അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്

[അമേരിക്കയില്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് ഈ ചികില്‍സാ ദുരന്തം അവിടെ ഉണ്ടായത് എന്ന ഒരു വ്യാഖ്യാനം മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ അത് തെറ്റാണ്. പ്രശ്നം ഇന്‍ഷുറന്‍സിന്റേതല്ല എന്ന് വ്യക്തമാക്കാനാണ് ഇത് എഴുതുന്നത്.]

കൊവിഡ്-19 ലോകം മൊത്തം വ്യാപിക്കുകയാണല്ലോ. ചികില്‍സ കിട്ടിയാല്‍ മൂന്നാഴ്ച കൊണ്ട് ഭേദമാക്കാവുന്ന വെറും ഒരു പനിയാണ് ഇത്. എന്നാല്‍ സമ്പന്ന രാജ്യങ്ങളില്‍ ഇത് വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. എല്ലാ സമ്പന്ന രാജ്യങ്ങളിലും അങ്ങനെ സംഭവിക്കുന്നില്ലതാനും. നവഉദാരവല്‍ക്കരണ(neoliberal) നയങ്ങള്‍ എത്ര തീവൃമായി നടപ്പാക്കുന്നു എന്നതിന് അനുസരിച്ചാണ് ദുരന്തത്തിന്റെ ആഘാതം. കൂടുതല്‍ നവഉദാരവല്‍ക്കണം കൂടുതല്‍ ആരോഗ്യ ദുരന്തം.

അമേരിക്കയിലെ ചികില്‍സ

സോഷ്യലിസ്റ്റ് രാജ്യമായ അമേരിക്കയിലെ ചില കണക്കുകള്‍ നോക്കുക. (അമേരിക്ക സോഷ്യലിസ്റ്റ് രാജ്യമാണെന്ന് കേട്ട് അത്ഭുതം തോന്നേണ്ട. (1) അതാണ് സത്യം. പക്ഷേ അവിടുത്തെ സോഷ്യലിസത്തിന് ഒരു വ്യത്യാസം ഉണ്ട്. അവിടെ സോഷ്യലിസം പണക്കാര്‍ക്ക് മാത്രമുള്ളതാണ്. പാവപ്പെട്ടവര്‍ക്ക് അഹങ്കാരത്തിന്റെ വ്യക്തിമാഹാത്മവാദവും ആണുള്ളത്. പണക്കാര്‍ക്ക് എല്ലാം സൌജന്യവും പാവപ്പെട്ടവര്‍ വ്യക്തിമാഹാത്മ്യത്തോടെ സ്വന്തം പോക്കറ്റില്‍ നിന്ന് ചിലവാക്കുകയും വേണം.) കൊവിഡ് 19 രോഗബാധയുണ്ടോ എന്ന് പരിശോധിക്കാനായി ഏകദേശം ഒരു ലക്ഷം രൂപയെങ്കിലും ചിലവാകും. അതില്‍ 85,000 രൂപ ആശുപത്രിയിലെ എമർജൻസി റെസ്പോൺസിന്റെ കൺസൾട്ടേഷൻ എടുക്കാന്‍ വേണ്ടി മാത്രമാണ്. കൂടുതല്‍ ചിലവുകള്‍ ആരോഗ്യേതര കാര്യങ്ങള്‍ക്കാണെന്ന് വ്യക്തമാണ്. ടെസ്റ്റുകള്‍ക്ക് മാത്രമാണ്. ഇനി രോഗമുണ്ടെന്ന് സ്ഥിതീകരിച്ചാലോ? അതിന് വേണ്ട ചിലവ് വേറെ വരും.(16)

ചികില്‍സ ഇത്ര ചിലവേറിയതായപ്പോള്‍ പരിഹാരമായി ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ഉണ്ടായി. (ഇവിടെ തന്നെ വലിയൊരു തെറ്റാണ് ചെയ്തത്. അത് പിന്നെ പറയാം.) എന്നാല്‍ ഈ ഇന്‍ഷുറന്‍സ് പോലും എല്ലാവര്‍ക്കും കിട്ടുന്നില്ല. അമേരിക്കയിലെ 2.7 കോടികള്‍ക്ക് ഇന്‍ഷുറന്‍സില്ല. 4.4 കോടി ആളുകളുടെ ഇന്‍ഷ‍ുറന്‍സ് പര്യാപ്തമായതോ അല്ല. 5 ലക്ഷം പേര്‍ അമേരിക്കയില്‍ ചികില്‍സ കാരണം പാപ്പരാകുന്നു. അതിനേക്കാളേറെ ഇന്‍ഷുറന്‍സ് തൊഴിലുടമയുമായി ബന്ധപ്പെടുത്തിയാണ് കൊടുക്കുന്നത്. (എന്തെങ്കിലും സംശയം തോന്നുന്നോ? അതായത് തൊഴില്‍ നഷ്ടപ്പെട്ടാല്‍ ഇന്‍ഷുറന്‍സും പോയി. ഒരു കാരണവശാലും മുതലാളിയെ പിണക്കരുത്. ഒരു വെടിക്ക് രണ്ട് പക്ഷി.)

ആധുനിക വൈദ്യശാസ്ത്രത്തിലെ മാറ്റങ്ങള്‍

21 ആം നൂറ്റാണ്ടില്‍ ആധുനിക വൈദ്യശാസ്ത്രം രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെടുകയുണ്ടായി. ഒന്ന്, ദരിദ്ര രാജ്യങ്ങളുടെ രോഗചികില്‍സ, രണ്ട് സമ്പന്ന രാജ്യങ്ങളുടെ രോഗചികില്‍സ. രോഗങ്ങളെ അവര്‍ രണ്ടായി തിരിച്ചു. ദരിദ്രര്‍ക്ക് വരുന്ന ക്ഷയം, മലമ്പനി മുതലായവ ആദ്യത്തെ ഭാഗത്തില്‍ വരും. പണക്കാര്‍ക്ക് വരുന്ന പ്രമേഹം, മേദസ്, ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങളും പിന്നെ പ്രായാധിക്യത്തിന്റെ തൊലിയുടെ ചുളിവുകള്‍ മാറ്റുന്നത് പോലുള്ള മനുഷ്യ അവസ്ഥാ മച്ചപ്പെടുതലൊക്കെ ഉള്‍പ്പെടുന്നതാണ് രണ്ടാമത്തെ വിഭാഗം.

ഗവേഷണ രംഗത്ത് നവലിബറല്‍ കമ്പോള സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങള്‍ വളരെ പ്രകടമായി തന്നെ ഒരു തെരഞ്ഞെടുക്കല്‍ ഇതുമായി ബന്ധപ്പെടുത്തി നടത്തി. ദരിദ്രരുടെ കൈവശം കാശില്ലല്ലോ. പിന്നെ അവര്‍ക്ക് വേണ്ടി മരുന്ന് നിര്‍മ്മിച്ചിട്ട് എന്ത് കാര്യം. അതുകൊണ്ട് അവര്‍ ദരിദ്രരുടെ രോഗങ്ങളെ അവഗണിക്കുകയും സമ്പന്നര്‍ക്ക് വേണ്ടി ഗവേഷണം വഴിതിരിച്ച് വിട്ടു. ദരിദ്ര രാജ്യങ്ങള്‍ക്ക് വലിയ ദോഷമാണ് ഈ മാറ്റം ചെയ്യുന്നത്. എബോള വേഗത്തില്‍ പടരാന്‍ കാരണമായതിന്റെ ഒരു ഘടകം മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം ആണെന്ന് എന്ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വം വഹിക്കുന്ന Margaret Chan പറഞ്ഞു. എബോള പിടിപെട്ട രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളായതിനാല്‍ മരുന്നിന്റെ വില താങ്ങാനാവില്ല എന്ന കാരണത്താലാണ് മരുന്ന് കമ്പനികള്‍ മരുന്ന് ഗവേഷണത്തില്‍ സഹകരിക്കാതിരുന്നത്. ലാഭത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന വ്യവസായം കമ്പോളത്തില്‍ വാങ്ങാനാവാത്ത വിലയുള്ള ഉത്പന്നങ്ങള്‍ക്കായി നിക്ഷേപം നടത്തില്ല ബഡ്ജറ്റ് ഉണ്ടായിരുന്നെങ്കില്‍ എബോളക്ക് മരുന്ന് ഇതിനകം കണ്ടെത്തിയേനെ എന്ന് National Institutes of Health ന്റെ തലവനായ Francis Collins പറഞ്ഞു. അതാണ് അവസ്ഥ. (2), (3)

ഇന്ന് ദരിദ്ര രാജ്യങ്ങളിലെ ആരോഗ്യരംഗത്തെ മുന്‍ഗണനാക്രമം നിര്‍ണ്ണയിക്കുന്നത് ഗേറ്റ്സ് ഫൌണ്ടേഷന്‍, ബഫറ്റ് ഫൌണ്ടേഷന്‍ പോലുള്ള കോടീശ്വരന്‍മാര്‍ നിയന്ത്രിക്കുന്ന സംഘങ്ങളാണ്. രോഗത്തിന് മരുന്ന് കണ്ടെത്തുക അത് വില്‍ക്കുക എന്നതാണ് അവരുടെ രീതി. അതില്‍ മുതലാളിത്തത്തിന്റെ ഒരു താല്‍പ്പര്യവൈരുദ്ധ്യം കാണാം. കൂടുതല്‍ രോഗം കൂടുതല്‍ മരുന്ന് കൂടുതല്‍ ലാഭം.

ബദലുകളെ ഉന്‍മൂലനം ചെയ്യുന്ന മുതലാളിത്തം

ഇപ്പോള്‍ തന്നെ കൊവിഡ്-19 പരിശോധിക്കാന്‍ കമ്പോള വ്യവസ്ഥയില്‍ ഒരു ലക്ഷം രൂപയും സര്‍ക്കാര്‍ സംവിധാനത്തില്‍ പൂജ്യം രൂപയും ചിലവാകുന്നു എന്ന വാര്‍ത്ത വന്നാല്‍ ജനങ്ങള്‍ ഏത് തെരഞ്ഞെടുക്കും. തീര്‍ച്ചയായും രണ്ടാമത്തെത് ആകും തെരഞ്ഞെടുക്കുക. അതുകൊണ്ട് കമ്പോള വ്യവസ്ഥക്ക് നിലനില്‍ക്കണമെങ്കില്‍ സര്‍ക്കാര്‍ വ്യവസ്ഥയെ തകര്‍ക്കണം. അതിനായി അവര്‍ ലോകം മൊത്തം വലിയ പദ്ധതികളാണ് നടപ്പാക്കുന്നത്. ഉദാഹരണത്തിന് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലേബര്‍ പാര്‍ട്ടി 1948 ല്‍ തുടങ്ങിയതാണ് ബ്രിട്ടണിലെ NHS സാര്‍വ്വത്രിക ആരോഗ്യ പരിപാലനം. കാര്യങ്ങളെ ദ്വന്ദങ്ങളായി കാണുന്നവര്‍ പറയും അമേരിക്കയിലെ ആരോഗ്യ സേവനം ചീത്ത ബ്രിട്ടണിലേത് നല്ലത് എന്ന് പറയും. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ഈ പരിപാടി ആകാശത്തില്‍ നിന്ന് പൊട്ടിവീണതല്ല. ദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടി നടത്തിവന്ന ചര്‍ച്ചകളുടെ ഫലമായിരുന്നു. എന്നാല്‍ 2012 ല്‍ NHS സാര്‍വ്വത്രിക ആരോഗ്യ പരിപാലനം നിര്‍ത്തലാക്കി. സ്വകാര്യവല്‍ക്കരണവും കമ്പോളവല്‍ക്കരണവും പടിപടിയായി തുടങ്ങി. ഈ നടപടികള്‍ക്കെതിരെ ഡോക്റ്റര്‍മാര്‍ വരെ വലിയ സമരങ്ങള്‍ നടത്തിയിട്ടുണ്ട്.(13) സ്വകാര്യവല്‍ക്കരണത്തിന്റെ രാജ്ഞിയായ മാര്‍ഗരറ്റ് താച്ചര്‍ക്ക് പോലും തൊടാന്‍ പറ്റാതിരുന്ന NHS പടിപടിയായി 2012 മുതല്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏത് ജനകീയ പദ്ധതിയായാലും അത് ദീര്‍ഘകാലത്തെ സമരത്തിലൂടെയാണ് നേടിയെടുക്കുന്നത്. അതുപോലെ അത് നിലനിര്‍ത്തുന്നതും സമരത്തിലൂടെയാണ്. എന്ന് ആ സമരത്തിന്റെ ശക്തി കുറയുമോ അന്ന് അത് സ്വാര്‍ത്ഥതാല്‍പ്പര്യക്കാര്‍ തങ്ങളുടെ ലാഭത്തിനായി സ്വന്തമാക്കും.

അങ്ങനെയാണ് മുതലാളിത്തം പ്രവര്‍ത്തിക്കുന്നത്. തങ്ങളുടെ നയങ്ങള്‍ നടപ്പാക്കുകയും ചെയ്യും അതിനോടൊപ്പം ബദലായ എല്ലാ ആശയങ്ങളേയും മൂടൊടെ പിഴുതെറിയും. ബ്രക്സിറ്റിന്റെ ഒരു ലക്ഷ്യവും അതാണ്. ജോണ്‍ പില്‍ജറുടെ The Dirty War on the NHS എന്ന ഡോകുമെന്ററി അതിനെക്കുറിച്ചാണ്. (4)

ദുരന്തങ്ങളാകുന്ന ചികില്‍സ

ചികില്‍സക്കായുള്ള പണം കണ്ടെത്താനായി GoFundMe പോലുള്ള ക്രൌഡ്ഫണ്ടിങ് പ്ലാറ്റ്ഫോമുമകളെ രോഗികളോ അവരുടെ കുടുംബമോ സുഹൃത്തുക്കളോ ഉപയോഗിക്കേണ്ടിവരുന്നു. ചികില്‍സക്കായുള്ള പണം ഓണ്‍ലൈന്‍ സംഭാവനകളിലൂടെ പിരിക്കുന്നതാണ് ഇത്. എന്നാല്‍ ഇതില്‍ 90% ശ്രമങ്ങളും പരാജയപ്പെടുന്നു എന്നതാണ് സത്യം. രണ്ട് വയസുകാരിയുടെ കണ്ണിന്റെ ചികില്‍സക്കായുള്ള 10000 ഡോളര്‍ ശേഖരിക്കാനായി ഒരു മാസമായി ശ്രമിക്കുന്ന ഒരു കുടുംബത്തിന് വെറും 610 ഡോളറാണ് ശേഖരിക്കാനായത് എന്ന് ജോണ്‍ ഒലിവറിന്റെ പരിപാടിയില്‍ പറഞ്ഞിരുന്നു. ഓപ്പറേഷന്റെ അന്ന് രാവിലേ പോലും കുട്ടിയുടെ അമ്മ കുട്ടിയുടെ ചിത്രം എടുത്ത് പ്ലാറ്റ്ഫോം കമ്പനികളുടെ താളില്‍ ചേര്‍ക്കുന്ന അവസാന ശ്രമമവും അതില്‍ കാണാം. വേറൊരു തമാശ അമേരിക്കയില്‍ ചിലവ് കൂടിയതിനാല്‍ PEHP എന്നൊരു കമ്പനി രോഗികളെ മെക്സികോയില്‍ കൊണ്ടുപോയി ചികില്‍സിക്കുന്നതാണ്. (5), (6), (12)

എന്ത് ദുരന്തമാണ് ഈ വ്യവസ്ഥ. ഒരു പക്ഷേ അവരുദ്ദേശിച്ച പണം അവര്‍ക്ക് സംഭാവനയാല്‍ കിട്ടിയാല്‍ വിജയിച്ചു. മുതലാളിത്തം കേമമാണ്. അത്തരം വിജയങ്ങളെ മാധ്യമങ്ങളും സമൂഹവും കൊണ്ടാടും. വൈറളക്കമാകും. സത്യത്തില്‍ കൂടുതല്‍ പേരും ഇതില്‍ പരാജയപ്പെടുകയാവും ഉണ്ടാകുക. അത് വാര്‍ത്ത ആകില്ല. വൈറലും ആകില്ല. അവര്‍ സ്വന്തം വിധിയെ പഴിച്ച് കാലയവനികയില്‍ മറയും. 2008 ലെ സാമ്പത്തിക തകര്‍ച്ച കാരണം വീട് നഷ്ടപ്പെട്ടവര്‍ പോലും കള്ള ബാങ്കുകളെ അല്ല കുറ്റം പറഞ്ഞത്. പകരം തങ്ങളും വിധിയേയായിരുന്നു.(7)

ഇപ്പോള്‍ കൊവിഡ്-19 ആഞ്ഞടിക്കുമ്പോള്‍ വ്യക്തിമാഹാത്യമപരമായി അതിനെ ചെറുത്ത് പരാജയപ്പെട്ടിരിക്കുകയാണ് സമ്പന്ന മുതലാളിത്ത രാജ്യങ്ങള്‍. അപ്പോഴും പ്രശ്നത്തെ ഇന്‍ഷുറന്‍സുകാരന്റെ കുഴപ്പമായി വരുത്തിത്തീര്‍ക്കാനാണ് പ്രചരണക്കാരുടെ ലക്ഷ്യം. ഇന്‍ഷുറന്‍സുണ്ടായിരുന്നെങ്കില്‍ പ്രശ്നമെല്ലാം തീര്‍ന്നേനേ. പക്ഷേ അത് ഒരു ശ്രദ്ധാമാറ്റ തട്ടിപ്പാണ്. അടിസ്ഥാനപരമായി തന്നെ അമേരിക്കയില്‍ ചികില്‍സക്കും മരുന്നിനും ചിലവ് വളരെ അധികമാണ്. അമേരിക്കയിലെ ചികില്‍സയുടെ ചിലവ്. (8)

മൈക്കല്‍ മൂറിന്റെ സിക്കോ അത് വ്യക്തമായി കാണിച്ച് തരുന്നുണ്ട്(9). തീര്‍ച്ചയായും ആ ഡോക്കുമെന്ററി കാണണം. അതിന്റെ 1:47:00 പോകുക. അമേരിക്കയില്‍ 120 ഡോളര്‍ വിലയുള്ള ആ മരുന്നിന് ക്യൂബയില്‍ വെറും 5 സെന്റ് മാത്രമാണ് എന്ന് കാണാന്‍ കഴിയും. 100 സെന്റാണ് ഒരു ഡോളര്‍. 2400 മടങ്ങ് വ്യത്യാസം. ആ സ്ത്രീ കരയാതിരിക്കുമോ? ഏറ്റവും വലിയ നിന്ദിക്കലാണിതെന്ന് അവര്‍ പറഞ്ഞ് കരയുകയാണ്. 2007 ലെ സിനിമയാണത്.

ഇനി 2019 ലേക്ക് വരാം. അമേരിക്കയില്‍ റേഷന്‍ ഇല്ലെന്ന് ആരുപറഞ്ഞു. അമേരിക്കക്കാര്‍ കിട്ടിയ മരുന്ന് ഒരു മാസത്തേക്ക് ഉപയോഗിക്കാനായി കുറച്ച് മാത്രം ഉപയോഗിച്ച് സ്വയം റേഷന്‍ നടത്തുന്ന് സ്ഥിതിയാണ്. അത്തരം ഒരു കൂട്ടം പ്രമേഹരോഗികളേയും കൊണ്ട് ബര്‍ണി സാന്റേഴ്ത് ക്യാനഡക്ക് പോയി(10). അമേരിക്കയില്‍ $487 ഡോളര്‍ വില വരുന്ന ഇന്‍സുലിന് ക്യാനഡയില്‍ $30 ഡോളറാണ്. 16 മടങ്ങിന്റെ വരെ വ്യത്യാസം. സിക്കോയില്‍ കണ്ടത് പോലെ രോഗികളും രോഗികളുടെ രക്ഷകര്‍ത്താക്കള്‍ കരയുകയാണ്.

ഇന്‍ഷുറന്‍സല്ല പ്രശ്നം, കമ്പോള മുതലാളിത്തമാണ് പ്രശ്നം

വില്‍ക്കുന്ന സാധനം കൂടുതല്‍ പണം കൊടുക്കുന്നവര്‍ക്ക് കിട്ടും എന്നാണ് കമ്പോളത്തിന്റെ സ്വഭാവം. അത് ആരോഗ്യ രംഗത്ത് മഹാപാപമാണ് ഉണ്ടാക്കുന്നത്. മദ്ധ്യ നയക്കാരുടെ കമ്പോളത്തെ നിയന്ത്രിച്ച് നിര്‍ത്തുക എന്ന സിദ്ധാന്തമൊക്കെ തട്ടിപ്പാണ്. ഇന്ന് നിയന്ത്രിക്കാനായേക്കും പക്ഷേ നാളെ നിയന്ത്രണം പൊളിച്ച് അത് പുറത്ത് വരും. NHS അതിന്റെ നല്ല ഉദാഹരണമാണ്.

അതുകൊണ്ട് ഇത് ഇന്‍ഷുറന്‍സിന്റെ പ്രശ്നമല്ല. സത്യത്തില്‍ ഇന്‍ഷുറന്‍സ് നിര്‍ത്തലാക്കുകയാണ് വേണ്ടത്. ചികില്‍സയുടെ ചിലവാണ് പ്രധാന പ്രശ്നം.(11) അതുകൊണ്ട് സാര്‍വ്വത്രിക ആരോഗ്യ പരിപാലനം സര്‍ക്കാര്‍ തന്നെ നടപ്പാക്കുക. അതായത് ചികില്‍സക്കായി ആരും ഇനി പണം മുടക്കേണ്ട കാര്യം ഉണ്ടാകരുത്. എന്നാല്‍ അതിലും പ്രധാനമായ കാര്യം ജനത്തിന് പോഷകാഹാരം ലഭ്യമാക്കുക, പൊതുശുചിത്വനിലവാരം മെച്ചപ്പെടുത്തുക, മെച്ചപ്പെട്ട വീടുകളുണ്ടാക്കുക, പൊതു ആരോഗ്യ പരിപാലനം മെച്ചപ്പെടുത്തുക തുടങ്ങിയവായാണ് വേണ്ടത്.

ചങ്ങലയുടെ ശക്തി അതിന്റെ ഏറ്റവും ദുര്‍ബലമായ കണ്ണിയുടെ ശക്തിയുടെ അത്രയേ ഉണ്ടാകൂ എന്ന് പറയുന്നത് പോലെ ഒരു സമൂഹത്തിന്റെ ആരോഗ്യം എന്നത് ആ സമൂഹത്തിലെ ഏറ്റവും ദുര്‍ബലനായ ആളിന്റെ ആരോഗ്യത്തിന്റെ അത്രയേയുണ്ടാവൂ. (1% വരുന്ന അതി സമ്പന്ന വര്‍ഗ്ഗത്തിന് ഇത് ബാധകമല്ല.) അതുകൊണ്ട് സമൂഹത്തിന്റെ ആരോഗ്യം ഉയര്‍ത്താന്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ ആരോഗ്യം മെച്ചപ്പെടുത്തണം. അതിന് ആരോഗ്യ പരിപാലനം പൊതു മേഖലയില്‍ തന്നെ നിര്‍ത്തേണ്ടത് ആവശ്യമാണ്.

ആരോഗ്യ പരിപാലനത്തെ കമ്പോളത്തില്‍ നിന്ന് മോചിപ്പിക്കുക.
സ്വകാര്യ മേഖലയിലെ ആശുപത്രികള്‍ നിര്‍ത്തലാക്കുക. പടിപടിയായി എല്ലാം സര്‍ക്കാര്‍ ഏറ്റെടുക്കുക.
അരോഗ്യ മേഖലിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജനപങ്കാളിത്തത്തോടെ കാര്യക്ഷമമായ സംവിധാനങ്ങള്‍ സ്ഥാപിക്കുക.
സാര്‍വ്വത്രിക ആരോഗ്യ പരിപാലനം നടപ്പാക്കുക. (അതായത് ചികില്‍സക്കായി രോഗി ഒരു പൈസ പോലും ചിലവാക്കാനിടയാവരുത്.)

ആരോഗ്യ പരിപാലനം ഒരു പ്രത്യേകാനുകൂല്യം അല്ല. ആരോഗ്യ പരിപാലനം ഒരു മനുഷ്യാവകാശമാണ്.

ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം. 2009 ല്‍ വിവര്‍ത്തനം ചെയ്ത ഒരു വാര്‍ത്തയാണിത്: പുതിയ രോഗങ്ങള്‍ക്കായി തയ്യാറായിയിരിക്കുക

തിരിച്ചറിയുക കാലാവസ്ഥാമാറ്റം വെറും ചൂട് കൂടല്‍ മാത്രമല്ല.

_________

1. ഇന്നത്തെ അമേരിക്കയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സോഷ്യലിസ്റ്റ്
2. മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം കാരണം എബോളക്ക് മരുന്ന് നിര്‍മ്മിക്കുന്നതില്‍ വീഴ്ച്ച വന്നു
3. എബോളക്ക് മരുന്ന് കണ്ടെത്താനാകാഞ്ഞത് ബഡ്ജറ്റ് ഇല്ലാത്തതിനാല്‍
4. NHSമായി ഒരു താരതമ്യവും ഇല്ല
5. 80 ലക്ഷം അമേരിക്കക്കാര്‍ സംഭാവന പിരിച്ചാണ് ചികില്‍സാ ചിലവ് കണ്ടെത്തുന്നത്
6. അമേരിക്കന്‍ ആരോഗ്യ പരിപാലനത്തിലെ തെരഞ്ഞെടുക്കലുകള്‍
7. സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുള്ള ലേഖനങ്ങള്‍
8. അമേരിക്കയിലെ ലാഭത്തിനായുള്ള ചികിൽസയുടെ യാഥാർത്ഥ്യം
9. സിനിമ: സിക്കോ
10. ‘ഇന്‍സുലിന്‍ വണ്ടി’ ക്യാനഡയിലേക്ക്
11. സ്വകാര്യവത്കരണത്തിന്റെ വില
12. അമേരിക്കക്കാര്‍ക്ക് ആരോഗ്യ ടൂറിസം
13. ഇംഗ്ലണ്ടിലെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ സമരത്തില്‍
14. NHS നെ നശിപ്പിക്കുന്ന ടോറി രാഷ്ട്രീയക്കാരെ സ്റ്റീഫന്‍ ഹോക്കിങ് കുറ്റം പറഞ്ഞു
15. സൈബീരിയയില്‍ മഞ്ഞുരുകുന്നത് അപകടകാരിയായ ആന്ത്രാക്സ് ബാക്റ്റീരിയകളെ പുറത്തുവിടുന്നു
16. കൊറോണ വൈറസ് ടെസ്റ്റിന്റെ ഫീസ്


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

3 thoughts on “അമേരിക്കയുടെ ചികില്‍സാ ദുരന്തത്തിന് കാരണം സ്വകാര്യവല്‍ക്കണം ആണ്

  1. ഇപ്പോഴീ അമേരിക്കൻ വിമർശനത്തിന്റെ ആവശ്യം മനസ്സിലായില്ല. അതവർക്ക് വിട്ടു കൊടുക്കാം.അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യം സജീവ ചർച്ചാ വിഷയവുമാണ്. അതിൽ നമുക്ക് ഇടപേടേണ്ടതില്ല.

    കൊറാണ നിയന്ത്രണവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ സാങ്കേതിക വിദ്യകളും അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയതാണ് പി സി ആർ, നാറ്റ് തുടങ്ങിയവ. അമേരിക്കൻ സെന്റർ ഫോർ ഡിസീസ് കൺ ട്രോൾ കോറോണ അടക്കമുള്ള രോഗങ്ങൾക്കുള്ള പ്രോട്ടൊകോളുകൾ തയ്യാറാക്കുന്ന പ്രമുഖ ഏജൻസിയുമാണ്.

    കേരളത്തിന് പലകാര്യത്തിലും അമേരിക്കയുമായി സാമ്യവുമുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം സ്വകാര്യ ചെലവുള്ള (out of pocket expenditure) ആരോഗ്യ സംവിധാനം കേരളത്തിലാണ്. അമേരിക്കയിലെ പോലെ പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ (ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ) ആരോഗ്യ സ്ഥിതി കേരളത്തിലും മോശമാണ്.

    1. സര്‍
      താങ്കള്‍ അമേരിക്കയെ ഏകാത്മകമായ ഒരു സത്തയായി കാണുന്നോ എന്ന് തോന്നുന്നു. ഇത് അമേരിക്കയിലെ ശാസ്ത്രജ്ഞരേയോ, ഡോക്റ്റര്‍മാരേയോ, ഗവേഷണങ്ങളേയോ വ്യക്തികളേയോ മോശക്കാരായി കാണാനായി എഴുതിയതല്ല. ഈ സൈറ്റിലെ 70% ഓളം ലേഖനങ്ങള്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരുടേയും സംവിധാനങ്ങളുടേയും കണ്ടെത്തലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണ്. അതുകൊണ്ട് അമേരിക്കന്‍ വിരോധമായി ഇതിനെ കാണരുത്.

      അമേരിക്കയിലെ സാധാരണ ജനത്തിനും അധികാരികള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്ന് ലോകത്ത 1200 ല്‍ അധികം സൈനിക കേന്ദ്രങ്ങളുമായി ലോകത്തെ എല്ലാ രാജ്യങ്ങളിലും നേരിട്ടിടപെടുന്ന ആ അധികാരികള്‍ക്കെതിരേയും അവരുടെ നയങ്ങള്‍ക്കെതിരേയും സംസാരിക്കേണ്ടത് നമ്മുടേയും അതുപോലെ അമേരിക്കയിലെ സാധാരണ ജനത്തിന്റേയും നന്മക്ക് വളരെ ആവശ്യമാണ്.

      അമേരിക്കയില്‍ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാലാണ് ഈ ചികില്‍സാ ദുരന്തം അവിടെ ഉണ്ടായത് എന്ന ഒരു വ്യാഖ്യാനം മാധ്യമങ്ങളില്‍ കണ്ടു. എന്നാല്‍ അത് തെറ്റാണ്. പ്രശ്നം ഇന്‍ഷുറന്‍സിന്റേതല്ല എന്ന് വ്യക്തമാക്കാനാണ് ഇത് എഴുതിയത്.
      അതുപോലെ സാര്‍ പറഞ്ഞത് പോലെ നമ്മുടെ വ്യവസ്ഥ അമേരിക്കന്‍ വ്യവസ്ഥ പോലെ ആകുന്നത് തടയേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

  2. വിദേശത്തുനിന്ന് തിരിച്ചെത്തുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ ചികില്‍സ കൊടുക്കുന്നില്ല. അവരെല്ലാം ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുകയാണ്.ഹൃദ്രോഗം, പ്രസവവേദന, വൃക്ക രോഗം തുടങ്ങി മറ്റ പല രോഗങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ ചികില്‍സ കൊടുക്കുന്നില്ല. കാരണം അവരുടെ രോഗികള്‍ കുറയുമെന്ന ഭയം കാരണമാണിത്. – ഡോ ടി ജയകൃഷ്ണന്‍

ഒരു അഭിപ്രായം ഇടൂ