എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം

മുതലാളിത്തമാണ് അവരുടെ ദൈവം,
ലിബറലിസം ആണ് അവരുടെ മതം,
കമ്പോളമാണ് അവരുടെ പള്ളി.

വ്യക്തിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുകയാണ് രാഷ്ട്രീയത്തിന്റെ കേന്ദ്ര പ്രശ്നം എന്ന് വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ സിദ്ധാന്തം ആണ് ലിബറലിസം. വ്യക്തിയുടെ സ്വയംഭരണം, അവസരങ്ങളുടെ തുല്യത, വ്യക്തിയുടെ അവകാശങ്ങളുടെ (പ്രധാനമായും ജീവന്‍, സ്വാതന്ത്ര്യം, സ്വത്ത്) സംരക്ഷണം ഇവയാണ് ഭരണകൂടത്തിന്റെ ധര്‍മ്മം എന്ന് അതിന്റെ വിശ്വാസികള്‍ കരുതുന്നു. എങ്കിലും ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് തടസമാകാന്‍ സാദ്ധ്യതയുണ്ടെന്നും അവര്‍ മുന്നറീപ്പ് നല്‍കുന്നു.

ജന്മിത്വ വ്യവസ്ഥയിലെ വിധി എന്ന് പറയുന്ന തൊഴിലുകള്‍ ചെയ്യുന്നതിന് പകരം, സര്‍ക്കാരിന്റേയോ, സ്വകാര്യ കുത്തകകളുടേയോ നിയന്ത്രണമില്ലാതെ മല്‍സരാത്മക കമ്പോളത്തില്‍ സ്വകാര്യ ഉടമസ്ഥതയിലെ ഉത്പാദനത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്ക് സമ്പദ്‌വ്യവസ്ഥയില്‍ അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പ്രയത്‌നിക്കാനുള്ള സ്വതന്ത്ര്യമുണ്ടെങ്കില്‍ ആ സമൂഹം അഭിവൃദ്ധി പ്രാപിക്കും എന്നാണ് ലിബറല്‍ ചിന്തകര്‍ നല്‍കുന്ന വാഗ്ദാനം.

അതായത് ഇറച്ചിവെട്ടുകാരന്‍, ബേക്കറിക്കാരന്‍, കള്ളുണ്ടാക്കുന്നവന്‍ തുടങ്ങിയ എല്ലാവരും അവരവരുടെ ജോലി ചെയ്താല്‍ അഥവ കര്‍മ്മം ചെയ്താല്‍ സമൂഹത്തിന് മൊത്തം ഗുണം കിട്ടം, സമൂഹം മൊത്തം അഭിവൃദ്ധി പ്രാപിക്കും എന്നതാണ് അവരുടെ സിദ്ധാന്തം.

മുതലാളിത്തം നിര്‍മ്മിക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ അടിസ്ഥാനമാണ് ലിബറലിസം എന്ന ഈ ആശയം. അവനവന്‍ അവനവന്റെ കാര്യം നോക്കി ജീവിച്ചാല്‍ എല്ലാം ശരിയായിക്കോളും. അഥവാ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ അത് ആ വ്യക്തിയുടെ മാത്രം കുഴപ്പമാണ്. അതായത് ലിബറലിസം എന്നത് അടിസ്ഥാനപരമായി ഒരു കേവലവാദമാണെന്ന് വ്യക്തം(1). നമ്മുടെ ശ്രദ്ധയെ പരിമിതപ്പെടുത്തി മുതലാളിത്തത്തെ ന്യയീകരിക്കുകയും, വെള്ളപൂശുകയും, മുതലാളിത്ത വളര്‍ച്ചക്കുള്ള ചുറ്റുപാടുണ്ടാക്കുകയും ചെയ്യുന്ന ലിബറലിസം എന്ന ആശയം ശരിക്കും ഒരു തട്ടിപ്പാണ് എന്നതാണ് സത്യം.

മനുഷ്യന് സ്വതന്ത്രനായി നിലനില്‍ക്കാനാകുമോ

അതാണ് ആദ്യം ചോദിക്കേണ്ട ചോദ്യം. മുമ്പ് എഴുതിയിരുന്നത് പോലെ (2) മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. അവന് ഒറ്റക്ക് നില്‍ക്കാനാകില്ല. നാം കഴിക്കുന്ന അരി ആന്ധ്രയിലെ ഒരു കര്‍ഷകന്റെ പാടത്ത് നിന്ന് വന്നതാകാം. നാം ഇടുന്ന ഉടുപ്പ് തുന്നിയത് ബംഗ്ലാദേശിലെ ഒരു പെണ്‍കുട്ടിയാകാം. നമ്മുടെ മൊബൈല്‍ ഫോണ്‍ ചൈനയിലെ ഒരുകൂട്ടം തൊഴിലാളികള്‍ നിര്‍മ്മിച്ചതാകാം. നാം കഴിച്ച മരുന്ന് അമേരിക്കയിലെ ഒരുകൂട്ടം തൊഴിലാളികളുടെ അദ്ധ്വാനമാകാം. എന്തിന് നമ്മുടെ ജനനത്തിന് പോലും ധാരാളം ആളുകളുടെ സഹായം വേണം. അങ്ങനെ ആ സങ്കീര്‍ണ്ണത വികസിച്ച് കിടക്കുന്നു. അതുകൊണ്ട് നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ നിമിഷവും കോടിക്കണക്കിന് ആളുകളുടെ സഹായത്തോടെയാണ് കഴിഞ്ഞുകൂടുന്നത്.

ആദിമ ഗോത്ര ജീവിത്തിലായാലും ഇന്നത്തെ ആധുനിക ജീവിതത്തിലായാലും നാം സമൂഹത്തിന്റെ സഹായത്താലാണ് ജീവിക്കുന്നത്. പണ്ടത്തെ ആദിമ ഗോത്രത്തില്‍ നമുക്ക് പരിചിതരായ ആളുകളുടെ സഹായം കിട്ടുമ്പോള്‍ ആധുനിക സമൂഹത്തില്‍ നമുക്ക് ഒരിക്കലും കാണാന്‍ കഴിയാത്ത ആളുകളുടെ സഹായം കിട്ടുന്നു. അത്തരത്തില്‍ കോടിക്കണക്കിന് ആളുകളുടെ അദ്ധ്വാനത്തെ കൃത്യമായി ആസൂത്രണം ചെയ്യുകയും അത് വിതരണം ചെയ്യാനുമുള്ള ഭൌതികവും സാമൂഹ്യവും ആയ ഘടനകള്‍ നമുക്ക് നിര്‍മ്മിക്കാനായതുകൊണ്ടാണ് ഇന്ന് ഇത്രത്തോളം വലിയ വ്യവസ്ഥയായി അത് മാറിയത്.

എന്നാല്‍ അതെല്ലാം പണം എന്ന ഒരു മറവിന് അപ്പുറത്തായതിനാല്‍ നമുക്കതൊന്നും നേരിട്ട് കാണാന്‍ കഴിയില്ല. അതുകൊണ്ട് കടയില്‍ പോയി ഒരു കിലോ അരി വാങ്ങുമ്പോഴോ, ഒരു കമ്പ്യൂട്ടര്‍ വാങ്ങുമ്പോഴോ നാം അബോധമായി അവയെല്ലാം കടയില്‍, കമ്പോളത്തില്‍ താനെ മുളച്ച് വന്നതാണെന്ന് മിധ്യാഥാരണക്ക് അടിമപ്പെടുന്നു. ആ കടക്ക് അപ്പുറമുള്ള ഒരു കാര്യവും നാം ഗൌനിക്കില്ല. നമ്മുടെ അവഗണനയെ മറികടന്ന് അവ നമ്മുടെ മുന്നില്‍ വന്നാല്‍ പോലും അതെല്ലാം ശല്യം എന്ന് കാണാനുള്ള പരിശീലനവും ലിബറലിസം നല്‍കുന്നു. (3)

ഒരു പണിയും ഇല്ലാവത്തവര്‍ സമരം ചെയ്യുന്നു. എനിക്ക് അത് ബാധകമല്ല. എന്റെ കാര്യം മാത്രമേ എനിക്ക് പ്രാധാന്യമായുള്ളു. എനിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട് അത് ഒരിക്കലും തടയാന്‍ പാടില്ല. ഈ ബോധമാണ് അത് എല്ലാവരിലും ഉണ്ടാക്കുന്നത്.

ഒരേ സമയം നമ്മേ നല്ല ഉപഭോക്താവും, ആ ഉപഭോക്താവാകാന്‍ വേണ്ട പണം കണ്ടെത്താനായി അദ്ധ്വാന ശക്തി വില്‍ക്കുന്ന ഒരു പരാതിയും ഇല്ലാത്ത അടിമായായും അത് മാറ്റുന്നു.

അനാവശ്യമായ ആവശ്യങ്ങളുടെ കുത്തൊഴുക്ക് ശമിപ്പിക്കാന്‍ പണം കൂടിയേതീരൂ. പണമില്ലാത്തവനെ മോശക്കാരനായി കാണാനും ലിബറലിസം സമൂഹത്തെ പഠിപ്പിക്കുന്നു. സിനിമ ഉള്‍പ്പടെയുള്ള മാധ്യമങ്ങളുടെ പ്രധാന കടമ അതാണ്. പ്രായപൂര്‍ത്തിയായ ഒരു പുരുഷന്‍ ബസില്‍ ഇരിക്കുന്നത് കണ്ടാല്‍ അയാളെ ഒരു പരാജയമാണെന്ന് കണക്കാണം എന്നാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഒരിക്കല്‍ പറഞ്ഞത്.

ലിബറലിസം അങ്ങനെ വ്യക്തിയെ ഒരു വ്യാജമായ അയഥാര്‍ത്ഥ ലോകത്തിലെ വ്യാജമായ സ്വാതന്ത്ര്യം കാംഷിക്കുന്ന തിരിച്ചറിവില്ലാത്ത അടിമയാക്കുന്നു. ആ വ്യാജങ്ങളെ എല്ലാം ലിബറലിസം ബാധിച്ചവര്‍ യാഥാര്‍ത്ഥ്യമായി കാണുന്നു.

വ്യക്തിക്ക് എന്തുകൊണ്ട് സ്വതന്ത്രനാകാന്‍ കഴിയുന്നു

ലിബറലിസം പറയുന്ന വ്യക്തിയുടെ സ്വാതന്ത്ര്യം തനിയെ കിട്ടുന്ന ഒന്നല്ല. മനുഷ്യന് അവരന്റെ ദൈനംദിന ജീവിതം തള്ളിനീക്കാന്‍ ധാരാളം വസ്തുക്കളും സേവനങ്ങളും വേണം. പണ്ടത്തെ വ്യവസ്ഥയില്‍ അത് എല്ലാവരും അദ്ധ്വാനിച്ച് ഏകദേശം തുല്യമായി വിതരണം ചെയ്ത് നേടിയെടുക്കുന്നു. ഇന്നത്തെ വ്യവസ്ഥയില്‍ അത് നല്‍കുന്നത് കമ്പോളമാണ്. കാരണം ആരും അവനവന് വേണ്ട വസ്തുക്കളും സേവനങ്ങളും സ്വന്തം കുടുംബത്തിലോ ഗ്രാമത്തിലോ നഗരത്തിലോ എന്തിന് രാജ്യത്തോ നിര്‍മ്മിക്കുന്നില്ല. അതായത് ഇന്ന് കമ്പോളം ഇല്ലെങ്കില്‍ ഈ വ്യവസ്ഥയിലെ വ്യക്തിക്ക് സ്വതന്ത്രനാകാന്‍ കഴിയില്ല. നിങ്ങള്‍ക്ക് വേണ്ട അരി ആന്ധ്രയിലെ ഒരു കര്‍ഷകന്‍ ഉത്പാദിപ്പിച്ചെങ്കിലേ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടു. അതും ഏറ്റവും കുറഞ്ഞ വിലക്ക് അത് അയാളെ കൊണ്ട് വില്‍പ്പിക്കയും വേണം. നിങ്ങള്‍ക്ക് അത് കൂടിയ വില കൊടുത്ത് വാങ്ങാതെ ജീവന്‍ നിലനിര്‍ത്താനും ആവില്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന അദ്ധ്വാനശക്തി തീര്‍ച്ചയായും വിറ്റ് അതിന്റെ മൂല്യം പണമായി നേടിയിരിക്കുകയും വേണം. വില്‍പ്പനക്കാരും വാങ്ങല്‍കാരും ഉള്‍പ്പടെ എല്ലാവരേയും അതിന് നിര്‍ബന്ധിക്കുന്ന സാഹചര്യം ലിബറലിസം നിര്‍മ്മിക്കും.

കമ്പോളത്തില്‍ നിന്ന് ഒന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് അത് നല്‍കുന്നത്. 35 സോപ്പുകളില്‍ നിന്ന് ഒരു സോപ്പ് തെരഞ്ഞെടുക്കാനോ, 12 പാര്‍ട്ടികളില്‍ നിന്ന് ഒരു പാര്‍ട്ടിയേയോ വ്യക്തിയേയോ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. ആ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക് പോയേക്കണം. നിങ്ങളുടെ വിനോദത്തിനായി ധാരാളം പരിപാടികള്‍ വ്യവസ്ഥ നല്‍കുന്നുണ്ട്. അത് കണ്ട് സന്തോഷിച്ച് മിണ്ടാതിരുന്നോണം.

ചുരുക്കത്തില്‍ ഒരു വ്യക്തിക്ക് വേണ്ട സാധാനങ്ങള്‍ വേറെ ആരോ നിര്‍മ്മിക്കുന്നതിനാലാണ് ആ വ്യക്തിക്ക് സ്വതന്ത്രനാകാന്‍ കഴിയുന്നത്.

ശരിക്കും ഒരു ചെറു ന്യൂനപക്ഷത്തിന്റെ സ്വാതന്ത്ര്യം

സങ്കീര്‍ണ്ണതകളേയും വ്യാപ്തിയേയും സമയത്തേയും ഒക്കെ മറച്ച് വെച്ച് ലിബറലിസം സൃഷ്ടിക്കുന്ന മിഥ്യാ ലോകം നിര്‍മ്മിക്കുമ്പോള്‍ ഒരു ചെറിയ ന്യൂന പക്ഷത്തിന് എല്ലാ സൌകര്യങ്ങളും ആവശ്യത്തിലധികം കിട്ടും. ബാക്കി വരുന്ന ഭൂരിപക്ഷത്തിനോട് അവര്‍ക്കും ഒരു ദിവസം ആ ഉന്നത ജീവതം സാദ്ധ്യമാകും എന്ന വ്യാമോഹം സിനിമ ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലൂടെ നിരന്തരം നല്‍കിക്കൊണ്ടിരിക്കും. അങ്ങനെ അവരുടെ സമ്മതി നിര്‍മ്മിച്ചെടുക്കുന്നു.

അഥവാ അങ്ങനെ എത്താല്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ നിങ്ങളെ പോലുള്ള മറ്റേതോ ജാതിക്കാരോ രാജ്യക്കാരോ സ്വത്വങ്ങളോ അത് തട്ടിയെടുത്തതുകൊണ്ടാണെന്നും, അതുകൊണ്ട് നിങ്ങളവരോട് യുദ്ധം ചെയ്യണമെന്നും ആഹ്വാനം ചെയ്ത് ഭൂരിപക്ഷ ജനത്തെ തമ്മിലടിപ്പിക്കും. അതിന് ശക്തി കൂടുന്ന അവസരത്തില്‍ ഫാസിസമായി (4) അത് പ്രത്യക്ഷത്തില്‍ വരുകയും ചെയ്യും.

കമ്പോള സ്വാതന്ത്ര്യവാദം

അതുകൊണ്ട് ലിബറലിസക്കാര്‍ പറയുന്ന സ്വാതന്ത്ര്യം സത്യത്തില്‍ കമ്പോളത്തിലെ സ്വാതന്ത്ര്യമായതിനാലും, കമ്പോളത്തിന്റെ സംഭവാനയായതിനാലും അത് പറയുന്ന സ്വാതന്ത്ര്യം കമ്പോള സ്വാതന്ത്ര്യം ആണ്. അവരുടെ ചിന്ത സ്വതന്ത്ര ചിന്തയല്ല, കമ്പോള സ്വതന്ത്രചിന്തയാണ്. കമ്പോള ഫ്രീത്തിങ്കിങ്ങ്. വിശ്വസിക്കാന്‍ എളുപ്പമാണെങ്കിലും വ്യാമോഹിപ്പിക്കുന്ന ആ കെട്ടുകഥ തള്ളിക്കളയണം. യാഥാര്‍ത്ഥ്യം അതല്ല. അത് നിങ്ങളെ കൊണ്ട് കൂലിപ്പണി ചെയ്യിപ്പിക്കാനും നിങ്ങളുടെ പൌരത്വ അവകാശങ്ങളും നിങ്ങളെക്കൊണ്ട് തന്നെ ഇല്ലാതാക്കാനുമുള്ള വെറും തെറ്റിധരിപ്പിക്കലാണ്.

മുതലാളിത്തമാണ് അവരുടെ ദൈവം, ലിബറലിസം ആണ് അവരുടെ മതം, കമ്പോളമാണ് അവരുടെ പള്ളി.

അത് പൂര്‍ണ്ണമായും തള്ളിക്കളയുക.

***

നോട്ട്:

* ലിബറലിസത്തിന് ഇന്‍ഡ്യയില്‍ ഒരു സ്ഥാനവും ഇല്ലായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പുരോഗമന മുഖംമൂടിയിട്ട ചില വിദഗ്ദ്ധര്‍ അതിന്റെ പ്രചാരകരായി വന്നിട്ടുണ്ട്. വിവരങ്ങളുടെ കുത്തൊഴുക്കില്‍ അത്തരക്കാരുടെ വ്യാജ പ്രചരണങ്ങള്‍ പരമ്പരാഗതമായി തന്നെ ജനകീയ പക്ഷത്ത് നിന്നവരെ പോലും തെറ്റിധരിപ്പിക്കുന്ന സ്ഥിതിയാണ്. അത് സ്വാഭാവികമായി ഉണ്ടാകുന്നതല്ല. ലോകം ശരിക്കും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് വിക്കിലീക്സും മറ്റും വ്യക്തമാക്കിയത് ഓര്‍ക്കുക. അതുകൊണ്ട് സൂക്ഷിക്കുക. ആരുടേയും വാക്ക് വിശ്വസിക്കരുത്. നിരന്തരം ചോദ്യം ചോദിക്കുക. സ്വയം ഉത്തരം കണ്ടെത്തുക.

* ഭാഗം 2 – ഒരു ബേക്കറിക്കാരന്റെ സ്വതന്ത്ര ചിന്ത

* ഭാഗം 3 എങ്ങനെയുള്ള മനുഷ്യരാണ് സ്വതന്ത്രര്‍

അനുബന്ധം:

1. എന്താണ് കേവലവാദം
2. സമൂഹത്തെ സൃഷ്ടിച്ചത് എന്തിനാണ്?
3. പക്ഷെ ലോകം പ്രവര്‍ത്തിക്കുന്നത് കേവലവാദപരമല്ലാത്തതിനാല്‍ എന്നെങ്കിലും ഒരിക്കല്‍ ആ പ്രശ്നങ്ങള്‍ കാലാവസ്ഥാ ദുരന്തമായോ മഹാമാരിയായോ ഏതെങ്കിലും രീതിയില്‍ അതി തീവൃമായി നമ്മേ തേടിയെത്തും എന്നതാണ് വാസ്തവം. ഉദാഹരണത്തിന് പണ്ട് കമ്പ്യൂട്ടറൈസേഷന്‍ കാരണം തൊഴില്‍ പോകുമെന്ന് ഭയന്നതിനെ കളിയാക്കപ്പോള്‍ ഇന്ന് അതേ കമ്പ്യൂട്ടര്‍ രംഗത്തെ system / db administratorമാര്‍ പുതിയ സാങ്കേത വിദ്യകള്‍ കാരണം പണി പോകുമെന്ന് ഭയപ്പെടുന്നവരാണ്.)
4. ഫാസിസം എന്നാൽ എന്ത്?
*.സ്വതന്ത്ര കമ്പോള പുരാണം എന്നത് ഒരു സ്വാതന്ത്ര്യ-കൊലയാളിയാണ്


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “എന്താണ് ലിബറലിസം അതായത് കമ്പോള സ്വതന്ത്രചിന്താവാദം

  1. alla ningal ee paranja kaaryangalil orupad kaaryangal namukk chindikkanum padikkanumullathaan enn njan manassilaakkunnathodoppam e lekhanathin ella vidha bhaavukangalum nerunnu
    emnn snehathode
    muhammed yassir ameen cc

Leave a reply to അജ്ഞാതന്‍ മറുപടി റദ്ദാക്കുക