ജനാധിപത്യവാദികളും ആദര്‍ശനിഷ്ഠരും ആയ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖനായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്ന ഹര്‍ഷദേവ് മാളവീയ. എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വ ത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന ‘ഇക്കണോമിക്ക് റിവ്യു ‘ വിന്റെ പത്രാധിപരും ആയിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തെ കോണ്‍ഗ്രസ്സ് വാഗ്ദാനങ്ങളില്‍പെട്ട ഭൂഉടമ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ നവീകരണം, സാമ്പത്തികാസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹത്തോടൊപ്പം പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മാളവീയക്ക് സ്വാതന്ത്ര്യാനന്തര കാലത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും കോണ്‍ഗ്രസ്സ് വിട്ടു പോവുകയൊ മറ്റു പാര്‍ട്ടികളില്‍ അഭയം തേടുകയോ ചെയ്തിരുന്നില്ല. അങ്ങനെയുള്ള ഒരു ദേശാഭിമാനിക്കു കേരളത്തില്‍ അധികാരത്തില്‍ എത്തിയ കമ്മ്യുണിസ്റ്റ് സര്‍ക്കാ രിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യവും പ്രതീക്ഷയും തോന്നിയതില്‍ അത്ഭുതമില്ല. മുഖ്യമന്ത്രിയുമായി അദ്ദേഹം ചില എഴുത്തുകുത്തുകള്‍ നടത്തുകയും ഇവിടുത്തെ കാര്യങ്ങള്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇ.എം.എസ്സ് അദ്ദേഹത്തെ കേരളത്തിലേക്കു ക്ഷണിക്കുകയും കാര്‍ഷിക പരിഷ്കാരം, ഭരണ പരിഷ്കാരം തുടങ്ങിയ പല പ്രശ്നങ്ങളില്‍ നയം ആവിഷ്കരിക്കുവാനും ഉപദേശിക്കുവാനും ഉള്ള സമതികളുമായി ബന്ധപ്പെടുത്തുകയും ചെയ്തു.
1956നവംബര്‍1നു പഴയ തിരുവിതാംകൂര്‍ സ്ഥാനത്തിന്റെ തെക്കന്‍ തമിഴ് ഭാഗങ്ങള്‍ ഒഴിവാക്കി കൊച്ചിനാട്ടുരാജ്യവും മദിരാശി പ്രവിശ്യയിലെ മലബാര്‍ജില്ലയും മൈസൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗം ആയിരുന്ന തെക്കന്‍ കാനറ ജില്ലയുടെ മലയളി ഭൂരിപക്ഷ പ്രദേശങ്ങളും ചേര്‍ത്ത്, ഐക്യകേരളം രൂപികരിക്കപ്പെട്ടു. ഇന്ത്യയുടെ റിപ്പബ്ലിക്കന്‍ ഭരണഘടന പ്രകാരമുള്ള രണ്ടാമത്തെ ലോകസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഐക്യകേരളത്തിലെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പ് 1957ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്നു. മൊത്തം 127 നിയമസഭാ സ്ഥാനങ്ങളില്‍ 65 എണ്ണം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടി പിന്തുണ നല്‍കിയിരുന്ന 5 സ്വതന്ത്രന്മാരും പിടിച്ചടക്കിയതോടെ പാര്‍ട്ടിക്ക് ഭരിക്കാനുള്ള ഭൂരിപഷമായി. കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാവായ ഇ.എം.എസ്സ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മൂന്നു സ്വതന്ത്രന്മാരെ കൂടി ഉള്‍ പ്പെടുത്തി 11 അംഗ മന്ത്രിസഭ രൂപികരിച്ചു. എപ്രില്‍ 5 നു സത്യപ്രതിജ്ഞ ചെയ്ത് ഇ.എം.എസ്.മന്ത്രിസഭ അധികാരം ഏല്‍ക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും ലോകകമ്മ്യുനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും അതൊരു നാഴികക്കല്ലും വഴിത്തിരുവും ആയി തീരുകയും ചെയ്തു.
കാലുമാറ്റങ്ങള്‍ക്കും കൂറുമാറ്റങ്ങള്‍ക്കും ചാക്കിട്ടു പിടുത്തങ്ങള്‍ക്കും കുപ്രസിദ്ധമാണ് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ മൂന്നു ഘടകങ്ങളുടേയും അതുവരെയുള്ള പത്തു വര്‍ഷത്തെ ചരിത്രം. വര്‍ഗ്ഗീയവാദികളും അഴുമതിക്കരും അധികാരദുരയാല്‍ പ്രേരിതരായും സ്ഥാപിതതാല്പര്യക്കരുടെ താളത്തിനു തുള്ളിയും എങ്ങനെയാണു തിരുവിതാംകൂറിലെയും കൊച്ചിയിലെയും പിന്നീട് തിരു-കൊച്ചിയിലെയും അല്പം വ്യത്യസ്തമായ രീതിയില്‍ മലബാര്‍ ഉള്‍പ്പെട്ട മദിരാശി പ്രവിശ്യയിലേയും സര്‍ക്കാരുകളെ ചക്കളത്തിപ്പോരാട്ടമാക്കി മാറ്റി ഹ്രസ്വായുസ്സുകളായി മാറ്റിയതെന്ന് ഈ കൃതിയില്‍ എച്ച്.ഡി.മാളവീയ അക്കമിട്ട് തെളിവു നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ആവിധ രാഷ്ട്രീയ പകര്‍ച്ചവ്യാധികള്‍ തീരെ ബാധിക്കാത്ത പ്രഥമ കേരളസര്‍ക്കാരിന്റെ രണ്ടാം ഭൂരിപക്ഷത്തെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കോണ്‍ഗ്രസ്സുകാര്‍ക്കും പിന്തിരിപ്പന്‍ കൂട്ടാളികള്‍ക്കും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് ഭരണഘടനയുടേയും ജനാധിപത്യ വഴക്കങ്ങളുടേയും ചങ്കിനു മുറിവേല്‍പ്പിച്ചുകൊണ്ടു കാലാവധി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ അവശേഷിക്കെ 28 മാസത്തിനകം 1959 ജൂലൈ 31 കേന്ദ്രസര്‍ക്കര്‍ ഈ മന്ത്രിസഭയെ പിരിച്ചുവിട്ടത്. ജനാധിപത്യത്തിന്റെ മഹാനായ ശില്പിയും വ്യാഖ്യാതാവും എന്ന് പ്രശസ്തി നേടിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു അതു എന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ ഏകകണ്ഠമായി വിധിയെഴുതിയിട്ടുണ്ടു.
കേരളത്തില്‍ അരങ്ങേറിയ അര്‍ധഫാസിസ്റ്റ് ആഭാസ പ്രകടനങ്ങളോട് രഹസ്യമായും ചിലപ്പൊള്‍ പരസ്യമായും എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ കോണ്‍ഗ്രസ്സുകാരില്‍തന്നെ ഉണ്ടായിരുന്നു. സ്വന്തം നിലയില്‍ വലതുപക്ഷക്കാരനായിരുന്ന അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവായ ഫിറോസ്ഗാന്ധി എം.പി.യും ഉള്‍പ്പടെ പലരും പരസ്യമായിത്തന്നെ ഇ.എം.എസ്.സര്‍ക്കാരിനെ അഭിനന്ദിക്കുകയും പിരിച്ചുവിടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. കെ.പി.കേശവമേനോനും സി.കെ.ഗോവിന്ദന്‍ നായരും ഉള്‍പ്പടെ പല മലബാര്‍ കോണ്‍ഗ്രസ്സുകാരും ‘വിമോചനസമര”ത്തോട് വിമുഖതയാണ് പുലര്‍ത്തിയിരുന്നത്. എങ്കിലും ഒടുവില്‍ ഇന്ദിരാഗാന്ധി തന്നെ പുതിയ കോണ്‍ഗ്രസ്സ് നേതാവെന്ന നിലയില്‍ ( അവര്‍ക്കു മുമ്പു സൗരാഷ്ട്ര നേതാവായ യു.എന്‍.ധേബാര്‍ ആയിരുന്നു പ്രസിഡന്റ് ) രംഗത്തു വന്നു അട്ടിമറി സമരക്കരെ അനുകൂലിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍പ്പുകള്‍ എല്ലാം അവര്‍ മനസ്സിലേക്കു പിന്‍വലിക്കുകയാണ് ചെയ്തത്.
1957 ഏപ്രില്‍ 5 നു സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതല്‍ തന്നെ കേരളത്തിലെ നിയമസമാധാന നില തകര്‍ന്നു എന്നും കമ്മ്യുനിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളായ ‘സെല്ലു’ കളാണ് ഭരണം നടത്തുന്നതെന്നും നിരീശ്വരത്വം പഠിപ്പിക്കുവാനുള്ള അവിഹിത ശ്രമമാണ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിലുള്ളതെന്നും ഭൂനയ പരിഷ്കാരം കൊണ്ടു മറ്റ് ഒരു ജീവിതമാര്‍ഗവും ഇല്ലാത്ത പാവപ്പെട്ട ജ്ന്മിമാരേയും ജന്മി വിധവകളേയും പീഡിപ്പിക്കുകമാത്രമാണ് ഫലമെന്നും മറ്റുമുള്ള ദുഷ്‌പ്രചരണങ്ങള്‍ ബൂര്‍ഷ്വമാധ്യമങ്ങളിലൂടെ അടിച്ചുവിടാന്‍ തുടങ്ങി.
ഈ സംഭവങ്ങള്‍ ഹര്‍ഷദേവ് മാളവീയയെ ഒരു കോണ്‍ഗ്രസ്സുകാരനെന്ന് നിലയില്‍ തന്നെ വേദനിപ്പിച്ചു. അതുപോലെ തന്നെ ആദ്യത്തെ ഒരു വര്‍ഷകാലത്ത് തന്നെ ഭൂപരിഷ്കരണം, വിദ്യാഭ്യാസ നവീകരണം, പോലീസ് നയം, കാര്‍ഷികോത്പാദനം തുടങ്ങിയ മേഖലകളില്‍ കമ്മ്യുണിസ്റ്റ് സര്‍കാരിന് നേടാന്‍ കഴിഞ്ഞ അത്ഭുതകരമായ വിജയങ്ങള്‍ അദ്ദേഹത്തെ ആവേശഭരിതനാകി. ഈ ഘട്ടത്തിലാണ് കേരളത്തിലെന്താണ് നടക്കുന്നതെന്നും അഴിമതി തൊട്ടുതീണ്ടാത്ത മന്ത്രിമാരുടെ കാര്യശേഷിയും പ്രവര്‍ത്തനവും എങ്ങനെ പുരോഗമിക്കുന്നുവെന്നും മനസ്സിലാക്കാനും അതിനെതിരായ കള്ളപ്രചാരവേലകളുടെ പൊള്ളതരം എന്തെന്നു വ്യക്തമാക്കാനും രാഷ്ട്രത്തിനു അതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് എന്ന രീതിയില്‍ ഒരു ലഘു ഗ്രന്ഥം രചിക്കാനും അദ്ദേഹം ഉദ്യുക്തനായത്.
1958 ജൂണിലാണ് ഈ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത് എന്ന് ആമുഖക്കുറിപ്പില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആ വര്‍ഷം ഒക്ടോബറിലാണ് അതു പ്രസിദ്ധീകരിച്ചത്. അതായത് മാളവീയ ഈ പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ മന്ത്രിസഭക്കു 14 മാസം മാത്രമേ പ്രായമായിരുന്നുള്ളു എന്നര്‍ത്ഥം. ഈ പതിനാലു മാസം കൊണ്ട് ഒന്നാമത്തെ കേരള മന്ത്രിസഭ കൈക്കൊണ്ട നടപടികളും പാസ്സാക്കിയ നിയമങ്ങളും കേരള ജീവിതത്തില്‍ തൊടുത്തുവിട്ട പുത്തനുണര്‍വിന്റെ ആവേശകരമായ അനുഭവവും എല്ലം മാളവീയ കരവിരുതോടെ വിവരിക്കുമ്പോള്‍ ഒരുപക്ഷെ വായനക്കാര്‍ അത്ഭുതസ്തബ്ധരാകും.
അദ്ദേഹത്തിന്റെ ശൈലി ചടുലം എന്നതു പോലെ സുന്ദരവും വിവരണങ്ങള്‍ അനിഷേധ്യമായ തെളിവുകളും ഉദ്ധരണികളും കൊണ്ട് സമ്പന്നവും ആണ്. സ്വാതന്ത്ര്യസമര സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച് കാണുമ്പോള്‍ ഒരു ദേശസ്നേഹിക്കു തോന്നവുന്ന വികാരോജ്ജ്വലമായ സംതൃപ്തി അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിരഞ്ഞു നില്കുന്നത് ഈ ലഘുകൃതിയുടെ പുറങ്ങള്‍ക്കു തിളക്കമേകും.
ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ “കേരളം രാഷ്ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട്” എന്ന പേരില്‍ കേരളാ ശാസ്ത്ര സാഹിത്യ പരിഷത് 2007 ജൂണില്‍ പ്രസിദ്ധീകരിച്ചിരുന്നു. 100 രൂപയാണ് വില. എല്ലാ മലയാളികളും (cpm ഔദ്യോഗിക/ജാതി പക്ഷങ്ങളും, മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും, ചാനല്‍ കമ്മ്യൂണിസ്റ്റ് ചിന്തകരും ഉള്‍പ്പടെ) വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും
അദ്ധ്യായം 5: തൊഴില്‍ നയവും നേട്ടങ്ങളും
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ
VALARE NALLA LEKHANAM. NANDI