കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍

മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ 11-അംഗ മന്ത്രിസഭ 1957 ഏപ്രില്‍ 5 ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാചടങ്ങിനു മുമ്പ് മന്ത്രിമാര്‍ തിരുവനന്തപുരത്തു നിന്ന് ഏകദേശം നൂറു നാഴിക ദൂരത്തുള്ള പുന്നപ്രയിലേക്ക് കാറുകളില്‍ പോവുകയും അവിടെ ലളിതമായ ഒരു ചടങ്ങില്‍ വച്ച് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, മഹാനായ പി.കൃഷ്ണപിള്ള, സര്‍പ്പദംശമേറ്റ് മരണമടഞ്ഞതിനെ തുടര്‍ന്ന് ദഹിപ്പിക്കപ്പെട്ടിടത്ത് ഉണ്ടാക്കിയിരുന്ന ഒരു താത്കാലിക സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. വഴി നീളെ ഇഎംഎസിനും മറ്റ് മന്ത്രിമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടും മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടും കര്‍ഷകരും മുക്കുവന്മാരും അണിനിരന്നിരുന്നു. അവര്‍ പടക്കം പൊട്ടിക്കുകയും ചുവന്ന കൊടികള്‍ വീശുകയും ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിജയം ചരിത്രപ്രാധാന്യമുള്ള ഒരു സംഭവമായിരുന്നു. അതിന്റെ അലകള്‍ ലോകമാകെ ഉയര്‍ന്നു. ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ: “കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ പ്രവചിച്ചപോലെ വീണുകിടന്ന് ചാകാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കൂട്ടാക്കിയില്ല.” ബ്രിട്ടീഷ് ലേബര്‍ അനുകൂല വാരികയായ ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി: “കമ്മ്യൂണിസ്റ്റുകാര്‍ ആദ്യമായി ജനാധിപത്യരീതിയില്‍ അധികാരത്തില്‍ വന്നതിന്റെ പ്രതിനിധിയാണ് കേരളം.” ട്രിബ്യൂണല്‍ തുടര്‍ന്നു: “കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് നിസ്സഹകരണ നിലപാട് കൈക്കൊള്ളാനോ കമ്മ്യൂണിസ്റ്റുകാരെ ഒതുക്കാന്‍ ശ്രമിക്കാനോ ആവില്ല….മറിച്ച്, തീര്‍ത്തും ഭരണഘടനാനുസൃതമായ മാര്‍ഗ്ഗങ്ങളിലൂടെയും കോണ്‍ഗ്രസുമായുള്ള സഹകരണത്തിലൂടെയും ജനങ്ങള്‍ക്കു വേണ്ടി സല്‍പ്രവര്‍ത്തികള്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകാരെ അനുവദിച്ചാല്‍ അവരും അക്രമത്തിലൂടെയുള്ള വിപ്ലവത്തോട് ആരാധനമൂത്ത അവരുടെ അനുയായികളും ബാലാരിഷ്ടതാസമാനമായ കെട്ടുപാടുകളില്‍ നിന്ന് മുക്തമായേക്കും.”

ലണ്ടനിലെ ഇക്കണോമിസ്റ്റ് പോലും ന്യൂഡെല്‍ഹിയും തിരുവനന്തപുരവും തമ്മില്‍ സഹകരണം വേണമെന്ന് അഭ്യര്‍ഥിക്കുകയുണ്ടായി. ഇക്കണോമിസ്റ്റ് പറഞ്ഞു: “കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ നല്ല പെരുമാറ്റം കാഴ്ചവെക്കാന്‍ നിര്‍ബന്ധിതരാണ്. ഇന്ത്യ മുഴുവന്‍ അവരെ ഉറ്റുനോക്കുകയാണന്ന് അവര്‍ക്കറിയാം. ഭൂപരിഷ്കരണം മുതലായ ദൃഢനടപടികളിലൂടെ യശസ്സുയര്‍ത്താനും ഡെല്‍ഹിയുമായി വഴക്കിനു പോകാതിരിക്കാനും ആയിരിക്കണം അവരുടെ മുന്‍ഗണന…” യുകെയിലെ ന്യൂ ക്രോണിക്ക്ള്‍ അഭിപ്രായപ്പെട്ടു:”അത്(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി) ഒരു നൂതന സാഹചര്യത്തോടാണ് അടുക്കുന്നത്, സമ്മതിയിലൂടെ വിപ്ലവം. വളരെ ശ്രമകരമായ വിവേചനബുദ്ധിയോടെ…..ഭരണഘടനാപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണെങ്കില്‍പ്പോലും ചില അത്ഭുതങ്ങള്‍ തങ്ങളുടെ ആവനാഴിയില്‍ ഉണ്ട് എന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെടുന്നത്. പക്ഷെ അവരുടെ ആദ്യലക്ഷ്യങ്ങള്‍ രഹസ്യമൊന്നും അല്ല; തങ്ങളുടെ അച്ചടക്കവും സംഘാടനപാടവവും കര്‍മ്മപഥത്തില്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ ആദ്യത്തേയും ഏകവുമായ സ്ഥിരഭരണം കാഴ്ചവയ്കുക, അഴിമതിയും കെടുകാര്യസ്ഥതയും നിയമമായിരിക്കുന്ന ഒരു രാജ്യത്ത് ഈ സംസ്ഥാനസര്‍ക്കാരിന്റെ നടത്തിപ്പ് കാര്യക്ഷമവും അഴിമതിമുക്തവും ആക്കുക.”

ഇതൊക്കെ വിദേശത്തുനിന്നുള്ള അഭിപ്രായപ്രകടനങ്ങള്‍. ഇന്ത്യയിലെ ദേശീയമാധ്യമങ്ങളുടെ പ്രതികരണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തിന്റെ മതിയായ തെളിവുകളായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടനാനുസൃതമായി പെരുമാറുമെന്ന വിശ്വാസമില്ലെങ്കില്‍പോലും വോട്ടര്‍മാരുടെ വിധി മാനിക്കണം എന്ന അഭിപ്രായക്കാരായിരുന്നു മുന്‍നിര ദേശീയപത്രങ്ങള്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരും അന്യോന്യം നന്നായി പെരുമാറണം എന്നും സഹവര്‍ത്തിത്വം പഠിക്കണമെന്നും ഉള്ള അഭിപ്രായവും അവര്‍ക്കുണ്ടായിരുന്നു. തിരുവനന്തപുരത്തെ സ്റ്റെയ്റ്റ്സ്‌ മാന്‍ ലേഖകനാണ് മാധ്യമങ്ങളുടെ അഭിപ്രായപ്രകടനത്തിന് ശ്രുതിയിട്ടത്:”കേന്ദ്രത്തിലും ഒരു സംസ്ഥാനത്തും വ്യത്യസ്ത പാര്‍ട്ടികള്‍ ഭരിക്കവേ സഹവര്‍ത്തിത്വം പുലര്‍ത്തുന്ന പ്രക്രിയ ഇന്ത്യയില്‍ ഒരു പുതുപരീക്ഷണമായിരിക്കും. പാര്‍ലമെന്ററി ജനാധിപത്യം പുലരുന്നതിനുവേണ്ടി ഈ പരീക്ഷണം സ്വാഗതാര്‍ഹവുമാണ്. പക്ഷെ, രണ്ടു് കൂട്ടരും സംയമനവും സഹിഷ്ണുതയും പരസ്പരധാരണയും പുലര്‍ത്തിയേ തീരൂ.” ഹിന്ദു എഴുതി:”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ ഭരണഘടനയുടെ ചട്ടക്കൂടിനകത്ത് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ഈയിടെ വീണ്ടും ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു…..വോട്ടര്‍മാര്‍ അവരെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി അയച്ചിരിക്കുന്നതുകൊണ്ടും, അവര്‍ക്ക് അഞ്ച് സ്വതന്ത്രരുടെ പിന്തുണയോടെ നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പാക്കാനാവും എന്നതുകൊണ്ടും അവരുടെ പ്രസ്താവനകള്‍ മുഖവിലക്കെടുക്കുകയും അവര്‍ക്ക് മന്ത്രിസഭ രൂപവത്ക്കരിക്കാന്‍ ഒരു അവസരം കൊടുക്കുകയും വേണം.”

റ്റൈംസ് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ പംക്തികാരന്‍, ന്യൂഡെല്‍ഹി “ഉയര്‍ന്ന തന്ത്രജ്ഞതയും നയവും അതേസമയം ദൃഢതയും” പ്രദര്‍ശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകോണ്ട് എഴുതി:”കമ്മ്യൂണിസ്റ്റുകാര്‍ക്ക് സംസ്ഥാനത്തിന് യഥാര്‍ഥത്തില്‍ കാര്യക്ഷമവും അഴിമതിമുക്തവുമായ ഒരു ഭരണം നല്‍കാന്‍ കഴിഞ്ഞാല്‍ അവര്‍ ജനങ്ങള്‍ക്ക് പ്രീയങ്കരരാകും. പക്ഷെ, ജനാധിപത്യ തത്വങ്ങള്‍ പാലിക്കുന്നതില്‍ അവര്‍ എത്രമാത്രം താല്പര്യം പ്രകടിപ്പിക്കുന്നു എന്ന് ജനങ്ങള്‍ പരീക്ഷിക്കുകയും ചെയ്യും.”

ഫ്രീപ്രസ് ജേര്‍ണല്‍ എഴുതി:”കേരളത്തിലെ കമ്മ്യൂണിസ്റ്റ് ജയം തലസ്ഥാനത്ത് സൃഷ്ടിച്ച ഏറ്റവും നല്ല പ്രതികരണം നമ്മുടെ ജനാധിപത്യം കപടമല്ല; അത് നൂറ് ശതമാനവും സത്യസന്ധമാണ്, അത് ജനങ്ങളുടെ ഇച്ഛയെ സത്യസന്ധമായും കൂറോടുകൂടിയും പ്രതിഫലിപ്പിക്കുന്നു എന്ന സന്ദേശം ആണ്.” അത് കൂട്ടിച്ചേര്‍ത്തു:”ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കേരളം ഒരവസരം മാത്രമല്ല, കഠിന പരീക്ഷ കൂടിയാണ് മുന്നോട്ടുവയ്ക്കുന്നത്.” കൊല്‍ക്കത്തയില്‍നിന്നിറങ്ങുന്ന, ഇന്ത്യയിലെ ബ്രിട്ടീഷ് വന്‍വ്യാപാരതാല്‍പ്പര്യങ്ങളുടെ ജിഹ്വയായ, ‘കാപ്പിറ്റല്‍’ എന്ന വാരികപോലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിജയം വിദേശ നിക്ഷേപകരെ ഭയപ്പെടുത്തുമെന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും “കമ്മ്യൂണിസം കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാറിയിട്ടുണ്ട്, വിശിഷ്യ ഇന്ത്യയില്‍,” എന്നാണ് അഭിപ്രായപ്പെട്ടത്. “എത്രമാത്രം മാറിയിട്ടുണ്ടെന്ന് കണ്ടുപിടിക്കാന്‍ നമുക്കൊരു സന്ദര്‍ഭം കിട്ടിയിരിക്കുകയാണ്.”

ആരോഗ്യകരമായ ഒരു ജനാധിപത്യത്തിന്റെ ഇത്തരം സ്വരങ്ങള്‍ക്കിടക്ക് ഉയര്‍ന്ന ഒരേയൊരു അപസ്വരം കോണ്‍ഗ്രസ് അനുകൂല ബിര്‍ളാപത്രമായ ഹിന്ദുസ്ഥാന്‍ റ്റൈംസിലെ നെഹ്റു വിരുദ്ധനായ പംക്തികാരന്റേതായിരുന്നു. ഇന്‍സാഫ് എന്ന പേരില്‍ അദ്ദേഹം പറഞ്ഞത്, ഒരു സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കൈകളില്‍ കേന്ദ്രതാല്പര്യങ്ങള്‍ സുരക്ഷിതമാകില്ല എന്നാണ്. “കേന്ദ്രതാല്പര്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഒരു ഫെഡറല്‍ പൊലീസ്” വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. “കേന്ദ്രത്തിന് തടസ്സമില്ലാതെ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കണം.” ചുരുക്കത്തില്‍, സംസ്ഥാനത്തിന്റെ മേല്‍ എപ്പോഴും കണ്ണുണ്ടായിരിക്കണം. “സംസ്ഥാന അധികാരികളുമായുള്ള ബന്ധം പുന:ക്രമീകരിക്കണ”മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ രഹസ്യരേഖകള്‍ സംസ്ഥാനത്തിന് അപ്രാപ്യമാക്കണമെന്നുപോലും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിജയത്തെത്തുടര്‍ന്ന് ഇന്ത്യയിലെ മുതലാളിത്ത താല്പര്യങ്ങളെ പിടികൂടിയ കടുത്ത ഭയം ശ്രീമന്‍ നാരായണ്‍ നാണമില്ലാതെ വെളിപ്പെടുത്തി. കോണ്‍ഗ്രസ്സിലെ മാര്‍വാടി വ്യവസായികളുടെയും കടംകൊടുപ്പുകാരുടെയും സംഘമായ ബജാജ് ഗ്രൂപ്പാണ് നാരായണെ വളര്‍ത്തി പിന്നീട് സംഘത്തില്‍ പ്രവേശിപ്പിച്ചത്.(ദേശീയസേവനത്തിന്റേതായ യാതൊരു അനുഭവ സമ്പത്തും ഇല്ലായിരുന്നിട്ടും)അയാള്‍ എങ്ങനെയൊക്കെയൊ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പദം കരസ്ഥമാക്കി, നമ്പൂതിരിപ്പാട് മന്ത്രിസഭ അധികാരത്തില്‍ മൂന്നുദിവസം മുഴുവന്‍ തികയും മുമ്പ് തന്നെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ‘നിയമരാഹിത്യം’ കെട്ടഴിച്ചുവിട്ടിരിക്കുന്നു എന്നും ‘സമഗ്രാധിപത്യം’ വഴി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് എന്നും ആരോപിച്ച് സ്വന്തം സുഹൃത്തുക്കളേയും ഉപദേശകരേയും കൂടി ഞെട്ടിച്ചുകളഞ്ഞു. ഏപ്രില്‍ 8 ന് എറണാകുളത്തു നടന്ന കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയില്‍ അയാള്‍ പറഞ്ഞു:”പുതിയ സര്‍ക്കാരിന്റെ ആദ്യപ്രവര്‍ത്തികളില്‍ ഒന്ന് കൊലയാളികളെന്ന് സ്ഥിരീകരിക്കപ്പെട്ടവരുടെ വധശിക്ഷ ഇളവുചെയ്യലും കൊള്ളിവയ്പ്, അക്രമം,കൊല എന്നീ ഗുരുതരമായ കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്ത് ശിക്ഷിക്കപ്പെട്ട പലരേയും-ഇവര്‍ കരുതല്‍ തടവുകാരൊന്നുമല്ല-രാഷ്ട്രീയ തടവുകാരെന്ന് വിളിച്ച് വിമോചിപ്പിക്കലും ആണെന്നത് ഭയപ്പെടുത്തുന്ന കാര്യമാണ്.”

പന്നപ്ര-വയലാര്‍ തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത് പട്ടംതാണുപിള്ളയുടെ മുന്‍സര്‍ക്കാര്‍ തന്നെയാണ് എന്ന കാര്യം ശ്രീമന്‍നാരായണ്‍ കാപട്യപൂര്‍വം വിസ്മരിച്ചുകളഞ്ഞു. വീരന്മാര്‍ സര്‍ സി.പി.രാമസ്വാമി അയ്യരുടെ സ്റ്റെന്‍ ഗണ്ണുകള്‍ക്കുമുന്നില്‍ മാറ് തുറന്നു നിന്ന ഇടമാണ് പുന്നപ്ര-വയലാര്‍; ഓരോ ഇന്ത്യാക്കാരനും ഭഗത് സിങിനെ പ്രതി അഭിമാനം കൊള്ളുന്നതുപോലെ തന്നെ ഓരോ മലയാളിയും ആ രക്തസാക്ഷികളെക്കുറിച്ച് അഭിമാനം കൊള്ളുന്നു. ഏ.കെ.ഗോപാലന്റെ ഈ പ്രസ്താവനയോട് നാരായണ്‍ പ്രതികരിച്ചത് പുന്നപ്ര-വയലാര്‍ വീരന്മാരെ വെറും സാധാരണ കുറ്റവാളികളും കൊലപാതകികളുമെന്ന് വിളിച്ച് മലയാളികളെ കൂടുതല്‍ അപമാനിച്ചുകൊണ്ടാണ്.

ചോദ്യമിതാണ്:ഇത്തരമൊരു കടുത്ത ശകാരത്തിന് വിധേയമാകാന്‍ തക്ക എന്തു തെറ്റാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ആദ്യത്തെ മൂന്ന് ദിവസത്തിനുള്ളില്‍ ചെയ്തു കളഞ്ഞത്? നമ്പൂതിരിപ്പാട് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പും അതിനുശേഷവും നടന്ന സംഭവങ്ങളിലേക്ക് നമുക്കൊന്ന് ചുരുക്കത്തില്‍ കണ്ണോടിക്കാം.

കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭൂരിപക്ഷം ഉണ്ടന്ന് സ്വയം ബോധ്യപ്പെടാനായി ഗവര്‍ണര്‍ അഞ്ച് സ്വതന്ത്രരെയും ഒറ്റയ്ക്കൊറ്റയ്ക്ക് വിളിപ്പിച്ചു. അവരില്‍ നിന്ന് നേരിട്ടു തന്നെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അവര്‍ പിന്തുണയ്ക്കുന്നു എന്ന ഉറപ്പ് വാങ്ങാന്‍ വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്. അവര്‍ നമ്പൂതിരിപ്പാടിനെ നേതാവായി തെരഞ്ഞെടുക്കാനുള്ള നിയമസഭാ സമാജികരുടെ യോഗത്തില്‍ പങ്കെടുക്കുകയും തങ്ങള്‍ കമ്മ്യൂണിസ്റ്റ് അസംബ്ലിപാര്‍ട്ടി അംഗങ്ങളാണെന്ന് ഗവര്‍ണറെ അറിയിക്കുകയും ചെയ്തതിനുശേഷമാണ് ഗവര്‍ണര്‍ അവരെ വിളിപ്പിച്ചത്. ഗവര്‍ണറുടെ ഈ പ്രവൃത്തി ‘തങ്ങളെയും തങ്ങളുടെ നേതാവിനെയും അപമാനിക്കുന്നതിന് തുല്യ’മാണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ സെക്രട്ടേറിയറ്റ് ഒരു പ്രമേയം വഴി പ്രസ്താവിക്കുകയും അങ്ങനെ “ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരായ അതിന്റെ പ്രതിഷേധം” അറിയിക്കുകയും ചെയ്തു.

കമ്മ്യൂണിസ്റ്റുകാര്‍ അധികാരമേല്‍ക്കുന്നതിന് മുമ്പ് പ്രസിഡന്റ് നടത്തിയ മറ്റൊരു നീക്കവും പരിഭ്രാന്തിയുടെ തെളിവായിരുന്നു. കേരളത്തിലെ ആഗ്ലോ-ഇന്ത്യന്‍ സമുദായത്തിന്റെ പ്രതിനിധി സംഘടനകളുമായി കൂടിയാലോചിക്കാതേയും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കപ്പെട്ട പാര്‍ട്ടിയുടെ നേതാവിന്റെ ഉപദേശം തേടാതെയും പ്രസിഡന്റ് നിയമസഭയിലേക്ക് തന്നിഷ്ടപ്രകാരം ഒരാളെ നാമനിര്‍ദ്ദേശം ചെയ്തു. ഈ ധൃതി അനാവശ്യമായിരുന്നു എന്ന് സംസ്ഥാന കമ്മറ്റിയുടെ സെക്രട്ടേറിയറ്റ് വിലയിരുത്തി: ‘മുന്നവസരങ്ങളിലെ നാമനിര്‍ദ്ദേശം കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ഉപയോഗക്കപ്പെട്ടിരുന്നത്. കോണ്‍ഗ്രസാണ് അധികാരത്തില്‍ എന്നായിരുന്നു, ന്യായം. ഇപ്പോള്‍ അധികാരത്തില്‍ കേറാന്‍ പോകുന്ന പാര്‍ട്ടിയുടെ ഉപദേശം സ്വീകരിക്കാനാണ് വിസമ്മതിക്കുന്നത്.’

മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന്റെ തലേന്ന് ഉന്നതോദ്യോഗസ്ഥരുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ച ഗവര്‍ണറുടെ നടപടിയും അനാവശ്യമായ ധൃതിയുടെ മറ്റൊരു ഉദാഹരണമാണ്. ഇത് “മന്ത്രിസഭയെ വെട്ടിലാക്കണമെന്ന ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ ഉദ്ദേശ്യത്തിന്” അനുപൂരകമാണന്ന് സെക്രട്ടേറിയറ്റ് വ്യാഖ്യാനിച്ചു.

സെക്രട്ടേറിയറ്റ് പ്രമേയം ഇങ്ങനെ അവസാനിക്കുന്നു: “ജനാധിപത്യ കീഴ്വഴക്കങ്ങള്‍ നിലനിര്‍ത്തണമെന്ന് ഉത്ക്കണ്ഠയുള്ളതുകൊണ്ടാണ് ഈ വസ്തുതകള്‍ പാര്‍ട്ടിയുടെ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു കഴിഞ്ഞു. ഭാവിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകാം. സംസ്ഥാനത്തും കേന്ദ്രത്തിലും വ്യത്യസ്ത പാര്‍ട്ടികള്‍ അധികാരത്തിലിരിക്കുന്ന പുതിയ സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനങ്ങളുമായി ആരോഗ്യകരമായ ബന്ധം പുലരണമെങ്കില്‍ ജനാധിപത്യ കീഴ്വഴക്കങ്ങള്‍ കര്‍ശനമായും പാലിച്ചേ പറ്റു.”

ശ്രീമന്‍നാരായന്റെ മുറവിളി ഇന്ത്യയിലെ ജനാധിപത്യപരമായ അഭിപ്രായത്തിന്റെ ആരോഗ്യകരമായ കോറസില്‍ മുങ്ങിപ്പോയി. അതുപോലെതന്നെ ന്യൂഡെല്‍ഹിയിലെ ചില കേന്ദ്രങ്ങളുടെ പ്രചോദനത്താല്‍ ഉണ്ടാക്കപ്പെട്ട ഈ അനാരോഗ്യകരമായ ചെയ്തികളും കേന്ദ്രസര്‍ക്കാര്‍ വക്താവിന്റെ അസന്ദിഗ്ദ്ധമായ ഒരു പ്രസ്താവനയില്‍ മുങ്ങിപ്പോയി:”കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ല.”

അധികാരത്തില്‍ ഏറിയ മുഖ്യമന്ത്രി നമ്പൂതിരിപ്പാട് തന്റെ സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്ന ഒരു പ്രസ്താവന പുറപ്പെടുവിച്ചു. ജനങ്ങളുടെ സഹകരണം പരമപ്രധാനമാണ് എന്ന് ഊന്നിപ്പറഞ്ഞ ആ പ്രസ്താവനയിലൂടെ അദ്ദേഹം കുടിയിറക്ക് തടയാനുള്ള സത്വര നടപടികള്‍ ഉണ്ടാകുമെന്നും ഭൂപരിഷ്കരണം നടപ്പാക്കുമെന്നും വ്യവസായരംഗത്ത് സമാധാനം ഉറപ്പുവരുത്തുമെന്നും മലയാളം സംസ്ഥാന ഭാഷയാക്കാന്‍ നടപടി കൈക്കൊള്ളുമെന്നും സ്വയംഭരണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുമെന്നും വാഗ്ദാനം ചെയ്തു. മന്ത്രിമാര്‍ക്ക് വേണ്ടി നല്‍കിയ ഉറപ്പായിരുന്നു, സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊന്ന്. “മന്ത്രിമാരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പൊതുജന പ്രവര്‍ത്തനത്തിലെ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊക്കെ അവരുടെ മേല്‍ ഏറെ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയുമെന്ന അവസ്ഥയുണ്ട് എന്ന പ്രതീതി ഉണ്ടായാല്‍ അത് നല്ലതും മാന്യവുമായ ഭരണത്തിന് വലിയ തടസ്സമാകും. അത്തരം പ്രതീതി സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും”

താമസിയാതെ സര്‍ക്കാര്‍ വധശിക്ഷകള്‍ ഇളവു ചെയ്തു. രാഷ്ട്രീയ തടവുകാരെ വിട്ടയച്ചു, രാഷ്ട്രീയ കേസുകളിലെ വാറന്റുകള്‍ പിന്‍വലിച്ചു. അങ്ങനെ പ്രസിഡന്റ് ഭരണം അവസാനിച്ചതായും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതായും വിളംബരം ചെയ്തു.

മുന്‍ മന്ത്രിസഭ ഭരണം വച്ച് ഒഴിയുമ്പോള്‍ പുറപ്പെടുവിച്ച ഒരു ഉത്തരവു പ്രകാരം ഉന്നതോദ്യോഗസ്ഥരുടെ ശമ്പളം കുത്തനെ ഉയര്‍ത്തിയിരുന്നു (ഉദ്യോഗസ്ഥരുടെ ശമ്പളം 1000രൂപയില്‍ നിന്ന്1600രൂപയാക്കി വര്‍ധിപ്പിച്ചത് സംസ്ഥന ഖജനാവിന്20 ലക്ഷം രൂപ അധിക ബാധ്യതയുണ്ടാക്കുമായിരുന്നു.) ആ ഉത്തരവു തന്നെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ സ്റ്റെ ചെയ്തു.

ഇതൊക്കെയല്ലാതെ മറ്റൊന്നും പുതിയ മന്ത്രിസഭ മൂന്നു ദിവസങ്ങള്‍ തികക്കുന്നതിനിടെ ചെയ്തിരുന്നില്ല. മന്ത്രിമാര്‍ ഒന്നിരുന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. പണിക്കാര്‍ സെക്രട്ടേറിയറ്റില്‍ അവരുടെ മുറികള്‍ തയ്യാറാക്കുന്നതേയുണ്ടായിരുന്നുള്ളു. അപ്പോഴേക്കും വന്നു കേരളത്തിനു മേല്‍ സമഗ്രാധിപത്യഭൂതം കയറിയിരിക്കുന്നു എന്നും ക്രമസമാധാനം തകരുകയാണന്നും ഒക്കെയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ മുറവിളി. യുക്തി ചിന്തയുള്ള ആര്‍ക്കും ഈ മുറവിളി തീര്‍ത്തും കപടവും അസത്യവുമാണ് എന്നു കാണാന്‍ പ്രയാസമുണ്ടായില്ല.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് കേരളത്തിലെ ജനങ്ങളുടെ മാത്രമല്ല, മൊത്തം ഇന്ത്യയിലെ ജനങ്ങളുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. ഏപ്രില്‍ 5ന് ഇഎംഎസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഇന്ത്യയില്‍ ഉടനീളം നടന്ന പ്രകടനങ്ങളും യോഗങ്ങളും ഇതിന് തെളിവാണ്. കേരളത്തിലെ ബഹുജനങ്ങള്‍ ആ ദിവസം ആഘോഷിച്ചു. മന്ത്രിസഭക്ക് ജനകീയ നയങ്ങള്‍ നടപ്പിലാക്കുന്നതിന് പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് കേരളത്തിന്റെ മുക്കിലും മൂലയിലും വന്‍ പ്രകടനങ്ങള്‍ നടന്നു. “ജനാധിപത്യം വിജയിക്കട്ടെ! കേരള സര്‍ക്കാര്‍ വിജയിക്കട്ടെ!” ​എന്ന മുദ്രാവാക്യം ആ സായാഹ്നത്തില്‍ കേരളത്തിന്റെ ആകാശം ഭേദിച്ചു.

കേരളം രാഷ്ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട്
എച്ച്.ഡി.മാളവീയ
എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കാലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന ‘ഇക്കണോമിക്ക് റിവ്യു ‘ വിന്റെ പത്രാധിപരും ആയിരുന്നു.

ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും
അദ്ധ്യായം 5: തൊഴില്‍ നയവും നേട്ടങ്ങളും
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ
അദ്ധ്യായം 7: ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും
അദ്ധ്യായം 8: ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
അദ്ധ്യായം 9: കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം
പ്രസാധകര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. 2007
ടൈപ്പ്‌ചെയ്‌ത്‌: RSP

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )