അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ

അദ്ധ്യായം 6. അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ

കേരള വിദ്യാഭ്യാസ ബില്‍ സംസ്ഥാനത്തെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് കനത്ത പ്രഹരമാണ് നല്‍കിയത്. വ്യവസായ തര്‍ക്കങ്ങളോടും അവയില്‍ പോലീസ് വഹിക്കുന്ന പങ്കിനോടുമുള്ള പുതിയ നയസമീപനം സ്ഥാപിത താല്‍പര്യങ്ങളെ അങ്കലാപ്പിലാക്കിയിരിക്കുന്നു. പൊലീസിന്റെ സഹായത്തോടെ കയ്യൂക്കിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ അവര്‍ തൊഴിലാളികളുടെ അവകാശവാദങ്ങളെ നേരിട്ടിരുന്നത്. മാത്രമല്ല,1957-58ലെ സംസ്ഥാന ബഡ്ജറ്റ് മുന്‍വര്‍ഷത്തെ 225.24 ലക്ഷം രൂപയുടെ കമ്മിക്കു പകരം 7.38 ലക്ഷം രൂപയുടെ മിച്ചമാക്കി മാറ്റിയിരിക്കുന്നു. ഇതിനായി കാര്‍ഷിക സമ്പത്തിനുമേല്‍ നികുതി ചുമത്തുകയും അതിലൂടെ 14 ലക്ഷം രൂപയും 25,000 രൂപയിലധികം കാര്‍ഷിക വരുമാനമുള്ള കമ്പനികളുടെ മേല്‍ സൂപ്പര്‍ നികുതി ചുമത്തി അതിലൂടെ 64 ലക്ഷം രൂപയും വരുമാനം വര്‍ധിപ്പിച്ചിരിക്കുന്നു, കേരളത്തിലെ സമ്പന്ന വര്‍ഗ്ഗത്തെ കണക്കിലധികം ക്ഷോഭിപ്പിക്കാന്‍ ഇതൊക്കെ പോരേ?. അടങ്ങിയൊതുങ്ങി ഇതെല്ലാം സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അങ്ങനെ പണത്തിന്റെ ശക്തി ചലിക്കാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴിലുള്ള അരക്ഷിതാവസ്ഥ ഒരു യുദ്ധ കാഹളം ആയി മാറി. പത്രമാധ്യമങ്ങളില്‍, പ്രസംഗവേദികളില്‍, പള്ളികളില്‍ ഒക്കെ ഇത് ഒരു സ്ഥിരം പല്ലവി ആയിത്തീര്‍ന്നു. “കമ്മ്യൂണിസ്റ്റുകാര്‍ കൊലയാളികളാണ്”, “കമ്മ്യൂണിസ്റ്റുകാര്‍ ഭരണഘടന അട്ടിമറിക്കുന്നു”, “ക്രമസമാധാനം തകര്‍ന്നിരിക്കുന്നു”, “കേരളത്തില്‍ ജീവനും സ്വത്തിനും രക്ഷയില്ല….” മുറവിളികള്‍ ഉച്ചസ്ഥായിയിലേക്ക് ഉയര്‍ന്നു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലെമ്പാടും.

ശരിയാണ്, സമ്പന്ന വര്‍ഗ്ഗങ്ങള്‍ക്ക് വേവലാതിക്ക് കാരണമുണ്ട്. തങ്ങളുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണം ഇദംപ്രഥമമായി രൂപം കൊണ്ടിരിക്കുന്നു. പുരോഗമന ലക്ഷ്യങ്ങളോടും അധ്വാനിക്കുന്ന ലക്ഷങ്ങളുടെ താല്‍പര്യങ്ങളോടും അതിനുള്ള കൂറ് അദമ്യമാണ്. ധനികര്‍ നല്‍കുന്ന മധുരമായ സ്വീകരണങ്ങള്‍ക്കും തോട്ടമുടമകളുടെ കൊട്ടാര വിരുന്നുകള്‍ക്കും അവരെ സ്വാധീനിക്കാന്‍ കഴിയുന്നില്ല-അതെ, ഒരു വിധേനയും വളയ്ക്കാന്‍ പറ്റാത്ത ഒരു കൂട്ടര്‍. അവരെ നേരിടാന്‍ ഒരൊറ്റ വഴിയേ ഉള്ളു. ജനങ്ങള്‍ നല്‍കിയ വോട്ടിലൂടെ അധികാരത്തിലേറിയ അവരെ വലിച്ചു താഴെയിടുക‌..

പോരാ. കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളുടെ ജനകീയ നയങ്ങളുടെ പുത്തന്‍ കാറ്റ് ദീര്‍ഘകാലമായി അധ്വാനിക്കുന്ന തൊഴിലാളികളില്‍ ഉറങ്ങിക്കിടന്നിരുന്ന ഊര്‍ജ്ജത്തെ ഉണര്‍ത്തിവിട്ടു. തങ്ങളുടെ പാര്‍ട്ടിയുടെ വിജയം തൊഴിലാളികളെയും അധ്വാനിക്കുന്ന മറ്റുള്ളവരെയും ആഹ്ലാദചിത്തരാക്കി. രാജ്യത്തെമ്പാടും ജനോത്സാഹത്തിന്റെയും നവോന്മേഷത്തിന്റെയും അലകളടിച്ചു. 1937 -ല്‍ പല ബ്രിട്ടീഷ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രൂപം കൊണ്ടപ്പോള്‍ ഉണ്ടായതിന് സദൃശ്യമാണിത്. ദീര്‍ഘകാലമായി തങ്ങളെ മര്‍ദ്ദിച്ചിരുന്നവര്‍ക്കെതിരായി കര്‍ഷകരും ട്രെയ്ഡ് യൂണിയനുകളും നടത്തിക്കൊണ്ടിരുന്ന സമരങ്ങള്‍ക്ക് ഈ ജനതരംഗം പുത്തനുണര്‍വ് നല്‍കി. എന്നാല്‍ അന്നും, ഉദാഹരണത്തിന് ഉത്തരപ്രദേശിലെ മഹാരാജാക്കന്മാരും താലൂക്ദാര്‍മാരും ലഖ്നൌവിലെ അവരുടെ പിണിയാളുകളും, കോണ്‍ഗ്രസ് ഭരണത്തിന്‍കീഴില്‍ വളരുന്ന ക്രമസമാധാനത്തകര്‍ച്ചയെക്കുറിച്ച് തൊണ്ട പൊട്ടുംവിധം അലറുകയുണ്ടായി. കമ്മ്യൂണിസ്റ്റുകാര്‍ അധികാരമേറ്റ ഉടനെ കേരളത്തിലും ഇതേ പ്രക്രിയ ആവര്‍ത്തിക്കപ്പെട്ടു. ഭരണകൂടത്തിന്റെ മര്‍ദ്ദനശക്തിയെ സമ്പന്നവര്‍ഗങ്ങളുടെ സഹായത്തിനായി വച്ചുനീട്ടാന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ തയ്യാറായില്ല. ഇത്, അവരുടെ ശക്തി കുറച്ചു; തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുത്തു.

1937-ലെന്നപോലെ ഇപ്പോഴും അധ്വാനിക്കുന്നവരുടെ മുന്നേറ്റം ക്രമസമാധാനം തകര്‍ന്നേ എന്ന മുറവിളിയിലേക്ക് നയിച്ചു. തൊഴിലാളികളുടെ ഡിമാന്‍ഡുകള്‍ അടിച്ചമര്‍ത്താന്‍ പറ്റാത്തതിനാല്‍ സ്ഥാപിതതാല്‍പര്യക്കാര്‍ അരക്ഷിതാവസ്ഥയെന്നുപറഞ്ഞ് മുറവിളികൂട്ടാന്‍ തുടങ്ങി. പക്ഷെ ഒരു വ്യത്യാസമുണ്ട്. -ല്‍ മഹാരാജാക്കന്മാരുടെയും താലൂക്ദാര്‍മാരുടെയും മുറവിളി ആരും പരിഗണിച്ചില്ല. എന്നാല്‍ -ല്‍ തോട്ടമുടമകള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് സംഘടന തന്നെ വാളെടുത്തിരിക്കുകയാണ്.

കേരളത്തില്‍ 27 ദിനപത്രങ്ങളുണ്ട്. ഇവയില്‍ മൂന്നെണ്ണം മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. ബാക്കിയുള്ളവയില്‍ ഏറ്റവും സ്വാധീനമുള്ളവയുടെ ഉടമസ്ഥര്‍ സമ്പന്നരായ കോണ്‍ഗ്രസുകാരും കത്തോലിക്കാ പള്ളിയും ആണ്. ചുരുക്കം ചിലവയൊഴികെ മറ്റെല്ലാ പത്രങ്ങളും ‘ക്രമസമാധാനം തകര്‍ന്നേ’ എന്ന കൂട്ട നിലവിളിയില്‍ പങ്കുചേര്‍ന്നു. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ നടന്ന ജനകീയ സമരങ്ങളെ അവര്‍ ഊതിവീര്‍പ്പിച്ചുകാണിച്ചു. അങ്ങിങ്ങ് നടന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ക്ക്, തോട്ടങ്ങളിലും ഫാക്‌ടറികളിലും ഗ്രാമപ്രദേശങ്ങളിലും നടക്കുന്ന സംഭവങ്ങള്‍ക്ക്, പെരുപ്പിച്ച പ്രചാരം നല്‍കി. അതിശയോക്തിപരമായ ഈ റിപ്പോര്‍ട്ടുകളെ തന്ത്രപൂര്‍വം കൂട്ടിയിണക്കി സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്ന പ്രതീതി ജനിപ്പിക്കാന്‍ അവ ശ്രമിച്ചു.

തൊഴിലാളികളും മര്‍ദകരായ തൊഴിലുടമകളും തമ്മില്‍ അങ്ങിങ്ങ് സംഘട്ടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ അവ അക്രമാസക്തമായിട്ടുമുണ്ട്. അതൊന്നും ആരും ഷഷനിഷേധിക്കുന്നില്ല. എന്നാല്‍ അതില്‍ അസാധാരണമായി ഒന്നുമില്ല. കമ്മ്യൂണിസ്‌റ്‌റുകാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പും ഇത്തരം സംഘട്ടനങ്ങള്‍ നടന്നിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലും നടക്കുന്നുണ്ട്. ദിനപ്പത്രങ്ങളില്‍ അവയുടെ റിപ്പോര്‍ട്ടുകള്‍ വരാറുണ്ടല്ലോ. നമ്മുടെ സമ്പദ്‌വ്യവസ്ഥയില്‍, പ്രത്യേകിച്ചും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന കടുത്ത അസന്തുലനമാണ് ഇവക്ക് കാരണം. നിഷ്പക്ഷമായ ഒരു നിരീക്ഷകനും കേരളത്തിലെ ക്രമസമാധാനനില മറ്റിടങ്ങളിലേതിനേക്കാള്‍ മോശമായിട്ടുണ്ട് എന്ന് പറയുകയില്ല.

ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ നിലനില്‍പ്പുതന്നെ സ്ഥാപിതതാല്‍പര്യങ്ങളെ ഭയചകിതമാക്കുന്നു. ഭരണഘടനാ വിധേയമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളുവെങ്കിലും അതിനെ സഹിക്കാന്‍ അവര്‍ തയ്യാറല്ല. ഇതാണ് അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള മുറവിളിയുടെ പിന്നിലുള്ളത്. തെക്കെ ഇന്ത്യയിലെ യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ (UPASI) പ്രസിഡന്റ് മി.കാള്‍ഡര്‍വുഡ്, അബദ്ധത്തില്‍ ഇത് തുറന്നു പറയുകയുണ്ടായി. ഉപാസിയുടെ 64-ാമത് വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു “ഈ(കമ്മ്യൂണിസ്റ്റ്)ഗവണ്മെന്റിന്റെ നിലനില്‍പുതന്നെ, അതിന്റെ ചെയ്തികള്‍ ജനാധിപത്യപരമായ ഇന്ത്യന്‍ യൂണിയന്റെ ചട്ടക്കൂടിനുള്ളില്‍ പരിമിതപ്പെട്ടതാണെങ്കില്‍ പോലും, സ്വകാര്യ സംരംഭങ്ങള്‍ക്ക് ഗുരുതരമായ ഒരു ഭീഷണിയാണ്. കാരണം അതിന്റെ പ്രത്യയശാസ്ത്രം സ്വകാര്യ സംരംഭങ്ങള്‍ക്ക് എതിരാണ്.”കേരള ഗവണ്മെന്റ് ഈ തോട്ടങ്ങള്‍ ദേശസാല്‍ക്കരിച്ചേക്കാമെന്ന തോട്ടമുടമകളുടെ ഭയവും അദ്ദേഹം പ്രകടിപ്പിച്ചു. പിന്നങ്ങോട്ട് ‘തോട്ടത്തിലെ ജനക്കൂട്ടങ്ങള്‍’, ‘അധികാരികളെ എതിര്‍ക്കുന്ന’തിന്റെയും മാനേജര്‍മാരെ ഭീഷണിപ്പെടുത്തുന്നതിന്റെയും ശാരീരിക അക്രമങ്ങളുടെയും കഥകളുടെ ഒരു പെരും പ്രവാഹമാണ് നടന്നത്. സംഗതി വളരെ വ്യക്തമാണ്. തൊഴിലാളികളുടെ മേല്‍ തോട്ടമുടമകള്‍ നടത്തുന്ന ചൂഷണം തുടരാനാകാതെവരുമൊ എന്ന ഭയമാണ് അവരെ അലട്ടുന്നത്.

സ്ഥപിത താല്‍പര്യക്കാരുടെ കമ്മ്യൂണിസ്റ്റ് വിരോധവും അവരുടെ ‘ലാഭ’വും തമ്മിലുള്ള ബന്ധവും അക്രമ വിരോധത്തിന്റെയും ‘വിദേശ’ സ്വാധീനത്തിന്റെയും ഒക്കെ പേരില്‍ അതിനെ എങ്ങനെ ഒളിപ്പിച്ചുവെക്കുന്നു എന്നതും ഉപാസി ചെയര്‍മാന്റെ പ്രസംഗം തുറന്നുകാണിക്കുന്നു. അദ്ദേഹം പറഞ്ഞു: “നമ്മുടെ സാധാരണ വിശ്വാസങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും അന്യമായ ഒരു വിദേശ ചിന്താധാരയെ നിയമനിര്‍മാണത്തിലൂടെ കുത്തിവെക്കാനും ബലപ്രയോഗത്തിലൂടെ നടപ്പാക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ഇന്നത്തെ നികുതി നയത്തെ ഈ ഭയപ്പാടിലൂടെയാണ് ഞാന്‍ വീക്ഷിക്കുന്നത്. ഇവിടുത്തെ വ്യവസായങ്ങളെ ശക്തിപ്പെടുത്തുകയല്ല, സൂത്രത്തില്‍ നികുതികള്‍ വഴി തകര്‍ക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.” (സ്റ്റേറ്റ്‌സ്‌മാന്‍, ആഗസ്റ്റ്28, 1957)

സ്ഥാപിത താല്‍പര്യക്കാര്‍ പത്തിതാഴ്‌ത്തി സംഗതികള്‍ അംഗീകരിക്കാന്‍ തയ്യാറല്ല എന്നത് വ്യക്തമാണ്. ഓരോരോ ആവശ്യങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ മുമ്പെ അവര്‍ക്ക് പൊലീസിന്റെ സഹായം കിട്ടിയിരുന്നു. ഇപ്പോഴത് കിട്ടില്ലന്ന് തീര്‍ച്ചയായി. അപ്പോള്‍ തോട്ടക്കാരും ഭൂപ്രഭുക്കന്മാരും സ്‌കൂളുകളിലെ താന്താങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കേറ്റ ആഘാതത്തില്‍ കുപിതരായ കത്തോലിക്കാ പള്ളിയും തങ്ങളുടെ സ്വകാര്യ ഗുണ്ടാസേനകള്‍ക്ക് രൂപം നല്‍കി. തൊളിലാളികളുടെ പണിമുടക്കുകള്‍ അടിച്ചമര്‍ത്തുന്നതിനും കൃഷിക്കാരെ കുടിയൊഴിപ്പിക്കുന്നതിനും തങ്ങള്‍ക്ക് അസഹ്യമായിത്തീര്‍ന്ന യോഗങ്ങളും ഘോഷയാത്രകളും അലങ്കോലപ്പെടുത്തുന്നതിനും അതിനെ അവര്‍ ഉപയോഗിച്ചു. കാരണം, ഇത്തരത്തിലുള്ള ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തികള്‍ക്ക്, പൊലീസിനെ മേലില്‍ കിട്ടില്ലന്ന സ്ഥിതി വന്നു. അങ്ങനെ പൊലിസിന്റെ ശരിയായ പെരുമാറ്റത്തിന് എതിരായി, അവര്‍ വലിയ ഒരു കൂലിപ്പട്ടാളത്തെ തന്നെ തയ്യാറാക്കി. അവര്‍ ‘ക്രിസ്റ്റഫര്‍’മാരുടെ സംഘടന ഉണ്ടാക്കി.

റോമന്‍ കത്തോലിക്കാ സഭയുടെ ഘടനയെക്കുറിച്ച് ഏതാനും വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ പറയേണ്ടതുണ്ട്. ‘ക്രിസ്റ്റഫര്‍’ സംഘടനയുടെ മുഖ്യ സംഘാടകന്‍ അതായിരുന്നു. തോട്ടമുടമകളാണ് വേണ്ട പണം കൊടുത്തത്. പണ്ടു മുതല്‍ക്കെ റോമന്‍ കത്തോലിക്കാ സഭ പിന്തിരിപ്പന്‍മാരുടെ നെടുംകോട്ടയാണ്. പഴയ ചരിത്രമാണത്. ഫ്രഞ്ച് വിപ്ലവത്തില്‍ അവര്‍ നാടുവാഴി പ്രഭുക്കന്മാരുടെ കൂടെ നിന്നു. ആധുനിക കാലത്ത് അവര്‍ ഫ്രാങ്കോവിന്റെയും ഹിറ്റ്‌ലറുടെയും മുസ്സൊളിനിയുടെയും പിന്നില്‍ അണിനിരന്നു. മുസ്സൊളിനി അബിസീനിയന്‍ ആക്രമണം ആരംഭിച്ചപ്പോള്‍ വിശുദ്ധ പോപ്പ് അദ്ദേഹത്തിന്റെ സേനയെ അനുഗ്രഹിച്ചയച്ചു. നമ്മുടെ നാട്ടിലെ കാര്യം തന്നെ എടുക്കുക. ഗോവയിലെ ദേശീയ സമരത്തെ അടിച്ചമര്‍ത്താന്‍ അവര്‍ സലാസറിനെ സഹായിച്ചു. റോമന്‍ കത്തോലിക്കാ സഭ ഒരു ലോകസമുദായമാണ്. എല്ലായിടത്തും അവര്‍ ഒരേ പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

അങ്ങകലെ ഡാര്‍ജിലിങ്ങില്‍ വസിക്കുന്ന ഒരു അച്ചന്റെ ആക്രോശങ്ങള്‍, ഉദാഹരണത്തിന്, ശ്രദ്ധിക്കുക. കേരളത്തിലെ കത്തോലിക്കാ പ്രതിലോമകാരികള്‍ മന്ത്രിസഭയ്‌ക്കെതിരായ ആക്രമണത്തിന് തയ്യാറെടുക്കുകയായിരുന്നു. ഡാര്‍ജിലിങ്ങിലെ സിംഗമാരിയിലെ സെന്റ് ജോസഫ്‌സ് ബസ്തി പള്ളിയില്‍ 1957ആഗസ്റ്റ് 11ന്, ഒരു ഫരോള്‍ അച്ചന്‍ പ്രസംഗിക്കുന്നു: “കേരളത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് സ്ഥാപിച്ചിരിക്കുന്നു. ആ ഗവണ്മെന്റ് അവിടുത്തെ ക്രിസ്‌ത്യാനികളെ അടിച്ചമര്‍ത്തുകയാണ്. പണ്ഡിറ്റ് നെഹ്രുവും ഒരു കമ്മ്യൂണിസ്റ്റാണ്. വെറുക്കപ്പെട്ട ഈ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് നെഹ്രു പിന്തുണ നല്‍കുന്നു. മാത്രമല്ല, അദ്ദേഹം അവരെ പ്രശംസിക്കുകയും ചെയ്യുന്നു. ഫിന്‍ലന്‍ഡിലും നോര്‍വെയിലും സ‍ഞ്ചരിക്കവെ അദ്ദേഹം പറഞ്ഞു: കേരളത്തിലെ ചെമപ്പു മന്ത്രിസഭ ഏറ്റവും സത്യസന്ധമായും മര്യാദയോടുമാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന് നല്‍കിയ ഈ സര്‍ട്ടിഫിക്കറ്റ് പോരെ നെഹ്രുവും ഒരു കമ്മ്യൂണിസ്റ്റ് ആണെന്ന് ബോധ്യപ്പെടാന്‍.: ഇന്ത്യയിലെമ്പാടുമുള്ള നമ്മള്‍, ക്രിസ്ത്യാനികള്‍ കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരും അവരെ സഹായിക്കുന്ന നെഹ്രു ഗവണ്മെന്റിനെതിരായും ഒരു
കുരിശുയുദ്ധത്തിന് വേണ്ടി ഒന്നിക്കണം.”

കേരളത്തിലെ കത്തോലിക്കാ സഭ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരായി വിട്ടുവീഴ്‌ചയില്ലാത്ത സമരത്തിന് തീരുമാനമെടുത്തിരിക്കുന്നു. അതിനുവേണ്ടി തന്നെയാണ് ‘ക്രിസ്റ്റഫര്‍മാര്‍’ എന്ന ഓമനപ്പേരിട്ട സ്വകാര്യ കൂലിപ്പട്ടാളത്തെ അവര്‍ ഒരുക്കിയതും. അവര്‍ക്ക് ‘ക്രിസ്റ്റഫര്‍മാര്‍’ എന്ന പേര്‍ എവിടെ നിന്നു കിട്ടി? ഒരു കാര്യം ചരിത്രത്തില്‍ നിന്നറിയാം. സ്പെയിനിലെ തെരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കന്‍ ഗവണ്മെന്റിനെ പുറത്താക്കി തത്‌സ്ഥാനത്ത് ഫ്രാങ്കോവിനെ വാഴിക്കാന്‍ ക്രൈസ്തവസഭ, രൂപം കൊടുത്ത അര്‍ധസൈനിക സംഘടനയ്‌ക്ക് കൊടുത്തിരുന്ന പേര്‍ ‘ക്രിസ്ഫ്ഫഫര്‍’ എന്നായിരുന്നു. കേരളത്തിലാകട്ടെ 1952 മുതലെ ചില കത്തോലിക്കാ കേന്ദ്രങ്ങളില്‍ ക്രിസ്റ്റഫര്‍മാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന സംഘങ്ങളുണ്ടായിരുന്നതായി അറിയുന്നു. ഉദാഹരണത്തിന്, തൃശൂര്‍ ജില്ലയില്‍ മാളയിലെ കോട്ടമുറി പള്ളി. അന്നതിന്റെ ഉദ്ദേശ്യം വെറും ‘സാമൂഹിക സേവനം’ മാത്രമായിരുന്നു.

ഒരു കാര്യം തീര്‍ച്ചയാണ്. ഇന്നറിയപ്പെടുന്ന തരത്തിലുള്ള ക്രിസ്റ്റഫര്‍സംഘടന, കമ്മ്യൂണിസ്റ്റ് മന്ത്രിസഭ വരുന്നതുവരെ, അപരുടെ ശക്തികേന്ദ്രങ്ങളായ തൃശൂരും കോട്ടയത്തും പോലും ഉണ്ടായിരുന്നില്ല. എന്നാല്‍,1957 ആഗസ്റ്റ്26ന് തിരുവനന്തപുരത്ത് വിദ്യാഭ്യാസ ബില്ലിനെതിരായി നടന്ന പ്രകടനത്തില്‍ മുഖ്യ ശക്തി ക്രിസ്റ്റഫര്‍മാരുടേതായിരുന്നു. കേരള വിദ്യാഭ്യാസ ബില്ലിനെതിരായ ക്യാമ്പയിന്‍ സമയത്തും അതിനുശേഷവുമായാണ് ഈ സംഘടനയെ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധ പട്ടാളം ആയി രൂപപ്പെടുത്താന്‍ കത്തോലിക്കാസഭ തീരുമാനിച്ചതെന്നു വേണം കരുതാന്‍.1957 ഡിസ.22 ന് ക്രിസ്റ്റഫര്‍ സംഘടനയെ പൊതുജന സമക്ഷം അവതരിപ്പിച്ച് ഒരു ഭരണഘടനയുണ്ടാക്കി. സംശയാസ്‌പദമായ ലക്ഷ്യങ്ങളുള്ള സംഘടനയൊന്നുമല്ല അത് എന്ന് തെളിയിക്കാനായിരുന്നു ഇത്. എന്നാല്‍, അതിനകം തന്നെ മിലിറ്ററി രീതിയിലുള്ള പരിശീലനം ലഭിച്ച ഒരു സേന ആയി അത് മാറിയിരുന്നു.

നിയമാനുസൃതമായ ഒരു സംഘടനാ കുപ്പായം അണിയിച്ചെങ്കിലും ക്രിസ്റ്റഫര്‍മാര്‍ രഹസ്യ സ്വഭാവമുള്ള ഒരു സംഘടനയായി തുടരുകയാണ്. വിശ്വസനീയങ്ങളായ വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത് മുണ്ടക്കയം, കാഞ്ഞിരപ്പിള്ളി, പാമ്പാടി, ചങ്ങനാശ്ശേരി, കറുകച്ചാല്‍, മീനച്ചില്‍,ഈരാറ്റുപേട്ട,ഏറ്റുമാനൂര്‍ എന്നീ കത്തോലിക്കാ കേന്ദ്രങ്ങളില്‍ 50 മുതല്‍ 300 വരെ അംഗങ്ങളുള്ള ക്രിസ്റ്റഫര്‍ സംഘങ്ങള്‍ ഉണ്ടെന്നാണ്. കത്തോലിക്കാ വിഭാഗത്തില്‍പ്പെട്ട ആണുങ്ങള്‍ക്കുമാത്രമേ അംഗത്വം നല്‍കൂ. അവര്‍ക്ക് മിലിറ്ററി രീതിയിലുള്ള പരിശീലനം നല്‍കുന്നു. എന്‍.സി.സി.കോച്ചുകളും പട്ടാളത്തില്‍ നിന്ന് പിരിഞ്ഞുവന്നവരുമാണ് പരിശീലനം നല്‍കുന്നത്. പള്ളി അങ്കണങ്ങളില്‍ രാത്രി കാലങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ക്രിസ്റ്റഫര്‍ സംഘടനയുടെ അടിസ്ഥാന ഘടകം ദശവ്യൂഹം(പത്തുപേരുള്ള പ്ലാറ്റൂണ്‍) ആണ്. മേല്‍ ഘടകങ്ങള്‍ക്ക് തികച്ചും മിലിറ്ററിയുടെ സ്വഭാവമാണുള്ളത്. ഒരു ചീഫിന്റെ കീഴില്‍ പത്ത് അംഗങ്ങള്‍,ഒരു കമാന്‍‍ഡറുടെ കീഴില്‍ പത്ത് യൂണിറ്റുകള്‍ എന്നിങ്ങനെ. ഒരു മുഖ്യ സൈന്യാധിപനും ഉണ്ടായിരിക്കും. അയാളെ നിയമിക്കുന്നത് ബിഷപ്പ് ആണ്. ദശവ്യൂഹത്തിനുമേല്‍ ദേശാധിപന്മാരും അവര്‍ക്കു മുകളില്‍ നായകനും. ഓരോ മേഖലയ്‌ക്കും ഒരു മേഖലാധിപന്‍ ഉണ്ടായിരിക്കും. ആത്മീയ ഉപദേഷ്ടാവ് വികാരിയച്ചനാണ്.

ക്രിസ്റ്റഫര്‍മാര്‍ക്ക് കുറുവടി(പുളിങ്കമ്പ്) പ്രയോഗത്തിന് പരിശീലനം നല്‍കുന്നു. നീല-വെള്ള യൂണിഫോറമണിഞ്ഞ് ക്രിസ്റ്റഫര്‍മാര്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ അവരുടെ കയ്യില്‍ മൂന്നടി നീളമുള്ള ഈ കുറുവടി ഉണ്ടായിരിക്കും.

ആത്മീയമായും രാഷ്ട്രീയമായും കത്തോലിക്കാ പൌരോഹിത്യത്താല്‍ നയിക്കപ്പെടുന്ന ഈ കുറുവടി സേന, അധ്വാനിക്കുന്നവരെ അടിച്ചമര്‍ത്തുന്നതിനായി സ്ഥാപിത താല്‍പര്യക്കാര്‍ ആവശ്യപ്പെടുന്നിടത്തെല്ലാം പാഞ്ഞെത്തുന്നതാണ്. ‘ആവശ്യം വരുമ്പോള്‍’ അവരെ വേണ്ടയിടത്ത്എത്തിക്കാനായി മോട്ടോര്‍ വാഹനങ്ങള്‍ എപ്പോഴും സജ്ജമാക്കി നിര്‍ത്തിയിരിക്കും. ‘സക്രിയമായ സേവന’ത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ദിവസങ്ങളില്‍ അവര്‍ക്ക് ജില്ലയ്‌ക്കുള്ളില്‍ 3 രൂപയും ജില്ലയ്ക്ക് പുറത്ത് 6 രൂപയും പ്രതിദിന അലവന്‍സ് കിട്ടുന്നതാണ്.

ഏറെ പേരും കോട്ടയം ജില്ലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. എന്നാല്‍, മറ്റു ജില്ലകളിലും അവരുണ്ട്. പക്ഷേ, തൃശ്ശൂരൊഴികെ മറ്റൊരിടത്തും അവര്‍ കാര്യമായി ഇല്ല. തൃശ്ശൂര്‍ ജില്ലയില്‍ ക്രിസ്റ്റഫര്‍മാരുടെ ആസ്ഥാനങ്ങള്‍ പള്ളിത്താനം,വടക്കുുമുറി,ആലത്തൂര്‍,വെണ്ണുര്‍,വലിയപറമ്പത്ത് മുതലായ പ്രദേശങ്ങളിലാണ്. പലപ്പോഴും അവര്‍ വ്യത്യസ്ത പേരികളില്‍ ആണ് അറിയപ്പെടുന്നത്. ‘
യൂത്ത് ഫെഡറേഷന്‍’, ‘പൌരാവകാശസംരക്ഷണ സമിതി’, ‘സോഷ്യല്‍സ്‌കൌട്ടുകള്‍’,’ഡെമോക്രാറ്റിക് ഫ്രണ്ട്’ എന്നിങ്ങനെ. മിക്കവാറും എല്ലാ സ്ഥലങ്ങളിലും അവര്‍ക്ക് പ്രധാനപ്പെട്ട കോണ്‍ഗ്രസ് ഗ്രൂപ്പുകാരുടെ പിന്തുണയുമുണ്ട്.

നിയമമന്ത്രി വി.ആര്‍.കൃഷ്ണയ്യര്‍ സംസ്ഥാന നിയമസഭയില്‍(ഡിസംബറില്‍) പ്രസ്താവിക്കുകയുണ്ടായി: ക്രിസ്റ്റഫര്‍ സംഘടന സ്വകാര്യ സേന പോലെയാണ്. അവ ഒരു ദേശീയ വിപത്ത് ആയി വളരാനുള്ള സധ്യതയുണ്ട്. ഗവണ്മെന്റ് അതിന്റെ പ്രവര്‍ത്തനത്തെ സസൂക്ഷ്‌മം നിരീക്ഷിക്കുന്നുണ്ട്. ഗവണ്മെന്റിന് കിട്ടിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കോട്ടയം ജില്ലയില്‍, മൊത്തം 14598ക്രിസ്റ്റഫര്‍മാര്‍ ഉണ്ട്. തൃശ്‌ശൂര്‍ ജില്ലയിലും അവരുണ്ട്. പള്ളികളുടെ വിശുദ്ധാങ്കണങ്ങളിലാണ് എക്‌സ് മിലിറ്ററിക്കാരും എക്‌സ് എംഎസ്‌പിക്കാരും ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്. ബിഷപ്പുമാര്‍ ആവശ്യമുള്ള പണം നല്‍കുന്നു. അവര്‍ക്ക് എല്ലാവര്‍ക്കും കുറുവടികള്‍ നല്‍കിയിട്ടുണ്ട്.(ഇന്ത്യന്‍ എക്‌സ്‌പ്രസ്,ഡിസംബര്‍ 22,1957)

ക്രിസ്റ്റഫര്‍മാര്‍ ആണ് യഥാര്‍ഥത്തില്‍, അക്രമം നടത്തിയും സമാധാനം ഭഞ്‌ജിച്ചും അരക്ഷിതാവസ്ഥ സൃഷ്‌ടിക്കുന്നത്. എന്നാല്‍ കത്തോലിക്കാ പ്രതിലോമകാരികളും കോണ്‍ഗ്രസ്സും പി.എസ്.പി.യും കൂടിച്ചേര്‍ന്ന് കമ്മ്യൂണിസ്റ്റുകാര്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് വിളിച്ചു കൂവുന്നു. “നിയമം കയ്യിലെടുക്കുവാന്‍ പാര്‍ട്ടി സെല്ലുകളെ മന്ത്രിസഭ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തില്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു ‘ഭീകരഭരണം’ അഴിച്ചുവിട്ടിരിക്കയാണ്. സമാധാനകാംക്ഷികളായ പൌരന്മാരുടെ സ്വത്തും ജീവനും ഭീഷണി നേരിട്ടുകൊണ്ടിരിക്കയാണ്-“. ഇങ്ങനെ പോകുന്നു അവരുടെ അരവാദ പ്രചാരണങ്ങള്‍. ‘ഏറെ പെരുപ്പിക്കുമ്പോള്‍ കള്ളം സത്യമായി മാറിടും’ എന്ന ഹിറ്റ്‌ലര്‍ വചനത്തെ അക്ഷരാര്‍ഥം അനുസരിച്ചുകൊണ്ട് അവര്‍ നുണക്കഥകള്‍ മെനയുന്നു. ‘സെല്‍കോടതികള്‍’ ഗ്രാമാന്തരങ്ങളില്‍ നടത്തുന്ന മരണനൃത്തങ്ങളെപ്പറ്റിയുള്ള ബീഭത്സകഥകള്‍ സൃഷ്ടിക്കപ്പെട്ടു. സ്ഥാപിത താല്‍പര്യക്കാര്‍ നടത്തുന്ന പത്രമാധ്യമങ്ങള്‍ അവര്‍ക്ക് വിപുലമായ പ്രചാരം നല്‍കി. ഭൂമിയില്ലാത്ത പട്ടിണിക്കാരായ കൃഷിക്കാര്‍ക്ക് സര്‍ക്കാര്‍ ഭൂമി വിതരണം ചെയ്തപ്പോള്‍ വ്യാപകമായ ഭൂമി കയ്യേറ്റം ലക്ഷ്യമാക്കി അവിടെയെല്ലാം കമ്മ്യൂണിസ്റ്റ് അണികളെ സ്ഥാപിക്കാനുള്ള ഒരു കുത്സിത നീക്കമായി അവരതിനെ വ്യാഖ്യാനിച്ചു. ഭരണാധികാരികളെ സഹായിക്കാനായി വിവിധ തലങ്ങളില്‍ ജനകീയ കമ്മറ്റികള്‍ രൂപീകരിച്ചതിനെ, ഉദ്യോഗസ്ഥവൃന്ദത്തെ അപ്പാടെ കമ്മ്യൂണിസ്റ്റുകാരുടെ പിടിക്കുള്ളില്‍ ഒതുക്കാനും സംസ്ഥാന ഭരണയന്ത്രത്തെ ആകെ ഒരു ഏകാധിപത്യസംവിധാനമാക്കാനുമുള്ള ദീര്‍ഘ കാല പരിപാടിയുടെ തുടക്കമായാണ് അവര്‍ കണ്ടത്. എത്രകണ്ട് കൂടുതല്‍ ഭാവനാത്മകമാണോ നുണ, അത്രകണ്ട് കൂടുതല്‍ അതിന് പ്രചാരം കിട്ടി. എല്ലാറ്റിനും പിന്നില്‍ കത്തോലിക്കാ സഭയായിരുന്നു. കോണ്‍ഗ്രസുകാരും പി.എസ്.പി.ക്കാരും സംഘത്തില്‍ ചേര്‍ന്നു.

ഒരു കാരണവശാലും കമ്മ്യൂണിസ്റ്റുകാരുടെ സുഹൃത്താണെന്ന് പറയാന്‍ പറ്റാത്ത ഒരു കമന്റേറ്റര്‍ പറഞ്ഞു: “വികാരം, വെറുപ്പ്, അധികാര മോഹം, കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന് എതിരായ പ്രചാരണങ്ങളില്‍ ഇവയാണ് കാണുന്നത്. കോണ്‍ഗ്രസിനോ പി.എസ്.പി.ക്കോ അവരുടെ മുന്‍കാല ചെയ്തികള്‍വെച്ചുനോക്കുമ്പോള്‍ ആദ്യത്തെ കല്ലെറിയാനുള്ള ഒരു അവകാശവും ഇല്ല.”(ഇന്ത്യന്‍ എക്‌സ്‌പ്രസ്,ജനുവരി 21,1958). മറ്റൊരിടത്ത് പറയുന്നു; “ക്രമസമാധാനത്തെക്കുറിച്ചുള്ള ഉമ്മാക്കി ഉയര്‍ത്തുന്നത് ഒരു പാര്‍ട്ടിക്കും ഭൂഷണമല്ല. അതിന്റെ പ്രേതം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ വിഹരിക്കുന്നു. കേരളത്തില്‍ പോലീസിന്റെ ‘ശരിയായ’ ധര്‍മത്തെക്കുറിച്ചുള്ള ചില പഴയകാല ധാരണകളുടെ മൃത്യുവില്‍ നിന്ന് ജനിച്ചതാണ് ഈ പിടികിട്ടാ പ്രേതം. പക്ഷെ അതിനെപ്പറ്റി ആവലാതിപ്പെടാന്‍ പി.എസ്.പിക്ക് ഒരു അവകാശവുമില്ല. എതിര്‍പ്പു പ്രകടിപ്പിച്ച തമിഴരുടെ നേരെ സ്റ്റേറ്റ് പോലീസിനെ എങ്ങനെയാണ് പട്ടംതാണുപിള്ള പ്രയോഗിച്ചതെന്ന് ആരും മറന്നിട്ടില്ല.” (ഇന്ത്യന്‍ എക്‌സ്‌പ്രസ്,ജനുവരി 7,1958)

എങ്കിലും കുറേകാലത്തേക്ക് കേരളത്തില്‍ കമ്മ്യൂണിസ്റ്റകാര്‍ നടത്തുന്ന നിയമരഹിതവാഴ്ച ഇന്ത്യയിലൊട്ടാകെ സംസാര വിഷയമായിത്തീര്‍ന്നു. അതുകൊണ്ട് സംഗതിയാകെ കൂടുതല്‍ സൂക്ഷ്‌മമായ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ‘നേട്ട’ത്തിനുള്ള ‘ബഹുമതി’ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി ശ്രീമാന്‍നാരായണന് ലഭിക്കേണ്ടതാണ്.

പോലീസും പട്ടാളവുമാണ് ഒരു ഭരണകൂടത്തിന്റെ കാതല്‍. പോലീസിനെ എങ്ങനെ,എന്തിനു ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണകൂടത്തിന്റെ സ്വഭാവം. നമ്മുടെ കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിക്ക് ഇതൊക്കെ പുത്തരിയാണ്. മാത്രമല്ല,തൊഴിലാളി-കര്‍ഷക സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ 107ഉം144ഉം വകുപ്പുകള്‍ അനുസരിച്ച് പോലീസിനെ നിയോഗിക്കുന്നത് അദ്ദേഹത്തിന്റെ സര്‍വോദയ മനസ്സിന് ഒരു വിമ്മിട്ടവും സൃഷ്‌ടിക്കുന്നില്ല. അപ്പോള്‍, മേലില്‍ ഇത്തരം സമരങ്ങളില്‍ ഉടമ വര്‍ഗ്ഗങ്ങളെ സഹായിക്കാനായി പോലീസിനെ അയക്കില്ല എന്ന പ്രഖ്യാപനം അരാജകത്വത്തിനും നിയമരാഹിത്യത്തിനുമുള്ള ആഹ്വാനമായി അദ്ദേഹത്തിന് തോന്നിയെങ്കില്‍ അതില്‍ അസ്വാഭാവികമായി ഒന്നുമില്ല.

ജനറല്‍ സെക്രട്ടറിയുടെ ഈ മാനസിക പരിമിതി കണക്കിലെടുത്തുകൊണ്ട് മാത്രമേ,1957 ജൂലായ് 23ലെ ഇ.എം.എസിന്റെ പകല്‍പോലെ വ്യക്തമായ പ്രസ്താവനക്കുശേഷവും, അദ്ദേഹത്തിന് സംഭവിച്ച വര്‍ധിച്ച ആശയക്കുഴപ്പത്തിന് കാരണം മനസ്സിലാക്കാന്‍ കഴിയൂ. ഇ.എം.എസ്. പറഞ്ഞു: “താല്‍പര്യമുള്ള എല്ലാവരുടേയും അറിവിനായി ഗവണ്മെന്റ് ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. പറയാനും പ്രസിദ്ധീകരിക്കുവാനും കൂട്ടുചേരാനും സംഘടിക്കാനുമുള്ള അവകാശം ജനാധിപത്യത്തിന്റെ സത്തയാ​ണ്, നമ്മുടെ റിപ്പബ്ലിക്കിന്റെ ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളതുമാണ്. ‘രാജ്യത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഈ അവകാശം ഉണ്ട്. ക്രമസമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ള വകുപ്പുകള്‍ ഉപയോഗിച്ച്,ചെറുതോ വലുതോ ആയ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെയും ജനാധിപത്യപരമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുന്നതല്ല.”

‘കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പൊതുപെരുമാറ്റം ഇത്രയും കുറ്റമറ്റതായിട്ടും എങ്ങനെയാണ് കേരളത്തിലെ ക്രമസമാധാനത്തകര്‍ച്ച’ ഇത്രയും വലിയ ഒരു അഖിലേന്ത്യാ പ്രശ്നമായി മാറിയത്? കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ശക്തികളുടെ ഒരു ചിത്രം മുകളില്‍ കൊടുത്തിട്ടുണ്ടല്ലോ. ഈ വര്‍ഷം ആദ്യം ഇന്ത്യ സന്ദര്‍ശിച്ച കിങ്‌സ്ലി മാര്‍ട്ടിന്‍ തന്റെ അനുഭവങ്ങള്‍ ന്യൂ സ്റ്റേറ്റ്‌സ്‌മാന്‍ പത്രത്തില്‍ ഏതാനും ലേഖനങ്ങളിലായി പ്രസിദ്ധീകരിക്കുകയുണ്ടായി. അദ്ദേഹം എഴുതി: ‘കമ്മ്യൂണിസ്റ്റുകാരുടെ ഏറ്റവും കടുത്ത ശത്രു ആര്‍ച്ച് ബിഷപ്പ് ആണ്-പള്ളിത്തലവന്‍. എ.ഡി.ഒന്നാം നൂറ്റാണ്ടിലേക്കും സെന്റ് തോമസിലേക്കും വരെ പോകുന്ന ഒരു പാരമ്പര്യം അവര്‍ അവകാശപ്പെടുന്നു. സൌമ്യന്‍,നല്ല ആതിഥേയന്‍,സംഭാഷണ ചതുരന്‍, കമ്മ്യൂണിസ്റ്റ് ഭരണത്തെ ഇകഴ്‌ത്തിക്കാണിക്കുന്നതില്‍ അതീവ തന്ത്രശാലി ‘ഗവണ്മെന്റിന്റെ വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുന്നതിന്’ അദ്ദേഹം രൂപം കൊടുത്ത സംഘടന അങ്ങേയറ്റം പ്രവര്‍ത്തനക്ഷമമായിരുന്നു.’ (ടൈംസ് ഓഫ് ഇന്ത്യ1958 ഏപ്രല്‍ 16)

വിശുദ്ധനായ ബിഷപ്പ് ആരംഭിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായ പാവനമായ കുരിശുയുദ്ധത്തില്‍ ഇന്ത്യയിലെ മറ്‌റു പിന്തിരിപ്പന്‍ ശക്തികളില്‍നിന്നുള്ള കമ്മ്യൂണിസ്റ്റ്ര് വിരുദ്ധ പടയാളികളും കൂട്ടുചേര്‍ന്നു എന്ന് മനസ്സിലാക്കുന്നതിലൂടെ മുന്‍ ഖണ്ഡികയില്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടി കിട്ടും. കത്തോലിക്കക്കാര്‍ വിദ്യാഭ്യാസ ബില്ലിന് നേരെ എല്ലാ തോക്കുകളും തിരിച്ചുവച്ച സന്ദര്‍ഭത്തില്‍ തന്നെയാണ് ശ്രീമന്‍ നാരായണ്‍ കേരളത്തിലെ ‘നിയമവാഴ്ചയുടെ തകര്‍ച്ച’യെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡന്റിന് സമര്‍പ്പിച്ചത് എന്നത് പ്രധാനമാണ്. ഈ റിപ്പോര്‍ട്ട് പൂര്‍ണരൂപത്തില്‍ വെളിച്ചം കണ്ടിട്ടില്ല. അതില്‍ നിന്നുള്ള ഉദ്ധരണികള്‍ ‘എങ്ങനെയെന്നറിയാതെ’ പത്രങ്ങള്‍ക്ക് ചോര്‍ത്തിക്കിട്ടുകയാണുണ്ടായത്. മാര്‍വാഡി കോടീശ്വരന്മാരുടെ കയ്യിലുള്ള പത്രങ്ങള്‍ വമ്പിച്ച പ്രാധാന്യം നല്‍കി അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

‘റിപ്പോര്‍ട്ടി’ല്‍ നിന്നുള്ള ‘ചോര്‍ച്ച’കള്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ വിഭ്രാന്തികള്‍ മാത്രമായിരിന്നു. വിമോചിപ്പിക്കപ്പെട്ട രാഷ്ട്രീയ തടവുകാരെയും വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഒക്കെ ‘ക്രിമിനലുകള്‍’, ‘കൊലയാളികള്‍’ എന്നെല്ലാം വിളിച്ചുകൊണ്ട് അദ്ദേഹം ‘മലയാളികളുടെ’ മേല്‍ ശകാരവര്‍ഷം ചൊരിഞ്ഞു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ പോലീസ് നയത്തെ തെറ്റായും വികലമായും ചിത്രീകരിച്ച് കേരളത്തില്‍ പരിപൂര്‍ണ അരാജകത്വം വിളയാടുകയാണെന്ന പ്രതീതി ജനിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

‘നിയമരാഹിത്യ’മെന്ന കള്ളത്തിന്റെ മേല്‍ ആദ്യം ആണിയടിച്ചത് ജയപ്രകാശ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ സ്വതന്ത്രമായ സാക്ഷ്യപത്രം അവരുടെ കള്ളപ്രചാരണങ്ങള്‍ തുറന്നുകാട്ടി. കാലടിയിലെ സര്‍വോദയ സമ്മേളനവും വിനോബാജിയുടെ പദയാത്രയും കഴിഞ്ഞ് അദ്ദേഹം ഗയയില്‍ മടങ്ങിയെത്തി. 1957 ആഗസ്റ്റില്‍ ഐ.ടി.പി.എ.സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റിന് നല്‍കിയ വ്യക്തിപരമായ അഭിമുഖത്തില്‍ ജയപ്രകാശ് പറഞ്ഞു: “അവര്‍(കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ്) പ്രവര്‍ത്തിക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു”. ക്രമസമാധാനത്തെക്കുറിച്ചും പോലീസിന്റെ പങ്കിനെക്കുറിച്ചും ചോദിച്ചപ്പോള്‍, “കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമില്ലാതെ ബഹളംവയ്‌ക്കുകയാണ് എന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു”. ക്രമസമാധാനം നലനിര്‍ത്തുന്നതിന്റെ പേരില്‍ പോലീസുകാര്‍ക്ക് നല്‍കിയിട്ടുള്ള അസാധാരണമായ അധികാരങ്ങള്‍ പലപ്പോഴും ജനങ്ങള്‍ക്കെതിരായും സ്ഥാപിതതാല്‍പര്യക്കാര്‍ക്കുവേണ്ടിയും ഉപയോഗിക്കപ്പെടാറുണ്ട്. പോലീസിന്റെ ഇത്തരം ജനവിരുദ്ധപ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ തടഞ്ഞിട്ടുള്ളത്. സാധാരണ ക്രിമിനലുകള്‍ക്കും സാമൂഹികവിരുദ്ധര്‍ക്കുമെതിരായ നടപടികളെയല്ല.

ഏതാണ്ട് അതെ സമയത്തുതന്നെ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ആയ ത്രിദീപ്
ചൌധരിയും ശ്രീമന്‍ നാരായണ്‍ന്റെ നാണം കേട്ട നുണകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. ത്രിദീപ്‌ചൌധരി പറഞ്ഞു:”ഞാന്‍ കേരളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. എവിടെയും ക്രമസമാധാനതകര്‍ച്ചയുടെ ഒരു ലക്ഷണവും കാണുകയുണ്ടായില്ല.” അദ്ദേഹം തുടര്‍ന്നു:”മാത്രമല്ല ശ്രീമന്‍ നാരായണ്‍ ആരോപിച്ചിട്ടുള്ള കുറ്റങ്ങളെല്ലാം ഉപാസിയുടെ വക്താക്കള്‍ പറഞ്ഞതിന്റെ തനിപ്പകര്‍പ്പാണുതാനും.” തോട്ടങ്ങളിലെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ച ശേഷം ത്രിദീപ്‌ചൌധരി പറഞ്ഞു.

“ശ്രീമന്‍ നാരായണ്‍ സംസ്ഥാനത്തെ സ്ഥാപിത താല്‍പര്യക്കാര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന നിഗമനത്തില്‍ എത്താതെ നിവൃത്തിയില്ല എന്ന് വന്നിരിക്കുന്നു.” എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹം അവസാനിപ്പിച്ചു. “കേരള വിദ്യാഭ്യാസ ബില്ലിനെതിരായ സമരത്തിന്റെയും ക്രമസമാധാനത്തകര്‍ച്ച എന്ന മുറവിളിയുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തോട്ടമുടമകള്‍,കത്തോലിക്കാസഭ, ഉയര്‍ന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ വിചിത്രമായ ഒരു കൂട്ടുകെട്ടാണ്.”

സ്ഥിതിഗതികള്‍ കൂടുതല്‍ മൂര്‍ത്തമായി ഒന്നു നോക്കാം. ഇന്ത്യാ ഗവണ്മെന്റിന്റെ കാബിനറ്റ് സെക്രട്ടേറിയറ്റ് ഓരോ മാസവും ഒരു ലഘു സ്ഥിതിവിവരക്കണക്ക്(Monthly Abstract of statistics) പ്രസിദ്ധീകരിക്കുന്നുണ്ട്. അതു പരിശോധിച്ചാല്‍ കാണാന്‍ കഴിയും നിയമവാഴ്‌ചയുടെ തകര്‍ച്ചയെന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണെന്ന്. കേരള ഗവണ്മെന്റിന്റെ മേല്‍ ചെളിവാരിയെറിയുക മാത്രമാണ് ലക്ഷ്യം.1957-ല്‍ ഓരോ സംസ്ഥാനത്തിലും നടന്നിട്ടുള്ള ഗുരുതരമായ കുറ്റങ്ങളുടെ ലിസ്റ്റ് അതിന്റെ 11-ാം പേജ്-സ്പെഷ്യല്‍ ടേബിള്‍-R ല്‍ കൊടുത്തിട്ടുണ്ട്. കേരളത്തിലേത് മറ്റു സംസ്ഥാനങ്ങളിലേതില്‍ നിന്ന് ഏറെ വ്യത്യസ്തമല്ല. താഴെ, കേരളത്തെ മറ്റുചില സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്നു.

സംസ്ഥാനം ജനസംഖ്യ കൊലപാതകങ്ങള്‍ കോടിയില്‍ എണ്ണം

ആന്ധ്ര 3.12 206
ബോംബെ 4.80 489
മദ്രാസ് 2.99 218
മൈസൂര്‍ 1.94 151
കേരളം 1.35 70

കേരളത്തേക്കാള്‍ കുറച്ചു കൂടുതല്‍ ജനസംഖ്യയുള്ള മൈസൂറില്‍ കേരളത്തിലേതിന്റെ ഇരട്ടിയും ഏതാണ്ട് ഇരട്ടി ജനസംഖ്യയുള്ള മദിരാശി സംസ്ഥാനത്തില്‍ മൂന്നു മടങ്ങും കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ബോംബെ സംസ്ഥാനത്തിലെ ജനസംഖ്യ കേരളത്തിന്റെ മൂന്നരമടങ്ങാണ്. അവിടെ നടന്ന കൊലപാതകങ്ങളുടെ എണ്ണം ആറു മടങ്ങും. 1957-ല്‍ ആന്ധ്രയില്‍ 16 കൊള്ളകള്‍ നടന്നു. ബോംബെയില്‍ 20, മദിരാശിയില്‍ 30,കേരളത്തില്‍ 6. പിടിച്ചുപറിയുടെ കണക്കാകട്ടെ: ആന്ധ്ര51 ആണ്. മദ്രാസ് 76,മൈസൂര്‍ 45, കേരളം 33. ബോംബെയില്‍ കേരളത്തിന്റെ ഇരുപത് മടങ്ങാണ്. ജനസംഖ്യാ അനുപാതം വെച്ചുനോക്കുമ്പോള്‍ കേരളത്തിലാണ് കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവെന്നു കാണാം. കലാപങ്ങള്‍ എടുത്താല്‍ കിട്ടുന്നത്: ആന്ധ്ര 421 ,ബോംബെ 641 ,മദിരാശി 462 ,മൈസൂര്‍ 126 ,കേരളം196 .

കൊലപാതകം, കൊള്ള,തട്ടിപ്പറി,ഭവനഭേദനം,മോഷണം,കലാപം,തട്ടിക്കൊണ്ടുപോകല്‍,വഞ്ചന,വിശ്വാസവഞ്ചന,കള്ളനോട്ട് മുതലായ എല്ലാ കുറ്റകൃത്യങ്ങളുടെയും ആകെത്തുക, മുമ്പ് സൂചിപ്പിച്ച പ്രസിദ്ധീകരണത്തില്‍ കാണുന്നത് ഇപ്രകാരമാണ്.

ആന്ധ്ര 8130
ബീഹാര്‍ (ജനസംഖ്യ 3.8 കോടി) 16464
ബോംബെ 28368
പശ്ചിമബംഗാള്‍ (2.6 കോടി) 16340
മദിരാശി 13296
മൈസൂര്‍ 4501
കേരളം 3282

കണക്കുകള്‍ സ്വയം സംസാരിക്കുന്നു. പക്ഷെ, നിയമരാഹിത്യത്തെ കുറിച്ചും അരക്ഷിതാവസ്ഥയെക്കുറിച്ചുമുള്ള കള്ളപ്രചാരണങ്ങള്‍ക്ക് ഇവ അറുതി വരുത്തുമോ എന്ന് സംശയമാണ്.1958 മാര്‍ച്ചില്‍ കേരള കാര്‍ഷിക ബന്ധ ബില്‍ അവതരിപ്പിച്ചപ്പോള്‍ വീണ്ടും അതിന്റെ ശക്തി വര്‍ധിച്ചു.

കേരളത്തില്‍ ഒരു ക്രമസമാധാന പ്രശ്നവുമില്ലെന്നതിന് ഇനിയും എത്രയോ മാന്യന്മാരുടെ സാക്ഷ്യപത്രങ്ങളുണ്ട്. നിയമരാഹിത്യത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ പ്രസ്താവനകളും എതിരാളികളുടെ ആരോപണങ്ങളും കൂലങ്കഷമായി പരിശോധിച്ച ശേഷം, ലഖ്‌നൌവിലെ നാഷണല്‍ ഹെറാള്‍ഡ് എന്ന പത്രത്തില്‍(1957സെപ്തംബര്‍15) ‘നിരീക്ഷകന്‍’ തന്റെ ‘സംസ്ഥാനങ്ങളിലൂടെ’ എന്ന പ്രതിവാരപംക്തിയില്‍ എഴുതി: “പൊലീസിന്റെ പരമ്പരാഗത രീതിയിലുള്ള വിനിയോഗവും അവരുടെ ‘ജനവിരുദ്ധ സ്വഭാവ’വും പലസംസ്ഥാനങ്ങളിലും ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ജയപ്രകാശ് നാരായണ്‍ പറയുന്ന പോലെ കേരളം അതില്‍ നിന്ന് ഒരു മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ മറ്റു സംസ്ഥാന ഗവണ്മെന്റുകള്‍ അത് പഠിക്കേണ്ടതാണ്. അന്ധമായി അതിനെ അനുകരിക്കേണ്ടതില്ല. എന്നാല്‍, ബ്രിട്ടീഷ് ഭരണകാലത്ത് നടന്നിരുന്ന പോലെ പ്രക്ഷോഭകാരികളുടെ മേല്‍ ദേഷ്യം തീര്‍ക്കാനായി പോലീസ് സേനയെ ഉപയോഗിക്കരുതെന്ന് എല്ലാവരും
അംഗീകരിക്കും.”

ന്യൂദെല്‍ഹി സ്റ്റേറ്റ്‌സ്‌മാന്റെ ഒരു പ്രത്യേക പ്രതിനിധി കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടുചെയ്തു.(ആഗസ്റ്റ്31,1957). “ഞാന്‍ കേരളത്തിലേക്ക് വന്നത്, ഇവിടെ നടമാടിക്കൊണ്ടിരിക്കുന്നതായി വടക്കെഇന്ത്യയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്ന നിയമരാഹിത്യം നേരില്‍ കാണാനാണ്. പക്ഷെ, ഇതേവരെ അതിനെ കാണാന്‍ കഴിഞ്ഞിട്ടില്ല”. അതേ പത്രത്തിന്റെ മറ്റൊരു പ്രമുഖ ലേഖകന്‍, ഒരാഴ്ചക്കു ശേഷം തിരുവനന്തപുരത്തുനിന്ന് റിപ്പോര്‍ട്ടു ചെയ്‌തു: “ഒരു ക്രമസമാധാനതകര്‍ച്ചയും ഇവിടെ ഉണ്ടായിട്ടില്ല. പക്ഷെ, ഉടമ വര്‍ഗങ്ങള്‍ ഗവണ്മെന്റിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്. തൊഴിലാളികളാകട്ടെ തങ്ങളുടെ സ്വന്തം ഗവണ്മെന്റില്‍ നിന്ന് മുന്‍ഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ്”.

അതെ, തങ്ങളുടെ സ്ഥാപിത താല്‍പര്യങ്ങളെക്കുറിച്ച് ഉടമവര്‍ഗങ്ങള്‍ക്കുള്ള ഭയപ്പാടുകളില്‍ നിന്നാണ്, ‘നിയമവാഴ്ചയുടെ തകര്‍ച്ച’യെക്കുറിച്ചുള്ള മുറവിളികള്‍ ഉയരുന്നത്. പ്രത്യേക ലേഖകന്റെ റിപ്പോര്‍ട്ട് ഇതിനോട് കൂട്ടിവായിക്കുമ്പോള്‍ സംഗതികള്‍ കൂടുതല്‍ വസ്തുനിഷ്ഠമായിത്തീരുന്നു. പരിഭ്രാന്തരായ കേരളത്തിലെ ഉടമവര്‍ഗം ഇന്ത്യയിലെ പിന്തിരിപ്പന്‍ ശക്തികളുടെ സഹായത്തോടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ വലിച്ചു താഴെയിടുന്നതിനായി കുരിശുയുദ്ധം ആരംഭിച്ചിരിക്കയാണ്. വിരോധാഭാസമെന്ന് പറയട്ടെ, ബ്രിട്ടീഷ്‌കാരുടെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ്സ്‌മാന്‍ പത്രം എ​ഴുതുന്നു (സപ്തംബര്‍17,1957).”ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് സ്ഥാപിക്കപ്പെട്ടു എന്നതുകൊണ്ട് ഏറെ പരിഭ്രാന്തരാകേണ്ടതില്ല…. അഭ്യസ്തവിദ്യമായ സംസ്ഥാനത്തിലെ ദാരിദ്ര്യം കുറക്കുന്നതില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വിജയിച്ചേക്കാമെന്നതിലാണ് യഥാര്‍ഥ അപകടം പതിയിരിക്കുന്നത്. ഭരണഘടനയുടെ സീമകളൊന്നും അതിലംഘിക്കാതെ തന്നെ അവര്‍ക്ക് കഴിഞ്ഞേക്കും. ഡോ.ചെഡ്ഡിജഗന് നല്‍കിയ അവസരം പോലും മി.നമ്പൂതിരിപ്പാടിന് നിഷേധിക്കുന്നതിന് ഇതിനെ ഒരു ന്യായീകരണമായി അധികമാരും അംഗീകരിക്കില്ല”.

കേരളത്തെപ്പറ്റിയുള്ള കിങ്‌സ്ലി മാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള താഴെ പറയുന്ന കാര്യങ്ങളും ഇവിടെ പ്രസക്തമാണ്. കേരളത്തിലെ ബ്രിട്ടീഷ് തോട്ടങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു മാര്‍ട്ടിന്‍. ഒരു യൂറോപ്യന്‍ മാനേജരാണ് അദ്ദേഹത്തെകൊണ്ടുനടന്നിരുന്നത്. മാര്‍ട്ടിന്‍ പറയുന്നു: “തൊഴില്‍ പ്രശ്നത്തെക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. തനിക്ക് ഒരു പ്രശ്നവുമില്ല എന്നദ്ദേഹം പറഞ്ഞു. അടുത്തുള്ള ചില തോട്ടങ്ങളില്‍ ഒന്നുരണ്ടു കൊല്ലം മുമ്പ് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് തൊഴിലാളികള്‍ക്ക് നല്ല കൂലി കൊടുക്കുന്നുണ്ട്. ഒരു ഇടക്കാല അവാര്‍ഡ് പ്രകാരം അവര്‍ക്ക് ദിവസം ഒരു രൂപ പതിനൊന്നര അണ ലഭിക്കുന്നുണ്ട്. തന്റെ പണിക്കാര്‍ തൃപ്തരാണ്. അവരുടെ പണിയില്‍ താനും തൃപ്തനാണ്. പക്ഷെ ഇന്ത്യന്‍ മാനേജര്‍ ഈ കൂലി വര്‍ദ്ധനവിനെ അതിക്രമമായാണ് കണ്ടത്”. ഇന്ത്യയിലെ പത്രലേഖകരെല്ലാം ഒരേപോലെ ആസ്വദിക്കുന്ന തന്റെ നര്‍മത്തോടെ ഇ.എം.എസ്.പറഞ്ഞു: “ശ്രീമന്‍ നാരായണ്‍ന്റെ റിപ്പോര്‍ട്ട് നുണപ്പൂക്കള്‍ കൊണ്ടുണ്ടാക്കിയ നിറമാലയാണ്. നുണക്കഥ എഴുതുന്നത് ശീലമാക്കിയവരില്‍ നിന്നു കിട്ടിയ റിപ്പോര്‍ട്ടുകളാണ് അതിനദ്ദേഹം ഉപയോഗിച്ചത്”. ഇതില്‍ അത്ഭുതപ്പെടാനില്ല. ഇ.എം.എസ്സും നിയമമന്ത്രി വി.ആര്‍.കൃഷ്ണയ്യരും ചേര്‍ന്ന് തലസ്ഥാന നഗരിയില്‍ നടത്തിയ ഒരു പ്രസ് കോണ്‍ഫറന്‍സിനെക്കുറിച്ച്, ഒരു ദല്‍ഹി പത്രത്തിന്റെ പ്രത്യേക പ്രതിനിധി എഴുതി: “കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശ്രീമന്‍ നാരായണ്‍ന്റെ പേര്‍ കേള്‍ക്കുമ്പോള്‍ കാണിക്കുന്ന നീരസം ഒഴിവാക്കിയാല്‍, ശ്രീ നമ്പൂതിരിപ്പാടിന്റെ അഭിപ്രായങ്ങള്‍ ഏതൊരു ലിബറല്‍ കോണ്‍ഗ്രസുകാരന്റേതില്‍ നിന്നും വ്യത്യസ്തമല്ല.” അദ്ദേഹം(ഇ.എം.എസ്.),സംസ്ഥാനത്ത് വ്യാപകമായ ക്രമരാഹിത്യത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ യുവാവായ നിയമമന്ത്രി കൃഷ്ണയ്യരെ ക്ഷണിച്ചു. ഈ ആരോപണങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇതാണ്: “നിങ്ങള്‍ മതവിശ്വാസിയാണെങ്കില്‍ അതിനെ ദൈവനിന്ദ എന്നു വിളിക്കും അപകീര്‍ത്തിപ്പെടുത്തല്‍ എന്ന സങ്കല്‍പനം അറിയാമെങ്കില്‍ നിങ്ങളതിനെ ദുരാരോപണം എന്നു വിളിക്കും…..” അപ്പോള്‍ നേരത്തെ തയ്യാറെടുപ്പ് നടത്തിയതോ എന്നു തോന്നുമാറ് ഇ.എം.എസ്.കൂട്ടിച്ചേര്‍ത്തു “ഒരു മനുഷ്യജീവിയാണെങ്കില്‍ നിങ്ങളതിനെ കല്ലുവച്ച നുണ എന്നു വിളിക്കും”.

ദേവികുളം തെരഞ്ഞെടുപ്പ് ഈ നുണകളെയെല്ലാം ആഴത്തില്‍ കുഴിച്ചുമൂടി. ദേവികുളത്തെ വിജയത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കവെ, മേയ്20ന് തിരുവനന്തപുരത്തുവച്ച് ഐ.പി.എ. പ്രത്യേക ലേഖകനോട് ഇ.എം.എസ്. പറഞ്ഞു: “ഒന്നാമതായി, ഏതാണ്ട് ഒരു കൊല്ലം മുമ്പ് ഞങ്ങള്‍ തുടങ്ങിവച്ച പൊലീസ് നയം ഈ നിയോജകമണ്ഡലത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് കണക്കറ്റ ആശ്വാസം പകര്‍ന്നു. മുന്‍കാല ഗവണ്മെന്റുകളുടെ കീഴില്‍ ഇവര്‍ പൊലീസ് നയത്തിന്റെ ഇരകള്‍ ആയിരുന്നു. ജനങ്ങള്‍ നല്‍കിയ ഈ വോട്ട് പുതിയ പൊലീസ് നയത്തിന് അനുകൂലമായ ഒരു വോട്ടാണ് എന്ന് ഞാന്‍ കരുതുന്നു. ഞങ്ങളുടെ എതിരാളികള്‍ ഇനിയെങ്കിലും ‘അരക്ഷിതാവസ്ഥ’യെക്കുറിച്ചുള്ള നിലവിളി നിറുത്തുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അത് യഥാര്‍ഥമായിരുന്നെങ്കില്‍ വോട്ടര്‍മാരെല്ലാം കോണ്‍ഗ്രസിന് അനുകൂലമായി നീങ്ങുമായിരുന്നല്ലോ”.

ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-1
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-2
അദ്ധ്യായം 5: തൊഴില്‍ നയവും നേട്ടങ്ങളും

Type setting: RSP

ഒരു അഭിപ്രായം ഇടൂ