ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്

നീരൊഴുക്ക് പ്രശ്നം പരിഹരിക്കേണ്ടത് അതിലെ തടസങ്ങള്‍ കണ്ടെത്തി അത് നീക്കുകയാണ്. അല്ലാതെ ഭൂമിഉയര്‍ത്തി അത് പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്നത് ദുരുദ്ദേശപരമാണ്.

റോഡുകളെ പരിശോധിച്ചാല്‍ അവ രണ്ട് തരത്തിലുണ്ട് എന്ന് കാണാം. ഒരു പ്രധാനപ്പെട്ട സ്ഥലത്തേക്ക് എത്തുന്നതും, ഒന്നില്‍ക്കൂടുതല്‍ പ്രധാനപ്പെട്ട സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും. ഇവ രണ്ടും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.

ഗ്രാമീണ റോഡുകളാണ് ഒന്നാമത്തെ വിഭാഗത്തിലുള്ളത്. ഒരു ഗ്രാമത്തിലെ ജനം ആ റോഡിലൂടെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലത്തേക്കെത്തുന്നു. ഉദാഹരണത്തിന് തൊഴിലിനോ സാധനങ്ങള്‍ വാങ്ങാനോ പഠനത്തിനോ ഒക്കെ ആകാം. പിന്നീട് ആ ജനങ്ങള്‍ തങ്ങളുടെ ആവശ്യം നേടിയതിന് ശേഷം ആ റോഡിലൂടെ തിരികെ വീട്ടിലേക്കെത്തുന്നു. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഈ ഗ്രാമീണ റോഡുകള്‍ ആ ഗ്രാമത്തിന്റെ സ്വകാര്യ സ്വത്താണെന്ന് പറയാം. അവര്‍ മാത്രമേ അത് സാധാരണ ഉപയോഗിക്കൂ. ചിലപ്പോള്‍ അവരെ കാണാനായി മറ്റ് സ്ഥലത്തുനിന്ന് അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വരാം, അപൂര്‍വ്വമായി ടൂറിസ്റ്റുകളോ എത്താം. രാത്രി 8, 9 മണിയോടെ ആ റോഡിന്റെ ഉപയോഗം ഏകദേശം പൂര്‍ണ്ണമായും അവസാനിക്കുകയും ചെയ്യുന്നു.

ഇതില്‍ നിന്ന് വ്യത്യസ്ഥമായാണ് രണ്ടാമത്തെ തരം റോഡുകള്‍. അവ ദേശീയ പാത പോലെ ഒന്നിലധികം സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തിരക്കേറിയ വലിയ റോഡുകളാണ്. ഇവിടെ സഞ്ചരിക്കുന്നത് ഏതെങ്കിലുമൊരു പഞ്ചായത്തിലെ ആളുകളാവില്ല. ചിലപ്പോള്‍ ലോകം മൊത്തമുള്ള ആളുകള്‍ ഉപയോഗിക്കുന്നതാവും. ഉദാഹരണത്തിന് ഒരു പ്രത്യേക നിമിഷത്തില്‍ ദേശീയപാതയില്‍ സഞ്ചരിക്കുന്നവരുടെ സവിശേഷത നോക്കിയാല്‍ ഡസന്‍ കണക്കിന് വിദേശ രാജ്യങ്ങളുടെ പ്രതിനിധികളും മറ്റ് സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഒക്കെയുണ്ടാകും.

ഗതാഗത തടസം

യാത്രയില്‍ ഒരു തടസം ഉണ്ടാകുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയുന്ന കാര്യമല്ല. സര്‍ക്കാരുള്‍ ഏറ്റവും അധികം പഴികേള്‍ക്കുന്ന ഒരു കാര്യമാണ് ഈ തടസങ്ങള്‍. പല കാരണത്താലും ഇത് ഉണ്ടാകാമെങ്കിലും ഇപ്പോള്‍ പുതിയ ഒരു ശത്രു ഉണ്ടായിരിക്കുന്നു. അത് ആഗോളതപനത്തിന്റെ ഫലമായുണ്ടാകുന്ന തീവൃ കാലാവസ്ഥയാണ്. പേമാരിയും വെള്ളപ്പൊക്കവും.

പല സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത പോലുള്ള റോഡുകളില്‍ ഒരു കാരണവശാലും ഗതാഗതം സ്തംഭിക്കാന്‍ പാടില്ല. കാരണം ആരൊക്കെ എന്തൊക്കെ അടിയന്തിരാവസ്ഥയിലൂടെയാണ് അതിലൂടെ കടന്ന് പോകുന്നതെന്ന് നമുക്കറിയില്ല. അതുകൊണ്ട് റോഡിലേക്ക് വെള്ളം കയറാതെ ഉയര്‍ത്തിയും വേഗതയും സൌകര്യവും കുറയാതിരിക്കാനായി കുഴികളില്ലാത്തതും ഒക്കെയായി നമുക്ക് പരിപാലിക്കേണ്ടതായി വരും.

റോഡുകളുടെ രൂപകല്‍പ്പന

ഗ്രാമീണ റോഡുകളില്‍ കൂടുതലും പഞ്ചായത്തിന്റെ അധികാരത്തിലാണെങ്കിലും ഒരുപാട് എണ്ണം PWD യുടെ കൈവശവും ആണ്. അവര്‍ ഈ റോഡുകളുടെ രൂപകല്‍പ്പന നടത്തുമ്പോള്‍ രണ്ട് വ്യത്യസ്ഥ സ്വഭാവമുള്ളതിനാല്‍ രണ്ട് തരത്തിലാവണം രൂപകല്‍പ്പന ചെയ്യാന്‍. എന്നാല്‍ ആ വ്യത്യാസം കണക്കാക്കാതെ എല്ലാം ദേശീയ പാതപോലെ പണിതാലോ? വലിയ ദുരിതമാകും അത് ഗ്രാമീണ ജനത്തിനുണ്ടാക്കുക. റോഡ് കാണുമ്പോള്‍ നല്ല ഭംഗിയുണ്ടാവും, വെള്ളം ഒരിക്കലും കയറാത്തത്ര ഉയരിത്തിലാകും വിമാനത്തിനിറങ്ങാന്‍ കഴിയും. പക്ഷേ പുതിയ റോഡുണ്ടാക്കുന്ന ദുരിതങ്ങളെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല.

കാരണം മിക്കപ്പോഴും റോഡ് പണി നടക്കുന്നത് നല്ല കാലാവസ്ഥയുള്ള സമയത്താവും. വിദഗ്ദ്ധര്‍ വന്ന് “റോഡ് ഇങ്ങനെ പൊകുന്നു, ഓട അങ്ങനെ പൊകുന്നു, വെള്ളം അപ്പുറത്തുടെ പോകുന്നു” എന്നൊക്കെ വിശദീകരിക്കുന്നത് കേള്‍ക്കുന്ന പാവം ഗ്രാമീണന്‍ അത് വിശ്വസിക്കും. കൂട്ടത്തില്‍ രണ്ട് വര്‍ഷത്തെ പഠനം നടത്തിയാണ് ഞങ്ങളിത് തീരുമാനിച്ചത് എന്നുകൂടി കേട്ടാല്‍ പിന്നെ ആര്‍ക്കും സംശയമില്ല.

റോഡ് വരുത്തുന്ന ഭൂമിശാസ്ത്ര മാറ്റം

റോഡ് തറ നിരപ്പിലിരിക്കുന്ന കാലത്താണ് ഈ വിദഗ്ദ്ധര്‍ പഠനത്തിന് വരുന്നത്. പ്രളയ കാലത്ത് റോഡില്‍ അവര്‍ ഒരടി പൊക്കത്തില്‍ വെള്ളം വന്നു. അതുകൊണ്ട് പുതിയ റോഡിന് രണ്ടടി പൊക്കം ആകട്ടേ. പക്ഷേ റോഡിന് രണ്ടടി പൊക്കം എത്തിയാല്‍ അപ്പോള്‍ തന്നെ ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മാറുകയാണ്. പിന്നെ രണ്ട് വര്‍ഷം നടത്തിയ പഠനം വെറും ചവറായിരിക്കുകയാണ്. പുതിയ ഓടകളും മറ്റും പണിയുന്നുണ്ടാവും. പക്ഷേ വെള്ളത്തെ മെരുക്കാന്‍ ഒരിക്കലും പറ്റില്ല എന്നതാണ് സത്യം. ഭൌതികശാസ്ത്രത്തിന്റെ നിയമങ്ങള്‍ മാത്രമാണ് അതിന് ബാധകമായിട്ടുള്ളത്. വെള്ളപ്പൊക്ക സമയത്ത് രണ്ടടി പൊക്കത്തില്‍ റോഡിന്റെ നീളത്തില്‍ വെള്ളത്തെ ഉള്‍ക്കൊള്ളാനുള്ള ഇടത്തെ ഇല്ലാതാക്കുകയാണ് റോഡിന്റെ പൊക്കം രണ്ടടി ഉയര്‍ത്തുമ്പോള്‍ അവര്‍ ശരിക്കും ചെയ്യുന്നത്.

റോഡ് ഉയര്‍ന്നാല്‍

റോഡിന് ചേര്‍ന്നുള്ള ജനങ്ങള്‍ റോഡ് ഉയര്‍ന്ന് കഴിഞ്ഞാലെന്ത് ചെയ്യും? അവരുടെ ഭൂമി ഇപ്പോള്‍ ഒരു കുഴിയിലായല്ലോ. ആ കുഴിയില്‍ നിന്ന് റോഡിലേക്ക് കയറുന്നത് അസൌകര്യമാണ്. താഴ്ന്ന വീട്ടില്‍ നിന്ന് റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ റണ്‍വേ പോലെ കിടക്കുന്ന റോഡില്‍ അതിവേഗം പാഞ്ഞ് വരുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവറെ സംഭ്രമിപ്പിക്കുയും അപകടം നേരിട്ടോ നടന്ന് പോകുന്ന നിരപരാധിയെ നേരിട്ടല്ലാതയോ ബാധിക്കാം. വീട്ടുകാര്‍ക്ക് മാത്രമല്ല ആ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. ആ വീടുകളിലേക്ക് പോസ്റ്റ്മാന്‍, ഗ്യാസുകാരന്‍, ടെലഫോണ്‍സുകാര്‍, കേബിളുകാര്‍, കച്ചവടക്കാര്‍ തുടങ്ങി അനേകം പേര്‍ വീടുകള്‍ സന്ദര്‍ശക്കുന്നുണ്ട്. ഇവരെല്ലാവരും ഒരേ മനസ്ഥിതിയോടാവില്ല വാഹനം എടുക്കുക. ചിലപ്പോള്‍ അവരുടെ അശ്രദ്ധ മറ്റ് നിരപരാധികളുടെ ജീവന് തന്നെ അപകടമാകും. അതുപോലെ വീടിന്റെ റിയലെസ്റ്റേറ്റ് മൂല്യവും ചിലപ്പോള്‍ കുറഞ്ഞേക്കാം.

അപ്പോള്‍ വീട്ടുകാരെന്ത് ചെയ്യും

കാശുള്ളവരാണെങ്കില്‍ സംശയിക്കേണ്ട. ഉടന്‍ തന്നെ മണ്ണിന് ഓര്‍ഡര്‍ കൊടുക്കുകയാണ്. എവിടെ നിന്നോ ലോഡ് കണക്കിന് മണ്ണെത്തുന്നു. താഴ്ച ഇല്ലാതാകുന്നു. ഇപ്പോള്‍ പറമ്പ് റോഡിനേക്കാളും ഉയര്‍ന്നതാണ്. വീട്ടുകാര്‍ക്ക് സന്തോഷവും അഭിമാനവും തോന്നും. ആഹ്ലാദത്തോടെ പുതിയ റോഡ് ഉപയോഗിക്കുന്നു. പക്ഷേ പണമില്ലാത്തവരോ അവര്‍ക്ക് ഒന്നും ചെയ്യാനാവില്ല. അവരുടെ വീടുകള്‍ താഴ്ചയില്‍ തന്നെ നില്‍ക്കും.

വീണ്ടും ഭൂമിശാസ്ത്രം മാറി

റോഡ് ഉയര്‍ത്തിയപ്പോഴും ആ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മാറിയെന്ന് പറഞ്ഞല്ലോ. ഇപ്പോള്‍ അടുത്തുള്ള പറമ്പുകളിലും മാറ്റങ്ങളുണ്ടായി. അതായത് ആ സ്ഥലത്തിന് വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരുദ്യോഗസ്ഥന്‍ നടത്തിയ പഠനത്ത് എന്തെങ്കിലും വിലയുണ്ടോ ഇനി? ഒരിക്കലുമില്ല.

മഴയെത്തുമ്പോള്‍ എന്ത് സംഭവിക്കും? പറമ്പ് ഉയര്‍ത്തിയവരുടെ വീടുകളില്‍ വെള്ളം കയറില്ല. മറ്റുള്ളവരുടെ കാര്യമോ? മുമ്പ് ഒരടി വെള്ളം കയറിയിടത്ത് അതേ അളവ് മഴയാണ് കിട്ടുന്നതെങ്കില്‍ തന്നെ രണ്ടടിയേക്കാള്‍ കൂടുതല്‍ വെള്ളം കയറും. കാരണം റോഡിന്റെ അത്രയും സ്ഥലത്തും ഉയര്‍ത്തിയ പുരയിടത്തിന്റെ അത്രയും സ്ഥലത്ത് വെള്ളത്തിന് കയറാനാവില്ല. ആ വെള്ളം ഭൌതികശാസ്ത്ര നിയമങ്ങളനുസരിച്ച് താഴ്ന്ന സ്ഥലത്തേക്ക് ഒഴുകും. കൂടുതല്‍ മഴയാണുണ്ടാകുന്നതെങ്കില്‍ ദുരിതം കൂടുതലാകും.

റോഡ് ഉയര്‍ത്താനുള്ള മണ്ണ്

ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നാണ് അതിനുള്ള കരിങ്കല്ലും മണ്ണും കൊണ്ടുവരുന്നത്. പശ്ഛിമഘട്ടത്തില്‍ നിന്ന്. ഇങ്ങനെ മണ്ണ് കൊണ്ടുവരുന്നതിന് ഒരുപാട് ദോഷ വശങ്ങളുണ്ട്. ഒന്നാമതായി മലയില്‍ നിന്ന് മണ്ണെടുക്കുന്നത് അവിടുത്തെ ഭൂമിശാസ്ത്രത്തെ മാറ്റുന്നു. പിന്നെ അവിടെ എന്ത് നടക്കും എന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല. മണ്ണൊലിപ്പ് തൊട്ട് ഉരുള്‍പൊട്ടല്‍ വരെ കാരണമായേക്കുകയോ തീവൃമാകുകയോ ചെയ്യാം.

മണ്ണ് ലക്ഷ്യ സ്ഥാനത്ത് എത്തിക്കണമെങ്കില്‍ വണ്ടിയില്‍ എണ്ണ കത്തിക്കണം. അതുവഴി വളരേധികം നിറവും മണവും ഇല്ലാത്ത കാര്‍ബണ്‍ ഡൈ ഓക്സൈഡുള്‍പ്പടെയുള്ള വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നു. ഈ ഹരിതഗൃഹ വാതകങ്ങള്‍ ഇപ്പോള്‍ തന്നെ തീവൃകാലാവസ്ഥക്ക് കാരണമാകുന്ന ആഗോളതപനത്തെ കൂടുതല്‍ തീവൃമാക്കും. അതായത് ശരിക്ക് പ്ലാന്‍ ചെയ്യുകയാണെങ്കില്‍ മണ്ണ് അടിക്കുന്നത് വഴിയുള്ള വെള്ളപ്പൊക്കത്തേയും കൂടി കണക്കാക്കി വേണം റോഡിന്റെ പൊക്കം കൂട്ടുന്നത്.

റോഡിന് മാത്രമല്ല, പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണ് വേണം. ഉയര്‍ന്ന ആവശ്യകതയുണ്ടാകുന്നതിനാല്‍ അവിടെ ഒരു മാഫിയ വല്‍ക്കരണം സാദ്ധ്യമാണ്. അതിന്റെ ഒരു ഉദാഹരണമാണല്ലോ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഒരു വീട്ടുടമസ്ഥന്‍ മണ്ണ് മാഫിയയാല്‍ കൊലചെയ്യപ്പെട്ടത്.

ക്വാറികള്‍ അവരുടെ കമ്പോളം കണ്ടെത്തുന്നു

2018ലെ പ്രളയം കഴിഞ്ഞ് ഉടന്‍ തന്നെ കേരള സര്‍ക്കാര്‍ തുടര്‍ പ്രവര്‍ത്തനത്തിന് അനുമതി കൊടുത്ത ആദ്യ വ്യവസായം ക്വാറി വ്യവസായം ആണെന്നതില്‍ നിന്നും അവരുടെ ശക്തി മനസിലാക്കാവുന്നതാണ്. പക്ഷേ സിനിമയില്‍ നിന്ന് നാം പഠിക്കുന്ന വില്ലനെ കണ്ടെത്തി അവനെ ശിക്ഷിക്കുന്ന രീതിപോലെ നാം ക്വാറിക്കാരെ ദുഷ്ടന്‍മാരായി ചിത്രീകരിക്കുമ്പോള്‍ അതിന്റെ മറുവശം മറന്ന് പോകുകയാണ്. കേരളത്തിലെ ഓരോ വ്യക്തിക്കും പ്രതിവര്‍ഷം 200 ടണ്‍ എന്ന കണക്കിലാണ് പാറ പൊട്ടിക്കുന്നത്. ഈ പാറ എവിടേക്കാണ് പോകുന്നത്? ഇത്രയും പാറ നമ്മുടെ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ? ഇല്ല. അതിലെ ഒരു ഭാഗം ഇതുപോലെ അനാവശ്യമായി റോഡ് ഉയര്‍ത്താനും ഉപയോഗിക്കുന്നു.

30 വര്‍ഷത്തേക്കുള്ള റോഡ്

എന്തെങ്കിലും ചെയ്യുമ്പോഴും വാങ്ങുമ്പോഴുമൊക്കെ ദശബ്ദങ്ങള്‍ക്ക് വേണ്ടി ആസൂത്രണം ചെയ്ത് സംതൃപ്തിയടയുക എന്നത് ആളുകളുടെ ഒരു സ്വഭാവമമാണ്. വികസനത്തിന്റെ കാര്യത്തില്‍ അത് പറയുകയും വേണ്ട. (1). റോഡ് ഉയര്‍ത്തുന്നത് വെള്ളം കയറി റോഡ് നശിക്കാതിരിക്കാനാണ് എന്നതാണ് ഒരു വാദം. തീര്‍ച്ചയായും വെള്ളം കെട്ടിക്കിടക്കുന്നത് റോഡിന് നാശമുണ്ടാക്കും. അതിന് പരിഹാരം റോഡ് ഉയര്‍ത്തുകയല്ല. പകരം കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി പോകാന്‍ അവസരമുണ്ടാക്കുക എന്നതാണ്. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ സ്ഥലത്തിന്റെ ഭൂമിശാസ്ത്രം മാറ്റുന്നത് ചിലപ്പോള്‍ ഗുണത്തേക്കാള്‍ ദോഷമായിരിക്കും ഉണ്ടാക്കുക. (2)

എന്നാല്‍ ഉയര്‍ത്തി പണിത ദേശീയ പാതപോലും കുണ്ടും കുഴിയുമായി മാറുന്നത് വെള്ളപ്പൊക്കം കാരണമാണോ? അല്ല. റോഡിന് ഏറ്റവും നാശമുണ്ടാക്കുന്നത് റോഡിന്റെ തന്നെ ഉപയോഗിമായ ഗതാഗതമാണ്. പല വേഗത്തിലും പല ഭാരത്തിലും റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ തന്നെയാണ് റോഡ് ഏറ്റവും കൂടുതല്‍ നശിപ്പിക്കുന്നത്. കോണ്‍ക്രീറ്റ് ചെയ്യുകയാണ് പരിഹാരം. അതും ഉറപ്പില്ല. ചിലവിന്റെ കാര്യം പറയുകയും വേണ്ട. സിമന്റ് നിര്‍മ്മാണത്തിന്റെ പാരിസ്ഥിതികവും കാലാവസ്ഥാപരവും ആയ നാശവും പറയേണ്ട.

ചെരിപ്പിനനുസരിച്ച് കാല് മുറിക്കുക

റോഡ് ഉയരം കൂട്ടുന്നതിന്റെ ഒരു ന്യായം ഓടയുടെ alignment ആണ്. ഓട ഉയരത്തില്‍ നിന്ന് താഴ്ചയിലേക്ക് alignment ഉണ്ടെങ്കില വെള്ളം ഒഴുകൂ. അതുകൊണ്ട് ഓടകള്‍ തുടങ്ങുന്ന സ്ഥലത്ത് അത് തറ നിരപ്പിനോട് ചേര്‍ന്ന നിലയിലാണ്. അതും മനസിലാക്കാം. പക്ഷെ ഒരു പ്രശ്നം ഓട നിര്‍മ്മിക്കാനുപയോഗിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകളാണ്. അവക്കെല്ലാം ഒരേ വലിപ്പമാണ്. അതുകൊണ്ട് ഓട തുടങ്ങുന്ന സ്ഥലത്ത് ഈ കോണ്‍ക്രീറ്റ് ബ്ലോക്ക് തറയില്‍ നിന്ന് ഉയര്‍ന്നിരിക്കും. അതുകൊണ്ട് റോഡ് അത്രയും പൊക്കേണ്ടി വരുന്നു. മുന്നോട്ട് പോകുന്നതിനനുസരിച്ച് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ കൂടുതല്‍ കൂടുതല്‍ ആഴത്തില്‍ കുഴിച്ചിടുന്നു.

ശരിക്കും കാല് മുറിക്കുന്ന അതേ നയം. കഷ്ടം. സത്യത്തില്‍ പല പൊക്കമുള്ള കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ തറ നിരപ്പില്‍ ഒരു നിരപ്പിലും ദൂരം കൂടുതുന്നതിനനുസരിച്ച് കൂടുതല്‍ വലിയ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് ഓടയുടെ അകത്തെ alignment വെള്ളമൊഴുക്ക് പരിപാലിക്കുന്ന തരത്തിലായിരുന്നു ചെയ്യേണ്ടിയിരുന്നത്. പണ്ട് അതിന് വേണ്ടി ഓട അവിടെ നിര്‍മ്മിച്ചെടുക്കുകയും അവസാനം സ്ലാബ് ഇട്ട് മുകള്‍ വശം മൂടുകയുമായിരുന്നു. ഇന്ന് പണിക്കൂലി കുറക്കാനായും എളുപ്പത്തിനും വേണ്ടി സ്ഥിര വലിപ്പമുള്ള ഈ റഡിമേയ്ഡ് കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിക്കുന്നു.

30 വര്‍ഷത്തേക്കുള്ള മഴയുടെ തോത് നിശ്ചയിച്ച ദൈവം

Rescue workers in the flooded village of East Cowick, Yorkshire on Saturday. Photograph: Danny Lawson/PA

ഓടക്കുപയോഗിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ക്ക് രണ്ട് വശത്തും നാല് അഞ്ച് ദ്വാരങ്ങളുണ്ട്. ഒരു പേനയുടെ വണ്ണത്തോളം വലിപ്പമുണ്ടാകും. റോഡിന്റെ വശത്തുള്ള പുരയിടത്തിലെ വെള്ളം മണ്ണിലൂടെ ഊര്‍ന്നിറങ്ങി ദ്വാരങ്ങളിലൂടെ ഓടയിലെത്തി ഒഴുകിപ്പോകും എന്നാണ് എഞ്ജിനീയര്‍ പറയുന്നത്. ഈ റോഡ് പണിയുന്നത് 30 വര്‍ഷത്തേക്കാണെന്നല്ലോ അവര്‍ പറയുന്നത്. ഈ 30 വര്‍ഷം ആ പുരയിടങ്ങളില്‍ വീഴുന്ന വെള്ളത്തിന്റെ അളവ് സ്ഥിരമായിരിക്കുമോ? ആ ദ്വാരങ്ങളിലൂടുള്ള ഒഴുക്കിന്റെ തോതിനേക്കാള്‍ കൂടുതല്‍ മഴയുടെ തോത് ഉയര്‍ന്നാല്‍ എന്ത് സംഭവിക്കും? അന്തരീക്ഷത്തിന്റെ താപനില വര്‍ദ്ധിക്കുമ്പോള്‍ അതിന് കൂടുതല്‍ നീരാവിയെ ഉള്‍ക്കൊള്ളാനാകും. അത് സാദ്രീകരിക്കുമ്പോള്‍ ആ വെള്ളം മുഴുവന്‍ മഴയായി വീഴുകയാണ്. നമ്മുടെ നാട്ടില്‍ മഴത്തുള്ളിക്കുണ്ടായ മാറ്റം പ്രകടമാണ്. അരമണിക്കൂര്‍ മഴ മതി മുറ്റം മുഴുവന്‍ വെള്ളം നിറയാന്‍. രണ്ടാഴ്ചക്ക് മുമ്പ് ബ്രിട്ടണില്‍ നടന്ന വെള്ളപ്പൊക്കത്തില്‍ രാവിലെ 4 മണിക്ക് പോലീസ് വീടുകളില്‍ മുട്ടിവിളിച്ച് ആളുകളോട് ഒഴിഞ്ഞ് മാറണമെന്നാണ് പറഞ്ഞത്(4).

തീവൃകാലാവസ്ഥാ മാറ്റത്തിന്റെ ഈ കാലത്ത് മെക്കാളെയുടെ പാഠപുസ്തകങ്ങളിലെ സ്ഥിരത പ്രതീക്ഷിക്കാനാകുമോ

താല്‍ക്കാലിക ലാഭത്തിനായി റോഡ് പണിയുടെ ബഡ്ജറ്റ് ഉയര്‍ത്താനായി റോഡും ഉയര്‍ത്തുന്ന നിങ്ങളുടെ പ്രവര്‍ത്തി പശ്ഛിമഘട്ടത്തിലേയും തീരപ്രദേശത്തേയും പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്.

അതുകൊണ്ട് കാലാവസ്ഥാമാറ്റം കൂടുതല്‍ തീവൃമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് സര്‍ക്കാരുകള്‍ 100 വര്‍ഷം മുമ്പുള്ള പാഠപുസ്തകങ്ങളുടെ അടിസ്ഥാനത്തിലോ, കാറുകാരുടെ പരസ്യത്തിന്റെ അടിസ്ഥാനത്തിലോ, അന്യ പ്രദേശങ്ങളിലെ റോഡുകള്‍ കേവലം ഒരു പ്രാവശ്യം കണ്ടതിന്റെ മതിപ്പിന്റെ അടിസ്ഥാനത്തിലോ റോഡ് പണിയരുത്. പ്രകൃതിയെ ഒരിക്കലും നിയന്ത്രിക്കാനാവില്ല. അതുമായി യോജിച്ച് പോകുക എന്നതാണ് ശരിയായ കാര്യം. ഏറ്റവും കുറവ് മാറ്റങ്ങളുണ്ടാക്കുന്നത തരത്തിലെ സുസ്ഥിര വികസന പരിപാടികള്‍ നടത്തുക. ഗ്രാമീണ റോഡുകള്‍ ഒരിക്കലും ഉയര്‍ത്താതിരിക്കുക. വെള്ളത്തിന് ഒഴികി പോകാനുള്ള ഇടം നിര്‍മ്മിക്കുക.

ഏത് പദ്ധതിയായാലും അത് ആസൂത്രണം ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനമായും പ്രാധമികമായും ശ്രദ്ധിക്കേണ്ട കാര്യം ആ പദ്ധതി ആഗോളതപനത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ്. എത്രമാത്രം കാര്‍ബണ്‍ കാല്‍പ്പാട് ആ പദ്ധതിക്കുണ്ട് എന്ന് ആദ്യം കണ്ടെത്തണം. അത് കുറക്കാനെന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യണം. എന്നിട്ടും കാര്‍ബണ്‍ കാല്‍പ്പാട് കൂടുതലാണെന്ന് കണ്ടാല്‍ ഭാവിയെ കരുതി പദ്ധതി ഉപേക്ഷിക്കുന്നത് തന്നെയാകും നല്ലത്.

നിങ്ങളിപ്പോഴും കാര്യങ്ങളുടെ ഗൌരവം മനസിലാക്കിയിട്ടില്ലെന്ന് അറിയാം. ആസൂത്രിതമായ ഒരു ജീവിതം ഭൂമിയില്‍ അസാദ്ധ്യമാകുന്ന അവസ്ഥയിലേക്കാണ് പോകുന്നത്(3). ചെറിയ ഒരു കൂട്ടം അതി സമ്പന്നരും അവരുടെ കുറച്ച് ശിങ്കിടികളും ഒഴിച്ച് ബാക്കിയെല്ലാവരും അഭയാര്‍ത്ഥികളായി മാറുന്ന ഒരു സ്ഥിതിയാകും ഉണ്ടാകുക. അതിലേക്ക് നിങ്ങളുടെ കുട്ടികളേയും അവരുടെ പരമ്പരകളേയും തള്ളിയിടണോ എന്നതാണ് നിങ്ങള്‍ സ്വയം ചോദിക്കേണ്ട ചോദ്യം.

***

1. വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

2. അമിതമായ എഞ്ജിനീയറിങ്ങ് മിസിസിപ്പി നദിയിലെ വെള്ളപ്പൊക്കത്തെ വഷളാക്കി

3. എന്താണ് ആസൂത്രിത ജീവിതം

4. https://www.ceh.ac.uk/news-and-media/news/expert-analysis-record-breaking-february-floods


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

6 thoughts on “ഗ്രാമീണ റോഡുകള്‍ ഉയര്‍ത്തരുത്

 1. കേരളത്തിന് മുകളില്‍ ഒരു വലിയ മേല്‍ക്കൂര സ്ഥാപിച്ചാല്‍ വെള്ളം മണ്ണില്‍ വീഴാതെ നേരെ കടലിലേക്ക് ഒഴുക്കൂടേ ഉദ്യോഗസ്ഥാ (കണ്‍സണ്‍ട്ടന്റ്)….

  കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; KSRTC ബസ് സ്റ്റാൻഡിൽ വെള്ളം കയറി

 2. പശ്ഛിമഘട്ടം മുഴുവന്‍ ഇടിഞ്ഞ് പോരാന്‍ സാദ്ധ്യതയുള്ള സ്ഥലമാണ്. മഴത്തുള്ളിയുടെ വലിപ്പം മാത്രമാണ് അത് തീരുമാനിക്കുന്നത്.
  പക്ഷേ മഴത്തുള്ളി മനുഷ്യഭാഷയില്‍ അത്തരം മുന്നറീപ്പ് നല്‍കില്ല എന്നതാണ് കുഴപ്പം.
  അറിവുള്ളവര്‍ പണ്ടുമുതലേ പറയുന്നതാണ് ദുരന്തവികസനം പാടില്ല എന്നത്.

  Kochi Thuruthel Flat Flood

 3. റോഡുകള്‍ പുഴകളായി: ഗതാഗതക്കുരുക്ക്, ‘വാട്ടര്‍ പാര്‍ക്കായി’ ഗുരുഗ്രാം
  ന്യൂഡല്‍ഹി: ഗുരുഗ്രാം നഗരത്തില്‍ ഗതാഗതക്കുരുക്കിനും താഴ്ന്നപ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും വഴിയൊരുക്കി കനത്തമഴ. മില്ലേനിയം നഗരമായ ഗുരുഗ്രാം പൂര്‍ണമായു…
  പ്രധാനറോഡുകളും അടിപ്പാതകളിലും പാര്‍പ്പിട മേഖലയിലും വെളളക്കെട്ടുണ്ടായി. റോഡുകള്‍ പുഴകളായതോടെ ഗതാഗതം തടസ്സപ്പെട്ടു.
  https://www.mathrubhumi.com/news/india/gurgaon-resembling-an-ocean-after-heavy-rain-1.4990274

 4. കിണറിന് മുകളില്‍ റോഡ്; ഓടയ്ക്ക് ന‌ടുവില്‍ വൈദ്യുതി പോസ്റ്റ്; തോന്നുംപടി നിര്‍മാണം; അനാസ്ഥ | Naduvann

  നടുവണ്ണൂര്‍ കൂട്ടാലിട റോഡ് ഓവുചാല്‍

 5. ഇതിന്റ ഒരു കാരണം റോഡുകള്‍ അനാവശ്യമായി ഉയര്‍ത്തുന്നതാണ്.
  പത്തനംതിട്ട മാത്തൂരില്‍ അനധികൃത മണ്ണ് കടത്തല്‍ | Illegal soil smuggling

 6. തലസ്ഥാനത്ത് കനത്ത മഴ, തമ്പാനൂരടക്കം നഗരത്തിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷം Heavy rain in Kerala

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )