ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?

ശാന്തിവനം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും അത് ഒരു ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന്‍ ഫ്യൂഡല്‍ അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. എന്നാല്‍ ശാന്തിവനത്തില്‍ ഒരു പരിസ്ഥിതി പ്രശ്നവും അടങ്ങിയിട്ടുണ്ട്. പക്ഷേ അത് വികസനവാദികള്‍ പറയുന്നത് പോലെ കേവലം രണ്ട് മരത്തിന്റേയോ കവുങ്ങിന്റേയോ നാശത്തെക്കുറിച്ചുള്ളതല്ല.

2018 ല്‍ ഏകദേശം 3 കോടി ഏക്കര്‍ കാടാണ് ലോകം മൊത്തം നശിപ്പിച്ചത്. അപ്പോള്‍ കേവലം രണ്ട് ഏക്കറിലെ ഒരു വനം സംരക്ഷിച്ച് ലോകത്തേയും കേരളത്തേയും രക്ഷിക്കാം എന്ന് പറയുന്നത് വ്യാമോഹമോ തെറ്റിധരിപ്പിക്കലോ ആണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായി അറിയാം. അങ്ങനെ ആരും പറയുന്നുമില്ല. പിന്നെ എന്ത് പരിസ്ഥിതി പ്രശ്നമാണ് ശാന്തിവനം ഉയര്‍ത്തുന്നത്? ശാന്തിവനം ഉയര്‍ത്തുന്ന പ്രശ്നം പരിസ്ഥിതി രാഷ്ട്രീയം ആണ്.

കേവല വ്യക്തിനിഷ്ട തലവും രാഷ്ട്രീയ തലവും

ഏത് കാര്യത്തിനും വ്യക്തിനിഷ്ടം രാഷ്ട്രീയം എന്ന രണ്ട് തലങ്ങളുണ്ട്. വ്യക്തിനിഷ്ടം എന്നതുകൊ​ണ്ട് ഒരു വ്യക്തിയുടെ വീക്ഷണത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെയാണ് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ വീട് കഴുകി. ഒരു വ്യക്തിപരമായ പ്രവര്‍ത്തനം. അതിന് വെളളം കൊണ്ടുവരുന്നു, നിലത്തൊഴിക്കുന്നു, വൃത്തിയാക്കുന്നു, അവസാനം ഒഴുക്കിക്കളയുന്നു. കേവലമായി നാം ആ പ്രക്രിയയെ മാത്രം ശ്രദ്ധിക്കുകയാണിവിടെ.

എന്നാല്‍ ഇത് സംഭവിക്കുന്നത് വരള്‍ച്ചയുള്ള സ്ഥലത്താണെന്ന കാര്യം കൂടി ഉള്‍പ്പെടുത്തിയാല്‍ ഈ സംഭവത്തിന് മറ്റൊരു മാനം കിട്ടുന്നു. അതാണ് രാഷ്ട്രീയമായ തലം. പ്രവര്‍ത്തി ചെയ്യുന്ന വ്യക്തിയേയോ വ്യക്തികളേയോ മാത്രമല്ല അവിടെ പരിഗണിക്കുന്നത്. സകല ആളുകളേയും വസ്തുതകളേയും അതിലേക്ക് കൊണ്ടുവരുന്നു. അത് മാത്രമല്ല കാലത്തിന്റെ ഒരു മാനത്തേയും കൂട്ടിച്ചേര്‍ക്കുന്നു. അതായത് നാളത്തെക്കുറിച്ച് ചിന്തിക്കുന്നു. ആ വിശകലനം എത്രത്തോളം വിപുലവും ആഴത്തിലുമാകുന്നുവോ അത്രയും നീതിപൂര്‍ണ്ണമാകും നമ്മുടെ തീരുമാനങ്ങള്‍. അത് ഒരു ധാര്‍മ്മികമായ തലത്തിലേക്ക് എത്തുകയും ചെയ്യും.

പരിസ്ഥിതി രാഷ്ട്രീയം

അതുകൊണ്ട് പരിസ്ഥിതി രാഷ്ട്രീയം എന്നത് വളരെ വിശാലമായ ഒരു കാര്യമാണ്. അത് കേവലം ഒരു മരം വെട്ടിയാല്‍ ഉണ്ടാകുന്ന ദോഷങ്ങളോ പകരം മരം വെച്ചാല്‍ കിട്ടുന്ന ഗുണങ്ങളോ, പ്ലാസ്റ്റിക് ഉപയോഗിത്തതിന്റെ ഗുണമോ ഒന്നുമല്ല. പരിസ്ഥിതി ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിലെ മുഴുവന്‍ കാര്യങ്ങളേയും വിശകലനം ചെയ്യുകയും മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനെയാണ് പരിസ്ഥിതി രാഷ്ട്രീയം എന്ന് പറയുന്നത്. അതില്‍ എല്ലാം വരും. നമ്മുടെ സകല പ്രവര്‍ത്തികളും അവയുടെ പ്രത്യാഘാതങ്ങളും ഒക്കെ പരിശോധിക്കപ്പെടുന്നു. അത് പ്രകാരം നമ്മുടെ സുസ്ഥിരമായ നിലനില്‍പ്പിന് ഏറ്റവും അനുയോജ്യമായി നമ്മുടെ പ്രവര്‍ത്തികളെ മാറ്റണമെന്ന് അത് ആവശ്യപ്പെടുന്നു. ആ ഒരു അര്‍ത്ഥത്തിലാണ് ശാന്തിവനം പരിസ്ഥിതി പ്രശ്നമായി മാറുന്നത്.

മന്നത്ത് നിന്ന് ചെറായിലേക്ക് ഒരു വൈദ്യുതി ലൈന്‍ വലിക്കണം എന്നത് കേവല വ്യക്തിനിഷ്ടമായ പ്രവര്‍ത്തിയാണ്. ആ ലൈന്‍ വലിക്കുന്നവരേയും അതിന്റെ ആവശ്യക്കാരേയും സംബന്ധിച്ചടത്തോളം, വീട് കഴുകുന്ന ആളെ പോലെ, ലൈന്‍ മാത്രമേ പ്രാധാന്യമായിട്ടുള്ളു. മറ്റെല്ലാത്തിനും ഒരു പ്രാധാന്യവുമില്ല. ജ്ഞാനോദയവും ആധുനികതയും കയറി മുറ്റിയ ബ്രിട്ടണും യൂറോപ്യന്‍ സാമ്രാജ്യങ്ങളും അവര്‍ കോളനികളാക്കിയ സ്ഥലത്തെ ജനങ്ങളെ മനുഷ്യാരായി പോലും കാണാത്ത പഴയ ആ സ്വഭാവത്തിന്റെ തുടര്‍ച്ചയാണിത്. അവര്‍ പണ്ട് നിര്‍മ്മിച്ച പല സ്ഥാപനങ്ങളും നിയമങ്ങളും ഇപ്പോഴും അതുപോലെ നമ്മുടെ നാട്ടില്‍ നില്‍ക്കുന്നുണ്ട് എന്ന കാര്യവും ഓര്‍ക്കുക.

പക്ഷേ കേവലമായി ഒന്നിനും നിലനില്‍പ്പില്ല. എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത് വെറുതെ രണ്ട് സ്ഥലങ്ങള്‍ തമ്മില്‍ വൈദ്യുതി ലൈന്‍ കൊണ്ട് ബന്ധിപ്പിക്കുന്നതില്‍ തീരുന്ന പ്രശ്നവും അല്ല. 20 ആം നൂറ്റാണ്ട് വരെ ലോക മുതലാളിത്തത്തിന് ഭൂമി എന്നത് അനന്തമായി വികസിക്കാനുള്ള സ്ഥലമായിരുന്നു. എന്നാല്‍ ഇന്ന് കാലം മാറി. ഇന്ന് ഓരോ ചെറു നഗരവും ഒരു മാന്‍ചെസ്റ്ററാണ്. മീനുകളെക്കാള്‍ കൂടുതല്‍ വെറും 60 വര്‍ഷത്തിന് മുമ്പ് കണ്ടുപിടിച്ച പ്ലാസ്റ്റിക് എന്ന രാസവസ്തുവിന്റെ കഷ്ണങ്ങള്‍ കടലിലുണ്ട് എന്ന കാര്യം അറിയുമ്പോള്‍ നമ്മുടെ ചുറ്റുപാട് എത്രമാത്രം ചെറുതായി വരുന്നു എന്ന കാര്യം വ്യക്തമാകും. അതുകൊണ്ട് നമ്മുടെ പ്രവര്‍ത്തികള്‍ക്ക് ഈ നൂറ്റാണ്ടില്‍ പ്രത്യാഘാതങ്ങളുണ്ട്.

കാലാവസ്ഥാ അടിന്തിരാവസ്ഥ

അടുത്ത തലമുറ നേരിടേണ്ട ഭീകരമായ മറ്റൊരു വിപത്താണ് ആഗോളതപനം. ആഗോളതപനത്തെ ശരാശരി 1.5°C വര്‍ദ്ധനവില്‍ നിര്‍ത്താനുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ നമുക്ക് വെറും 11 വര്‍ഷങ്ങള്‍ മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നാം ഇന്ന് കാണുന്നത് പോലുള്ള ആസൂത്രിതമായ ജീവിതം (organized life) അസാദ്ധ്യമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. (അത് കൂടുതല്‍ വിശദമായി താഴെ കൊടുത്തിട്ടുണ്ട്.)

നാം ചെയ്യുന്ന ഓരോ ചെറു കാര്യങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. പ്രളയം വന്നപ്പോള്‍ എല്ലാവരും എന്തിനെക്കുറിച്ചാണ് സംസാരിച്ചത്. തീര്‍ച്ചയായും വെള്ളത്തെക്കുറിച്ചും പ്രളയത്തെക്കുറിച്ചുമാണ്. അതുപോലൊരു ദുരന്തത്തിലൂടെയാണ് മനുഷ്യവംശം കഴിഞ്ഞ 20 വര്‍ഷങ്ങളായി കടന്ന് പൊയ്കൊണ്ടിരിക്കുന്നത്. അത് കൂടുതല്‍ തീവൃമാകും. ആഗോളതപനത്താലുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പോലും ഇപ്പോള്‍ വെറും മാറ്റമെന്നല്ല കാലാവസ്ഥാ അടിന്തിരാവസ്ഥ എന്നാണ് വിളിക്കുന്നത്. അത്യധികം അടിയന്തിരമായ കാര്യമാണത്.

അങ്ങനെയുള്ള അവസരത്തില്‍ 200 വര്‍ഷം പഴക്കമുള്ള ശാന്തിവനത്തിന്റെ നടുവില്‍ ഒരു കാവ് നശിപ്പിച്ച് അവടെ ഒരു ടവര്‍ സ്ഥാപിക്കുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്? എന്ത് മുന്‍ഗണനാക്രമമാണ് അവര്‍ പിന്‍തുടരുന്നത്? അതാണ് ശാന്തിവനത്തിലെ പരിസ്ഥിതി രാഷ്ട്രീയ പ്രശ്നം.

സ്ഥലമുടമയുടേയും കൂട്ടരുടേയും വൈകാരികത

നമ്മുടെ സിനിമയും, ചാനലുകളും, സാമൂഹ്യമാധ്യമങ്ങളുമെല്ലാം അതി തീവൃമായി ആര്‍ഭാടത്തെ പ്രചരിപ്പിക്കുമ്പോള്‍ ആര്‍ഭാടം ജനത്തിന്റെ പൊതുബോധം ആയി മാറുന്നു. അന്തസ് ജീവന്റെ ഒരു അടിസ്ഥാന സ്വഭവാമാണ്. എത്ര കഷ്ടപ്പെട്ടാലും പ്രചരിപ്പിക്കപ്പെടുന്ന ആ ജീവിതരീതിയലേക്ക് കഴിയുന്നത്ര മാറാനാണ് എല്ലാവരും ശ്രമിക്കുന്നത്. ചിലര്‍ അതിനായി കഠിനമായി അദ്ധ്വാനിക്കുന്നു, ചിലര്‍ ഉന്നത സ്ഥാനങ്ങളിലേക്ക് കയറിപ്പറ്റുന്നു, മറ്റ് ചിലര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ആര്‍ക്കും മോശക്കാരനാകാന്‍ ആഗ്രഹമില്ല. കാരണം നിങ്ങള്‍ ആര്‍ഭാടമില്ലാത്തവനാണെങ്കില്‍ മോശക്കാരനാണെന്നാണ് വ്യംഗ്യമായി പ്രചരിക്കപ്പെടുന്നത്. അവര്‍ അതിനെ ആര്‍ഭാടമായി പോലും കാണുന്നുണ്ടാവില്ല. അനാവശ്യമായ ആവശ്യങ്ങള്‍ ആണ്.

അത്തരം ഒരു ലോകത്ത് ശാന്തിവനത്തിന്റെ കമ്പോള മൂല്യം എന്താണ്? രണ്ട് ഏക്കര്‍ സ്ഥലമാണ് നാഷണല്‍ ഹൈവേയുടെ വശത്തുള്ള ശാന്തിവനത്തിന്. സെന്റിന് 5 ലക്ഷം രൂപ എന്ന് കണക്കാക്കിയാല്‍ മൊത്തം 10 കോടി രൂപയുടെ ആസ്തിയുണ്ട്. മൂന്ന് തലമുറക്ക് സുഖമായി ജീവിക്കാനുള്ള പണമുണ്ട്. 10 വര്‍ഷം മുമ്പ് അവര്‍ അത് വിറ്റിരുന്നെങ്കിലോ? ഈ കാലം കൊണ്ട് അത് ഇരട്ടിയായേനേ. പക്ഷേ അത് ചെയ്യാതെ സ്ഥലം ഉടമ അത് സംരക്ഷിച്ചു. കമ്പോള മൂല്യം കൊയ്തെടുക്കാം എന്ന അത്യാര്‍ത്തിപൂണ്ട ചിന്തയെ അവര്‍ എങ്ങനെ മറികടന്നു?

അവരുടെ വൈകാരികതയാണ് അതിന് സഹായിച്ചത്. അവിടെയുള്ള മരങ്ങളേയും പക്ഷികളേയും ജീവികളേയും വൈകാരികമായി സ്നേഹിച്ചതിനാലും പാരമ്പര്യമായി അവര്‍ക്ക് കിട്ടിയ ആ സമ്പത്തിനെ അടുത്ത തലമുറക്ക് കൈമാറേണ്ട ഒന്നാണെന്ന തോന്നലിനാലുമാണ് വിപണി മൂല്യത്തിന് അപ്പുറം ഒരു ലോകം ഉണ്ടെന്ന തീവൃ ബോധം അവരിലുണ്ടാക്കിയത്. ഭൂമിയിലെ ജീവജാലങ്ങളെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനില്‍പ്പിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നതും അത് സാദ്ധ്യവുമാണെന്ന സന്ദേശമാണ് അവരുടെ ജീവിതം പൊതു സമൂഹത്തിന് നല്‍കുന്നത്. ആ സന്ദേശത്തെയാണ് ഇവിടെ നിങ്ങള്‍ മുറിവേല്‍പ്പിച്ചിരിക്കുന്നത്. അല്ലാതെ നാല് മരങ്ങളെ അല്ല. നിങ്ങളുടെ വീക്ഷണവും, വിശകലവും, മുന്‍ഗണനാക്രമവും തെറ്റാണെന്ന് അത് പറയുന്നു. നിങ്ങള്‍ക്കത് മനസിലാകില്ല. എന്നാല്‍ നിങ്ങളേയും നിങ്ങളുടെ ആര്‍ത്തിയേയും ശപിക്കുന്ന നിങ്ങളുടെ അതുടുത്ത തലമുറ തീര്‍ച്ചായും അത് മനസിലാക്കും.

സത്യത്തില്‍ ഇത് തര്‍ക്കിച്ച് ജയിക്കേണ്ട കാര്യമല്ല. സമൂഹത്തില്‍ ഏത് കാര്യം ചെയ്യുമ്പോഴും അതിനെ നിഷ്പക്ഷമായി, ശാസ്ത്രീയമായി, ദീര്‍ഘവീക്ഷണത്തോടെ കാണുന്ന ഒരു ബോധത്തിന്റെ അഭാവമാണ് ഇത് കാണിച്ചുതരുന്നത്. അത്തരം ഒരു ബോധമുണ്ടായിരുന്നുവെങ്കില്‍ ആര്‍ക്കും ഈ കാട് നശിപ്പിച്ച് തന്നെ വികസനം കൊണ്ടുവരണം എന്ന തോന്നലുണ്ടാകില്ല. ശരിയായ തീരുമാനം സ്വാഭാവികമായും ഉണ്ടാകുമായിരുന്നു. അത് ഒരു ആശയപ്രചരണ പ്രശ്നമാണ്. ഇന്ന് നടക്കുന്ന കാര്യങ്ങള്‍ മുമ്പ് സമൂഹത്തില്‍ പ്രചരിച്ച ആശയങ്ങളുടെ ഫലമാണ്. ആ ആശയങ്ങളെ ശരിയായ ദിശയിലേക്കെത്തിക്കാനാവശ്യമായ ഒരു പൊതുബോധം സൃഷ്ടിച്ചെടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനായി നമുക്ക് പരിശ്രമിക്കാം.

ടവര്‍ പണിതതിലൂടെ വിജയിച്ചത് സര്‍ക്കാരല്ല, ഉദ്യോഗസ്ഥരല്ല, യൂണിയനുമല്ല, മുതലാളിത്തമാണ് എന്ന് തിരിച്ചറിയുക.

***

നോട്ട്:

എന്താണ് ആസൂത്രിത ജീവിതം

പല തലത്തിലുള്ള ആസൂത്രത ജീവിതമാണ് നമുക്കുള്ളത്.

നാം ഉപയോഗിക്കുന്നതൊന്നും നാം നിര്‍മ്മിക്കുന്നവയല്ല. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം തുടങ്ങി അനേകം കാര്യങ്ങള്‍ നമുക്ക് വേണം. അതെല്ലാം നമുക്ക് വേണ്ട സമയത്ത് വേണ്ട അളവില്‍ എത്തിക്കുന്നതിന് വലിയ ആസൂത്രണം വേണം. അത് സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, നീതിന്യായം എന്ന് വിശാലമായ അര്‍ത്ഥത്തില്‍ വിഭജിച്ചിരിക്കുന്ന സംവിധാനമാണ് ചെയ്യുന്നത്. നമ്മുടെ പ്രവര്‍ത്തികളും വന്‍തോതില്‍ ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു. 8 മണിക്കൂര്‍ ജോലി ചെയ്ത് തിരിച്ച് വരുമ്പോള്‍ നമുക്ക് വാങ്ങാനായി അരി കടയിലെത്തിയിരിക്കും. അത് വേവിക്കാനുള്ള ഗ്യാസ് വീട്ടിലുണ്ടാവും. ഇതിന്റെ എല്ലാം അടിസ്ഥാനം നാം ഇപ്പോള്‍ തിരിച്ചറിയുന്നില്ല എങ്കിലും ഭൂമിയുടെ സ്ഥിരത എന്ന ഒന്നാണ്. കൃത്യമായ മഴ, കൃത്യമായ വെയില്‍ അങ്ങനെ ഇതുവരെ പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാം സ്ഥിരമായിരുന്നു. സമായാസമയത്ത് അത് പ്രവര്‍ത്തിച്ച് പോന്നു. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലെന്ന് പറയുന്നത് പോലെ നമ്മുടെ എല്ലാം ആവശ്യവും നിറവേറ്റിത്തരുന്ന അമ്മയായ ഈ പ്രകൃതിയുടെ വില അറിയാന്‍ പോകുന്ന സമയമാണിത്. അടുത്ത തലമുറക്ക് ഈ സ്ഥിര പ്രകൃതിയുണ്ടാവില്ല. കാരണം നാം അവരുടെ ഭാവിയെ തിന്നുകഴിഞ്ഞു. ആസൂത്രിത ജീവിതത്തിന് നാം ജീവിക്കുന്ന പ്രകൃതിയുടെ സ്ഥിരത അവശ്യം വേണ്ടതാണ്. അത് ഇല്ലാതാകുന്നതോടെ ഇനി എന്ത് സംഭവിക്കും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.

ചീഫ് സെക്രട്ടറിയുടേയും എക്സിക്യുട്ടീവ് എഞ്ജിനീയറുടേയും യൂണിയന്‍ നേതാക്കളുടേയും ഒന്നും ആവശ്യമുണ്ടാവില്ല. സാങ്കേതികവിദ്യയെ ഉപയോഗിച്ച് സാമൂഹ്യനിയന്ത്രണം നടത്തി അക്കാലത്തും അധികാരികളായി തുടരാം എന്നാണ് അവര്‍ കരുതുന്നത്. പക്ഷേ അത് വ്യാമോഹമാണ്. എല്ലാം തകരും. എല്ലാവര്‍ക്കും അലഞ്ഞ് തിരിഞ്ഞ് വേട്ടയാടി ശേഖരിച്ച് പ്രാകൃത കമ്യൂണിസത്തില്‍ ജീവിക്കാം. ഒരു പക്ഷേ കണ്ണൂരിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവ പദ്ധതിയാകാം അത്.

ഭാഗം 1: ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്
ഭാഗം 2: മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?
ഭാഗം 3: പ്രിവിലേജില്ലാത്തവരുടെ വികസനം
ഭാഗം 4: ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?

  1. ഈ വിശകലനം ഗംഭീരമായി.വൈകാരികത ശാന്തിവനം ഉടമയുടെ വൈകാരികതയെ വളരെ മോശമായി ചിത്രീകരിക്കുകയായിരുന്നു പലരും.ഈ ആ വൈകാരികതെ എന്തെന്ന് നന്നായി പറഞ്ഞു വച്ചിരിക്കുന്നു ഇതിൽ.നല്ല കുറിപ്പ്‌.അഭിവാദ്യങ്ങൾ

ഒരു അഭിപ്രായം ഇടൂ