വിദ്യാഭ്യാസനയവും നേട്ടങ്ങളും

കേരള മന്ത്രിസഭക്കെതിരെ ശ്രീമന്‍ നാരായണ്‍ നടത്തിയ പൊട്ടിത്തെറി ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഇന്ത്യയിലെ ആഭ്യന്തര പ്രതിലോമശക്തികള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ അടിച്ചമര്‍ത്താനും അട്ടിമറിക്കാനും ഉദ്ദേശിച്ച് നടത്താനിരുന്ന പ്രവര്‍ത്തനങ്ങളിലെ ആദ്യത്തെ വെടിയായിരുന്നു, അത്. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ആക്രമിക്കാനും വലിച്ച് താഴെയിടാനും അപ്പോള്‍ തന്നെ വട്ടം കൂട്ടിത്തുടങ്ങിയിരുന്ന സ്ഥാപിതതാല്പര്യക്കാരുടെ പരിഭ്രാന്തിയും വിറയലുമാണ് ആ പൊട്ടിത്തെറിയില്‍ പ്രതിധ്വനിച്ചത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വരുക്കൂട്ടാനും ഏകോപിപ്പിക്കാനും സഹായിക്കുക മാത്രമായിരുന്നു, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചെയ്തത്. പ്രതിലോമകാരികളുടെ, കൈ ഉയരാന്‍ തുടങ്ങിയിരുന്നു. ആദ്യപോരാട്ടം കേരള വിദ്യാഭ്യാസ ബില്ലിനെ പ്രതിയാണ് ആരംഭിച്ചത്. ഈ പോരാട്ടം എങ്ങനെ വന്നുഭവിച്ചു എന്നാണ് ഇനി വിവരിക്കുന്നത്.

കേരളത്തിലെ പുതിയ സംസ്ഥാനനിയമസഭ, യൂണിയന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനും മന്ത്രിമാരുടെ ശമ്പളം തീരുമാനിക്കാനുമായി 1957 മേയ് മാസത്തില്‍ യോഗം ചേര്‍ന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ പ്രതിമാസം വെറും 350 രൂപയാണ് ശമ്പളമായി എടുക്കാന്‍ തീരുമാനിച്ചത്. അവര്‍ മന്ത്രിമാര്‍ക്കുള്ള മറ്റ് അലവന്‍സുകള്‍ വെട്ടി കുറക്കുകയും ചെയ്തു. മന്ത്രിമാരുടെ യാത്രാസമയത്തും മറ്റും ഉള്ള പോലീസ് ബന്ദവസും മറ്റ് ആര്‍ഭാടങ്ങളും ഗണ്യമായി വെട്ടിക്കുറയ്ക്കപ്പെട്ടു. മന്ത്രിമാരുടെ കാറുകള്‍ക്കുമുന്നില്‍ ദേശീയപതാക കെട്ടുന്നത് ഒഴിവാക്കാന്‍ മന്ത്രിസഭ കേന്ദ്രത്തിന്റെ അനുമതിതേടി. കേന്ദ്രം അത് അനുവദിച്ചു എന്നുമാത്രമല്ല, ഈ നടപടി കേന്ദ്രത്തിലേയും മറ്റ് സംസ്ഥാനങ്ങളിലേയും മന്ത്രിമാര്‍ക്ക് പിന്തുടരാന്‍ ഒരു മാതൃകയാവുകയും ചെയ്തു.

ജൂണില്‍ സംസ്ഥാന നിയമസഭ കൂടി ഇന്ത്യയില്‍ 1957-58 കാലത്ത് ഉണ്ടായ ഒരേയൊരു മിച്ച ബജറ്റ് പാസാക്കി. കോണ്‍ഗ്രസ്സും പി.എസ്‌.പിയും സര്‍ക്കാരിനുനേരെ ആസൂത്രിതമായ ആക്രമണം അഴിച്ചുവിടാനായി ഒത്തുചേര്‍ന്നു. പ്രതിപക്ഷം രണ്ട് വിരുദ്ധാഭിപ്രായങ്ങളാണ് പറഞ്ഞത്. ഒരു വശത്ത്, പുതിയ ബജറ്റില്‍ മുന്‍കാലത്തെ കോണ്‍ഗ്രസ്, പി.എസ്.പി മന്ത്രിസഭകള്‍ ചെയ്ത് വച്ചത് തുടരുകമാത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ ചെയ്യുന്നതെന്നും പുതിയതോ വിപ്ലവകരമോ ആയ യാതൊന്നും അതില്‍ ഇല്ലന്നും വിമര്‍ശനം ഉന്നയിക്കപ്പെട്ടു. മറുവശത്ത്, സംസ്ഥാനത്തിന്റെയും സര്‍ക്കാരിന്റെയും ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ആഴമേറിയ, പൈശാചികമായ ഒരു ഗൂഢാലോചന നടത്തുകയാണന്നും ക്രമസമാധാനം തകര്‍ത്ത് സംസ്ഥാനത്ത് സമഗ്രാധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണ് അവരുടേതെന്നും ഉള്ള ആരോപണവും ഉയര്‍ത്തപ്പെട്ടു. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച മിക്കവരും ഈ ഇരട്ടത്താപ്പ് ഒരേ പ്രസംഗത്തില്‍തന്നെ പ്രകടിപ്പിക്കുക പതിവായി എന്നതാണ് ഏറ്റവും പരിഹാസ്യം! പി.എസ്.പിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങള്‍ തുടരുകയാണെങ്കില്‍ അതെങ്ങനെ സമഗ്രാധിപത്യം സ്ഥാപിക്കാനും ഭരണഘടന അട്ടിമറിക്കാനും ഉള്ള ശ്രമമാകും? ഭാവനാവിലാസത്തിന് വിടുകയേ നിവര്‍ത്തിയുള്ളു.

സര്‍വകലാശാലാബില്ലും കേരള വിദ്യാഭ്യാസബില്ലും നിയമമാക്കാനായി സംസ്ഥാനനിയമസഭ വീണ്ടും ജൂലൈ-ആഗസ്റ്റില്‍ യോഗം ചേര്‍ന്നു. കേരള സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് പരിഷ്ക്കരണങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നു എന്ന കാര്യം മേയ് മാസത്തില്‍ത്തന്നെ പരസ്യമാക്കിയിരുന്നു. ഇത് ചില വൃത്തങ്ങളില്‍, വിശിഷ്യ കത്തോലിക്കാസഭകളുടെ നേതൃത്വത്തിലുള്ള സ്വകാര്യ വിദ്യാലയങ്ങളുടെ മാനേജുമെന്റുകളില്‍, വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. കത്തോലിക്കാസഭാനേതൃത്വം മേയ്28ന് എറണാകുളത്ത് യോഗം ചേരുകയും ബില്ലിനെതിരെ വന്‍തോതില്‍ ആക്രമണം നടത്താല്‍ തീരുമാനിക്കുകയും ചെയ്തു.

എറണാകുളത്തുവച്ച് ശ്രീമന്‍ ‍നാരായണ്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ‘സമഗ്രാധിപത്യ’ത്തിനെതിരെ പോരാടാന്‍ പ്രദേശ് കോണ്‍ഗ്രസിനോട് ആഹ്വാനം നല്‍കിയ വേളയില്‍ത്തന്നെയാണ് കത്തോലിക്കാ പ്രതിലോമ ശക്തികളും കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ അങ്കം കുറിച്ചത്. അതികൊണ്ടുതന്നെ പ്രതിലോമകാരികളായ കത്തോലിക്കാസഭയും കേരളത്തിലെ കോണ്‍ഗ്രസും തമ്മില്‍ മുമ്പേ നിലനിന്നിരുന്ന സഖ്യം കൂടുതല്‍ ശക്തിപ്പെട്ടു എന്നത് കേവലം യാദൃച്ഛികമല്ല. കേരളത്തിലെ കോണ്‍ഗ്രസ് നടേതന്നെ കത്തോലിക്കാ തോട്ടമുടമാ പിന്തിരിപ്പന്മാരുടെ പിണിയാളായിരുന്നു. ആ മേല്‍ക്കൊയ്മ കൂടുതല്‍ ശക്തിപ്പെട്ടു.

സംസ്ഥാനത്തെ10,000 ത്തോളം വിദ്യാലയങ്ങളില്‍ 6,ooo-7,ooo എണ്ണം സ്വകാര്യ മാനേജുമെന്റിനു കീഴിലാണ്. ഇവയില്‍തന്നെ 2,200 എണ്ണം പള്ളിയുടെ നിയന്ത്രണത്തിലാണ്. ഇക്കാലമത്രയും അവര്‍ സ്വകാര്യവും ലാഭകരവുമായ കച്ചവട സ്ഥാപനങ്ങളായാണ് വിദ്യാലയങ്ങള്‍ നടത്തിപ്പോന്നിരുന്നത്. അവരുടെ ശക്തി സര്‍.സി.പി.രാമസ്വാമി അയ്യര്‍ക്കുപ്പോലും, അവര്‍ക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, ഒന്നും ചെയ്യാനാകാത്തത്ര ഭീമമയിരുന്നു. പാവപ്പെട്ട അധ്യാപകരുടെ ദുരവസ്ഥയും മാനേജുമെന്റുകളുടെ കെടുകാര്യസ്ഥതയും പ്രസിദ്ധമായിരുന്നിട്ടും പത്തു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അവരെ ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ തവണയും അവര്‍ക്കെതിരെ എന്തെങ്കിലും നടപടി ആലോചനയില്‍ വന്നാല്‍ ഉടന്‍ തന്നെ കോണ്‍ഗ്രസിനകത്തെ കത്തോലിക്കാ വിഭാഗം അത് അലസിപ്പിക്കും. സ്വാഭാവികമായും തങ്ങള്‍ നിയമത്തിന്റെ പരിധിക്ക് പുറത്താണന്ന് സ്വകാര്യമാനേജുമെന്റുകള്‍ സ്വയം കരുതിത്തുടങ്ങി. വിദ്യാലയഫീസ്സായും സര്‍ക്കാര്‍ ഗ്രാന്റ്സ്-ഇന്‍-എയ്ഡായും ശേഖരിക്കപ്പെടുന്ന പൊതുധനം തോന്നുംപടി വിനിയോഗിക്കാമെന്ന ധാരണയും അവര്‍ക്കുണ്ടായിരുന്നു. വിദ്യാഭ്യാസത്തില്‍ മലബാറിനേക്കാള്‍ മുന്നിട്ടു നില്‍ക്കുന്ന തിരുകൊച്ചിയില്‍ സര്‍ക്കാര്‍ ഗ്രാന്റ്സ്-ഇന്‍-എയ്ഡ് ചെറിയൊരു ശതമാനത്തില്‍ നിന്ന് 90 ശതമാനത്തിലേക്കും പിന്നീട് നൂറുശതമാനത്തിലേക്കു തന്നെയും ഉയര്‍ന്നു; അതുകൊണ്ടുതന്നെ ഏറ്റവും മോശമായി അധ്യാപകരോട് പെരുമാറിയിരുന്നതായി കുപ്രസിദ്ധി കേട്ടിരുന്ന കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്വകാര്യമാനേജുമെന്റുകള്‍ തങ്ങളുടെ ‘പരമ്പരാഗത’ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് വെല്ലുവിളി ഉയരുന്നത് കണ്ട ഉടന്‍ ക്രുദ്ധരായി. വിദ്യാഭ്യാസ പദ്ധതികളോടായിരുന്നില്ല, സ്വകാര്യമാനേജുമെന്റ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പുനല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടായിരുന്നു അവരുടെ എതിര്‍പ്പ്.

ഇനിയും മുന്നോട്ട് പോകും മുമ്പേ, കേരള വിദ്യാഭ്യാസബില്‍ ഉന്നംവച്ച വിദ്യാഭ്യാസരംഗത്തെ തിന്മകള്‍ ചുരുക്കിപ്പറയേണ്ടതുണ്ട്. കോണ്‍ഗ്രസ് അനുകൂല മാതൃഭൂമി പത്രം എഴുതിയപോലെ, തങ്ങളുടെ മാനേജുമെന്റിലുള്ള വിദ്യാലയങ്ങളെ മാനേജര്‍മാര്‍ ലാഭം തരുന്ന കച്ചവടസ്ഥാപനങ്ങളായിട്ടാണ് കണ്ടിരുന്നത്. അധ്യാപകനിയമനം ഒരു തരം ലേലം വിളിയായിരുന്നു, ഏറ്റവും ഉയര്‍ന്ന തുകക്ക് വിളിക്കുന്നവന് ലേലമുറപ്പിക്കും. കേരളത്തിലെ നിഷ്പക്ഷമതികള്‍ ഈ തിന്മ നിലനില്‍ക്കുന്നുവെന്ന് അംഗീകരിക്കുന്നതില്‍ ഒരേ സ്വരക്കാരാണ്. തൊഴില്‍ അപേക്ഷകനെ പിഴിയാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നപോലെയാണ് മാനേജുമെന്റുകള്‍ പെരുമാറുക. ശരാശരി പ്രതിശീര്‍ഷ വരുമാനം പ്രതിമാസം15 രൂപ ആയ ഒരു സംസ്ഥാനത്ത് പത്താംതരം പാസും അധ്യാപകപരിശീലനവും ഉള്ള ഒരു യുവാവിന് തുടക്കശമ്പളം 40 രൂപ കിട്ടുന്നത് തീര്‍ച്ചയായും അനാകര്‍ഷകമായിരുന്നില്ല. വിദ്യാസമ്പന്നര്‍ക്കിടയില്‍ തൊഴിലില്ലായ്മ ഏറെയുള്ള കേരളത്തില്‍ അധ്യാപകജോലിക്കായുള്ള പരക്കംപാച്ചിലും അതിന്റെ ലേലം വിളിയും മാനേജര്‍മാരുടെ പിഴിയലും ഒക്കെ സര്‍വ്വസാധാരണമാകാതെ തരമില്ല എന്നൊരു മനോഭാവമാണ് പൊതുവിലുള്ളത്.

നിയമന കാര്യത്തില്‍ എല്ലാതരം അന്യായങ്ങളും നടത്തിപ്പോന്നിരുന്നു, മാനേജുമെന്റ്. മൂന്നവകാശങ്ങള്‍ അവഗണിക്കപ്പെട്ടു. വേണ്ടത്ര യോഗ്യതകള്‍ ഇല്ലങ്കിലും മാനേജര്‍മാരുടെ സാമ്പത്തികാവശ്യം നിറവേറ്റാനും ചരടുവലിക്കാനും കഴിവുണ്ടെങ്കില്‍ നിയമനം കിട്ടുമെന്ന അവസ്ഥയായി. അധ്യാപര്‍ക്ക് അംഗീകൃത സേവനവ്യവസ്ഥകള്‍ ഇല്ലെന്നുതന്നെ പറയാം. അവര്‍ക്ക് തൊഴില്‍ സുരക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. പ്രോവിഡന്റ് ഫണ്ടോ മറ്റാനുകൂല്യങ്ങളോ ഉണ്ടായിരുന്നില്ല. നേരിയ അതൃപ്തിയുടെ പേരില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ, അധ്യാപകരെ പിരിച്ചു വിടുക പതിവായിരുന്നു. നിയമനം താല്‍ക്കാലികമായിരുന്നു എന്നോ മറ്റോ കാരണം പറഞ്ഞ് പൊടുന്നനെ പിരിച്ചുവിടുക, പ്രതീക്ഷിക്കാതെ സ്ഥാനക്കയറ്റം നല്‍കുക-ഇതൊക്കെ സര്‍വസാധാരണമായിരുന്നു. ഇതൊക്കെക്കാരണം ഏതൊരു സമൂഹത്തിന്റെയും അടിസ്ഥാനമായിരിക്കേണ്ട, ബഹുമാന്യപദവി നല്‍കപ്പെടേണ്ട അധ്യാപകര്‍ സദാ മാനേജുമെന്റുകളുടെ നല്ലപിള്ളയാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കുക സ്വാഭാവികം മാത്രമായിരുന്നു. അവര്‍ മാനേജര്‍മാരെ പുകഴ്ത്തുകയും അവര്‍ക്ക് വിടുപണി ചെയ്യുകയും പതിവായിരുന്നു. മാനേജര്‍മാരാകട്ടെ, അവരെ വീട്ടുവേലക്കാരെപ്പോലെ കണക്കാക്കി.

മേല്‍പ്പറഞ്ഞതെല്ലാം എല്ലാ സ്വകാര്യവിദ്യലയങ്ങള്‍ക്കും ബാധകമല്ല. സ്വകാര്യ-കത്തോലിക്കാ മാനേജുമെന്റുകള്‍ സംസ്ഥാനത്ത് വിദ്യാലയങ്ങളുടെ ഒരു ശൃംഖലതന്നെ കെട്ടിപ്പടുക്കുന്നതിലും ഉന്നതമായ വിദ്യാഭ്യാസ നിലവാരം സംരക്ഷിക്കുന്നതിലും വഹിച്ചിട്ടുള്ള പങ്ക് നിഷേധിക്കാനും ആവില്ല. പക്ഷെ തിന്മ ഒരു നിയമത്തിന്റെ അവസ്ഥയിലേക്ക് വളര്‍ന്നിരുന്നു. മാനേജുമെന്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റ്സ്-ഇന്‍-എയ്ഡില്‍ നിന്നാണ് അധ്യാപര്‍ക്ക് ശമ്പളം നല്‍കിയിരുന്നതെങ്കിലും അവരുടെ നിയമനത്തിലും സേവനവ്യവസ്ഥകളിലും സര്‍ക്കാരിന് യാതൊരു സ്ഥാനവുമില്ലായിരുന്നു.

സംസ്ഥാനബജറ്റിന്റെ മൂന്നിലൊന്ന് വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. വിദ്യാഭ്യാസമേഖലയില്‍ ഒരു ലക്ഷത്തിലധികം ആളുകള്‍ ഉണ്ട്. വിദ്യാഭ്യാസ വകുപ്പിന് സംസ്ഥാനത്തുടനീളം വ്യാപിച്ചു കിടക്കുന്ന സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ട്. പ്രതിവര്‍ഷം ഒമ്പതു കോടിയോളം രൂപ ചെലവഴിക്കുന്ന ഒരു വലിയ വകുപ്പാണ് പത്തു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണകാലത്ത് തീര്‍ത്തും കുത്തഴിഞ്ഞ് പോകാനിടയായത്. വര്‍ഷങ്ങളായി അധ്യാപകരുടെ നിവേദനങ്ങള്‍ക്ക് പരിഹാരം കാണാതെ തുടരുന്നു. സര്‍ക്കാര്‍ വല്ലപ്പോഴും ഇറക്കാറുള്ള ഉത്തരവുകള്‍ പോലും കടലാസില്‍ത്തന്നെ കുടുങ്ങി. മാനേജുമെന്റുകള്‍ക്ക് അവ സ്വീകരിക്കണമെന്ന യാതൊരു ബാധ്യതയും ഇല്ലായിരുന്നു. വിദ്യാഭ്യാസവകുപ്പ് അധികാരികളുടെ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ യാതൊരു നിയമപിന്തുണയും ഉണ്ടായിരുന്നില്ല.

കേരളത്തിലെ അധ്യാപകരുടെ ദുരിതങ്ങള്‍ നിസ്സീമമായിരുന്നു. ദാരിദ്ര്യവും ക്ഷാമവും അവരുടെ കൂടപ്പിറപ്പുകളായിരുന്നു. സേവനത്തിലിരിക്കെ മരിക്കുന്ന അധ്യാപകര്‍, അവശേഷിക്കുന്ന പട്ടിണിക്കോലങ്ങളായ മക്കള്‍….ഇതൊക്കെ സാധാരണ കാഴ്ചകളായി. ഇന്ത്യയിലെ അധ്യാപകലോകത്തെ ഏറ്റവും ദു:ഖിതരായ കൂട്ടരായിരുന്നു,കേരളത്തിലെ അധ്യാപകര്‍. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയുടെ ഈ പ്രസ്താവന വളരെ ശരിയാണ്: “ഈ സംസ്ഥാനത്ത് അധ്യാപകര്‍ ഇതു വരെ സഹിച്ചുപോന്നിരുന്ന അപമാനങ്ങള്‍ക്ക് അറുതിവരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. മാനേജുമെന്റുകളുടെ പാദസേവകരായി അവരെ കണക്കാക്കുന്ന സാഹചര്യത്തിന് ഈ ബില്‍ അന്ത്യം കുറിക്കും.”

ജോസഫ് മുണ്ടശ്ശേരിയാണ് കേരള വിദ്യാഭ്യാസബില്ലിന്റെ ശില്‍പ്പി എന്നതില്‍ ഒരു കാവ്യനീതിയുണ്ട്. അദ്ദേഹം 27 വര്‍ഷം തൃശൂരെ സെന്റ് തോമസ് കോളേജിലെ അധ്യാപകനായിരുന്നു. ഈ സ്ഥാപനത്തില്‍ വച്ച് ജോസഫ് മുണ്ടശ്ശേരി തന്റെ സഹപ്രവര്‍ത്തകരുടെ ദുരന്തം നേരിട്ട് കണ്ടിരുന്നു. കാല്‍നൂറ്റാണ്ടോളം ഒപ്പം ജോലി ചെയ്തിരുന്ന പ്രൊഫസര്‍മാര്‍ വലിയ കുടുംബങ്ങളെ പിന്നില്‍വിട്ട് സേവനത്തിലിരിക്കെ സ്വന്തം ശവമടക്കിനു വേണ്ട തുകപോലും കരുതാന്‍ കഴിയാതെ മരിച്ചുപോകുന്നത് അദ്ദേഹം നേരിട്ട് അറിഞ്ഞിരുന്നു. രസതന്ത്രത്തിന്റെയും ഭൌതികശാസ്ത്രത്തിന്റേയും പ്രൊഫസര്‍മാര്‍, ചരിത്രാധ്യാപകര്‍ എന്നിവരടക്കം പല സഹപ്രവര്‍ത്തകരും അത്തരത്തില്‍ ദു:ഖകരമായ അന്ത്യം വരിച്ചിരുന്നു. മുണ്ടശ്ശേരിയുടെ മനസ്സ് സഭയുടെ മര്‍ദന ഭരണത്തിനും പുരോഹിതനായ പ്രിന്‍സിപ്പലിനും എതിരെ കലാപമുയര്‍ത്തി. തന്റെ ഹൃദയവേദന അദ്ദേഹം പ്രൊഫസര്‍ എന്ന നോവലിലൂടെ ആവിഷ്കരിച്ചു. അതിന്റെ പ്രത്യാഘാതം ഭയങ്കരമായിരുന്നു. പൊതുജന മനസാക്ഷി ഉണര്‍ന്നു. അത് പ്രകാശനം ചെയ്ത് താമസിയാതെ സെന്റ് തോമസ് കോളേജ് അധികൃതര്‍ അവിടത്തെ അധ്യാപര്‍ക്കായി പ്രൊവിഡന്റ് ഫണ്ട് ഏര്‍പ്പെടുത്തി.

മുണ്ടശ്ശേരി ഏതൊരു മാനദണ്ഡം വച്ച് അളന്നാലും ഒരു അതികായനാണ്. സെന്റ് തോമസ് കോളെജില്‍ ഇഎംഎസ് ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോള്‍ത്തന്നെ മുണ്ടശ്ശേരി അവിടെ അധ്യാപകനായിരുന്നു. ഇന്ന് സംസ്ഥാന നിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി അദ്ദേഹത്തിന്റെ ഒരു ഡസനോളം വിദ്യാര്‍ഥികള്‍ ഉണ്ട്. ധനമന്ത്രി സി.അച്യുതമേനോനും അവരില്‍പ്പെടുന്നു. ഇരുപത്തിയഞ്ചു വര്‍ഷത്തില്‍ കൂടുതലായി, അദ്ദേഹം സംസ്ഥാനത്തെ അധ്യാപക പ്രസ്ഥാനത്തില്‍ പങ്കാളിയാണ്. വിദ്യാഭ്യാസവകുപ്പ് കൈകാര്യം ചെയ്യാന്‍ ഇതിലധികം അനുഭവസമ്പത്തും യോഗ്യതയുമുള്ള ഒരു മന്ത്രി ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.

അധ്യാപകനെന്ന നിലക്ക് ദീര്‍ഘനാളത്തെ അനുഭവസമ്പത്തിന് പുറമേ മുണ്ടശ്ശേരിക്ക് പത്തു വര്‍ഷത്തെ നിയമസഭാ പരിചയവും ഉണ്ട്. 1948 ല്‍ കൊച്ചിന്‍ നിയമസഭ രൂപീകൃതമായപ്പോള്‍ അദ്ദേഹം അതില്‍ അംഗമായിരുന്നു. തുടര്‍ന്ന് സംയോജിത തിരു-കൊച്ചി സംസ്ഥാനത്തെ നിയമസഭയിലും അദ്ദേഹം അംഗമായി. അദ്ദേഹം പനമ്പിള്ളി ഗോവിന്ദമേനോന്റെ സഹപാഠിയായിരുന്നു. പനമ്പിള്ളിയാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് ടിക്കറ്റില്‍ കൊച്ചി നിയമസഭയിലേക്ക് മത്സരിപ്പിച്ചത്. താമസിയാതെ കേരളത്തിലെ കോ​ണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടിയുടെ പോക്കില്‍ കടുത്ത വയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം സ്ഥാനം രാജിവച്ചു. 1954ല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചു.
അതുകൊണ്ടൊക്കെത്തന്നെ അദ്ദേഹത്തിന്റെ ബില്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ജീര്‍ണതയുടെ വേരില്‍ തന്നെ കത്തിവെയ്ക്കുകയും അതിനാല്‍ തന്നെ അധ്യാപക സമൂഹത്തിന്റെ വമ്പിച്ച പിന്തുണയും സ്വകാര്യ മാനേജുമെന്റുകളുടെ കടുത്ത എതിര്‍പ്പും വിളിച്ചുവരുത്തുകയും ചെയ്തു. ഏറ്റവുമധികം ബാധിക്കപ്പെടുന്ന കത്തോലിക്കാ സഭയാണ് ഏറ്റവും ഉച്ചത്തില്‍ ബില്ലിനെതിരെ ശബ്ദമുയര്‍ത്തിയതും.

എന്താണ് കേരള വിദ്യാഭ്യാസ ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നത്? ഒച്ചപ്പാടും ബഹളവും ഉണ്ടായിരുന്നില്ലെങ്കില്‍ അത് ഇത്രയും പ്രശസ്തമാകുമായിരുന്നില്ല. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസം കൂടുതല്‍ നന്നായി സംഘടിപ്പിക്കുക, അതിനൊരു നിയമാടിത്തറ നല്‍കുക എന്നതു മാത്രമായിരുന്നു, ബില്ലിന്റെ ലക്ഷ്യം. ആന്ധ്രയും മറ്റും ഇത്തരം ചില നടപടികള്‍ കൈക്കൊണ്ടത് ആരാലും ശ്രദ്ധിക്കപ്പെടാതെ പോടിരുന്നു. ന്യൂദല്‍ഹി പോലും അവയൊന്നും സുപ്രീംകോടതിവരെ എത്തിക്കേണ്ട വിഷയങ്ങളായി പരിഗണിച്ചിരുന്നുമില്ല. വാസ്തവത്തില്‍ കേരളത്തില്‍തന്നെ, മഞ്ചേരി വച്ച് മൂന്നു കൊല്ലം മുമ്പുനടന്ന കോണ്‍ഗ്രസ് സമ്മേളനം ഇത്തരത്തില്‍ ഒരാവശ്യം ഉന്നയിക്കുകകൂടി ചെയ്തിരുന്നു. വ്യത്യാസം ഇത്രമാത്രം-ഇപ്പോള്‍ ബില്‍ മുന്നോട്ടുവയ്ക്കുന്നത് ഒരു കോണ്‍ഗ്രസ് സര്‍ക്കാരല്ല, കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.

ഈ വിഷയത്തില്‍ അന്തരിച്ച യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ ഡി. റൂസ്‌വെല്‍റ്റിന്റെ ഒരു കാഴ്‌ചപ്പാട് ഒന്ന് പരാമര്‍ശിക്കുന്നത് രസകരമായിരിക്കും. എഡ്‌ഗര്‍ സ്‌നോ എന്ന പ്രശസ്തനായ പത്ര പ്രവര്‍ത്തകന്‍ 1942ല്‍ അദ്ദേഹവുമായി ചില അഭിമുഖ സംഭാഷണങ്ങള്‍ നടത്തി. അദ്ദേഹം ഇപ്രകാരമാണ് റിപ്പോര്‍ട്ട് ചെയ്‌തത്:”ഒരു ആഗോള നിരീക്ഷണം നടത്തവേ സംഭാഷണത്തില്‍ ഇന്ത്യ കടന്നുവന്നു. ഇന്ത്യയെകുറിച്ച് റൂസ്‌വെല്‍റ്റിന് വലിയ താല്‍പ്പര്യമായിരുന്നു”. അദ്ദേഹം പറഞ്ഞു “ഇന്ത്യയിലെ മതഭ്രാന്തും അതിന്റെ പിന്തിരിപ്പന്‍ സ്വാധീനങ്ങളും ഉന്മൂലനം ചെയ്യാന്‍ സഹായിക്കണമെന്നുമാത്രമല്ല, നമ്മുടെ തന്നെ രാജ്യത്തെ ഏറ്റവും പ്രതിലോമകരമായ മതശക്തിയെ തുരത്താനും നാം മുതിരേണ്ടതുണ്ട്. താമസിയാതെ വിദ്യാഭ്യാസരംഗത്തെ സഭയുടെ എല്ലാവിധ നിയന്ത്രണങ്ങളും നമുക്ക് ഇല്ലായ്‌മ ചെയ്യേണ്ടിവരും. അതൊക്കെ പഴയ കഥയാക്കേണ്ടിവരും. എല്ലാ വിദ്യാലയങ്ങളും മതേതര നിയന്ത്രണത്തിലായിരിക്കണം.” (ന്യൂയോര്‍ക്കിലെ മന്‍ഥ്‌ലി റെവ്യു,നമ്പര്‍.9, ജനുവരി1957)

പൊതുവിദ്യാഭ്യാസത്തിന് കൂടുതല്‍ നല്ലൊരു ക്രമീകരണം വേണമെന്ന ഉദ്ദേശ്യമൊഴിച്ചാല്‍ കേരള വിദ്യാഭ്യാസബില്ലില്‍ ന്യൂനപക്ഷങ്ങളുടെ, കത്തോലിക്കരുടെയോ മറ്റുള്ളവരുടെയോ, മതത്തിനോ സംസ്കാരത്തിനോ തടസം നില്‍ക്കുന്ന യാതൊരു വ്യവസ്ഥയും ഉണ്ടായിരുന്നില്ല. കാരണം, പാഠ്യവിഷയങ്ങളിലോ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലോ യാതൊരു മാറ്റവും ബില്ലില്‍ വിഭാവനം ചെയ്‌തിരുന്നില്ല.

കാര്യങ്ങള്‍ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ കേരള വിദ്യാഭ്യാസ ബില്ലിന്റെ യഥാര്‍ത്ഥരൂപം ഒന്ന് സംഗ്രഹിക്കേണ്ടതുണ്ട്.

മൂന്ന് ഭാഗങ്ങളും 36 വിഭാഗങ്ങളുമാണ് ബില്ലില്‍. അത് എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം നേരിട്ട് സര്‍ക്കാരില്‍ നിന്നൊ അതിന് നിയോഗിക്കുന്ന ഏതെങ്കിലും ഏജന്‍സിയില്‍ നിന്നോ സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. എയ്ഡഡ് സ്‌കൂള്‍ മാനേജുമെന്റുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ്സും മറ്റും സര്‍ക്കാരിന് നല്‍കണം സ്‌കൂള്‍ കൊണ്ടുനടത്താനും നിലനിര്‍ത്താനും സര്‍ക്കാര്‍ ഈ വിദ്യാലയങ്ങള്‍ക്ക് സഹായധനം നല്‍കും ഇതിന്റെ തുക എത്രയെന്ന് കാലാകാലങ്ങളില്‍ നിര്‍ണയിക്കും. വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമോ അവ നില്‍ക്കുന്ന സ്ഥലമോ വാങ്ങാനും മറ്റ് അവശ്യോപകരണങ്ങള്‍ വാങ്ങാനും സര്‍ക്കാര്‍ മാനേജര്‍മാര്‍ക്ക് ധനസഹായം നല്‍കും

സംസ്ഥാനത്തെ അധ്യാപകരുടെ ഒരു രജിസ്റ്റര്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയും സൂക്ഷിക്കുകയും വേണമെന്ന് ബില്‍ ആവശ്യപ്പെടുന്നു. ആ പട്ടികയില്‍ പേരില്ലാത്ത ഒരാള്‍ക്കും സര്‍ക്കാര്‍ സ്‌കൂളിലോ സ്വകാര്യ സ്‌കൂളിലോ അധ്യാപകനാകാന്‍ കഴിയില്ല. ഇപ്പോള്‍ത്തന്നെ സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അധ്യാപകരായിട്ടുള്ളവരെ പട്ടികയില്‍പെട്ടവരായി പരിഗണിക്കും. പട്ടികയിലുള്ള പേരുകളില്‍ നിന്നുമാത്രമേ സ്വകാര്യ സ്‌കൂള്‍ മാനേജര്‍മാര്‍ക്ക് നിയമനം നടത്താനാകൂ.

ഇപ്പോള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഉള്ള പ്രൊവിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് മുതലായ സൌകര്യങ്ങള്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കും ബാധകമാക്കും. ഇതിലേക്ക് മാനേജുമെന്റുകള്‍ തുകയൊന്നും അടയ്ക്കേണ്ടതില്ല.

പഠനപദ്ധതി, ബോധനപദ്ധതി ഇത്യാദികളെ സംബന്ധിച്ചു ഏതെങ്കിലും സര്‍ക്കാര്‍ ഉത്തരവുകാരണം എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ പിരിച്ചു വിടുകയാണെങ്കില്‍ ഈ അധ്യാപകരെ അതേ മാനേജുമെന്റിന്റെ തന്നെ മറ്റേതെങ്കിലും വിദ്യാലയങ്ങളില്‍ ഒഴിവുവന്നാല്‍ അവിടെ നിയമിക്കണം എന്ന് സര്‍ക്കാരിന് ആവശ്യപ്പെടാം, അത് മാനേജര്‍ അനുസരിച്ചേ തീരൂ.

ഏതെങ്കിലും മാനേജര്‍മാര്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന കടമകള്‍ നിറവേറ്റുന്നതില്‍ അലംഭാവം കാണിച്ചാല്‍, പൊതുജന താല്‍പ്പര്യത്തിന് ഹിതകരമെന്ന് തോന്നുന്ന പക്ഷം സര്‍ക്കാരിന് ആ മാനേജര്‍മാരുടെ വിദ്യാലയങ്ങള്‍ അഞ്ചു വര്‍ഷത്തില്‍ കൂടാത്ത കാലയളവിലേക്ക് ഏറ്റെടുക്കാം. പക്ഷെ ഏറ്റെടുക്കും മുമ്പ് സര്‍ക്കാര്‍ നടപടിക്കെതിരെ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അത് കാണിക്കാനുള്ള അവസരം മാനേജര്‍മാര്‍ക്ക് നല്കും. അടിയന്തിരമെങ്കില്‍ മാനേജര്‍മാര്‍ക്ക് നോട്ടീസ് നല്‍കാതെയും സര്‍ക്കാരിന് ഈ നടപടി കൈക്കൊള്ളാം. അത്തരം സന്ദര്‍ഭങ്ങളില്‍ ബാധിക്കപ്പെടുന്ന വ്യക്തികള്‍ക്ക് കളക്‌റ്റര്‍ നിശ്ചയിക്കുന്ന വാടക നല്‍കും, പ്രദേശത്ത് നിലവിലുള്ള വാടക നിരക്കുകള്‍ കണക്കിലെടുത്തായിരിക്കും ഇത് നിര്‍ണയിക്കുക.

പൊതുവിദ്യാഭ്യാസം മാനവീകരിക്കാനോ സാക്ഷരതാനിരക്ക് മെച്ചപ്പെടുത്തുന്നതിനോ ഏതിനത്തിലുംപെട്ട വിദ്യാഭ്യാസം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാനോ വേണമെങ്കില്‍ ഏതിനം എയ്ഡഡ് വിദ്യാലയങ്ങളും ഏറ്റെടുക്കാനുള്ള അധികാരം സര്‍ക്കാരിനുണ്ടാകും. ഈ വ്യവസ്ഥയനുസരിച്ച് വിദ്യാലയങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പോളനിരക്കനുസരിച്ച് നഷ്‌ടപരിഹാരം നല്‍കും.

എയ്ഡഡ് വിദ്യാലയങ്ങളുടെ സ്വത്തുക്കള്‍ ഒന്നും വില്‍ക്കുകയോ പണയപ്പെടുത്തുകയോ പാട്ടത്തിന് നല്‍കുകയോ ചെയ്യരുതെന്ന വിലക്കും ബില്ലിലുണ്ട്.

വിദ്യാഭ്യാസനയം, വിദ്യാഭ്യാസവകുപ്പ് ഭരണം എന്നിവയില്‍ സര്‍ക്കാരിനെ ഉപദേശിക്കാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥ-അനുദ്യോഗസ്ഥ അംഗങ്ങളുള്ള ഒരു സംസ്ഥാന വിദ്യാഭ്യാസ ഉപദേശക ബോര്‍ഡ് രൂപീകരിക്കേണ്ടതാണ്.

വിദ്യാഭ്യാസകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോകാനും വിദ്യാഭ്യാസം സംബന്ധിച്ച വ്യവഹാരങ്ങളില്‍ പ്രാദേശിക താല്‍പര്യം ഉണര്‍ത്താനും ജനങ്ങളെ അവയുമായി ബന്ധപ്പെടുത്തുക എന്ന ഉദ്ദ്യേശ്യത്തോടെ തദ്ദേശ വിദ്യാഭ്യാസ ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കേണ്ടതാണ്.

വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ് ഈ അധികാരികള്‍ ഏല്‍ക്കുമ്പോള്‍ത്തന്നെ വിദ്യാലയങ്ങളുടെ പരിശോധന, നിയന്ത്രണം, മേല്‍നോട്ടം എന്നിവ സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവാദിത്തമാകണം എന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കേണ്ടതാണ്.

ബില്ലിന്റെ രണ്ടാം ഭാഗത്തില്‍ നിര്‍ബന്ധിത വിദ്യാഭ്യാസം സംബന്ധിച്ച വ്യവസ്ഥകളാണ്. വിദ്യാലയങ്ങളിലെ ഹാജര്‍ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുക, കുട്ടികളുടെ ജോലി സര്‍ക്കാര്‍ സ്‌കൂളിലോ സ്വകാര്യ സ്‌കൂളിലോ പഠിക്കാന്‍ അവര്‍ക്ക് തടസ്സമാകില്ല എന്നുറപ്പു വരുത്തുക എന്നിവയ്‌ക്കായി പ്രാദേശിക വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കണം എന്ന വ്യവസ്ഥയും അതിലുണ്ട്.

നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ മേഖലയില്‍, കുട്ടികളെ വിദ്യാലയത്തിലേക്ക് അയയ്‌ക്കാനുള്ള ഉത്തരവാദിത്തം രക്ഷിതാക്കള്‍ക്കുണ്ട്. ഒരിക്കല്‍ ഒരു കുട്ടി ഈ നിയമപ്രകാരം വിദ്യാലയത്തില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെയവന്‍/അവള്‍ ഒന്നുകില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമോ അല്ലങ്കില്‍ 14 വയസ്സ് തികച്ച ശേഷമോ മാത്രമേ സ്‌കൂള്‍ വിടാവൂ.

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാനോ പുസ്തകങ്ങള്‍, എഴുത്തുസാമഗ്രികള്‍ എന്നിവ വാങ്ങിക്കൊടുക്കാനോ പറ്റാത്തത്രയും ദരിദ്രരാണ് രക്ഷിതാക്കളെങ്കില്‍ പ്രാദേശിക വിദ്യാഭ്യാസ സമിതിയുടെ ശുപാര്‍ശപ്രകാരം അത്തരം കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും ആവശ്യമായ പുസ്തകങ്ങളും മറ്റു സാമഗ്രികളും സൌജന്യമായി നല്‍കേണ്ടതാണ്.

സര്‍ക്കാര്‍ ഈ ആക്‌റ്റിലെ ചട്ടങ്ങളൊക്കെ ഉണ്ടാക്കി കഴിഞ്ഞാല്‍ അവ നിയമസഭയ്‌ക്ക് മുന്നില്‍ വയ്ക്കും, നിയമസഭയ്‌ക്ക് അവയില്‍ മാറ്റങ്ങള്‍ വരുത്താം.

മൂലരൂപത്തില്‍പ്പോലും ബില്ലിലെ വ്യവസ്ഥകള്‍ ഒരു വര്‍ഷം മുമ്പ് ആന്ധ്രയില്‍ ഉണ്ടാക്കിയതിന് സദൃശമായിരുന്നു. കോണ്‍ഗ്രസ് മന്ത്രിസഭ കൊണ്ടുവന്ന ആന്ധ്ര വിദ്യാഭ്യാസ ബില്ലിലും (1956) സര്‍ക്കാരിന് എയ്ഡഡ് വിദ്യാലയങ്ങളുടെ നടത്തിപ്പും കെട്ടിടങ്ങളും ഉപകരണങ്ങളും ഫര്‍ണിച്ചറും മറ്റും ‘ന്യായമായ നഷ്ടപരിഹാരം’ നല്‍കി ഏറ്റെടുക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു.

കേരള സര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കമ്മ്യൂണിസ്റ്റുവല്‍ക്കരിക്കാന്‍ ആരംഭിച്ചിരിക്കുന്നു എന്ന, സംസ്ഥാനത്തിനകത്തും പുറത്തും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന പ്രചാരണം, അതിന്റെ നിര്‍ദ്ദേശങ്ങള്‍ അസാധാരണവും കേട്ടുകേള്‍വിയില്ലാത്തതുമാണെന്ന പ്രചാരണം, ജനാധിപത്യവും മതവും അപകടത്തിലായിരിക്കുന്നു എന്ന പ്രചാരണം എല്ലാം തികച്ചും അടിസ്ഥാനരഹിതമാണ്എന്ന് ഇതുകൊണ്ടൊക്കെ വ്യക്തമാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പ്രതിപക്ഷത്തെകൂടി വിശ്വാസത്തിലെടുക്കാന്‍ ശ്ലാഘനീയമായ ഒരു നടപടിയെടുത്തു. വിദ്യാഭ്യാസമന്ത്രിയും നിയമമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയായ പണ്ഡിറ്റ് പാന്ത്, കേന്ദ്രനിയമമന്ത്രിയായ അശോക് സെന്‍ എന്നിവരുമായി ഈ നിയമത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഡെല്‍ഹിക്ക് പോയി. വാസ്തവത്തില്‍, പ്രതിപക്ഷത്തെക്കൂടി ഉള്‍പ്പെടുത്തുക എന്ന കാഴ്ചപ്പാടോടെ കേരള സര്‍ക്കാര്‍ ബില്‍ പാസാക്കാന്‍ നിശ്ചയിച്ചിരുന്ന ജൂലൈ മാസത്തില്‍നിന്ന് മാറാനും അവരുടെ നിര്‍ദേശം ബഹുമാനിച്ച് ഭേദഗതികള്‍ വരുത്താനും തയ്യാറായി.

ആഗസ്റ്റ് 19ന് സര്‍ക്കാര്‍ ഇറക്കിയ പ്രസ്താവനയില്‍ നിര്‍ദിഷ്‌ട പരിഷ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് കോണ്‍ഗ്രസുകാര്‍, രണ്ട് പിഎസ്‌പി പ്രതിനിധികള്‍, മുസ്ലീംലീഗടക്കമുള്ള മറ്റ് പ്രതിപക്ഷകക്ഷികളുടെ പ്രതിനിധികള്‍ എന്നിവരടങ്ങിയ ഒരു നിയമസഭാ സെലക്റ്റ് സമിതി ബില്ലിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായം അളക്കാനായി സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു. സംസ്ഥാന നിയമസഭയിലെ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ നേതാവായ പിടി ചാക്കോ, പിഎസ്‌പി നേതാവ് പട്ടംതാണുപിള്ള എന്നിവര്‍ ആ സമിതിയില്‍ അംഗങ്ങളായിരുന്നു.

കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഈ പ്രതിപക്ഷ ബഹുമാനം സര്‍വത്ര ശ്ലാഹിക്കപ്പെട്ടു. ലഖ്നൌവിലെ ‘നാഷനല്‍ ഹെറാള്‍ഡ്'(1957 ആഗസ്റ്റ്21) എഴുതി: “പ്രതിപക്ഷത്തെ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാര്യക്ഷമമായി നടത്തണമെന്ന് ആഗ്രഹമുള്ള സര്‍വ്വരും ബില്ലിലെ വ്യവസ്ഥകളെ സമചിത്തതയോടെ പരിശോധിക്കും എന്ന് ഉറപ്പുവരുത്താനാണ്”. ‘സ്റ്റെയ്റ്റ്സ്‌മാന്‍'(1957ആഗസ്റ്റ്21) എഴുതി: ‘കേരളത്തിലെ മുന്‍സര്‍ക്കാരുകള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ എന്തെങ്കിലും ഗണ്യമായി ചെയ്തിരുന്നെങ്കില്‍ കേരള വിദ്യാഭ്യാസ ബില്ലിനെ അടച്ചാക്ഷേപിക്കുന്നത് കൂടുതല്‍ ന്യായമാകുമായിരുന്നു… ഏറെക്കാലമായി അവഗണനസഹിച്ചുകഴിയുന്ന കേരളത്തിലെ അധ്യാപകര്‍ തങ്ങള്‍ക്ക് അല്‍പമെങ്കിലും സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ബില്ലിനെ അനുകൂലിക്കുന്നു എന്നത് സത്യമാണ്… അധ്യാപകരുടെ സുരക്ഷിതത്വവും ശമ്പളവും ഇനിയും സ്വകാര്യ മാനേജുമെന്റുകള്‍ക്ക് വിട്ടുകൊടുക്കുന്നത് സുരക്ഷിതമായിരിക്കില്ല- ഇന്ത്യയുടെ മിക്കഭാഗങ്ങളിലേയും അനുഭവം ഇത് സ്ഥിരീകരിക്കുന്നു’. തന്നെയുമല്ല, “ബില്ലിനെതിരായ പ്രക്ഷോഭം കോണ്‍ഗ്രസ് ഇന്നത്തെ കേരള സര്‍ക്കാരിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിക്കുകയാണ് എന്നാണ് തോന്നുന്നത്”.

ബില്ലിനെതിരായ പ്രതിലോമകാരികളുടെ പ്രക്ഷോഭത്തിന് കേരളത്തിലെ കോണ്‍ഗ്രസ് നല്‍കിയ ഒത്താശ സംസ്ഥാനത്തെ നിഷ്‌പക്ഷമതികളെ ഞെട്ടിച്ചു. ജൂലായില്‍ നടന്ന കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെയും കോണ്‍ഗ്രസ് സംസ്ഥാന നിയമസഭാ കക്ഷിയുടെയും സംയുക്ത യോഗം വിദ്യാഭ്യാസബില്ലിനെ എതിര്‍ക്കുന്ന ഒരു പ്രമേയം പാസാക്കിയിരുന്നു. സംസ്ഥാനത്ത് വിദ്യാഭ്യാസബില്ലിനെതിരായ കത്തോലിക്കാ പ്രതിലോമകാരികളുടെ പ്രക്ഷോഭം ആഗസ്റ്റ് മാസത്തോടെ മൂര്‍ച്ഛിച്ചപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലീംലീഗ്, കമ്മ്യൂണിസ്റ്റ് വിരുദ്ധ മുന്നണി തുടങ്ങി സംശയാസ്പദമായ പ്രതിച്ഛായയുള്ള സംഘടനകളോടൊപ്പം വേദി പങ്കിട്ടു. ആഗസ്റ്റ്20 ന് കത്തോലിക്കാ ക്രിസ്റ്റഫര്‍മാര്‍ ‘തലസ്ഥാനം വളയല്‍’ പരിപാടി സംഘടിപ്പിച്ചപ്പോള്‍ വഴി മുഴുവന്‍ ജനങ്ങള്‍ അതിനെ കൂക്കി വിളിച്ചും കളിയാക്കിയുമാണ് എതിരേറ്റത്.[അടുത്തകാലത്ത് നഴ്സ്മാരുടെ സമരത്തിനെതിരെ കത്തോലിക്കാ വൈദികര്‍ കുഞ്ഞാടുകളെ കൂട്ടി ജാഥനടത്തിയപ്പോഴും ജനം കൂക്കി വിളിച്ചു..-jagadees] ഏറെക്കാലമായി അവഗണിക്കപ്പെട്ടിരുന്ന കേരളത്തിലെ അധ്യാപകരോട് നീതിപുലര്‍ത്തുന്നുവെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു നടപടിയെ തള്ളിപ്പറയുന്നതില്‍ മുസ്ലീംലീഗ് നേതാക്കളോട് ചേര്‍ന്ന് വേദിയില്‍ കയറാന്‍ പി ടി ചാക്കോവിന് യാതൊരു ഉളുപ്പും തോന്നിയില്ല.

സെലക്‌റ്റ് കമ്മറ്റിയുടെ റിപ്പോര്‍ട്ട് വിദ്യാഭ്യാസമന്ത്രി സംസ്ഥാന നിയമസഭയ്ക്ക് ആഗസ്റ്റ്24 നാണ് സമര്‍പ്പിച്ചത്. കേരള വിദ്യാഭ്യാസ നിയമത്തിലെ യാതൊരു വ്യവസ്ഥയും ഭരണഘടനയിലെ ആര്‍ട്ടിക്ക്ള്‍ 31 പ്രകാരം ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങളെയോ ആര്‍ട്ടിക്ക്‌ള്‍ 337 പ്രകാരം ആംഗ്ലോ-ഇന്ത്യല്‍ സമുദായങ്ങള്‍ക്കുള്ള അവകാശങ്ങളെയോ ഹനിക്കില്ല എന്നൊരു നിബന്ധനകൂടി സെലക്‌റ്റ് കമ്മറ്റി ബില്ലില്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ അംഗീകാരമോ ധനസഹായമോ ഉള്ള വിദ്യാലയങ്ങള്‍ എന്നിവയ്ക്കല്ലാതെ മറ്റൊരു വിദ്യാഭ്യസസ്ഥപനത്തിനും നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാകില്ല എന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടു. അങ്ങനെ, എയ്‌ഡഡ് വിദ്യാലയ മാനേജുമെന്റുകള്‍ക്ക് വേണമെങ്കില്‍ നിയമം നിലവില്‍ വന്ന ശേഷവും സര്‍ക്കാര്‍ എയ്ഡ് കൂടാതെ അംഗീകൃത വിദ്യാലയങ്ങളായി തങ്ങളുടെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനുള്ള അവസരം നല്‍കപ്പെട്ടു.

എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കാന്‍ ഒരു പാനല്‍ സമ്പ്രദായം വേണമെന്ന ബില്ലിലെ വ്യവസ്ഥ ഒന്നാകെ സെലക്‌റ്റ് കമ്മറ്റി വെട്ടിക്കളഞ്ഞു. ചേര്‍ക്കപ്പെട്ട പുതിയ നിബന്ധന പ്രകാരം ഓരോ വര്‍ഷവും ഉണ്ടാകാവുന്ന ഒഴിവുകള്‍ കണക്കാക്കി മെയ്31ന് മുമ്പ് സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് നിയമിക്കാനുള്ള അധ്യാപകരെ ജില്ലാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കാനുള്ള അധികാരം പബ്ലിക്‌സര്‍വ്വീസ് കമ്മീഷനില്‍ നിക്ഷിപ്തമായി. സ്‌കൂള്‍ മാനേജര്‍മാര്‍ ഈ പട്ടികയില്‍ ഉള്ളവരില്‍ നിന്നു മാത്രമേ അധ്യാപകരെ നിയമിക്കാന്‍ പാടുള്ളു. അങ്ങനെ, അധ്യാപക തെരഞ്ഞെടുപ്പില്‍ നീതി ഉറപ്പുവരുത്തുന്നതോടൊപ്പം നിയമനത്തില്‍ മാനേജര്‍മാര്‍ നടത്തിപ്പോന്ന താന്തോന്നിത്തവും കുതിരക്കച്ചവടവും ഫലപ്രദമായി തടയാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ടായിരുന്നു.

അധ്യാപകരുടെ സുരക്ഷയും വിദ്യാലയങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പും ഉറപ്പാക്കിക്കൊണ്ട് മാനേജര്‍മാര്‍ക്ക് സ്വതന്ത്രമായി കാര്യങ്ങള്‍ നടത്താനുള്ള വ്യവസ്ഥയും നിയമത്തില്‍ ഉണ്ടായിരുന്നു. എന്നിട്ടും കോണ്‍ഗ്രസിന്റെയും പിഎസ്‌പിയുടെയും നേതാക്കള്‍ അവരുടെ വിയോജനം സെലക്‌റ്റ് കമ്മറ്റി റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സെലക്‌റ്റ് കമ്മറ്റി റിപ്പോര്‍ട്ടു ചെയ്ത പ്രകാരമുള്ള ബില്‍ ആഗസ്റ്റ് 27ന് സംസ്ഥാനനിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് പി ടി ചാക്കോ മാനേജുമെന്റുകളുടെ താല്പര്യങ്ങള്‍ തുറന്നു പിന്തുണച്ചുകൊണ്ട് ഭേദഗതികള്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പു തോല്‍വിയില്‍നിന്ന് കോണ്‍ഗ്രസുകാര്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് താമസിയാതെ വ്യക്തമായി. അവര്‍ സ്ഥാപിത താല്പര്യങ്ങളുടെയും കത്തോലിക്കാ പ്രതിലോമത്വത്തിന്റെയും വക്കാലത്ത് തുടരുകയും അതിന്റെ ഫലമായി ജനങ്ങളുടെ അവിശ്വാസവും അനിഷ്ടവും സമ്പാദിക്കുകയും ചെയ്തപ്പോള്‍ കമ്മ്യൂണിസ്റ്റുകാരുടെ അന്തസ്സ് വര്‍ദ്ധിക്കുകയായിരുന്നു. ഏതായാലും, സ്ഥാപിതതാല്പര്യക്കാരുടേതൊഴികെ ബാക്കിയെല്ലാവരുടെയും പിന്തുണ കേരള വിദ്യാഭ്യാസ ബില്ലിന് കിട്ടി. സ്വതവേ കോണ്‍ഗ്രസ് അനുകൂല
നിലപാടെടുക്കാറുള്ള ‘മാതൃഭൂമി’പോലും വിദ്യാഭ്യാസബില്‍ വിരുദ്ധ പ്രചാരണത്തെ പിന്തുണച്ചില്ല. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാരും വിദ്യാഭ്യാസ വിചക്ഷണരും ബില്ലിന് പിന്തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ്, പിഎസ്‌പി അണികളില്‍ത്തന്നെ പലരും നേതൃത്വത്തെ ധിക്കരിച്ച് ബില്ലിന് അനുകൂലമായി പ്രചാരണം നടത്തി.

അങ്ങനെ ആഗസ്‌റ്റ് 26ന് തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധകൂട്ടായ്‌മയുടെ ജനകൂട്ടമാണ് തടിച്ചു കൂടിയതെങ്കില്‍, അതിന് കടകവിരുദ്ധമായി ആഗസ്റ്റ്28ന് തലസ്ഥാനത്ത് അങ്ങേയറ്റം മതിപ്പുളവാക്കുന്ന അന്തസ്സുറ്റ ഒരു പ്രകടനമാണ് ബില്ലിന് അനുകൂലമായി നടന്നത്. അധ്യാപകര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരോടൊപ്പം തിരുവനന്തപുരത്തെ തെരുവുകളില്‍ ഒട്ടേറെ സ്ത്രീകളും മാര്‍ച്ചു ചെയ്തു. തിരുവനന്തപുരം നഗരത്തിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും ജാഥയില്‍ പങ്കെടുത്തു.

സെപ്‌തംബര്‍ 3ന് കേരളത്തിലെ ജനാധിപത്യ ശക്തികളുടെ തകര്‍പ്പന്‍ വിജയം അടയാളപ്പെടുത്തിക്കൊണ്ട് കേരള വിദ്യാഭ്യാസബില്‍ സംസ്ഥാന നിയമസഭ പാസാക്കി. ധാര്‍മികവീര്യം നഷ്ടമായ കോണ്‍ഗ്രസിനും പിഎസ്‌പിക്കും അതിനെതിരെ വോട്ടുചെയ്യാനുള്ള ധൈര്യം പോലും ഇല്ലായിരുന്നു. ഭരണത്തിലുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അന്തസ് ഉയര്‍ന്നു, സാധാരണക്കാരന് അഭിമാനവും ആത്മവിശ്വാസവും തോന്നി. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് പൂര്‍ണമായ ഗ്രാഹ്യവും പാണ്ഡിത്യവും അതിശക്തമായ പ്രസംഗചാതുരിയും കൊണ്ട് മുണ്ടശ്ശേരി പ്രതിപക്ഷം ഉയര്‍ത്തിയ സകല വിതണ്ഡാവാദങ്ങളേയും തകര്‍ത്ത് തരിപ്പണമാക്കുകയും നിയമം പാസാക്കുന്നത് കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അധ്യായം തുറക്കുന്നതിന് കാരണമാകും എന്ന് അവകാശപ്പെടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് യാതൊരു പ്രചോദനവും ഇല്ലാതെ തന്നെ ഇന്ത്യയൊട്ടുക്ക് കേരള വിദ്യാഭ്യാസബില്ലിന് അനുകൂലമായി സ്വാഭാവിക പിന്തുണ പ്രകടമായി. അങ്ങനെ, ആഗസ്റ്റ്28ന് അലഹബാദ് സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനെ ബില്ലിന്റെ പേരില്‍ അഭിനന്ദിച്ചതോടൊപ്പം അതിനെ എതിര്‍ത്തവര്‍ ‘അധ്യാപകരുടെയും വിദ്യാഭ്യാസത്തിന്റെയും മാത്രമല്ല, സമൂഹത്തിന്റെ തന്നെ’ ശത്രുക്കളാണന്ന് പ്രഖ്യാപിക്കുകയും ചെയ്തു. (നാഷനല്‍ ഹെറാള്‍ഡ്,1957ആഗസ്റ്റ്27). സെപ്‌തംബര്‍2ന് മാധ്യമിക് ശിക്ഷാ സംഘത്തിന്റെ (ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍മാരുടെ സംഘടന) ലക്‌നൌ ശാഖയും ബില്ലിന്റെ പേരില്‍ കേരള സര്‍ക്കാരിനെ അനുമോദിക്കുകയും ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് അത്തരമൊരു ബില്‍ കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. (നാഷനല്‍ ഹെറാള്‍ഡ്, സെപ്തംബര്‍). ഇന്ത്യയില്‍ നാഗ്പൂര്‍, ഭോപ്പാല്‍,കല്‍ക്കത്ത, പാറ്റ്ന എന്നിങ്ങനെ വന്‍ നഗരങ്ങളില്‍ പലതിലും ബില്ലിന് അനുകൂലമായ യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

കൊച്ചിക്കടുത്ത് പള്ളുരുത്തിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത ഒരു ജനകീയ സ്വീകരണം നല്‍കിയാണ് കേരളത്തിലെ അധ്യാപകര്‍ കേരള വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരിയോടുള്ള നന്ദിയും ആദരവും പ്രകടിപ്പിച്ചത്. ബില്ലില്‍ വിപ്ലവകരമായി യാതൊന്നുമില്ല എന്നാണ് മുണ്ടശ്ശേരി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരും നടപടിയെ അഭിനന്ദിക്കുകയും കൂടുതല്‍ വിവരങ്ങളും വിശദാംശങ്ങളും ആവശ്യപ്പെടുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഈ ബില്ലിനെ എതിര്‍ക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന നിയമസഭയില്‍ പാസാക്കപ്പെട്ട വിദ്യാഭ്യാസബില്‍ പ്രസിഡന്റിന്റെ അംഗീകാരത്തിനായി അയയ്കപ്പെട്ടു. അതേ സമയം പ്രതിലോമകാരികള്‍ ബില്ലിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തി. അവര്‍ കേന്ദ്രത്തിലെ അധികാരികള്‍ക്ക് തുരുതുരാ അഭ്യര്‍ഥനകളും ഹര്‍ജികളും അയച്ചുകൊണ്ടിരുന്നു. കോണ്‍ഗ്രസ് നിര്‍വാഹകസമിതിയുടെ തലപ്പത്തുള്ള, കമ്മ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് ആന്ധ്യം ബാധിച്ച നേതാക്കളാകട്ടെ, ബില്ലിന്റെ മൌലികമായ പുരോഗമന സ്വഭാവവും മതേതര ലക്ഷ്യങ്ങളും കണ്ടില്ലന്ന് നടിച്ചു. അംഗീകാരത്തിന് തടസ്സങ്ങള്‍ സൃഷ്ടിച്ചു. എന്നിട്ടതിനെ ദേശീയതലത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ അപമാനിക്കാനുള്ള നല്ലൊരായുധമാക്കി മാറ്റുകയും ചെയ്തു. പാര്‍ലമെന്റില്‍ കേരളബില്ലിന് പ്രസിഡന്റിന്റെ അനുമതിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് എങ്ങും തൊടാത്ത മറുപടികളാണ് കിട്ടിയത്. ഇതേസമയം കാലവിളംബത്തില്‍ അക്ഷമരായ കേരളത്തിലെ അധ്യാപകര്‍ വിദ്യാഭ്യാസബില്ലിന് വേഗം അനുമതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം ഉയര്‍ത്തി. ഡിസംബര്‍ അവസാനത്തോടെയാണ് പ്രസിഡന്റ് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143 പ്രകാരം ബില്‍ സുപ്രീംകോടതിയുടെ പരിഗണനയ്‌ക്ക് വിട്ടത്.

അങ്ങനെ പ്രസിഡന്റ് സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കയയ്ക്കുന്ന ആദ്യത്തേതെന്ന നിലയില്‍ കേരളത്തിന്റെ വിദ്യാഭ്യാസബില്‍ ചരിത്രം രചിച്ചു. ജനുവരി രണ്ടാം തീയതി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി അറിയിച്ചത് കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ സംബന്ധിച്ച് നല്‍കിയ മിക്ക നിര്‍ദ്ദേശങ്ങളും കേരള സര്‍ക്കാര്‍ സ്വീകരിച്ചുവെന്നും ‘ചിലത്’തള്ളിയെന്നുമാണ്. സുപ്രീംകോടതിക്ക് വിട്ടതിനെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞത് ‘സ്വകാര്യവ്യക്തികള്‍ ബില്ലിനെ കോടതിയില്‍ ചോദ്യം ചെയ്യുമായിരുന്നു’ എന്നും ‘പ്രശ്നം(വിദ്യാഭ്യാസബില്‍) ഇത്ര വ്യാപകമായി ഉയര്‍ത്തപ്പെട്ട നിലയ്‌ക്ക് വിഷയത്തില്‍ സുപ്രീംകോടതി ഉപദേശം നല്‍കുന്നതായിരിക്കും നല്ലത്’ എന്നുമാണ്. കേന്ദ്രത്തിന്റെ അനാവശ്യമായ ഇടപെടലായി കണക്കാക്കപ്പെടുമെന്ന് മുന്‍കൂട്ടികണ്ട പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ കേന്ദ്രത്തിന് യാതൊരു ഉദ്ദേശ്യവുമില്ല എന്നും തിടുക്കത്തില്‍ കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രിയുടെ വാദം കേരളസര്‍ക്കാരിനെ തൃപ്തിപ്പെടുത്തിയില്ല. അപ്പോള്‍ ന്യൂഡെല്‍ഹിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രി നമ്പൂതിരിപ്പാട് കേന്ദ്ര ആഭ്യന്തരമന്ത്രി പണ്ഡിറ്റ് പാന്തിനെ കണ്ട് ഈ നീക്കത്തോട് കേരള സര്‍ക്കാരിനുള്ള എതിര്‍പ്പ് അറിയിച്ചു. താമസിയാതെ, ജനുവരി 11ന്, തിരുവനന്തപുരത്തുവച്ച് ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റിയുടെ സെക്രട്ടേറിയറ്റ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രമേയം പാസാക്കി. സ്വകാര്യവ്യക്തികളുടെ ഭാഗത്തുനിന്ന് കൂടുതല്‍ കേസുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് സുപ്രീം കോടതിയുടെ അഭിപ്രായം ആരാഞ്ഞത് എന്ന വാദത്തെ പ്രമേയം തള്ളിക്കളഞ്ഞു. സുപ്രീം കോടതി അഭിപ്രായം പറഞ്ഞാലും സ്വകാര്യവ്യക്തികള്‍ ബില്ലിനെ നിയമക്കോടതിയില്‍ വെല്ലുവിളിച്ചേക്കാം എന്ന സാധ്യത ഇല്ലാതാവുന്നില്ല എന്ന് പ്രമേയം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ ഈ നീക്കം ഭരണകക്ഷിയുടെ താല്‍പ്പര്യപ്രകാരമുള്ള ഭരണഘടനാവ്യവസ്ഥകളുടെ ലംഘനവും അധികാര ദുര്‍വിനിയോഗവും ആണെന്നും കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനോടുള്ള ‘രാഷ്‌ട്രീയവിവേചന’മാണന്നും പ്രമേയം വിലയിരുത്തി.

ബില്‍ സുപ്രീം കോടതിയിലേക്ക് വിടുക കാരണം കേരളത്തിലെ വിദ്യാഭ്യാസപുരോഗതിയില്‍ വന്ന കാലവിളംബത്തെപ്പറ്റി യാതൊരു സംശയവും ഉണ്ടാകേണ്ടതില്ല. 1957 സെപ്റ്റംബര്‍ തുടക്കത്തിലാണ് സംസ്ഥാനനിയമസഭ ബില്‍ പാസാക്കിയത്. 1958 ജൂണില്‍ ഇതെഴുതുന്ന സമയത്ത്, പത്തുമാസം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും വിദ്യാഭ്യാസ ബില്ലില്‍ നിര്‍ദേശിച്ച അടിയന്തിരമായ പരിഷ്കാരങ്ങള്‍ എവിടേയുമെത്താതെ നില്‍ക്കുകയാണ്.

വിദ്യാഭ്യാസ പുരോഗതിയില്‍ വന്ന ഈ കടുത്തപരിമിതി ഉണ്ടായിട്ടും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 14 മാസത്തിനുള്ളില്‍ വിദ്യാഭ്യാസമേഖലയില്‍ അഭിമാനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മുന്‍മന്ത്രിസഭകള്‍ക്കൊന്നും അവകാശപ്പെടാന്‍ പറ്റാത്ത ഒരു കാര്യമാണിത്. ഈ പുരോഗതിയില്‍ മതിപ്പ് തോന്നിയ കേന്ദ്രവിദ്യാഭ്യാസമന്ത്രി കെ.എല്‍.ശ്രീമാലി മേയ് 31ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ വിചക്ഷണരുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യവേ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വിദ്യാഭ്യാസമണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തന്റെ അഭിനന്ദനങ്ങള്‍ പ്രകടിപ്പിച്ചു.(ഇന്ത്യന്‍ എക്‌സ്‌പ്രസ്)

ഈ പ്രവര്‍ത്തനങ്ങളുടെ ഒരു സംഗ്രഹം ഇവിടെ നല്‍കുന്നു.

1947ല്‍ തിരു-കൊച്ചി സംയോജനം നടന്ന ഉടനെ സര്‍വകലാശാല പുന:സംഘടന എന്ന പ്രശ്നം ഉയര്‍ന്നു. പക്ഷെ മുന്‍സര്‍ക്കാരുകള്‍ ഒന്നും ഇതു സംബന്ധിച്ച് യാതൊന്നും ചെയ്തില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ 1957 ഒക്ടോബറില്‍ത്തന്നെ അവതരണം കാത്തുകിടന്നിരുന്ന ഒരു സര്‍വകലാശാലാബില്‍ ഒന്നു മാറ്റിയെഴുതിയിരുന്നു. ഇപ്പോള്‍ പുതിയ വൈസ്-ചാന്‍സലര്‍ ഡോ.ജോണ്‍മത്തായിയുടെ കാര്യക്ഷമമായ നേതൃത്വത്തില്‍ കേരള സര്‍വകലാശാല സംസ്ഥാനത്തെ കോളേജ് തല വിദ്യാഭ്യാസരംഗത്ത് നടത്തുന്ന മൊത്തം പ്രവര്‍ത്തനങ്ങളുടേയും കേന്ദ്രബിന്ദുവായി അതിവേഗം വളരുകയാണ്.

പ്രൈമറി വിദ്യാലയാധ്യാപകരുടെ ശമ്പള സ്കെയില്‍ ലോവര്‍ഡിവിഷന്‍ ക്ലാര്‍ക്കുമാരുടേതിന് തുല്യമാക്കി: 40-120 രൂപ. മലബാര്‍ പ്രദേശത്തെ ഹയര്‍ എലമെന്ററി അധ്യാപകരുടെ ഗ്രെയ്‌ഡ് 30-80 രൂപയില്‍നിന്ന് 40-120 രൂപയാക്കി ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിച്ചുവരികയാണ്. സംസ്ഥാനത്തെ പരിശീലനം ലഭിച്ച ഗ്രാജ്വേറ്റ് അധ്യാപകര്‍ക്ക് ഇപ്പോള്‍ 80-165 രൂപ ഗ്രെയ്‌ഡിന് അര്‍ഹതയുണ്ട്. പരിശീലനം ലഭിക്കാത്ത ഗ്രാജ്വേറ്റ് അധ്യാപകര്‍ക്ക് ഇപ്പോള്‍ തുടക്ക ശമ്പളം 65 രൂപയാണ്.

കോളജ് അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇനി മുതല്‍ സര്‍ക്കാര്‍ കോളെജ് ലക്ചറര്‍മാര്‍ക്ക് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ഗ്രെയ്ഡ് ലഭിക്കും. സ്വകാര്യ കോളെജുകള്‍ക്കും അവയിലെ അധ്യാപകര്‍ക്ക് കൂടുതല്‍ വേതനം ലഭ്യമാക്കാന്‍ പാകത്തില്‍ സര്‍ക്കാര്‍ ധനസഹായം വര്‍ധിപ്പിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ അധ്യാപകര്‍ക്ക് യുജിസി നിരക്ക് നല്‍കുന്നതിനും വ്യവസ്ഥയായിട്ടുണ്ട്.

ഇതിനൊക്കെ പുറമേ കേരളത്തിലെ വിദ്യാഭ്യാസഘടനയ്‌ക്ക് ഒരു സാങ്കേതിക സ്വഭാവം നല്‍കാന്‍ പാകത്തിന് പുന:സംഘടിപ്പിക്കപ്പെടുകയാണ്. തൃശൂരില്‍ ഒരു എഞ്ചിനീയറിങ് കോളേജ്, മറ്റിടങ്ങളില്‍ മൂന്ന് സ്വകാര്യ എഞ്ചിനീയറിങ് കോളെജുകള്‍ എന്നിവ തുറക്കാനും നീക്കം ആരംഭിച്ചുകഴിഞ്ഞു. എസ്.എസ്.എല്‍.സി തലത്തിലും സാങ്കേതിക വിദ്യാപഠനം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. എല്ലാ ജില്ലയിലും ഒരു പോളിടെക്‌നിക് ഉണ്ടാകും. അവയ്‌ക്ക് താഴെ അപ്പര്‍ പ്രൈമറി കഴിഞ്ഞ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ജൂനിയര്‍ ടെക്‌നിക്കല്‍ വിദ്യാലയങ്ങള്‍ ഉണ്ടാകും. 1958 ജൂലൈ മുതല്‍ ഇത്തരം 40 വിദ്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കും.

സൌജന്യ, നിര്‍ബന്ധിത വിദ്യാഭ്യാസത്തിന്റെ മേഖല വ്യാപിപ്പിക്കപ്പെട്ടിരിക്കുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍, അതായത്, മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ അഞ്ചു വര്‍ഷം മുമ്പ്, സംസ്ഥാനത്തുടനീളം 11 വയസ്സുവരെ സൌജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. 1957-58ല്‍ ഉച്ചഭക്ഷണ പദ്ധതി ആലപ്പുഴ,കോഴിക്കോട് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. താമസിയാതെ മറ്റു ജില്ലകളും ഉള്‍പ്പെടുത്തപ്പെടും.

വടക്കേയറ്റത്തുള്ള ഭാഷാന്യൂനപക്ഷക്കാരായ കന്നടക്കാര്‍ക്ക് കാസര്‍ഗോഡ് ഒരു കോളെജ് തുടങ്ങിയിരിക്കുന്നു.

വിദ്യാഭ്യാസവകുപ്പ് വികേന്ദ്രീകരിച്ചത് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ വളരെ പ്രധാനപ്പെട്ട ഒരു പരിഷ്കാരമാണ്. ഓരോ ജില്ലയിലേയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥനാണ്, അഥവാ ഡിസ്‌ട്രിക്‌റ്റ് എജുക്കേഷന്‍ ഓഫീസറാണ് നിയന്ത്രിക്കുക. ഡി.ഇ.ഒ യ്‌ക്ക് ഇതിനായി കൂടുതല്‍ അധികാരങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു. ഉന്നത തലത്തിലും ദൂരവ്യാപകമായ പ്രവൃത്തി പുനര്‍വിഭജനം നടന്നിട്ടുണ്ട്. കൂടുതല്‍ കാര്യക്ഷമതയും ഏകോപനവും ലക്ഷ്യമാക്കിയാണ് ഇത്.

പാഠപുസ്തകങ്ങള്‍ തയ്യാറാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന കാര്യത്തില്‍ ഒരു പുതിയ ഏര്‍പ്പാട് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ സമിതികള്‍ നിയുക്തമായിട്ടുണ്ട്. അവ അച്ചടിക്കുക സര്‍ക്കാര്‍ പ്രസ്സില്‍ത്തന്നെയായിരിക്കും. ജില്ലാതല സഹകരണ സ്റ്റോറുകള്‍ വഴി മാത്രമേ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യപ്പെടു. വിദ്യാലയപാഠപുസ്തകങ്ങളുടെ വിതരണത്തില്‍ നടന്നുപോന്നിരുന്ന കടുത്ത തകരാറുകളും അഴിമതിയും ഇല്ലായ്‌മ ചെയ്യാന്‍ ഉതകും എന്നതിനാല്‍ ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരിക്കുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു ഏകീകൃതരൂപം നല്‍കാനായി സര്‍ക്കാര്‍ അടിസ്ഥാന വിദ്യാഭ്യാസത്തിനായുള്ള മൂല്യനിര്‍ണയ സമിതിയുടെ അഞ്ചിനപരിപാടി നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കയാണ്. സമിതിയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമാക്കപ്പെട്ടു. ഇക്കാര്യത്തില്‍ കേരളസര്‍ക്കാര്‍ ചെയ്യുന്ന ശ്രമങ്ങളെ 1958 മേയ് 30-ന് എറണാകുളത്ത് വച്ച് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ശ്രീമാലി അഭിനന്ദിക്കുകയുണ്ടായി. ഈ പദ്ധതിപ്രകാരം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഒരു ഉപകരണമുറി തുറക്കും. ഈ മുറിയില്‍ തദ്ദേശീയമായ എല്ലാ തരം ഉപകരണങ്ങളും ശേഖരിച്ച് സൂക്ഷിക്കപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശികതലത്തില്‍ ലഭ്യമായ കൈവേലാ വൈദഗ്‌ദ്ധ്യം ഉപയോഗിച്ച് വിവിധതരം വേലകളില്‍ പരിശീലനം നല്‍കപ്പെടും. ഇതൊരു നൂതനാശയമാണെന്ന് ശ്രീമാലി ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിക്ക് മുമ്പാകെ എത്തിയതുകൊണ്ട് മാത്രമല്ല, ആ ബഹുമാന്യ നീതിപീഠത്തിന് മുമ്പാകെ അനുകൂല-പ്രതികൂല വാദമുഖങ്ങള്‍ അവതരിപ്പിക്കപ്പെട്ട രീതി കൊണ്ടും കേരള വിദ്യാഭ്യാസബില്‍ ചരിത്രമായി. കേരളസര്‍ക്കാരിന്റെ നടപടി പരക്കെ ശ്ലാഘിക്കപ്പെട്ടു. തിരുവനന്തപുരത്തുവച്ച് ശ്രീമാലി പറഞ്ഞതുപോലെ, കേരളത്തിന്റെ നടപടി ‘വലിയൊരു വിവാദം ഉയര്‍ത്തിയെന്നതിനു പുറമെ ചില കാര്യങ്ങള്‍ വ്യക്തമാക്കപ്പെടാനും സഹായിച്ചു.’ വിദ്യാലയങ്ങളില്‍ കെടുകാര്യസ്ഥത നടക്കുന്നില്ലെന്നും ഒരു മിനിമം നിലവാരം പുലര്‍ത്തപ്പെടുന്നുവെന്നും അധ്യാപകര്‍ക്ക് മാന്യമായ സേവന വ്യവസ്ഥകള്‍ നല്‍കപ്പെടുന്നുവെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ശ്രീമാലി സമ്മതിച്ചു. ‘തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിടത്തോളം, വിദ്യാഭ്യാസമണ്ഡലത്തില്‍നിന്ന് സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കുക എന്നതല്ല കേരള സര്‍ക്കാരിന്റെ ഉദ്ദേശം. വിദ്യാലയങ്ങളില്‍ മിനിമം ധാര്‍മിക നിലവാരങ്ങള്‍ പുലരുന്നുവെന്ന് ഉറപ്പുവരുത്തുക എന്നു മാത്രമേ, അവര്‍ക്ക് ഉദ്ദേശ്യമുള്ളു. ഈ അവകാശം ഏത് ഭരണകൂടത്തിനും തീര്‍ച്ചയായും പ്രയോഗിക്കാവുന്ന ഒന്നുതന്നെയാണ്. ബില്ലിലെ ചില വ്യവസ്ഥകള്‍ പരിഷ്‌കരിക്കേണ്ടിവന്നേക്കാം, പക്ഷെ, അവയുടെ സാമൂഹിക
ലക്ഷ്യങ്ങള്‍ ഓര്‍മിക്കേണ്ടതുണ്ട്’. (ഇന്ത്യന്‍ എക്‌സ്‌പ്രസ്,ജൂണ്‍1,1958)

കേരള വിദ്യാഭ്യാസ ബില്‍ ഏപ്രില്‍ 29ന് സുപ്രീം കോടതിയുടെ ഒരു ഭരണഘടനാ ബഞ്ചിനുമുമ്പാകെ വാദം കേള്‍ക്കുവാന്‍ എത്തി. കോടതി മേയ് 22ന് അഭിപ്രായം പ്രസ്താവിച്ചു. ബില്‍ ‘പ്രായേണ മുറിവേല്‍ക്കാതെ’ പുറത്തു വന്നു എന്നാണ് ഒരു കമന്റേറ്റര്‍ അഭിപ്രായപ്പെട്ടത്.(വിറ്റ്‌നസ് ‘ഇന്ത്യന്‍ രംഗം’, ഇന്ത്യന്‍ എക്‌സ്‌പ്രസ്, മേയ് 26,1958).

തങ്ങള്‍ക്കിഷ്ടമുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കാനും നടത്താനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം സര്‍ക്കാരിന് നിബന്ധനകള്‍ ഇല്ലാതെ സഹായധനം നല്‍കാന്‍ പറ്റാതെ വരുന്നത്ര പരമമാണോ എന്നതായിരുന്നു, വാദത്തിന്റെ പ്രധാന മുന. അത്തരത്തിലുള്ള എന്തെങ്കിലും പരമാവകാശം ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷ സമുദായത്തിന് ഉള്ളതിലും ഉപരിയായ അവകാശങ്ങളും സവിശേഷാധികാരങ്ങളും നല്‍കുമായിരുന്നു. സുപ്രീം കോടതി ചൂണ്ടിക്കാണിച്ചതുപോലെ, വിദ്യാലയങ്ങള്‍ നടത്താനുള്ള അവകാശം, അവ കാര്യക്ഷമമല്ലാതെ നടത്തിക്കൊണ്ടു പോകാനുള്ള അവകാശമാകുന്നില്ല; ഒരു വിദ്യാലയം ഭരണകൂടത്തിന്റെ സഹായധനം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ സര്‍ക്കാര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേ മതിയാകൂ. കേരളബില്ലില്‍ വ്യവസ്ഥചെയ്യപ്പെട്ട നിബന്ധനകള്‍ അന്യായമല്ല എന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. [നോക്കൂ, ഈ ന്യൂനപക്ഷമെന്നത് ജനാധിപത്യത്തെ തന്നെ ആക്രമിക്കാന്‍ വേണ്ടി സൃഷ്ടിച്ച നിയമാണോ എന്ന് തോന്നിപ്പോകുന്നു. ന്യൂനപക്ഷം സ്ഥാപിച്ച സ്ഥാപനം ന്യൂനപക്ഷത്തിന് തന്നെ അനുകൂലമാണോ എന്ന് ആര് എങ്ങനെ തീര്‍ച്ചപ്പെടുത്തും.-jagadees]

ബില്‍ ന്യൂനപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന കാഴ്‌ചപ്പാട് തള്ളിക്കളയവെതന്നെ സുപ്രീംകോടതി, ഭാവിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതു സംബന്ധിച്ച ഒരു വ്യവസ്ഥ, ഖണ്ഡിക 3(5) മാത്രം ന്യൂനപക്ഷാവകാശങ്ങളുടെ ധ്വംസനമാണെന്നാണ് വിധിച്ചത്. ഈ നിയമം നടപ്പിലാക്കപ്പെട്ട ശേഷം പുതിയ വിദ്യാലയം സ്ഥാപിക്കപ്പെടുന്നതും ഏതെങ്കിലും സ്വകാര്യ വിദ്യാലയത്തില്‍ ഒരു ഉയര്‍ന്ന ക്ലാസ് ആരംഭിക്കുന്നതും ഈ നിയമത്തിലെ വ്യവസ്ഥകള്‍ക്കും അതിന്‍പടി ഉണ്ടാക്കപ്പെടുന്ന ചട്ടങ്ങള്‍ക്കും വിധേയമായിട്ടായിരിക്കും; അത്തരം വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെ സ്ഥാപിക്കപ്പെടുന്ന ഒരു വിദ്യാലയവും ഒരു ക്ലാസും സര്‍ക്കാരിന്റെ അംഗീകാരത്തിന് അര്‍ഹമായിരിക്കില്ല.

ഇങ്ങനെ ബില്‍ പ്രായേണ മുറിവേല്‍ക്കാതെയാണ് പുറത്തു വന്നത് എന്നും ശ്രീമാലി മുമ്പ് സൂചിപ്പിച്ച ബില്ലിലെ ശ്ലാഘനീയമായ ഉദ്ദേശങ്ങള്‍ക്കൊന്നും യാതൊരു ഊനവും തട്ടിയില്ല എന്നും വായനക്കാരന് വ്യക്തമാകുമല്ലൊ.

വാസ്തവത്തില്‍ സംഭവിച്ചത് ഇതാണ്: കേരളത്തിലെ കോണ്‍ഗ്രസിന്റെയും അവരുടെ ന്യൂദല്‍ഹിയിലെ കമ്മ്യൂണിസ്റ്റു വിരുദ്ധരും പ്രതിലോമകാരികളുമായ സുഹൃത്തുക്കളുടെയും സഹായത്തോടെ കത്തോലിക്കാപ്രതിലോമശക്തികളും സ്ഥാപിത താല്‍പ്പര്യങ്ങളും ചേര്‍ന്ന് അങ്ങേയറ്റം ന്യായമായ ഒരു നടപടി ഒരു വര്‍ഷത്തോളം വൈകിയ്‌ക്കുന്നതില്‍ വിജയിച്ചു.

സുപ്രീംകോടതി വിധിയെക്കുറിച്ച് എഴുതവേ ടൈംസ് ഓഫ് ഇന്ത്യ (മേയ് 24,1958) കേരളത്തിലെ കോണ്‍ഗ്രസിന് ആരോഗ്യകരമായ ഈ ഉപദേശം നല്‍കുന്നുണ്ട്: ‘കേരളത്തിലെ കോണ്‍ഗ്രസ് തങ്ങള്‍ ബില്ലിനെ എതിര്‍ക്കാന്‍ ആധാരമാക്കിയ ന്യായങ്ങള്‍ വേണ്ട വിധമാണോ തെരഞ്ഞെടുത്തത് എന്ന് ചിന്തിക്കണം. മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സമാനനടപടികള്‍ കൈക്കൊള്ളാന്‍ പ്രതിജ്ഞാബദ്ധമാണ്. രാജസ്ഥാനിലേയും ഉത്തരപ്രദേശിലേയും സര്‍ക്കാരുകള്‍ സുപ്രീംകോടതി നടപടികളില്‍ കക്ഷികളുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കമ്മ്യൂണിസ്റ്റുകാരെ എതിര്‍ക്കുമ്പോള്‍ തന്നെ സ്വന്തം താല്‍പ്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കണമെങ്കില്‍ അവരുടെ എതിര്‍പ്പ് ന്യായമായ തത്വങ്ങളിലും രീതികളിലും അടിയുറച്ചതും ഭരണഘടനാനുസൃതവും ആയിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കണം’.

പക്ഷെ കേരളത്തിലെ കോണ്‍ഗ്രസ് ഈ പാഠം ഉള്‍ക്കൊള്ളുമോ എന്നതാണ് ചോദ്യം.

ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍

Type setting: RSP

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

3 thoughts on “വിദ്യാഭ്യാസനയവും നേട്ടങ്ങളും

  1. വിമോചസമരം ശരിയായിരുന്നുവെന്നും തെറ്റായിരുന്നുവെന്നും
    വാദിക്കുന്നവര്‍ സ്വാഭാവികമായും ധാരാളം ഉണ്ടാകാം. 1957 ഡിസംബറില്‍ കെ.പി.സി.സി. പ്രസിദ്ധീകരിച്ച ‘കമ്യൂണിസ്റു ഭരണം കേരളത്തില്‍’ (രച കൈനിക്കര പത്മാഭപിള്ള) എന്ന ഗ്രന്ഥം വിമോചസമരത്തെയും കേന്ദ്ര ഇടപെടലിനെയും നൂറു ശതമാനം ന്യായീകരിക്കുന്നതാണ്. 1994-ല്‍ നക്ഷത്രം ബുക്സ് പ്രസിദ്ധീകരിച്ച ‘വിമോചസമരം-ഒരു പഠനം ‘ (രചന കെ.ജി. ഗോപാലകൃഷ്ണന്‍) 2004 -ല്‍ പെന്‍ബുക്സ് പ്രസിദ്ധപ്പെടുത്തിയ ‘കമ്യൂണിസ്റുഭരണവും വിമോചസമരവും’ (രചന കെ. രാജേശ്വരി) എന്നീ ഗ്രന്ഥങ്ങള്‍ സാമാന്യമായി പറഞ്ഞാല്‍ ഒരു പക്ഷവും പിടിക്കാതുള്ള ചരിത്രാവലോകങ്ങളാണ്.അറ്റവും മുറിയും അറിയേണ്ടുന്നവർക്ക് മാത്രം മേല സൂചിപ്പിച്ച മാളവീയയുടെ പുസ്തകം വായിച്ചു 100 രൂപ കളയാവുന്നതാണ് !

    ‘കമ്യൂണിസ്റു പാര്‍ട്ടി കേരളത്തില്‍’ എന്ന ഗ്രന്ഥത്തില്‍ പശ്ചാത്താപവിവശായി ഇ.എം.എസ്. എഴുതി-
    “ഇത്തരം ഒരു സംഘട്ടനം വിദ്യാഭ്യാസബില്ലിന്റെ അടിസ്ഥാത്തില്‍ വേണമായിരുന്നോ എന്ന പ്രശ്നം കഴിഞ്ഞ കാല്‍നൂറ്റാണ്ടിലധികം കാലം വാശിയോടെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂനിയമപരിഷ്കാരം പോലെ മൌലികപ്രാധാന്യമുള്ള പ്രശ്നങ്ങള്‍ക്കു പകരം വിദ്യാഭ്യാസരംഗത്തെ പരിഷ്കാരത്തില്‍ കൈവച്ചത് ജനശ്രദ്ധ തിരിച്ചുവിടാനല്ലേ ഉപകരിച്ചതെന്ന് ആണ് ഒരു വിഭാഗക്കാര്‍ ചോദിച്ചത്. ആ സംശയം കേരളത്തിലെ കമ്യൂണിസ്റു ഗവണ്‍മെന്റ് എന്ന പരീക്ഷണം അവസാനിച്ച കാലത്ത് ഈ ലേഖകനു തന്നെ ഉണ്ടായിരുന്നു” (ഭാഗം രണ്ട്, പേജ് 116).

    1957 ഏപ്രില്‍ അഞ്ചിനാണ്‌ ഇ.എം.എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ മന്ത്രിസഭ കേരളത്തില്‍ അധികാരമേറ്റത്‌. ഭരണപരിചയമുള്ളവരുടെ അഭാവം മന്ത്രിസഭയുടെ പ്രധാന ദൗര്‍ബല്യമായിരുന്നു. ജനക്കൂട്ടത്തിന്റെ കൈയടി കിട്ടുന്ന നടപടികളിലൂടെ ഈ ദൗര്‍ബല്യം മറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. അത്തരമൊരു നടപടിയായിരുന്നു വിദ്യാഭ്യാസ ബില്ല്‌. വിമോചന സമരത്തിലേക്കു നയിച്ചതില്‍ വിദ്യാഭ്യാസ ബില്ലിന്‌ ഒരു പ്രധാന പങ്കുണ്ട്‌.
    ഇ.എം.എസ്‌ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ്‌ മുണ്ടശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്‍ അധ്യാപക നിയമനത്തില്‍ മാനേജ്മെന്റിനുള്ള അവകാശങ്ങള്‍ നിയന്ത്രിക്കുന്നതും ഫലത്തില്‍ മാനേജ്മെന്റിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കുന്നതുമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ്‌ ഏറ്റെടുക്കാനും അതില്‍ വ്യവസ്ഥയുണ്ടായിരുന്നു. വിദ്യാഭ്യാസം സര്‍വപ്രധാനമായ സാമൂഹ്യപ്രവര്‍ത്തനവും, സ്വന്തമായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചുനടത്താനുള്ള അവകാശം ന്യൂനപക്ഷാവകാശങ്ങളിലെ ആണിക്കല്ലുമായി കരുതുന്നക്രൈസ്തവസഭയ്ക്ക്‌ ഇതില്‍ ആശങ്കയുണ്ടായത്‌ സ്വാഭാവികം. സഭയേയും സമുദായത്തേയും പീഡിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഗൂഢനീക്കമായി വിദ്യാഭ്യാസ ബില്‍ വിലയിരുത്തപ്പെട്ടു.1957 JULY 7 നു വിദ്യാഭ്യാസ ബില്‍ സഭയില്‍ അവതരിപ്പിച്ചു. 1958 മെയ്‌ 22 ന്യൂനപക്ഷം വിരുദ്ധം എന്ന് പറയപ്പെടുന്നു വകുപ്പുകള്‍ സുപ്രീം കോടതി അസാധുവാകി. “ന്യൂനപക്ഷം വിരുദ്ധം” ആയ ഒരു ബില്ലിനെക്കുറിച്ച് വാചാലമാകേണ്ട കാര്യമുണ്ടോ !

    വിമോചനസമരത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പ് വിമോചന സമരത്തിന്റെ ബഹുജന പങ്കാളിത്തത്തെ ശരിവയ്ക്കുതായിരുന്നു . കോണ്‍ഗ്രസ്സിന് 63-ഉം പി.എസ്.പി.ക്ക് 20-ഉം മുസ്ലീം ലീഗിന് 11-ഉം സീറ്റുകള്‍ കിട്ടി. കമ്യൂണിസ്റുകാര്‍ക്കും അവരുടെ സ്വതന്ത്രര്‍ക്കും കൂടി ആകെ 29 സീറ്റേ കിട്ടിയുള്ളൂ. കമ്യൂണിസ്റ് മന്ത്രിസഭയില്‍നിന്നു മത്സരിച്ച 11-ല്‍ 7 മന്ത്രിമാരും പരാജയപ്പെട്ടെതു വിമോചനസമരത്തിന്റെ ശക്തി വിളിച്ചറിയിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. കത്തോലിക്കാ ക്രിസ്റ്റഫര്‍മാര്‍ ‘തലസ്ഥാനം വളയല്‍’ പരിപാടി സംഘടിപ്പിച്ചപ്പോള്‍ കൂക്കി വിളിച്ച ‘ജനങ്ങൾ’ആരായിരുന്നു എന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ !

    ഏതാണ്ട് എഴുപതുശതമാനം പഞ്ചായത്തുകളും തൊണ്ണൂറു ശതമാനം മുനിസിപ്പാലിറ്റികളും സംസ്ഥാനസര്‍ക്കാരിന്റെ ഭരണം മടുത്ത് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു പ്രമേയം പാസാക്കി .എല്ലാ ബാര്‍കൌസിലുകളും മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ടതും പാര്‍ട്ടി പത്രങ്ങളൊഴിച്ച് മറ്റെല്ലാ പത്രങ്ങളും മന്ത്രിസഭയുടെ രാജി ആവശ്യപ്പെട്ട് എഡിറ്റോറിയല്‍ എഴുതിയതും . ഏതാണ്ട് പത്തുലക്ഷം പേരോളം പങ്കെടുത്ത ഒന്നേമുക്കാല്‍ ലക്ഷം പേര്‍ അറസ്റുവരിച്ച ഈ ഒരു ബഹുജനമുന്നേറ്റം കേരളം കണ്ടതില്‍വച്ചേറ്റവും വലിയതുതന്നെയായിരുന്നു.

    വിദ്യാഭ്യാസബില്ലിനെതിരായി കത്തോലിക്കാമതമേലദ്ധ്യക്ഷന്മാര്‍ ഒറ്റയ്ക്കു തുടങ്ങിവച്ച സമരം പിന്നിട് പല ശക്തികള്‍ ഒന്നുചേര്‍ന്ന് ശക്തിപ്രാപിച്ച് ഒരു വന്‍പ്രവാഹമായി കലാശിക്കുകയാണ് ഉണ്ടായത്.
    പ്രൈവറ്റു സ്കൂള്‍ മാനേജര്‍മാര്‍ വിദ്യാഭ്യാസബില്ലിനെതിരേ ആരംഭിച്ച സമരത്തിന് പി.ടി. ചാക്കോയുടെയും ആര്‍. ശങ്കറിന്റെയും നേതൃത്വത്തിലുള്ള ദക്ഷിണകേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പിന്തുണ ലഭിച്ചതാണ് ആദ്യത്തെ വളര്‍ച്ച. എതിര്‍ത്തുനിന്ന മലബാര്‍ വിഭാഗം കോണ്‍ഗ്രസ് ക്രമേണ അതിനോടു യോജിച്ചു. മുസ്ളീം ലീഗ്, പി.എസ്.പി. എന്നി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ മന്നം രംഗപ്രവേശം ചെയ്തു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിമോചനസമരസമിതി രൂപംകൊണ്ടു. വിദ്യാര്‍ത്ഥികളുടെ സമരം – കെ.എസ്.യു. വിന്റെ രൂപീകരണം. കിളികൊല്ലൂര്‍, ചന്ദനത്തോപ്പ്, തലയാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളി സമരങ്ങളിലെ തൊഴിലാളികളുടെ രക്തസാക്ഷിത്വം, ആര്‍.എസ്.പി. യുടെ രംഗപ്രവേശം. മന്ന്ത്തിനു സ്വീകരണമെന്ന പേരില്‍ വന്‍ യോഗങ്ങള്‍, കാട്ടാമ്പള്ളി കുടിയിറക്കു സമരം .ക്രിസ്റഫര്‍ പടയുടെ രൂപീകരണം-അങ്കമാലിയിലാരംഭിച്ച വെടിവയ്പുകള്‍ – ജീവശിഖാപ്രയാണം – കലാരംഗത്തെ ചലനങ്ങള്‍ – നാടകങ്ങള്‍ – ഭഗവാന്‍ മക്രോണി കഥാപ്രസംഗം -തിരുവനന്തപുരത്ത് ലക്ഷങ്ങളുടെ പ്രകടനവും കമ്യൂണിസ്റുഗുണ്ടാ വിളയാട്ടവും, വിരുദ്ധമുണി പ്രസിഡന്റ് വെല്ലിംഗ്ടനു ഗുണ്ടാമര്‍ദ്ദനം – നെഹൃവിന്റെ ആഗമനം – കെ.പി.സി.സി. യുടെ കുറ്റപത്രം – ഗവര്‍ണറുടെ റിപ്പോര്‍ട്ട് അവസാനം കേന്ദ്രഇടപെടല്‍ എന്ന പൊട്ടിത്തെറി. സംഭവങ്ങള്‍ ഈ പറഞ്ഞ ഗതിയില്‍ വളര്‍ന്നു വികസിച്ച് ഒരു പൊട്ടിത്തെറിയില്‍ കലാശിക്കുകയായിരുന്നു . ഇതൊക്കെ മറച്ചു വെച്ച് മാളവീയയുടെ പുസ്തകം പോടിതട്ടിയെടുത്താൽ 100 രൂപ മുതലാകുമോ !

Leave a reply to റിയാഫ് മറുപടി റദ്ദാക്കുക