പൊതുസ്ഥലത്തെ ശൃംഗാരം പുരോഗമനമാണോ?

കുപ്രസിദ്ധമായ ചുംബന സമരത്തെ എതിര്‍ത്താല്‍ നിങ്ങള്‍ ഫ്യൂഡലിസത്തെയും മത മൌലിക വാദത്തേയും മൊത്തം അംഗീകരിക്കുന്നവനാവുമോ? അതുപോലെ മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളേയും നിങ്ങള്‍ക്ക് തള്ളിപ്പറയേണ്ടിവരുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. ബ്രാമണരല്ലാത്തവര്‍ വേദം കേട്ടാല്‍ ആ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നാണ് നമ്മുടെ ഒരു ഫ്യൂഡല്‍ നിയമം. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയായി കൈവെട്ടുക, കാല്‍ വെട്ടുക, തലവെട്ടുക തുടങ്ങി പല കിരാത നിയമങ്ങളും നമുക്കുണ്ടായിരുന്നു. പക്ഷേ ഇന്ന് ആരെങ്കിലും അത് അംഗീകരിക്കുമോ? കടുത്ത യാഥാസ്ഥിതികര്‍ പോലും അംഗീകരിക്കുമോ എന്ന് സംശയമാണ്. അങ്ങനെയെങ്കില്‍ മുതലാളിത്തത്തിന്റെ ഒരു സമരത്തെ എതിര്‍ക്കുന്നു എന്ന പേരില്‍ അത് പറഞ്ഞവര്‍ മൊത്തം ഫ്യൂഡലിസത്തേയും അംഗീകരിക്കുന്നവരാണെന്ന് മുദ്രകുത്തുന്നത് ശരിയാണോ?

എന്നാല്‍ ആ ചോദ്യം അടിസ്ഥാനപരമായ ഒരു പ്രശ്നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആരാണ് ഫാസിസ്റ്റ്? ഫാസിസ്റ്റുകളെ വിമര്‍ശിക്കുന്നവരെ അവര്‍ എങ്ങനെ നേരിടുന്നു എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? അവര്‍ മാത്രമാണ് ശരി, അതുകൊണ്ട് അവരെ എതിര്‍ക്കുന്നവരൊക്കെ തെറ്റുകാരന്ന് ആരോപിച്ച് ആക്രമണം നടത്തും. ഇനി ഫ്യൂഡല്‍-ഫാസിസ്റ്റു് വിരുദ്ധരുടെ നയമെന്താണ്? അവരും പറയുന്നത് അവര്‍ മാത്രമാണ് ശരി, അവരേയും എതിര്‍ക്കുന്നവര്‍ എല്ലാം തന്നെ ഫാസിസ്റ്റുകളും ഫ്യൂഡലിസ്റ്റുകളുമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ വ്യക്തിഹത്യ നടത്തുക, സംഘം ചേര്‍ന്ന് ആക്രമിക്കുക തുടങ്ങി ധാരാളം കലാപരിപാടികള്‍. രണ്ടുകൂട്ടരുടേയും സ്വഭാവം ഒന്നാണെങ്കില്‍ അവരെ ഒന്നായി കണക്കാക്കിക്കൂടെ? അതാണ് സത്യം. ഫാസിസത്തിന് ജാതിയോ മതമോ ഒന്നുമില്ല. ആരും ഫാസിസ്റ്റുകളാകാം.

കേരള നവോത്ഥാനം

മുമ്പ് നടന്ന എല്ലാ സാമൂഹ്യപരിഷ്കരണ സമരങ്ങളെക്കുറിച്ചുള്ള ചോദ്യം കൂടുതല്‍ പ്രധാനപ്പെട്ട ഒന്നാണ്. നമ്മുടെ നാട്ടിലെ ദുരവസ്ഥ കണ്ട് കേരളം ഒരു ഭ്രാന്താലയമാണെന്ന് വടക്കേഇന്‍ഡ്യക്കാരനായ സ്വാമി വിവേകാനന്ദന്‍ പോലും പറഞ്ഞു. എന്നാല്‍ ഇന്ന് നാം കേരളത്തിന്റെ പുറത്തെ ദുരവസ്ഥകണ്ട് അശ്ഛര്യപ്പെടുന്നവരാണ്.

പൊതു വഴിയില്‍ നടക്കാന്‍ പാടില്ല, വസ്ത്രം ധരിക്കാന്‍ പാടില്ല, വിദ്യാലയത്തില്‍ കയറരുത്, അമ്പലത്തില്‍ കയറാന്‍ പാടില്ല തുടങ്ങിയവക്കെ ഫ്യൂഡലിസത്തിന്റെ നിയമങ്ങളാണ്. എണ്ണത്തില്‍ കുറഞ്ഞ അധികാരി വര്‍ഗ്ഗം സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളി വര്‍ഗ്ഗത്തിന് മേലെയായിരുന്നു അവ അടിച്ചേല്‍പ്പിച്ചത്. അടിമത്തത്തെ പോലെ ഭൌതികമായ ചങ്ങലയും ചാട്ടയും ഇല്ലാത്തതിനാല്‍ തൊഴിലാളി വര്‍ഗ്ഗത്തെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഇത്തരം കിരാത നിയമങ്ങള്‍ അക്കാലത്ത് അവര്‍ക്ക് ആവശ്യമായിരുന്നു. ഇന്ന് നാം ശമ്പള അടിമത്തം(wage slavery) നടപ്പാക്കുന്നത് പോലെ.

ആ നിയമങ്ങള്‍ക്കെതിരായ സാമൂഹ്യ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതൊന്നും സമൂഹത്തിന്റെ സാമ്പത്തിക അടിത്തട്ടിനെ സ്പര്‍ശിക്കുന്ന ഒന്നായിരുന്നില്ല. മേല്‍ക്കൂരയിലുള്ള ചില അഴിച്ചുപണികള്‍ മാത്രം.

മേല്‍ക്കൂരയിലുള്ള അഴിച്ചുപണികള്‍ എന്ന് വിശേഷിപ്പിച്ച ആ സമരങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെ അന്തസിനും അഭിമാനത്തിനുമായുള്ള സമരങ്ങളായിരുന്നു. അടിത്തറയിലെ മാറ്റങ്ങങ്ങളെ അത് പരോക്ഷമായേ സംബോധന ചെയ്യുന്നുള്ളുവെങ്കിലും, അടിത്തറയെ ഇളക്കി പുതിയത് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സമരത്തില്‍ മനുഷ്യന്റെ അന്തസ്സിന് പ്രാധാന്യമുണ്ട്. എന്നാല്‍ കിട്ടിയ സൌകര്യങ്ങളില്‍ മതിമറന്ന് സമരം അവിടെ നിന്നു പോകരുത് എന്ന് മാത്രം. ഇരുതല മൂര്‍ച്ചയുള്ള വാളാണ് ഈ അഴിച്ചുപണികള്‍.

അമേരിക്കയിലെ പൌരാവകാശ സമരം

“നാം ഇതുവരെ നേടിയ വിജയങ്ങളെല്ലാം അധികാരികളെ സംബന്ധിച്ചടത്തോളം അവര്‍ക്ക് വിലകുറഞ്ഞവയാണ്,” എന്ന് നിയമ അവകാശം, വോട്ടവകാശം തുടങ്ങിയവയെക്കുറച്ച് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് പറഞ്ഞു. ബസ്സില്‍ ഇരിക്കാന്‍ അവകാശം കിട്ടിയെന്ന് കരുതി വീട്ടിലെ ദാരിദ്ര്യം മാറില്ലല്ലോ. അതുപോലെ വോട്ടവാശം തന്നാലും നിങ്ങളെക്കൊണ്ട് വോട്ട് ചെയ്യിക്കാതിരുന്നാല്‍ പോരേ‍?

എന്നാല്‍ കിങ് കിട്ടിയ സൌകര്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറായില്ല. പട്ടിണിക്കാരുടേയും ദരിദ്രരുടേയും വലിയ ഒരു ജാഥ ആസൂത്രണം ചെയ്തുകൊണ്ട്, സാമ്പത്തിക അസമത്വത്തേയും വിയറ്റ്നാമിലെ തൊഴിലാളികളേയും കുറച്ച് പറഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ അധികാരികള്‍ അദ്ദേഹത്തെ വെടിവെച്ചുകൊന്നു. എന്തിന് കറുത്തവര്‍ പോലും ഇതൊന്നും നാം പറയരുതെന്ന് ആവശ്യപ്പെടുകയും അദ്ദേഹത്തെ വെറുക്കുകയും ചെയ്തു.

മാര്‍ട്ടിന്‍ ലൂഥര്‍ കിങിനെ വെടിവെച്ച് കൊല്ലുകയും നൂറുകണക്കിന് കറുത്തവരുടെ നേതാക്കാളെ സര്‍ക്കാര്‍ ജയിലിലടക്കുകയും ചെയ്തു. ധാരാളം നേതാക്കളെ വ്യക്തിഹത്യ നടത്തി. മുമിയ അബു ജമാല്‍ ഇപ്പോഴും ജയിലിലാണ്. അസാട്ട ഷക്കൂര്‍ ക്യൂബയിലേക്ക് രക്ഷപെട്ടു. (FBIയുടെ Most Wanted Terrorists പട്ടികയില്‍ ഈ സ്ത്രീയും ഉള്‍പ്പെടുന്നു.)

നേതൃത്വം ഇല്ലാത്ത ജനക്കൂട്ടത്തിലേക്ക് മുതലാളിത്ത ആശയങ്ങള്‍ എളുപ്പത്തില്‍ കുത്തിനിറക്കാന്‍ അധികാരികള്‍ക്കായി. പൌരാവകാശ സമരം കറുത്തവരില്‍ ഒരു വെണ്ണപ്പാളിയെ സൃഷ്ടിച്ചു. കറുത്തവരില്‍ നിന്ന് ധാരാളം ഡോക്റ്റര്‍മാര്‍, എഞ്ജിനീയര്‍മാര്‍, വക്കീലന്‍മാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങിയവര്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് ഒന്നിച്ചുള്ള സമരം എന്നതിന് പകരം ഒറ്റക്ക് മുകളിലേക്ക് കയറാനുള്ള ശ്രമമാണുണ്ടായത്. ധാര്‍മ്മിക ധൃഢനിശ്ഛയത്തിന് പകരം നിഷ്ക്കരുണമായ അതിമോഹം കറുത്ത സമൂഹത്തില്‍ നിറഞ്ഞു. ഇതാണ് അമേരിക്കയില്‍ സംഭവിച്ചത്.

അന്തസിനായുള്ള പണ്ട് കാലത്തെ സമരങ്ങള്‍ പ്രസക്തമാണ്. പക്ഷേ നമ്മുടെ പ്രതിനിധികളായി ഒരു വെണ്ണപ്പാളിയെ സൃഷ്ടിക്കുന്നതല്ല നമുക്ക് വേണ്ട മാറ്റം. അന്തസ് മാറ്റത്തിന്റെ തുടക്കം മാത്രമാണ്. സമരം ഒന്നിച്ച് തുടരുകയായിരുന്നു വേണ്ടിയിരുന്നത്.

ഇല്ലാത്ത ശൃംഗാര വിരുദ്ധ നിയമം

എന്നാല്‍ ഫ്യൂഡല്‍ നിയമങ്ങളുടെ കൂട്ടത്തില്‍ പൊതുവഴിയില്‍ ശൃംഗരിക്കാന്‍ പാടില്ല എന്നൊരു നിയമേയുണ്ടായിട്ടില്ല. ഈ സമരാഭാസത്തിന് മഹത്വം കല്‍പ്പിക്കാനാണ് അവര്‍ മനപ്പൂര്‍വ്വം പണ്ട് കാലത്തെ സാമൂഹ്യ പരിഷ്കരണ സമരങ്ങളുമായി സ്വയം താരതമ്യം ചെയ്യുന്നത്. പക്ഷേ അത് തട്ടിപ്പാണ്. ടെലിവിഷന്റേയും ഹോളീവുഡ് സിനിമകളുടേയും സ്വാധീനത്താല്‍ കഴിഞ്ഞ ഒരു 10 വര്‍ഷമായിക്കാണും പുതിയ സംസ്കാരത്തിന്റെ ആവിര്‍ഭാവമായത്. ആഗോളവല്‍ക്കരണത്തിന്റെ വിജയത്തിന് തദ്ദേശ ജനങ്ങളുടെ സംസ്കാരത്തെ തകര്‍ക്കുക അവശ്യമായ കാര്യമാണ്. പുതുമ മനുഷ്യന് പ്രീയങ്കരമാണ്. മനുഷ്യന്റെ പരിണാമകരമായ കാരണങ്ങളാലാണ് അങ്ങനെ സംഭവിക്കുന്നത്. അതിനെ ഫലപ്രദമായി ഉപയോഗിക്കുകയാണ് മുതലാളിത്തം ഇവിടെ.

പൊതുസ്ഥലത്തെ ശൃംഗാര നിരോധനം അധികാരിവര്‍ഗ്ഗം തൊഴിലാളികളില്‍ അടിച്ചേല്‍പ്പിക്കുന്ന ഒന്നല്ല. 80% ജനത്തിന് ദിവസ വരുമാനം വെറും 20 രൂപയില്‍ താഴെയാണ്. ദിവസം 15 മണിക്കൂറും മറ്റും പണിയെടുക്കന്ന അവര്‍ക്ക് എന്തോന്ന് സ്നേഹം, എന്തോന്ന് സ്നേഹപ്രകടനം. ചില ‘സദാചാര ഗുണ്ടകള്‍'(കാണുക – സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?) പ്രതികരിച്ചത് എങ്ങനേയും ഒരു സ്ഥാനം പിടിക്കുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന ചില ഫാസിസ്റ്റുകള്‍ ഏറ്റെടുത്തതാണ് ഈ സമരത്തിന് ആകെ പറയുന്ന ന്യായം. ഫാസിസം എന്നാല്‍ തീവൃമുതലാളിത്തം. അതായത് മുതലാളിത്തവും തീവൃമുതലാളിത്തവും തമ്മിലുള്ള സമരം. അതിന് നാം എന്തിന് തലവെച്ചുകൊടുക്കുന്നു?

രക്ഷകര്‍ത്താക്കളുടെ വ്യാകുലത

എന്നാലും അതില്‍ നമുക്കൊരു അഭിപ്രായമുണ്ട്. അതില്‍ കുട്ടികളുടെ ഭാവിയേക്കുറിച്ച് വിഷമിക്കുന്ന മാതാപിതാക്കുളടെ ഹൃദയത്തുടിപ്പുകളുമുണ്ട്. പൊതുസ്ഥലത്ത് രണ്ടുപേര്‍ ശൃംഗരിക്കുന്നത് കാഴ്ചക്കാരില്‍ സ്നേഹത്തിന്റെ അരുവികള്‍ സൃഷിക്കുമെന്നും അവര്‍ പിന്നീട് തച്ചിനിരുന്ന് സ്നേഹിക്കും. അങ്ങനെ സമൂഹത്തിലെ അക്രമത്തിന് പരിഹാരം ആകുമെന്നും നിങ്ങള്‍ക്ക് തെളിയിക്കാനാവുമെങ്കില്‍ ഈ സമരത്തെ നമുക്ക് അംഗീകരിക്കാം.

എന്നാല്‍ അതിന് നേരെ വിപരീതമായ കാര്യങ്ങളാണ് മുമ്പ് തന്നെ ഈ സ്വാതന്ത്ര്യങ്ങള്‍ നേടിയെടുത്ത സമൂഹങ്ങള്‍ കാണിച്ചുതരുന്നത്. ഉദാഹരണത്തിന് ഇവര്‍ പറയുന്ന എല്ലാ സ്വാതന്ത്ര്യങ്ങളുമുള്ള നാടാണ് അമേരിക്ക. അമേരിക്കയില്‍ പ്രതിവര്‍ഷം 20 ലക്ഷം സ്ത്രീകള്‍ അമേരിക്കയില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നു എന്നാണ് സര്‍ക്കാര്‍ കണക്ക്. റിപ്പോര്‍ട്ട് ചെയ്യാത്ത അനേകം സംഭവങ്ങളും ഉണ്ട്. ഇനി ഇതില്‍ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണമോ? അത് താങ്കള്‍ തന്നെ കണ്ടെത്തൂ.

നിയന്ത്രണം പ്രശ്നമായി തോന്നുന്നത്

നിയന്ത്രണത്തിന് പിന്നിലുള്ള ധാര്‍മ്മികത മനസിലാക്കാത്തതിനാലാണ് നിയന്ത്രണത്തെ പ്രശ്നമായി തോന്നുന്നത്. റോഡിലൂടെ നിങ്ങള്‍ പോകുമ്പോള്‍ ചുവന്ന സിഗ്നല്‍ കണ്ടാല്‍ നിങ്ങള്‍ വണ്ടി നിര്‍ത്തും. എത്ര വലിയ സ്വാതന്ത്ര്യവാദിയായാലും അത് അനുസരിക്കും. ചുവന്ന സിഗ്നല്‍ കണ്ടാല്‍ വണ്ടി നിര്‍ത്തണം എന്നതിന്റെ പിറകിലുള്ള ധാര്‍മ്മികതയെ നിങ്ങള്‍ അംഗീകരിക്കുന്നതുകൊണ്ടാണ് വണ്ടി നിര്‍ത്തേണ്ടി വന്നിട്ടും നിങ്ങള്‍ക്കത് ഒരു പ്രശ്നമായി പോലും തോന്നാത്തത്. വണ്ടി നിര്‍ത്താതിരുന്നാലുള്ളതിന്റെ കുഴപ്പം മനസിലാക്കാന്‍ വലിയ ഉള്‍ക്കാഴ്ചയൊന്നും വേണ്ട.

എന്നാല്‍ സമൂഹത്തിലെ പല കാര്യങ്ങളും അങ്ങനെയല്ല. വളരെ ആഴവും പരപ്പുമുള്ളതാണ് പല പ്രശ്നങ്ങളും. അവയുടെ ഗുണ ദോഷങ്ങള്‍ പെട്ടെന്ന് വ്യക്തമാവില്ല. അതുകൊണ്ട് അവയുടെ ധാര്‍മ്മികതയും മനസിലാവില്ല. പൊതുസ്ഥലത്തെ ശൃംഗാരവും അങ്ങനെയുള്ള ഒന്നാണ്.

ഓടോ: ആര്‍ക്കും അവരുടെ അഭിപ്രായം പേടികൂടാതെ തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സമരം ചെയ്യാനും സ്വാതന്ത്ര്യമുണ്ട്. അതിനെ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ആ സമരം വലതുപക്ഷത്തിന്റെ സമരമാണെന്ന് പറയുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്. സമൂഹത്തിലെ എല്ലാവര്‍ക്കും സുസ്ഥിര ജീവിതം സാധ്യമായതിന് ശേഷം വേണമെങ്കില്‍ നമുക്ക് ഈ പ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്യാം. ഇപ്പോള്‍ അത് ഒരിക്കലും പാടില്ല.
____
കൂടുതല്‍ വിവരങ്ങള്‍
ചുംബന സമരത്തിന്റെ രാഷ്ട്രീയം
ഫാസിസത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നവര്‍
മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )