍പ്പുപ്രകാരം താഴെ കൊടുത്ത പ്രകാരമുള്ള വര്‍ധിച്ച കൂലിനിരക്ക് അംഗീകരിക്കപ്പെട്ടു.
ഇപ്പോള്‍ തന്നെ 1 രൂപ 13 അണയോ കൂടുതലോ കൂലി കിട്ടുന്ന പുരുഷന്മാരായ തൊഴിലാളികള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ ഒരു അണ കൂടുതല്‍ ലഭിക്കുന്നതാണ്. നൂറു ഏക്കറില്‍ കൂടുതല്‍ വലുപ്പമുള്ള തേയിലത്തോട്ടങ്ങളിലേയും 2006 ഏക്കറില്‍ കൂടുതല്‍ വലിപ്പമുള്ള റബ്ബര്‍ തോട്ടങ്ങളിലേയും തൊഴിലാളികള്‍ക്ക് ഈ പുതിയ നിരക്കില്‍ കൂലി കിട്ടുന്നതാണ്. മറ്റുള്ളവര്‍ക്ക് പരക്കെ ഒരണ വര്‍ധനവ്. കുട്ടികള്‍ക്ക് 6 പൈസയും കൌമാരപ്രായക്കര്‍ക്ക് 9 പൈസയും.
മദിരാശി സംസ്ഥാനത്തിലേതിനേക്കാളും ഉയര്‍ന്നതാണ് ഈ നിരക്കുകള്‍. അവിടെ 1961 വരെ കൂലി മരവിപ്പിച്ചിരിക്കുകയാണ്. അവിടെ പീസ് റേറ്റ് രീതിയോ ഗ്യാരണ്ടി സമയനിരക്കുകളോ ഇല്ല. കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് മിനിമം കൂലിക്ക് ഗ്യാരണ്ടിയുണ്ട്. സാധാരണ രീതിക്ക് തൊഴിലവസരമില്ലാത്ത കാലത്തുപോലും ഒരു നിശ്ചിത അളവില്‍ തൊഴില്‍ ലഭിക്കുമെന്നതിനും ഗ്യാരണ്ടിയുണ്ട്. ഏതെങ്കിലും ദിവസം തൊഴില്‍ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍, തൊഴിലുറപ്പിന് നിശ്ചയിച്ച കൂലി നല്‍കാന്‍ തൊഴിലുടമകള്‍ നിര്‍ബന്ധിതരാണ്. മാത്രമല്ല എല്ലാ തോട്ടങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിക്കുന്നത് തോട്ടമുടമകളുടെ ബാധ്യതയാകുന്ന വിധത്തില്‍ പ്ലാന്റേഷന്‍ ആക്‌ടില്‍ ഭേദഗതികള്‍ വരുത്തുകയും ചെയ്‌തു. ഈ സ്കൂളുകള്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഭരണ നിയന്ത്രണത്താലായിരിക്കുകയും ചെയ്യും. അതിന്റെ സഹായവും ഉണ്ടായിരിക്കും. അതുപോലെ തോട്ടങ്ങളില്‍ ആശുപത്രികളുണ്ടാക്കാനും കിടത്തി ചികിത്സിക്കാനും പ്രസവാനുകൂല്യങ്ങള്‍ നല്‍കാനും ഒക്കെ തോട്ടമുടമകളെ ഗവണ്മെന്റ് നിര്‍ബന്ധിച്ചു. 1958 മാര്‍ച്ച് മുതല്‍ ഏലത്തോട്ടത്തൊഴിലാളികളുടേയും മിനിമം കൂലി നിശ്ചയിച്ചു.
മിനിമം കൂലി നിയമം കൂടുതല്‍ കൂടുതല്‍ വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ഉത്സാഹം കാണിക്കുന്നു. ഷെഡ്യൂളില്‍ പെട്ട എല്ലാ വ്യവസായങ്ങളിലും മിനിമം കൂലി നിശ്ചയിച്ചിട്ടുണ്ട്. അടുത്ത കാലത്ത് അഞ്ചു പുതിയ വ്യവസായങ്ങളെ കൂടി ഷെഡ്യൂളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വേറെ ഏഴ് വ്യവസായങ്ങളിലേക്കുകൂടി ഇത് വ്യാപിപ്പിക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇതേവരെ ആരും തിരിഞ്ഞുനോക്കിയിട്ടില്ലാത്ത കള്ളുചെത്തുകാര്‍, പൊതുമരാമത്ത് പണികള്‍ ചെയ്യുന്ന തൊഴില്‍കൂട്ടങ്ങള്‍, ഓട്, ഇഷ്ടിക വ്യവസായത്തില്‍ പണിയെടുക്കുന്നവര്‍ മുതലായവര്‍ക്കെല്ലാം ഗവണ്മെന്റ് തന്നെ മിനിമം കൂലി നിശ്ചയിച്ചിരിക്കുന്നു. കശുവണ്ടി, തടി, അച്ചടി, കൈത്തറി മുതലായ മേഖലകളിലെ വ്യവസായങ്ങളിലും മിനിമം കൂലി നിശ്ചയിക്കാന്‍ കമ്മറ്റികള്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. തൊഴിലാളി വര്‍ഗത്തിന് ഇത്രയും അധികം നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തിട്ടുള്ള മറ്റൊരു സര്‍ക്കാര്‍ ഇല്ല.
കാര്‍ഷിക തൊഴിലാളികളും വിസ്മരിക്കപ്പെട്ടിട്ടില്ല. വിവിധതരം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് താഴെ കൊടുത്ത രീതിയില്‍ കൂലികള്‍ നിശ്ചയിച്ചിരിക്കുന്നു.
8 മണികൂര്‍ ദിനം മിനിമം കൂലി നിരക്ക്.
1. സാധാരണ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍
(i) പുരുഷന്മാര്‍ : 1.50 രൂപ
(ii) സ്‌ത്രീകള്‍ : 1.00 രൂപ
2. തെങ്ങു നടുന്നതിന് കുഴിയെടുക്കലോ, തിണ്ടുവയ്ക്കലോ(മണല്‍ പ്രദേശമൊഴികെ) : 1.62 രൂപ
3. മരച്ചീനിക്കും കരിമ്പിനും വേണ്ടി കൂന കൂട്ടുക, ചാലു കീറുക, വരമ്പെടുക്കുക (മണല്‍ പ്രദേശം ഒഴികെ) : 1.62 രൂപ
തെങ്ങു കയറ്റം–പീസ് റേറ്റ്
തെങ്ങൊന്നിന് : 0.44 രൂപ. (കൂടാതെ25 തെങ്ങന് ഒരു തേങ്ങയും)
ഉഴുതല്‍
1. തൊഴിലാളിയുടെ കാളകളെ ഉപയോഗിച്ച് 4 മണിക്കൂര്‍ ഉഴുന്നതിന് : 2.75 രൂപ
2. കൃഷിക്കാരന്റെ കാളകളെ ഉപയോഗിച്ച് 4 മണിക്കൂര്‍ ഉഴുന്നതിന് : 1.50 രൂപ
പറിച്ചുനടീല്‍
മിനിമം കൂലി മറ്റു സാധാരണ തൊഴിലിന്റേതു തന്നെ- പക്ഷെ പ്രതിദിന തൊഴില്‍ ദൈര്‍ഘ്യം കായല്‍ ഭൂമിയില്‍ അഞ്ച് മണിക്കൂറും മറ്റിടങ്ങളില്‍ ആറു മണിക്കൂറും ആയിരിക്കും. ഇത് യഥാര്‍ഥമായി പണിയെടുക്കുന്ന സമയമാണ്.(അതായത് പണിക്ക് ഒത്തുചേരാനും പണിയിടത്തേക്ക് പോകാനും തിരിച്ചുവരാനും വിശ്രമിക്കാനുമുള്ള സമയം ഇതില്‍ പെടില്ല.)
കൊയ്‌ത്തും മെതിയും
2000 പറയുടെ പാടത്തിന് ഒരു മെതിയിടം ഇല്ലെങ്കില്‍ കറ്റ കൊണ്ടുപോകുന്നതിന് പരമ്പരാഗതമായി കൊടുത്തുവരുന്ന ‘തീര്‍പ്പ്’ അഥവാ ‘വെള്ളം കുടി’ക്കു പുറമേ വിളവിന്റെ 9 ന് ഒരു ഭാഗം, കൂലി വേറെ നല്‍കണം.
(മേല്‍പ്പറഞ്ഞ ഏതിനെങ്കിലും നിലവിലുള്ള കൂലി നിരക്ക് ഇതില്‍ കൂടുതലാണെങ്കില്‍, ആ കൂടിയ നിരക്ക് തുടര്‍ന്നും നിലനില്‍ക്കുന്നതാണ്.)
തൊഴില്‍-നിര്‍മാണ സഹകരണസംഘങ്ങള്‍ ഉണ്ടാക്കാനുള്ള കേരള ഗവണ്മെന്റിന്റെ ശ്രമവും നൂതനമാണ്. ഉപയോഗിക്കപ്പെടാതെ പോകുന്ന തൊഴില്‍ ശക്തി ഉപയോഗപ്പെടുത്തുകയും അങ്ങനെ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. സ്വകാര്യ കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് ഇതേവരെ ഗവണ്മെന്റിന്റെ കരാര്‍ പണികള്‍ കൊടുത്തിരുന്നത്. കുറച്ചു വിദഗ്‌ധതൊഴിലാളികള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും മാത്രമാണ് ഇതുകൊണ്ട് നേട്ടമുണ്ടായിരുന്നത്. തൊഴില്‍-നിര്‍മാണ സഹകരണ സംഘങ്ങള്‍ ഉണ്ടാക്കുകയും ഓരോ പ്രദേശത്തും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ കരാര്‍ സമ്പ്രദായത്തില്‍ നിന്നു മാറ്റി ഈ സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും അങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ അതത് പ്രദേശത്തിന് പരമാവധി ഗുണം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു രീതി വളര്‍ത്തിക്കൊണ്ടുവരാനും കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് നിശ്ചയിച്ചിട്ടുണ്ട്. ഈ ലക്ഷ്യം മുന്നില്‍കണ്ട് 25 എന്‍.ഇ.എസ്.ബ്ലോക്കുകളില്‍ ഓരോന്നിലും ഓരോ സംഘം ഉണ്ടാക്കാനുള്ള ഒരു സ്കീമും തയ്യാറായിട്ടുണ്ട്. ഈ തൊഴില്‍ സഹകരണ സംഘങ്ങളെ ശാസ്‌ത്രീയമായി സംഘടിപ്പിക്കാനും അവര്‍ക്ക് പണിയും ന്യായമായ വരുമാനവും കിട്ടുമെന്ന് ഉറപ്പുവരുത്താനും അതിനാവശ്യമായ മാര്‍ഗനിര്‍ദേശവും മേല്‍നോട്ടവും നല്‍കാനും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഈ 25 പൈലറ്റ് പദ്ധതികളുടെ പുരോഗതി പരിശോധിച്ചതിനു ശേഷമേ അത് വിപുലപ്പെടുത്തുന്ന കാര്യം ആലോചിക്കു. കെട്ടിടങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപ്പണികള്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റ് റോഡുകളുടെ നിര്‍മാണം, ഓവുകള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ മുതലായവയുടെ നിര്‍മാണം, മണ്‍പണികള്‍, റോഡില്‍ ചരലിടല്‍,മെറ്റല്‍ വിരിക്കല്‍ മുതലായ 25,000 രൂപയില്‍ അധികം ചെലവ് വരാത്ത ചെറുകിട പണികള്‍ ആയിരിക്കും ആദ്യം ഇവരെ ഏല്‍പ്പിക്കുക. കോണ്‍ട്രാക്‌ടര്‍മാര്‍ക്ക് കൊടുത്തിരുന്ന എല്ലാ സൌകര്യങ്ങളും ഇവര്‍ക്കും നല്‍കും. പണി ഏല്‍പ്പിച്ചാല്‍ 25 ശതമാനം മുന്‍കൂര്‍, ഇരുമ്പ്, സിമന്റ് മുതലായവയൊക്കെ ഇവര്‍ക്കും ലഭ്യമാക്കും.
ഈ പുതിയ പരീക്ഷണത്തിന് വിപുലമായ സാധ്യതകളാണുള്ളത്. അഴിമതിക്ക് കുപ്രസിദ്ധി നേടിയ കോണ്‍ട്രാക്‌ടര്‍മാരെ സമാധാനപരമായി ഒഴിവാക്കാം. തൊഴിലാളികള്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുകയും ചെയ്യാം.
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നയങ്ങള്‍ സ്വീകരിക്കുന്നതോടൊപ്പം തൊഴിലാളി വര്‍ഗ്ഗത്തെ അതിന്റെ ഉത്തരവാദിത്തങ്ങളെയും കടമകളെയും പറ്റി ഓര്‍മിപ്പിക്കുന്നതിനും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മറക്കുന്നില്ല എന്ന കാര്യവും ചൂണ്ടിക്കാട്ടേണ്ടതാണ്. അങ്ങനെ കഴിഞ്ഞ ഏപ്രില്‍ 26 ന് തിരുവനന്തപുരത്ത് ചേര്‍ന്ന തൊഴിലാളികളുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് തൊഴില്‍വകുപ്പ് മന്ത്രി ടി.വി.തോമസ് പറഞ്ഞു: “എല്ലാ തുറകളിലെയും തൊഴിലാളികള്‍ക്ക് ന്യായവും മാന്യവും ആയ ജീവിത നിലവാരം ഉറപ്പുവരുത്തുകയെന്നത് സമൂഹത്തിന്റെ കടമയാണ്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളമാകട്ടെ, തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ തന്നെ തങ്ങളുടെ കടമകളെപ്പറ്റിയും ഓര്‍ക്കേണ്ടതാണ്. അവ നിര്‍വഹിക്കുന്നതിലൂടെ മാത്രമേ അവകാശങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകൂ. തങ്ങളുടെ ഉത്തരവാദിത്തം മറന്നുകൊണ്ട് പണി ചെയ്യാതിരിക്കുകയും വ്യവസായങ്ങളുടെ പുരോഗതി തടസ്സപ്പെടുത്തുകയും ശരിയായ സമീപനമല്ല. എല്ലാ പ്രക്ഷോഭങ്ങള്‍ക്കും പൊതുജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണ്. ജനങ്ങളുടെ അനുഭാവം കിട്ടണമെങ്കില്‍ ന്യായമായ അവകാശങ്ങളേ ഉന്നയിക്കാവൂ താനും.”(ദ് ഹിന്ദു, ഏപ്രില്‍28,1958)
ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-1
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-2
Type setting: RSP
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.