സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് തെറിപ്പടകള്‍

കെ-റെയിലിന് എതിരെ സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തെറിവിളി സാമൂഹ്യ മാധ്യമങ്ങളിലുണ്ടാകുന്നു. കാരശേരി മാഷ്, കവി റഫീഖ് അഹ്മദ് തുടങ്ങി ധാരാളം പേര്‍ക്ക് ആ ദുരനുഭവം ഉണ്ടായി. അതോടെ രണ്ട് സംഘം ആളുകള്‍ രൂപീകൃതമായിരിക്കുകയാണ്. തെറിവിളി ആക്രമണം അനുഭവിച്ച ആളുകളെ അനുകൂലിക്കുന്നവരും അവരെ എതിര്‍ക്കുന്നവരും. അവരും കൂടിയിടപെട്ട് വമ്പന്‍ വാഗ്വാദങ്ങള്‍ അരങ്ങേറുന്നു. തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരു കൂട്ടം തെറിപ്പടകള്‍ വന്ന് തടയുന്നു എന്നാണ് അവരുടെ വിചാരം.*

ഇത് ആദ്യ സംഭവമല്ല. തെറിവിളിയുടെ ധാരാളം സംഭവങ്ങള്‍ നാം നിരന്തരം കേള്‍ക്കുന്നു. അത് വാര്‍ത്തയാകുന്നു. തെറിപറഞ്ഞവരെ പൊതു സമൂഹം അപലപിക്കുന്നു. വേറൊരു സമയത്ത് വേറൊരു മനുഷ്യനെതിരെ തെറിവിളി വീണ്ടും ഉണ്ടാകുന്നു. വാര്‍ത്തയാകുന്നു. അപലപിക്കുന്നു. ഇതല്ലാതെ നമുക്ക് പ്രതികരിക്കാന്‍ വേറൊരു വഴിയില്ലേ?

തെമ്മാടിക്കൂട്ടത്തോട് നിങ്ങള്‍ സംസാരിക്കുമോ

തെമ്മാടികളും, പിടിച്ചുപറിക്കാരും, കള്ളുകുടിയന്‍മാരും മറ്റ് ചീത്ത ആളുകള്‍ കൂടിയിരിക്കുന്ന ഒരു സ്ഥലത്ത് ചെന്ന് നിങ്ങള്‍ അവരോട് എന്തെങ്കിലും കാര്യം സംസാരിക്കുമോ? അവര്‍ നിങ്ങളോട് ഇടപെടാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ സഹകരിക്കുമോ? ഒരിക്കലുമില്ല. അത്തരക്കാരെ കണ്ടാല്‍ നാം ഉടനെ ആ സ്ഥലത്ത് നിന്ന് രക്ഷപെടാനാണ് നോക്കുക. ചന്തയിലെ ജനക്കൂട്ടത്തോട് നിങ്ങള്‍ തത്വചിന്ത പറയുമോ? ഒരിക്കലുമില്ല.

അതുപോലെ സാമൂഹ്യമാധ്യമങ്ങളും ഒരു തെമ്മാടിക്കൂട്ടമാണ്. തെമ്മാടികളുടെ ഒരു വലിയ ചന്ത. അവിടെ ചന്തയിലെ സ്വഭാവത്തിലെ നിങ്ങള്‍ ഇടപെടാവൂ. സത്യത്തില്‍ മാന്യന്‍മാരായ ആളുകളെ പോലും തെമ്മാടികളാക്കുന്നതാണ് സാമൂഹ്യ മാധ്യമങ്ങള്‍.

നിങ്ങള്‍ ആ സൈറ്റുകളില്‍ അകൌണ്ടെടുക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് എഴുതാനും പറയാനും ഒരു സൌജന്യ സ്ഥലം അവര്‍ തരുന്നു. ഒന്ന് ആലോചിച്ച് നോക്കൂ, ഏതെങ്കിലും ഒരു കച്ചവടക്കാരന്‍ സൌജന്യമായി എന്തെങ്കിലും തരുമോ? അത് മാത്രമല്ല ഈ കച്ചവടം ലോകത്തിലേക്കും ഏറ്റവും സമ്പന്നമായതാണുതാനും.

നിങ്ങള്‍ക്ക് എഴുതാന്‍ കിട്ടിയ സ്ഥലത്തില്‍ മതിമറന്ന് പോകുന്ന നിങ്ങള്‍ സത്യത്തില്‍ നിങ്ങളേയും തന്നെ അവര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. നിങ്ങളെ മാത്രമല്ല നിങ്ങളുടെ കുടുംബത്തേയും കൂട്ടുകാരേയും. അങ്ങനെയാണ് അവര്‍ ലാഭമുണ്ടാക്കുന്നത്. രഹസ്യാന്വേഷണ മുതലാളിത്തം എന്നാണ് അതിനെ വിളിക്കുന്നത്(1). അതോടൊപ്പം ആഗോള അധികാരികള്‍ക്ക് നിര്‍ണ്ണായക സമയത്ത് നിര്‍ണ്ണായക വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാനും അവര്‍ ഉദ്ദേശിക്കുന്നത തരം മനശാസ്ത്രം അവരില്‍ സൃഷ്ടിക്കാനും തങ്ങളുടെ വ്യവസായ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായ ഒരു സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടുണ്ടാക്കാനും വേണ്ടിയാണ് അവര്‍ ഈ ‘സേവനം’ നിങ്ങള്‍ക്ക് തരുന്നത്.

അതിനെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ഇവിടെ കൊടുത്തിട്ടുണ്ട്. https://neritam.com/facehook

വിര്‍ച്വല്‍ ലോകത്ത് വിര്‍ച്വല്‍ നിയമങ്ങളാണ്

നമ്മുടെ ഭൌതിക ജീവിത്തിലെ പോലെയുള്ള നിയമങ്ങളോ ചുറ്റുപാടോ അല്ല സാമൂഹ്യമാധ്യമങ്ങളിലുള്ളത്. നമ്മുടെ ശുദ്ധഗതികൊണ്ട് നാം നമുക്ക് മുമ്പില്‍ നടക്കുന്നതിനെ ഭൌതികജീവിത്തിലേതെന്ന പോലെ കാണരുത്.

ചില ഉദാഹരണങ്ങള്‍ പറയാം. കഠ്‌വാ സംഭവം ഉണ്ടായപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഹര്‍ത്താലിന് വേണ്ടി ഒരു ആഹ്വാനം ഉണ്ടായി. അടുത്ത ദിവസം പ്രാദേശിക ഇടതുപക്ഷവും, മുസ്ലീംലീഗും, കോണ്‍ഗ്രസും ചില സ്ഥലങ്ങളില്‍ അതിനനുസരിച്ച് ഹര്‍ത്താല്‍ നടത്തി. എന്നാല്‍ ഈ പാര്‍ട്ടികളുടെയൊന്നും സംസ്ഥാന ഘടകം ഇക്കാര്യം അറിഞ്ഞിരുന്നില്ല. പോലീസ് അന്വേഷണത്തില്‍ അത് കൊല്ലത്തുള്ള ഒരു RSS/BJP പ്രവര്‍ത്തകനാണ് ആദ്യത്തെ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത് എന്ന് കണ്ടെത്തി. കഠ്‌വായില്‍ നിഷ്ഠൂരമായ ഒരു കുറ്റകൃത്യം ചെയ്തു. ഇവിടെ അതേ ആശയക്കാരന്‍ അതിനെതിരെ ഹര്‍ത്താല്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്നു.

ശബരിമല വിവാദം ആക്കിയത് തന്നെ BJPയുടെ IT Cell ആണ്. RSS/BJP തുടക്കത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ കയറണം എന്ന പദ്ധതിയുള്ളവരായിരുന്നു. അതായത് വിവാദത്തിനായ അരങ്ങ് ഒരുക്കി. അതിനായി അവര്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും, പങ്കെടുക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ കേരളം പോലെ പ്രബുദ്ധ ജനതയുള്ള സ്ഥലത്ത് എങ്ങുനിന്നോ എതിര്‍പ്പ് തുടങ്ങി. ഇതുവരെ ഒരു സമരവും ചെയ്തിട്ടില്ലാത്ത നാണവും മാനവും ഇല്ലാത്ത പെണ്ണുങ്ങള്‍ തങ്ങള്‍ അശുദ്ധരാണെന്ന് വിളിച്ച് പറഞ്ഞ് തെരുവിലിറങ്ങി. പക്ഷെ അതേ RSS/BJP ന്റെ IT Cell കൊണ്ട് അത്തരം ഒരു പൊതു ബോധം അവര്‍ക്ക് സൃഷ്ടിച്ചതില്‍ നിന്നാണ് അത് സംഭവിച്ചത്. അവര്‍ ഒരുക്കിയ കെണിയില്‍ ഓരോരുത്തവരും വന്ന് വീണു എന്ന് അവര്‍ തന്നെ തുറന്ന് പറഞ്ഞില്ലേ? ഇന്‍ഡ്യയിലെവിടെയും രണ്ട് മണിക്കൂറില്‍ കലാപം സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും എന്നാണ് RSS/BJP IT cell ല്‍ നിന്ന് രാജിവെച്ച മഹാവീര്‍ പ്രസാദ് പറയുന്നത്. (2)

ശ്രീരാമകൃഷ്ണന്റെ സ്ഥാനാര്‍ത്ഥിത്വം, എന്തിന് യുക്തിവാദികളുടെ തമ്മിലടി ഇതിലെല്ലാം നിഴല്‍കുത്ത് പ്രവര്‍ത്തനം ഫലമായി വിവാദമാകാനാണ് സാദ്ധ്യത. പൂര്‍ണ്ണമായും അവര്‍ തന്നെ എല്ലാം ചെയ്യുന്നു എന്നല്ല. അവര്‍ വ്യാജ വേഷം കെട്ടി തുടക്കമിടും. ബാക്കിയുള്ളവര്‍ അവര്‍ ഒരുക്കിയെ കെണിയില്‍ തങ്ങളുടെ പങ്ക് വഹിക്കും.

നമ്മളോട് സംസാരിക്കുന്ന, തെറിവിളിക്കുന്ന ആളുകള്‍ ചിലപ്പോള്‍ നാം സംസാരിക്കുന്ന വിഷയവുമായി ഒരു ബന്ധവും ഇല്ലത്ത, നമ്മേ ഭിന്നിപ്പിക്കുന്ന ഏതോ സാമൂഹ്യമാധ്യമ ഫാക്റ്ററി തൊഴിലാളി ആകാം. അവരുടെ പ്രവര്‍ത്തനഫലമായി പുരോഗമന ആശയമുള്ളവര്‍ തമ്മിലടിച്ച് തകരുന്നു.

ഇതുകൂടാതെ ഇപ്പോള്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും എല്ലാം അവരെ അനുകരിച്ചുകൊണ്ട് സംഘടിതമായ സാമൂഹ്യമാധ്യമ ഫാക്റ്ററി നിര്‍മ്മിക്കുന്നുണ്ട്. എല്ലാ പുരോഗമന ആശയങ്ങളും സമൂഹത്തെ ഒത്ത് ചേര്‍ത്ത് ശക്തമാക്കണം എന്നുള്ളതാണ്. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളുപയോഗിക്കുന്നത് വഴി അവര്‍ സാമൂഹ്യമാധ്യമത്തിന്റെ ഒരു പ്രധാന ധര്‍മ്മമായ സമൂഹത്തെ രണ്ടായി വിഭജിച്ച് തമ്മിലടിപ്പിക്കുക എന്നതിന് സ്വന്തം അണികളെ കൂടി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കാരണം അള്‍ഗോരിഥം നിയന്ത്രിക്കുന്നത് അമേരിക്കയിലെ മുതലാളിയാണ് എന്ന് ഇപ്പോഴും പഴഞ്ചന്‍ ലോകത്ത് ജീവിക്കുന്ന ഈ വിവരദോഷികള്‍ അറിയുന്നില്ല. ഫേസ്‌ബുക്ക്-കേംബ്രിഡ്ജ് അനലക്റ്റിക സംഭവം ഇത്തരത്തിലെ പ്രവര്‍ത്തനത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നതാണ്.

ലോകം മൊത്തം സാമൂഹ്യമാധ്യമങ്ങള്‍ തെമ്മാടിത്തരമാണ് ചെയ്യുന്നത്

ഇത്തരം തെറിവിളികളുണ്ടാകുമ്പോള്‍ അതേ മാധ്യമങ്ങളുടെ ഇരകളായി അവരുണ്ടാക്കിയ കുമിളകള്‍ക്കകത്ത് ജീവിക്കുന്നവര്‍ ഉടന്‍ മലയാളികളെ മൊത്തം അപലപിക്കുന്ന കാഴ്ചയും കാണാം. ഇത് എന്തോ മലയാളിക്ക് മാത്രമായ കുഴപ്പമാണെന്ന ധാരണയാണവര്‍ക്ക്. എന്നാല്‍ ലോകം മൊത്തം സാമൂഹ്യമാധ്യമങ്ങള്‍ തെമ്മാടിത്തരമാണ് ചെയ്യുന്നത്.

അമേരിക്കയിലെ ഒരു പുതു തലമുറ ജനപ്രതിനിധിയാണ് Alexandria Ocasio-Cortez. ധാരാളം പുരോഗമനപരമായ നിലപാടുകളെടുക്കുന്ന അവര്‍ക്കെതിരെ അസഹ്യമായ ആക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിലുണ്ടാകുന്നത്. അമേരിക്കയുടെ Border Patrol സേനാംഗങ്ങള്‍ നടത്തുന്ന ഒരു രഹസ്യ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ അവരെ ലൈംഗികമായി ആക്രമിക്കുന്ന കൃത്രിമ ചിത്രം പ്രചരിപ്പിക്കുകയുണ്ടായി. (3) ആ ആക്രമണം വര്‍ദ്ധിച്ച് വര്‍ദ്ധിച്ച് അവരെ കൊല്ലണം എന്നും പ്രസിഡന്റിനെ ആക്രമിക്കണമെന്നും പറയുന്ന മറ്റൊരു ജനപ്രതിനിധി അവരെ അമേരിക്കയിലുണ്ടായി. തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കാതെ തലസ്ഥാനത്ത് വന്ന് ലഹള നടത്താനായി ജനലക്ഷങ്ങളെ എത്തിക്കുന്നതിലും സാമൂഹ്യ മാധ്യമങ്ങള്ക്ക് പങ്കുണ്ട്.(4)

ക്യാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ സമരം തലസ്ഥാനത്തെ അടച്ചുപൂട്ടി. അതിന്റെ ഫലമായി ചരിത്രത്തിലാദ്യമായി ക്യാനഡക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നു. ഇന്‍ഡ്യയില്‍ വെറുപ്പിന്റേയും വിഭാഗീയതയുടേയും അക്രമാസക്തമായ പോസ്റ്റുകള്‍ കോടിക്കണക്കിന് പേരാണ് കാണുന്നത്. ഫേസ്‌ബുക്കിലെ കാലാവസ്ഥ വ്യാജവാര്‍ത്തകള്‍ പ്രതിദിനം 14 ലക്ഷം പേരാണ് കാണുന്നത്. ലോകം മൊത്തം കോവിഡ് നിയന്ത്രണവിരുദ്ധ സമരം പടരുന്നു. എല്ലാം സാമൂഹ്യമാധ്യമങ്ങളാല്‍ പ്രചരിപ്പിക്കപ്പെടുന്ന കള്ളങ്ങളുടെ അടിസ്ഥാനത്തിലാണ്. എന്താ സാമൂഹ്യമാധ്യമങ്ങളില്‍ കോവിഡിനെ കുറിച്ചുള്ള ശാസ്ത്ര സത്യങ്ങള്‍ ഇല്ലാതിരുന്നിട്ടാണോ ഇത്? അല്ല. കള്ളങ്ങള്‍ക്കേ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരം കിട്ടൂ. കള്ളം പറയാനായി നിര്‍മ്മിച്ചവയാണത്.

അക്രമത്തെ കോടിക്കണക്കിന് സാധാരണക്കാരിലേക്ക് വ്യാപിപ്പിക്കുന്നു

കോടിക്കണക്കിന് സാധാരണക്കാരായ ആളുകളിലേക്കാണ് ഈ കള്ളത്തരവും അക്രമവും വിഢിത്തവും അവര്‍ പരത്തുന്നത്. അതിനിടക്ക് നമുക്ക് നാല് അഭിപ്രായം പറയാന്‍ ചെറിയയിടം കിട്ടിയിട്ട് ഒരു കാര്യവും ഇല്ല. സത്യത്തേക്കാള്‍ കള്ളത്തിനാണ് സാമൂഹ്യ മാധ്യമ അള്‍ഗോരിഥം പ്രാധാന്യം കൊടുക്കുന്നത്. കാരണം അതാണ് അവര്‍ക്ക് കൂടുതല്‍ ലാഭം ഉണ്ടാക്കിത്തരുന്നത്.

അതായത് ഇത്തരം മാധ്യമങ്ങള്‍ സത്യത്തിനോ ധര്‍മ്മത്തിനോ നീതിക്കൊ ഒരു പ്രാധാന്യവും കൊടുക്കുന്നില്ല. അവര്‍ സമൂഹത്തെ പ്രാകൃത ലോകത്തിലേക്ക് നയിക്കുകയാണ് ചെയ്യുന്ന്. പണ്ട് യൂറോപ്പില്‍ കൊലയാളി ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. സമൂഹത്തില്‍ എന്തെങ്കിലും വ്യത്യസ്ഥതകളുള്ള ആളുകളെ അവര്‍ കൂട്ടം കൂടി ഒറ്റപ്പെടുത്തി മന്ത്രവാദി മുദ്രകുത്തി തീ കത്തിക്കും. അതിന്റെ ആധുനിക മുഖമാണ് സാമൂഹ്യ മാധ്യമങ്ങള്‍. ഇന്ന് ഇന്‍ഡ്യയില്‍ നടക്കുന്നത് സമാനമായ കാര്യമാണ്. നമ്മുടെ നാടും ആ ഗതിയിലേക്ക് പോകുന്നു.

അത്തരം അനേകം സംഭവിങ്ങള്‍ ദിവസവും നടക്കുന്നുണ്ട്. പക്ഷെ മാധ്യമ പ്രവര്‍ത്തകരുള്‍പ്പടെ എല്ലാവരും സാമൂഹ്യ മാധ്യമങ്ങള്‍ സൃഷ്ടിച്ച കുമിളകള്‍ക്കകത്ത് ജീവിക്കുന്നവരാകയാല്‍ അതൊന്നും ഒരിക്കലും അറിയില്ല.

വ്യക്തിപരമായുണ്ടാക്കുന്ന പ്രശ്നങ്ങള്‍

സാമൂഹ്യ മാധ്യമങ്ങള്‍ വ്യക്തിപരമായ തലത്തിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇവിടെ പറഞ്ഞിട്ടില്ല. കുട്ടികളുടെ ആത്മഹത്യ മാത്രം കണക്കായി എടുത്താല്‍ മതി. National Center for Health Statistics ന്റെ തുടക്ക കണക്ക് പ്രകാരം 2020 ല്‍ 6,600 ല്‍ അധികം 10-24 പ്രായക്കാര്‍ ആത്മഹത്യ ചെയ്തു. തീര്‍ച്ചയായും അവക്ക് സാമൂഹ്യ മാധ്യമ ബന്ധം ഉണ്ടാകും. അതുകൊണ്ടാകുമല്ലോ Connecticutകാരിയായ അമ്മ സാമൂഹ്യ മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തത്.(6) അതിനെക്കുറിച്ച് പിന്നീട് സംസാരിക്കാം.

ബഹിഷ്കരിച്ച് തന്നെ പ്രതികരിക്കണം

ഇപ്പോള്‍ അമേരിക്കയില്‍ ഒരു സാമൂഹ്യമാധ്യമവിരുദ്ധ സംഭവം നടന്നുകൊണ്ടിരിക്കുകയാണ്. മുമ്പത്തെ ഒരു ടിവി അവതാരകന്റെ 1.1 കോടി ആള്‍ക്കാര്‍ കേള്‍ക്കുന്ന സാമൂഹ്യമാധ്യമ ചാനലില്‍ വാക്സിന്‍ വിരുദ്ധ വക്താവിന്റെ അഭിമുഖങ്ങള്‍ കൊടുത്തു. ലോകത്തിന്റെ 5% ജനസംഖ്യയുള്ളതും എന്നാല്‍ ലോകത്തെ മൊത്തം കോവിഡ്-19 മരണത്തിന്റേയും 25% സംഭവിക്കുന്ന അമേരിക്കയില്‍ ആണ് അത് സംഭവിക്കുന്നത്. നീല്‍ യംഗ് (Neil Young) എന്ന ഒരു സംഗീത ഇതിഹാസം അതിനെതിരെ തന്റെ പാട്ടുകള്‍ മൊത്തം ആ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്താണ് അതിനോട് പ്രതികരിച്ചത്. (പക്ഷെ പകരം മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പോയിട്ട് കാര്യമില്ല.) ധാരാളം മറ്റ് കലാകാരന്‍മാരും ബഹിഷ്കരണത്തില്‍ പങ്കുകൊള്ളുന്നു. ഇതാണ് ശരിയായ പ്രതികരണം. എന്നാല്‍ ആ സാമൂഹ്യ മാധ്യമം എന്താണ് ചെയ്തത്. ഒന്നും ചെയ്തില്ല. കാരണം കള്ള പ്രചരണത്തിന് അവസരം കൊടുത്ത ചാനലിന് അവര്‍ 10 കോടി ഡോളര്‍ പ്രതിഫലം കൊടുത്താണ് പ്രക്ഷേപണ അവകാശം നേടിയത്. അതുകൊണ്ട് അയാളെ തൊട്ടില്ല.

സാമൂഹ്യ മാധ്യമങ്ങളുടെ നിലനില്‍പ്പിന് വേണ്ട അവശ്യ കാര്യമാണ് തമ്മിലടിപ്പിക്കല്‍. തെമ്മാടിത്തരത്തിനേ അവിടെ പ്രാധാന്യമുള്ളു. കാണാതെ പോയ ബന്ധുവിനെ കണ്ടെത്തി, വൃക്ക വേണ്ടയാളിന് അത് എത്തിച്ച് കൊടുത്തു എന്ന് തുടങ്ങി അങ്ങനയല്ലാത്തതിന്റെ ഉദാഹരണം പറഞ്ഞ് സമയം കളയല്ലേ. തെമ്മാടികള്‍ക്ക് മാന്യതയുണ്ടാക്കിക്കൊടുക്കുന്ന കുഞ്ഞാടുകള്‍ മാത്രമാണവ. എല്ലാ തെമ്മാടികളും മാന്യതയുണ്ടാക്കാനായി അത്തരം പല കാര്യങ്ങളും നാട്ടില്‍ ചെയ്യുന്നത് നമുക്കറിയാവുന്ന കാര്യമാണല്ലോ.

അടിമത്തത്തിന്റെ കണ്ണി മുറിക്കുക

ദൈവ തുല്യമായ സാങ്കേതികവിദ്യകളുടെ 21ാം നൂറ്റാണ്ടില്‍ താങ്കള്‍ ശുദ്ധഗതിക്കാരനാകരുത്. അവയില്‍ അകൌണ്ടെടുത്തവരെല്ലാം അവരുടെ ശൃംഖലയിലെ ഓരോ കണ്ണിയാണ്. ഓരോ കണ്ണിയും അവരോടൊപ്പമുള്ള നൂറുകണക്കിന് പേരേയും കണ്ണി ചെര്‍ക്കും. ഓരോരുത്തവരും ആ പ്ലാറ്റ്ഫോമിന് ശക്തിപകരുന്നു.

താങ്കള്‍ മാന്യയായ വ്യക്തിയായതുകൊണ്ട് താങ്കളുടെ സാന്നിദ്ധ്യം അവര്‍ക്ക് മാന്യത പകരുകയാണ്. അത് ചെയ്യരുത്. ഉടന്‍ തന്നെ സാമൂഹ്യ മാധ്യമ അകൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുക. അവ സത്യത്തില്‍ ആഗോള ഫാസിസം ജനത്തെ നിയന്ത്രിക്കാനുപയോഗിക്കുന്ന സാമൂഹ്യ വിരുദ്ധ മാധ്യമമാണ്. തെമ്മാടികള്‍ മാത്രം ആകട്ടെ അവിടെ. അകൌണ്ട് ഡിലീറ്റ് ചെയ്ത് അടിമത്തത്തിന്റെ കണ്ണി മുറിക്കുക. ബഹിഷ്കരിച്ച് തന്നെ പ്രതികരിക്കുക. Break the chain.

അനുബന്ധം

സാങ്കേതികവിദ്യാ വിരുദ്ധനാകണമെന്നല്ല പറയുന്നത്. സാങ്കേതിക വിദ്യയെ എങ്ങനെ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കണം എന്ന് വിശദമാക്കാനായി കമ്പ്യൂട്ടര്‍ സാക്ഷരത സമിതി എന്നൊരു താള് ഉണ്ട്.(5)

ആശയ വിനിമയത്തിന് വേറെയും വഴികളുണ്ട്

എന്തുകാര്യത്തേയും വിമര്‍ശനബുദ്ധിയോടെ വേണം കാണാന്‍. സത്യത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ എന്നൊന്നില്ല. ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന മൂന്നോ നാലോ വെബ് സൈറ്റുകള്‍ മാത്രമാണ് അവ. അത് ഒരു തെമ്മാടിക്കൂട്ടവും ആണ്. നിങ്ങള്‍ അതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. ഇനി എന്ത് ചെയ്യും.

ഇന്റര്‍നെറ്റും വേറെ വെബ് സൈറ്റും നിലനില്‍ക്കുന്നുണ്ട്. അതായത് നിങ്ങള്‍ക്കും സ്വന്തമായി വെബ് സൈറ്റ് തുടങ്ങാം. നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍. മാസം 200 രൂപയില്‍ താഴെ ചിലവേ ഉണ്ടാകൂ.

സന്ദര്‍ശകരുടെ എണ്ണത്തെ ഓര്‍ത്ത് വ്യാകുലപ്പെടേണ്ട. നിങ്ങള്‍ പ്രസിദ്ധരായ ആളുകളാണെങ്കില്‍ നിങ്ങളുടെ അഭിപ്രായം അറിയാനായി ആളുകള്‍ അന്വേഷിച്ച് നിങ്ങളുടെ സൈറ്റില്‍ തന്നെ വരും. പ്രസിദ്ധരല്ലെങ്കില്‍ സന്ദര്‍ശകരെ കണ്ടെത്താന്‍ ഇത്തിരി സാവകാശം എടുക്കും. എന്നാലും സത്യത്തിനോടും പുരോഗമന ആശയങ്ങളോടും പൊതുവെ വായനക്കാര്‍ക്ക് താല്‍പ്പര്യം കുറവാണ്.

ഇനി പണം ചിലവാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ എഴുതാനായി സൌജന്യ സേവനം നല്‍കുന്ന സൈറ്റുകളും ബ്ലോഗുകളും ഉണ്ട്. താങ്കള്‍ക്ക് ഇഷ്ടപ്പെട്ടവ തെരഞ്ഞെടുത്ത് അതില്‍ എഴുതുക. (എപ്പോഴും ബാക്ക്അപ്പ് എടുക്കണം.)

ഇവിടെ ആര്‍ക്കെങ്കിലും തെറിവിളിക്കണമെങ്കില്‍ നിങ്ങളുടെ സൈറ്റില്‍ വന്നെങ്കിലേ കഴിയൂ. നിങ്ങളുടെ സൈറ്റ് നിങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാകയാല്‍ നിങ്ങള്‍ക്ക് അവയെ നിയന്ത്രിക്കാനും കഴിയും. അവര്‍ തെറിവിളിക്കാന്‍ വേണ്ടി വന്നാലും നിങ്ങളുടെ ഒരു സന്ദര്‍ശനം കിട്ടുകയാണ്. അത് പോലും നിങ്ങളുടെ സൈറ്റിന് ഗുണകരമാണ്.

സാമൂഹ്യ മാധ്യമങ്ങളിലാണങ്കില്‍ നിങ്ങളെ തെറിവിളിച്ചാല്‍ അത് അപ്പോള്‍ തന്നെ എല്ലാവരും അറിയും. അത് തെറിവിളിക്കുന്നവര്‍ക്ക് ഒരു പ്രോത്സാഹനമാണ്. സ്വന്തം സൈറ്റോ ബ്ലോഗോ ആണെങ്കില്‍ അത് നടക്കില്ല. അവരെ സംബന്ധിച്ചടത്തോളം നിങ്ങളെ തെറിവിളിച്ചെന്ന് അവര്‍ തന്നെ മറ്റുള്ളവരോട് പറഞ്ഞങ്കിലേ ആളുകളറിയൂ. അത് നിങ്ങളുടെ സൈറ്റിന് കിട്ടുന്ന പ്രചരണമാണ്.

ഇപ്പോള്‍ ആരെങ്കിലും തെറിവിളി കേട്ടാല്‍ പോലീസില്‍ പരാതി കൊടുക്കും. പക്ഷെ ഈ സൈറ്റുകള്‍ വിദേശ രാജ്യത്തേതാകയാല്‍ അവരുടെ നിയമ പ്രകാരമേ നമ്മുടെ പോലീസ് കൊടുത്ത വിവരങ്ങള്‍ നല്‍കൂ. എന്നാല്‍ സൈറ്റ് നിങ്ങളുടെ സ്വന്തം ആണെങ്കില്‍ ആരുടെ സഹായവും ഇല്ലാതെ ആരാണ് തെറിവിളിച്ചത് എന്ന് നിങ്ങള്‍ക്ക് നേരിട്ട് കണ്ടുപിടിക്കുകയും നേരിട്ട് പോലീസില്‍ പരാതി കൊടുക്കുകയും ചെയ്യാം.

ഈ കാരണങ്ങളാലൊക്കെ സാധാരണ അവര്‍ ഇതിനൊന്നും മുതിരില്ല. അതുകൊണ്ട് തെറിവിളി കുറവായിരിക്കും.

എന്തായാലും തെമ്മാടി മാധ്യമങ്ങളിലെഴുതി നിങ്ങള്‍ക്ക് തെറിവിളി കേട്ടൂ എന്ന് ആരോടും ഇനി പരാതി പറയരുത്.

1. ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള്‍ വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്
2. https://neritam.com/itcell/
3. അമേരിക്കയിലെ ജനപ്രതിസഭയില്‍ സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ പ്രകടമാകുന്നു
ഇത് തെറ്റാണെന്ന് പറയുന്നതില്‍ എന്താണ് ഇത്ര വിഷമം
4. ക്യാപ്പിറ്റോള്‍ ലഹളയില്‍ ഫേസ്‌ബുക്കിന്റെ പങ്കിനെക്കുറിച്ച് ആഴത്തില്‍ അന്വേഷിക്കുക
5. https://neritam.com/computer/
6. 11-കാരി മകളുടെ ആത്മഹത്യയുടെ പേരില്‍ സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ക്കെതിരെ അമ്മ കേസ് കൊടുത്തു

* എന്നാല്‍ മൊത്തത്തില്‍ തെറിവിളിക്ക് മഹത്വം നല്‍കുന്ന ഫെമിനിസ്റ്റുകളും ഉണ്ട്. അതെന്തോ സ്ത്രീ സ്വാതന്ത്ര്യമാണെന്നാണ് അവരുടെ വാദം.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )