അര്‍ജന്റീനയില്‍ പൂട്ടിയ കമ്പനി തൊഴിലാളികളേറ്റെടുത്ത് അവര്‍ മാനേജര്‍മാരും സിഇഓയും ഒന്നുമില്ലെ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഒരു സിനിമയാണ് The Take. ഇത് പുതിയ ഒരു കാര്യമല്ല. 1968 ലെ അത്തരം സംഭവങ്ങളെക്കുറിച്ച് സൊളനാസിന്റെ Hour of Furnace ന്റെ രണ്ടാം ഭാഗത്തില്‍ പറയുന്നുണ്ട്. എന്തിന് മുതലാളിത്തത്തിന്റെ സ്വര്‍ഗ്ഗമായ അമേരിക്കയില്‍ പോലും അത്തരം പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ നമുക്ക് മാനേജര്‍മാരും സിഇഓയും ഒക്കെ ഇല്ലാത്ത ലോകത്തേക്കുറിച്ച് ചിന്തിക്കാനാവില്ല. അരാജകത്വം എന്നാണ് അതിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത്. അത് ശരിയാണോ? നമുക്കൊന്ന് പരിശോധിക്കാം.
പഠനം കഴിഞ്ഞ് നാം ആദ്യം ചെയ്യുന്ന പണി ഒരു തൊഴില്‍ കണ്ടെത്തുക എന്നതാണ്. പരസ്യങ്ങള്‍ പ്രകാരം നാം അപേക്ഷകള്‍ അയച്ചു. പക്ഷേ മറുപടിയൊന്നുമില്ല. നമുക്കറിയാം നമുക്ക് കഴിവുണ്ട് മാര്‍ക്കുണ്ട് പക്ഷേ ആരും വിളിക്കുന്നില്ല. അത് അരാജകത്വം എന്നതിനേക്കാള്‍ നമ്മുടെ വിധി എന്ന് വിശ്വസിക്കാനാണിഷ്ടം.
അങ്ങനെ വിധിപോലെ ചിലപ്പോള്‍ നമുക്ക് ഒരു ജോലി കിട്ടുന്നു. 8 മണിക്കൂറും ചിലപ്പോള്‍ അതിനധികവും നാം കഠിനാധ്വാനം അവിടെച്ചെയ്യുന്നു. പക്ഷേ ശമ്പള വര്‍ദ്ധനവും വിദേശയാത്രയുമൊക്കെ ചിലര്‍ക്ക് മാത്രം. എന്തുകൊണ്ട് നമുക്ക് മാത്രം ഇതൊന്നുമില്ലെന്ന് ഒരു നിശ്ഛയവുമില്ല. അത് അരാജകത്വം എന്നതിനേക്കാള്‍ നമ്മുടെ വിധി എന്ന് വിശ്വസിക്കാനാണിഷ്ടം.
ഒരു ദിവസം മാനേജര്‍ വിളിച്ചിട്ട് പറയുന്നു, ഓര്‍ഡറ് കുറവാണ്. സാമ്പത്തിക മാന്ദ്യമല്ലേ. ഒന്നും വ്യക്തമല്ല. അതുകൊണ്ട് നാളെ മുതല്‍ താങ്കള്‍ക്ക് ജോലിയില്ല. മാന്ദ്യമുണ്ടാക്കുന്ന ഒരു കാര്യവും നമ്മള് ചെയ്തിട്ടില്ല. കഠിനമായി അദ്ധ്വാനിച്ച. പക്ഷേ എന്തുകൊണ്ട് നമ്മേ മാത്രം ശിക്ഷിക്കുന്നു. അതും വ്യക്തമല്ല. അരാജകത്വം എന്നതിനേക്കാള്‍ നമ്മുടെ വിധി എന്ന് വിശ്വസിക്കാനാണിഷ്ടം.
നിങ്ങള്‍ ജോലിക്കായി ജോലിസ്ഥലത്തെത്തുമ്പോള്‍ അതിന് മുമ്പില്‍ ജോലിക്കാരുടെ വലിയ ഒരു കൂട്ടം. ആരോ പറഞ്ഞു, മുതലാളി കമ്പനി പൂട്ടി.
“ചെറിയ സമയത്തേക്ക് ചിലര്‍ക്ക് വ്യക്തിപരമായി അനുഭവിക്കുന്ന പ്രശ്നങ്ങളാവാം ഇത്. അത് കാര്യമാക്കേണ്ട”, ഇതായിരിക്കാം നിങ്ങളുടെ പ്രതികരണം. എന്നാല്‍ ചിലരുടെ വ്യക്തിപരമായ അനുഭവങ്ങളെക്കാള്‍ വലിയ സംഭവങ്ങളുമുണ്ട്. 2008 ല്‍ ജോര്‍ജ് ബുഷ് ഒരു പ്രസംഗത്തില്‍ പറഞ്ഞു, “അമേരിക്കയുടെ സമ്പദ്ഘടനയുടെ അടിത്തറ ശക്തമാണ്”. ഇത് പറഞ്ഞ് ആഴ്ച്ചകള്‍ക്ക് ശേഷം അമേരിക്കന്‍ സമ്പദ്ഘടന തകര്‍ന്ന് തരിപ്പണമായി. അവരുമായി ബന്ധമുള്ള മറ്റ് സമ്പദ്ഘടനകളും ലോകം മൊത്തവും ആ തകര്‍ച്ച വ്യാപിച്ചു. ഇത് അരാജകത്വമല്ലേ?
സ്ഥാപനത്തിന്റെ ലാഭത്തേയും ചിലപ്പോള്‍ നിലനില്‍പ്പിനെ തന്നെ തകര്‍ക്കുന്ന നയങ്ങളും പരിപാടികളും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. ഇത് അരാജകത്വമല്ലേ? ഇതാണ് അരാജകത്വം.
നമ്മുടെ തൊഴില്‍ സ്ഥാപനങ്ങളിലെ ചില അവസ്ഥകളാണ് മുകളില്‍ പറഞ്ഞത്. ഇതില്‍ ഏറ്റവും അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്നത് തൊഴിലാളികളാണ്. മുതലാളിക്ക് ഒന്നും നഷ്ടപ്പെടുന്നില്ല. ബാങ്കോ, ഓഹരി ഉടമകളോ ആണ് നിക്ഷേപം നടത്തുന്നത്. അവര്‍ക്ക് സര്‍ക്കാര്‍ സഹായവും കിട്ടും. ജോലി ഇല്ലാത്ത ഒരു തൊഴിലാളിക്ക് വീണ്ടും തൊഴില്‍ കിട്ടുകയും ബുദ്ധിമുട്ടാണ്. എന്താണ് ഇതിന് പരിഹാരം? എന്തുകൊണ്ട് ഇത്തരം അവസ്ഥകളുണ്ടാകുന്നു.? (രാഷ്ട്രീയ പക്ഷാഭേദം മൂലം അന്ധമല്ലാത്ത മനസാണ് താങ്കെള്ക്കുള്ളതെങ്കില് ഇത്തിരി ക്ഷമയുമുണ്ടെങ്കില്‍ ഈ പ്രസംഗങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് മനസിലാവും.)
ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യത്ത് എല്ലാ കാര്യവും നാം ചെയ്യുന്നത് ജനാധപത്യപരമായ രീതിയിലാണ്. എന്നാല്‍ നമ്മുടെ ഒരു ദിവസത്തിന്റെ വലിയോരു സമയം (8 മണിക്കൂറില്‍ അധികം) ചിലവഴിക്കുന്നത് തൊഴില്‍ ശാലയിലാണ്. എന്താണ് അവിടുത്തെ അവസ്ഥ. അവിടെ ഒരു ജനാധിപത്യവും ഇല്ല സുതാര്യതയും ഇല്ല. ദിവ്യമായ ഉന്നതങ്ങളില്‍ എടുക്കുന്ന തീരുമാനം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും നാം അനുസരിച്ചുകൊള്ളണം. അതാണ് നിയമം.
നിരന്തരം പരാജയമേറ്റ് വാങ്ങുന്ന ജനം ചിലപ്പോള്‍ അത് സമ്മതിച്ച് തന്നെന്ന് വരില്ല. അതാണ്, fire the boss എന്ന ആശയം. തൊഴിലാളികള്‍ക്കായി തൊഴിലാളികള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിപ്പിക്കുന്ന തൊഴില്‍ ശാല. ജനാധിപത്യം തൊഴിലില്‍. Democracy at work. ഈ ആശയത്തിന് ലോകം മൊത്തം പ്രചാരമേറുകയാണ്. അതി സമ്പന്നര്‍ സൃഷ്ടിച്ച സാമ്പത്തിക തകര്‍ച്ചയാല്‍ ദുരിതമനുഭവിക്കുന്ന അമേരിക്കയിലെ പുത്തന്‍ ഉണര്‍വ്വാണ് അത്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.